മുതിർന്ന പൗരന്മാരിൽ 43 ശതമാനം പേർ അവഗണനക്കിരയാകുന്നു, 28 ശതമാനം പേർ ശാരീരിക ഉപദ്രവത്തിനും; അറിയാം, പ്രായമായവരെ പരിചരിക്കാനും സന്തുഷ്ടരാക്കാനുമുള്ള വഴികൾ
text_fieldsമക്കൾ ഉണ്ടായിട്ടും അരക്ഷിതമായ അവസ്ഥകളിൽ കഴിയേണ്ടിവരുന്ന വയോധികരുടെ നാട് കൂടിയാണ് നമ്മുടേത്. അവരെ തനിച്ചാക്കാതിരിക്കുക എന്നത് കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്തമാണ്. പ്രായമായവരെ പരിചരിക്കാനും അവരെ സന്തുഷ്ടരായി നിലനിർത്താനും ചെയ്യേണ്ട കാര്യങ്ങളിതാ...
ഇക്കഴിഞ്ഞ തിരുവോണ നാളിലാണ് ഒരു 86കാരൻ സ്വയം വെടിയുതിർത്തു മരിച്ചതിന്‍റെ നടുക്കം കാസർകോട് മഞ്ചേശ്വരത്തുകാർ അറിഞ്ഞത്. മക്കളില്ലെന്ന ദുഃഖവും പേറി ജീവിച്ചു അവസാനം രോഗങ്ങൾ കൂടി അലട്ടിയപ്പോൾ മിയാപദവ് മദങ്കല്ല് സുബ്ബണ്ണ ഭട്ടാണ് സ്വയം ജീവനൊടുക്കിയത്.
അതോടെ ഭാര്യ രാജമ്മാൾ തനിച്ചായി. പ്രായം കൂടുംതോറും തുണയില്ലാത്ത അവസ്ഥയിൽ ജീവിതം ഒരു ഭാരമാകും എന്നതാകാം വലിയ കൃഷിയിടങ്ങൾ സ്വന്തമായുള്ള ഈ വയോധികന്‍റെ ആത്മഹത്യക്ക് കാരണം.
എന്നാൽ, മക്കൾ ഉണ്ടായിട്ടും അരക്ഷിതമായ അവസ്ഥകളിൽ കഴിയേണ്ടിവരുന്ന വയോധികരുടെ നാട് കൂടിയാണ് നമ്മുടേത്. മക്കളാൽ മർദിക്കപ്പെടുന്ന മാതാപിതാക്കളുടെ വിവരങ്ങൾ മിക്കവാറും ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
എന്നിരുന്നാലും പുതിയകാലത്തെ വീട്ടകങ്ങളിൽ ഏറെയും വയോധികരെ കാര്യമായി പരിഗണിക്കുന്നത് തന്നെയാണ്.
കൂട്ടുകൂടാൻ ഒട്ടേറെ ഇടങ്ങൾ
ട്രിപ്പ് പോകുമ്പോൾ മാതാപിതാക്കളെയും ഒപ്പംകൂട്ടുന്ന മക്കളുടെ കാലം കൂടിയാണിത്. മാത്രമല്ല, അൽപം സാഹസികമായ യാത്രകളിലും അവരെ കൂടെക്കൂട്ടി പുതുകാലത്തിന്‍റെ രസം പകരാനും ഒരുക്കമാണ് ന്യൂജെൻ. ഒറ്റക്കും സമപ്രായക്കാരുമായും ഒത്തുചേർന്ന് ഇടക്കിടെ ഒത്തുചേരാനും ഇന്ന് വയോധികർക്ക് അവസരങ്ങളേറെയാണ്.
ആരാധനാലയങ്ങൾ, പഠിച്ച കലാലയങ്ങൾ, ജോലി ചെയ്ത സ്ഥാപനങ്ങൾ എന്നിങ്ങനെ പലയിടങ്ങളിലായി വയോജന കൂട്ടായ്മകൾ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ മക്കളും മാതാപിതാക്കളും കൂടി എടുക്കുന്ന കോമഡി സ്കിറ്റുകളും റീലുകളും പെരുകിയിട്ടുണ്ട്. അപ്പോഴും എല്ലാം പൂർണമാകുന്നില്ല. ഇന്നും പുറത്തുകാണാനാകാത്ത വേദനാജകമായ അവസ്ഥയിലാണ് കേരളത്തിലെ വർധക്യമെന്ന് പഠനങ്ങൾ വിരൽചൂണ്ടുന്നു.
ആരും അറിയാതെ വിങ്ങുന്ന മനസ്സുകൾ
സംസ്ഥാന സാമൂഹികനീതി വകുപ്പിന്‍റെ മുതിർന്ന പൗരന്മാർക്കായുള്ള ദേശീയ ഹെൽപ് ലൈൻ (എൽഡർ ലൈൻ-14567) 2023-24 വാർഷിക റിപ്പോർട്ട് പ്രകാരം, കേരളത്തിലെ പ്രായമായ പൗരന്മാരിൽ ഗണ്യമായ എണ്ണം പീഡനം നേരിടുന്നുണ്ട്. പ്രധാനമായും അവരുടെ ആൺമക്കളിൽനിന്ന്. 38 ശതമാനം പേർ തങ്ങളുടെ ആൺമക്കളിൽനിന്നും 15 ശതമാനം പേർ മരുമക്കളിൽനിന്നുമാണ് മോശം പെരുമാറ്റം നേരിടുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ശാരീരികവും മാനസികവുമായ മോശം പെരുമാറ്റവും അവഗണനയും ഇതിൽ ഉൾപ്പെടുന്നു.
എൽഡർ ലൈനിന് ലഭിച്ച പരാതികളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ. 43 ശതമാനം മുതിർന്നവരും അവഗണന അനുഭവിക്കുന്നു. 28 ശതമാനം പേർ ശാരീരിക ഉപദ്രവവും 21 ശതമാനം പേർ വാക്കുകൾകൊണ്ട് മോശം പെരുമാറ്റവും നേരിടുന്നു.
ഏറ്റവും കൂടുതൽ മോശം പെരുമാറ്റത്തിന് ഇരയാകുന്നത് 65നും 79നും ഇടയിലുള്ളവരാണ്. ഈ വിഭാഗത്തിലെ 62 ശതമാനം വ്യക്തികളും മോശം പെരുമാറ്റത്തിനിരയാകുന്നു. ഇതിന് പ്രധാന കാരണം സ്വത്ത് സംബന്ധ തർക്കങ്ങളാണ്. മോശമായി പെരുമാറുന്നത് പ്രധാനമായും 31നും 50നും ഇടയിൽ പ്രായമുള്ളവരാണ്.
പ്രായമേറുന്നവരുടെ നാട്
ഇന്ത്യയിലെ വയോജന ജനസംഖ്യയെ കുറിച്ച് പഠനം നടത്തുന്ന സങ്കല ഫൗണ്ടേഷന്‍റെ പുതിയ പഠനമനുസരിച്ച്, അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിലെ ഓരോ നാലിൽ ഒരാൾക്കും 60നു മുകളിൽ പ്രായമുണ്ടാകുമെന്നാണ് കണക്ക്. ‘ഏജിങ് ഇൻ ഇന്ത്യ’ എന്ന ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ, അടുത്ത ദശകത്തിനുള്ളിൽ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 22.8 ശതമാനം പ്രായമായവരാകുമെന്ന് വിവരിക്കുന്നു.
രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പ്രായമായവർ താമസിക്കുന്നത് കേരളത്തിലാണ്. ആയുർദൈർഘ്യ നിരക്കിലും കേരളമാണ് മുന്നിൽ. ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്‍റിന്‍റെ പ്രവചനം സൂചിപ്പിക്കുന്നത് 2051ൽ സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 30 ശതമാനം മുതിർന്ന പൗരന്മാർ ആകുമെന്നാണ്.
വീട്ടിൽ പ്രായമായവരെ പരിചരിക്കാനും അവരെ സന്തുഷ്ടരായി നിലനിർത്താനും വൈകാരികമായി നൽകുന്ന പിന്തുണയാണ് പ്രധാനം. ഒപ്പം കൃത്യമായ വൈദ്യസഹായവും സുരക്ഷാ നടപടികളും എടുക്കണം. ഇവ സന്തുലിതമായി പിന്തുടരാൻ ശ്രമിക്കണം. അതിലേക്ക് മറക്കരുതാത്ത ചില കാര്യങ്ങൾ:
1. വീട്ടിലെ സുരക്ഷ ഉറപ്പാക്കുക
ഇടറിയോ തെന്നിയോ വീഴാൻ സാധ്യതയുള്ള അയഞ്ഞ പരവതാനികൾ, അലങ്കോലങ്ങൾ, വൈദ്യുതി വയറുകൾ എന്നിവ നീക്കം ചെയ്യുക. കുളിമുറികളിലും പടിക്കെട്ടുകൾക്ക് സമീപവും ഗ്രാബ് ബാറുകൾ സ്ഥാപിക്കുക.
പ്രത്യേകിച്ച് ഇടനാഴികളിൽ നല്ല വെളിച്ചം ഉറപ്പാക്കുക. അവശ്യവസ്തുക്കൾ (വെള്ളം, മരുന്നുകൾ, റിമോട്ട്, ഫോൺ) എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ സൂക്ഷിക്കുക. ഉറപ്പുള്ള സുഖപ്രദമായ ഒരു കിടക്ക, കസേര നൽകുക.
2. ആരോഗ്യവും വൈദ്യ പരിചരണവും
വയോധികർക്ക് നൽകേണ്ട മരുന്നുകൾ കൃത്യമായി കൈകാര്യം ചെയ്യണം. ഡോസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ഇരട്ടി ഡോസുകൾ കഴിക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കാനും മൊബൈൽ അലാറം സെറ്റ് ചെയ്യണം.
അവർക്ക് കാണാവുന്ന രൂപത്തിൽ രേഖപ്പെടുത്തിയും വെക്കണം. പതിവ് ആരോഗ്യ പരിശോധനകൾ വിട്ടുപോകരുത്. ഡോക്ടറെ കാണുന്നത് ഷെഡ്യൂൾ ചെയ്യുക. രക്തസമ്മർദം, പഞ്ചസാരയുടെ അളവ് തുടങ്ങിയവ നിരീക്ഷിക്കുക.
3. ഭക്ഷണക്രമവും വ്യായാമവും
നാരുകൾ, കാത്സ്യം, വൈറ്റമിനുകൾ എന്നിവ സമ്പന്നമായ സമീകൃത ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക. ചലനശേഷി നിലനിർത്താൻ നടത്തം, യോഗ, അല്ലെങ്കിൽ സ്ട്രെച്ചിങ് പോലുള്ള സൗമ്യമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക. ശുചിത്വം പ്രധാനമാണ്. ആവശ്യമെങ്കിൽ കുളിക്കൽ, ഒരുങ്ങൽ, വായ പരിചരണം എന്നിവയിൽ സഹായിക്കുക.
4. വൈകാരികവും മാനസികവുമായ ക്ഷേമം
എല്ലാറ്റിനും ഉപരിയാണ് വൈകാരിക പിന്തുണ നൽകൽ. അവരോട് സംസാരിക്കാനും അവർ പറയുന്നത് ക്ഷമയോടെ കേൾക്കാനും ഒരുപാട് സമയം ചെലവഴിക്കുക.
ഒപ്പം പൂന്തോട്ട പരിപാലനം (ഇതിനായി ഇൻഡോർ ഗാർഡൻ കിറ്റ് നൽകാം), വായന, തയ്യൽ അല്ലെങ്കിൽ സംഗീതം പോലുള്ള ഹോബികൾ പ്രോത്സാഹിപ്പിക്കുക. ഫോൺ കാളുകളിലൂടെയോ സന്ദർശനങ്ങളിലൂടെയോ അവരുടെ സുഹൃത്തുക്കളുമായും ഇഷ്ട കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്തുക.
വിഷാദം, ഏകാന്തത അല്ലെങ്കിൽ ഡിമെൻഷ്യ എന്നിവയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. അവർ ആഗ്രഹിക്കുന്നെങ്കിൽ സമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക.
5. തുറന്ന ആശയവിനിമയം
തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങൾക്കായി സുരക്ഷിത ഇടം സൃഷ്ടിക്കുക. മുൻവിധികളില്ലാതെ പ്രായമായവരുടെ ആശങ്കകളും ഭയങ്ങളും നിരാശകളും കേൾക്കാൻ ശ്രമിക്കുക. ദൂരെ മാറി താമസിക്കുന്നവരാണെങ്കിൽ ദിവസവും അവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുക. സ്നേഹിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അവർക്ക് ബോധ്യമാകണം.
6. ദൈനംദിന ജീവിതത്തിന് പിന്തുണയേകണം
പാചകം, വൃത്തിയാക്കൽ, അലക്കൽ എന്നിവയിൽ സഹായിക്കുക. ചലനശേഷിക്കായി സഹായങ്ങൾ (വാക്കിങ് സ്റ്റിക്കുകൾ, വാക്കറുകൾ, വീൽചെയറുകൾ) ആവശ്യമെങ്കിൽ നൽകുക. ഇടക്കിടെ പുറത്തുപോകാനും മറ്റുള്ളവരുമായി ഇടപഴകാനും സംവിധാനങ്ങൾ ഒരുക്കുക. ആത്മാഭിമാനം നിലനിർത്താൻ ചെറിയ ജോലികളിൽ സ്വാതന്ത്ര്യം നൽകി പ്രോത്സാഹിപ്പിക്കുക.
7. സുരക്ഷക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം
അടിയന്തര ഇടപെടലുകൾക്ക് (SOS) ആവശ്യം വന്നാൽ ആളെ വിളിക്കാൻ സവിശേഷതകളുള്ള മുന്നറിയിപ്പ് ഉപകരണങ്ങളോ സ്മാർട്ട് വാച്ചുകളോ ഉപയോഗിക്കാൻ പരിശീലിപ്പിക്കണം. എളുപ്പത്തിലുള്ള ആശയവിനിമയത്തിനായി വിഡിയോ കാളുകൾ സജ്ജമാക്കുക. സുരക്ഷാ നിരീക്ഷണത്തിന് സി.സി.ടി.വി (ആവശ്യമെങ്കിൽ) സ്ഥാപിക്കുക.
8. പരിചരണം വീട്ടിലെ എല്ലാവരുടെയും കടമ
സ്ഥിരമായി ഒരാൾതന്നെ വീട്ടിലെ വയോധികരെ നോക്കുന്നത് ക്രമേണ ഉപചാരം മാത്രമാകും. ഈ അവസ്ഥ ഒഴിവാക്കാൻ വീട്ടിലെ എല്ലാവർക്കും വയോധികരുമായി ഇടപെടാൻ അവസരം ഒരുക്കുക. കുടുംബാംഗങ്ങൾക്കിടയിൽ ഉത്തരവാദിത്തങ്ങൾ പങ്കിടുക. പ്രത്യേകിച്ച് കുട്ടികൾക്ക് വയോധികരെ പരിഗണിക്കാൻ പ്രോത്സാഹനം നൽകണം. ആവശ്യമെങ്കിൽ പ്രഫഷനൽ ഹോം നഴ്‌സിങ് അല്ലെങ്കിൽ ഫിസിയോതെറപ്പി പരിഗണിക്കുക.
9. ചിട്ടയും ലക്ഷ്യബോധവും നിലനിർത്തുക
പ്രായമായവർക്ക് ദൈനംദിന ചിട്ട ആവശ്യമാണ്. ഓരോ ദിവസത്തിനും ഘടനാപരമായ നിലനിൽപ് ഉണ്ടാക്കാനും സാധാരണത്വം ഉറപ്പാക്കാനും അത് സഹായിക്കും. അതിനാവശ്യമായ ഉപകരണങ്ങളോ സാധനങ്ങളോ വാങ്ങിനൽകുക.
10. അഭിനന്ദനവും സ്നേഹവും പ്രകടിപ്പിക്കുക
അവരുടെ കൈകളിൽ പിടിക്കുക, കെട്ടിപ്പിടിക്കുക, അല്ലെങ്കിൽ മനസ്സ് തുറന്നുള്ള ഒരു സംഭാഷണം പോലും പ്രായമായവരിൽ വലിയ സന്തോഷമുണ്ടാക്കും.
ക്ഷമയും സഹാനുഭൂതിയും കൃത്യമായ ദിനചര്യയും
ക്ഷമയും സഹാനുഭൂതിയും കൃത്യമായ ദിനചര്യയും വയോധിക പരിചരണത്തിൽ പ്രധാനമാണ്. വാർധക്യം പലപ്പോഴും ചലനം, ചിന്ത, സംസാരം എന്നിവയെ മന്ദഗതിയിലാക്കുന്ന അവസ്ഥയാണ്. ഇത് മനസ്സിലാക്കി അവരോട് ക്ഷമയോടെ ഇടപെടുന്നവരാകണം പരിചരിക്കേണ്ടത്.
വീട്ടിലെ വയോധികന്‍റെ സ്ഥാനത്ത് നിങ്ങളെത്തന്നെ സങ്കൽപിച്ചു പെരുമാറിയാൽ സഹാനുഭൂതി എത്രമാത്രം പ്രധാനമാണെന്ന് മനസ്സിലാകും. പ്രായമായ ആളുടെ ഭയം, ഏകാന്തത അല്ലെങ്കിൽ മറ്റൊരാളോട് വേണ്ടിവരുന്ന ആശ്രയത്വം എന്നിവ മനസ്സിലാക്കാനും ദയയോടെ പ്രതികരിക്കാനും അത് നിങ്ങളെ ഓർമപ്പെടുത്തും.
കൃത്യമായ ഒരു ദൈനംദിന ഘടന വയോധികരുടെ ജീവിതത്തെ അനായാസമാക്കും. ഉണരുക, ഭക്ഷണം, മരുന്ന്, നടത്തം, വിശ്രമം എന്നിങ്ങനെ സമ്മർദമില്ലാത്ത ദിനചര്യ അവരുടെ ഉത്കണ്ഠ കുറക്കുന്നു. അത് ആരോഗ്യശേഷി നിലനിർത്തും. ഒപ്പം അവർക്ക് നിയന്ത്രണബോധവും നൽകും. വീട്ടിലെ വയോധികരുടെ ആരോഗ്യസ്ഥിതി, ചലനശേഷി, മുൻഗണനകൾ എന്നിവയെ അടിസ്ഥാനമാക്കി ഒരു ദിനചര്യ പിന്തുടരാം:
● രാവിലെ 5.30 മുതൽ 8.30 വരെ
വിളിച്ചുണർത്തി ശുചിയാകുന്നതിനും പ്രാർഥനകൾക്കും സഹായിക്കുക. ചൂടുവെള്ളം, ഹെർബൽ ടീ, അല്ലെങ്കിൽ നാരങ്ങ വെള്ളം ആദ്യം നൽകണം. ലഘു വ്യായാമങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കാം. ഡോക്ടറുടെ ഉപദേശം അനുസരിച്ച് നടത്തം, യോഗ, സ്ട്രെച്ചിങ് വ്യായാമം, അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ ചെയ്യാം. ഇതിനായി യോഗ മാറ്റും ബ്ലോക്കുകളും നൽകാം. പ്രഭാതഭക്ഷണവും മരുന്നുകളും നൽകണം. പോഷകസമൃദ്ധമായ ഭക്ഷണമെന്നത് കഞ്ഞി, ഇഡ്ഡലി/ദോശ, ഓട്സ്, പഴങ്ങൾ അല്ലെങ്കിൽ മുട്ട എന്നിവയെല്ലാം ഉൾപ്പെടുത്താം.
● രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ
പത്രം, ആനുകാലികങ്ങൾ വായിക്കാൻ കൊടുക്കുക. അല്ലെങ്കിൽ വായിച്ചുകൊടുക്കുക. പൂന്തോട്ട പരിപാലനം, തയ്യൽ, പസിലുകൾ, സംഗീതം, അല്ലെങ്കിൽ ടി.വി ഇവയുമായൊക്കെ അവരുടെ ഇഷ്ടം അനുസരിച്ചു ഇടപെടുവിക്കണം. കുടുംബവുമായി ചാറ്റ്, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വിഡിയോ കാളുകൾ എന്നിവയെല്ലാം അവരെ വൈകാരികമായി കരുത്തരാക്കും. ഉച്ചഭക്ഷണവും മരുന്നുകളും നൽകാനുള്ള സമയമാണ് പിന്നീട്. ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം (ചോറ്, പച്ചക്കറികൾ, തൈര്, സൂപ്പ്, റൊട്ടി) ഉൾപ്പെടുത്തണം.
● ഉച്ച 12.30 മുതൽ 7.30 വരെ
ഊർജം വീണ്ടെടുക്കാൻ കഴിയുന്ന വിശ്രമം, ഉറക്കം നൽകണം. ഉണരുമ്പോൾ പഴങ്ങൾ, നട്സ്, അല്ലെങ്കിൽ ചായ/കാപ്പി എന്നിവയോടൊപ്പം ലഘുഭക്ഷണം കൊടുക്കാം. പിന്നീട് വീടിനുള്ളിൽ നടക്കുക, ഫിസിയോതെറപ്പി അല്ലെങ്കിൽ ലളിതമായ കൈ-കാൽ വ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കണം. വാർത്തകൾ കേൾപ്പിക്കുക, പ്രാർഥന, വീട്ടിൽ എത്തുന്ന കുട്ടികൾ, കുടുംബാംഗങ്ങൾ എന്നിവരുമായി സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും അവസരങ്ങളും ഉണ്ടാക്കണം.
● രാത്രി ഏഴു മുതൽ കിടക്കുംവരെ
നേരത്തേ ലഘുവായ അത്താഴം (സൂപ്പ്, ഉപ്പുമാവ്, മൃദുവായ ചപ്പാത്തി) നൽകലാണ് ഉത്തമം. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും വായിക്കുന്നതും ഏകാന്തത കുറക്കാൻ സഹായിക്കുന്നു. മരുന്നുകൾ നൽകാൻ മറക്കരുത്. കിടപ്പ് മുറിയിൽ മതിയായ പ്രകാശം ഉറപ്പാക്കണം. ഉറങ്ങുന്നതുവരെ കൂടെ ഇരിക്കുന്നതും ഒപ്പമുണ്ടെന്ന കരുതൽ നൽകുന്നതും അവരുടെ മനസ്സ് ശാന്തമാക്കാൻ ഉതകും. ഒപ്പം നമ്മുടേതും.


