‘പായലേ വിട, പൂപ്പലേ വിട’... പരസ്യത്തിൽ കാര്യമുണ്ടോ? -വീട്ടിൽ പെയിന്‍റിങ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsവീടുകൾക്ക് പൂർണതയേകുന്ന ചാരുതയാണ് പെയിന്‍റിങ്. പ്ലാസ്റ്ററിങ് വരെയുള്ള നിർമാണത്തിൽ വരുന്ന തെറ്റുകുറ്റങ്ങൾ മനോഹരമായി മറയ്ക്കുന്ന കലയാണിത്.
വീടിന്‍റെ ഈടുനിൽപ്പിലും ഏറെ പ്രധാനമാണ്. പെയിന്‍റിങ് ചെയ്യുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അവ അറിയാം...
മുന്നിൽ കാണണം കാലാവസ്ഥ
വീടിന്‍റെ പെയിന്‍റിങ് ചിന്തിക്കുമ്പോൾ മനസ്സിൽ വെക്കേണ്ട പ്രധാന കാര്യമാണ് കാലാവസ്ഥ, പ്രത്യേകിച്ച് ചൂടും മഴയും. പെയിന്‍റിങ്ങിൽ അവസാന ഫിനിഷിങ് എപ്പോഴും കാലാവസ്ഥ കൂടി നോക്കി കൃത്യമായ ഇടവേള അനുസരിച്ചുവേണം ചെയ്യാൻ. പെയിന്‍റ് ചെയ്ത് ഒരു വർഷത്തിനകം വരുന്ന കേടുപാടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
വേനൽക്കാലം അല്ലെങ്കിൽ തണുപ്പുകാലം ആണ് പെയിന്‍റിങ്ങിന് നല്ലത്. മഴക്കാലത്ത് പെയിന്‍റ് ചെയ്യുന്നത് ഒഴിവാക്കാം. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ ഇന്‍റീരിയറിലും അടിക്കുന്നത് എക്സ്റ്റീരിയർ പെയിന്‍റുകളാണ്.
മികച്ച പെയിന്‍റുകൾ
ഉപഭോക്താക്കളുടെ ആവശ്യവും, ഡിസൈനറുടെ മനസ്സിൽ തെളിയുന്ന രൂപകൽപനയും അനുസരിച്ച് പെയിന്‍റുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, എപ്പോഴും പ്രാധാന്യം നൽകേണ്ടത് ചുമരുകളുടെ സുരക്ഷക്ക് ആവശ്യമായ കൃത്യമായ അളവിലുള്ള പെയിന്‍റ് ചെയ്യുന്നുണ്ടോ എന്നതിനാണ്.
വാട്ടർപ്രൂഫ്: ഭിത്തി പ്ലാസ്റ്ററിങ് പൂർത്തിയായാൽ ചുമരുകൾ വാട്ടർപ്രൂഫ് ചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ച് കോൺക്രീറ്റും ചുമരും ചേരുന്ന സ്ഥലങ്ങളിലും നേരിട്ട് മഴവെള്ളം പതിക്കുന്ന സ്ഥലങ്ങളിലും. വീടിന്‍റെ ഡിസൈനുകളിൽ സൺഷൈഡുകളും സ്ലാബ് പ്രൊജക്ഷനുകളും കുറഞ്ഞുവരുകയാണ്. ഇത്തരം സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധ നൽകി വാട്ടർപ്രൂഫിങ് ചെയ്യണം.
മെറ്റീരിയൽ: നിറം, ബ്രാൻഡ് എന്നതിനേക്കാൾ പ്രധാനമാണ് ഏത് തരത്തിലുള്ള മെറ്റീരിയൽ കൊണ്ട് നിർമിച്ച പെയിന്‍റ് തിരഞ്ഞെടുക്കുന്നു എന്നത്. നിർമാണത്തിൽ അടിസ്ഥാനമായി കെമിക്കൽ സോൾവന്‍റ് ആണോ വെള്ളമാണോ ഉള്ളത് എന്നത് വേണം ആദ്യം മനസ്സിലാക്കാൻ.
സൂക്ഷിക്കണം, കെമിക്കലിനെ: രൂക്ഷമായ ഗന്ധമുള്ളതും അപകടകരമായ കെമിക്കലുകൾ പുറന്തള്ളുന്നതുമായ പെയിന്‍റുകൾ തിരഞ്ഞെടുക്കരുത്. ഹാനികരമായ കെമിക്കലുകൾ പുറന്തള്ളുന്നതിന്‍റെ അടിസ്ഥാനമായ വോളറ്റൈൽ ഓർഗാനിക് കോംപൗണ്ട് (വി.ഒ.സി) കുറഞ്ഞ പെയിന്‍റ് വേണം വീട്ടിൽ ഉപയോഗിക്കാൻ. കെമിക്കൽ നിറഞ്ഞ പെയിന്‍റിൽനിന്ന് വർഷങ്ങൾ കഴിഞ്ഞാലും ഹാനികരമായ കെമിക്കലുകൾ പുറന്തള്ളപ്പെടുന്നുണ്ട്.
ചുമർ അറിഞ്ഞു വാങ്ങാം: ഏതുതരം ചുമരിലാണ് ഉപയോഗിക്കുന്നത് എന്നതും പ്രധാനമാണ്. വൻകിട കമ്പനികളുടെ പെയിന്‍റുകൾ പോലും ചുമരിൽ എത്തിയാൽ മാസങ്ങൾക്കകം അടർന്നുപോകുന്നത് പോലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്.
പരസ്യങ്ങൾക്കു പിന്നാലെ പോകേണ്ട: എപ്പോഴും പരസ്യങ്ങൾക്ക് പിന്നാലെ പോകാതെ ഗുണമേന്മയുള്ള പെയിന്‍റുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പായലും പൂപ്പലും അടുക്കില്ല എന്ന് അവകാശവാദം ഉന്നയിക്കുന്ന പെയിന്‍റുകൾ പലതും പ്രവൃത്തിയിൽവരുമ്പോൾ അതൊന്നും ഉണ്ടാവണമെന്നില്ല. വിലകുറഞ്ഞ പെയിന്‍റുകൾ അതിന്‍റെ ‘ഗുണം’ കാണിക്കുകയും ചെയ്യും. എന്നാൽ, വില കൂടിയതുകൊണ്ടും ഗുണമേന്മ പൂർണമാകണമെന്നില്ല.
പെയിന്‍റുകൾ പലവിധം
ഉപയോഗവും സ്വഭാവവും നിർമിച്ചിരിക്കുന്ന മെറ്റീരിയലും ഈടുനിൽപ്പും അനുസരിച്ച് പെയിന്‍റുകൾ വ്യത്യാസപ്പെടുന്നു. പ്രധാനമായി രണ്ട് തരത്തിലാണ് പെയിന്‍റുകൾ, ഓയിൽ ബേസ്ഡ് പെയിന്‍റും വാട്ടർ ബേസ്ഡ് പെയിന്‍റും.
വാട്ടർ ബേസ്ഡ് പെയിന്‍റ്: ഗുണമേന്മ കൊണ്ട് ഇന്നു വീടുകളുടെ പെയിന്‍റിങ്ങിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്ടർ ബേസ്ഡ് പെയിന്‍റ് ആണ്. പരിസ്ഥിതി സൗഹൃദമാണ് എന്നത് തന്നെയാണ് ഇതിന്‍റെ ആദ്യത്തെ പ്ലസ് പോയന്‍റ്. അതായത് വോളറ്റൈൽ ഓർഗാനിക് കോംപൗണ്ട് (വി.ഒ.സി) ഏറ്റവും കുറവുള്ള പെയിന്‍റ്.
പെട്ടെന്ന് ഉണങ്ങിപ്പിടിക്കുന്ന കാര്യത്തിൽ മുമ്പനാണ്. വർഷങ്ങളായാലും ഇത്തരം പെയിന്‍റുകളുടെ നിറം മങ്ങില്ല.
ഓയിൽ പെയിന്‍റ്: മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പെയിന്‍റാണിത്. ഏറെക്കാലം ഈടുനിൽക്കുന്നതാണ് പ്രധാന ആകർഷണം. പ്രൈമർ, അണ്ടർക്കോട്ട്, ഫിനിഷ് കോട്ട് എന്നീ നിലകളിലാണ് സാധാരണ ഓയിൽ പെയിന്‍റ് ഉപയോഗിക്കുന്നത്. നല്ല റിച്ച് ഫിനിഷ് നൽകുന്നു. വെള്ളത്തിനെ പ്രതിരോധിക്കുന്നതും ഏറെ നാൾ നിൽക്കുന്നതും ഇവയുടെ പ്രത്യേകതയാണ്. പെയിന്‍റ് അടിക്കാനും വൃത്തിയാക്കാനും എളുപ്പമാണ്.
മെറ്റൽ, ചുമര്, വാതിൽ, ജനൽ, അഴുക്കുപിടിച്ച പ്രതലങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാം. ട്രിം വർക്കുകൾക്ക് അനുയോജ്യം. ഉണങ്ങിപ്പിടിക്കാൻ 24 മണിക്കൂറിൽ കൂടുതൽ വേണ്ടിവരും. അതിനാൽതന്നെ ഈർപ്പം കുറഞ്ഞ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം. വി.ഒ.സി ഇതിൽ കൂടുതലാണ്.
പെയിന്‍റിങ്ങിൽ ശ്രദ്ധിക്കാം
● വൈറ്റ് സിമന്‍റ്, സിമന്‍റ് പ്രൈമർ അടിച്ചു വേണം പെയിന്‍റിങ് വർക്കിന് തുടക്കമിടാൻ. ശേഷമാണ് പുട്ടിയിടുന്നത്. തുടർന്ന് വീണ്ടും പ്രൈമർ അടിച്ചാണ് നിറത്തിലേക്ക് കടക്കുന്നത്. വാതിലും ജനലും പോളിഷ്, പെയിന്‍റ് വർക്കുകൾ പിന്നീട് ചെയ്യുന്നു.
● തടിയിൽ ഉപയോഗിക്കുന്ന പെയിന്‍റിന് ചെലവ് കുറവാണ്. പോളിഷ് കൂടി വരുമ്പോൾ ബജറ്റ് കൂടുതൽ കാണണം.
● പ്രമുഖ കമ്പനികളുടെ ക്വാളിറ്റി കുറഞ്ഞ പെയിന്‍റ് ഇറങ്ങുന്നുണ്ട്. പേര് മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ പണിയാകും.
● സ്വന്തം താൽപര്യങ്ങൾക്കൊപ്പം വർഷങ്ങൾ അനുഭവസമ്പത്തുള്ള പെയിന്‍റർമാരുടെ അഭിപ്രായം കൂടി തേടണം.
● പെയിന്‍റ് തിരഞ്ഞെടുക്കുന്ന ശ്രദ്ധ ബ്രഷ്, റോളർ കവർ, പെയിന്‍റിങ് ടേപ്പ് എന്നിവയുടെ കാര്യത്തിലും നൽകണം.
● പ്രൈമർ ഒരിക്കലും ഒഴിവാക്കരുത്. പ്രൈമറിലും വാട്ടർ ബേസ്ഡ്, ഓയിൽ ബേസ്ഡ് എന്ന വ്യത്യാസമുണ്ട്. ഇത് നോക്കി വേണം വാങ്ങാൻ. വാട്ടർ ബേസ്ഡ് പെയിന്‍റ് വേണം വീടുകൾക്ക് തിരഞ്ഞെടുക്കാൻ.
● പെയിന്‍റിങ്ങിനുശേഷം നന്നായി വെന്‍റിലേഷൻ ഉറപ്പാക്കണം.
● ആയിരം സ്ക്വയർ ഫീറ്റുള്ള വീടിന് മികച്ച പെയിന്‍റ്, പുട്ടി വർക്ക് ഉൾപ്പെടെ ചെയ്യുന്നതിന് ഒന്നര ലക്ഷത്തോളം രൂപയാണ് കുറഞ്ഞത് ചെലവാകുക. കൃത്യമായി വൃത്തിയാക്കി സൂക്ഷിച്ചാൽ ഏഴു വർഷത്തിനു മുകളിൽ വരെ പെയിന്‍റിങ് നിലനിൽക്കും.
പുട്ടി വർക്ക്
ചെലവേറെയാണെങ്കിലും ചുമരിന് പുട്ടിയിടുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. രണ്ട് കോട്ട് പുട്ടിയിട്ട് നന്നായി പേപ്പർ പിടിച്ച് സ്മൂത്താക്കിയ പ്രതലത്തിൽ വീണ്ടും പ്രൈമറിടണം.
വീട് മുഴുവൻ പുട്ടിയിടാൻ ബജറ്റ് ഇല്ലാത്തവർ കൂടുതൽ ഉപയോഗം വരുന്ന സിറ്റൗട്ട്, ലിവിങ് റൂം പോലുള്ള സ്ഥലങ്ങളിലെങ്കിലും പുട്ടിയിടാൻ ശ്രദ്ധിക്കുന്നുണ്ട്. എക്സ്റ്റീരിയർ പുട്ടി തന്നെയാണ് ഇന്‍റീരിയറിനും മിക്കവാറും ഉപയോഗിക്കുന്നത്. ടെക്സ്ചർ വർക്കിനുമുമ്പ് ടെക്സ്ചർ പുട്ടി ഉപയോഗിക്കണം. ഇതിന് വില കൂടുതലാണ്.
വേണം മെയിന്‍റനൻസ്
● പുറംഭിത്തികൾ ഇടക്ക് കഴുകി വൃത്തിയാക്കണം.
● ഇന്‍റീരിയർ ചുമരുകളിൽ പറ്റുന്ന അഴുക്കുകളും തുടച്ചു വൃത്തിയാക്കണം.
● മൂന്നുനാലു വർഷം കൂടുമ്പോൾ പാച്ച് വർക്കും ആവശ്യമായ പെയിന്‍റിങ്ങും വീണ്ടും ചെയ്യാവുന്നതാണ്.
ശ്രദ്ധ വേണം, പോളിഷ് വർക്കിൽ
വാതിലും ജനലും ഫർണിച്ചറും പോളിഷ് വർക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം.
● പോളിഷ് ചെയ്യുന്നതിന് ചുറ്റുമുള്ള സ്പേസ് വൃത്തിയായി പൊടി ഇല്ലാതെ സൂക്ഷിക്കണം.
● ചുമരുകളിലും ഫ്ലോറിലും പോളിഷ് മെറ്റീരിയൽ വീഴാതെ പൊതിഞ്ഞ് സൂക്ഷിക്കണം
● തടി ട്രീറ്റ് ചെയ്തു സീലർ അടിച്ചുകഴിഞ്ഞാൽ ഉണങ്ങുന്നതിന് ആവശ്യത്തിന് സമയം നൽകണം. അതിനുശേഷം മാത്രമേ മറ്റെന്തെങ്കിലും സ്റ്റെയിനർ ഉപയോഗിക്കാവൂ.
● വാതിലിന്‍റെയും ജനലിന്‍റെയും മരുന്ന് കട്ടയോട് ചേരുന്ന ഭാഗത്ത് സിമന്‍റ്, പ്ലാസ്റ്ററിങ് ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ പോളിഷിങ് കഴിഞ്ഞശേഷം കറുത്ത അടയാളങ്ങൾ വരും.
കമ്പനി പെയിന്‍റിങ്, കരാർ പെയിന്‍റിങ്
● കമ്പനി പെയിന്‍റിങ്ങായാലും കരാർ പെയിന്‍റിങ്ങായാലും ഗുണവും പ്രത്യേക ശ്രദ്ധ വെച്ചില്ലെങ്കിൽ ദോഷവും ഉണ്ടാകും. ഏറ്റവും പുതിയ തീമുകളും ടെക്സ്ചറുകളും പരിചയപ്പെടുത്താൻ അവർക്ക് സാധിക്കും.
● മികച്ച പെയിന്‍റ്, നിറം, ട്രെൻഡ് എന്നിവയെക്കുറിച്ച് കമ്പനികൾക്കും കരാറുകാർക്കും പറഞ്ഞുതരാൻ കഴിയും.
● കരാർ ഉണ്ടാക്കിയാൽ സമയത്തിനുള്ളിൽ വർക്കുകൾ പൂർത്തിയാക്കാൻ കഴിയും.
● കരാർ നൽകിയാലും സൂപ്പർവൈസ് ചെയ്യാൻ ആർക്കിടെക്ടിന്‍റെയോ ഉടമയുടെയോ ഭാഗത്തുനിന്ന് ആരെങ്കിലും വേണം.
● കമ്പനി പെയിന്‍റിങ്ങിന് കരാർ നൽകുമ്പോൾ, കമ്പനി സബ് കോൺട്രാക്ട് നൽകുന്നത് നന്നായി പെയിന്‍റ് ചെയ്യുന്നവർക്കാണെന്ന് ഉറപ്പുവരുത്തണം.
● ഗുണമേന്മ, ഈട് തുടങ്ങിയ കാര്യങ്ങളിൽ കമ്പനി നൽകിയ ഉറപ്പുകൾ വിശ്വസിച്ച് പെയിന്‍റ് വാങ്ങി വഞ്ചിക്കപ്പെട്ടാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിൽ പരാതി നൽകാം.
പ്രിയം വെള്ളയോട്
എക്സ്റ്റീരിയറിൽ വെള്ള നിറമാണ് ട്രെൻഡ്. വൈറ്റ് -ഗ്രേ കോംപിനേഷൻ ആണ് അതിൽ മുമ്പിൽ. ബ്രൗൺ, ഗ്രേ നിറങ്ങളുടെ വകഭേദങ്ങളും പരീക്ഷണങ്ങളും ഡിസൈനർമാർക്കിടയിൽ കടന്നുവരുന്നുണ്ട്. പുറംഭിത്തികൾ വൃത്തികേടാകുന്നതിനെ പ്രതിരോധിക്കുന്നതിനാണ് ഈ മാറ്റം പരീക്ഷിക്കുന്നത്. ഒറ്റ നിറത്തിൽ വ്യത്യസ്ത ടെക്സ്ചറുകൾ നൽകുന്നത് വീടിന് വ്യത്യസ്ത ലുക്ക് നൽകും.
ഇന്‍റീരിയറിൽ ഗ്രേഡ് എമൽഷൻ പോലുള്ള പെയിന്‍റുകൾ വീടിന്‍റെ ഉൾചുമരുകളിൽ അടിക്കാൻ ശ്രദ്ധിക്കണം. ഓഫ് വൈറ്റ് പോലുള്ള കളറുകൾക്കാണ് കൂടുതൽ പ്രിയം. ഓരോ ഇന്‍റീരിയർ സ്പേസും അനുസരിച്ച് പ്രത്യേക നിറം നൽകുന്ന രീതി ഇപ്പോഴില്ല.
ഇന്‍റീരിയറിന് പ്രീമിയം ലുക്ക് കിട്ടാൻ വ്യത്യസ്ത ഷെയിഡുകൾ പരീക്ഷിക്കാം. മിന്‍റ് ഗ്രീൻ- ഐവറി, സ്കൈ ബ്ലൂ-പെയ്ൽ പീച്ച്, യെല്ലോ-ലാവൻഡർ, ബർഗൻഡി-ഐവറി, കൊബാൾട്ട് ബ്ലൂ-സിൽവർ തുടങ്ങിയവ അവയിൽ ചിലതാണ്.
റീ പെയിന്‍റിങ്ങിനുമുമ്പ്
പെയിന്‍റ് റീ വർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, ആദ്യം അടിച്ചത് ഓയിൽ പെയിന്‍റാണോ വാട്ടർ പെയിന്‍റാണോ എന്നതാണ്. എല്ലാ ഓയിൽ പെയിന്‍റുകൾക്ക് മുകളിലും വാട്ടർ പെയിന്‍റ് അടിക്കാൻ കഴിയില്ല, തിരിച്ചും. അത്തരത്തിൽ പെയിന്‍റ് മാറ്റാൻ ആദ്യം അനുയോജ്യമായ പ്രൈമർ അടിക്കണം.
ഭിത്തിയിലെ ഈർപ്പം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ മോയിസ്റ്റർ മീറ്റർ ഉപയോഗിക്കാം. ചുമർ നന്നായി ഉരച്ച് കഴുകി വൃത്തിയാക്കണം.
ഹെയർ ലൈൻ ക്രാക്കുകളിൽ പോലും ക്രാക്ഫില്ലർ പുട്ടി ഇടണം. ചുമരിൽ വലിയ പൊട്ടലുള്ള സ്ഥലങ്ങളിൽ ചുറ്റുമുള്ള ഭാഗം കൂടി ഇളക്കിമാറ്റി റീപ്ലാസ്റ്റർ ചെയ്യണം. തുടർന്ന് വാട്ടർപ്രൂഫ് ചെയ്ത് പുട്ടിയും ഇട്ട് പെയിന്‍റ് ചെയ്യണം.
വിവരങ്ങൾക്ക് കടപ്പാട്:
ഫിലിപ്പ് ആന്‍റണി
Concept Home Decor,
Vaduthala
ശാരിക കൃഷ്ണ
Architect,
studio native hands,
Unichira, Ernakulam