ഒരു കാർ നിർത്തിയിടാനുള്ള പോർച്ചിന് എത്ര നീളവും വീതിയും വേണം? -അറിയാം, പോർച്ച് നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളും
text_fieldsവാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും വീടിനൊപ്പം കാർ പോർച്ച് കൂടി പണിയുന്നവരാണ് മലയാളികൾ. ഇന്നല്ലെങ്കിൽ നാളെ കാർ വാങ്ങും എന്ന പ്രതീക്ഷയാണ് ഇതിന്‍റെ അടിസ്ഥാനം. പോർച്ച് ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം...
സ്ഥാനം
വീടിനോട് ചേർന്നുതന്നെ (attached) പോർച്ച് പണിയണം എന്ന നിർബന്ധം ഇപ്പോഴില്ല. വിശാലമായ മുറ്റമുള്ളവർ വീടിന്‍റെ സൈഡിലാണ് പോർച്ച് ഒരുക്കുന്നത്. വീടിന്‍റെ പുറം മോടിക്ക് ഭംഗം വരാതിരിക്കാനാണിത്. മാത്രമല്ല, പോർച്ചിന് യുനീക്കായ ഡിസൈനും നൽകാം എന്നത് ഈ രീതിയുടെ സവിശേഷതയാണ്.
രൂപകൽപന
വീടിന്‍റെ ഭാഗമല്ലാതെ (detached) പോർച്ച് പണിയുമ്പോൾ കോൺക്രീറ്റിൽ ചെയ്യുന്നവരുണ്ട്. എങ്കിലും കൂടുതലായി കോൺക്രീറ്റ് ഇതര റൂഫിങ് മെറ്റീരിയലാണ് ഉപയോഗിക്കുക.
സമചതുരത്തിലും ദീർഘചതുരത്തിലുമാണ് കൂടുതലായി ഡിസൈൻ ചെയ്യുന്നത്. നാലു വശത്തും തൂൺ നിർമിച്ച് ഫ്രെയിം നൽകി മുകളിൽ അലൂമിനിയം ഷീറ്റ് വിരിക്കുന്നതാണ് ചെലവ് കുറഞ്ഞ രീതി.
പോളികാർബൺ, ട്രഫോഡ്, ട്രസ്ലസ്, ടെറാക്കോട്ട, ഷിങ്കിൾസ്, ഫൈബർ പവേർഡ് തുടങ്ങിയ ഷീറ്റുകൾ ഇന്ന് വിപണിയിലുണ്ട്. ഒരു ഭാഗത്ത് മാത്രം തൂണുകൾ നൽകി കാന്‍റിലിവർ മാതൃകയിൽ നിർമിക്കുന്നത് ഇപ്പോൾ ട്രെൻഡാണ്. കാഴ്ചഭംഗിക്കൊപ്പം വിശാലത ലഭിക്കുന്നതും ഇതിന്‍റെ പോസിറ്റിവാണ്. കനോപ്പി സ്റ്റൈലിലും നിർമിക്കാറുണ്ട്.
രണ്ടു വാഹനത്തിനു വേണ്ടിയാണ് പോർച്ച് നിർമിക്കുന്നതെങ്കിൽ മധ‍്യത്തില്‍ മാത്രം തൂണുകൾ നൽകി രണ്ടു സൈഡിലേക്കും റൂഫിങ് നൽകാം. കാറും ഇരുചക്ര വാഹനവും നിർത്തിയിടണമെങ്കിൽ അതിനുള്ള സ്പേസ് കൂടി കാണണം.
വാഹനം പാർക്ക് ചെയ്തു കഴിഞ്ഞാൽ നാലുഭാഗത്തും രണ്ടടിയെങ്കിലും സ്പേസ് ഉണ്ടായിരിക്കണമെന്നത് അടിസ്ഥാന കാര്യമാണ്. ഒരു കാർ നിർത്തിയിടാനുള്ള പോർച്ചിന് 6.20 മീറ്റർ നീളവും നാലു മീറ്റർ വീതിയും മിനിമം വേണം.
വീടിനോട് ചേർന്ന്
വീടിന്‍റെ ഭാഗമായി പോർച്ച് നിർമിക്കുമ്പോൾ റൂഫിങ് വളരെ ഉയരത്തിലായിരിക്കരുത്. വാഹനം മഴയും വെയിലും കൊള്ളാനിടയാക്കും. സിറ്റൗട്ടിന്‍റെ സ്റ്റെപ്പുകൾ പോർച്ചിലേക്കാണെങ്കിൽ അത് കഴിഞ്ഞ് വാഹനം നിർത്തിയിടാനുള്ള ഇടം കൂടി കാണണം.
ഫ്ലോറിങ്
ഫ്ലോർ ഒരുക്കുമ്പോൾ മുറ്റത്തിന്‍റെ നിരപ്പിൽനിന്ന് അൽപം ഉയർന്നിരിക്കാൻ ശ്രദ്ധിക്കണം. മഴവെള്ളം പോർച്ചിൽ എത്താതിരിക്കാനാണിത്. മുറ്റത്തെ ഫ്ലോറിങ് മെറ്റീരിയൽ പോർച്ചിനും നൽകാം. എങ്കിലും മിനുസമുള്ളതാകാതിരിക്കാൻ ശ്രദ്ധിക്കുക.
മഴച്ചാറ്റലോ വാഹനം കഴുകുന്ന വെള്ളമോ വീണ് ആളുകൾ തെന്നി വീഴാതിരിക്കാനാണിത്. ഗേറ്റില്‍നിന്ന് പോർച്ചിലേക്ക് പ്രത്യേക ഫ്ലോറിങ് സ്റ്റോൺ നൽകിയിട്ടുണ്ടെങ്കിൽ അത് തന്നെ പോർച്ചിലും വിരിക്കാവുന്നതാണ്.
വാഷിങ് പോയന്‍റ്
വാഹനം കഴുകാൻ പോർച്ചിൽതന്നെ വാഷിങ് പോയന്‍റ് നൽകാം. ടാപ്പും അതിൽ വാഷ് പമ്പും ഫിറ്റ് ചെയ്യാം. മലിനജലം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജും ഇതോടൊപ്പം നിർമിക്കണം.
മോടി കൂട്ടാം
ഒരു സൈഡ് ഡിസൈൻ വാൾ ആയി രൂപാന്തരപ്പെടുത്താം. ഇവിടെ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം. നാലു ഭാഗത്തും റൂഫിൽ ഹാങ്ങിങ് പോട്ടുകൾ തൂക്കി ചെടികൾ വളർത്താം. അത്യാവശ‍്യം പ്രകാശം ലഭിക്കുന്ന അലങ്കാര ലൈറ്റുകളും സ്ഥാപിക്കാം.
മാത്രമല്ല, രാത്രി സമയത്ത് പോർച്ചിൽ കയറുമ്പോൾ സുരക്ഷക്ക് പ്രകാശം ആവശ‍്യമാണ്. സെൻസർ ലൈറ്റും ഘടിപ്പിക്കാവുന്നതാണ്.
ഇൻസ്റ്റന്‍റ് പോർച്ച്
തൂണുകളോ ട്രസ്സോ ആവശ്യമില്ല എന്നതാണ് ഇൻസ്റ്റന്‍റ്/ റെഡിമെയ്ഡ് പോർച്ചുകളുടെ പ്രത്യേകത. എത്ര ചെറിയ ഇടത്തും പോർച്ച് ഒരുക്കാൻ സാധിക്കും. പെയിന്റഡ് ഗാൽവല്യും ഷീറ്റ് ഉപയോഗിച്ച് പോർച്ച് നിർമിച്ച് വീട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. പെയിന്‍റ് അടിക്കേണ്ട, ചോർച്ചയുണ്ടാകില്ല തുടങ്ങി ഗുണങ്ങളേറെയുണ്ട് ഇതിന്.
ടെൻസൈൽ ഫാബ്രിക്കും ഇൻസ്റ്റന്‍റ് പോർച്ചിന് ഉപയോഗിക്കുന്ന മെറ്റീരിയലാണ്. പി.വി.സി കോട്ടിങ്ങുള്ള കട്ടികൂടിയ തുണിയാണിത്. അതുകൊണ്ടുതന്നെ മഴവെള്ളം വീഴുമ്പോൾ ശബ്ദം വളരെ കുറവാണ്. വലിയ ഭാരമില്ലാത്തതിനാൽ സ്ട്രക്ച്ചറിന് ചെലവ് കുറവാണ്.
വിവിധ നിറങ്ങളിൽ ലഭ‍്യമാണെങ്കിലും വെള്ളയാണ് ട്രെൻഡ്. ഒരു കാർ നിർത്തിയിടാൻ സ്പേസുള്ള പോർച്ചിന് ഒന്നര ലക്ഷം രൂപയോളമാണ് ചെലവ് വരുക. രണ്ട് വാഹനത്തിനുള്ളതാണെങ്കിൽ 2.20 ലക്ഷവും. പെയിന്‍റ് ചെയ്യേണ്ടതില്ലാത്തതിനാൽ മെയിന്‍റനൻസ് കോസ്റ്റ് ഇല്ലെന്ന് പറയാം. വർഷത്തിലൊരിക്കൽ ക്ലീൻ ചെയ്താൽ മതി. വീട്ടുകാർക്കുതന്നെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം.
വിവരങ്ങൾക്ക് കടപ്പാട്:
ഷബീർ ഇബ്രാഹിം. പി
Managing Director,
Status Roofing,
Manjeri, Malappuram