അമ്മമാർക്ക് മക്കളിൽനിന്ന് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്
text_fieldsഉണ്ണിക്കുട്ടൻ പതിയെ തനിച്ച് നടക്കാൻ ശ്രമിക്കുകയാണ്. ആദ്യശ്രമത്തിൽതന്നെ ഒരു ചുവടുവെച്ചതും താഴെ വീണു. തോൽക്കില്ലെന്ന നിശ്ചയത്തോടെ വീണ്ടും എഴുന്നേറ്റുനടക്കാൻ ശ്രമിച്ചു. വീണ്ടും വീണു.
നടക്കാനുള്ള ശ്രമവും വീഴ്ചയും ആവർത്തിച്ചുകൊണ്ടേയിരുന്നു. ഓരോ വീഴ്ചയിലും നിരാശപ്പെട്ട് പിന്മാറാതെ വീണ്ടും ശ്രമം തുടർന്നു. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ ഉണ്ണിക്കുട്ടൻ തെളിയിച്ചു, തനിക്ക് ഒറ്റക്ക് നടക്കാൻ സാധിക്കുമെന്ന്.
ഓരോ ശ്രമങ്ങളും പല ദിവസങ്ങളായി അമ്മ മായയുടെ കണ്ണുകളിൽകൂടി കടന്നുപോയ്ക്കൊണ്ടിരുന്നു. ആ കാഴ്ച അമ്മയുടെ മനസ്സിലും പുതിയൊരു പാഠം പകർന്നുനൽകി. വീഴ്ചകളിൽ തളരാതെ, നിരാശപ്പെടാതെ, വീണ്ടും വീണ്ടും പരിശ്രമിച്ച് വിജയം തേടണമെന്ന പാഠം.
നിനക്കൊന്നും അറിയില്ല, എന്‍റെയത്രയും ലോകപരിചയമില്ല, അതുകൊണ്ട് ഞാൻ പറയുന്നതെല്ലാം അനുസരിച്ചാൽ മതി എന്ന് ശാഠ്യം പിടിക്കാതെ, മക്കളിൽനിന്ന് പല കാര്യങ്ങളും അമ്മമാർക്കും പഠിക്കാനുണ്ടെന്ന് തിരിച്ചറിയുക. കൊച്ചുകുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽനിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

മുൻവിധിയില്ലാതെ പെരുമാറുക
മനസ്സിൽ കളങ്കമേൽക്കാത്ത കുട്ടികൾ എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. എന്നാൽ, ഓരോ കാര്യത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ലഭ്യമായ പരിമിത അറിവും മുൻ അനുഭവവും വെച്ചായിരിക്കും പ്രായം കൂടുമ്പോൾ ചിലർ മറ്റുള്ളവരോട് പെരുമാറുന്നത്. മുൻവിധികൾ ചിലപ്പോൾ ശരിയാകണമെന്നില്ല. മുൻവിധിയില്ലാതെ മറ്റുള്ളവരോട് പെരുമാറാം.
നിരന്തര പരിശ്രമം
പലതവണ വീണിട്ടും നിരാശപ്പെടാതെ, എന്നെക്കൊണ്ടൊന്നും പറ്റില്ല എന്ന തെറ്റായ നിഗമനത്തിലെത്താതെ വീണ്ടും ശ്രമിച്ചപ്പോഴാണ് ഓരോ കുട്ടിയും നടക്കാൻ പഠിച്ചത്. ആ മനോഭാവവും വീഴ്ചകളിൽ തളരാതെ മുന്നേറാനുള്ള നിരന്തര പരിശ്രമശീലവും അമ്മമാർ കുട്ടികളിൽനിന്ന് പഠിക്കണം.
വൈകാരിക സ്വാതന്ത്ര്യം
ചിരിവന്നാലും കരച്ചിൽ വന്നാലും ദേഷ്യം വന്നാലുമെല്ലാം കുട്ടികൾ മൂടുപടമില്ലാതെ അത് തുറന്നു പ്രകടിപ്പിക്കും. എന്നാൽ, മുതിർന്ന പലരും വികാരങ്ങളെ അടക്കിവെക്കുന്നവരാണ്. വികാരങ്ങൾ ശരിയായ രീതിയിൽ നിയന്ത്രിക്കാതെ, അടിച്ചമർത്തുന്നത് പല ശാരീരിക-മാനസിക പ്രശ്നങ്ങളിലേക്കും നയിക്കും.
അതേസമയം, വികാരങ്ങൾ ശരിയായ രീതിയിൽ, മറ്റുള്ളവരെ മുറിവേൽപിക്കാതെ തുറന്നു പ്രകടിപ്പിക്കുന്നത് വൈകാരിക സ്വാതന്ത്ര്യം നൽകും.

ചിരി മികച്ച ഔഷധം
ഒരു കുട്ടി ഒരു ദിവസം എത്രതവണ ചിരിക്കാറുണ്ട്. കൃത്യമായി പറയാൻ കഴിയില്ല അല്ലേ. എന്നാൽ, മുതിർന്ന ഒരാൾ ഒരു ദിവസം എത്ര പ്രാവശ്യം ചിരിക്കാറുണ്ട്. ചിലർ കഷ്ടപ്പെട്ട് എണ്ണമെടുക്കാറുണ്ട്. ചിലരാകട്ടെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി ചിരിച്ചിട്ട്. മറ്റുള്ളവരെ കാണുമ്പോഴൊക്കെ ചിരിച്ചുകൊണ്ട് അഭിവാദനം ചെയ്യുക. സംസാരിച്ചില്ലെങ്കിലും ചിരിക്കുകയെങ്കിലും ചെയ്യുക.
പുതുമ കണ്ടെത്താൻ ശ്രമിക്കുക
ലോകത്തെ പുതിയ കണ്ണുകൊണ്ട് കാണാൻ ഒരു കൊച്ചുകുട്ടിക്ക് കഴിയും. കുട്ടിയുടെ കണ്ണിൽ എല്ലാം പുതുമയാണ്, കാഴ്ചകളും ശബ്ദങ്ങളുമെല്ലാം. അതുപോലെ ഓരോന്നിലും പുതുമ കണ്ടെത്താൻ ശ്രമിക്കുക. ചെയ്യുന്ന ജോലിയിൽ, ചിന്തകളിൽ, പെരുമാറ്റത്തിൽ, അഭിപ്രായങ്ങളിൽ എല്ലാം കാലഹരണപ്പെട്ടതും തെറ്റായതുമായവ ഒഴിവാക്കി നൂതനത കൊണ്ടുവരുക.
ക്രിയാത്മകത
വീട്ടിൽ പുതിയ അതിഥികൾ വന്നപ്പോൾ കൗമാരക്കാരിയായ മകളുടെ മുറിയിലുമെത്തി. വളരെ മനോഹരമായി മുറി അലങ്കരിച്ചിരിക്കുന്നു. ഉചിതമായ പെയിന്‍റിങ്ങുകളും വെളിച്ചവുമെല്ലാം മുറിയുടെ ഭംഗി വർധിപ്പിച്ചിരിക്കുന്നു. അതേസമയം, കൗമാരക്കാരിയുടെ അമ്മയുടെ മുറിയിലെത്തിയപ്പോൾ ആകെ അലങ്കോലമായ മുറിയാണ് കണ്ടത്.
ഒരാളുടെ സ്വഭാവം തിരിച്ചറിയാൻ ആ വ്യക്തിയുടെ മുറി നോക്കിയാൽ മതി. അടുക്കും ചിട്ടയുമില്ലാതെ വൃത്തിഹീനമായി കിടക്കുന്ന മുറി സൂചിപ്പിക്കുന്നത് വ്യക്തിത്വത്തിലെ വൈകല്യമാണ്. അതേസമയം, ആവശ്യമില്ലാത്തവ ഒഴിവാക്കി വൃത്തിയായി മനോഹരമായി മുറിയും മറ്റും സൂക്ഷിക്കുന്നത് വ്യക്തിയുടെ ജീവിതത്തിലും പോസിറ്റിവിറ്റി നിറക്കും.
കരുണ
നിയ വീട്ടിൽ നിരവധി പൂച്ചകളെ വളർത്തുന്നുണ്ട്. ഒരുദിവസം അമ്മ റാണിയുടെ ചോദ്യം: ‘ഇവയെ വളർത്തുന്നതുകൊണ്ട് എന്താ ഗുണം. വല്ല കോഴിയെയും വളർത്തിയാൽ മുട്ടയെങ്കിലും കിട്ടും’.
എന്തുചെയ്താലും എനിക്കെന്തു ഗുണം കിട്ടും എന്ന സ്വാർഥ ചിന്താഗതിയാണ് ഈ ചോദ്യത്തിന്‍റെ അടിസ്ഥാനം. അതിനുപകരം ആ കുട്ടി സഹജീവികളോട് കാണിക്കുന്ന കരുണ അമ്മക്കും ജീവിതത്തിൽ പകർത്താൻ കഴിയും.
അറിയാത്തത് പഠിക്കാം
അമ്മയുടെ കാലത്തുനിന്ന് സാങ്കേതികവിദ്യ ഏറെ മാറിയിട്ടുണ്ട്. ഓൺലൈൻ ബാങ്കിങ്, ഓൺലൈൻ ഷോപ്പിങ്, യു.പി.ഐ പേമെന്‍റ്, ഇ-മെയിൽ എന്നിവ ഉപയോഗിക്കുന്ന വിധം, മൊബൈൽ ഫോണിൽ വിവിധ കാര്യങ്ങൾ ചെയ്യുന്ന വിധം തുടങ്ങി ആധുനിക കാലത്ത് സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ട മേഖലകളിൽ മക്കൾക്കുള്ള അറിവ് അവരോട് ചോദിച്ച് അമ്മമാർക്കും സ്വായത്തമാക്കാം.
ഉപാധിയില്ലാത്ത സ്നേഹം
കൊച്ചുകുട്ടികൾ മറ്റുള്ളവരെ സ്നേഹിക്കുന്നത് ഉപാധികളോടെയല്ല. മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ, അവർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ കണക്കുകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാവരുത് ജീവിക്കാൻ. മറിച്ച് ഉപാധികളില്ലാതെ, നിസ്വാർഥമായി സ്നേഹിക്കാൻ മക്കളിൽനിന്ന് പഠിക്കാം.
മനസ്സിലാക്കാൻ പഠിക്കാം
കൊച്ചുകുട്ടികൾക്ക് മറ്റുള്ളവരുടെ മുഖത്തെ ഭാവവ്യത്യാസം എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റും. പരസ്പരം മനസ്സിലാക്കാൻ സാധിക്കണമെങ്കിൽ ആദ്യം പരസ്പരം ആശയവിനിമയം നടക്കണം. ദിവസം 15 മിനിറ്റെങ്കിലും കുടുംബാംഗങ്ങൾ പരസ്പരം തുറന്നു സംസാരിക്കണം.
അപ്രതീക്ഷിത മാറ്റത്തെ ഉൾക്കൊള്ളാം
കുട്ടികൾ കളിക്കുമ്പോഴും മറ്റും ചിലപ്പോൾ അപ്രതീക്ഷിത തടസ്സങ്ങൾ കടന്നുവരാം. ചിലപ്പോൾ പുതിയ വഴിയിലൂടെ പോകേണ്ടിവരും. ഉടനെ, അവർ എല്ലാവരും നിരാശപ്പെട്ട് കളി നിർത്തുകയല്ല, മറിച്ച് പുതിയ രീതിയിൽ പുതിയ വഴികളിലൂടെ കളിക്കുന്നു.
നമ്മുടെ ജീവിതം മുൻകൂട്ടി തയാറാക്കിയ തിരക്കഥയല്ല. ചിലപ്പോൾ നാം പ്രതീക്ഷിച്ചതിൽനിന്ന് വ്യത്യസ്തമായ കാര്യങ്ങൾ സംഭവിക്കാം. അപ്പോൾ ആ മാറ്റത്തെ ഉൾക്കൊണ്ട് പ്രവർത്തിക്കാനും പുതിയ വഴികളിലൂടെ പുതിയ രീതിയിൽ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം.
ജീവിതം ആസ്വദിക്കാം
കൊച്ചുകുട്ടികൾ സന്തോഷം കണ്ടെത്തുന്നത് അവരുടെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടാണ്. പക്ഷേ, ആളുകൾ വളരുമ്പോൾ, തിരക്കുകളുടെയും ഉത്തരവാദിത്തങ്ങളുടെയും ജോലിയുടെയുമെല്ലാം ഭാരം പറഞ്ഞ് സന്തോഷം മാറ്റിവെക്കുന്നു. ഉത്തരവാദിത്തങ്ങളിലും ജോലിയിലും ആയിരിക്കുമ്പോൾ തന്നെ ജീവിതം ആസ്വദിക്കണം.
കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാൻ ശ്രമിക്കാം
ജീവിതത്തിലെ മികച്ച നിമിഷങ്ങളായി നമ്മൾ ഓർമയിൽ സൂക്ഷിക്കുന്നത് പലപ്പോഴും സാധാരണ കാര്യങ്ങളാവും. വലുതെന്ന് കരുതുന്ന പലതിനെക്കാളും സന്തോഷം പകരുന്നത് ചിലപ്പോൾ ഒരുമിച്ചുള്ള തുറന്ന സംസാരമോ യാത്രയോ കാരുണ്യ പ്രവർത്തനമോ ഒക്കെയാവാം.
കുട്ടികളെ കണ്ടിട്ടില്ലേ, ഒരു മിഠായി കിട്ടുമ്പോൾ, ഒരു അഭിനന്ദന വാക്ക് കേൾക്കുമ്പോൾ, കിളികളെയും ഓമന മൃഗങ്ങളെയുമൊക്കെ കാണുമ്പോൾ ഒക്കെ അവർ സന്തോഷിക്കുന്നു. അതുപോലെ കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാൻ ശ്രമിക്കാം.
നിങ്ങൾ ആരാണെന്ന് സ്വയം അംഗീകരിക്കുക
സമൂഹത്തിന് മുന്നിൽ കുറവുള്ളവരെന്ന് കരുതപ്പെടുന്ന കുട്ടികൾ പലരും വളരെ സന്തോഷത്തോടെ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചുകൊണ്ട് ജീവിതത്തിന്‍റെ നിറങ്ങൾ ആസ്വദിക്കുന്നത് കാണാം. അതുപോലെ ഓരോരുത്തർക്കും കുറവുകളും കഴിവുകളുമുണ്ട്.
അത് മനസ്സിലാക്കി നമ്മുടെ കുറവുകളെ അംഗീകരിക്കുകയും കഴിവുകളെ ജ്വലിപ്പിക്കുകയും ചെയ്യുക. നാം ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ച് പ്രവർത്തിക്കുക.
സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുക
പല കൗമാരക്കാരായ പെൺകുട്ടികളും ഇന്ന് തെരഞ്ഞെടുക്കുന്നത് അവർക്കുകൂടി കംഫർട്ടബിളായ വസ്ത്രങ്ങളാണ്. മറ്റുള്ളവരുടെ അഭിപ്രായമോ താൽപര്യമോ അനുസരിച്ചായിരിക്കില്ല ഇത്.
കാലാവസ്ഥക്കും മറ്റും അനുയോജ്യമായ കംഫർട്ടബിളായ എന്നാൽ സഭ്യമായ പുതിയ വസ്ത്രങ്ങൾ മക്കൾ പരീക്ഷിക്കുന്നത് അമ്മമാർക്കും സ്വീകരിക്കാൻ കഴിയും.
അമ്മമാരിൽനിന്ന് മക്കൾ ആഗ്രഹിക്കുന്നത്
അമ്മമാർ ഒരു കുടുംബത്തിന്‍റെ വിളക്കായിരിക്കണം. എന്നാൽ, സ്വാർഥത നിറഞ്ഞ പെരുമാറ്റവും പരദൂഷണവും അഹങ്കാരവുമായി പ്രവർത്തിച്ച് കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ ഒന്നും നിറവേറ്റാതെ ജീവിക്കുമ്പോൾ അവിടെ ബന്ധങ്ങളിൽ വിള്ളൽ വീഴുന്നു. അമ്മമാരിൽനിന്ന് മക്കൾ പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
● മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും വേർതിരിവില്ലാതെ പെരുമാറുക.
● കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക. കൊച്ചുമക്കളെ നോക്കുന്ന കാര്യമാവട്ടെ, അവശ്യസമയത്ത് സഹായിക്കുന്ന കാര്യമാവട്ടെ അതിലെല്ലാം നിസ്വാർഥമായി പ്രവർത്തിക്കണം. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ ജീവിക്കുന്ന അമ്മമാരുള്ളതായി പലരും അനുഭവം പങ്കുവെക്കുന്നു.
● കിടക്കുന്ന മുറിയാകട്ടെ, വീടും പരിസരവുമാകട്ടെ വൃത്തിയായി സൂക്ഷിക്കുക.
● സ്നേഹം ഉള്ളിലുണ്ടെന്നു പറയുകയും പെരുമാറ്റത്തിലും വാക്കിലും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യാതെ പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുക.
● തന്നിഷ്ടപ്രകാരം ജീവിക്കാതിരിക്കുക.
● സ്നേഹവും ബഹുമാനവും അങ്ങോട്ട് കൊടുക്കാൻ കഴിഞ്ഞാലേ ഇങ്ങോട്ടും പ്രതീക്ഷിക്കാവൂ. മക്കൾക്കും മരുമക്കൾക്കും അവർ അർഹിക്കുന്ന ബഹുമാനം കൊടുത്ത് സംസാരിക്കുക.
● അമ്മയുടെ വാത്സല്യവും കെയറിങ്ങും നൽകാൻ കഴിയണം. അസുഖം വരുമ്പോഴും മറ്റു പ്രയാസഘട്ടങ്ങളിലും കുടുംബാംഗങ്ങളെ പരിചരിക്കാനും ഒപ്പം നിൽക്കാനും കഴിയണം.
● കുടുംബത്തിലെ മറ്റാരുടെയും കാര്യം ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന സ്വാർഥത ഒഴിവാക്കി, മറ്റുള്ളവരോട് നിസ്വാർഥമായി പെരുമാറുക.
ഊഷ്മളമാക്കാം അമ്മ-മകൾ ബന്ധം
കൗമാരക്കാരായ ഭൂരിഭാഗം പെൺകുട്ടികളുടെയും അമ്മമാർ 40-50 പ്രായത്തിലുള്ളവരാണ്. മിഡിൽ ലൈഫ് ക്രൈസിസിന്‍റെ കാലഘട്ടം കൂടിയാണിത്. ജോലിയിലെ മാറ്റം, ട്രാൻസ്ഫർ, മക്കളുടെ ഉന്നത വിദ്യാഭ്യാസ-വിവാഹ ഉത്തരവാദിത്തങ്ങൾ, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം ഉണ്ടാകുന്ന കാലഘട്ടമായതിനാൽ അമ്മമാരിലും പെട്ടെന്ന് ദേഷ്യം, ഉത്കണ്ഠ എന്നിവ വരുന്ന കാലഘട്ടം കൂടിയാണിത്. ഇവിടെ പരസ്പരം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ സംഘർഷം ഒഴിവാക്കി സ്നേഹം നിലനിർത്താം.
വൈകാരിക മാറ്റങ്ങൾ
മകളുടെ പെരുമാറ്റത്തിൽ, ഭാവത്തിൽ മാറ്റങ്ങളുണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ അമ്മമാർക്ക് കഴിയണം. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കി, അവർക്ക് ആശ്വാസവും പിന്തുണയുമേകാൻ കഴിയണം.
ചിന്തകൾ
അമ്മ വളർന്നുവന്ന സാഹചര്യമോ കാലമോ അല്ല മക്കളുടേത്. അതിനാൽ മകൾ എപ്രകാരം ചിന്തിക്കുന്നെന്ന് മനസ്സിലാക്കാം. അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാം. വസ്ത്രം, ഭക്ഷണം, കരിയർ, ഭാവിജീവിതപങ്കാളി എന്നിവയിലൊക്കെയുള്ള ഇഷ്ടങ്ങൾ മനസ്സിലാക്കാം.
ആത്മാഭിമാനം
നിറം, വണ്ണം, ഉയരം എന്നതിന്‍റെ പേരിൽ അപകർഷബോധത്തിൽ ഉൾവലിഞ്ഞ് ജീവിക്കാതെ സ്വന്തംകഴിവുകൾ പ്രകടിപ്പിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നത് അമ്മക്ക് കാണിച്ചുകൊടുക്കാൻ മകൾക്ക് കഴിയണം.
തുല്യത
ഇത് പെൺകുട്ടികൾക്ക് പറ്റില്ല എന്നുപറഞ്ഞ് മാറിനിൽക്കാതെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരുടേതായ കഴിവുകളുണ്ടെന്നും തുല്യത അവകാശമാണെന്നുമുള്ള ബോധ്യത്തോടെ ഒന്നിൽനിന്നും മാറിനിൽക്കാതെ പ്രവർത്തിക്കാനുള്ള മനസ്സ് മകളിൽനിന്ന് പഠിക്കാം.
വീടുകളിൽ മക്കളെ ആൺ-പെൺ വേർതിരിവില്ലാതെ വളർത്താം. തുല്യ പരിഗണനയും അവകാശവും അവസരവും നൽകാം.
അനുകരണം വേണ്ട
എന്‍റെ മാതാപിതാക്കൾ എന്നെ ഇങ്ങനെയാ വളർത്തിയത് എന്നുപറഞ്ഞ് അവരുടെ പാരന്‍റിങ് സ്റ്റൈൽ അതേപടി അനുകരിക്കാതെ അതിൽനിന്ന് നല്ലത് മാത്രം തിരഞ്ഞെടുക്കാൻ അമ്മക്ക് കഴിയണം. കാലഘട്ടത്തിന് അനുസരിച്ച് പാരന്‍റിങ് രീതികളിലും മാറ്റം വരുത്തുക.
താരതമ്യം വേണ്ട
മകളെ മറ്റു പെൺകുട്ടികളുമായി താരതമ്യപ്പെടുത്തി അവളുടെ കുറവുകൾ പറയാതെ അവളിലെ കഴിവുകൾ, നന്മകൾ എന്നിവ കണ്ടെത്തി അത് സ്വീകരിക്കാം, പ്രോത്സാഹിപ്പിക്കാം.
തുറന്ന് സംസാരിക്കാം
ചില കാര്യങ്ങളൊക്കെ മകൾ വെട്ടിത്തുറന്ന് പറയുമ്പോൾ നീരസപ്പെടേണ്ട. ഉള്ളിലുള്ളത് സത്യസന്ധമായി, വികാരങ്ങൾ അടക്കിവെക്കാതെ, എന്നാൽ ആരുടെയും മനസ്സിനെ മുറിവേൽപിക്കാതെ പറയുന്നത് ആശയവിനിമയം സുതാര്യമാക്കും. പലതും ഉള്ളിൽവെച്ച് പ്രവർത്തിക്കാതെ പരസ്പരം മനസ്സുതുറക്കാം.
സ്വന്തം കഴിവുകൾ കണ്ടെത്തുക
കല്യാണം കഴിഞ്ഞു, മക്കളൊക്കെയായി, ഇനിയിപ്പോൾ എല്ലാത്തിൽനിന്നും മാറിയേക്കാം എന്ന രീതിയിൽ ചിന്തിക്കാതെ വിവാഹത്തിന് മുമ്പും മറ്റും സജീവമായിരുന്ന, കഴിവുകൾ പ്രകടിപ്പിച്ചിരുന്ന മേഖലകൾ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാം. ഇതിന് മകളുടെ സഹായം തേടാം.
പുതിയ ഭാഷ മനസ്സിലാക്കാം
പുത്തൻ ടീനേജ്, യുവജനതയുടെ ഭാഷ മനസ്സിലാക്കാം. അവരുപയോഗിക്കുന്ന കോഡുകൾ, അവയുടെ അർഥം എന്നിവയൊക്കെ പഠിക്കാം.
മകളെപ്പോലെ ലുക്കും മാറ്റാം
പ്രായമായി എന്നുപറഞ്ഞ് സ്വയം ഉദാസീന മട്ടിൽ ജീവിക്കാതെ അമ്മമാരും നിറത്തിനും രൂപത്തിനും യോജിച്ച വസ്ത്രങ്ങൾ ശീലിക്കണം. ഇതിന് മകളുടെ സഹായം തേടാം.
മകളുടെ വിവാഹജീവിതത്തിൽ റഫറിയാവേണ്ട
വിവാഹശേഷവും മകളുടെ ഓരോ കാര്യങ്ങളും ഓരോ സെക്കൻഡിലും അന്വേഷിച്ച് നിർദേശം നൽകുന്ന ചില അമ്മമാരുണ്ട്. അത് കുടുംബജീവിതത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനേ ഉപകരിക്കൂ.
അതുപോലെ ഭാര്യ-ഭർതൃ ബന്ധത്തിലെ ചെറിയ കാര്യങ്ങൾ വരെ വിവാഹശേഷം മകൾ അമ്മയോട് പറയേണ്ട കാര്യമില്ല. എന്നാൽ, ഗൗരവകരമായ പ്രശ്നങ്ങൾ ഉണ്ടായാൽ തീർച്ചയായും പക്ഷപാതമില്ലാതെ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കുകയും വേണം. അതല്ലാതെ ഓരോ നിമിഷവും അവരുടെ പിന്നാലെ പോകേണ്ട.
ഗോസിപ്പിനോട് നോ പറയാം
പല അമ്മമാരുടെയും വീക്നെസാണ് പരദൂഷണം. മക്കളിൽ ഒരാളുടെ ശ്രദ്ധ കൂടുതൽ കിട്ടാൻ ഒരാളുടെ കുറ്റം മറ്റേയാളോടും തിരിച്ചും പറയുന്ന ചില അമ്മമാരുണ്ട്. തൽക്കാലം ശ്രദ്ധ കിട്ടുമെങ്കിലും സത്യം തിരിച്ചറിയുമ്പോൾ രണ്ടു മക്കളും അകലും. അതിനാൽ പരദൂഷണം ഒഴിവാക്കുക.