കാറോ ബൈക്കോ പോലെ വീടും പർച്ചേസ് ചെയ്യാം. പ്രീ ഫാബ്രിക്കേറ്റഡ് വീടുകളെക്കുറിച്ചറിയാം
text_fieldsനിങ്ങളുടെ വീടിരിക്കുന്ന സ്ഥലം മടുത്തോ, മറ്റൊരിടത്തേക്ക് താമസം മാറേണ്ടതുണ്ടോ? പുതിയ നാട്ടിൽ മറ്റൊരു വീടുവെക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, നിങ്ങളൊരു റെഡിമെയ്ഡ് വീട്ടിലാണ് താമസിക്കുന്നതെങ്കിൽ, എവിടെയാണോ പോകുന്നത് അങ്ങോട്ടു കൊണ്ടുപോകാവുന്ന പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ ഇതിന് പരിഹാരമാണ്.
വീടു നിർമാണത്തിന്‍റെ നീണ്ട കാത്തിരിപ്പിന്‍റെ മടുപ്പും വേണ്ട, കാറോ ബൈക്കോ വാങ്ങും പോലെ പോയി പർച്ചേസ് ചെയ്യാവുന്ന വീടുകളാണിവ.
മനുഷ്യൻ അതതു കാലങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങളും പുത്തൻ രീതികളും വീടു നിർമാണ മേഖലയിൽ കണ്ടുപിടിക്കാറുണ്ട്. അത്തരത്തിലൊന്നാണ് പോർട്ടബ്ൾ ഹൗസുകളും മോഡുലാർ വീടുകളുമെല്ലാം. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ പലയിടങ്ങളിലും ഏറെ ജനകീയമാണിവ.
നിർമാണം ഫാക്ടറിയിൽ
വീടുനിർമാണ കമ്പനിയുടെ ഫാക്ടറിയിൽ പൂർണമായും ഉണ്ടാക്കിയെടുത്ത വീട്, വാഹനത്തിൽ കൊണ്ടുപോകാനുതകുംവിധം അഴിച്ചെടുത്ത് ഉപഭോക്താവ് ആവശ്യപ്പെടുന്ന ഇടത്തേക്ക് എത്തിച്ച് വീണ്ടും കൂട്ടിയോജിപ്പിച്ചാണ് വീടൊരുക്കുന്നത്.
സാധാരണ വീടുപണിയുന്ന ഇടത്ത് ഇതിന്‍റെ കൂട്ടിയോജിപ്പിക്കൽ (അസംബ്ലിങ്) മാത്രമേ നടക്കുന്നുള്ളൂ എന്നതിനാൽ വീടു വാങ്ങുന്നയാൾക്ക് പലനിലക്കും സൗകര്യപ്രദമാണ്.
കാലാവസ്ഥ പ്രശ്നങ്ങൾ ബാധിക്കുന്നില്ല, ഓരോ തവണയും അസംസ്കൃത വസ്തുക്കൾ എത്തിക്കേണ്ടതില്ല, തൊഴിലാളികളെ തപ്പി നടക്കേണ്ടതില്ല എന്നിങ്ങനെ ഗുണങ്ങൾ ഒട്ടേറെയാണ്.
കാണാം, ഇഷ്ടപ്പെട്ടാൽ വാങ്ങാം
മോഡുലാർ വീടുകൾ നിർമിക്കുന്ന സംരംഭങ്ങൾ കേരളത്തിലുണ്ട്. വീട് നിർമിക്കുന്ന ഫാക്ടറിയും പ്രദർശനത്തിനു വെച്ച സൈറ്റുമാണ് ഇവർക്കുണ്ടാവുക. ഇവിടെയെത്തി നമുക്കിഷ്ടപ്പെട്ട മോഡൽ കണ്ടുമനസ്സിലാക്കാം, അതുപോലെയോ മാറ്റം വരുത്തണമെങ്കിൽ അക്കാര്യം പറഞ്ഞാൽ അതനുസരിച്ചോ ഇഷ്ടമുള്ള രീതിയിൽ വീടു സ്വന്തമാക്കാം. 77 സ്ക്വയർഫീറ്റിലുള്ള കുഞ്ഞൻ വീടു മുതൽ എത്ര വലുപ്പത്തിലുമുള്ള വീടെടുക്കാനും അവർ സഹായിക്കും.
എന്നാൽ, തീരെ ചെറുതല്ലേ അതുകൊണ്ട് ചെലവ് കുറയില്ലേ എന്ന ധാരണ പൂർണമായും ശരിയല്ല. ഏതു വലുപ്പത്തിലുള്ള വീടാണെങ്കിലും ഉപയോഗിക്കുന്നത് ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളായതിനാൽ അതിന്റേതായ ചെലവ് വീടിന്‍റെ ആകെ വരുന്ന തുകയിലും പ്രതിഫലിക്കും.
അത്യാവശ്യം സൗകര്യങ്ങളുള്ള സാമാന്യം വലുപ്പമുള്ള ഒരു വീടിന് 20 മുതൽ 25 ലക്ഷം രൂപ വരെ ചെലവാകും. കട്ടിൽ, കിടക്ക, കർട്ടൻ, ലൈറ്റ്, ഫാൻ, മേശ, കസേര, എ.സി ഉൾപ്പെടെ അത്യാവശ്യം എല്ലാ ഉപകരണങ്ങളോടും കൂടി ഫർണിഷ് ചെയ്താണ് വീട് നൽകുന്നത് എന്നതിനാൽ ഈ തുക വലിയൊരു തുകയായി അനുഭവപ്പെടില്ല.
കല്ലും മണലും മെറ്റലുമില്ല
കല്ല്, മണൽ, മെറ്റൽ, സിമന്‍റ്, വെള്ളം തുടങ്ങി പരമ്പരാഗത കെട്ടിട നിർമാണ അസംസ്കൃത വസ്തുക്കളൊന്നുമല്ല മോഡുലാർ വീടുകൾക്കുപയോഗിക്കുന്നത്. അടിത്തറ, ഭിത്തി, മേൽക്കൂര തുടങ്ങി എല്ലാ ഭാഗങ്ങൾക്കും വ്യത്യസ്തമായ സാമഗ്രികളാണ് ഉപയോഗിക്കുന്നത്.
സ്റ്റീലാണ് പ്രധാനമായും സ്ട്രക്ചറായി ഉപയോഗിക്കുന്നത്. അടിത്തറയിൽ സ്റ്റീൽ, സിമന്‍റ് ബോർഡ്, ടൈൽ എന്നിവയെല്ലാം ഉപയോഗിക്കാം. ജനലും വാതിലുമെല്ലാം മരത്തിലോ ഇരുമ്പിലോ അലൂമിനിയത്തിലോ തയാറാക്കുന്നു. സ്ട്രക്ചറിൽ സ്റ്റീൽ ഉപയോഗിച്ച ശേഷം ഫിനിഷിങ്ങിന് പി.യു പാനലോ പി.വി.സിയോ ഉപയോഗിക്കാനും സാധിക്കും.
ഏറ്റവും പ്രധാനം റൂഫിങ്ങാണ്. റൂഫിനു മുകളിൽ അലൂമിനിയം ഷീറ്റോ ഓടോ ഷിംഗിൾസോ ഒക്കെ നൽകും. സ്ട്രക്ചറിൽ മരം ഉപയോഗിക്കുന്നവരുണ്ട്. മരം ഉപയോഗിക്കുമ്പോൾ ഇടക്കിടെ പോളിഷ് ചെയ്യേണ്ടിവരുന്നതിനാൽ മെയിന്‍റനൻസ് ചെലവു കൂടും.
കുഞ്ഞു വീട് മുതൽ മ്യൂസിയം വരെ
ഒറ്റ മുറിയും ബാത്റൂമും കിച്ചനും മാത്രമുള്ള കൊച്ചു വീട് മുതൽ ഹെറിറ്റേജ് മാതൃകയിലുള്ള മ്യൂസിയം വരെ മോഡുലാർ മാതൃകയിൽ നിർമിക്കാം. കോഴിക്കോട് ബീച്ചിനടുത്താണ് ഇത്തരത്തിൽ മ്യൂസിയം ഒരുക്കിയിട്ടുള്ളത്.
ഇടുക്കി കാന്തല്ലൂർ, തൃശൂർ തുടങ്ങിയ ഭാഗങ്ങളിൽ ടൂറിസ്റ്റ് റിസോർട്ടുകൾ, കോട്ടേജുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൂറിസം കോട്ടേജുകൾ 10-15 ലക്ഷത്തിൽ ചെയ്യാം. കാലഘട്ടത്തിനനുസരിച്ച് നിർമാണ മേഖലയിലെ വിലവർധന ബാധിച്ചേക്കാം.
പൂർത്തിയാക്കും, വീടിന്‍റെ എ ടു ഇസഡ് കാര്യങ്ങൾ
വെറുതെ സ്ട്രക്ചർ മാത്രം പണിതു കൊടുക്കുകയല്ല ഇവർ ചെയ്യുന്നത്. മറിച്ച് വീടിന്‍റെ എ ടു ഇസഡ് കാര്യങ്ങൾ പൂർത്തിയാക്കും. അതിൽ േഫ്ലാറിങ്, വയറിങ്, പ്ലംബിങ് തുടങ്ങിയവയെല്ലാം വരും. ഇതെല്ലാം തന്നെ അവരുടെ ഫാക്ടറിയിലാണ് ചെയ്യുന്നത്.
വെള്ളക്കെട്ട്, ഭൂമിയുടെ ചരിവ് തുടങ്ങിയ കാരണങ്ങളാൽ പില്ലർ വാർത്ത് നിർമിക്കേണ്ട വീടുകളാണെങ്കിൽ അങ്ങനെയും ചെയ്യും. ചൂടിനെയും തണുപ്പിനെയും നിയന്ത്രിച്ചു നിർത്താൻ ചുമരിന് ചുറ്റും ഇൻസുലേഷൻ ചെയ്യുന്നതാണ് മറ്റൊരു പ്രത്യേകത.
പലകാരണങ്ങളാൽ പരിസ്ഥിതിയെ നോവിക്കാത്ത തരത്തിലാണ് നിർമാണ രീതി.
ഗുണനിലവാരം പ്രധാനം
സാധാരണ രീതിയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ പോലെയുള്ള ഉറപ്പ് മോഡുലാർ വീടുകൾക്കുമുണ്ട്. കാറ്റിൽ വീട് പാറിപ്പോകുമോ എന്ന ആശങ്ക വേണ്ട. ഗുണനിലവാരത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഓരോ കെട്ടിടങ്ങളും ഒരുക്കുന്നത്. ഇതിനായി ആവശ്യമുള്ളപ്പോൾ പുറം രാജ്യങ്ങളിൽനിന്ന് സാധനസമഗ്രികൾ ഇറക്കുമതി ചെയ്യാറുണ്ട്.
ഓരോ വർക്ക് കഴിയുമ്പോഴും എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് കൂടുതൽ മെച്ചപ്പെടുത്തും. വീടിനോ കോട്ടേജിനോ ഒക്കെ ഓർഡർ കിട്ടിക്കഴിയുമ്പോൾ ആദ്യം നിർദിഷ്ട ഭൂമി സന്ദർശിച്ച് വിലയിരുത്തും. നിർമാണം കഴിഞ്ഞ് വേർപ്പെടുത്തിയ വീട് വാഹനത്തിലെത്തിച്ച് വീണ്ടും കൂട്ടിയോജിപ്പിക്കുന്നത് വരെയാണ് ഇവരുടെ സേവനം.
വിവരങ്ങൾക്ക് കടപ്പാട്:
എം.എ. ഗഞ്ചി
Rose House, The Future,
Thumbur, Thrissur