സ്ത്രീകൾ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ, ഭർത്താവും കുട്ടികളും ഫോണിൽ; കുടുംബബന്ധം ഡിസ്കണക്ടാകാൻ മറ്റു കാരണം വേണോ?
text_fieldsഒരർഥത്തിൽ വീടിന്റെ ന്യൂക്ലിയസ് തന്നെ അടുക്കളയാണ്. വീട്ടിൽ ഏറ്റവും സമയം ചെലവഴിക്കുന്ന ഇടങ്ങളിലൊന്ന്. ആ ഇടത്തിൽ പോസിറ്റിവ് വൈബ് നിറക്കാൻ കഴിഞ്ഞാൽ വീട് മുഴുവൻ പ്രകാശം പരക്കും. അത് മനസ്സുകളിലൂടെ പടർന്ന് സമൂഹത്തിലും പ്രതിഫലിക്കും.
സ്മാർട്ട് ഫോൺ വന്നതോടെ ഒന്നും മിണ്ടാൻ നേരമില്ലാത്തവരായി മാറി ആളുകൾ. വീട്ടകങ്ങളിൽ പോലും പഴയ കളിചിരികൾ അന്യമായിപ്പോവുകയാണ്. എന്നാൽ, ലോക്ഡൗൺ കാലത്ത് ലോകം വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ബന്ധങ്ങളുടെ ഊഷ്മളത വീണ്ടുകിട്ടിയിരുന്നു.
ആ ഊഷ്മളത നിലനിർത്താൻ പാചകവും വാചകവുമായി നമുക്ക് വീടൊന്ന് സജീവമാക്കിയാലോ? അതുവഴി വയറും മനസ്സും നിറക്കാം. അങ്ങനെ വീടു മുഴുവൻ സന്തോഷത്തിന്റെ തിരയിളക്കവും കാണാൻ സാധിക്കും.

കൂടുമ്പോഴുള്ള ഇമ്പം
അണുകുടുംബമായാലും കൂട്ടുകുടുംബമായാലും വീടിനുള്ളിൽ സന്തോഷം നിറക്കാൻ സാധിക്കുന്നത് അവിടത്തെ അംഗങ്ങൾക്കുതന്നെയാണ്. തമ്മിൽ മിണ്ടിപ്പറയാൻ നേരമില്ലാത്ത രീതിയിൽ നമ്മുടെ സമയം കവർന്ന മൊബൈൽ ഫോണിനെ കുറച്ച് നേരത്തേക്ക് ‘ഔട്ട് ഓഫ് റേഞ്ചാ’ക്കിവെച്ച് ഒന്നിച്ച് സംസാരിച്ചിരുന്നാൽ എന്ത് രസമായിരിക്കും...
വീടുകളിൽ ഒന്നിച്ചിരുന്ന് ഭക്ഷണം ഉണ്ടാക്കുമ്പോഴും കഴിക്കുമ്പോഴുമുള്ള സന്തോഷം വേറെതന്നെയാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ ഒന്നിച്ചുകൂടിയിരുന്ന് കലപില വർത്തമാനം പറയാം. ഉള്ള ജോലികൾ പരസ്പരം പങ്കുവെക്കാം.
എന്നുമില്ലെങ്കിലും ഒഴിവുസമയങ്ങളിലെങ്കിലും ഭാര്യയും ഭർത്താവും മക്കളുമടങ്ങുന്ന കുടുംബം ഒന്നിച്ചുചേർന്നുള്ള പാചകവും വർത്തമാനവും കഴിപ്പുമൊക്കെ കുടുംബത്തെ ഇമ്പമുള്ളതാക്കിത്തീർക്കും. ഒരു കട്ടൻചായ ഉണ്ടാക്കുകയാണെങ്കിൽപോലും എല്ലാവരും ചേർന്നിരുന്ന് കുടിച്ചാൽ അതിന് മുഹബ്ബത്ത് ഇത്തിരി കൂടും. ഒന്നിച്ചുള്ള പാചകത്തിലൂടെ കുടുംബത്തിന്റെ രസതന്ത്രം തന്നെ മാറിമറിയും.
പലപ്പോഴും സ്ത്രീകൾ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഭർത്താവും കുട്ടികളുമടങ്ങുന്ന മറ്റ് അംഗങ്ങൾ സിനിമ കണ്ട് ആസ്വദിക്കുകയായിരിക്കും. അല്ലെങ്കിൽ മൊബൈൽ ഫോണിലായിരിക്കും. ഇത് വീട്ടുകാരിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കും. വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധംതന്നെ ഡിസ്കണക്ട് ആയിപ്പോകും. ജോലി ചെയ്യുന്ന സ്ത്രീകളാകുമ്പോൾ, ഓഫിസ് ജോലിയും വീട്ടുജോലിയും തനിച്ചുകൊണ്ടുപോവുക എന്നത് വളരെ വിഷമംപിടിച്ചതാണ്.

സന്തോഷ പാചകത്തിന് ചില പൊടിക്കൈകൾ
രാവിലെ ചായയുണ്ടാക്കുന്ന ജോലി ഭർത്താക്കന്മാർക്ക് ഏറ്റെടുക്കാം. സംസാരിച്ചുകൊണ്ട് പാചകം ചെയ്യാം. സിനിമയോ രാഷ്ട്രീയമോ ഓഫിസ് കാര്യമോ തുടങ്ങി സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും സംസാരിക്കാം.
ദമ്പതികൾ ഒന്നിച്ച് പാചകം ചെയ്യുന്നത് കുടുംബബന്ധത്തിന്റെ വേരുറപ്പിക്കും. പാചകം ഒന്നിച്ചാകുമ്പോൾ, അത് ഒരാളുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന തോന്നൽ മാറിക്കിട്ടും. ചിലപ്പോൾ കൂടെ നിന്നുകൊടുത്താൽ പോലും അതുണ്ടാക്കുന്ന ഇംപാക്ട് വലുതായിരിക്കും. ഭർത്താവിന് പാചകം അറിയില്ലെങ്കിൽ പച്ചക്കറി അരിഞ്ഞുകൊടുക്കാം. പാത്രങ്ങൾ കഴുകാം. ചിലപ്പോൾ ഓംലറ്റ് പോലുള്ള സിംപിൾ ഐറ്റംസ് പരീക്ഷിക്കാം.
എല്ലാവരും ഒന്നിച്ച് പാചകം ചെയ്യുമ്പോൾ ഏത് വിഭവമാണ് തയാറാക്കേണ്ടത് എന്ന് ആദ്യംതന്നെ തീരുമാനിക്കുക. ഭാര്യ പാചകം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് അലക്കാനുള്ള തുണികൾ വാഷിങ് മെഷീനിലിടാം. കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ അവരെതന്നെ ഏൽപിക്കാം.
ഓരോ അംഗത്തിനും ജോലികൾ പങ്കുവെച്ചുകഴിഞ്ഞാൽ പിന്നെ അവരവരുടെ ഉത്തരവാദിത്തമായിരിക്കണം. വീട്ടിലെ പല ആളുകൾക്കും പല ടേസ്റ്റാകും ഭക്ഷണത്തിന്. അതൊക്കെ മാറ്റിവെച്ച് എന്താണോ ഉണ്ടാക്കിയത് അത് കഴിക്കാനുള്ള മനസ്സ് ഉണ്ടാകണം. പകരം ഓരോരുത്തരുടെയും ഫേവറിറ്റ് ഐറ്റംസ് ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ഉണ്ടാക്കാം.

കുട്ടികളും പാചകം ചെയ്യട്ടെ
അടുക്കളക്കാര്യം അമ്മയുടെ മാത്രം കാര്യമല്ലെന്ന് കുട്ടികളും അറിയണം. ചില പാചകനുറുങ്ങുകളൊക്കെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. അതിന് ആൺകുട്ടികളോ പെൺകുട്ടികളോ എന്ന വ്യത്യാസമൊന്നും വേണ്ട. സിനിമ കാണുന്നപോലുള്ള വിനോദമാണ് പാചകവും എന്ന് അവരെ പഠിപ്പിക്കണം. അതിനുള്ള ചില വഴികളിതാ...
● ആദ്യംതന്നെ ബിരിയാണി ഉണ്ടാക്കാനോ സാമ്പാർ തയാറാക്കാനോ അല്ല കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് പ്രത്യേകം ഓർമ വേണം. അവരെ നമുക്ക് സഹായികളാക്കി തുടങ്ങിവെക്കാം. കറിക്കരിഞ്ഞുവെക്കാൻ പറയാം. പാത്രം കഴുകിപ്പിക്കാം.
● ഓരോ പ്രായത്തിനും അനുസരിച്ചുള്ള ജോലി വേണം ഏൽപിക്കാൻ.
● അവരുടെ സുരക്ഷിതത്വംകൂടി കണക്കിലെടുക്കണം.
● കുട്ടികൾക്കുകൂടി ചെയ്യാൻ സാധിക്കുന്ന റെസിപ്പികൾ എടുക്കുക. കേക്കും ബിരിയാണിയുമടക്കം തയാറാക്കുന്ന എത്രയോ കുട്ടികളുണ്ട് ഇന്ന്. പലരും യൂട്യൂബും ഇൻസ്റ്റഗ്രാമുമൊക്കെ കണ്ടിട്ടാകും അത് പഠിക്കുന്നത്. ചിലപ്പോൾ വീട്ടിലെ മുതിർന്നവർ ചെയ്യുന്നത് കണ്ടിട്ടുമാകാം.
● കുട്ടികൾ ഉണ്ടാക്കുന്ന ഏതു വിഭവമായാലും, അതെത്ര മോശമായാലും പോസിറ്റിവ് കമന്‍റുകൾ പറയുക. അതിന്റെ പ്രശ്നങ്ങൾ നല്ല രീതിയിൽ പറഞ്ഞുകൊടുക്കുക. എങ്കിൽ മാത്രമേ തുടർന്നും സഹകരിക്കാൻ അവർക്ക് തോന്നുകയുള്ളൂ.
● പാചകത്തിനിടെ കുട്ടികളുമായി നന്നായി ആശയവിനിമയം നടത്തുക. സ്കൂളിലെ കഥകൾ ചോദിക്കാം.
● കുട്ടികൾ അടുക്കള കൈയടക്കിയാൽ വൃത്തിയാക്കൽ ഒരു ബാലികേറാമലയായിരിക്കും എന്നത് ആദ്യമേ മനസ്സിലുണ്ടായിരിക്കണം.
● തീരെ ചെറിയ കുട്ടികളാണെങ്കിൽ പച്ചക്കറികളും പഴങ്ങളും കഴുകുന്ന ജോലി ഏൽപിക്കാം.
● ഡൈനിങ് ടേബ്ൾ വൃത്തിയാക്കാൻ അവരെ ഏൽപിക്കാം. ചിലപ്പോൾ ഫലം നേർവിപരീതമായിരിക്കും. അപ്പോൾ വഴക്കുപറയരുത്.
● മാർക്കറ്റിൽനിന്ന് വാങ്ങുന്ന പച്ചക്കറികൾ തരംതിരിച്ചു വെക്കാൻ അവരെ ഏൽപിക്കാം. ഓരോന്നിന്റെയും പേരുകൾ പറഞ്ഞുപഠിപ്പിക്കാം.
● കുക്കർ വിസിലിന്റെ എണ്ണം നോക്കാൻ പറയാം.
● പച്ചക്കറി, പഴത്തൊലികൾ എന്നിവ വേസ്റ്റ് ബിന്നിൽ ഇടാൻ പറയാം.
● ഒരിക്കലും കത്തിയും കത്രികയുമൊന്നും ചെറിയ കുട്ടികളുടെ കൈയിൽ കൊടുക്കരുത്.
● ഫ്രിഡ്ജിൽനിന്ന് സാധനങ്ങൾ എടുത്തുകൊണ്ടുവരാൻ പറയാം.
● കുറച്ചു മുതിർന്ന കുട്ടികളാണെങ്കിൽ ഫ്രീസറിൽ ഇരിക്കുന്ന ഇറച്ചിയോ മീനോ ഫ്രൈ ചെയ്യാൻ പറയാം.
അറിഞ്ഞ് നിർമിക്കാം അടുക്കള
ജോലിയുള്ള സ്ത്രീകൾക്ക് ദിവസത്തിന്റെ ഏറിയ പങ്കും അടുക്കളയിൽ ചുറ്റിത്തിരിയാൻ സമയം കാണില്ല. അതൊക്കെ കണ്ടറിഞ്ഞുവേണം അടുക്കള നിർമിക്കാൻ.
പണ്ടൊക്കെ അടുക്കള എന്നാൽ പാചകംചെയ്യാൻ മാത്രമുള്ള ഒരിടമായിരുന്നു. ഇപ്പോൾ ആ തീം തന്നെ മാറിയിട്ടുണ്ട്. ഓപൺ കിച്ചണൊക്കെ സർവസാധാരണയായിട്ടുണ്ട്. അടുക്കള നിർമിക്കുമ്പോൾ ഉപയോഗക്ഷമമായ സ്ഥലത്തിനാണ് മുൻഗണന നൽകേണ്ടത്. അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
● അടുക്കളയിൽ പാചകം ചെയ്യുന്ന ആൾ, അയാളുടെ പ്രഫഷൻ, എത്ര നേരത്തെ പാചകം എന്നിങ്ങനെയുള്ള കാര്യങ്ങൾ മുൻകൂട്ടി കണ്ടുവേണം സൗകര്യങ്ങൾ ഒരുക്കുവാൻ.
● നല്ല കാറ്റും വെളിച്ചവും ഉള്ളതായിരിക്കണം അടുക്കള. പകൽ കറന്‍റ് പോയാലും ബാധിക്കാൻ പാടില്ല.
● വലിയ ജനാലകളും വെന്‍റിലേഷനും നിർബന്ധം.
● എല്ലാ സാധനങ്ങളും കൈയെത്തും ദൂരെയായിരിക്കണം. സാധനങ്ങൾ എടുക്കാനായി അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളരരുത്. ഫ്രിഡ്ജും സ്റ്റൗവും സിങ്കും എല്ലാം കൈയകലത്തിലായിരിക്കണം.
● ജോലി ചെയ്യുന്ന ആളുടെ പൊക്കത്തിന് അനുസരിച്ചായിരിക്കണം കിച്ചൺ കൗണ്ടർ ടോപ്പ്. പൊക്കം കുറഞ്ഞാൽ കുനിഞ്ഞുനിന്ന് ജോലി ചെയ്യുന്നത് നടുവിന് പ്രശ്നമുണ്ടാക്കും. കൗണ്ടറിന് അത്യാവശ്യം വീതിയും വേണം.
● ഇന്‍റീരിയർ ഡിസൈൻ ചെയ്യുമ്പോൾ വീട്ടുകാർ ഒരുമിച്ച് പ്ലാൻ ചെയ്യാം.
കടപ്പാട്:
ഗീതാഞ്ജലി നടരാജൻ