വീട് നിർമിക്കാൻ പ്ലാനുണ്ടോ? എങ്കിൽ പ്രധാനമാണ് വീടിന്‍റെ പ്ലാൻ. പ്ലാൻ തയാറാക്കുംമുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
text_fieldsസ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചുവെച്ചുവേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. പ്ലോട്ടിന്‍റെ സവിഷേതകൾക്കനുസരിച്ചാകണം വീടിന്‍റെ പ്ലാൻ. പ്ലാനുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...
മികച്ച ആര്‍ക്കിടെക്ടിനെ തിരഞ്ഞെടുക്കാം
വീട് നിർമാണത്തിൽ ഒരു ആർക്കിടെക്ടിന്‍റെ സേവനം സുരക്ഷിതമായ ദീർഘകാല നിക്ഷേപമാണ്. വൈദഗ്ധ്യത്തോടെ പ്ലാൻ ചെയ്ത പ്രോജക്ട് കൂടുതൽ കാര്യക്ഷമമായും സാമ്പത്തികഭദ്രതയിലും നിർമിക്കാൻ കഴിയും.
നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പരിഗണിക്കുന്ന ആര്‍ക്കിടെക്ടിനെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ മുന്‍കാല പ്രോജക്ടുകള്‍ വിലയിരുത്തുകയും അതുമായി ബന്ധപ്പെട്ട ഫീഡ്ബാക്ക് തേടുകയും വേണം.
വേണം, തുറന്ന ആശയവിനിമയം
വീട്ടുകാരും ആർക്കിടെക്ടും തമ്മിലുള്ള തുറന്ന ആശയവിനിമയം വീടുപണിയിൽ അത്യാവശ്യമാണ്. വീട് പണിയാൻ ആഗ്രഹിക്കുന്ന ഭൂമിയുടെ സ്വഭാവം, സവിശേഷതകൾ, കുടുംബാംഗങ്ങളുടെ താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാകും ആർക്കിടെക്ട് പ്ലാൻ വരക്കുക.
വീടിന്‍റെ ഡിസൈൻ ശൈലി, ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവ എങ്ങനെ വേണമെന്ന് ആദ്യമേ ധാരണയിലെത്തണം.
ഭൂമിയുടെ സാധ്യതകളും പരിമിതികളും പരിഗണിച്ച് മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്‍റ്, സോളർ പാനലുകൾ എന്നിവയുടെ കാര്യത്തിൽ തുടക്കത്തിലേ തീരുമാനത്തിലെത്തുകയും വേണം.
ഫൈനൽ രൂപരേഖ
വരച്ചും തിരുത്തിയും ആലോചിച്ച് സമയമെടുത്ത് തയാറാക്കുന്നതാണ് വീടിന്‍റെ രൂപരേഖ. വീടിന്‍റെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്ന ഗ്രൗണ്ട് ഫ്ലോർ ആണ് ആദ്യം പ്ലാൻ ചെയ്യുക. അതിൽ വ്യക്തത വരുത്തിയശേഷം ഫസ്റ്റ് ഫ്ലോർ തീരുമാനിക്കും. തുടർന്ന് വീടിന്‍റെ എലിവേഷൻ തയാറാക്കും. ആർക്കിടെക്ടും ക്ലയിന്‍റും ഒരേ സ്വരത്തിൽ ഓക്കെ എന്ന് പറയുന്നതാണ് വീടിന്‍റെ ഫൈനൽ രൂപരേഖ.
3 ഡി
അടുത്ത ഘട്ടം വീടിന്‍റെ 3 ഡി രൂപരേഖ തയാറാക്കലാണ്. ഫൗണ്ടേഷൻ, ലിന്‍റൽ, സ്ലാബ്, സ്റ്റെയർകേസ് തുടങ്ങിയവയുടെ രൂപരേഖ നൽകുന്നത് സ്ട്രക്ചറൽ എൻജിനീയറാണ്. 3 ഡി രൂപരേഖ തയാറാക്കുന്നതിന് സമാന്തരമായി ഡീറ്റെയിൽഡ് ഡ്രോയിങ് സ്ട്രക്ചറൽ എൻജിനീയർക്ക് നൽകും. ഇതുകൂടാതെ മണ്ണ് പരിശോധന നടത്തി ഏതുവിധത്തിലുള്ള പൈലിങ് നൽകണമെന്നും തീരുമാനിക്കും.
മികച്ച പ്ലാന്‍
നമ്മുടെ ആവശ്യകതയും ബജറ്റും അനുസരിച്ച് വീടിനെ കുറിച്ചുള്ള സങ്കൽപങ്ങളും ആശയങ്ങളും പങ്കുവെക്കുക. ആവശ്യമായ മാറ്റങ്ങള്‍ ആദ്യമേ മനസ്സിലാക്കുക. ആഗ്രഹങ്ങളെല്ലാം പ്ലാനില്‍ വന്നിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്തുക.
ജീവിതത്തില്‍ വീടുപണിയുന്നത് ചിലപ്പോള്‍ ഒരു തവണയാകാം. അതില്‍ വര്‍ഷങ്ങളോളം താമസിക്കേണ്ടതാണ് എന്ന കണക്കുകൂട്ടലില്‍ വേണം പ്ലാന്‍ തീരുമാനിക്കാന്‍. നമ്മുടെ ബജറ്റും ഭൂമിയുടെ സ്വഭാവവും അതില്‍ മുഖ്യ ഘടകമാണ്.
AutoCAD, SketchUp എന്നിവ ഉപയോഗിച്ച് ഫൈനൽ ഔട്ട്പുട്ട് മുന്‍കൂട്ടിക്കണ്ട് മനസ്സിലാക്കാം.
പ്ലാന്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
പുതുക്കിപ്പണിയുന്ന വീടിന്‍റെ പഴക്കം കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. വീടുപണിയുടെ ചെലവ് എന്നു പറയുന്നത് മൊത്തം ബജറ്റിന്‍റെ അതായത്, താമസയോഗ്യമായ ഒരു വീടിന്‍റെ സ്‌ക്വയര്‍ഫീറ്റ് തുക 5000 രൂപയാണെങ്കില്‍ കെട്ടിട നിർമാണത്തിന് (സ്ട്രക്ചര്‍) വേണ്ടിവരുന്നത് 2000 രൂപയില്‍ താഴെയാണ്.
വേറെ കുറെ ഇടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിയും വരാം. അങ്ങനെ അതില്‍ സ്‌ക്വയര്‍ഫീറ്റിന് ലാഭിക്കാന്‍ സാധിക്കുന്നത് 800 രൂപയോളമായിരിക്കും. ബാക്കിയുള്ള 4200 രൂപയും അതില്‍ മുടക്കണം. എന്നാല്‍, മാത്രമേ അത് ഇപ്പോഴത്തെ ട്രെന്‍ഡിലുള്ള വീടാകൂ. അതിനുള്ള വര്‍ക്കുണ്ടോ എന്ന് ആദ്യം വിലയിരുത്തണം.
പുതിയ വീടാണെങ്കില്‍ പ്രകാശവും വായുവും പരമാവധി ലഭ്യമാകത്തക്ക രീതിയിലായിരിക്കണം ഡിസൈന്‍. ഓരോ ഇടവും ഫലപ്രദമായി ഉപയോഗിക്കുക. കാലാവസ്ഥ അനുസരിച്ച് വെന്‍റിലേഷന്‍ മെച്ചപ്പെടുത്തുക. പ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന ഭിത്തി ഡിസൈനുകള്‍ ഉള്‍പ്പെടുത്തുക.
അടിത്തറ, ഭിത്തി പരിശോധന
സ്ട്രക്ചറല്‍ എന്‍ജിനീയറുടെ സഹായത്തോടെ അടിത്തറയുടെ ശക്തി പരിശോധിക്കുക. റെനോവേഷന്‍റെ കാര്യത്തില്‍ ആര്‍ക്കിടെക്ടിനാണെങ്കിലും പൊട്ടലോ മറ്റോ ഉണ്ടെങ്കില്‍ അടിത്തറ മോശമാണെന്ന് മനസ്സിലാകും. വാട്ടര്‍ പ്രൂഫിങ് സിസ്റ്റം പുതുക്കുകയും ചെയ്യുക.
പുതിയ സൈറ്റ് ആണെങ്കില്‍ മണ്ണ് പരിശോധന നടത്തേണ്ടതാണ്. പ്രദേശത്തെ മറ്റു വീടുകള്‍ ശ്രദ്ധിച്ചാലും മാറ്റങ്ങള്‍ മനസ്സിലാക്കാം. മർദമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക. കൂടുതലായി കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന വസ്തുക്കള്‍ തിരഞ്ഞെടുക്കുക.
സ്‌പേസ് പ്ലാനിങ്
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൗകര്യം ഉറപ്പുവരുത്താനാണിത്. ഒരാളുടെ മൂവ്‌മെന്‍റ് അനുസരിച്ചാണ് അത് ചെയ്യേണ്ടത്. ഒരു റൂമില്‍ ക്രോസ് പാസേജ് വരുകയാണെങ്കില്‍ ആ റൂമിന്‍റെ സൗകര്യം നഷ്ടപ്പെടുകയാണ്.
ഏറ്റവും കുറവ് മൂവ്‌മെന്‍റ് സ്‌പേസ് കൊടുക്കുന്നിടത്താണ് പ്ലാനിന്‍റെ കാര്യക്ഷമത കാണാനാകുക. അതായത്, നടക്കേണ്ടിവരുന്ന വഴിയുടെ ദൂരം കുറക്കുക. അടുക്കളയിലെ വര്‍ക്കിങ് ട്രയാങ്ക്ൾ അതിനൊരു ഉദാഹരണമാണ്.
നിർമാണ അനുമതി
വീട് പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലാണ് നിർമാണ അനുമതിക്കായി പ്ലാൻ സമർപ്പിക്കേണ്ടത്. പ്ലാൻ പരിശോധിച്ച് അനുമതി ലഭിക്കുന്നതോടെ നിർമാണ ഘട്ടത്തിലേക്ക് കടക്കാം.
സ്വയം പ്ലാന്‍ വരക്കാന്‍ കഴിയുമോ?
ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കാൻ എളുപ്പത്തിന് സ്വയം വരക്കാമെങ്കിലും ആര്‍ക്കിടെക്ടിന്‍റെ മേല്‍നോട്ടത്തില്‍ വര്‍ക്ക് ചെയ്താലേ അതൊരു നല്ല പ്ലാന്‍ ആയിത്തീരുകയുള്ളൂ. വെന്‍റിലേഷന്‍, വിന്‍ഡ് ഡയറക്ഷന്‍, സോളാര്‍ പാത്ത് ഡയറക്ഷന്‍, ടെക്‌നിക്കല്‍ ഡിഫിക്കല്‍റ്റീസ്, മറ്റു ഹിഡന്‍ ഫീച്ചേഴ്‌സ് തുടങ്ങി പല ഘടകങ്ങളും കണക്കിലെടുത്താണ് ആര്‍ക്കിടെക്ട് മികച്ചൊരു പ്ലാനിലേക്ക് എത്തുന്നത്.
പാര്‍ട്ടീഷന്‍
കൂടുതല്‍ ഉപയോഗപ്രദമായ മള്‍ട്ടി ഫങ്ഷനല്‍ ഫര്‍ണിച്ചര്‍ ഉപയോഗിക്കുക. നിലവിലുള്ള ഭിത്തികള്‍ പൊളിക്കാതെ പാര്‍ട്ടീഷന്‍ പാനലുകള്‍ ഉപയോഗിച്ച് വേര്‍തിരിക്കാം. റൂം സൈസ് ചെറുതാണെങ്കില്‍ സ്റ്റീല്‍ ഭീം കൊടുത്ത് റൂമിനെ സപ്പോര്‍ട്ട് ചെയ്യേണ്ടിവരും. പോര്‍ട്ടബിള്‍ പാര്‍ട്ടീഷന്‍സ്, സ്ലൈഡിങ് ഡോറുകൾ എന്നിവ ഉപയോഗിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
പി.എസ്. ബിനോയ്
Architect,
PSB Architects, Kochi