മനസ്സുണ്ടെങ്കിൽ നമുക്കാവശ്യമുള്ള പച്ചക്കറികളെല്ലാം സ്വയം കൃഷിചെയ്തെടുക്കാം
text_fieldsകുടുംബത്തിന്റെ മാനസികാരോഗ്യത്തിനൊപ്പം പ്രധാനമാണ് ശാരീരിക ആരോഗ്യവും. ഇന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം കീടനാശിനികളുടെ സാന്നിധ്യമുണ്ട്. ഇത് ഒരു പരിധി വരെ ഒഴിവാക്കാനുള്ള മാർഗമാണ് അടുക്കളത്തോട്ടം. നമുക്കാവശ്യമുള്ള പച്ചക്കറികളെല്ലാം സ്വയം കൃഷിചെയ്തെടുക്കാം.
വലിയ അധ്വാനമൊന്നും അതിനു വേണ്ട. പാചകംപോലെ കുടുംബത്തിന് ഒന്നിച്ച് സമയം ചെലവഴിക്കാനുള്ള അവസരമാക്കി കൃഷിയെ മാറ്റുകയും ചെയ്യാം. വിത്തുനടലും നനക്കലും കളപറിക്കലും വിളവെടുക്കലും ഒരുമിച്ച് ചെയ്യാം.
ആഴ്ചയിലൊരിക്കൽ കൃഷിത്തോട്ടത്തിൽ ഒരുമിച്ച് കുറച്ചു നേരം ചെലവഴിച്ചാൽ അത് കൊണ്ടുവരുന്ന മാറ്റം അറിഞ്ഞുതന്നെ മനസ്സിലാക്കണം. മൊബൈൽ ഗെയിമുകൾക്കോ സിനിമക്കോ പോലും പകരംവെക്കാൻ സാധിക്കാത്ത ഒന്നായിരിക്കും അത്. നല്ല അടുക്കളത്തോട്ടം ഉണ്ടാക്കിയെടുക്കാനുള്ള ചില കാര്യങ്ങൾ...
● വീടിനു ചുറ്റും സ്ഥലമില്ലാത്തവർക്ക് ടെറസിൽ ഗ്രോബാഗുകളിൽ കൃഷി ചെയ്യാം. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ഗ്രോബാഗുകളിൽ നിറച്ചുവേണം തൈകൾ നടാൻ.
● വലുപ്പമുള്ള ചാക്കുകളും ചെടിച്ചട്ടികളും കൃഷിക്ക് ഉപയോഗിക്കാം. ഇവ ഇഷ്ടികക്കു മുകളിൽ വെക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടില്ല.
● പ്ലാസ്റ്റിക് കുപ്പികൾ മുറിച്ചെടുത്തും തൈകൾ നട്ടുവളർത്താം. അധികം ആഴത്തിൽ വേരിറങ്ങാത്ത ചീര, മല്ലിയില, പുതിന എന്നിവ ഇങ്ങനെ വളർത്താം.
● മുട്ടത്തോടുകളിൽ ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റും നിറച്ച് തൈകൾ മുളപ്പിക്കാം. പ്ലാസ്റ്റിക് ട്രേകൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദമാക്കാം.
● നടുന്നതുപോലെതന്നെ നനയിലും നല്ല ശ്രദ്ധ വേണം. സ്പ്രേയർ പോലുള്ളവ ഉപയോഗിച്ചാൽ അമിത ജലനഷ്ടം തടയാം. തൈകൾ ചീഞ്ഞുപോകുന്നതും ഒഴിവാക്കാം.
● അടുക്കളത്തോട്ടത്തിന് ജൈവവളമാണ് ഏറ്റവും നല്ലത്. അടുക്കളമാലിന്യം ബയോ കമ്പോസ്റ്റാക്കി മാറ്റിയാൽ നല്ല വളമായി. ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കുമൊക്കെ ഉപയോഗിക്കാം.
● കീടങ്ങളെ അകറ്റാൻ പുകയിലക്കഷായം, കാന്താരിമുളക് ലായനി, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിക്കാം.