Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightവീട്ടിൽ...

വീട്ടിൽ തീപിടിക്കാനുള്ള പ്രധാന കാരണം വയറിങ്ങിലെ അപാകത... അറിയാം, വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
വീട്ടിൽ തീപിടിക്കാനുള്ള പ്രധാന കാരണം വയറിങ്ങിലെ അപാകത... അറിയാം, വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

വീട് നിർമാണത്തോടൊപ്പം പ്ലംബിങ്ങിലും വയറിങ്ങിലും ഏറെ ശ്രദ്ധ നൽകാം. വയറിങ് അപാകത മൂലമുള്ള അപകടങ്ങൾ പോലെ അനാവശ‍്യ ചെലവുകളും വർധിച്ചുവരുകയാണ്.

അതുകൊണ്ട് വയറിങ്ങും പ്ലംബിങ്ങും നടത്തുംമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യ ചെലവുകൾ കുറക്കാം, അപകടങ്ങൾ ഒഴിവാക്കാം. പുനർനിർമിക്കുന്ന വീടുകളാണെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാം.

വേണം സ്കെച്ച്

പ്ലംബിങ്ങും വയറിങ്ങും അവസാന ഘട്ടത്തിൽ ചെയ്യാമെന്ന ധാരണയും ചിലർക്കുണ്ട്. ആ സങ്കൽപം തെറ്റാണ്. വീടിന്‍റെ പ്ലാൻ തയാറാക്കുമ്പോൾ തന്നെ ഇലക്ട്രിക്കൽ, പ്ലംബിങ് സ്കെച്ച് നടത്തണം. കൃത്യമായ പ്ലാനിങ് വേണം. സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പിക്കാൻ അതാവശ്യമാണ്.

ഓരോ മുറിയിലെയും ഇടങ്ങളിലെയും പ്ലഗ്, സ്വിച്ച്, ലൈറ്റ് എന്നിവയുടെ എണ്ണം, പ്ലംബിങ് സാമഗ്രികളുടെ ക്വാളിറ്റി, അവ എവിടെയെല്ലാം സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളിൽ വീട്ടുകാർക്ക് വ്യക്തമായ ധാരണ വേണം. ഹോം ഓട്ടോമേഷൻ പോലെയുള്ള ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് പവർ ഔട്ട്ലെറ്റും നൽകണം.

വയറിങ്ങിനു മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട് വാങ്ങാനുദ്ദേശിക്കുന്ന വയർ, ബൾബുകൾ, സ്വിച്ചുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയ സാധനസാമഗ്രികളെക്കുറിച്ച് നിശ്ചയം ഉണ്ടായിരിക്കണം. ലൈറ്റ് പോയന്‍റുകൾ എവിടെയൊക്കെ എന്നതിനെക്കുറിച്ചും മുൻകൂട്ടി നിശ്ചയിക്കാൻ കഴിഞ്ഞാൽ വാർക്കുമ്പോൾ തന്നെ ആവശ‍്യമായ പൈപ്പുകൾ കോൺക്രീറ്റിലൂടെ ഇട്ടുപോകാം.

മുൻകാലങ്ങളിൽ ഫാനുകൾക്കുള്ള വയറിങ് പൈപ്പുകളാണ് ഇത്തരത്തിൽ കോൺക്രീറ്റിനുള്ളിലൂടെ നൽകിയിരുന്നതെങ്കിൽ ഇന്ന് സർക്യൂട്ട് പൈപ്പുകളും പരമാവധി കോൺക്രീറ്റിനുള്ളിലൂടെ തന്നെ നൽകുന്ന രീതിയാണുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ വയറിന്‍റെ നീളം പരമാവധി കുറക്കാനാകും.


യോഗ്യരായവരെ തിരഞ്ഞെടുക്കാം

വയറിങ്, ഇലക്ട്രിക് ജോലിക്കാർക്ക് ഇലക്ട്രിക്കൽ ലൈസൻസ്, അനുഭവ പരിചയം എന്നിവയുണ്ടോ എന്ന് ഉറപ്പുവരുത്തണം. പ്രവൃത്തി തുടങ്ങുംമുമ്പ് സാധനങ്ങളുടെ ഇനം തിരിച്ചുള്ള വിവരങ്ങളും വിലയും ലേബർ ചാർജും അടങ്ങുന്ന ക്വട്ടേഷൻ തയാറാക്കിത്തരാൻ ഇലക്ട്രീഷ്യനോട് ആവശ്യപ്പെടാം.

ക്വട്ടേഷൻ വാങ്ങിവെച്ചാൽ ഭാവിയിലുണ്ടായേക്കാവുന്ന തർക്കങ്ങൾ ഒഴിവാക്കാം. വിവിധ കരാറുകാരിൽനിന്ന് ക്വട്ടേഷൻ തുക വാങ്ങി കുറഞ്ഞ കൂലിക്ക് പണികൾ ഏൽപിക്കുന്നത് പോക്കറ്റു കാലിയാവാതിരിക്കാൻ നല്ലതാണ്.

വീടിന്‍റെ വലുപ്പം അനുസരിച്ച് ബി ക്ലാസ്, സി ക്ലാസ് ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പാക്കണം. ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് അറിയുന്ന ആളായിരിക്കുകയും വേണം. നമ്മുടെ ചുറ്റളവിലുള്ള യോഗ്യരായ തൊഴിലാളികളായാൽ അവരുടെ സേവനം എളുപ്പം ലഭ്യമാക്കാം.

നമ്മുടെ ആവശ്യം കൃത്യമായി ജോലിക്കാരോട് കമ്യൂണിക്കേറ്റ് ചെയ്യണം. പണി കഴിയുമ്പോൾ ജോലിക്കാരിൽനിന്ന് ഇലക്ട്രിക്കൽ-പ്ലംബിങ് ലേഔട്ട് വാങ്ങി സൂക്ഷിക്കണം.

പരിശോധന

താമസം തുടങ്ങി 10 വർഷമെങ്കിലും കഴിഞ്ഞ വീടാണെങ്കിൽ നവീകരണ സമയത്ത് അംഗീകൃത വയർമാനെക്കൊണ്ട് പരിശോധിച്ച് വയറിങ്ങിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കണം. വയറുകളുടെ ഇൻസുലേഷൻ നഷ്ടപ്പെടുമ്പോഴാണ് വൈദ്യുതി ചോർച്ചയുണ്ടാകുന്നത്. ഇത് വൈദ്യുതി ഉപയോഗം കൂട്ടുന്നതിനൊപ്പം അപകട കാരണമാകുകയും ചെയ്യുന്നു.

ഹോട്സ്പോട്ട്: തെർമൽ ഇമേജർ ഉപയോഗിച്ച് വിദഗ്ധ സഹായത്തോടെ പരിശോധന നടത്തി തീപിടിത്ത സാധ‍്യതയുള്ള ഭാഗങ്ങൾ കണ്ടെത്താം. വയറിങ്ങിന്‍റെ കാലപ്പഴക്കം, പരിചരണക്കുറവ്, മെറ്റീരിയലുകളുടെ ഗുണമേന്മയില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ തീപിടിത്ത സാധ‍്യതാ മേഖല അഥവാ ഹോട്സ്പോട്ടുകൾ രൂപപ്പെടാം.

എർത്തിങ്: ലൂപ് ഇംപഡെൻസിലൂടെ എർത്തിങ്ങിന്‍റെ കാര്യക്ഷമത പരിശോധിക്കാം. ന്യൂട്രലും എർത്തും തമ്മിലുള്ള വോൾട്ടേജ് അളന്നും എർത്തിങ്ങിന്‍റെ പ്രവർത്തനക്ഷമത പരിശോധിക്കാം.


ഗുണമേന്മ മുഖ‍്യം

ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ഒറ്റത്തവണയാണ് ചെയ്യുക. അതുകൊണ്ട് നല്ല ബ്രാൻഡിന്‍റെ ഉയർന്ന ക്വാളിറ്റിയുള്ള മെറ്റീരിയൽ തന്നെ ഉപയോഗിക്കണം. ഐ.എസ്.ഐ മാർക്കുള്ള ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക.

ഗുണനിലവാരമുള്ള കോപ്പർ വയറുകൾ ഓരോ മുറിയിലും സർക്യൂട്ട് തിരിച്ച് ഉപയോഗിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. തീപിടിത്തം ഉണ്ടായാലും കൂടുതൽ പുക പുറത്തു വിടാത്ത എഫ്.ആർ.എൽ.എസ് (Flame Retardant Low Smoke) വയറുകളാണ് നല്ലത്.

1.5 സ്ക്വയർ മി.മീ. കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകൾ. പവർ പ്ലഗാണെങ്കിൽ 2.5 സ്ക്വയർ മി.മീറ്റർ. കൂടുതൽ ലോഡ് വേണ്ടിവരുന്ന എ.സി പോലുള്ള ഉപകരണങ്ങൾക്ക് നാല് സ്ക്വയർ മി.മീ. വയർ വേണം. ചെലവ് കുറക്കാൻ വണ്ണം കുറഞ്ഞ വയറുകൾ ഉപയോഗിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാം.

ഏറ്റവും പുതിയ മോഡലിലുള്ള സ്വിച്ചും ലൈറ്റ് ഫിറ്റിങ്സും വിശ്വാസ്യതയുള്ള കമ്പനിയിൽനിന്ന് തിരഞ്ഞെടുക്കണം. വണ്ണം കുറഞ്ഞതും ഗ്രേഡ് കുറഞ്ഞതുമായ വയറുകളും മറ്റും ഉപയോഗിക്കുമ്പോഴാണ് ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നത്.

ലൈഫ് ടൈം വാറന്‍റിയുള്ള മെറ്റീരിയലുകളാണ് കൂടുതൽ ലഭ്യമായിട്ടുള്ളത്. വില കൂടിയത് എന്നല്ല, നിലവാരമുള്ള, ബജറ്റിൽ ഒതുങ്ങുന്ന, വൈദ്യുതി ലാഭിക്കുന്ന, പരമാവധി ഈടുനിൽക്കുന്ന മെറ്റീരിയലുകൾ വേണം തിരഞ്ഞെടുക്കാൻ.

പ്ലഗ്: ത്രീപിൻ ഉള്ള പ്ലഗുകൾ മാത്രം ഉപയോഗിക്കുക. ഷട്ടറുള്ള പ്ലഗ് സോക്കറ്റുകൾ ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കും. പ്ലഗ് പോയന്‍റിന് സ്വിച്ച് നിർബന്ധമാണ്.

സ്വിച്ചുകൾ: സ്വിച്ചുകൾ വാങ്ങുമ്പോൾ കപ്പാസിറ്റിയും ഗുണമേന്മയും ഉറപ്പുവരുത്തണം. മോഡുലാർ സ്വിച്ചുകളാണ് ഭിത്തിക്ക് കൂടുതൽ ഇണങ്ങുക. ഇതിന് വില അൽപം കൂടുതലായതിനാൽ ലിവിങ് ഏരിയയിലും ഹാളിലും സിറ്റൗട്ടിലും മാത്രം ഇത് നൽകാം. മറ്റിടങ്ങളിൽ സെമി മോഡുലാർ സ്വിച്ചുകളും ഉപയോഗിക്കാം.

പ്ലാസ്റ്റിക്, മെറ്റൽ, തടി തുടങ്ങി പല മെറ്റീരിയലിലുള്ള സ്വിച്ച് ബോക്സുകൾ ഇന്ന് ലഭ്യമാണ്. തടിയിലും പ്ലാസ്റ്റിക്കിലും നിർമിച്ച സ്വിച്ച് ബോക്സിനെ അപേക്ഷിച്ച് മെറ്റലിൽ തീർത്ത സ്വിച്ച് ബോക്സുകളാണ് നല്ലത്. വില കൂടുമെങ്കിലും ദീർഘനാൾ ഈടുനിൽക്കുന്നതിനാൽ ഇവക്ക് ഡിമാൻഡും കൂടുതലാണ്.

പോയന്‍റുകൾ: വീടിന്‍റെ പുറംഭാഗത്ത് മിനിമം നാലു ലൈറ്റ് പോയന്‍റെങ്കിലും നൽകണം. മുൻവശത്ത് എൽ.ഇ.ഡി ടോപ് ലൈറ്റുകളാണ് നല്ലത്. ലിവിങ്, ഡൈനിങ് ഏരിയകളിൽ ആവശ്യത്തിനു മാത്രം പ്ലഗ് പോയന്‍റുകൾ മതി. പ്രധാന ലൈറ്റിനു പുറമേ ടേബിൾ ലാംപുകളോ കോർണർ ലാംപുകളോ കൂടി ലിവിങ്ങിൽ സെറ്റ് ചെയ്യാം. മുകളിൽ തൂങ്ങിനിൽക്കുന്ന ഷാൻഡ് ലിയറും ലിവിങ്ങിന് നല്ലതാണ്. പവർ പോയന്‍റുകളുടെ എണ്ണം കുറക്കുന്നതിലൂടെ പണച്ചെലവും കുറക്കാം.

ഡൈനിങ് ഏരിയയിൽ ടേബിളിനു മുകളിൽ ഹാങ്ങിങ് ലൈറ്റുകളോ മറ്റോ ഉപയോഗിക്കാം. രണ്ട് ലൈറ്റ്, ഫാൻ എന്നിവക്കുള്ള പോയന്‍റും ഫ്രിഡ്ജ് ഡൈനിങ്ങിലാണെങ്കിൽ അതിനുള്ള പവർ പ്ലഗും നൽകാം.

ബെഡ്റൂമുകളിലും രണ്ട് ലൈറ്റ് മതിയാവും. കോർണൽ ലാംപുകൾ, പെൻഡന്‍റ് ലൈറ്റുകൾ എന്നിവയും ഉപയോഗിക്കാം. രണ്ട് ബെഡ് ലൈറ്റുകൾക്കും ഫാനിനുമുള്ള പോയന്‍റുകൾ നൽകാം. എ.സിക്കുള്ള പവർ പ്ലഗും നൽകണം.

അടുക്കളയാണ് കൂടുതൽ വെളിച്ചം വേണ്ടിവരുന്ന ഇടം. സ്റ്റൗവ്, സിങ്ക് എന്നിവ വരുന്ന ഭാഗങ്ങളിൽ കൂടുതൽ പ്രകാശം ലഭിക്കണം. ഇവിടെ അത്തരത്തിലുള്ള ലൈറ്റ് പോയന്‍റുകൾ കൊടുക്കാൻ ശ്രദ്ധിക്കണം. ഹുഡും ഹോബും ഉണ്ടെങ്കിൽ ഹുഡിനു മാത്രമായി ഇലക്ട്രിക് പോയന്‍റ് നൽകാം. എക്സ്ഹോസ്റ്റ് ഫാനിനും സീലിങ് ഫാനിനും പോയന്‍റുകൾ നൽകണം. മിക്സിയുടെയും ഗ്രൈന്‍ററിന്‍റെയും സ്ഥാനം അടുത്താക്കിയാൽ രണ്ടിനും കൂടി ഒരു പവർ പ്ലഗ് പോയന്‍റ് മതിയാവും.

വൈദ്യുതി ചെലവ് കുറവുള്ളതും ആയുസ്സ് കൂടുതലുള്ളതുമായ എൽ.ഇ.ഡി ബൾബുകളാണിപ്പോൾ ട്രെൻഡ്. പകൽ സമയത്ത് വെളിച്ചം കുറച്ചും രാത്രിയിൽ കൂട്ടിയും ഇടാവുന്ന ലൈറ്റുകൾ വിപണിയിലുണ്ട്. മുറിയിൽ ആൾ പ്രവേശിക്കുമ്പോൾ ലൈറ്റുകൾ തനിയെ തെളിയുന്ന സംവിധാനം പുതിയ ട്രെൻഡാണ്. ആളുടെ അസാന്നിധ്യത്തിൽ തനിയെ ഓഫാവുകയും ചെയ്യും. ഇതിലൂടെ വൈദ്യുതി ലാഭിക്കാം.

എർത്തിങ്ങും ബ്രേക്കറും

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനാണ് ഇ.എൽ.സി.ബി/ആർ.സി.സി.ബി ഫിറ്റ് ചെയ്യുന്നത്. പഴയ വയറിങ്ങുകളിൽ ഇ.എൽ.സി.ബി ഉണ്ടാവില്ല. അത്തരം വീടുകളിൽ നിർബന്ധമായും ഇത് സ്ഥാപിക്കണം. 30 മില്ലി ആംപ്സ് ഇ.എൽ.സി.ബി/ആർ.സി.സി.ബി ആണ് വീടുകളിൽ ഉപയോഗിക്കുന്നത്. ഇവയിലെ ടെസ്റ്റ് ബട്ടൺ മാസത്തിലൊരിക്കലെങ്കിലും അമർത്തി ട്രിപ് ആവുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഇ.എൽ.സി.ബിയുള്ള വീട്ടിൽ എർത്തിങ്ങിന് സർക്യൂട്ട് വയറുകൾക്കൊപ്പം പി.വി.സി വയറുകളും ഉപയോഗിക്കാം. വീട്ടിൽ ഓരോ സെക്ഷനായും വയറിങ് ചെയ്യാം. ഓരോ സെക്ഷനിലും മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ വെക്കണം. ഷോർട്ട് സർക്യൂട്ടോ അധിക ലോഡോ വന്നാൽ അതത് സർക്യൂട്ടിലെ എം.എൽ.ബി ഓട്ടോമാറ്റിക്കായി ഓഫാകും.

ഇൻവെർട്ടർ വയറിങ്

വയറിങ് കൃത്യമല്ലെങ്കിൽ വൈദ്യുതാഘാതം മൂലം സർക്യൂട്ട് ഓഫാവാൻ സാധ്യതയുണ്ട്. അതുവഴി ഇൻവെർട്ടറിൽനിന്ന് വീണ്ടും വൈദ്യുതി ലൈനിൽ എത്തുകയും അപകടം ഉണ്ടാവുകയും ചെയ്യും.

വൈദ്യുതി ലാഭിക്കാൻ സോളാർ

ഭാവിയിൽ സോളാർ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള സംവിധാനവും ഒരുക്കിയിടാം. വൈദ്യുതി ഉപയോഗം കൂടുതലുള്ള വീടുകളിൽ സോളാർ പാനലുകൾ ഉപയോഗിക്കാം. നല്ലൊരു സോളാർ ടീമുമായി സംസാരിച്ചിട്ട് വേണം ചെയ്യാൻ. എത്ര യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്നതനുസരിച്ചാണ് പാനലുകൾ സെറ്റ് ചെയ്യുന്നത്.

പ്ലംബിങ്

ജലവിതരണവും മാലിന്യ നിർമാർജനവും സാധ്യമാക്കാൻ ഏതൊരു വീടിനും പ്ലംബിങ് ആവശ്യമാണ്. പ്ലംബിങ്ങിന്‍റെ പ്രധാന ഘടകം പൈപ്പുകളാണ്. ഓരോ പൈപ്പിനും അതിന്‍റേതായ സവിശേഷതകളും ഗുണങ്ങളുമുണ്ട്. കാര്യക്ഷമമായ ജലപ്രവാഹം, ഈട് എന്നിവ ഉറപ്പാക്കാൻ ശരിയായ പൈപ്പ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

പ്ലംബിങ് ലൈൻ ഭിത്തിയിൽ വേണ്ട

പൈപ്പുകൾക്ക് ചോർച്ചയോ തടസ്സമോ ഉണ്ടായാൽ പെട്ടെന്ന് പരിഹരിക്കാൻ നല്ലത് വീടിന് പുറമെയുള്ള പ്ലംബിങ്ങാണ്. ഭിത്തിയിലേക്ക് പ്ലംബിങ് ലൈൻ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബ്രാക്കറ്റ് വെച്ച് യു ബോൾട്ട് ഘടിപ്പിച്ചാണ് പൈപ്പുകൾ ഫിക്സ് ചെയ്യുന്നത്. എന്തെങ്കിലും അറ്റകുറ്റപ്പണികൾ വന്നാൽ ആ യു ബോൾട്ട് അഴിച്ചുമാറ്റിയാൽ ഭിത്തി പൊളിക്കാതെ തന്നെ പണി ചെയ്യാൻ പറ്റും.

കൺസീൽഡ് പ്ലംബിങ്

വീടിന് കൂടുതൽ ഭംഗി നൽകുന്നതും മറഞ്ഞിരിക്കുന്നതുമായ രീതിയാണ് കൺസീൽഡ് പ്ലംബിങ്. പൈപ്പുകൾ ഭിത്തിക്കുള്ളിലൂടെ പോകുന്ന കൺസീൽഡ് പൈപ്പിങ് കാണാൻ ഭംഗിയുണ്ടെങ്കിലും എന്തെങ്കിലും പണികൾ വന്നാൽ പ്രയാസമാകും.

പെട്ടെന്ന് പുറത്തേക്കു കാണാൻ പറ്റാത്ത തരത്തിൽ വശങ്ങളിലേക്കുള്ള പ്ലംബിങ്ങാണ് ഓപൺ പ്ലംബിങ്.

ഗുണമേന്മയുള്ള പൈപ്പ്

ഐ.എസ്.ഐ മാർക്കുള്ള പി.വി.സി പൈപ്പുകളും ഗാൽവനൈഡ് അയൺ (ജി.ഐ) പൈപ്പുകളുമാണ് പ്ലംബിങ്ങിന് കൂടുതലും ഉപയോഗിക്കുന്നത്. ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും പി.വി.സി പൈപ്പുകളാണ്. തുരുമ്പെടുക്കാൻ സാധ്യതയുണ്ടെന്നുള്ളതാണ് ജി.ഐ പൈപ്പുകളുടെ പോരായ്മ.

വാട്ടർ ടാങ്ക്

വാട്ടർ ടാങ്ക് ഉയരത്തിൽ വെച്ചാൽ മാത്രമേ പൈപ്പിലൂടെ ശക്തമായി വെള്ളം വരൂ. ടാങ്കിൽനിന്നുള്ള പ്രധാന പൈപ്പുകളുടെ കാര്യത്തിൽ കൃത്യമായ എണ്ണം വേണം. എല്ലാ വശങ്ങളിലേക്കും കൂടി ഒരൊറ്റ പൈപ്പ് കൊടുക്കാതെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത പൈപ്പുകളും വാൽവുകളും നൽകണം. പ്രധാന പൈപ്പുകളെല്ലാം ആവശ്യത്തിനനുസരിച്ച് വലുപ്പമുണ്ടാവണം. ഇല്ലെങ്കിൽ എല്ലായിടത്തും വെള്ളം വേണ്ടപോലെ എത്തുകയില്ല.

വിവരങ്ങൾക്ക് കടപ്പാട്:

ഇർഷാദ്
Architect
NESTA Architects, Malappuram






Show Full Article
TAGS:Home Making HomeTips 
News Summary - Things to keep in mind when doing wiring and plumbing
Next Story