പത്തിരിപ്പൊടിയും ചെമ്മീനും കൊണ്ടൊരു ഇഫ്താർ വിഭവം (Half moon prawns)
text_fieldsഹാഫ് മൂൺ പ്രോൺസ്. ചിത്രം: മുഹമ്മദ് തസ്നീർ
ചേരുവകൾ
1. പത്തിരിപ്പൊടി -രണ്ടു കപ്പ് വറുത്ത് പൊടിച്ചത്
2. തിളച്ച വെള്ളം -ഒരു കപ്പ്
3. തേങ്ങാപ്പാൽ -കാൽ കപ്പ്
4. സവാള പൊടിയായി അരിഞ്ഞത് -കാൽ കപ്പ്
5. വൃത്തിയാക്കിയ ചെമ്മീൻ -200 ഗ്രാം
6. മുളകുപൊടി -രണ്ടു ടീസ്പൂൺ
7. മഞ്ഞൾപ്പൊടി -ഒരു നുള്ള്
8. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
9. പെരും ജീരകപ്പൊടി -കാൽ ടീസ്പൂൺ
10. വെളിച്ചെണ്ണ -3+1 ടേബിൾ സ്പൂൺ
11. തേങ്ങ ചിരകിയത് -മൂന്നു ടേബിൾ സ്പൂൺ
12. മുളകുപൊടി -അര ടീസ്പൂൺ
13. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. അരിപ്പൊടിയിലേക്ക് തിളച്ച വെള്ളം, തേങ്ങാപ്പാൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കുക.
2. ചെമ്മീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ പുരട്ടുക. മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ വറുത്തെടുക്കണം. ഇതേ എണ്ണയിൽ തേങ്ങ ചേർത്ത് നിറം മാറ്റാതെ വറുക്കുക. വറുത്ത ചെമ്മീനും തേങ്ങയും മിക്സിയിലിട്ട് ചതച്ചെടുക്കാം.
3. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റി മുളകുപൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്തിളക്കുക. അതിേലക്ക് ചെമ്മീൻ മിശ്രിതവും ആവശ്യമെങ്കിൽ ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചു വാങ്ങിവെക്കാം. ഫില്ലിങ് തയാർ.
4. നേരത്തേ ചെറു ഉരുളകളാക്കിയ കൂട്ട് നേരിയതായി പരത്തി ഫില്ലിങ് വെച്ച് അടയുടെ രൂപത്തിലാക്കി ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം.