വെള്ളംകയറുന്ന പ്രദേശത്താണോ വീട്? എങ്കിൽ വീട് ഉയർത്താം -ഹൗസ് ലിഫ്റ്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
text_fieldsഎറണാകുളം തേവര കോന്തുരുത്തിയിൽ ജാക്കിവെച്ച് ഉയർത്തിയ വീട്
കാലപ്പഴക്കം കൊണ്ടോ ഭൗതിക സാഹചര്യങ്ങളിലെ മാറ്റം കൊണ്ടോ വീട് അല്‍പം ഉയര്‍ത്തണമെന്ന് തോന്നുന്നവര്‍ക്ക് സ്വീകരിക്കാവുന്ന മികച്ച രീതികളിലൊന്നാണ് ഹൗസ് ലിഫ്റ്റിങ്.
താരതമ്യേന ചെലവ് കുറഞ്ഞ പരിഹാരമാണിത്. കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ച വികസന പ്രവൃത്തികളും സംസ്ഥാനത്ത് പലയിടത്തും വീട് ഉയര്‍ത്തല്‍ അത്യാവശ്യമാക്കി മാറ്റിയിട്ടുണ്ട്.
സാഹചര്യം
ചരിവുള്ള ഭാഗത്തേക്ക് അടിത്തറ ഇരുന്നുപോകുക, മുന്നിലെ റോഡ് നിരപ്പ് ഉയരുക എന്നീ സാഹചര്യങ്ങളിലാണ് സാധാരണയായി വീട് ഉയര്‍ത്തുന്നത്. എന്നാല്‍, കേരളത്തില്‍ മഴ പെയ്താല്‍ വെള്ളംകയറുന്ന വീടുകളും ദുര്‍ബല ഭൂപ്രദേശങ്ങളിലെ ഇരുന്നുപോയ വീടുകളുമാണ് കൂടുതലും ഉയര്‍ത്തിയെടുക്കുന്നത്.
ഗാരന്‍റി കമ്പനി തരും
വീട് ഉയര്‍ത്തുന്ന സമയത്ത് എന്ത് കേടുപാട് സംഭവിച്ചാലും കമ്പനി അതിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കും. 100 ശതമാനം ഗാരന്‍റിയോടെ ഉടമയുമായി കരാറില്‍ ഒപ്പിട്ട ശേഷമാണ് പ്രവൃത്തി ആരംഭിക്കുക.
നിലവിലെ വീടിന്‍റെ ഭാരമനുസരിച്ചാണ് പുതിയ അടിത്തറ ഒരുക്കി വീടുയര്‍ത്തുന്നത്. ഇതിന് ആജീവനാന്ത ഗാരന്‍റിയാണ് പറയുക. എന്നാല്‍, വീടിന് മുകളില്‍ പുതിയ നിര്‍മാണങ്ങളോ വീടിനോടു ചേര്‍ന്ന് കുളങ്ങള്‍ പോലുള്ളവയോ ഉണ്ടെങ്കിൽ ദോഷകരമാകാം. ഇക്കാര്യങ്ങള്‍ കൂടി കരാറില്‍ വ്യക്തമാക്കാറുണ്ട്.
ചെലവ് കുറവ്
പൊളിച്ചുപണിയുന്നതിന്‍റെ നാലിലൊന്ന് ചെലവ് മാത്രമാണ് വീട് ഉയര്‍ത്താന്‍ വേണ്ടിവരുക. ഉദാഹരണത്തിന് 1000 ചതുശ്രയടി വിസ്തീര്‍ണമുള്ള വീട് പൊളിച്ചുപണിയാന്‍ 20 ലക്ഷം രൂപ വരുകയാണെങ്കില്‍, ഇതേ വീട് ഉയര്‍ത്താന്‍ പരമാവധി അഞ്ചു ലക്ഷം രൂപ മാത്രമാണ് ചെലവ് വരുക. ഒന്നു മുതല്‍ മൂന്നു വരെ നിലയുള്ള വീടുകളും ഉയര്‍ത്താനാകും. നിലവില്‍ ചതുശ്രയടിക്ക് 160 മുതല്‍ 250 രൂപ വരെയാണ് ഈടാക്കുന്നത്.
വീട് എത്ര നിലയാണെന്നും എത്ര അടി ഉയര്‍ത്തണമെന്നും ഉള്‍പ്പെടെ കാര്യങ്ങള്‍ പരിഗണിച്ചാണ് ഇതു നിശ്ചയിക്കുന്നത്. മൂന്നു മുതല്‍ അഞ്ച് അടി വരെ ഉയരത്തിലാണ് സാധാരണ ഗതിയില്‍ വീട് ഉയര്‍ത്തുന്നത്. ഒരുനില വീടിന്‍റെ ശരാശരി ഉയരം പത്തടി ആണെന്നിരിക്കെ, അഞ്ചടി കൂടി ഉയരുമ്പോള്‍ വലിയ വ്യത്യാസമാണ് വരുക.
വീട് ഉയത്തും മുമ്പ്
ബെല്‍റ്റില്ലെങ്കിലും ഉയര്‍ത്താം
കോണ്‍ക്രീറ്റ് ബെല്‍റ്റില്ലാത്ത പഴയ വീടുകളും ജാക്കി ഉപയോഗിച്ച് ഉയര്‍ത്താനാകും. സിമന്‍റും പുഴമണലും ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ക്ക് പുതുതലമുറ വീടുകളെക്കാള്‍ ഉറപ്പുണ്ട്.
ബെല്‍റ്റില്ലാത്ത വീടുകള്‍ക്ക് ആവശ്യമെങ്കില്‍ വീട് ഉയര്‍ത്തുന്നതിനൊപ്പം ബെല്‍റ്റ് വാര്‍ത്തു നല്‍കുകയും ചെയ്യാം. ഇഷ്ടിക, വെട്ടുകല്ല്, സിമന്‍റ് കട്ട തുടങ്ങി ഭിത്തി നിര്‍മാണത്തിന് ഏതുതരം സാമഗ്രി ഉപയോഗിച്ച വീടാണെങ്കിലും ഉയര്‍ത്താന്‍ സാധിക്കും.
സമാന രീതിയില്‍ കോളം ബീം ഉള്ള വീടുകളും ഉയര്‍ത്താനാകും. ഉയര്‍ത്തുന്ന അവസരത്തില്‍ നിലവിലുള്ള പില്ലറുകളോടു ചേര്‍ന്ന് സപ്പോര്‍ട്ടിങ് പില്ലറുകള്‍ ഉണ്ടാക്കി നിലവിലുള്ള പില്ലറുകളുടെ അടിഭാഗം പൊളിച്ച് കമ്പികള്‍ മുറിക്കും.
വീട് ഉയര്‍ത്തല്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ഇരുഭാഗത്തെയും കമ്പികള്‍ തമ്മില്‍ ബന്ധിപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പില്ലറുകള്‍ പുനര്‍നിര്‍മിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് അടിത്തറയിലെ കോളങ്ങളെയോ പ്ലിന്ത് ബീമുകളെയോ ബാധിക്കില്ല. നിലവിലുള്ളതിലും ബലം വര്‍ധിക്കുന്ന രീതിയിലാണ് ചെയ്യുക.
സാധാരണ ഇഷ്ടിക ജാക്കി ഉപയോഗിക്കുമ്പോള്‍ പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് കോണ്‍ക്രീറ്റ് കട്ടകളാണ് വീടുയര്‍ത്തലിന് ഉപയോഗിക്കുന്നത്. ഈ പ്രവൃത്തിക്കായി പ്രത്യേകം നിര്‍മിക്കുന്ന കട്ടകളാണിത്.
എറണാകുളം കലൂർ കോണോത്ത് റോഡിൽ ഉയർത്തിയ വീട്
നീക്കാം, തിരിച്ചുവെക്കാം
വീട് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് നീക്കാനും ആവശ്യമെങ്കില്‍ മുഖം തിരിച്ചുവെക്കാനും കഴിയും. എവിടേക്കാണോ മാറ്റുന്നത്, അവിടേക്ക് ഉയര്‍ന്ന ഭാരവാഹകശേഷിയുള്ള പ്രത്യേക പാളങ്ങളുടെ സഹായത്തോടെ വീട് മാറ്റി സ്ഥാപിക്കുന്നു.
എന്നാല്‍, ഇതിന് നിലവിലെ തറ മാറ്റി പുതിയത് നിര്‍മിക്കേണ്ടിവരും. കൂടുതല്‍ യന്ത്രസാമഗ്രികളും ആവശ്യമാണ്. ചെലവു കൂടുതലായതിനാല്‍ ആളുകള്‍ അപൂര്‍വമായി മാത്രമേ ഇതിന് ശ്രമിക്കാറുള്ളൂ.
വീട്ടുകാർ ചെയ്യേണ്ടത്
ജോലിക്കാര്‍ പണിയുള്ളിടത്തു വന്ന് താമസിക്കുന്നതാണ് പതിവ്. അതിനായി വീട്ടുകാര്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ മാറിതാമസിക്കേണ്ടിവരും. രണ്ടുനിലയുള്ള വീട്ടില്‍ മുകളിലെ നിലയില്‍ വേണമെങ്കില്‍ താമസിക്കാം. പ്രധാന പണികള്‍ നടക്കുന്ന താഴത്തെ നിലയിലെ സാധനങ്ങളെല്ലാം മാറ്റണം.
നിര്‍മാണാവശ്യത്തിനുവേണ്ട സാധനങ്ങള്‍ വാങ്ങിനല്‍കേണ്ടത് ഉടമസ്ഥനാണ്. വീടിന്‍റെ വലുപ്പമനുസരിച്ച് 15 മുതല്‍ 60 ദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
വയറിങ്, പ്ലംബിങ്
വീടുയര്‍ത്തിക്കഴിഞ്ഞാല്‍ ആദ്യത്തെ പണി തറ പ്ലാസ്റ്ററിങ്ങാണ്. മണ്ണ് നിറച്ച് നിലം പണി ചെയ്ത ശേഷം ടൈല്‍ വിരിക്കണം. ഉയർത്തിയ ഭാഗത്തെ വയറിങ്, പ്ലംബിങ് എന്നിവ വീണ്ടും ചെയ്യേണ്ടിവരും. മുകളിലേക്കുള്ളവ മാറ്റേണ്ടിവരില്ല.
പൊളിച്ചുപണിയുകയോ പുതിയ വീട് നിര്‍മിക്കുകയോ ചെയ്യുമ്പോള്‍ ഒരുപാട് ജോലി ചെയ്യേണ്ടിവരുന്നിടത്ത് മിനിമം വര്‍ക്ക് മാത്രമാണ് ഇവിടെ വേണ്ടിവരുക.
നിയമ തടസ്സമില്ല
വീട് ഉയര്‍ത്തല്‍ പുതുക്കിപ്പണിയല്‍ എന്ന വിഭാഗത്തിലാണ് വരുക. അതിനാല്‍ തദ്ദേശ സ്ഥാപനത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. ആധാരത്തില്‍ നിലമായി രേഖപ്പെടുത്തിയ പഴയ വീടുകള്‍ പൊളിച്ചുപണിയാന്‍ പലപ്പോഴും അനുമതി ലഭിക്കില്ല. എന്നാല്‍, ഉയര്‍ത്തലിന് ഈ തടസ്സമില്ല.
വിവരങ്ങൾക്ക് കടപ്പാട്:
കെ.എസ്. സൂരജ്
Aashirwad Building Lifting & Construction Pvt. Ltd, Hariyana