പാമ്പും കള്ളനും കയറാത്തതായിരിക്കണം വീടിന്‍റെ ചുറ്റുമതിൽ. ചെലവു കുറച്ച് മതിൽ പണിയാനുള്ള വഴികളിതാ...
text_fieldsലളിതവും സുന്ദരവുമായ മതിലുകളാണ് ട്രെൻഡ്. ഒപ്പം സിമ്പിൾ ഡിസൈൻ വർക്കുകൾ, ചെടികൾ എന്നിവക്കും പ്രധാന്യം നൽകുന്നു.
ആവശ്യം അറിഞ്ഞ് തിരഞ്ഞെടുക്കാം മതിലിന്‍റെ ഡിസൈൻ. വീടിന് ചേരുന്ന ഡിസൈനിൽ ചെലവു കുറഞ്ഞ മതിൽ പണിയാനുള്ള മാർഗങ്ങൾ മനസ്സിലാക്കാം.
സിമന്‍റ് കട്ട
വീതിയും നീളവും വ്യത്യാസമുള്ള പല സൈസിലുള്ള കട്ടകളും ഇന്ന് ലഭ്യമാണ്. പടവിനു ശേഷം പ്ലാസ്റ്റർ ചെയ്ത് സംരക്ഷിക്കുന്നതാണ് ഉത്തമം. ചെങ്കല്ലോ കരിങ്കല്ലോ ഉപയോഗിച്ച് ഫൗണ്ടേഷൻ ഇട്ട ശേഷം മതിൽ കെട്ടാം. മുകളിൽ കോൺക്രീറ്റ് ഉപയോഗിച്ച് ഡിസൈനും ചെയ്യാം.
സ്നേഹമതിൽ
താരതമ്യേന ചെലവ് കുറഞ്ഞതും എളുപ്പം സ്ഥാപിക്കാവുന്നതുമാണ് ഫെറോസിമന്‍റ് കൊണ്ടുള്ള സ്നേഹമതിൽ. രണ്ടറ്റത്ത് തൂൺ വെച്ച് അതിൽ സ്ഥാപിക്കുന്ന രീതിയാണിത്. ടോപ്പിൽ പല തരത്തിലുള്ള ഡിസൈനിലും ചെയ്തുവരുന്നുണ്ട്.
പ്ലാസ്റ്റർ ചെയ്ത് സംരക്ഷിക്കുന്നതാണ് ഉത്തമം. പുട്ടി പോലുള്ളവ ഉപയോഗിച്ച് ഡിസൈൻ ചെയ്യുന്നവരുമുണ്ട്. കല്ലോ കട്ടയോ കോൺക്രീറ്റോ സ്ലാബിനടിയിൽ പാകുന്നതും നല്ലതാണ്.
ജി.ഐ പൈപ്പും ഷീറ്റും
ജി.ഐ പൈപ്പും ഷീറ്റും ഉപയോഗിച്ച് ഉറപ്പുള്ള മതിൽ പണിയാം. അഞ്ചടി അകലത്തിൽ രണ്ടിഞ്ച് ഇരുമ്പ് പൈപ്പിൽ മുക്കാൽ സെക്ഷൻ മൂന്നെണ്ണം തിരശ്ചീനമായി നൽകി പൗഡർ കോട്ടഡ് ജി.ഐ ഷീറ്റ് അടിച്ചാണ് ഇതു പ്രധാനമായും സ്ഥാപിക്കുന്നത്.
വെയിലും മഴയുംകൊണ്ട് തുരുമ്പ് വരാതിരിക്കാൻ മുൻകരുതൽ എടുക്കുന്നത് നല്ലതാണ്. അതിനായി ഇപോക്സി പ്രൈമർ അടിച്ച് മുകളിൽ പെയിന്‍റ് ചെയ്യാം. അടിയിൽ ഫൗണ്ടേഷനായി കല്ലോ കട്ടയോ കോൺക്രീറ്റോ പാകിയ ശേഷം സ്ഥാപിക്കുന്നതാണ് നല്ലത്.
പ്രീകാസ്റ്റ് മതിൽ
പ്രത്യേക മോൾഡിൽ കോൺക്രീറ്റ് ഫിൽ ചെയ്ത് നിർമിക്കുന്ന പ്രീകാസ്റ്റ് ബ്ലോക്കുകൾ മതിൽ പണിയേണ്ട സ്ഥലത്ത് നേരിട്ട് സ്ഥാപിക്കും. രണ്ടിഞ്ച് കനത്തിലുള്ള മോള്‍ഡിൽ കോൺക്രീറ്റ് ഫിൽ ചെയ്യുന്നു. ഇതിനായി സാധാരണ വീടുവാർക്കുന്ന മിക്സ് തന്നെയാണ് ഉപയോഗിക്കുന്നത്.
പണവും സമയവും ലാഭിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. സ്ഥാപിക്കാൻ ആറിഞ്ച് മാത്രമേ സ്ഥലം ആവശ്യമുള്ളൂ. കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ച് നിര്‍മിക്കുന്നതുകൊണ്ട് മതിലിന് നല്ല കെട്ടുറപ്പ് ലഭിക്കുന്നു. ഇഷ്ടാനുസാരം അഴിച്ചുമാറ്റി പുനഃസ്ഥാപിക്കുകയും ചെയ്യാം.
പഴയ ഓട്
പഴയ ഓട് വാങ്ങി അടുക്കി മതിൽ പണിയാം. ഓടിന്‍റെ വില മാത്രമേ ഇതിനു ചെലവു വരൂ. കാഴ്ചക്ക് വ്യത്യസ്തതയുമുണ്ടാവും.
പൈപ്പും ഇരുമ്പുവലയും
കാഴ്ച മറയാതെ അതിര് തിരിക്കാനാണങ്കിൽ വേലിക്കല്ലും മുള്ളുവേലിയും ചേർന്നോ അഞ്ചടി അകലത്തിൽ രണ്ടിഞ്ച് ജി.ഐ സ്ഥാപിച്ച് ഇരുമ്പുവലകൾ കമ്പികളിൽ വലിച്ചുകെട്ടിയോ മുക്കാൽ ഇഞ്ച് ജി.ഐ പൈപ്പിൽ വെൽഡ് ചെയ്തോ ചെയ്യാവുന്നതാണ്. കൃത്യമായി പെയിന്‍റ് അടിക്കാൻ ചെലവ് കൂടുതലാണ്. വള്ളിപ്പടർപ്പുകൾ കയറും എന്നത് മറ്റൊരു ന്യൂനതയാണ്.
മെറ്റൽ നെറ്റും കല്ലും
മെറ്റൽ നെറ്റിൽ പെബിൾസോ ബേബി അല്ലെങ്കിൽ കോൺക്രീറ്റ് മെറ്റലോ ഇട്ടു മതിൽ നിർമിക്കുന്ന രീതിയാണിത്. ചെലവു കുറഞ്ഞ ഈ രീതി ഭംഗിക്കൊപ്പം വേറിട്ടകാഴ്ചയും നൽകും. രണ്ടു വശത്തായി നെറ്റ് ഉറപ്പിച്ചശേഷം കല്ല് നിറക്കുകയാണ് ചെയ്യുന്നത്.
അടിത്തറയും തൂണുകളും കോൺക്രീറ്റ് ചെയ്ത് കമ്പികൊണ്ടു മെഷ് അടിച്ചു തൂണുകൾക്കിടയിൽ സ്ഥാപിച്ച ശേഷമാണ് കല്ല് നിറക്കുന്നത്. കല്ലിന്‍റെ വലുപ്പമനുസരിച്ച് നെറ്റും ചെറുതാക്കണം. ലൈറ്റ് ഘടിപ്പിച്ചാൽ രാത്രി പ്രത്യേക ഭംഗി ലഭിക്കും.
ജൈവവേലി
ഒരേ ഉയരത്തിൽ വെട്ടിയൊതുക്കിയ ജൈവവേലികൾ ഉപയോഗിച്ചും മതിൽ നിർമിക്കാം. ഇലകൾ നിറഞ്ഞ കമ്പുകൾ കൊണ്ട് സമ്പന്നമായ കുറ്റിച്ചെടികൾ അടുപ്പിച്ചു നട്ടാണ് ഇത്തരം ജൈവവേലി നിർമിക്കുന്നത്. കൃത്യമായി വെട്ടിയൊതുക്കി നിർത്തണമെന്നുമാത്രം.
സുരക്ഷ
ഏത് ഡിസൈൻ അവലംബിച്ചാലും എപ്പോഴും സുരക്ഷക്ക് തന്നെയാണ് പ്രധാന്യം നൽകേണ്ടത്. ഇഴജന്തുക്കൾ ഉള്ളയിടമാണെങ്കിൽ അതനുസരിച്ചുള്ള ഡിസൈൻ തെരഞ്ഞെടുക്കാം. കാറ്റും വെളിച്ചവും വേണ്ടയിടങ്ങളിൽ അത്തരം ഡിസൈൻ തിരഞ്ഞെടുക്കാം. മോഷ്ടാക്കളിൽനിന്ന് രക്ഷ നേടാൻ മതിൽ ഉയരത്തിൽ സ്ഥാപിച്ചാൽ മതിയെന്ന ആശയത്തിന് ഇക്കാലത്ത് പ്രസക്തിയില്ലെന്ന് പ്രത്യേകം ഓർക്കുക.
ഗ്രാമപ്രദേശത്ത് മതിലിന് അധികം ഉയരം ആവശ്യമില്ല. എന്നാൽ, പ്രധാന റോഡുകൾക്ക് അരികിലോ നഗരത്തിലോ താമസിക്കുമ്പോൾ വളരെ ഉയരം കുറഞ്ഞ മതിൽ നിർമിക്കാനാവില്ല.
കാറ്റിനു മാത്രമല്ല, വെള്ളത്തിനും കടന്നുപോകാൻ മതിലിനിടയിൽ സ്ഥലം നൽകണം. വെള്ളം കയറുന്ന സ്ഥലങ്ങളിൽ വെള്ളം തള്ളി മതിൽ തകർന്നുപോകാതിരിക്കാൻ മുൻകരുതലെടുക്കണം. പൈപ്പ് കൊണ്ടുമാത്രം ഇതു നടക്കണമെന്നില്ല. ഇടയിൽ വിടവുകളുള്ള ഡിസൈൻ നൽകാം.
പുനരുപയോഗിക്കാം
നിർമാണവസ്തുക്കൾ പുനരുപയോഗിക്കാൻ മികച്ച അവസരമാണ് മതിൽ നിർമാണം. പഴയ വീട് പൊളിച്ചു പുതിയതു നിർമിക്കുകയാണെങ്കിൽ പഴയ വീടിന്‍റെ ഇഷ്ടിക, വെട്ടുകല്ല്, കരിങ്കല്ല്, ഓട് തുടങ്ങി ഏതുതരം അവശിഷ്ടവും മതിലിന് ഉപയോഗിക്കാം. ചെലവുകുറക്കാനും ഇതു സഹായിക്കും. പഴയ തടി മഴയും വെയിലും ഏറ്റാലും കേടാകില്ല എന്നതിനാൽ സാധ്യമെങ്കിൽ മതിൽ നിർമിക്കാനെടുക്കാൻ മടിക്കേണ്ട.
ചെലവ് കുറക്കാം
ചെലവ് ഏറ്റവും കുറച്ചു മതിൽ ചെയ്യുന്നതാണ് ബുദ്ധി. അടിത്തറ വീടിന്റേതുപോലെ ബലവത്താക്കേണ്ട കാര്യമില്ല. കല്ല് കൊണ്ട് അടിത്തറ കെട്ടി മുകളിലേക്ക് ചെലവു കുറഞ്ഞ മെറ്റീരിയൽ ഉപയോഗിക്കാം. ഗ്രേഡ് കുറഞ്ഞ ഇഷ്ടിക, അരിക് നിരപ്പല്ലാത്തതോ പൊട്ടിയതോ ആയ വെട്ടുകല്ല്, സെക്കൻഡ് ഹാൻഡ് ഇഷ്ടിക എന്നിവയും പ്രയോജനപ്പെടുത്താം.