Begin typing your search above and press return to search.
exit_to_app
exit_to_app
നാടൻ വിഭവങ്ങൾ വീട്ടിൽ തയാറാക്കാം, ഈസിയായി
cancel
camera_alt

എടനയപ്പം


എടനയപ്പം

ചേരുവകൾ

1. ശർക്കര -250 ഗ്രാം

2. റവ -3/4 കപ്പ്‌

3. അരിപ്പൊടി -കാൽ കപ്പ്

4. നന്നായി പഴുത്ത നേന്ത്രപ്പഴം -രണ്ട്

5. ഏലക്കപ്പൊടി -കാൽ ടീസ്പൂൺ

6. നെയ്യ് -മൂന്ന് ടേബ്ൾ സ്പൂൺ

7. അണ്ടിപ്പരിപ്പ് -ആവശ്യത്തിന്

8. ചിരകിയ തേങ്ങ -അര കപ്പ്‌

9. മുന്തിരി -ആവശ്യത്തിന്

10. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

1. അടി കട്ടിയുള്ള പാത്രത്തിൽ ശർക്കരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഉരുക്കി മാറ്റിവെക്കുക.

2. ഒരു പാനിൽ രണ്ട് ടേബ്ൾ സ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് കോരിയെടുക്കുക.

3. അതേ നെയ്യിലേക്ക് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം. വെന്തുവന്നാൽ അതിലേക്ക് ഉരുക്കിയ ശർക്കര പാനി, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കാം.

4. ഇതിലേക്ക് കാൽ കപ്പ്‌ വെള്ളംകൂടി ചേർക്കാം. തിളച്ച് വരുമ്പോൾ റവയും അരിപ്പൊടിയും ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.

5. വെന്തുവരുമ്പോൾ മാറ്റിവെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് യോജിപ്പിച്ച് ചെറുചൂടിൽ ചെറിയ ഉരുളകളായി എടുത്ത് വാട്ടിയെടുത്ത വാഴയിലയിൽ ഇഷ്ടമുള്ള ഷേപ്പിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കാം.

പഴം കുമ്പിളപ്പം


പഴം കുമ്പിളപ്പം

ചേരുവകൾ

1. നേന്ത്രപ്പഴം -രണ്ട്

2. പഞ്ചസാര -രണ്ട് ടേബ്ൾ സ്പൂൺ

3. തേങ്ങ ചിരകിയത് -അര കപ്പ്

4. ഏലക്കപ്പൊടി -ഒരു ടീസ്പൂൺ

5. ശർക്കര -200 ഗ്രാം

6. ഗോതമ്പുപൊടി -ഒരു കപ്പ്

7. നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ

8. ചെറിയ ജീരകം -ഒരു ടീസ്പൂൺ

9. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

1. ശർക്കര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഉരുക്കിയെടുക്കുക.

2. ഒരു പാനിൽ നെയ്യൊഴിച്ച് ചെറുതായി അരിഞ്ഞുവെച്ച നേന്ത്രപ്പഴം ചേർത്ത് വഴറ്റിയെടുക്കാം. ഏകദേശം വഴന്നുവരുന്ന സമയം പഞ്ചസാര, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി എന്നിവ ചേർത്ത് ഇളക്കി നന്നായി വേവിച്ചെടുക്കാം.

3. മറ്റൊരു പാത്രത്തിൽ ഗോതമ്പുപൊടി, പാകത്തിന് ഉപ്പ്, ഏലക്കപ്പൊടി, ചെറിയ ജീരകം എന്നിവ ചേർത്ത് യോജിപ്പിച്ച് ഇതിലേക്ക് ചെറുചൂടിൽ ശർക്കര പാനി കൂടി ചേർത്തിളക്കി കൂടുതൽ കാട്ടിയാവാത്ത മാവ് ആക്കിയെടുക്കാം. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം.

4. പഴത്തിന്‍റെ കൂട്ട് കുറച്ച് മാറ്റിവെച്ച് ബാക്കിയുള്ളത് അതിലേക്ക് ചേർത്ത് യോജിപ്പിച്ചെടുക്കാം.

5. വാട്ടിയെടുത്ത വാഴയില കുമ്പിളപ്പത്തിനായി കോണായി മടക്കി അതിലേക്ക് മുക്കാൽ ഭാഗവും മാവ് നിറച്ച് മുകളിലായി ഒരു ടേബ്ൾ സ്‌പൂൺ പഴത്തിന്റെ കൂട്ട് ഇട്ട് ഈർക്കിൽകൊണ്ട്‌ പിൻ ചെയ്തു ആവിയിൽ വേവിച്ചെടുക്കാം.

റാഗി അട


റാഗി അട

ചേരുവകൾ

1. റാഗിപ്പൊടി -ഒരു കപ്പ്‌

2. തേങ്ങ ചിരകിയത് -അര കപ്പ്‌

3. ശർക്കരപ്പൊടി -മധുരത്തിന്

4. നെയ്യ് -ഒരു ടേബ്ൾ സ്പൂൺ

5. ഏലക്കപ്പൊടി -ഒരു ടീസ്പൂൺ

6. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പ്, നെയ്യ് എന്നിവ ചേർക്കാം. തിളച്ചുവരുമ്പോൾ റാഗിപ്പൊടിയും ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ചെറുതീയിൽ ഇളക്കി വേവിച്ചെടുക്കാം. ശേഷം ചെറുചൂടിൽ നന്നായി കുഴച്ചെടുക്കാം.

2. മറ്റൊരു പാത്രത്തിൽ തേങ്ങ ചിരകിയത്, ശർക്കരപ്പൊടി, ഏലക്കപ്പൊടി എന്നിവ മിക്സ് ചെയ്‌ത്‌ വെക്കാം.

3. റാഗി മാവിൽനിന്ന് ഓരോ ഉരുളകളാക്കിയെടുത്ത് പരത്തി നടുവിലായി തേങ്ങാക്കൂട്ട് ഇട്ട് പകുതിയായി മടക്കി ഒട്ടിച്ചെടുക്കാം. ശേഷം ഇഡലി ചെമ്പിൽ ആവിയിൽ വേവിച്ചെടുക്കാം. രുചിയൂറും റാഗി അട തയാർ.

ചക്കയപ്പം


ചക്കയപ്പം

ചേരുവകൾ

1. പഴുത്ത ചക്ക -ഒന്നര കപ്പ്‌

2. ഗോതമ്പു പൊടി -രണ്ടു കപ്പ്‌

3. തേങ്ങ ചിരകിയത് -ഒന്നേകാൽ കപ്പ്‌

4. തേങ്ങാകൊത്ത് -കാൽ കപ്പ്‌

5. ശർക്കരപ്പൊടി -മുക്കാൽ കപ്പ്‌

6. നെയ്യ് -ഒരു ടേബ്ൾ സ്‌പൂൺ

7. ഏലക്കപ്പൊടി -അര ടീസ്പൂൺ

8. ജീരകപ്പൊടി -അര ടീസ്പൂൺ

തയാറാക്കുന്ന വിധം

1. ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് തേങ്ങാകൊത്ത് ചേർത്ത് ഇളക്കുക. നിറം മാറിവരുമ്പോൾ തേങ്ങ ചിരകിയത്, ശർക്കരപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ശർക്കര ഉരുകിവരുമ്പോൾ പഴുത്ത ചക്ക ചെറുതായിട്ട് മുറിച്ചത് കാൽ കപ്പ്‌ ചേർത്ത് വഴറ്റിയെടുക്കാം. ഇവ മൂന്നു മിനിറ്റ് നന്നായി മിക്‌സ് ചെയ്‌തശേഷം ഒരു നുള്ള് ഉപ്പ്, ഏലക്കപ്പൊടി, ജീരകപ്പൊടി എന്നിവയും ചേർത്ത് യോജിപ്പിച്ചെടുക്കാം.

2. മറ്റൊരു പാത്രത്തിലേക്ക് ഗോതമ്പുപൊടി, ഉപ്പ്, ഒരു കപ്പ്‌ പഴുത്ത ചക്ക മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അരച്ചത്, ഒരു കപ്പ് ഇളം ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്തെടുക്കാം.

3. ഇതിലേക്ക് ഏലക്കപ്പൊടിയും തേങ്ങാകൂട്ട് മുക്കാൽ ഭാഗവും ചേർത്ത് യോജിപ്പിച്ചെടുക്കണം.

4. ചെറുതായി ചൂടാക്കിയെടുത്ത വാഴയിലയിൽ മൂന്നു ടേബ്ൾ സ്പൂൺ മാവ് ചേർത്ത് മുകളിലായി അര ടേബ്ൾ സ്പൂൺ മാറ്റിവെച്ച തേങ്ങാകൂട്ടും വെച്ച് ഇഷ്‌ടമുള്ള ഷേപ്പിൽ പൊതിഞ്ഞെടുക്കാം. ശേഷം ഇഡലിചെമ്പിൽ ആവിയിൽ വേവിച്ചെടുക്കാം. കൊതിയൂറും ചക്കയപ്പം തയാർ.

ചെറുപയർ അട


ചെറുപയർ അട

ചേരുവകൾ

1. ചെറുപയർ -ഒരു കപ്പ്

2. ശർക്കര -250 ഗ്രാം

3. തേങ്ങ ചിരകിയത് -ഒരു കപ്പ്

4. ഏലക്കപ്പൊടി -ഒരു ടീസ്പൂൺ

5. അരിപ്പൊടി -ഒരു കപ്പ്‌

6. നെയ്യ് -ഒരു ടേബ്ൾ സ്പൂൺ

7. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. കുതിർത്തുവെച്ച ചെറുപയർ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ രണ്ട് വിസിൽ വരെ വേവിച്ചെടുക്കാം.

2. ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത ശർക്കരപാനി, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി എന്നിവ വേവിച്ച ചെറുപയറിൽ ചേർത്ത് ഇളക്കി അതിലുള്ള വെള്ളം വറ്റിച്ചെടുക്കുക. അവസാനം ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് മാറ്റിവെക്കാം.

3. ഒരു പാത്രത്തിൽ അരിപ്പൊടി, ഉപ്പ്, ഒന്നേ കാൽ കപ്പ്‌ തിളച്ച വെള്ളം എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇളം ചൂടിൽ ഓരോ ഉരുളകളായി എടുത്ത് വാഴയിലയിൽ വെച്ച് കനം കുറച്ച് കൈവെച്ച് പരത്തിയെടുക്കാം. ഇടക്കിടെ കൈ നനച്ച് പരത്തിയെടുത്താൽ എളുപ്പമാവും.

4. നടുവിലായി ചെറുപയർ കൂട്ട് വിതറി ഇലയോടെ പകുതിയായി മടക്കി ഒട്ടിച്ചെടുക്കാം. ശേഷം ഇവ ഇഡലി ചെമ്പിലിട്ട് ആവിയിൽ വേവിച്ചെടുക്കാം.





Show Full Article
TAGS:Food Recipes Vegetarian Recipes Snacks Recipes 
News Summary - Local dishes can be prepared at home, easily
Next Story