ജിമ്മിൽ പോകാൻ മടിയാണോ? സ്വീകരണമുറിയിൽ തന്നെ ചെയ്യാവുന്ന കിടിലൻ വ്യായാമങ്ങൾ ഇതാ...
text_fieldsഫിറ്റ്നസ് വേണം പക്ഷേ, വർക്കൗട്ടിന് ഇറങ്ങാനുള്ള മടി മാറ്റാനും പറ്റുന്നില്ല. മിക്കവരും നേരിടുന്നുണ്ട് ദൈനംദിന ജീവിതത്തിൽ ഇത്തരം ഒരു അവസ്ഥ. എപ്പോഴും ഒരു ഒഴികഴിവ് മനസ്സിനെ പിടികൂടും. പുലർച്ച പുറത്ത് ഓടാൻ കഴിയാത്തത്ര തണുപ്പ് അല്ലെങ്കിൽ ചൂട്. ഇനി ഇതൊന്നും ഇല്ലെങ്കിൽ കാറ്റ്. അല്ലെങ്കിൽ ജിമ്മിലെ അംഗത്വ ഫീസ് താങ്ങാൻ കഴിയുന്നില്ല.
ഇങ്ങനെയുള്ള അവസ്ഥകളെ മറികടക്കാൻ ചില ടിപ്സുകളുണ്ട്. നമ്മൾ ഫിറ്റ്നസിലേക്ക് പരിശ്രമം ആരംഭിക്കുമ്പോൾ, നമ്മുടെ സ്റ്റാമിന അത്ര ടോപ്പിൽ എത്തിയിട്ടുണ്ടാകില്ല. സ്റ്റാമിന കൂട്ടാൻ കുറച്ച് സമയമെടുക്കും. അതിനാൽ, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായി വർക്കൗട്ടിനെ കണക്കാക്കാതെ അത് ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
-ദിവസവും 20 മിനിറ്റെങ്കിലും നടക്കുക. വീട്ടിൽനിന്ന് പുറത്തിറങ്ങണമെങ്കിൽ ടൂവീലർ വേണമെന്നതാണ് സ്ഥിതി. അല്ലെങ്കിൽ പോകുന്നിടത്തെല്ലാം പൊതുഗതാഗതമുണ്ട്. അങ്ങനെയാകുമ്പോൾ നമ്മുടെ കാലുകൾ എന്തിനാണ്. അത് ഉപയോഗിക്കണ്ടേ. ഒരു ദിവസം 20 മിനിറ്റ് നടക്കുന്നതു പോലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് നിങ്ങളുടെ ദൈനംദിന ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് എളുപ്പമാണ്. ഒരു മാസത്തേക്ക് പ്രതിദിനം 20 മിനിറ്റ് നടക്കുമെന്ന ചലഞ്ച് സ്വയം ഏറ്റെടുക്കൂ.
-കുറഞ്ഞത് ഓരോ മണിക്കൂറിലും എഴുന്നേറ്റുനിൽക്കുക. ദിവസം മുഴുവൻ ഇരിക്കുന്നതും കമ്പ്യൂട്ടർ കീബോർഡിനു മുകളിൽ കുനിഞ്ഞിരിക്കുന്നതും ഉച്ചഭക്ഷണത്തിനുപോലും പുറത്തിറങ്ങാത്തതും നമുക്ക് ദോഷകരമാണെന്നത് അറിയാം. എന്നാൽ, മണിക്കൂറിൽ ഒരിക്കലെങ്കിലും എഴുന്നേൽക്കാൻ ബോധപൂർവമായി ശ്രമിക്കുക. ടോയ്‌ലറ്റിൽ പോകുക, ചായ കുടിക്കുക, അല്ലെങ്കിൽ ഒരു സഹപ്രവർത്തകനോട് ഹലോ പറയുക.
-Tabata ഫോളോ ചെയ്യാം. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ ലക്ഷ്യമിടുന്ന ഒരു തരം HIIT (high-intensity interval training) വർക്കൗട്ടാണ് Tabata. നിങ്ങൾ എട്ടു റൗണ്ടുകളായി 20 സെക്കൻഡ് വീതം കഠിനമായ വ്യായാമം ചെയ്യുന്നു, തുടർന്ന് 10 സെക്കൻഡ് വിശ്രമം. ദിവസത്തിൽ നിങ്ങൾക്ക് അഞ്ചു മിനിറ്റ് മാത്രമേ ഉള്ളൂവെങ്കിൽേപാലും വർക്കൗട്ട് ചെയ്യാം. 20 സെക്കൻഡ് ഓടുക, തുടർന്ന് 10 സെക്കൻഡ് നടക്കുക എന്നിങ്ങനെ. ടബാറ്റ പരിശീലനം നിങ്ങളുടെ മെറ്റബോളിസവും ഹൃദയമിടിപ്പും ഉടൻ വർധിപ്പിക്കും. അതിലൂടെ ശരീരത്തിൽ കലോറി ബേണിങ് ശക്തമാകും.
-വീട്ടിൽനിന്ന് പുറത്തിറങ്ങാൻ മടിയാണോ. കഠിനമായ വ്യായാമം ചെയ്യാൻ നിങ്ങളുടെ വീടോ ഇരിപ്പിടമോ പോലും വിട്ടിറങ്ങേണ്ട ആവശ്യമില്ല. സ്വീകരണമുറിയിൽനിന്ന് തന്നെ ചെയ്യാൻ കഴിയുന്ന നിരവധി വ്യായാമങ്ങളും ഹോം വർക്കൗട്ടുകളും ഉണ്ട്. കുറച്ച് ട്രൈസെപ് ഡിപ്പുകളും കുറച്ച് ലുഞ്ചുകളും ചെയ്യുക.
-10 മിനിറ്റിനായി മനസ്സ് ഒരുക്കുക. എല്ലാ ദിവസവും 10 പുഷ് അപ്പുകളും 10 സിറ്റ് അപ്പുകളും ചെയ്യാൻ ശ്രമിക്കുക. കാരണം, ഒന്നും ചെയ്യാതെ ഇരിക്കുന്നതിനെക്കാൾ മികച്ചതാണ് അൽപം എങ്കിലും ചെയ്യുന്നത്. പത്തെണ്ണം വരുന്ന സെറ്റുകൾ എളുപ്പത്തിൽ ചെയ്യാനാകുന്നുണ്ടെന്ന് നമുക്ക് തോന്നുമ്പോൾ പിന്നെ വർക്കൗട്ടിന്‍റെ തോത് ഉയർത്താനാകും.
-സ്ക്രീനുകളുടെ സ്വിച്ച് ഓഫ്. നമ്മുടെ ദൈനംദിന ജീവിതം ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. മതിയായ ഉറക്കം ഫിറ്റ്നസിന് നിർണായകമാണ്. അതിനാൽ ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങളെ ബാധിക്കുന്ന എല്ലാ സാങ്കേതികവിദ്യകളും പവർ ഡൗൺ ചെയ്യുക.
-വർക്കൗട്ട് എത്രത്തോളം ഗുണം ചെയ്യുമെന്ന് ഓർത്ത് വിഷമിക്കേണ്ട. ഏത് വ്യായാമവും മികച്ചതാണ്. വ്യായാമം തുടങ്ങുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നടക്കാൻ കഴിയുന്നതിനു മുമ്പ് ഒരു മല കയറാൻ ശ്രമിക്കരുത്. ഒരു മണിക്കൂർ മുഴുവൻ ചെയ്യാൻ ലക്ഷ്യമിട്ടിട്ടും അത്ര വന്നില്ലെങ്കിലും പ്രശ്‌നമില്ല. നമ്മൾ എന്തെങ്കിലും ചെയ്യുന്നു എന്നതാണ് പ്രധാനം.
-ഒരു പാട്ടു ദൂരം ഓടുക. ആദ്യം ഒരു പാട്ടിന്റെ ദൈർഘ്യം മാത്രം ഓടാമെന്ന് സ്വയം പറയുക. അത് മികച്ച നിലയിൽപൂർത്തിയാക്കുക. പാട്ടിന്‍റെ മൂന്നര മിനിറ്റ് കഴിയുന്നത് നമ്മൾ ശ്രദ്ധിക്കില്ല. അതിനാൽ പതുക്കപ്പതുക്കെ മാരത്തൺ ഓടാൻ മാത്രം ശക്തരായി നമ്മൾ സ്വയം മാറും.
-പരസ്യങ്ങൾക്കിടയിൽ വർക്കൗട്ട് ചെയ്യുക. ടി.വി കണ്ടിരിക്കുമ്പോൾ അതിൽ വരുന്ന പരസ്യങ്ങളുടെ ഇടവേള മിനി വർക്കൗട്ട് സമയമാക്കാം. പരസ്യങ്ങൾക്കിടയിൽ ജോഗിങ്, സ്‌കിപ്പിങ്, സ്ക്വാട്ടുകൾ എന്നിവയുടെ ഒരു അഞ്ചു മിനിറ്റ് സർക്യൂട്ട് ചെയ്യാം.