Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightസ്വയം തെളിയുന്ന...

സ്വയം തെളിയുന്ന ലൈറ്റുകൾ, ഗ്യാസ് ചോർച്ച തിരിച്ചറിഞ്ഞ് സ്വയം പരിഹാരം കാണുന്നു... അറിയാം, സ്മാർട്ട് ഹോം ഓട്ടോമേഷനെക്കുറിച്ച്

text_fields
bookmark_border
സ്വയം തെളിയുന്ന ലൈറ്റുകൾ, ഗ്യാസ് ചോർച്ച തിരിച്ചറിഞ്ഞ് സ്വയം പരിഹാരം കാണുന്നു... അറിയാം, സ്മാർട്ട് ഹോം ഓട്ടോമേഷനെക്കുറിച്ച്
cancel

വീട്ടിലെ കാര്യങ്ങൾ ലോകത്ത് എവിടെയിരുന്നും നമുക്ക് നിയന്ത്രിക്കാവുന്ന വിധം സങ്കേതികവിദ്യ വളർന്നു. വീട്ടിലേക്കു വരുമ്പോൾ തന്നെ ഗേറ്റ്​ സ്വയം തുറക്കുന്നു, ലൈറ്റുകൾ തെളിയുന്നു തുടങ്ങി സകലതും ഇന്ന്​ ഹൈടെക്​ ആയിട്ടുണ്ട്​.

വീട്ടുടമസ്​ഥ​​ന്‍റെ ഫോൺ വഴിയാണ് ഈ സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നത്. ഉപകരണങ്ങളിലെ വോയ്‌സ് എനേബിൾഡ് ടെക്‌നോളജി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം.

● ഓട്ടോമാറ്റിക്​ സംവിധാനം ഉപയോഗിച്ച്​ കർട്ടനുകളും ബ്ലൈൻഡുകളും ആവശ്യാനുസരണം ക്രമീകരിക്കാം

● സെൻസർ സിസ്റ്റം: വീടിന് അകത്തും പുറത്തും വെക്കാം. സെൻസറിന്‍റെ പരിധിയിലേക്ക് ആരെങ്കിലും കടന്നാൽ അലാം അടിക്കും.

● വിഡിയോ ഡോർ ഇന്‍റർകോം: കാളിങ് ബെൽ അമർത്തുമ്പോൾ പുറത്തുനിൽക്കുന്നയാളുടെ ദൃശ്യം അകത്തെ സ്ക്രീൻ വഴി വീട്ടുടമക്ക് കാണാനാകും. ഡോർ തുറക്കാതെ തന്നെ മൈക്രോഫോൺ വഴി സംസാരിക്കുകയുമാകാം. വീട്ടിൽ ആളില്ലെങ്കിൽ ഉടമക്ക് വിവരം മൊബൈൽ ഫോണിലേക്ക് ലഭിക്കും. വീടിന്‍റെ പരിസരത്ത് ആരെങ്കിലും അതിക്രമിച്ചു കടന്നാൽ അലാം മുഴക്കുന്ന സംവിധാനവുമുണ്ട്.

● ആപ്ലിക്കേഷൻ ടൈമർ: വീട്ടിൽ ആളില്ലെങ്കിലും ഉണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ ലൈറ്റും മറ്റുപകരണങ്ങളും ഓട്ടോമാറ്റിക് ആയി ഓൺ ചെയ്യുന്ന ടൈമർ ആണിത്.

● ഗ്യാസ് ലീക്ക് ഡിറ്റക്ടർ: പുക, തീ എന്നിവ തിരിച്ചറിയുന്ന സ്മോക് സെൻസർ, അടുക്കളയിൽ എൽ.പി.ജി ചോർച്ച തിരിച്ചറിയുന്ന എൽ.പി.ജി സെൻസറുകൾ. ഉടമ വീട്ടിലില്ലാത്ത അവസരത്തിൽ വൈഫൈ സംവിധാനം വഴി മൊബൈൽ ഫോണിൽ സന്ദേശമെത്തുന്ന തരത്തിലും ഫോണിലൂടെ ഫയർ എക്സ്റ്റിങ്ഗ്യുഷർ, സ്മോക്ക് കൺട്രോളർ തുടങ്ങിയവ ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിക്കാവുന്ന തരത്തിലും ഇത് സെറ്റ് ചെയ്യാം. അടുക്കളയിലെ ചൂടുവരെ സെൻസർ നിയന്ത്രിക്കും.


പുതിയ ട്രെൻഡും ടെക്നോളജിയും

ഹോം ഓട്ടോമേഷനിലെ ‘ഹൈബ്രിഡ് സൊല്യൂഷൻ’ വയേർഡ്, വയർലെസ് കണക്ഷനുകൾ സംയോജിപ്പിക്കുന്ന സാങ്കേതിക സംവിധാനമാണ്.

വയർലെസ് കണക്ഷനുകൾക്കായി സിഗ്ബി, X-വേവ്, X10, മാറ്റർ എന്നിവ ഉപയോഗിച്ച് ഉപകരണങ്ങൾ ഒരു ഹബ്ബിലേക്ക് കണക്ട് ചെയ്യാം.

വേഗതയേറിയ കണക്ഷൻ ആവശ്യമായ സുരക്ഷാ കാമറകളും ലൈറ്റിങ്ങും പോലുള്ള ഉപകരണങ്ങൾക്കായി വയേർഡ് കണക്ഷനുകൾ (ഇഥർനെറ്റ് കേബിളുകൾ) ഉപയോഗിക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളും ഹോം ഓട്ടോമേഷനിൽ ഉപയോഗിക്കുന്നു. നമ്മുടെ ശീലങ്ങളും മുൻഗണനകളും പഠിക്കാനും സ്വയം ക്രമീകരിക്കാനും ഇവ സഹായിക്കുന്നു.

ഒരു ഉപകരണത്തെ ഇന്‍റർനെറ്റിലേക്ക് കണക്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതിനെ ബന്ധിപ്പിക്കാൻ ഒരു ‘ഹബ്’ ആവശ്യമാണ്. വൈഫൈ, ഇഥർനെറ്റ് അല്ലെങ്കിൽ സെല്ലുലാർ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ഹബുകൾക്ക് ഇന്‍റർനെറ്റിലേക്ക് കണക്ട് ചെയ്യാനാകും.

ഒരുങ്ങാം, വീട് നിർമാണ സമയത്തുതന്നെ

പുതിയ വീട് നിർമിക്കുമ്പോഴോ പുതുക്കിപ്പണിയുമ്പോഴോ ഹോം ഓട്ടോമേഷൻ ഉൾപ്പെടുത്താൻ പദ്ധതിയിടുകയാണെങ്കിൽ, പരിഗണിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളിതാ...

● ഇലക്ട്രിക്കൽ ഡിസൈൻ: ഹോം ഓട്ടോമേഷന്‍റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ വശം ശരിയായ ഇലക്ട്രിക്കൽ ഡിസൈനാണ്. ഓട്ടോമേഷൻ സിസ്റ്റത്തിന് അനുയോജ്യമായ ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകൾ, സ്വിച്ചുകൾ, വയറുകൾ എന്നിവ ഏതൊക്കെയാണെന്ന് പ്ലാൻ ചെയ്യണം.

ഓട്ടോ ഗേറ്റ്, സ്‌മാർട്ട് തെർമോസ്റ്റാറ്റുകൾ, സി.സി.ടി.വി കാമറകൾ, സ്‌മാർട്ട് ലൈറ്റുകൾ എന്നിവ പോലുള്ള ഉപകരണങ്ങൾക്കായി അധിക വയറിങ്ങും ഔട്ട്‌ലെറ്റുകളും വേണ്ടി വരും. പുതിയ വീടുകൾ മാത്രമല്ല, നിലവിലുള്ള വീടുകളിലും ഹോം ഓട്ടോമേഷൻ ഒരുക്കാം. ഇതിനായി വയറിങ്ങിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും.

● പ്ലംബിങ് ഡിസൈൻ: പ്ലംബിങ് രൂപകൽപനയും പരിഗണിക്കേണ്ടതുണ്ട്. സ്‌മാർട്ട് ഗാർഡൻ മാനേജ്‌മെന്‍റും ഓട്ടോ ഇറിഗേഷൻ സംവിധാനങ്ങളും വഴി എവിടെ ഇരുന്നും നിയന്ത്രിക്കാനും അതിലൂടെ വെള്ളം സംരക്ഷിക്കാനും കഴിയും.

● നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ: ഓരോ സ്മാർട്ട് ഹോമിനും അതിവേഗ ഇന്‍റർനെറ്റ് കണക്ടിവിറ്റിയും വീട്ടിലുടനീളം വൈഫൈ കവറേജും അത്യാവശ്യമാണ്. അതിനായി, നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലേക്കും വിശ്വസനീയമായ കണക്ടിവിറ്റി നൽകാൻ കഴിയുന്ന മെഷ് നെറ്റ്‌വർക്ക് സിസ്റ്റം സംയോജിപ്പിക്കേണ്ടതുണ്ട്.

● ഓട്ടോമേഷൻ കൺട്രോളറുകൾ: ഹോം ഓട്ടോമേഷൻ സിസ്റ്റത്തിന്‍റെ തലച്ചോറാണ് ഓട്ടോമേഷൻ കൺട്രോളറുകൾ. നിങ്ങളുടെ എല്ലാ ഉപകരണങ്ങൾക്കും അനുയോജ്യമായ, തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ശരിയായ കൺട്രോളർ വളരെ പ്രധാനമാണ്. ആമസോൺ എക്കോ, ഗൂഗ്ൾ ഹോം, ആപ്പിൾ ഹോംപോഡ് എന്നിവ ഉദാഹരണങ്ങളാണ്.

● സ്‌മാർട്ട് ഉപകരണങ്ങൾ: വീട്ടിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപകരണങ്ങൾ മികച്ച ഓട്ടോമേഷൻ സംവിധാനത്തിന് വേണ്ടത്ര സ്‌മാർട്ടായിരിക്കണം. ഇതിൽ സ്‌മാർട്ട് തെർമോസ്റ്റാറ്റുകൾ, സ്‌മാർട്ട് ലൈറ്റുകൾ, സ്‌മാർട്ട് ലോക്കുകൾ, സ്‌മാർട്ട് സുരക്ഷാ കാമറകൾ എന്നിവയും മറ്റും ഉൾപ്പെടുന്നു. ഉപകരണങ്ങൾ ഓട്ടോമേഷൻ കൺട്രോളറുമായി പൊരുത്തപ്പെടുന്നുണ്ടെന്നും വിദൂരമായി നിയന്ത്രിക്കാനാകുമെന്നും ഉറപ്പാക്കുക.

വീടിന്‍റെ നിർമാണ സമയത്ത് വിജയകരമായ ഹോം ഓട്ടോമേഷൻ സംയോജനത്തിന് ശരിയായ ആസൂത്രണവും രൂപകൽപനയും അത്യാവശ്യമാണ്.

● ഓട്ടോമാറ്റിക് ലൈറ്റിങ് സംവിധാനം പോലുള്ളവ ഘടിപ്പിക്കുന്നുണ്ടെങ്കിൽ അവ വീട്ടിലെ പ്രായമുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാകണം. അല്ലെങ്കിൽ രാത്രിയിലും മറ്റും പെട്ടെന്നു ലൈറ്റ് തെളിയുമ്പോൾ ഭയപ്പെട്ട് അവരുടെ ഉറക്കം നഷ്ടപ്പെടും.

● വിശ്വസ്തതയുള്ള ഏജൻസിയെ തന്നെ ഹോം ഓട്ടോമേഷൻ ചെയ്യാൻ ഏൽപിക്കണം. ഓട്ടോമേഷൻ ചെയ്ത വീടുകൾ സന്ദർശിച്ച് അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാം. വിൽപനാനന്തര സേവനവും ഭാവിയിൽ വരാവുന്ന അപ്ഡേഷനും പ്രധാനമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

സാദിഖ്
ABSECO International Private Limited,
Thottiyanpara, Malappuram





Show Full Article
TAGS:home design Home Making HomeTips Home Automation 
News Summary - know about smart home automation
Next Story