വീടുപണി മൊത്തമായി കോൺട്രാക്ടറെ ഏൽപിച്ചാൽ പണി കിട്ടുമോ? -കോൺട്രാക്ട് ഏൽപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ
text_fieldsഓരോ ഘട്ടവും തൊഴിലാളികളെ ഏൽപിച്ച് ആവശ‍്യമായ സാധനങ്ങൾ വാങ്ങിക്കൊടുത്ത് വീടുപണി/നവീകരണ പ്രവൃത്തി ചെയ്യിക്കാൻ സമയമില്ലാത്തതിനാലും അതിന്‍റെ റിസ്ക് ആലോചിച്ചും പലരും കോൺട്രാക്ടറെ ഏൽപിക്കുകയാണ് ചെയ്യുന്നത്.
വീടുപണി മൊത്തമായി ഒരു കോൺട്രാക്ടറെ ഏൽപിക്കുന്നവരും ഓരോ ഘട്ടവും വ്യത്യസ്ത കോൺട്രാക്ടർമാരെ ഏൽപിക്കുന്നവരുമുണ്ട്. നമ്മുടെ സൗകര്യമനുസരിച്ച് ഇതിൽ ഏതു വേണമെന്ന് തീരുമാനിക്കാം.
ലേബർ കോൺട്രാക്ട്
നിർമാണസാമഗ്രികൾ ഉടമ സൈറ്റിലെത്തിച്ച് നൽകി, പണിക്കൂലി മാത്രം നൽകുന്ന രീതിയാണ് ലേബർ കോൺട്രാക്ട്. പണിക്കാരുടെ കൂടെനിന്ന് മുഴുവൻ സമയം നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ ഈ രീതി അവലംബിക്കാം.
ഫുൾ കോൺട്രാക്ട്
നിർമാണ സാമഗ്രികളും ലേബർ കോസ്റ്റുമെല്ലാം ചേരുന്നതാണ് ഈ കോൺട്രാക്ട്. സ്ക്വയർഫീറ്റ് നിരക്കിൽ മുഴുവൻ ജോലികളും ഉൾപ്പെടുന്ന കോൺട്രാക്ടും പീസ് വർക്ക് നിരക്കിൽ നിർമാണസാമഗ്രികളും ലേബർ കോസ്റ്റും ചേർത്ത് ഓരോ പണിയും പൂർത്തിയാകുമ്പോൾ അതത് ഘട്ടങ്ങളിൽ ക്യുബിക്കടി സ്ക്വയർ ഫീറ്റ് റണ്ണിങ് ഫീറ്റ് നിരക്കിൽ അളന്ന് കണക്ക് തീർത്തുപോകുന്ന കോൺട്രാക്ടുമാണ് ഇതിൽപെടുന്നത്.
വിവിധ തരത്തിലുള്ള കോൺട്രാക്ടുകളിൽ നമുക്ക് അനുയോജ്യമായത് ഏതാണെന്ന് ഡിസൈനറുമായി കൂടിയാലോചിച്ച് തീരുമാനിക്കാം.
കൃത്യമായ കരാർ
വീടുപണി മൊത്തമായി കോൺട്രാക്ടറെ ഏൽപിക്കുകയാണെങ്കിലും ഓരോ ഘട്ടത്തിലും വ്യത്യസ്ത കോൺട്രാക്ടർമാരെ ഏൽപിക്കുകയാണെങ്കിലും പ്രവൃത്തി ആരംഭിക്കുംമുമ്പ് കൃത്യമായി കരാർ എഴുതി നിയമാനുസൃതമാക്കണം. ഇതു വീട്ടുകാർക്കും കോൺട്രാക്ടർക്കും ഒരുപോലെ ആവശ‍്യമാണ്.
കരാറിൽ ഓരോ ഘട്ടത്തിലെ പണിയുടെയും സാധനങ്ങളുടെ കമ്പനിയുടെയും വിശദാംശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒരു ചതുരശ്രയടിക്ക് എത്ര രൂപ ചെലവാകും എന്നതും കരാറിൽ വേണം. നിർമാണം പൂർത്തിയാക്കാനുള്ള സമയപരിധി, പണം എത്ര ഗഡുക്കളായി കൊടുക്കുന്നു, വെള്ളം, വൈദ്യുതി, വിശദമായ പ്ലാൻ, സ്ട്രക്ചറൽ ഡ്രോയിങ്, ഇലക്ട്രിക്കൽ-പ്ലംബിങ്-ഡ്രയിനേജ് ഡയഗ്രം, അപകടമുണ്ടായാൽ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി കരാറിൽ ഉണ്ടായിരിക്കേണ്ടതാണ്.
വീടുപണിയുടെ ഓരോ ഘട്ടത്തിലെയും വിവിധ കാര്യങ്ങൾ കരാറിൽ ഉണ്ടായിരിക്കണം. അവ ഏതൊക്കെയാണെന്ന് നോക്കാം.
● ഭിത്തി: ഉയരം, കല്ല്, കല്ലിന്‍റെ വലുപ്പം, ഭിത്തി കെട്ടാൻ ഉപയോഗിക്കുന്ന സിമന്‍റ്, മണൽ/ എംസാൻഡ്
● ലിന്‍റൽ വാർപ്പ്, സൺഷേഡ്: കനം, ഉപയോഗിക്കുന്ന കമ്പി, സിമന്‍റ്, മണൽ എന്നിവ. ഇവയുടെ അനുപാതവും
● മെയിൻ വാർപ്പ്: ലിന്‍റൽ വാർപ്പിൽ പറയുന്ന കാര്യങ്ങൾക്ക് പുറമെ, തട്ട് അടിക്കാനുപയോഗിക്കുന്ന പലകയും കാലുകളും മെറ്റൽ ആണോ തടിയാണോ ഉൾപ്പെടെ കാര്യങ്ങൾ. ഫാനുകൾക്കും ലൈറ്റുകൾക്കും നൽകേണ്ട വയറിങ് പൈപ്പുകളുടെ അളവ്, വീടിന് അകത്തും പുറത്തും നൽകേണ്ട ഹുക്കുകളുടെ എണ്ണം, വലുപ്പം
● വാട്ടർ പ്രൂഫിങ്: വിവിധ വാർപ്പ് നിർമാണ സമയങ്ങളിലെ വാട്ടർ പ്രൂഫിങ്, എത്ര ലെയർ, വാട്ടർ പ്രൂഫിങ് മെറ്റീരിയലിന്‍റെ ബ്രാൻഡ്
● പ്ലാസ്റ്ററിങ്: ഭിത്തി തേക്കാൻ ഉപയോഗിക്കുന്ന സിമന്‍റിന്‍റെയും മണലിന്‍റെയും അനുപാതം, തേപ്പിന്‍റെ കനം, സിമന്‍റിന്‍റെ ബ്രാൻഡ്. ബാത്റൂം ഭിത്തി പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ വാട്ടർ പ്രൂഫിങ് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ മെറ്റീരിയലിന്‍റെ ബ്രാൻഡ്
● പെയിന്‍റിങ്: പെയിന്‍റിങ്ങിനുമുമ്പ് പുട്ടിയിടുന്ന ഭാഗങ്ങൾ, എത്ര കോട്ട്, പെയിന്‍റിങ് എത്ര കോട്ട്, ഏത് ബ്രാൻഡ്, വാതിൽ-ജനൽ എന്നിവയുടെ പെയിന്‍റിങ്, പോളിഷിങ്, കപ്ബോർഡ്, വാഡ്രോബ് എന്നിവയുടെ പെയിന്‍റിങ്
● ഫ്ലോറിങ്: ടൈൽ/സ്റ്റോൺ/തടി ഏത് കമ്പനി, സൈസ്, ഉയരം, കോൺക്രീറ്റ് മിക്സിന്‍റെ അനുപാതം, കിച്ചൻ ടൈലിന്‍റെ വിശദാംശങ്ങൾ, ഇപോക്സി, വെയിലടിക്കുന്ന ഭാഗത്തെ ഫ്ലോറിങ് മെറ്റീരിയൽ
● സ്റ്റെയർകേസ്: അളവ്, ഘടന, പടികളും റെയിലിങ്ങും നിർമിക്കുന്ന മെറ്റീരിയൽ
● വാതിൽ, ജനൽ: ജനൽ ഫ്രെയിം, ജനൽ പാളിയുടെ ഫ്രെയിം എന്നിവക്ക് ഉപയോഗിക്കുന്ന മെറ്റീരിയൽ, സൈസ്, ഗ്ലാസിന്‍റെ മോഡൽ, കനം, ജനലഴികളുടെ മെറ്റീരിയൽ, വിജാഗിരി, പ്രധാന വാതിൽ, മുറികളുടെ വാതിൽ, ബാത്റൂമിന്‍റെ വാതിൽ എന്നിവയുടെ മെറ്റീരിയൽ, ലോക്ക്, വിജാഗിരി
● വയറിങ്, വൈദ്യുതോപകരണങ്ങൾ: വയർ, സ്വിച്ച്, സോക്കറ്റ്, ഇ.എൽ.സി.ബി, മെറ്റൽ ബോക്സുകൾ, ഡിസ്ട്രിബ്യൂഷൻ ബോക്സ് എന്നിവയുടെ ബ്രാൻഡ്, വില, ലൈറ്റുകൾ, ട്യൂബുകൾ, ഫാൻ, കിണറിലെ മോട്ടോർ തുടങ്ങിയവയുടെ ബ്രാൻഡ്, വില, വൈദ്യുതി കണക്ഷൻ
● പ്ലംബിങ്, ഫിറ്റിങ്സ്: ബാത്റൂം, അടുക്കള തുടങ്ങിയ ഇടങ്ങളിലെ മലിനജല പൈപ്പുകൾ, ടോയ്ലറ്റ് ടാങ്ക്, വേസ്റ്റ് വാട്ടർ പിറ്റ്, ടാപ്പുകൾ, ഹെൽത്ത് ഫോസറ്റ്, വാഷ് ബേസിൻ, ക്ലോസറ്റ്, ഷവർ, ഡ്രൈ-വെറ്റ് ഏരിയ പാർട്ടീഷൻ, കിച്ചൻ സിങ്ക്, സിങ്ക് കോക്ക്, വാട്ടർ ടാങ്ക്
● കപ്ബോർഡ്, വാഡ്രോബ്: അടുക്കള, ബെഡ്റൂമുകൾ, ഡൈനിങ് ഏരിയ, ലിവിങ് റൂം തുടങ്ങിയ ഇടങ്ങളിലേക്കുള്ള കപ്ബോർഡ്, വാഡ്രോബ് മെറ്റീരിയൽ
● ലാൻഡ്സ്കേപ്പിങ്: മുറ്റമൊരുക്കൽ, വിരിക്കുന്ന സ്റ്റോൺ, മതിൽ, ഗേറ്റ്, കിണർ, കിണറിന്‍റെ ചുറ്റുമതിൽ