ഫ്ലാറ്റ് ഡിസൈൻ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണ്ടത് ഇവിടെ... ഫ്ലാറ്റിന്‍റെ ഇന്‍റീരിയർ ഡിസൈൻ ചെയ്യാനുള്ള വഴികളിതാ
text_fieldsനാം വാങ്ങുന്ന ഫ്ലാറ്റ് അതിന്‍റെ പൂർണതയിലെത്തണമെങ്കിൽ മനോഹരമായി അകത്തളങ്ങൾ കൂടി ഡിസൈൻ ചെയ്യണം. ഇടുക്കം തോന്നിക്കാത്ത വിധം ഇന്‍റീരിയർ ചെയ്യാനുള്ള വഴികളിതാ...
ബെഡ്റൂം ഡിസൈൻ
ബെഡ്റൂമുകൾക്ക് വെള്ള, ക്രീം, ലാവൻഡർ, ലൈറ്റ് ബ്ലൂ തുടങ്ങിയ ലൈറ്റ് നിറങ്ങൾ അനുയോജ്യമാണ്. പരീക്ഷണങ്ങൾ നടത്തണമെന്ന് ആഗ്രഹമുള്ളവർക്ക് മാത്രം കടുംനിറങ്ങൾ സെലക്ട് ചെയ്യാം.
● ഫർണിച്ചർ: ബെഡ്റൂമിലാണ് എല്ലാവരും വിശ്രമിക്കാനെത്തുന്നത്. അതുകൊണ്ട് സ്വതന്ത്രമായി നടക്കാനുള്ള സംവിധാനമുണ്ടാകണം. ഫർണിച്ചറിന്‍റെ ആധിക്യം ഉണ്ടാവരുത്. കട്ടിലിനകത്ത് സ്റ്റോറേജ് സ്പേസുള്ള മോഡലുകൾ തിരഞ്ഞെടുക്കാം.
● സീലിങ്: ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പ്രത്യേക പെയിന്റിങ്ങോ വാൾപേപ്പറോ നൽകി ഡിസൈൻ വ്യത്യസ്തമാക്കാം.
ഹൃദയം ലിവിങ് റൂം
താമസിക്കുന്നവരല്ലാതെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഇടം ലിവിങ് റൂമായിരിക്കും. കുടുംബത്തിന്‍റെ ഒത്തുകൂടലുകൾക്കും വേദിയാകും. പ്രത്യേക ശ്രദ്ധ ഇന്‍റീരിയർ ഡിസൈനിങ്ങിൽ പുലർത്തണം. ഇളം നിറങ്ങളാണ് നല്ലത്.
റൂമിന്‍റെ വലുപ്പത്തിനനുസരിച്ച് സീറ്റിങ് ക്രമീകരിക്കാൻ ആദ്യം ശ്രദ്ധിക്കണം. നടക്കാനുള്ള സ്പേസ് കണ്ടു വേണം ഫർണിച്ചറുകൾ ഒരുക്കാൻ. ഡെക്കറേറ്റിവ് ലൈറ്റിങ് വഴിയും ചുമരിലെ വാൾ പാനലിങ് വഴിയും കൂടുതൽ ആകർഷകമാക്കാം. ഇന്‍റീരിയർ പ്ലാന്‍റും ഒരുക്കാം. ഇത് സ്പേസ് അനുസരിച്ച് മാത്രം ചെയ്താൽ മതിയാകും.
ചെറുതല്ല കിച്ചൺ ഡിസൈൻ
എൽ ഷേപ്പ്, യു ഷേപ്പ്, പാരലൽ എന്നിവയിൽ അടുക്കളയിൽ ഏത് വേണമെന്ന് ആദ്യം തീരുമാനത്തിലെത്തണം. ഇതിൽ പാരലൽ കിച്ചൺ സ്പേസാണ് ഫ്ലാറ്റിന് അനുയോജ്യം.
ആവശ്യത്തിനുമാത്രം കിച്ചൺ കാബിനുകൾ ഉൾപ്പെടുത്തുക. സ്മാർട്ട് കിച്ചൺ ഇപ്പോൾ സ്ഥാപിക്കുന്നില്ലെങ്കിലും ഭാവിയിൽ അതുകൂടി മുന്നിൽക്കണ്ട് വേണം ഡിസൈൻ ചെയ്യാൻ.
ശ്രദ്ധിക്കാം, ഫ്ലാറ്റ് വാങ്ങുമ്പോൾ
● ബിൽഡറുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ തന്നെയാണോ ഫ്ലാറ്റ് ഉള്ളതെന്ന് ഉറപ്പാക്കണം. എങ്കിലും ആധാരങ്ങൾ പരിശോധിച്ച് ബാധ്യതകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കണം.
● സ്ട്രക്ചറൽ ഡിസൈൻ അംഗീകരിച്ചിട്ടുണ്ടോയെന്ന് തദ്ദേശ സ്ഥാപനങ്ങൾ വഴി പരിശോധിക്കണം. നിർമാണ നിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും ഉറപ്പാക്കണം.
● സൂപ്പർ ഏരിയയും കാർപ്പെറ്റ് ഏരിയയും ശ്രദ്ധിക്കണം. സ്റ്റൈയർകേസ്, ലോബി, എലിവേറ്റർ സ്പേസ് തുടങ്ങി പുറംഭിത്തിയുടെ കനംവരെ ഉൾപ്പെടുന്നതാണ് സൂപ്പർ ഏരിയ. എന്നാൽ, ഫ്ലാറ്റിന്‍റെ യഥാർഥ ഫ്ലോർ ഏരിയ കാർപ്പെറ്റ് ഏരിയയാകും. കാർപ്പെറ്റ് ഏരിയ എത്രയുണ്ടെന്ന് ഉറപ്പാക്കി വേണം ഫ്ലാറ്റ് വാങ്ങാൻ. സാധാരണയായി സൂപ്പർ ഏരിയയേക്കാളും 25 ശതമാനം കുറവായിരിക്കും കാർപ്പെറ്റ് ഏരിയ.
● ചിത്രങ്ങൾ കണ്ട് ഫ്ലാറ്റ് വാങ്ങരുത്. നിർമാതാവിനെ സമീപിക്കുന്നതിന് മുമ്പായി കൃത്യമായ ഗൃഹപാഠം നടത്തണം.
● പരിപാലന ചെലവിൽ ശ്രദ്ധ വേണം. നിരവധി സംവിധാനങ്ങളുടെ പരിപാലന ചെലവ് ഉടമകളിൽനിന്നായിരിക്കും ഈടാക്കുക. ഇത് കൃത്യമായി ചോദിച്ചറിയണം. കാർ പാർക്കിങ്ങിന് മതിയായ സൗകര്യം ഉണ്ടോയെന്നും ഉറപ്പാക്കണം.
● ഫ്ലാറ്റുകളുടെ നിർമാണം വൈകുന്നത് ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. ബിൽഡറുടെ മുൻകാല പ്രോജക്ടുകൾ പരിശോധിച്ച് കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാം.
സാധാരണയായി മൂന്നു മുതൽ ആറു മാസം വരെ പദ്ധതി പൂർത്തിയാക്കാൻ ബിൽഡർമാർ ആവശ്യപ്പെടാറുണ്ട്. ഇത് കരാറിൽ ചേർക്കുകയും വേണം. കരാർ ലംഘനമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. താക്കോൽ വാങ്ങുന്നതിന് മുമ്പ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നേരിൽ കണ്ട് വാങ്ങാം.
വിവരങ്ങൾക്ക് കടപ്പാട്:
ലിനീഷ് ഡേവിഡ്
Architect, LD CONCEPTS
Calicut