ഇന്‍റീരിയർ ഡിസൈനിങ് പോക്കറ്റ് കീറുമോ?.... അറിയാം, മിനിമലിസ്റ്റിക് ഇന്‍റീരിയർ ഡിസൈനിങ്
text_fieldsവീട് നവീകരണമായാലും പുതിയത് നിർമിക്കുകയാണെങ്കിലും കൂടുതൽ പണച്ചെലവുള്ള ഏരിയയാണ് ഇന്‍റീരിയർ. ശ്രദ്ധ കുറഞ്ഞാൽ ധാരാളം പണം പാഴായിപ്പോകാൻ സാധ‍്യതയേറെയാണ്.
മിനിമലിസ്റ്റ് രീതി അവലംബിച്ചാൽ പോക്കറ്റ് കീറാതെ അകത്തളം സൗകര്യപ്രദവും മനോഹരവുമാക്കാം. അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം...
ഫ്ലോറിങ്
ഫ്ലോറിങ് നവീകരണ മെറ്റീരിയലുകളുടെ ലിസ്റ്റിൽ ലാമിനേറ്റും വിനൈലും വുഡ് പാനലുമൊക്കെയുണ്ടെങ്കിലും കനം കുറഞ്ഞ വിട്രിഫൈഡ് ടൈലാണ് ട്രെൻഡിങ്. മുകളിലെ നിലയിൽ ഫ്ലോറിങ് ചെയ്യുന്നതിനുമുമ്പ് വാട്ടർ പ്രൂഫിങ് ആവശ‍്യമുണ്ടോ എന്ന് പരിശോധിക്കണം.
വാൾ പാനലിങ്
ശരിയായി ഫിനിഷ് ചെയ്ത ഭിത്തികളുള്ള വീട്ടിൽ വാൾ പാനലിങ് കുറച്ച് ചെയ്യുന്നതാണ് ഭംഗി. ചെലവും കുറയും. പാനലിങ് ആവശ‍്യമായി വരുന്ന ഭാഗമാണ് ലിവിങ് റൂമിൽ ടി.വി യൂനിറ്റിന്‍റെ പിറകുവശം. ഫോയർ (മുൻവാതിലിനും ലിവിങ് ഏരിയക്കും ഇടയിലുള്ള ഭാഗം) ഏരിയയിലും ഇപ്പോൾ പാനലിങ് ചെയ്യാറുണ്ട്.
വീട്ടിൽ പൊതുവേ ഉപയോഗിക്കാത്ത കടും നിറങ്ങൾ, സ്വർണ നിറത്തിലെ മെറ്റൽ സ്ട്രിപ് എന്നിവ ഫോയറിലെ പാനലിങ്ങിൽ ഉപയോഗിക്കുന്നത് പുതിയ ട്രെൻഡാണ്.
ബജറ്റ് അനുസരിച്ച് ടെക്സ്ചറുകൾ, സ്റ്റോൺ ക്ലാഡിങ്, സ്റ്റോൺ വെനീർ പാനലിങ്, പ്ലൈ ലാമിനേറ്റ്/ വെനീർ പാനലിങ് എന്നിവ ഉപയോഗിക്കാം. ചാർക്കോൾ, എം.ഡി.എഫ് ഫ്ലൂട്ടഡ്, ഡബ്ല്യു.പി.സി, പി.വി.സി, ത്രീഡി വേവ് ബോർഡ് തുടങ്ങിയ പാനലുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്.
ഇവയിൽ ധാരാളം ഡിസൈനും കോമ്പിനേഷനുകളും ചെയ്യാം. പിറകിൽ ലൈറ്റ് വെക്കാവുന്ന അലബാസ്റ്റർ ഷീറ്റ്, മൊസൈക്-മാർബിൾ ടച്ചിലുള്ള പാനലുകൾ, പി.വി.സി സ്റ്റിക്കറുകൾ തുടങ്ങിയവയും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
ഫാൾസ് സീലിങ്
ജിപ്സം സീലിങ് താരതമ്യേന ചെലവ് കുറഞ്ഞതും മനോഹരമായി ലൈറ്റിങ് ചെയ്യാൻ കഴിയുന്നതുമാണ്. ലാമിനേറ്റ്, വെനീർ പാനലുകളാൽ വുഡൻ ഫിനിഷിൽ സീലിങ് ചെയ്യുന്നവരുമുണ്ട്. പരമ്പരാഗത ലുക്ക് ഇഷ്ടപ്പെടുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്.
ബെഡ്റൂം
ബെഡ്റൂമിലെ പ്രധാന ഹൈലൈറ്റ് പേരുപോലെ തന്നെ കട്ടിലും കിടക്കയുമാണ്. മാസ്റ്റർ ബെഡ്റൂമാണെങ്കിൽ ഡിസൈനിങ്ങിൽ വിട്ടുവീഴ്ച പാടില്ല. പഴയ കട്ടിലിന്‍റെ വുഡിന് തകരാറില്ലെങ്കിൽ പുതിയ ഫിനിഷ് നൽകി ലുക്ക് മാറ്റാം. ലാമിനേറ്റ്, വെനീർ, പി.യു ഇവയിലേതെങ്കിലും ഫിനിഷ് നൽകാം.
ഹെഡ് ബോർഡ് പ്രീമിയം ലുക്കിലാക്കാം. ഹെഡ് ബോർഡ് വരുന്ന ഭിത്തിയിൽ വാൾ പാനലിങ്ങും ചെയ്യാം. ചെലവ് കുറക്കണമെങ്കിൽ ഹെഡ് ബോർഡ് മാത്രം മാറ്റിയാൽ മതിയാകും. ഹെഡ് ബോർഡ് രണ്ടു രീതിയിൽ ചെയ്യാറുണ്ട്. കട്ടിലിനോട് ചേർത്തും ഭിത്തിയിലും. ഭിത്തിയിൽ ചെയ്യുമ്പോൾ പഴയ കട്ടിലിന്‍റെ ഹെഡ് ബോർഡ് മാത്രം കട്ട് ചെയ്ത് ഭിത്തിയിൽ പുതുതായി നിർമിച്ച ഹെഡ് ബോർഡിനോട് ചേർത്ത് കട്ടിൽ സെറ്റ് ചെയ്യാം.
ഇങ്ങനെ ചെയ്യുമ്പോൾ പുതിയ ഹെഡ് ബോർഡിന്‍റെ പെയിന്‍റ് തന്നെ കട്ടിലിനും നൽകാൻ ശ്രദ്ധിക്കണം. സൈഡ് ടേബിളും നിർമിക്കാം. ഇതിനോട് ചേർന്ന് പ്ലഗ് പോയന്‍റുകളും നൽകണം. കട്ടിൽ ഭിത്തിയുടെ മധ‍്യത്തിലായിരിക്കുന്നതാണ് ഭംഗി.
പഴയ വീടുകളിൽ ലൈറ്റ് പോയന്‍റുകൾ കുറവായിരിക്കും. അതുകൊണ്ട് നവീകരണ സമയത്ത് കട്ടിലിൽ ഇരുന്നും പുസ്തകങ്ങൾ വായിക്കാൻ കഴിയുന്ന രീതിയിൽ ലൈറ്റിങ് ചെയ്യാം. ഭിത്തിയിലും ഫർണിച്ചറിലും ഇളംനിറത്തിലുള്ള പെയിന്‍റ് നൽകുന്നത് ശാന്തമായ അന്തരീക്ഷം നൽകും. ഫാബ്രിക്കുകളിലും ഫിനിഷുകളിലും ടെക്സ്ചർ നൽകുന്നത് മുറിയുടെ ഭംഗി കൂട്ടും.
ഇൻഡോർ പ്ലാന്‍റുകൾ വെക്കുന്നത് ഭംഗി കൂട്ടുന്നതിനുപുറമെ ശുദ്ധവായു ലഭിക്കാനും സഹായിക്കുന്നു. ഫാൾസ് സീലിങ് ചെയ്ത് കോവ് ലൈറ്റിങ് നൽകാം. വാൾ പാനലിങ്ങിലെ ഡിസൈൻ ഫാൾസ് സീലിങ്ങിലേക്ക് മെർജ് ചെയ്താൽ റിച്ച് ലുക്ക് ലഭിക്കും.
മുകളിലെ നിലയിലെ ബെഡ്റൂമിനോട് ചേർന്ന് ബാൽക്കണി നിർമിച്ച് ഗ്ലാസ് കൊണ്ട് സ്ലൈഡിങ് ഡോർ നൽകാം. ഡോറിന് ഫാൾ കർട്ടൻ ഇടാൻ മറക്കരുത്.
വാഡ്രോബ്
വാഡ്രോബിന് മുകൾ ഭാഗത്ത് ലോസ്റ്റ് കൂടി നൽകി സീലിങ്ങിൽ മുട്ടിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പഴയ വീടുകളിലെ പതിവ് കാഴ്ചയായ കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചുകളയുന്നതാണ് അഭികാമ്യം. മുറിയുടെ ഒരു ഭാഗം മുഴുവനായും വാഡ്രോബ് പണിയാറുണ്ട്. മുറിയിൽ walk in area ഉണ്ടെങ്കിൽ അവിടെ രണ്ടു ഭാഗത്തുമായും വാഡ്രോബ് നിർമിക്കാം. അതോടൊപ്പം ഡ്രസ്സിങ് യൂനിറ്റ് കൂടി യോജിപ്പിക്കാം.
ഇന്നർ ഡിസൈനിനെക്കുറിച്ചും നിർമാണത്തിനുമുമ്പ് തന്നെ ധാരണയുണ്ടായിരിക്കണം. വസ്ത്രങ്ങൾ മടക്കിവെക്കുന്നവരാണെങ്കിൽ തട്ടുകൾ പണിയണം. തൂക്കിയിടുന്നവരാണെങ്കിൽ അതിനുള്ള സ്പേസ് അകത്ത് കാണണം. രണ്ട് രീതിയിലും വസ്ത്രങ്ങൾ വെക്കുന്നവരാണെങ്കിൽ തട്ടുകളും വിശാലമായ സ്പേസും കാണണം. പഴയ വാഡ്രോബിന്‍റെ അകത്ത് മാത്രമാണ് തകരാറെങ്കിൽ അത് മാത്രം മാറ്റിയാൽ മതിയാകും.
പുറം ചട്ടയിലാണ് തകരാറെങ്കിൽ അത് മാത്രമായും മാറ്റാവുന്നതാണ്. പുതിയ വാഡ്രോബ് പണിയുമ്പോൾ ലോക്കുള്ള രണ്ടു മൂന്ന് ഡ്രോയറെങ്കിലും വേണം. ലോക്കറും പണിയണം. എല്ലാ ഡോറിനും ലോക്ക് വേണം. ലോക്കില്ലാത്ത ഷട്ടറിന് ടവർ ബോൾട്ട് വെക്കണം. അല്ലെങ്കിൽ വളയാൻ സാധ‍്യതയുണ്ട്. ആറടിക്ക് മുകളിലുള്ള എല്ലാ ഷട്ടറുകൾക്കും പിറകിൽ പട്ടവെക്കുകയോ രണ്ട് സൈഡും ലാമിനേറ്റ് ചെയ്യുകയോ വേണം.
ലൈറ്റിങ്
പ്രഫഷനലായി ലൈറ്റിങ് ചെയ്ത വീടകം കാഴ്ചഭംഗിക്കൊപ്പം വീട്ടുകാരിൽ പോസിറ്റിവ് വൈബും സൃഷ്ടിക്കുന്നു. വെളിച്ചം മൂന്ന് തരത്തിലാണ്: 1. വാം ലൈറ്റ് (ബെഡ്റൂമിനും ലിവിങ് റൂമിനും അനുയോജ്യം), 2. കൂൾ ലൈറ്റ് (വായന, മറ്റ് ആക്ടിവിറ്റികൾ എന്നിവക്ക് അനുയോജ്യം. അടുക്കള, ബാത്റൂം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു), 3. ന്യൂട്രൽ ലൈറ്റ് (അടുക്കള, ബാത്റൂം, യൂട്ടിലിറ്റി റൂം എന്നിവിടങ്ങളിൽ ഏറ്റവും അനുയോജ്യം).
ഫാൻ, എ.സി
ബി.എൽ.ഡി.സി ഫാനുകളാണ് നിലവിലെ താരം. സാധാരണ ഫാനുകളേക്കാൾ മൂന്നിരട്ടിയിലേറെ കുറവ് വൈദ്യുതിയേ ചെലവാകൂ എന്നതാണ് ഏറ്റവും വലിയ ആകർഷണം. അലങ്കാര ഫാനുകൾ (ornate fan) ബി.എൽ.ഡി.സിയിൽ വ്യാപകമല്ലാത്തതിനാൽ ആഡംബരപ്രിയർക്ക് പഴയ ടെക്നോളജി തന്നെ ശരണം.
ശരീരത്തിലേക്ക് നേരിട്ട് തണുപ്പടിക്കുന്ന രീതിയിൽ എ.സി ഫിറ്റ് ചെയ്യരുത്. വീടിന്‍റെ പുറമെയുള്ള ഭാഗത്തെ ഭിത്തിയിൽ സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഔട്ടർ യൂനിറ്റ് സ്ഥാപിക്കാനും വയറിങ് ചെലവും മറ്റും കുറക്കാനും ഇതുപകരിക്കും.
എ.സി യൂനിറ്റിന്‍റെ സമീപം തന്നെ പ്ലഗ് പോയന്‍റ് വേണം. തറയിൽനിന്ന് ഏഴടിയെങ്കിലും മുകളിലായും സീലിങ്ങിൽനിന്ന് 15 സെന്‍റി മീറ്ററെങ്കിലും താഴെയായും വേണം എ.സി സ്ഥാപിക്കാൻ. നാലുവശവും മിനിമം ആറ് ഇഞ്ചെങ്കിലും ക്ലിയറൻസ് ഏരിയ ഒഴിച്ചിടുന്നത് സുരക്ഷക്ക് അത്യാവശ‍്യമാണ്.
പെയിന്‍റ്
എല്ലാ ഭിത്തിയിലും പുട്ടിയിട്ട് പ്രൈമർ അടിച്ച ശേഷം വേണം രണ്ട് ലെയർ എമൽഷൻ പെയിന്‍റ് അടിക്കാൻ. ബജറ്റ് കുറവാണെങ്കിൽ സിറ്റൗട്ടിലും ലിവിങ് ഏരിയയിലും ഹാളിലും മാത്രമായി പുട്ടി അടിക്കാം. രണ്ട് കോട്ടെങ്കിലും പുട്ടി അടിക്കണം. ഷോ വാളിൽ ടെക്സ്ചർ പെയിന്‍റിങ് ചെയ്യുന്നത് ഇപ്പോൾ ട്രെൻഡാണ്.
കർട്ടൻ
ഒരു കാരണവശാലും ചെലവ് ചുരുക്കാൻ പാടില്ലാത്ത ഏരിയയാണ് കർട്ടൻ. സീബ്രാ ബ്ലൈൻഡ്സ്, റോമൻ, പിഞ്ച് പ്ലീറ്റ്, ബോക്സ് പ്ലീറ്റ്, റോൾ പ്ലീറ്റ്, ഫ്രഞ്ച് പ്ലീറ്റ്, ഐലറ്റ് തുടങ്ങിയവയാണ് ട്രെൻഡ്. കർട്ടന് സാധാരണ ഉപയോഗിക്കുന്നത് മാർട്ടിൻഡേൽ (martindale) ഫാബ്രിക്കാണ്.
എത്ര ഉരസിയാലും കേടുവരാതിരിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രഫഷനൽസിനെക്കൊണ്ട് തന്നെ കർട്ടൻ ചെയ്യിക്കണം. വില കുറഞ്ഞ ഫാബ്രിക് എടുത്താൽ വീടിന്‍റെ ഇന്‍റീരിയറിന്‍റെ മനോഹാരിത തന്നെ നഷ്ടപ്പെടും.
ബെഡ്റൂമിൽ റോമൻ ബ്ലൈൻഡ്സ് കർട്ടൻ നൽകാം. ജനാലയുടെ അതേ വലുപ്പത്തിലായതിനാൽ അധികം പൊടിപിടിക്കില്ല. ലിവിങ് ഏരിയയിലും ഹാളിലും ഫാൾ കർട്ടൻ ഉപയോഗിക്കാം. ബെഡ്റൂമിൽ തറ മുതലുള്ള ഫ്രഞ്ച് വിൻഡോയുണ്ടെങ്കിൽ ഫാൾ കർട്ടൻ ഉപയോഗിക്കാം.
ഇന്‍റീരിയർ സ്റ്റൈലിങ്
ഇന്‍റീരിയർ ഡിസൈനിങ് കഴിഞ്ഞ വീട്ടിൽ സ്റ്റൈലിങ് കൂടി ചെയ്താലേ പൂർണമാകൂ. പേഴ്സനൽ ടച്ച് വീട്ടിൽ കൊണ്ടുവരാൻ കഴിയുന്നത് സ്റ്റൈലിങ്ങിലൂടെയാണ്. നമ്മുടേത് മാത്രമായ ഇഷ്ടങ്ങളാൽ വീടിനെ അലങ്കരിക്കാം.
തൂക്കിയിടുന്ന കണ്ണാടികൾ, ഇൻഡോർ പ്ലാന്‍റുകൾ, ഫ്ലവർ വേസുകൾ, ചെറിയ ഫിഗറിൻസ്, സ്മരണികകൾ (memorabilia) തുടങ്ങി നമുക്ക് ഇഷ്ടമുള്ള മനോഹര വസ്തുക്കളാൽ വീടിനെ സുന്ദര ഇടമാക്കാം. പക്ഷേ, എല്ലാം മിനിമലായിട്ട് വേണം അലങ്കരിക്കാൻ. ഇവ ആറുമാസം കൂടുമ്പോൾ സ്ഥാനം മാറ്റിവെക്കാം. അതിലൂടെ വീടിന് പുതിയ ലുക്കും ലഭിക്കും.
ട്രോഫികളും മെമന്‍റോകളും ഡൈനിങ് ഏരിയയിൽനിന്ന് ബെഡ്റൂമിലേക്ക് പോകുന്ന ഭാഗത്തെ ഭിത്തിയിൽ വെക്കാവുന്നതാണ്. അതിനായി കൊളാഷ് വാൾ ഒരുക്കാം. ചെറിയ ഷെൽഫുണ്ടാക്കി അതിൽ ട്രോഫികളും മെമന്‍റോകളും ഫിഗറിൻസും സ്മരണികകളുമെല്ലാം വെക്കാം.
ഫർണിച്ചർ
ബജറ്റും അഭിരുചിയുമനുസരിച്ച് ഫർണിച്ചറുകൾ പുതിയത് വാങ്ങുകയോ പണിയിക്കുകയോ പഴയത് നവീകരിക്കുകയോ ചെയ്യാം. അപ്ഹോൾസ്റ്ററി മാറ്റുക, പുതിയ നിറത്തിലുള്ള പെയിന്‍റടിക്കുക, ഹാൻഡിലുകളും നോബുകളും മാറ്റുക തുടങ്ങിയ ചെറിയ നവീകരണ പ്രവൃത്തിയിലൂടെ വീട്ടിലെ ഫർണിച്ചറുകൾക്ക് മോഡേൺ ലുക്ക് നൽകാം.
വലിയ തകരാറുകൾ സംഭവിക്കാത്ത ഫർണിച്ചറുകൾ നവീകരിക്കുന്നതിലൂടെ പുതിയ ലുക്ക് നൽകുന്നതിനൊപ്പം ചെലവും കുറക്കാം.
ലിവിങ് റൂം
ലിവിങ് റൂമിൽ പാനലിങ് ചെയ്ത ഫോക്കസ് വാളിൽ ടി.വി യൂനിറ്റ് സ്ഥാപിക്കാം. റൂമിന്‍റെ വലുപ്പമനുസരിച്ചാണ് സോഫ സെറ്റ് വാങ്ങുകയോ പണിയിക്കുകയോ ചെയ്യേണ്ടത്. കണ്ണിനെ ആകർഷിക്കുന്ന ഇളം നിറങ്ങൾ സോഫക്ക് നൽകുന്നതിലൂടെ റൂമിന് വിശാലത തോന്നിക്കുകയും ചെയ്യും.
ഡൈനിങ് റൂം
ഡൈനിങ് ടേബിളാണ് ഡൈനിങ് റൂമിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഡിസൈൻ ഗ്ലാസ്, വിട്രിഫൈഡ് സ്ലാബ്/ മാർബിൾ എന്നിവ ഉപയോഗിച്ച് ടോപ്പിന് മാർബിൾ ഫിനിഷ് ചെയ്യുന്നതാണ് നിലവിലെ ട്രെൻഡ്. കപ്ബോർഡിന് പിറകുവശത്ത് കണ്ണാടി നൽകുന്നത് പുതിയ ട്രെൻഡാണ്.
സ്റ്റെയർകേസ്
സ്റ്റെയർകേസിന്‍റെ ലാൻഡിങ്ങിൽ വലിയ ഫോട്ടോ ഫ്രെയിമുകൾ വെക്കുന്നതാണ് ട്രെൻഡ്. അവിടെ വലിയ ജനാലയുള്ള വീടാണെങ്കിൽ പടികൾ കയറിപ്പോകുന്ന വഴിയിൽ കൊളാഷ് വാൾ രൂപത്തിൽ അഞ്ചോ ആറോ ഫ്രെയിമുകൾ ഒരുമിച്ച് വെക്കാം. കൊളാഷ് വാളിന് മോടി കൂട്ടാൻ മെറ്റൽ ആർട്ട്, റിലീഫ് ആർട്ട്, വാൾഹാങ് പ്ലാന്‍റ് തുടങ്ങിയവയും വെക്കാം.
സ്റ്റെയർകേസിന്‍റെ താഴെ ഭാഗത്ത് കോർട്ട് യാർഡ് പോലെ സ്പേസ് കൊടുക്കാം. വുഡ്, സ്റ്റീൽ, ഗ്ലാസ് തുടങ്ങിയ മെറ്റീരിയലുകളും അവയുടെ കോമ്പിനേഷനുകളും ഉപയോഗിച്ച് കൈവരി പണിയാം.
കോർട്ട് യാർഡ്
മഴവെള്ളം വീഴാതെ പുറത്തുനിന്നുള്ള കാറ്റും വെളിച്ചവും കയറുന്ന രീതിയിലാണ് കോർട്ട് യാർഡിന്‍റെ നിർമാണം. വീട്ടുകാരുടെ പേഴ്സനൽ ടച്ച് പതിപ്പിക്കാവുന്ന ഇടം കൂടിയാണിവിടം. ഫ്ലോറിങ്ങും ഭിത്തിയും വാൾ പാനലിങ്ങും പെയിന്‍റുമെല്ലാം മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി നിർമിക്കാം. ഫാമിലി സ്പേസ്, റീഡിങ് ഏരിയ തുടങ്ങി കോർട്ട് യാർഡിന്‍റെ ഉപയോഗം പലവിധത്തിലാണ്.
ഡബിൾ ഹൈറ്റിൽ നിർമിച്ച് ഒന്നാം നിലയിൽ കോർട്ട് യാർഡിന്‍റെ ഭാഗത്ത് ടെൻസൈൽ നെറ്റ് സ്ഥാപിച്ച് കുട്ടികൾക്ക് പ്ലേ ഏരിയ ഒരുക്കുന്നത് ട്രെൻഡാണ്.
ഫർണിഷിങ്
ഐസിങ്, കേക്കിന്‍റെ ഭംഗി കൂട്ടുന്നത് പോലെയാണ് ഫർണിഷിങ് ഹോം ഇന്‍റീരിയറിന്‍റെ ചന്തം കൂട്ടുന്നത്. ബെഡ്ഷീറ്റ്, തലയണകൾ, കുഷ‍്യനുകൾ, കാർപറ്റ് തുടങ്ങിയവ മനോഹരമായി സെറ്റ് ചെയ്യാം.
വിവരങ്ങൾക്ക് കടപ്പാട്:
സുമി റാണി
Owner/ Chief Designer,
Gold Haus Design Studio, Thripunithura, Ernakulam
എ.വി. ശിൽപ
Sr. Architect,
Intelerio Furnishing Pvt. Ltd, Calicut
എ.ആർ. കാർത്തിക മനോഹരൻ
Bhaumi Architects,
Malaparamba, Calicut