നിങ്ങൾ വീട് നിർമിക്കുമ്പോൾ പ്രായമായവരെ പരിഗണിക്കാറുണ്ടോ? -വീട് പ്രായമായവർക്കും സൗകര്യമുള്ളതാക്കാനുള്ള വഴികളിതാ
text_fieldsവീടെന്ന സ്വപ്നത്തിലേക്കുള്ള യാത്രക്കിടെ പലരും മറന്നുപോവുന്ന വേണ്ടത്ര ശ്രദ്ധ നൽകാത്ത ചില മേഖലകളുണ്ട്. അതിലൊന്നാണ് പ്രായമായവർക്ക് ആവശ്യമായി വരുന്ന ചില കാര്യങ്ങൾ.
മാതാപിതാക്കൾക്ക് പ്രായമാവുമ്പോഴോ അസുഖം വരുമ്പോഴോ മാത്രമാണ് ഇക്കാര്യങ്ങളിൽ പലതും നാം ഗൗരവത്തിൽ എടുക്കുന്നത്. ആ സാഹചര്യത്തിൽ കുത്തിപ്പൊളിക്കൽ ഒഴിവാക്കാൻ പ്ലാൻ തയാറാക്കുമ്പോൾതന്നെ ചില കാര്യങ്ങളിൽ നമുക്ക് ശ്രദ്ധ നൽകാം. അതിനുള്ള വഴികളറിയാം.
നല്ല പ്രകാശം
വീടുനിർമാണത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനമാണ് വായുസഞ്ചാരവും സൂര്യപ്രകാശവും. ഇവ തടസ്സമില്ലാതെ വീടിനകത്തേക്ക് ലഭ്യമാകുന്ന തരത്തിലുള്ള ഡിസൈനും പ്ലാനും ആദ്യമേ മനസ്സിൽ കണ്ടാവണം നിർമാണം മുന്നോട്ടുപോവേണ്ടത്.
വൈദ്യുതി ലൈറ്റ്
ചലനമുണ്ടാകുമ്പോൾ താനേ തെളിയുന്ന, മൂവ്മെന്‍റ് സെൻസറിങ് ലൈറ്റുകൾ മുറിയിലും ബാത്റൂമിലേക്ക് പോകുന്ന വഴിയിലും സ്ഥാപിക്കുന്നത് നന്നായിരിക്കും. കട്ടിലിൽ ഇരുന്ന് പ്രവർത്തിപ്പിക്കാവുന്ന വിധത്തിൽ ലൈറ്റ് സ്വിച്ച് മാത്രമല്ല, പ്രായമായവർക്കായി കാളിങ് ബെല്ലും സ്ഥാപിക്കണം.
പ്രകൃതിയോട് ചേരാം
മുറി സദാ അടച്ചിടാതെ പകൽ ജനലുകൾ തുറന്നിടണം. മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കണം. മുറിയിൽ ചെടി, മീൻ വളർത്തൽ എന്നിവയും പരീക്ഷിക്കാം. ഇവയെല്ലാം മാനസികോല്ലാസത്തിനും സഹായിക്കും.
കൈപ്പിടികൾ ഒഴിവാക്കരുത്
പടികൾ, ടോയ്‍ലെറ്റ് എന്നിവയോട് ചേർന്നെല്ലാം ഹാൻഡ്റെയിൽ കൊടുക്കണം. കട്ടിലിൽത്തന്നെ സ്ഥാപിക്കാവുന്ന ബെഡ് റെയിലിങ്ങുകളും വിപണിയിലുണ്ട്. നീളവും ഉയരവും അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ബെഡ് റെയിലിങ്ങുകൾ വിപണിയിൽ ലഭിക്കും.
ഗോവണിയുടെയും സിറ്റ്ഔട്ടിന്‍റെയും സ്റ്റെപ് തീരുന്നത് സ്പർശിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും വേണം. സ്റ്റെപ്പിന്‍റെ അരികിൽ ഘടിപ്പിക്കാവുന്ന ഗ്രിപ്പ് ഉള്ള സ്റ്റെയർ നോസിങ് റബർ സ്റ്റെപ്പ് പ്രൊട്ടക്ടറുകൾ (stair nosing step protector) വിപണിയിൽ ലഭ്യമാണ്.
ആന്‍റി സ്കിഡ് ചവിട്ടികൾ
ആന്‍റി സ്കിഡ് വിഭാഗത്തിൽപ്പെട്ട ചവിട്ടികൾ തിരഞ്ഞെടുക്കുക. ഫ്ലോറിങ്ങിന് തിളക്കം കൂടുതലാണെങ്കിൽ പ്രായമായവർ പതിവായി നടക്കുന്ന ഇടങ്ങളിലെല്ലാം ആന്‍റി സ്കിഡ് കാർപെറ്റുകൾ വിരിക്കാം. ബാത്റൂം നിലത്തേക്ക് പ്രത്യേകമായുള്ള സിലിക്കോൺ മാറ്റുകൾ ലഭിക്കും.
അതുകൊണ്ട് നടവഴികൾ പൂർണമായി ഒഴിവാക്കിയിടണം. കുട്ടികളുടെ കളിപ്പാട്ടങ്ങളോ ഫർണിച്ചറോ വഴിമുടക്കിയാൽ തട്ടിയോ തെന്നിയോ വീഴാൻ സാധ്യതയുണ്ട്.
വീൽചെയറിന് വഴി കാണണം
പ്രായമുള്ള മാതാപിക്കൾക്കോ അസുഖം കാരണമോ ചിലപ്പോൾ വീൽചെയർ ആവശ്യമായി വന്നേക്കാം. അത്തരം സാഹചര്യം കണ്ട് വീടിന്‍റെ പ്രധാന വാതിൽ, മുറിയുടെ വാതിൽ എന്നിവയുടെ വീതിയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. വീൽചെയർ ഉപയോഗിക്കുന്നവരുണ്ടെങ്കിൽ റാംപ് ഉണ്ടാക്കുകയോ എടുത്തുമാറ്റാവുന്ന റാംപ് കരുതിവെക്കുകയോ ചെയ്യാം.
വീൽചെയർ ബാത്റൂമിലേക്ക് കടത്താവുന്ന വീതി വേണം വാതിലിന്. അവശ്യസമയത്തെങ്കിലും എടുത്തുമാറ്റാവുന്ന രീതിയിൽ വേണം അടിപ്പടി ക്രമീകരിക്കാൻ. വീൽചെയർ കടത്താനും തിരിക്കാനുമുള്ള സൗകര്യം മുതിർന്ന പൗരന്മാരുടെ ബാത്റൂമിൽ വേണം.
ഫർണിച്ചർ
മുറിയിലോ പ്രായമായവർ നിത്യേന ഉപയോഗിക്കുന്ന വഴിയിലോ കൂർത്ത അരികുകളോടു കൂടിയ ഫർണിച്ചറോ മറ്റു സാധനങ്ങളോ ഒഴിവാക്കുക. അരികുകളിൽ പിടിപ്പിക്കാവുന്ന റബർ ഗ്രിപ്പുകൾ വിപണിയിലുണ്ട്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പ്രായമായവരുടെ മുറിയിലെ ബെഡ്ഷീറ്റ് മാറ്റണം. മുറി നിത്യേന അടിച്ചുതുടച്ച് വൃത്തിയാക്കണം.
മുറിയിൽ ബെഡ്സൈഡ് ടേബിൾ അല്ലെങ്കിൽ ഡ്രോയറുള്ള മേശ തീർച്ചയായും ക്രമീകരിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, വെള്ളം, ഫോൺ, കണ്ണട, പുസ്തകങ്ങൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിക്കാം. മറവിക്ക് സാധ്യതയുള്ളതിനാൽ മേശയിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പെട്ടെന്ന് കാണുന്ന രീതിയിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും.
ബാത് സ്റ്റൂൾ
ബാത്റൂമിന്‍റെ വാതിൽ കുറ്റിയിടരുത് എന്ന് പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും പ്രത്യേകം പറഞ്ഞു മനസ്സിലാക്കുക. എക്സ്ഹോസ്റ്റ് ഫാൻ തീർച്ചയായും സ്ഥാപിക്കണം. ഇരുന്ന് കുളിക്കാനുള്ള സൗകര്യം ബാത്റൂമിൽ ഉണ്ടായിരിക്കണം. തെന്നിനീങ്ങാത്ത ബുഷുകളുള്ള ബാത് സ്റ്റൂൾ വിപണിയിൽ ലഭ്യമാണ്.