100 വർഷം വരെ ആയുസ്സുള്ള കണ്ടെയ്നറുകൾ കൊണ്ട് നിർമിക്കുന്ന ‘കണ്ടെയ്നർ വീട്’ ഇടിമിന്നലിനെയടക്കം പ്രതിരോധിക്കും... മൂന്ന് കണ്ടെയ്നറുകൾ കൊണ്ട് നിർമിച്ച ഈ വീടിനെക്കുറിച്ചറിയാം...
text_fieldsനിത്യ ജീവിതത്തിലടക്കം വ്യത്യസ്തത പരീക്ഷിക്കുന്നവരാണ് മലയാളികൾ. കൗതുകം നിറഞ്ഞ കാഴ്ചകളെയും ചിന്തകളെയും തങ്ങളുടെ ജീവിത വ്യവഹാരത്തിന്‍റെ ഭാഗമാക്കുക എന്നതും മലയാളിക്ക് പുതുമയുള്ള കാര്യവുമല്ല. സാങ്കേതിക വിദ്യകളുടെ കടന്നുവരവിനൊപ്പം കൗതുകം നിറഞ്ഞ ചിന്തകളെ വീടുകളിലേക്കടക്കം കൊണ്ടുവരാൻ ഇന്ന് മലയാളി ഒരുക്കവുമാണ്.
വീട് നിർമാണത്തിനായി വിവിധ മെറ്റീരിയൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് കണ്ടെയ്നറുകൾ കൊണ്ടൊരു വീട് നിർമിച്ച് വിസ്മയിപ്പിച്ചിരിക്കുകയാണ് ഡിസൈനറായ ഡോ. തോമസ് മാഞ്ഞൂരാൻ.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അനിൽ കുമാറിന്‍റെ ഉടമസ്ഥതയിലാണ് വീട്. വീടിനോട് ചേർന്ന പ്രദേശത്തെ ഒഴിഞ്ഞുകിടന്ന മൂന്നര സെന്‍റ് സ്ഥലത്താണ് നിർമിച്ചത്.
ഒരു ഗാർഡൻ എന്ന ആഗ്രഹവുമായി വന്ന അനിൽകുമാറിന് സെക്കൻഡ് ഹോമായി ഒരു കണ്ടെയ്നർ വീട് നിർമിക്കാമെന്ന ആശയം നൽകുകയായിരുന്നു. വ്യത്യസ്തവും കൗതുകവും ആഗ്രഹിച്ച അനിൽ കുമാറിന് മറ്റൊന്നും പിന്നെ ചിന്തിക്കേണ്ടിവന്നില്ല. പണി തുടങ്ങാം. മനോഹരമായൊരു വീട് തന്നെ മതിയെന്നായി.
ചെറിയ, വലിയ വീട്
രണ്ട് ബെഡ്റൂമും ഹാളും അടുക്കളയും അടങ്ങിയ കണ്ടെയ്നർ വീട് 800 സ്ക്വയർഫീറ്റിലാണ് നിർമിച്ചത്. അതിവിശാലമല്ലെങ്കിലും മുൻവശത്തൊരു കോർട്ട് യാർഡും ഒരുക്കിയിട്ടുണ്ട്.
ബാൽക്കണിയടക്കം ഇരുനിലകളിലായി മനോഹരമായാണ് വീടിന്‍റെ നിൽപ്. തറയിലും ചുവരുകളിലുമുൾപ്പെടെ കണ്ടെയ്നറിന്‍റെ മെറ്റലുമായി വീട്ടുകാർക്ക് നേരിട്ട് സമ്പർക്കമില്ലാത്ത രീതിയിലാണ് അനാവരണം ചെയ്തിട്ടുള്ളത്.
പുറത്തെ മതിലിൽ തീർത്ത വെള്ളച്ചാട്ടവും മുറ്റത്ത് പാകിയ കൃത്രിമ പുല്ലുകളും വീടിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ലിവിങ് ഏരിയയും അടുക്കളയും ഒരും ബെഡ്റൂമും അടങ്ങിയതാണ് താഴെ നില. ബാൽക്കണിയടക്കം അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ ഒരു ബെഡ്റൂം സെറ്റപ്പിലാണ് മുകൾനില.
നിർമാണ രീതി
കൂടുതൽ ഉപയോഗം വന്നിട്ടില്ലാത്ത മൂന്ന്, 20 അടി കണ്ടെയ്നറുകളാണ് ഇതിനായി ഉപയോഗിച്ചത്. അകത്തും പുറത്തും നേരിട്ട് കണ്ടെയ്നറിന്‍റെ ബോഡിയുമായി ബന്ധമില്ലാത്ത രീതിയിൽ പുറം പാളികളെ ഫൈബർ സിമന്‍റ് ഉപയോഗിച്ചാണ് അനാവരണം ചെയ്തത്.
ഇടിമിന്നലിനെയടക്കം പ്രതിരോധിക്കുന്ന രീതിയിലാണിത്. അകത്ത് ചൂടിനെ പ്രതിരോധിക്കാൻ ഒരു ലെയർ പോളി എതിലീൽ ഷീറ്റും അതിന് പുറത്തായി ഇന്‍റീരിയർ മെറ്റീരിയലും ഉപയോഗിച്ചിട്ടുണ്ട്. ഒരടി വലുപ്പത്തിൽ നിർമിച്ച ആറു ഫില്ലറുകളിലാണ് കണ്ടെയ്നർ ഉറപ്പിച്ചത്.
അതിനുമുകളിലായി മറ്റു രണ്ടു കണ്ടെയ്നറുകളും. നിലം കോൺക്രീറ്റും അതിനു മുകളിൽ ടൈലുമാണ് പാകിയത്. മാറ്റിസ്ഥാപിക്കാൻ താൽപര്യപ്പെടുന്നവർക്ക് നിലം പ്ലൈവുഡ് ചെയ്യാമെന്നതും പ്രത്യേകതയാണ്.
കണ്ടെയ്നറുകൾ തിരഞ്ഞെടുക്കാം
ഉപയോഗിച്ചതാണെങ്കിലും മികച്ച കണ്ടെയ്നറുകൾ കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പലതരം കെമിക്കലുകളും മറ്റും കയറ്റുമതി ചെയ്തതാവാൻ സാധ്യതയുണ്ട്. കണ്ടെയ്നറിന്‍റെ ചരിത്രറിയാൻ സാധ്യമാകുന്ന സംവിധാനങ്ങൾ നിലവിലുള്ളതിനാൽ അന്വേഷണം എളുപ്പമാണ്.
100 വർഷം വരെ കണ്ടെയ്നറുകൾക്ക് ആയുസ്സുണ്ടെന്നാണ് പറയപ്പെടുന്നത്. കടലിൽ ദിവസങ്ങളോളം സഞ്ചരിക്കുന്നതിനാൽ മികച്ച മെറ്റലുകൾ ഇപയോഗിച്ചാണ് ഇവ നിർമിക്കുക. അതിനാൽ പെട്ടെന്ന് തുരുമ്പെടുത്ത് നശിക്കുകയോ മറ്റോ ചെയ്യില്ല. എത്ര ഭാരം ചുമക്കാനും ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാനും സാധിക്കും.
തണുപ്പിലാണുത്തമം
പൊതുവെ തണുത്ത കാലാവസ്ഥ നിറഞ്ഞ പ്രദേശങ്ങളിലാണ് ഇത്തരം വീടുകൾ കണ്ടു വരുന്നത്. കണ്ടെയ്നറിനുള്ളിലുണ്ടാവുന്ന ചൂട് തന്നെയാണ് ഇതിന് കാരണം. നമ്മുടെ നാട്ടിൽ മൂന്നാറിലോ വയനാട്ടിലോ അനായാസം ഉപയോഗിക്കാൻ പറ്റുന്ന സംവിധാനമാണിത്.
അല്ലാത്തിടത്ത് തണലുള്ള മരങ്ങൾക്കിടയിലോ തണൽ കൂടുതലുള്ള പ്രദേശങ്ങളിലോ നിർമിക്കുന്നതാകും ഉചിതം. സ്ഥിര താമസത്തിനെന്ന രീതിയിൽ കാണുന്നതിനപ്പുറം ഇതുപോലുള്ള ആവശ്യങ്ങൾക്കും ഓഫിസ് ഉപയോഗത്തിനും ഹ്രസ്വകാലയളവിലെ താമസത്തിനും ഉപയോഗിക്കാവുന്നതാണ്.
അത്ര ബജറ്റ് സൗഹൃദമല്ല, കണ്ടെയ്നർ വീടുകൾ
ഒരു കണ്ടെയ്നറിന് മാത്രം നിലവിൽ 2.50 മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് വില. വീടെത്ര മനോഹരമാകുന്നോ അത്രയും പണവും ഇതിനായി കരുതേണ്ടതുണ്ട്. 25 ലക്ഷം രൂപയാണ് ഇരിങ്ങാലക്കുടയിലെ ഈ വീടിന് അനിൽ കുമാറിന് മൊത്തം ചെലവായത്.
ഇന്‍റീരിയറടക്കം പ്രീമിയം സൗകര്യത്തോടെ പണിതു എന്നതും ആകെത്തുക ഇതിലേക്കെത്താൻ കാരണമായെന്ന് പറയാം. പൊതുവായ വീട് നിർമാണങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി അത്ര തന്നെ ആവശ്യമില്ലെങ്കിലും അത്ര ബജറ്റ് സൗഹൃദമല്ല കണ്ടെയ്നർ വീടുകളെന്നാണ് തോമസ് മാഞ്ഞൂരാന്‍റെ അഭിപ്രായം.
കണ്ടെയ്നർ വീടുകളും ഓഫിസ് ഘടനകളും വ്യത്യസ്ത വീടുകളുടെ ഡിസൈനുകളും കാണാനായി തോമസ് മാഞ്ഞൂരാന്‍റെ https://www.illusionsinteriors.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. തോമസ് മാഞ്ഞൂരാൻ
Illusions Interiors,
Thrissur