പതിവ് മെറ്റീരിയലുകൾ മാറ്റിപ്പിടിച്ചാലോ... വീടു നിർമാണത്തിലെ ന്യൂജൻ മെറ്റീരിയലുകൾ ഇവയാണ്
text_fieldsകാലത്തിനനുസരിച്ച് വീട് നിർമാണത്തിലെ രീതികൾ മാറിക്കൊണ്ടിരിക്കുന്നു. പുതിയ മെറ്റീരിയലുകളും പുതിയ അപ്ഡേഷനുമൊക്കെയായി വീട് നിർമാണം ഇന്ന് വേറെ ലെവലാണ്.
അടിത്തറ
കരിങ്കല്ല്, ചെങ്കല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ അടിത്തറ നിർമിക്കുന്നത്. ശേഷം ബെൽറ്റ് വാർത്ത് ഡി.പി.സി (Damp Proof Course) ചെയ്യുന്നു. കറുത്ത നിറത്തിൽ പെയിന്‍റ് പോലുള്ള മെറ്റീരിയലാണിത്. ഈർപ്പം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.
ഇതിനുപകരം റാംഡ് എർത്ത് രീതിയിലും പുതിയ കാലത്ത് അടിത്തറ ഒരുക്കാം. മണ്ണ് പാളികളായി ഉറപ്പിച്ചാണ് നിർമാണം. മണ്ണിനൊപ്പം പത്ത് ശതമാനം സിമന്‍റോ കുമ്മായമോ ചേർക്കും. ഭൂകമ്പത്തെ പ്രതിരോധിക്കും എന്നതാണ് ഈ രീതിയുടെ സവിശേഷത.
ഭിത്തി
ചെങ്കല്ല്, സമന്‍റ് കട്ടകൾ, ഇഷ്ടിക തുടങ്ങിയവയാണ് പരമ്പരാഗതമായി ഭിത്തി നിർമിക്കാൻ ഉപയോഗിക്കുന്നത്. കൂടാതെ എ.എ.സി കട്ടകളും (Autoclaved Aerated Concrete Block) ഉപയോഗിക്കുന്നുണ്ട്.
ചൂട് കുറവും ഭാരക്കുറവുമാണ് പ്രധാന പ്രത്യേകതകൾ. മികച്ച ഫിനിഷിങ്ങുള്ളതിനാൽ പ്ലാസ്റ്ററിങ് എളുപ്പമാണ്. സിമന്‍റ് ചാന്ത് ആവശ്യമില്ല. പകരം പശയാണ് ഉപയോഗിക്കുക.
എ.എ.സി പാനലുകളും ഭിത്തി കെട്ടാൻ ഉപയോഗിക്കാം. എ.എ.സി ബ്ലോക്കിന്‍റെ തന്നെ പാനലുകളാണിത്. ഒമ്പത് അടി ഉയരത്തിൽ രണ്ട്, മൂന്ന് ഇഞ്ച് കനത്തിൽ രണ്ടടി വീതിയിൽ വരുന്ന ലോക്ക് ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന പാനലുകളാണിത്.
സിമന്‍റ് ബോർഡ്, പോറോതേം കട്ട, പോർഡ് കട്ട തുടങ്ങിയ മെറ്റീരിയലുകളും ഇന്ന് ഭിത്തി നിർമാണത്തിന് ഉപയോഗിച്ചുവരുന്നു.
റൂഫിങ്
റൂഫിങ്ങിന് സെറാമിക് ഓടുകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പല നിറത്തിലുള്ള ഓടുകൾ ലഭ്യമാണ്.
റൂഫിങ്ങിന് ഉപയോഗിക്കുന്ന മറ്റൊന്ന് ഷിംഗിൾസാണ്. റൂഫിൽ നേരിട്ട് പതിപ്പിക്കാൻ പറ്റുന്നതാണിത്.
സാധാരണ മെറ്റൽ ഷീറ്റുകളെ പോലെ ശബ്ദം ഉണ്ടാകില്ലെന്നതാണ് സ്റ്റോൺ കോട്ടഡ് റൂഫിങ് ടൈലിന്‍റെ പ്രത്യേകത. പേര് സൂചിപ്പിക്കുന്നതുപോലെ സ്റ്റോണിന്‍റെ കോട്ടിങ്ങിലാണ് ഇത് വരുന്നത്. നാലോ അഞ്ചോ ഓടിന്‍റെ വലുപ്പമുള്ള ഈ മെറ്റീരിയൽ ചൂടിനെ തടഞ്ഞുനിർത്തുന്നു. ഭാരവും കുറവാണ്.
വിവിധ ക്ലേയിൽവരുന്ന ഓടുകൾ, ഫെറോസിമന്‍റ്, പോളിയൂറിത്തീൻ ഫോം പാനൽ തുടങ്ങിയ മെറ്റീരിയലുകളും റൂഫിങ്ങിന് ഉപയോഗിക്കാം.
പ്ലാസ്റ്ററിങ്
സിമന്‍റുകൊണ്ടുള്ള പ്ലാസ്റ്ററിങ്ങാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇപ്പോൾ ഇന്‍റീരിയറിൽ ജിപ്സം പ്ലാസ്റ്ററിങ്ങും ചെയ്യുന്നവരുണ്ട്. ചൂട് കുറയും എന്നതാണ് ഗുണം. പെട്ടെന്ന് ജോലി തീരും, മികച്ച ഫിനിഷിങ് തുടങ്ങിയ ഗുണങ്ങളുമുണ്ട്.
ഫ്ലോറിങ്
ഫ്ലോറിങ്ങിന് നിരവധി ഓപ്ഷനുകളുണ്ട്. ടൈലിൽതന്നെ വെറൈറ്റികളുണ്ട്. ഇറ്റാലിയൻ മാർബിളിന് സമാനമായ ടൈൽ ലഭ‍്യമാണ്. യൂറോപ്യൻ മാതൃകയിലുള്ള വീടിന് ഇത് തിരഞ്ഞെടുക്കാം.
ഇന്ത്യൻ ആമ്പിയൻസിലേക്ക് വന്നാൽ ചെട്ടിനാട് ടൈൽ ഉപയോഗിക്കാം. റെഡ് ഓക്സൈഡ്, ഗ്രീൻ ഓക്സൈഡ്, യെല്ലോ ഓക്സൈഡ് തുടങ്ങിയവ തിരിച്ചുവന്നിരിക്കുകയാണ്. ഇതിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താറുണ്ട്.
ജാളികൾ
പല ഡിസൈനിൽ, വലുപ്പത്തിൽ, നിറത്തിൽ, മെറ്റീരിയലിലെല്ലാം ജാളിയുണ്ട്. വെയിലും ചൂടും അകത്തളത്തിലെത്തുന്നതിനെ ഒരു പരിധിവരെ തടഞ്ഞ് കാറ്റും വെളിച്ചവും കടത്തിവിടുകയാണ് ജാളികൾ ചെയ്യുന്നത്.
കല്ല്, തടി, ഇഷ്ടിക, കോൺക്രീറ്റ്, അലൂമിനിയം തുടങ്ങിയവയുടെ ജാളികളുണ്ട്. പുറത്ത് ജാളി വരുമ്പോൾ അകത്ത് വേണമെങ്കിൽ ഗ്ലാസ് കൊടുക്കാം.
പ്ലൈവുഡ്
ഇന്‍റീരിയറിലാണ് പ്ലൈവുഡ് കൂടുതലായി ഉപയോഗിക്കുന്നത്. പണ്ടുമുതലേ പ്രചാരത്തിലുണ്ടെങ്കിലും ഇന്ന് വാട്ടർ പ്രൂഫ് പ്ലൈവുഡുകൾ വിപണിയിലുണ്ട്. 10 മുതൽ 30 വർഷംവരെ വാറന്‍റിയുള്ള പ്ലൈവുഡുകൾ ലഭ‍്യമാണ്. ഉപയോഗിക്കുമ്പോൾ ചിതല് പിടിക്കാതിരിക്കാനുള്ള മാർഗങ്ങൾ കൂടി കാണണം.
പാനലുകൾ
ഇന്‍റീരിയർ ഡിസൈനിങ്ങിന് ഉപയോഗിക്കാവുന്ന നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിലുണ്ട്. ചാർക്കോൾ, എം.ഡി.എഫ് ഫ്ലൂട്ടഡ്, ഡബ്ല്യു.പി.സി, പി.വി.സി, ത്രീഡി വേവ് ബോർഡ് തുടങ്ങിയ പാനലുകളാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്.
എച്ച്.ഡി.എഫ്, സ്റ്റോൺ വെനീർ, പ്ലൈ ലാമിനേറ്റ്/വെനീർ, പോളി ഗ്രാനൈറ്റ്, ബാംബൂ ചാർക്കോൾ തുടങ്ങിയ പാനലുകളും അലബാസ്റ്റർ ഷീറ്റും മൊസൈക്-മാർബിൾ ടച്ചിലുള്ള പാനലുകളും പി.വി.സി സ്റ്റിക്കറുകളും ഉപയോഗിച്ചുവരുന്നു.
അടുക്കള
മോഡുലാർ കിച്ചണുകളാണ് ഇന്നുള്ളത്. വാട്ടർ പ്രൂഫ് മെറ്റീരിയലുകളാണ് നിർമാണത്തിൽ ഉപയോഗിക്കുന്നത്. മാർബിളിനും ഗ്രാനൈറ്റിനും പകരം കിച്ചൺ കൗണ്ടർ ടോപ്പുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് നാനോവൈറ്റ്. ഗ്ലാസ് മെറ്റീരിയലാണ്.
ചൈനയിൽനിന്നാണ് അധികവും വരുന്നത്. പല ഡിസൈനിലും നിറത്തിലും വരുന്നുണ്ട്. ഫുൾ ബോഡി ടൈലും വിപണിയിലുണ്ട്.
മെറ്റീരിയൽ വിദേശത്തുനിന്ന്
വീട് നിർമാണത്തിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക മെറ്റീരിയലും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
വിദേശത്തുനിന്ന് മെറ്റീരിയൽ വാങ്ങുമ്പോൾ അതിസൂക്ഷ്മത വേണം. വിദേശത്തുനിന്ന് വരുന്ന എല്ലാ സാധനങ്ങളും നല്ലതാവണമെന്നില്ല. കസ്റ്റമർ റിവ്യൂവും സാധനങ്ങളുടെ ഹിസ്റ്ററിയും നോക്കിയിട്ട് വേണം പർച്ചേസ് ചെയ്യാൻ.
വിവരങ്ങൾക്ക് കടപ്പാട്:
സലീം ആലുക്കൽ
Decoart Design,
Home & Interior Consultant,
Areekode, Malappuram