Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightവീട്ടിൽ വയർലെസ്...

വീട്ടിൽ വയർലെസ് സി.സി.ടി.വി സ്ഥാപിച്ചാൽ പണി കിട്ടുമോ? -അറിയാം, സി.സി.ടി.വി കാമറ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
വീട്ടിൽ വയർലെസ് സി.സി.ടി.വി സ്ഥാപിച്ചാൽ പണി കിട്ടുമോ? -അറിയാം, സി.സി.ടി.വി കാമറ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

ഒരു പ്രത്യേക പ്രദേശത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന വിഡിയോ നിരീക്ഷണ സംവിധാനമാണ് സി.സി.ടി.വി. കാമറകൾ, റെക്കോഡിങ് ഉപകരണങ്ങൾ, മോണിറ്ററുകൾ എന്നിവ അടങ്ങിയ സംവിധാനമാണിത്.

വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ സുരക്ഷ വർധിപ്പിക്കാനും കുറ്റകൃത്യങ്ങൾ തടയാനും വ്യാപകമായി ഉപയോഗിക്കുന്നു.

പ്രവർത്തനം

സി.സി.ടി.വി സംവിധാനം പ്രത്യേകതരം കാമറ ഉപയോഗിച്ച് ഒരു പ്രദേശത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുന്നു. കാപ്‌ചർ ചെയ്യപ്പെട്ട ദൃശ്യങ്ങൾ ഡിജിറ്റൽ വിഡിയോ റെക്കോഡറിലേക്കോ (DVR) നെറ്റ്‌വർക്ക് വിഡിയോ റെക്കോഡറിലേക്കോ (NVR) കൈമാറുന്നു. ഈ ഡേറ്റ അതിൽ ഇൻസ്റ്റാൾ ചെയ്ത ഹാർഡ് ഡിസ്കിൽ രേഖപ്പെടുത്തുന്നു.

റെക്കോഡ് ചെയ്‌ത ഫൂട്ടേജ് മോണിറ്ററുകളിൽ തത്സമയം നിരീക്ഷിക്കാനോ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഉപകരണം വഴി വിദൂരമായി ആക്‌സസ് ചെയ്യാനോ കഴിയും.


പുതിയ വയറിങ് വേണ്ടിവരുമോ?

കേബിൾ വഴി പ്രവർത്തിക്കുന്നതും വയർലെസ് ആയതുമായ കാമറകൾ നിലവിൽ ലഭ്യമാണ്. വയർലെസ് കാമറകൾ വൈ-ഫൈ ടെക്നോളജിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വൈ-ഫൈ കണക്ടിവിറ്റിയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ കാമറയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.

കേബിൾ വഴി പ്രവർത്തിക്കുന്ന കാമറകൾ പിടിപ്പിക്കുന്നതാണ് ഉത്തമം. പുതിയ വീടുകളുടെ വയറിങ് ജോലിക്കിടെ സി.സി.ടി.വിക്കായി പോയന്‍റുകൾ ഇടാറുണ്ട്. അല്ലാത്ത വീടുകളിൽ അതിനായി പോയന്‍റുകൾ സ്ഥാപിക്കേണ്ടി വന്നേക്കാം.

സി.സി.ടി.വിയിൽ മികച്ചത്

ഓരോ വ്യക്തിയുടെയും സ്ഥലത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞാണ് അനുയോജ്യമായ സി.സി.ടി.വി തിരഞ്ഞെടുക്കുന്നത്. എങ്കിലും റെസലൂഷൻ, നൈറ്റ് വിഷൻ ശേഷി, വെതർ പ്രൂഫിങ് തുടങ്ങിയ ഘടകങ്ങൾ, മോഷൻ ഡിറ്റക്ഷൻ, ഓഡിയോ റെക്കോഡിങ് തുടങ്ങി അധിക സവിശേഷതകളുള്ള സി.സി.ടി.വി സിസ്റ്റം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മികച്ച ഇൻസ്റ്റലേഷൻ കമ്പനിയെ സമീപിച്ച് അഭിപ്രായം എടുക്കുന്നതാണ് ഉത്തമം.

കാമറകളുടെ എണ്ണം

വീട്ടിലേക്കുള്ള പ്രവേശന മാർഗങ്ങൾ, മുറികളുടെ വലുപ്പം, വാതിലുകളുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് കാമറയുടെ എണ്ണവും സ്ഥാനവും നിശ്ചയിക്കേണ്ടത്. വരുന്ന ആളുകളുടെ മുഖം വ്യക്തമായി പതിയണം. അതിനാൽ കാമറ വെക്കുന്ന സ്ഥലം പ്രധാനമാണ്.


വൈദ്യുതി ആവശ്യമുണ്ടോ?

സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാൻ വൈദ്യുതി അത്യാവശ്യമാണ്. പൊതുവേ കാമറകൾ ഡി.സി വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പവറും സിഗ്നലും ഒരുമിച്ച് കടത്തിവിടാൻ പറ്റുന്ന രീതിയിലുള്ള കേബിളുകളാണ് നിലവിലുള്ളത്. ഇൻബിൽറ്റ് ബാറ്ററിയുള്ള കാമറകൾ ഇപ്പോൾ ലഭ്യമാണ്.

തനിയെ ചാർജ് ചെയ്യുന്ന ചെറിയ സോളാർ പാനലുള്ള തരം കാമറയും ലഭ്യമാണ്. സി.സി.ടി.വി സംവിധാനത്തെ വീട്ടിലെ വൈദ്യുതിലൈൻ, ഇൻവെർട്ടർ എന്നിവയുമായി കേബിൾ വഴി ബന്ധിപ്പിക്കുന്നതാണ് അഭികാമ്യം.

കാമറ എത്ര തരം?

രൂപത്തെ അടിസ്ഥാനമാക്കി ബുള്ളറ്റ്, ഡോം, പി.ടി.ഇസെഡ് എന്നിങ്ങനെ മൂന്നുതരം കാമറകളുണ്ട്. ബുള്ളറ്റ് കാമറകൾ ഒതുക്കമുള്ളതും സിലിണ്ടർ ആകൃതിയിലുള്ളതും ഔട്ട്ഡോർ, ഇൻഡോർ ഉപയോഗത്തിന് അനുയോജ്യമായതുമാണ്.

താഴികക്കുടം പോലുള്ള ഡോം കാമറകൾ വീടിനും കെട്ടിടങ്ങൾക്കും ഉപയോഗിക്കാം. ഏറ്റവും അടുത്ത ദൃശ‍്യങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന രീതിയിലാണ് നിർമിതി. പി.ടി.ഇസെഡ് (PAN-TILT-ZOOM) കാമറകളാണ് മറ്റൊന്ന്. നേരത്തേ പറഞ്ഞ രണ്ടും ഫിക്സഡ് ലെൻസ് കാമറകളാണ്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമാണ് പി.ടി.ഇസെഡ് കാമറകൾ. എല്ലാ വശങ്ങളിലേക്കും തിരിക്കാനും സൂം ചെയ്യാനും ഇതിലൂടെ സാധിക്കും.

എച്ച്.ഡി, ഫുൾ എച്ച്.ഡി, 4K എന്നിങ്ങനെ പലതരം റെസലൂഷനിലുള്ള കാമറകളുണ്ട്. ലോകത്തിന്‍റെ ഏത് കോണിലിരുന്നും മൊബൈൽ സ്ക്രീനിൽ കാമറ ദൃശ്യങ്ങൾ ലൈവായി കാണാം. ഓരോ കാമറയും സൂം ചെയ്തുനോക്കുകയും ചെയ്യാം.

സി.സി.ടി.വിയിലെ പുതുമകൾ

● ഫേസ് ഡിറ്റക്ഷൻ കാമറ: ആർട്ടിഫിഷ‍്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ റെക്കോഡ് ചെയ്യപ്പെടുന്ന ഡേറ്റയിൽനിന്ന് ആളുകളുടെ മുഖം വ്യക്തമായി സ്റ്റോർ ചെയ്യാൻ സാധിക്കുന്നു. പിന്നീട് അത് ഫോട്ടോ റെക്കോഡറിലേക്ക് അപ്‌ലോഡ് ചെയ്ത് സെർച്ച് ചെയ്യാം.

● വെഹിക്കിൾ ഡിറ്റക്ഷൻ കാമറ: വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഒപ്പിയെടുത്ത് റെക്കോഡറിൽ സൂക്ഷിക്കുന്ന കാമറകളാണിത്.

● എ.ഐ പവേഡ് അനലിറ്റിക്‌സ്: അപാകതകൾ കണ്ടെത്താനും മുഖം തിരിച്ചറിയാനും ഒബ്‌ജക്ടുകൾ ട്രാക്ക് ചെയ്യാനും വിപുലമായ എ.ഐ അൽഗോരിതം വഴി വിഡിയോ ഫൂട്ടേജ് വിശകലനം ചെയ്യാനും കഴിയുന്ന സംവിധാനം.

● തെർമൽ ഇമേജിങ് കാമറ: ഹീറ്റ് സിഗ്നേച്ചറുകൾ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമുള്ളത്. കുറഞ്ഞ വെളിച്ചത്തിലും മികവോടെ പ്രവർത്തിക്കുന്നു.

ശബ്ദവും റെക്കോഡ് ചെയ്യാൻ കഴിയുമോ?

പല ആധുനിക സി.സി.ടി.വി സംവിധാനങ്ങൾക്കും വിഡിയോക്കൊപ്പം ഓഡിയോയും റെക്കോഡ് ചെയ്യാൻ സാധിക്കും. സുരക്ഷാ അന്വേഷണങ്ങൾക്ക് സഹായകരമാവുന്ന സംഭാഷണങ്ങളോ മറ്റ് ഓഡിയോ സൂചകങ്ങളോ പിടിച്ചെടുക്കാൻ അതുവഴി സാധിക്കും. ടു വേ ടോക്കിങ് സംവിധാനമുള്ള കാമറകളും വിപണിയിൽ ലഭ്യമാണ്.

രാത്രി കാഴ്ച വ്യക്തമാകുമോ?

കാമറയുടെ സാങ്കേതികതയെ ആശ്രയിച്ചാണ് നൈറ്റ് വിഷൻ ശേഷി വ്യത്യാസപ്പെടുന്നത്. കുറഞ്ഞ വെളിച്ചത്തിൽ ദൃശ്യം പകർത്താൻ ഇൻഫ്രാറെഡ് കാമറകൾ ഉപയോഗിക്കുന്നു. അതേസമയം, ചില കാമറകൾ ഇരുട്ടിൽ പോലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇമേജ് സെൻസറുകൾ ഉപയോഗിക്കുന്നു. ഇൻഫ്രാറെഡ് ലൈറ്റിനുപകരം എൽ.ഇ.ഡി ഉപയോഗിച്ച് രാത്രിയും കളർ വിഷ്വൽ നൽകുന്ന കാമറകളും ഇന്ന് ലഭ്യമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രാത്രിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മനുഷ്യരുടെ പെരുമാറ്റം ഉണ്ടായാൽ കളർ വിഷനിലേക്ക് മാറ്റാൻ കഴിയുന്ന കാമറകളും ചില കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യർ, മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞ് സന്ദേശം നൽകാൻ എ.ഐ കാമറക്ക് കഴിയും. മുന്നറിയിപ്പ് ലഭിക്കേണ്ട സാഹചര്യങ്ങൾ മുൻകൂട്ടി സെറ്റ് ചെയ്യാം.

മോഷ്ടാക്കൾ ഹാർഡ് ഡിസ്ക് നശിപ്പിച്ചാൽ എന്തു ചെയ്യും?

മോഷ്ടാക്കൾ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചാൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങൾ നഷ്ടപ്പെട്ടേക്കാം. എന്നാൽ, പല ആധുനിക സി.സി.ടി.വി സംവിധാനങ്ങളിലും ഇത്തരം സംഭവങ്ങളെ മറികടക്കാൻ റിമോട്ട് ആക്‌സസ്, ക്ലൗഡ് സ്റ്റോറേജ്, മോഷൻ ഡിറ്റക്ഷൻ അലർട്ടുകൾ തുടങ്ങിയവ പുതുതായി അവതരിപ്പിച്ചുവരുന്നുണ്ട്.

വില

കാമറകളുടെ എണ്ണം, മോഡൽ, മെഗാപിക്സൽ, ഹാർഡ് ഡിസ്കിന്റെ ശേഷി, സ്ഥാപിക്കുന്നതിലെ സങ്കീർണത, പ്രഫഷനൽ മോണിറ്ററിങ് തുടങ്ങിയവയെ ആശ്രയിച്ചാണ് കാമറയുടെ വില കണക്കാക്കുന്നത്. മിക്ക കമ്പനികളും ഇക്കണോമി, പ്രീമിയം തുടങ്ങിയ സീരീസിലുള്ള കാമറകളും ഇറക്കുന്നുണ്ട്. ഗുണമേന്മയുള്ള കാമറകൾ വാങ്ങുന്നതാണ് ഉചിതം.

ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ

● ഗുണനിലവാരം: കാമറകൾക്ക് നല്ല റെസലൂഷനും രാത്രി കാഴ്ചശേഷിയും ഉണ്ടെന്ന് ഉറപ്പാക്കണം. റെക്കോഡിങ് ഉപകരണങ്ങളുടെ വിശ്വാസ്യതയും ഉറപ്പാക്കണം.

● പ്രഫഷനൽ ഇൻസ്റ്റലേഷൻ: കാമറ സ്ഥാപിക്കാൻ വിദഗ്ധരുടെ സേവനം തേടേണ്ടത് പ്രധാനമാണ്.

● മെയിന്റനൻസ്: സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന് ഇടക്കിടെയുള്ള പരിശോധനകളും അറ്റകുറ്റപ്പണിയ​ും ആവശ്യമാണ്. സർവിസിങ് പ്രധാനമാണ്. ഈ രംഗത്ത് വേഗത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ സോഫ്റ്റ് വെയർ അപ്ഡേഷൻ സൗകര്യമുള്ള കാമറയും അനുബന്ധസാമഗ്രികളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.





Show Full Article
TAGS:Home Making HomeTips cctv camera 
News Summary - things to consider when installing CCTV cameras
Next Story