വെറൈറ്റി രുചിയിൽ ആറു കൂട്ടുകറികൾ
text_fieldsചിത്രങ്ങൾ: ശ്രീകാന്ത് സുകുമാരൻ
കൂട്ടുകറി ഇല്ലാതെ എന്ത് സദ്യ. നമ്മുടെ വീട്ടുപരിസരത്ത് ലഭ്യമായ പച്ചക്കറികൾ ചേർത്ത് എളുപ്പം തയാറാക്കാവുന്ന രുചികരവും വ്യത്യസ്തവുമായ ആറു കൂട്ടുകറികൾ വീട്ടിൽ പരീക്ഷിക്കാം...
കപ്പ കൂട്ടുകറി
കപ്പ കൂട്ടുകറി
ചേരുവകൾ
1. കടല -അരക്കപ്പ്
2. കപ്പ -400 ഗ്രാം
3. മധുരക്കിഴങ്ങ് -300 ഗ്രാം
4. തേങ്ങ ചിരകിയത് -ഒന്നേകാൽ കപ്പ്
5. ജീരകം -അര ടീസ്പൂൺ
6. മഞ്ഞൾപൊടി -അര ടീസ്പൂൺ
7. മുളകുപൊടി -ഒരു ടീസ്പൂൺ
8. കുരുമുളകുപൊടി -ഒരു ടീസ്പൂൺ
9. വറ്റൽമുളക് -രണ്ട്
10. ശർക്കരപ്പൊടി -ഒരു ടേബിൾ സ്പൂൺ
11. വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ
12. കടുക് -ഒരു ടീസ്പൂൺ
13. കറിവേപ്പില -ഒരു തണ്ട്
14. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. കടല നന്നായി കഴുകി എട്ടു മണിക്കൂർ കുതിർത്തുവെക്കുക. കുതിർന്ന ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നാലു വിസിൽ വരുന്നതുവരെ കുക്കറിൽ വേവിക്കാം.
2. വെന്ത കടലയിലേക്ക് വലിയ കഷണങ്ങളാക്കിയ മധുരക്കിഴങ്ങ്, മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് വീണ്ടും ഒരു വിസിൽ വരുന്നതുവരെ വേവിക്കാം.
3. മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ ചതുര കഷണങ്ങളാക്കിയ കപ്പ വേവിച്ച് വെള്ളം ഊറ്റിക്കളയുക.
4. അരക്കപ്പ് തേങ്ങ ചിരകിയതിലേക്ക് അര ടീസ്പൂൺ ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കാം.
5. കടലയും മധുരക്കിഴങ്ങും വേവിച്ചതിലേക്ക് വെന്ത കപ്പ, തേങ്ങ അരച്ചത്, ശർക്കരപ്പൊടി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കാം. വെള്ളം ആവശ്യമുണ്ടെങ്കിൽ ചേർക്കാം.
6. ചീനച്ചട്ടിയിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ബ്രൗൺ നിറത്തിൽ വറുക്കുക.
7. ഈ താളിപ്പ് കറിയിൽ ഒഴിച്ച് ഇളക്കിയെടുത്താൽ കപ്പ കൂട്ടുകറിയായി.
കൂട്ടെരിശ്ശേരി
കൂട്ടെരിശ്ശേരി
സാധാരണ എരിശ്ശേരി തയാറാക്കുന്നത് ഒരു പച്ചക്കറി മാത്രം ചേർത്തുകൊണ്ടാണ്. ഈ കൂട്ടെരിശ്ശേരിയിൽ ഒന്നിൽ കൂടുതൽ ഇനങ്ങൾ ചേർക്കുന്നു. ഒഴിച്ചുകറിയായും തൊടുകറിയായും എരിശ്ശേരി തയാറാക്കാം.
ചേരുവകൾ
1. ചെറുപയർ -അരക്കപ്പ്
2. പപ്പായ കഷണങ്ങളാക്കിയത് -ഒന്നര കപ്പ്
3. മത്തങ്ങ കഷണങ്ങളാക്കിയത് -ഒന്നര കപ്പ്
4. ചേന കഷണങ്ങളാക്കിയത് -ഒന്നര കപ്പ്
5. മഞ്ഞൾപൊടി -അര ടീസ്പൂൺ
6. മുളകുപൊടി -ഒരു ടീസ്പൂൺ
7. വറ്റൽമുളക് -രണ്ട്
8. തേങ്ങ ചിരകിയത് -ഒന്നര കപ്പ്
9. ജീരകം -മുക്കാൽ ടീസ്പൂൺ
10. വെളുത്തുള്ളി -ആറ് അല്ലി
11. വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ
12. കടുക് -ഒരു ടീസ്പൂൺ
13. ജീരകം -അര ടീസ്പൂൺ
14. കറിവേപ്പില -ഒരു തണ്ട്
15. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ചെറുപയർ നന്നായി കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ നാലു വിസിൽ വരുന്നതുവരെ വേവിക്കുക.
2. മുക്കാൽ കപ്പ് തേങ്ങ ചിരകിയതിലേക്ക് ജീരകവും വെളുത്തുള്ളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കാം.
3. വെന്ത പയറിലേക്ക് ചേന, പപ്പായ, മത്തങ്ങ, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് മൂന്നു വിസിൽ വരുന്നതുവരെ വേവിക്കാം.
4. കുക്കറിന്റെ പ്രഷർ പോയിക്കഴിയുമ്പോൾ പച്ചക്കറികൾ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം.
5. ചീനച്ചട്ടിയിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും ജീരകവും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ബ്രൗൺ നിറത്തിൽ വറുക്കാം.
6. ഈ താളിപ്പ് കറിയിൽ ഒഴിച്ച് ഇളക്കിയെടുത്താൽ കൂട്ടെരിശ്ശേരിയായി.
വട കൂട്ടുകറി
വട കൂട്ടുകറി
തിരുവനന്തപുരം സദ്യകളിലെ പ്രധാന വിഭവമാണ് വട കൂട്ടുകറി. സദ്യ ഉണ്ടാക്കുന്നതിന്റെ തലേദിവസം തന്നെ വട വറുത്തുവെച്ചാൽ രാവിലെ കറി തയാറാക്കാൻ കുറച്ച് സമയം മതി.
ചേരുവകൾ
1. ഉഴുന്ന് -ഒരു കപ്പിന്റെ മൂന്നിലൊന്ന്
2. ഇഞ്ചി -ഒരു ചെറിയ കഷണം
3. വറ്റൽമുളക് -രണ്ട്
4. കുരുമുളക് ചതച്ചത് -രണ്ടു ടീസ്പൂൺ
5. വെളിച്ചെണ്ണ -ആവശ്യത്തിന്
6. സവാള -രണ്ട്
7. പച്ചമുളക് -മൂന്ന്
8. ഇഞ്ചി അരിഞ്ഞത് -ഒരു ടേബിൾ സ്പൂൺ
9. മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
10. മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ
11. കശ്മീരി മുളകുപൊടി -മുക്കാൽ ടേബിൾ സ്പൂൺ
12. ഉരുളക്കിഴങ്ങ് -രണ്ട്
13. കട്ടി തേങ്ങാപ്പാൽ -മുക്കാൽ കപ്പ്
14. രണ്ടാം തേങ്ങാപ്പാൽ -രണ്ടു കപ്പ്
15. ഗരം മസാല -അര ടീസ്പൂൺ
16. കടുക് -ഒരു ടീസ്പൂൺ
17. കറിവേപ്പില -രണ്ടു തണ്ട്
18. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക.
2. ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും അൽപം വെള്ളവും ചേർത്ത് ഉഴുന്നുവടയുടെ പരുവത്തിൽ അരച്ചെടുക്കാം.
3. ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക.
4. തയാറാക്കിയ മാവിൽനിന്ന് ചെറിയ ഉരുളകളെടുത്ത് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.
5. ചുവടുകട്ടിയുള്ള പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചതുരക്കഷണങ്ങളാക്കിയ സവാള, പച്ചമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്തു വഴറ്റാം.
6. പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ രണ്ടാം തേങ്ങാപ്പാലും ചതുരക്കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കാം.
7. ഉരുളക്കിഴങ്ങ് നന്നായി വെന്ത് ചാറു കുറുകിത്തുടങ്ങുമ്പോൾ കട്ടി തേങ്ങാപ്പാലും ഗരം മസാലയും ചേർത്ത് ഒരു തിള വരുമ്പോൾ വറുത്തുവെച്ച വട ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
8. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ച് ഒഴിച്ചാൽ രുചികരമായ വട കൂട്ടുകറി തയാർ.
വറുത്തരച്ച കൂട്ടുകറി
വറുത്തരച്ച കൂട്ടുകറി
ചേരുവകൾ
1. വെള്ളക്കടല -അരക്കപ്പ്
2. മത്തങ്ങ -200 ഗ്രാം
3. ചേന -200 ഗ്രാം
4. നേന്ത്രക്കായ -200 ഗ്രാം
5. മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
6. വറ്റൽമുളക് -രണ്ട്
7. തേങ്ങ ചിരകിയത് -ഒന്നര കപ്പ്
8. വറ്റൽമുളക് -രണ്ട്
9. ജീരകം -ഒരു ടീസ്പൂൺ
10. കറിവേപ്പില -ഒരു തണ്ട്
11. കുരുമുളക് -ഒരു ടീസ്പൂൺ
12. ശർക്കരപ്പൊടി -ഒരു ടേബിൾ സ്പൂൺ
13. വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ
14. കടുക് -ഒരു ടീസ്പൂൺ
15. കായപ്പൊടി -ഒരു നുള്ള്
16. കറിവേപ്പില -ഒരു തണ്ട്
17. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. കടല നന്നായി കഴുകി എട്ടു മണിക്കൂർ കുതിർത്തുവെക്കുക.
2. കുതിർന്ന കടല ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ നാലു വിസിൽ വരുന്നതുവരെ വേവിക്കാം.
3. വെന്ത കടലയിലേക്ക് ചതുരക്കഷണങ്ങളാക്കിയ പച്ചക്കറികൾ, മഞ്ഞൾപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വീണ്ടും വേവിക്കുക.
4. ഒരു കപ്പ് തേങ്ങ ചിരകിയതിലേക്ക് ജീരകം, കറിവേപ്പില, വറ്റൽമുളക്, കുരുമുളക് എന്നിവ ചേർത്ത് ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. അൽപം പോലും വെള്ളം ചേർക്കാതെ തീയലിന് അരക്കുന്നതുപോലെ നല്ല മയത്തിൽ അരച്ചെടുക്കാം.
5. നന്നായി വെന്ത പച്ചക്കറികളിലേക്ക് വറുത്തരച്ച തേങ്ങ, ശർക്കരപ്പൊടി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക.
6. ചീനച്ചട്ടിയിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ബ്രൗൺ നിറത്തിൽ വറുക്കാം. തീ ഓഫ് ചെയ്തശേഷം ഒരു നുള്ള് കായപ്പൊടി കൂടി ചേർത്ത് ഇളക്കാം.
7. ഈ താളിപ്പ് കറിയിൽ ഒഴിച്ച് ഇളക്കിയെടുത്താൽ വറുത്തരച്ച കൂട്ടുകറി തയാർ.
മധുര കൂട്ടുകറി
മധുര കൂട്ടുകറി
കോട്ടയം ജില്ലയിലെ സദ്യകൾക്ക് നിർബന്ധമായും ഉണ്ടാവുന്ന ഒരു കറിയാണ് മധുരക്കറി. പച്ചടിയുടെ സ്ഥാനത്താണ് വിളമ്പുന്നതെങ്കിലും കൂട്ടുകറിയുമായാണ് ഇതിന് കൂടുതൽ സാമ്യം.
ചേരുവകൾ
1. കൈതച്ചക്ക -ഒരു വലുതിന്റെ പകുതി
2. മത്തങ്ങ -200 ഗ്രാം
3. നേന്ത്രപ്പഴം -രണ്ട്
4. മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
5. മഞ്ഞൾപൊടി -അര ടീസ്പൂൺ
6. വറ്റൽമുളക് -മൂന്ന്
7. തേങ്ങ ചിരകിയത് -ഒന്ന് (ചെറുത്)
8. ശർക്കര -200 ഗ്രാം
9. ജീരകം വറുത്തു പൊടിച്ചത് -കാൽ ടീസ്പൂൺ
10. നെയ്യ് -ഒരു ടേബിൾ സ്പൂൺ
11. കറുത്ത മുന്തിരി -ആവശ്യത്തിന്
12. വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
13. കശുവണ്ടിപ്പരിപ്പ് -കാൽ കപ്പ്
14. കടുക് -ഒരു ടീസ്പൂൺ
15. കറിവേപ്പില -ഒരു തണ്ട്
16. ഉപ്പ് -ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
1. മത്തങ്ങ വലിയ കഷണങ്ങളാക്കിയത്, നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത്, കൈതച്ചക്ക മിക്സിയിൽ അരച്ചെടുത്തത് എന്നിവ കുക്കറിലേക്ക് ഇടുക.
2. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ച് മൂന്നു വിസിൽ വരുന്നതുവരെ വേവിക്കാം.
3. ചീനച്ചട്ടിയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി തേങ്ങ ചിരകിയത് ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം (ചിരകിയ തേങ്ങ മിക്സിയിലിട്ട് ഒന്ന് കറക്കിയെടുത്താൽ എളുപ്പത്തിൽ വറുത്തെടുക്കാം).
4. വെന്ത പഴങ്ങൾ ഒരു മത്ത് (കടക്കോൽ) ഉപയോഗിച്ച് ഉടച്ചെടുക്കുക. കട്ടിയായി തോന്നുകയാണെങ്കിൽ അൽപം വെള്ളം കൂടി ചേർക്കാം. ഇതിലേക്ക് ജീരകം വറുത്തുപൊടിച്ചതും ശർക്കര പാനിയാക്കിയതും നെയ്യും ചേർക്കുക. നന്നായി വരട്ടി വറ്റിച്ചെടുക്കുക. വറുത്തെടുത്ത തേങ്ങ കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
5. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തെടുക്കാം.
6. ബാക്കിയുള്ള എണ്ണയിലേക്ക് കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ച് കറിയിലേക്ക് ഒഴിക്കാം. വറുത്തുവെച്ച കശുവണ്ടിപ്പരിപ്പും കഴുകി വൃത്തിയാക്കിയ മുന്തിരിയും കൂടി ചേർത്താൽ സ്വാദിഷ്ടമായ മധുര കൂട്ടുകറി തയാർ. റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ ഒരാഴ്ചയിലധികം ഉപയോഗിക്കാം.
കുമ്പളങ്ങ വെള്ളരിക്ക കൂട്ടുകറി
കുമ്പളങ്ങ വെള്ളരിക്ക കൂട്ടുകറി
ചേരുവകൾ
1. കുമ്പളങ്ങ -200 ഗ്രാം
2. വെള്ളരിക്ക -200 ഗ്രാം
3. ചേന -200 ഗ്രാം
4. നേന്ത്രക്കായ -ഒന്ന് (വലുത്)
5. കടലപ്പരിപ്പ് -അരക്കപ്പ്
6. തേങ്ങ ചിരകിയത് -ഒന്നേകാൽ കപ്പ്
7. ജീരകം -അര ടീസ്പൂൺ
8. മഞ്ഞൾപൊടി -അര ടീസ്പൂൺ
9. മുളകുപൊടി -ഒരു ടീസ്പൂൺ
10. കുരുമുളകുപൊടി -ഒരു ടീസ്പൂൺ
11. വറ്റൽമുളക് -രണ്ട്
12. ശർക്കരപ്പൊടി -ഒരു ടേബിൾ സ്പൂൺ
13. വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ
14. കടുക് -ഒരു ടീസ്പൂൺ
15. കറിവേപ്പില -ഒരു തണ്ട്
16. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. പ്രഷർ കുക്കറിലേക്ക് ചതുരക്കഷണങ്ങളാക്കിയ പച്ചക്കറികൾ, കഴുകി വൃത്തിയാക്കിയ കടലപ്പരിപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് മൂന്നു വിസിൽ വരുന്നതുവരെ വേവിക്കുക.
2. അരക്കപ്പ് തേങ്ങയിലേക്ക് ജീരകം ചേർത്ത് നന്നായി ചതച്ചെടുക്കാം.
3. വെന്ത പച്ചക്കറികളിലേക്ക് കുരുമുളകുപൊടി, ശർക്കരപ്പൊടി, തേങ്ങ ചതച്ചത് ഇവ ചേർത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക.
4. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കാം.
5. ഈ താളിപ്പ് കൂട്ടുകറിയിൽ ഒഴിച്ച് ഇളക്കിയെടുത്താൽ കുമ്പളങ്ങ വെള്ളരിക്ക കൂട്ടുകറി തയാർ.