കുടുംബം എന്ന സങ്കൽപംതന്നെ അവതാളത്തിലാകുകയാണോ? ആശങ്കയിൽ കാര്യമുണ്ടോ എന്നറിയാം
text_fieldsആധുനിക കാലത്തെ കുടുംബബന്ധങ്ങളെക്കുറിച്ച് ഒട്ടേറെ പേർ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. ‘‘ഇപ്പോഴുള്ള പിള്ളേർക്ക് ഒന്നും ഒരു ക്ഷമയുമില്ല. ഒന്നു പറഞ്ഞു രണ്ടിന് തല്ലിപ്പിരിയുകയാണ്. ഞങ്ങളുടെ കാലത്തൊക്കെ എത്രമാത്രം പരസ്പരം സഹിച്ചും ക്ഷമിച്ചും ആണ് ജീവിച്ചത്?’’ പെട്ടെന്ന് കേൾക്കുമ്പോൾ ശരിയെന്നു തോന്നും. പണ്ടുകാലത്ത് ഇല്ലാത്തതുപോലെ വിവാഹമോചനങ്ങൾ കൂടിവരുന്നു. ദാമ്പത്യ കലഹങ്ങളും അതോടനുബന്ധിച്ച കേസുകളും കൂടിവരുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു.
കുടുംബം എന്ന മനോഹരസങ്കൽപംതന്നെ അവതാളത്തിലാകുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കാറുണ്ട്. എന്നാൽ, ഈ ആധുനിക കാലത്തും ദൃഢമായ രീതിയിൽ ബന്ധങ്ങളെ ഭദ്രമാക്കി ആഹ്ലാദകരമായ കുടുംബജീവിതം നയിക്കുന്ന ധാരാളം ആളുകളുണ്ട് എന്ന യാഥാർഥ‍്യവും മനസ്സിലാക്കേണ്ടതുണ്ട്.
വേഗമേറിയ ഡിജിറ്റൽ കാലത്തും എങ്ങനെയാണ് കുടുംബജീവിതത്തിന്‍റെ ഇഴയടുപ്പം തകരാതെ ഇവർ സൂക്ഷിക്കുന്നത്? വിവാഹേതര ബന്ധങ്ങൾ വ്യാപകമായ ഈ കാലത്തും പരസ്പരവിശ്വാസം പുലർത്തി മുന്നോട്ടുപോകാൻ എങ്ങനെ കഴിയുന്നു? കുട്ടികളുടെമേൽ മാതാപിതാക്കൾക്ക് സ്വാധീനം നഷ്ടപ്പെടുന്നു എന്നു പറയപ്പെടുന്ന ഇക്കാലത്തും കുട്ടികളോട് ദൃഢമായ ആത്മബന്ധം നിലനിർത്തുന്ന ധാരാളം രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട് എന്ന സത്യം കാണാതിരിക്കാനാവില്ല.
വേഗംകൂടിയ ഡിജിറ്റൽ കാലം
30 വർഷം മുമ്പുണ്ടായിരുന്ന ലോകത്തിൽനിന്ന് ആധുനിക കാലത്തെ വ്യത്യസ്തമാക്കുന്നത് ഡിജിറ്റൽ വിപ്ലവത്തിന്‍റെ വരവോടെ ജീവിതത്തിന്‍റെ ഗതിവേഗത്തിലുണ്ടായ മാറ്റമാണ്. അക്കാലത്ത് സിനിമ കാണണമെങ്കിൽ തിയറ്ററിൽ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കേണ്ടിയിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കണമെങ്കിൽ അവിടെ പോകണമായിരുന്നു.
എന്തിനേറെ, ഒരു വ്യക്തിയോട് പ്രണയം തോന്നിയാൽ അത് കത്ത് മുഖേന അവതരിപ്പിച്ചശേഷം മറുപടിക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടിയിരുന്നു. മനസ്സിൽ ഒരു ആഗ്രഹം തോന്നുകയും അത് സഫലമാവുകയും ചെയ്യുന്നതിന് ഇടക്കുള്ള ഈ ഇടവേള സമയംകൊല്ലി ആയിരുന്നെങ്കിൽപോലും ആഗ്രഹം സഫലമായാലും ഇല്ലെങ്കിലും മനസ്സിനെ പാകപ്പെടുത്താനുള്ള കാലമായി കൂടി പ്രവർത്തിച്ചിരുന്നു.
സ്വാഭാവികമായും ആഗ്രഹം തിരസ്കരിക്കപ്പെട്ടാൽപോലും അതുമായി സമരസപ്പെടാൻ ഈ സമയത്തിന്‍റെ ഇടവേള മനുഷ്യനെ പ്രാപ്തമാക്കിയിരുന്നു. എന്നാൽ, ഡിജിറ്റൽ കാലത്ത് എന്ത് ആഗ്രഹിച്ചാലും നിമിഷനേരം കൊണ്ട് ചില ഡിജിറ്റൽ ഉപകരണങ്ങളിൽ ക്ലിക്ക് ചെയ്ത് വളരെ വേഗം ആഗ്രഹം സഫലമാക്കാൻ കഴിയുന്നു.
സ്വാഭാവികമായും ഇത് മനുഷ്യസ്വഭാവത്തിൽ ഒരു അസഹിഷ്ണുതയും എടുത്തുചാട്ട സ്വഭാവവും ഉണ്ടാകാൻ കാരണമായിരിക്കുന്നു. ആഗ്രഹങ്ങൾ സാധിക്കാതെ വന്നാൽ ക്ഷുഭിതനായി പ്രതികരിക്കുന്ന സ്വഭാവം മനുഷ്യരിൽ കൂടിക്കൂടിവരുന്നു.
മൂന്നു പതിറ്റാണ്ട് മുമ്പ് മനുഷ്യർക്ക് വിനോദത്തിനുള്ള പ്രധാന മാർഗം പരസ്പരമുള്ള കൂടിച്ചേരലുകളും കൂട്ടായ്മകളുടെ ഭാഗമായുള്ള ആശയവിനിമയവുംതന്നെയായിരുന്നു. ഒറ്റക്കിരുന്ന് വിനോദത്തിൽ ഏർപ്പെടാനുള്ള മാർഗം അന്ന് വിരളമായിരുന്നു. എന്നാൽ, ആധുനിക ലോകത്തെ മനുഷ്യന് ആനന്ദം കണ്ടെത്താൻ തന്‍റെ ഡിജിറ്റൽ ഉപകരണംതന്നെ ധാരാളമാണ്.
സ്വാഭാവികമായും പരസ്പരബന്ധങ്ങളും അവയുടെ ഊഷ്മളതയുമൊക്കെ കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. ഈ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ കുടുംബബന്ധങ്ങൾ നിലനിർത്താൻ കുടുംബത്തിലെ ഓരോ അംഗവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
പുതുകാലത്തെ ഗൃഹനാഥൻ
● ജനാധിപത്യ ബോധം: കഴിഞ്ഞ തലമുറയിലെ ഗൃഹനാഥൻ പലപ്പോഴും കുടുംബത്തിന്‍റെ അധികാരകേന്ദ്രമായിരുന്നു. അദ്ദേഹത്തിന്‍റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് കുടുംബാംഗങ്ങൾ അവരുടെ ജീവിതത്തിലെ കാര്യങ്ങൾ ചെയ്തിരുന്നതുപോലും.
എന്നാൽ, പുതിയ കാലത്ത് കൂടുതൽ ജനാധിപത്യബോധമുള്ള ഗൃഹനാഥനെയാണ് ആവശ്യം. ജീവിതപങ്കാളിയെയും മക്കളെയും സ്നേഹിക്കുന്നതിനൊപ്പം ആദരിക്കുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവക്കുകൂടി പ്രാധാന്യം നൽകി ചർച്ചയിലൂടെ കൂട്ടായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോവുകയും ചെയ്യുന്ന ഗൃഹനാഥർ കുടുംബങ്ങളിൽ ജനാധിപത്യ അന്തരീക്ഷം കൊണ്ടുവരുന്നു.
● ഒരുമിച്ച് ഇരിക്കാം
ഏകപക്ഷീയമായി സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപിക്കുന്ന ഗൃഹനാഥന്മാർക്ക് ഇന്നത്തെ കുടുംബങ്ങളിൽ നിലനിൽക്കാൻ പ്രയാസമാണ്. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂറെങ്കിലും ‘ക്വാളിറ്റി ടൈം’ കുടുംബാംഗങ്ങൾ ഒരുമിച്ച് ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ഗൃഹനാഥന്റെ പ്രാഥമിക ദൗത്യം.
● മികച്ച ശ്രോതാവ്: കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുമ്പോൾ ഓരോരുത്തരുടെയും ജീവിതത്തിൽ ആ ദിവസം നടന്ന സംഭവങ്ങൾ തുറന്നു ചർച്ചചെയ്യാം. കുട്ടികളുടെ ജീവിതത്തിലുണ്ടായ ഓരോ കാര്യവും ചോദിച്ചു മനസ്സിലാക്കാം. നല്ലൊരു ശ്രോതാവായിരുന്ന് കുടുംബാംഗങ്ങളെ കേൾക്കുന്ന ജോലിയാണ് ഇവിടെ ഗൃഹനാഥൻ പ്രധാനമായും ചെയ്യേണ്ടത്.
● എല്ലാവരുടെയും അഭിപ്രായം കേൾക്കാം
വീട്ടിൽ എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ, ഉദാഹരണത്തിന് ഒരു വാഹനം വാങ്ങുക അല്ലെങ്കിൽ എവിടെയെങ്കിലും വിനോദയാത്രക്കു പോകുക തുടങ്ങിയ തീരുമാനങ്ങൾ എടുക്കുംമുമ്പ് കുടുംബാംഗങ്ങളുടെയെല്ലാം അഭിപ്രായം കേൾക്കുന്ന സ്വഭാവം ഗൃഹനാഥൻ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
പലപ്പോഴും അപ്രായോഗികവും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതുമായ ആഗ്രഹങ്ങൾ കുട്ടികൾ പറയാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ ചോദിക്കാതെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് പല വീടുകളിലുമുള്ളത്. എന്നാൽ, ഇത് കുട്ടികളുടെ മനസ്സിൽ കടുത്ത മാനസിക സംഘർഷത്തിന് കാരണമാകാം. എന്നാൽ, കുട്ടികളുടെ താൽപര്യംകൂടി കേൾക്കുന്ന സ്വഭാവം കുടുംബനാഥൻ കാട്ടുന്നപക്ഷം കാര്യങ്ങൾ കൂടുതൽ സുഗമമാകും.
● ക്ഷമയോടെ കേൾക്കാം
ഇനി കുട്ടികൾ പറയുന്നത് സാമ്പത്തികമായി സാധ്യമായ ആഗ്രഹമല്ലെങ്കിൽകൂടി അവർ പറയുന്ന കാര്യങ്ങളെല്ലാം ക്ഷമയോടെ കേട്ടശേഷം അതിന്‍റെ അപ്രായോഗികത സമാധാനപരമായി അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്ന ഒരു ഗൃഹനാഥനെയാണ് കാലം ആവശ്യപ്പെടുന്നത്. ജീവിതപങ്കാളിയുടെ പ്രയാസങ്ങൾ മനസ്സിലാക്കി സഹകരിക്കുന്ന ആളായിരിക്കണം ഗൃഹനാഥൻ. അവർക്ക് പറയാനുള്ള കാര്യങ്ങൾകൂടി ക്ഷമയോടെ കേൾക്കാൻ സമയം കണ്ടെത്തണം.
● പുതു സാങ്കേതികവിദ്യകൾ പഠിച്ചെടുക്കാം:
ആധുനിക തലമുറയിലെ കുട്ടികൾ ഭൂരിപക്ഷവും മൊബൈൽ അടക്കമുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടിയവരാണ്. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ വൈദഗ്ധ്യം ഇല്ലാതെ വരുന്ന ഗൃഹനാഥന്മാർ പലപ്പോഴും വലിയ പ്രതിസന്ധികൾ നേരിടാൻ സാധ്യതയുണ്ട്. കുട്ടികളെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ പഠിപ്പിക്കുമ്പോൾതന്നെ കുട്ടികളിൽനിന്ന് പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുക്കാനുള്ള ക്ഷമ ഗൃഹനാഥന്മാർ കാണിക്കേണ്ടതുണ്ട്.
കുട്ടികളുടെ നല്ല സുഹൃത്തായിരിക്കാം
കുട്ടികളുടെ നല്ല സുഹൃത്തായിരിക്കാൻ ഗൃഹനാഥന് സാധിച്ചാൽ തീർച്ചയായും കുടുംബാന്തരീക്ഷം ഉല്ലാസകരമാകും. കൊച്ചുകുട്ടികളോടൊപ്പം ദിവസേന അരമണിക്കൂറെങ്കിലും കളിക്കാൻ ഗൃഹനാഥൻ സമയം കണ്ടെത്തണം.
കുട്ടികൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ പല വീടുകളിലും ഗൃഹനാഥൻ അവരുമായുള്ള ആശയവിനിമയങ്ങൾ പൂർണമായി വിച്ഛേദിക്കുന്നത് കാണാൻ കഴിയും. ആ പ്രായത്തിലുള്ള കുട്ടികൾക്ക് കേവലം വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ മാത്രമാണുള്ളത് എന്നതാണ് പല ഗൃഹനാഥന്മാരുടെയും തെറ്റിദ്ധാരണ. എന്നാൽ, കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളും സ്നേഹം ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾതന്നെയാണ് എന്ന യാഥാർഥ്യബോധം ഗൃഹനാഥന്മാർക്ക് ഉണ്ടാകേണ്ടതുണ്ട്.
കുട്ടികൾ ചോദിക്കുന്ന സംശയങ്ങൾക്ക് ക്ഷമാപൂർവം മറുപടി നൽകിയും ജീവിതത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ള വിഷയങ്ങൾ- ലഹരിയും ലൈംഗികതയും പ്രണയവും സൗഹൃദവും അടക്കമുള്ള കാര്യങ്ങളൊക്കെ തന്നെ- ഒരു കൂട്ടുകാരൻ എന്ന വിധം തുറന്നു ചർച്ചചെയ്യാൻ മനസ്സുകാട്ടുന്ന ഒരു ഗൃഹനാഥനെയാണ് ആധുനിക കാലമാവശ്യപ്പെടുന്നത്.
പുതിയ കാലത്തെ വീട്ടമ്മ
ആധുനിക കാലത്ത് പല കുടുംബങ്ങളിലും സ്ത്രീകൾ ജോലിചെയ്ത് വരുമാനം ഉണ്ടാക്കുന്നവരായതുകൊണ്ടുതന്നെ യാഥാസ്ഥിതിക അർഥത്തിലുള്ള ‘വീട്ടമ്മ’ എന്ന സങ്കൽപത്തിന് കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്. എങ്കിലും ഒരു കുടുംബത്തിൽ ഒരു ഭാര്യ അല്ലെങ്കിൽ അമ്മ നിർവഹിക്കേണ്ട പ്രധാനപ്പെട്ട ദൗത്യങ്ങൾ ചിലതുണ്ട്.
കുടുംബത്തിന്‍റെ സ്ഥിരത നിലനിർത്തുന്ന അച്ചുതണ്ടാണ് വീട്ടമ്മ. ഭർത്താവും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുപോകാൻ ഏറ്റവും നന്നായി സാധിക്കുന്നതും അമ്മക്കു തന്നെയാണ്. സ്വന്തം ജോലിത്തിരക്കുകൾക്കിടയിൽപോലും ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള പ്രാഗല്ഭ്യം പല കുടുംബങ്ങളെയും സവിശേഷമാക്കുന്നു.
● കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത
കുടുംബത്തിൽ വരുമാനം കൂടുതൽ കൊണ്ടുവരുന്നത് ഭർത്താവാണെങ്കിലും ഭാര്യയാണെങ്കിലും വീടിന്‍റെ ധനകാര്യ മന്ത്രി സ്ഥാനം ഭാര്യ അലങ്കരിക്കുന്നതാണ് എപ്പോഴും നല്ലത്. ലക്ഷ്യബോധമില്ലാതെ പണം ചെലവിടുന്ന ഭർത്താവിനെയും ജീവിതത്തിന്‍റെ യാഥാർഥ്യങ്ങൾ അറിയാതെ വിലപിടിപ്പുള്ള കാര്യങ്ങൾ ആഗ്രഹിക്കുന്ന മക്കളെയും നിയന്ത്രിച്ചുനിർത്തിക്കൊണ്ടു തന്നെ കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സ്ത്രീകൾക്ക് കൂടുതൽ നന്നായി സാധിക്കും. കുടുംബ വരുമാനത്തിന്‍റെ നിശ്ചിത ശതമാനം നിക്ഷേപങ്ങളിലൂടെ ഭാവിക്കുവേണ്ടി കരുതിവെക്കാൻ സ്ത്രീകൾതന്നെ മുൻകൈയെടുക്കുന്നതാണ് അഭികാമ്യം.
● വിനോദത്തിനു സമയം കണ്ടെത്തണം
കുട്ടികളുടെ നല്ലൊരു കൂട്ടുകാരിയായും ഭർത്താവിന്‍റെ ഔദ്യോഗിക ജീവിതത്തിലടക്കമുള്ള പ്രതിസന്ധികൾ മനസ്സിലാക്കി ആരോഗ്യകരമായ അഭിപ്രായങ്ങൾ പറയുന്ന പങ്കാളിയായും സ്ത്രീക്ക് പ്രവർത്തിക്കാൻ സാധിക്കണം. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വിനോദത്തിന് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
ആഴ്ചയിൽ ഒരിക്കലെങ്കിലും കുട്ടികളോടൊപ്പം പുറത്തുപോവുക. വർഷത്തിലൊരിക്കലെങ്കിലും ഏതാനും ദിവസം നീണ്ടുനിൽക്കുന്ന വിനോദയാത്രകൾ ആസൂത്രണം ചെയ്യുക എന്നതും അമ്മ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. അവനവന്‍റെയും ഭർത്താവിന്‍റെയും ജോലിത്തിരക്കുകൾ മനസ്സിലാക്കിക്കൊണ്ടുതന്നെ വളരെ നേരത്തേ ഈ അവധിക്കാലം ആസൂത്രണംചെയ്യാം. ഇതുവഴി കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം ശക്തമാക്കാൻ സാധിക്കും.
● മധ്യസ്ഥത വഹിക്കൽ
കുട്ടികളും അച്ഛനും തമ്മിൽ ഉണ്ടാകുന്ന വഴക്കുകൾക്ക് മധ്യസ്ഥത വഹിച്ച് അതൊരു വലിയ പ്രശ്നമായി മാറാതെ സൂക്ഷിക്കേണ്ടതും അമ്മയുടെ ദൗത്യമാണ്. കുട്ടികളെ ആശങ്കപ്പെടുത്തുന്ന ഏതു വിഷയവും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അമ്മമാർ അവർക്ക് നൽകേണ്ടതുണ്ട്.
കുടുംബത്തിന് അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രശ്നങ്ങളിൽ കുട്ടികൾ ചെന്നുപെട്ടാൽപോലും എടുത്തുചാടി അവരെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാതെ സമാധാനപരമായി ചർച്ചയിലൂടെ അത് രമ്യമായി പരിഹരിക്കാൻ അമ്മ മുൻകൈയെടുക്കേണ്ടതുണ്ട്.
● തിരിച്ചറിയാം പോസിറ്റിവും നെഗറ്റിവും
എല്ലാം തികഞ്ഞ വ്യക്തികൾ ആരുംതന്നെ ലോകത്തിലില്ല എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സ്വന്തം ഭർത്താവിന്‍റെ പരിമിതികൾ മനസ്സിലാക്കുന്നതോടൊപ്പംതന്നെ അദ്ദേഹത്തിന്‍റെ നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ് അവ കുടുംബജീവിതത്തിൽ ഏറ്റവും ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാം എന്ന് ഭർത്താവിന് ദിശാബോധം നൽകേണ്ടതും ഉത്തമയായ ഭാര്യയുടെ ജോലി തന്നെയാണ്. മറിച്ച് നിരന്തരം കുറ്റപ്പെടുത്തുന്ന രീതി ഭാര്യ അവലംബിച്ചാൽ അത് കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമാകും.
● ഒന്നിച്ചിരിക്കാൻ സമയം കണ്ടെത്തണം
കുടുംബാംഗങ്ങളുടെ വീട്ടിലെ ഡിജിറ്റൽ ഉപയോഗം ക്രമീകരിച്ചുനിർത്താൻ മുൻകൈയെടുക്കേണ്ടതും വീട്ടമ്മയുടെ ദൗത്യങ്ങളിൽപെടുന്നു. ദിവസേന രണ്ടു മണിക്കൂറെങ്കിലും പൂർണമായും ഡിജിറ്റൽ ഉപകരണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള സമയം അത്യാവശ്യമാണ്. പരസ്പരം സംസാരിക്കാനും ഭക്ഷണം കഴിക്കാനും ജീവിതത്തിലെ യാഥാർഥ‍്യങ്ങൾ പങ്കുവെക്കാനുമൊക്കെ ഈ സമയം പ്രയോജനപ്രദമാണ്.
വൈകുന്നേരങ്ങളിലെ ഡിജിറ്റൽ ഉപയോഗം കുടുംബാംഗങ്ങൾ എല്ലാംതന്നെ ഒരു മണിക്കൂറായി പരിമിതപ്പെടുത്തണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ ഒരു മാതൃക കാട്ടിയാൽ കുട്ടികളെ കൊണ്ടും ഈ രീതി പിന്തുടരാൻ പ്രേരിപ്പിക്കാൻ അനായാസം സാധിക്കും.
കുടുംബവും കുട്ടികളും
പല കുടുംബങ്ങളിലും കുട്ടികളും മുതിർന്നവരും തമ്മിലുള്ള ആശയവിനിമയം ശിഥിലമാണ്. അച്ഛനും അമ്മയും കുട്ടികളും ഒക്കെ വൈകുന്നേരം വീട്ടിൽ വന്നശേഷം സ്വന്തം മുറിക്കുള്ളിൽ അവരവരുടെ ഡിജിറ്റൽ ഉപകരണങ്ങളുമായി സ്വകാര്യമായ സമയം ചെലവഴിക്കുന്ന അവസ്ഥ പല വീടുകളുടെയും ശാപമാണ്.
ഓൺലൈനിലൂടെ വികസിപ്പിച്ചെടുക്കുന്ന സൗഹൃദങ്ങൾ ജീവിതത്തിൽ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പം കാണും എന്ന മിഥ്യാധാരണയാണ് പല ചെറുപ്പക്കാരെയും നയിക്കുന്നത്. എന്നാൽ, ഇതൊരു തെറ്റായ വിചാരമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും ജീവിതത്തിൽ പ്രതിസന്ധികൾ രൂപപ്പെട്ടേക്കും.
● പ്രതിസന്ധികളിൽ താങ്ങാവുന്ന മാതാപിതാക്കൾ
ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും ഒരു ഉപാധിയുമില്ലാതെ തന്നെ പിന്തുണക്കാൻ സാധ്യതയുള്ളത് മാതാപിതാക്കളാണ് എന്ന യാഥാർഥ‍്യം മനസ്സിലാക്കുകയാണ് കുട്ടികൾ പ്രധാനമായും ചെയ്യേണ്ടത്. ഈയൊരു ധാരണയിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിൽ മാതാപിതാക്കളുടെ പെരുമാറ്റത്തിനും നിർണായക പങ്കുണ്ട്.
● മാതാപിതാക്കളോട് തുറന്നുപറയാം
ചെറുപ്രായം തൊട്ടുതന്നെ മാതാപിതാക്കളുമായി സുതാര്യമായ ബന്ധം നിലനിർത്തുന്നതാണ് കുട്ടികൾക്ക് ആരോഗ്യകരo. സ്കൂളിലോ കളിസ്ഥലത്തോ യാത്രാവേളയിലോ നടന്ന ഓരോ സംഭവവും മാതാപിതാക്കളോട് തുറന്നുപറയാൻ ശ്രദ്ധിക്കാം. ഇത്തരം സമയങ്ങളിൽ നല്ലൊരു ശ്രോതാവായിരിക്കാൻ മാതാപിതാക്കൾകൂടി താൽപര്യം കാട്ടിയാൽ ആ ആശയവിനിമയം സുഗമമായി മുന്നോട്ടുപോകും.
● മാതാപിതാക്കളെ കേൾക്കാം
മാതാപിതാക്കൾ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്ന കാര്യങ്ങൾ സ്വീകരിക്കാനും സ്വാംശീകരിക്കാനുമുള്ള മനോഭാവം കുട്ടികൾക്കും ഉണ്ടാകേണ്ടതുണ്ട്. തന്‍റെ ഓൺലൈൻ സൗഹൃദങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തുന്നതാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം ആരോഗ്യകരം.
ജാഗ്രത വേണം, ബന്ധങ്ങൾ ശിഥിലമാകാതിരിക്കാൻ
ലോക്ഡൗൺ വന്നതോടെ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം കുട്ടികളുടെ ഇടയിൽ വർധിച്ചുവരുകയാണ്. സ്വന്തം അവകാശങ്ങൾ സംരക്ഷിക്കണം എന്നമട്ടിലുള്ള ഉദ്ബോധനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. മാതാപിതാക്കളുടെ മുന്നിൽപോലും സ്വന്തം അവകാശങ്ങൾ നേടിയെടുക്കണം എന്ന മട്ടിലുള്ള വിഡിയോകൾ ധാരാളമാണ്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സന്ദേശം അധ്യാപകരോടുള്ള മനോഭാവത്തെക്കുറിച്ചാണ്. അധ്യാപകർ മറ്റേത് തൊഴിലുംപോലെ ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്നവരാണെന്നും അവർക്ക് പ്രത്യേകിച്ചൊരു ആദരവ് ആവശ്യമില്ലെന്നും ചില സന്ദേശങ്ങൾ പറയുന്നു.
മാതാപിതാക്കളെക്കുറിച്ചും സമാനമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നുണ്ട്. സ്വന്തം കുട്ടികൾക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുക എന്നത് മാതാപിതാക്കളുടെ അടിസ്ഥാന ധർമമാണ് എന്നും അങ്ങനെ ചെയ്യുന്നതിനെ ത്യാഗമായി ചിത്രീകരിക്കേണ്ടതില്ല എന്നും അത്തരം വിഡിയോകളിൽ പറയുന്നു.
സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള ബോധവും അതിനനുസൃതമായ പ്രവർത്തനങ്ങളും ഒക്കെ നല്ലതാണെങ്കിലും ആ അവകാശബോധം കുടുംബത്തിലെ വ്യക്തി ബന്ധങ്ങളെ ശിഥിലമാക്കാതിരിക്കാനുള്ള ജാഗ്രത യുവതലമുറ പുലർത്തേണ്ടതുണ്ട്.
സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് വീട്ടിൽ മാതാപിതാക്കളുമായി തുറന്ന ചർച്ച നടത്താം. അഭിപ്രായഭിന്നതകൾ പ്രതിപക്ഷ ബഹുമാനത്തോടെ പ്രകടിപ്പിക്കാനുള്ള സംവാദവേദികളായി ഇവയെ മാറ്റിയെടുക്കാം. എന്നാൽ, ഒരിക്കൽപോലും പരസ്പര ബഹുമാനമില്ലാത്ത തർക്കങ്ങളായി അധഃപതിക്കാതിരിക്കാൻ വേണ്ട ശ്രദ്ധ ഇരുകൂട്ടരും പുലർത്തേണ്ടതുണ്ട്.