അടുക്കള പുതുക്കിപ്പണിയൽ: ഈ അബദ്ധങ്ങൾ ഒരിക്കലും സംഭവിക്കരുത്
text_fields1. ബജറ്റ് തീരുമാനം ഇല്ലാതിരിക്കുക
ആദ്യം കുറച്ചു പ്ലൈവുഡ് വാങ്ങാം. പിന്നെ പതുക്കെ പതുക്കെ ഓരോന്ന് വാങ്ങാം എന്ന് പ്ലാൻ ചെയ്താൽ പോക്കറ്റ് ചോരുന്നത് അറിയില്ല.
അതിനുപകരം ഫുൾ കിച്ചൻ റെനൊവേഷന് എത്ര രൂപയാണ് നിങ്ങൾ ചെലവാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ആദ്യം തീരുമാനിക്കുക.
2. നിലവിലെ അടുക്കളയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതിരിക്കുക
പഴയ അടുക്കള എന്തുകൊണ്ടാണ് ഉപയോഗശൂന്യമായതെന്ന് കൃത്യമായി മനസ്സിലാക്കുക. പല സാധനസാമഗ്രികളും ചിതലും ഈർപ്പവും വന്ന് നശിച്ചിട്ടുണ്ടാവും, കൗണ്ടർ ടോപ്പിന്‍റെ ഉയരം ശാരീരിക ബുദ്ധിമുട്ടുകൾക്കിടയാക്കുന്നുണ്ടാകാം, പല ഷെൽഫുകളും തുറക്കാൻ ബുദ്ധിമുട്ടുണ്ടാകാം തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളുടെ കിച്ചൻ ഡിസൈനറോട് കൃത്യമായി പറയുക. ഇവ പരിഹരിക്കാനുള്ള പുതിയ സാങ്കേതികവിദ്യകൾ ഡിസൈനറോട് ചോദിച്ചു മനസ്സിലാക്കണം.
3. പ്രകാശ ക്രമീകരണം ശ്രദ്ധിക്കാതിരിക്കുക
പൊതുവേ അടുക്കളയിൽ മൂന്ന് രീതിയിലുള്ള ലൈറ്റിങ് ആവശ്യമാണ്. നല്ല പ്രകാശമുള്ള ബ്രൈറ്റ് ലൈറ്റിങ്, രണ്ടാമത്തേത് ഡെക്കറേറ്റിവ് ലൈറ്റിങ്, മൂന്നാമത്തേത് കൗണ്ടർടോപ്പുകളിൽ അല്ലെങ്കിൽ സിങ്കിന്‍റെ ഭാഗത്ത് ഉപയോഗിക്കുന്ന ടാസ്ക് ലൈറ്റിങ്.
4. സ്ഥല ക്രമീകരണം ചെയ്യാതിരിക്കുക
ഫ്രിഡ്ജ് തുറന്നാൽ ബ്രേക്ഫാസ്റ്റ് കൗണ്ടറിൽ ഇരിക്കുന്നയാളുടെ ദേഹത്ത് ഡോർ മുട്ടാത്ത രീതിയിൽ ഫ്രിഡ്ജിന്‍റെ സ്ഥാനം ക്രമീകരിക്കണം. ഡിഷ് വാഷറിന്റെ ഡോർ തുറക്കുമ്പോൾ പാചകം ചെയ്യുന്നയാൾക്കോ വൃത്തിയാക്കുന്നയാൾക്കോ തടസ്സമുണ്ടാകാൻ പാടില്ല.
5. അനാവശ്യ സ്റ്റോറേജ്
10 പേരുള്ള കൂട്ടുകുടുംബത്തിനാവശ‍്യമായ സ്റ്റോറേജ് സൗകര്യം ചിലപ്പോൾ അഞ്ചുപേർ താമസിക്കുന്ന വീട്ടിലുണ്ടായിരിക്കും. അടുക്കള നവീകരണ സമയത്ത് ഇത്തരം സ്റ്റോറേജുകൾ ഒഴിവാക്കാം.
6. അവസാന നിമിഷ ഇലക്ട്രിക്കൽ വർക്ക്
ഒരു എക്സ്പെർട്ട് ഡിസൈനർ ഉണ്ടെങ്കിൽ നമുക്ക് ആവശ്യമുള്ള പവർ പ്ലഗ് പോയന്‍റുകളുടെ എണ്ണവും സ്ഥാനവും നിശ്ചയിച്ച് സെറ്റ് ചെയ്യാം. അതിന് പ്ലാനിങ് സമയത്ത് തന്നെ ഇലക്ട്രീഷ്യന്‍റെ സഹായം തേടാം.
അവസാന നിമിഷമാണ് ഇതേക്കുറിച്ച് ചിന്തിക്കുന്നതെങ്കിൽ ഇലക്ട്രിക്കൽ വർക്കിൽ പൊളിച്ചുപണി നടത്തേണ്ടി വരും. അത് ചെലവ് വർധിപ്പിക്കുകയും ചെയ്യും.
7. സ്ട്രക്ചറിലെ പ്രശ്നങ്ങൾ ശ്രദ്ധിക്കാതിരിക്കുക
പഴയ അടുക്കള എക്സ്റ്റന്‍റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സ്ട്രക്ചറിൽ കൺസൾട്ടന്‍റ്, കിച്ചൻ റെനൊവേഷൻ എക്സ്പർട്ടുമായി സംസാരിച്ചശേഷം മാത്രം ചുമരുകൾ പൊളിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
8. റെനൊവേഷൻ ഒറ്റക്ക് ചെയ്യാൻ ശ്രമിക്കുക
റെനൊവേഷൻ ജോലികൾ ഒറ്റക്ക് ചെയ്യുമ്പോൾ റോമെറ്റീരിയലുകൾക്ക് കൂടുതൽ വില നൽകേണ്ടി വന്നേക്കാം. അതുപോലെ വിദഗ്ധരായ തൊഴിലാളികളെ ലഭിച്ചില്ലെങ്കിൽ അവർ വരുത്തുന്ന ഓരോ അബദ്ധങ്ങളും ഭാവിയിൽ മെയിന്‍റനൻസ് വകയിൽ നമ്മുടെ പോക്കറ്റ് കാലിയാക്കും.
9. വാറന്‍റി ശ്രദ്ധിക്കാതിരിക്കുക
കിച്ചൻ കാബിനറ്റ് ഫാബ്രിക്കേറ്റ് ചെയ്യുമ്പോൾ ആ സമയത്ത് വാങ്ങുന്ന മറൈൻ പ്ലൈവുഡിന് വാറന്‍റി ഉള്ളതുകൊണ്ട് കാബിനറ്റിനും വാറന്‍റിയുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. റോ മെറ്റീരിയലുകൾക്ക് വാറന്‍റി ഉള്ളതുകൊണ്ട് അതുപയോഗിച്ച് നിർമിക്കുന്ന ഉപകരണത്തിന് വാറന്‍റി ലഭിക്കില്ല. അതുകൊണ്ട് എപ്പോഴും ഫുൾ പ്രോഡക്ട് വാങ്ങാൻ ശ്രദ്ധിക്കുക.
10. ട്രെൻഡ് മാത്രം നോക്കി മെറ്റീരിയൽ തിരഞ്ഞെടുക്കുക
ട്രെൻഡും സ്റ്റൈലും മാത്രമുള്ള മെറ്റീരിയലുകൾ വൃത്തിയാക്കൽ പലപ്പോഴും തലവേദനയാകാൻ സാധ‍്യതയുണ്ട്. മസാലപ്പൊടികൾ വീണാലും എളുപ്പത്തിൽ ശുചീകരിക്കാൻ കഴിയുന്ന തരത്തിലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.