കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ എത്ര അകലം വേണം? -വീട്ടിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങളിതാ...
text_fieldsസ്വന്തമായി വീട് എല്ലാവരുടെയും സ്വപ്നമാണ്. പ്രത്യേകിച്ച് കുറഞ്ഞ സ്ഥലത്ത് ഒരു വീട് എന്നാലോചിക്കുമ്പോൾ നമ്മെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യസംസ്കരണം.
എന്നാൽ, അത്ര പ്രശ്നമാണോ വീടുകളിലെ മാലിന്യ സംസ്കരണം? ഒന്നു ശ്രദ്ധിച്ചാൽ സ്ഥലപരിമിതി പ്രശ്നമാകാതെ മാലിന്യ സംസ്കരണം നടത്താൻ കഴിയും. അതിനുള്ള ചില വഴികളിതാ...
അടുക്കള മാലിന്യം
വീടുകളിലെ പ്രധാന മാലിന്യങ്ങളിൽ ഒന്ന് അടുക്കളയിലേതാണ്. ഭക്ഷണ പദാർഥങ്ങൾ വാങ്ങുന്നതിലൂടെ എത്തുന്ന കവറുകൾ, പാഴാകുന്ന ഭക്ഷണ പദാർഥങ്ങൾ എന്നിവ ശരിയായ രീതിയിൽ സംസ്കരിച്ചാൽ അടുക്കള മാലിന്യം ഒരു പരിധിവരെ കുറക്കാനാകും.
അവ തരംതിരിച്ച് വേണം സൂക്ഷിക്കാൻ. മണ്ണിൽ ലയിക്കുന്നവയും അല്ലാത്തവയും രണ്ട് രീതിയിലാണ് സംസ്കരിക്കേണ്ടത്. കടകളിൽ പോകാൻ തുണിസഞ്ചികൾ ശീലമാക്കാം. ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ കമ്പോസ്റ്റോ ബയോഗ്യാസോ ആക്കിമാറ്റാം.
ബയോഗ്യാസ്
ബയോഗ്യാസ് പ്ലാന്‍റ് വഴി മാലിന്യനിർമാർജനത്തിനൊപ്പം പാചകവാതകവും വളമായുപയോഗിക്കാവുന്ന സ്ലറിയും ലഭിക്കും.
ചാണകം, അടുക്കളയിൽനിന്നുള്ള മാലിന്യം, റബർ ഷീറ്റിന്‍റെ വെള്ളം, മറ്റു ജൈവമാലിന്യങ്ങൾ തുടങ്ങിയ ജീർണിക്കുന്ന മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിറക്കാം. കുറഞ്ഞ അളവിലുള്ള ജൈവ മാലിന്യം ബൊക്കാഷി ബക്കറ്റിലും നിറച്ച് മാറ്റിവെക്കാം.
കമ്പോസ്റ്റ്
കുഴിയിലും ബക്കറ്റിലുമൊക്കെയായി പല തരത്തിൽ കമ്പോസ്റ്റ് നിർമിക്കാനാകും. മണ്ണിര കമ്പോസ്റ്റിങ് സുപരിചിതമാണ്. എന്നാൽ, മറ്റു ചില രീതികളും വീടുകളിൽ പരീക്ഷിക്കാം.
ഫെറോസിമന്‍റ് സ്ലാബും ഫെറോസിമന്‍റ് റിങ്ങും ഉപയോഗിച്ച് ലളിതമായി ചെയ്യുന്ന റിങ് കമ്പോസ്റ്റിങ്, ചെറിയ കുഴിയിൽ മാലിന്യ സംസ്കരണം നടത്തുന്ന മോസ്പിറ്റ് കമ്പോസ്റ്റിങ്, രണ്ടു മൺകലങ്ങൾ ഉപയോഗിച്ചുള്ള മൺകല കമ്പോസ്റ്റിങ്, പോർട്ടബിൾ ബിൻ/ ബക്കറ്റ് കമ്പോസ്റ്റിങ്, പോർട്ടബിൾ ബയോബിൻ കമ്പോസ്റ്റിങ്, കളിമൺ ഭരണികൾ തട്ടുകളായി അടുക്കിവെച്ചുള്ള ജൈവ സംസ്കരണ ഭരണി എന്നിങ്ങനെ പല മാർഗങ്ങൾ സ്വീകരിക്കാം.
സെപ്റ്റിക് ടാങ്കും കിണറും
സാധാരണ രണ്ടുതരത്തിലാണ് സെപ്റ്റിക് ടാങ്ക് പണിയുന്നത്. ഒന്ന് കുറച്ച് ആഴത്തിൽ എടുക്കുന്ന കുഴി തന്നെയാണ്. വശങ്ങൾ കല്ല് കെട്ടി മുകളിൽ കോൺക്രീറ്റ് സ്ലാബിടുന്നതാണ് രീതി. എന്നാൽ, ഇത് ശാസ്ത്രീയമല്ല. മൂന്ന് ചേമ്പറുകളോടുകൂടിയ പ്രധാന ടാങ്കും അതിൽനിന്ന് വരുന്ന വെള്ളം വീഴുന്ന മറ്റൊരു ടാങ്കും ഉള്ള സംവിധാനമാണ് രണ്ടാമത്തേത്.
കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ എത്ര അകലം വേണം എന്നത് പ്രധാന സംശയമാണ്. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നതിനു മുമ്പ് വീടിന്‍റെ പ്ലാനിനൊപ്പം ടാങ്കിന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ സ്കെച്ചും തദ്ദേശ സ്ഥാപനത്തിൽ സമർപ്പിച്ച് അനുമതി വാങ്ങണം.
ഇതിൽ അടുത്തുള്ള ജലസ്രോതസ്സുകളിൽനിന്ന് എത്ര അകലം എന്നത് കൃത്യമായി രേഖപ്പെടുത്തണം. 15 മീറ്റർ എങ്കിലും ദൂരം എന്നതായിരുന്നു കണക്ക്. ഇപ്പോഴത് 7.5 മീറ്റർ ആക്കിയിട്ടുണ്ട്. എന്നാൽ ഈ അളവിന് മണ്ണിന്‍റെ ഘടന, വെള്ളത്തിന്‍റെ ഒഴുക്ക് ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ച് മാറ്റം വരാം.
വീടിന്‍റെ അതിർത്തിയിൽനിന്ന് കുറഞ്ഞത് 1.2 മീറ്റർ ഉള്ളിലേക്ക് ആയിരിക്കണം സെപ്റ്റിക് ടാങ്കിന്‍റെ സ്ഥാനം. കുഴൽക്കിണറുകളും സ്ഥലപരിമിതി ഉള്ളിടങ്ങളിൽ പരീക്ഷിക്കാം. ഇവയെല്ലാം വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ചെയ്യുന്നതാണ് നല്ലത്. കുറഞ്ഞ സ്ഥലത്ത് വീടുവെക്കുമ്പോൾ അടിത്തറക്ക് താഴെ സെപ്റ്റിക് ടാങ്ക് നൽകാം.
കാർ പോർച്ച്, സിറ്റൗട്ട് എന്നിവക്കുതാഴെ സെപ്റ്റിക് ടാങ്ക് പണിയുന്നവരുമുണ്ട്. എന്നാൽ, ഇവ ഭാവിയിലെ നിർമാണ പ്രവർത്തനത്തെ ബാധിക്കാത്ത വിധമായിരിക്കണം. കോൺക്രീറ്റ് ടാങ്ക് നിർമിക്കുകയാണ് ഏറ്റവും നല്ലത്.
പഴയ സെപ്റ്റിക് ടാങ്ക് ഉപയോഗിക്കുമ്പോൾ
വീട് പുതുക്കിപ്പണിയുമ്പോൾ പഴയ സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും വാട്ടർ ടാങ്കുമടക്കമുള്ളവ മാറ്റേണ്ടതുണ്ടോ ഉപയോഗയോഗ്യമാണോ എന്നും രൂപകൽപന പൂർത്തീകരിക്കുന്നതിനുമുമ്പ് പരിശോധിച്ച് ഉറപ്പാക്കണം.
വെള്ളം കയറുന്ന സ്ഥലങ്ങളിൽ സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ പ്രത്യേക കരുതൽ വേണം. വെള്ളം പൊങ്ങുമ്പോൾ പ്ലാസ്റ്റിക്, ഫൈബർ ടാങ്കുകൾ ഉയർന്നുവരുന്നതും പൊട്ടിപ്പോകുന്നതുമായ സംഭവങ്ങൾ നിരവധിയാണ്.
കോൺക്രീറ്റ്, ഫെറോസിമന്‍റ്, ഫൈബർ, പോളി എത്തിലീൻ, പ്ലാസ്റ്റിക് എന്നിവയുടെയൊക്കെ സെപ്റ്റിക് ടാങ്കുകളുണ്ട്. കോൺക്രീറ്റ് ടാങ്ക് നിർമിക്കുകയാണ് ഏറ്റവും സുരക്ഷിതം. ഇതിന് ചെലവ് കുറച്ചു കൂടും. റെഡിമെയ്ഡ് ആയി ലഭിക്കും എന്നതാണ് ഫെറോസിമന്‍റ്, ഫൈബർ, പോളി എത്തിലീൻ, പ്ലാസ്റ്റിക് ടാങ്കുകളുടെ പ്രത്യേകത.
മെഡിക്കൽ മാലിന്യം
വീടുകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മെഡിക്കൽ മാലിന്യം. മരുന്ന് കുപ്പികൾ മുതൽ സിറിഞ്ചുകൾ വരെ വീട്ടിലെ മെഡിക്കൽ മാലിന്യങ്ങളാണ്. ഇവ വലിച്ചെറിയാതെ, ശേഖരിച്ച് ഹരിതകർമസേന ഉൾപ്പെടെയുള്ളവർക്ക് കൈമാറാം.
സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും ഈ വിഭാഗത്തിൽപ്പെടും. മെൻസ്ട്രൽ കപ്പുകളും തുണികൊണ്ടുള്ള ഡയപ്പറുകളുമാണ് യഥാക്രമത്തിൽ ഇവക്കുള്ള പരിഹാരം.
വീട് പുതുക്കിപ്പണിയൽ: അവശിഷ്ടങ്ങൾ എന്തു ചെയ്യും?
വീട് പുതുക്കിപ്പണിയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ പുതിയ വീട്ടിൽത്തന്നെ പലതരത്തിൽ ഉപയോഗിക്കാം. അത് പണച്ചെലവുള്ള കാര്യമല്ല. പൊട്ടിപ്പോയ ഓടുകൾ ഉപയോഗിച്ച് മരങ്ങൾക്കോ ചെടികൾക്കോ അതിരുകൾ നിർമിക്കാം.
പുതുതായി പണിയുന്ന ഭാഗത്തിന്‍റെ തറ നിറക്കാനും ഭിത്തിയിൽ ഡിസൈൻ നൽകാനും പഴയ വീടിന്‍റെ അവശിഷ്ടങ്ങൾ ഉപയോഗിക്കാം. വീടിന് ചേരുന്ന തരത്തിലുള്ള അലങ്കാര വസ്തുക്കൾ അവശിഷ്ടങ്ങളിൽനിന്ന് നിർമിച്ചെടുക്കാൻ കഴിയും.
വിവരങ്ങൾക്ക് കടപ്പാട്:
സുരേഷ് മഠത്തിൽ വളപ്പിൽ