Begin typing your search above and press return to search.

ഓർമകളുടെ മ്യൂസിയം

ഓർമകളുടെ   മ്യൂസിയം
cancel

പെറുവിലെ എഴുത്തുക്കാരനായ ഗബ്രിയേല വീനറുടെ ‘Undiscovered’ എന്ന നോവലിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ഇൗ നോവൽ എങ്ങനെ​െയാക്കെയാണ്​ സമകാലിക ജീവിതാവസ്ഥകളെ ആവിഷ്​കരിക്കുന്നത്​?സ്വാനുഭവങ്ങളെ കേന്ദ്രീകരിച്ച് മുന്നേറുന്ന ആഖ്യാനങ്ങളിൽ ആഖ്യാതാവിന്റെ ജീവിതത്തിലെ പ്രതീകങ്ങളും വസ്തുക്കളും ഇടങ്ങളും എഴുത്തുരൂപങ്ങളും ഉൾപ്പെടുന്നു. ഭാവനയുടെ കാചത്തിലൂടെ ഓർമയുടെ ചിത്രങ്ങൾ ചലിപ്പിക്കുന്ന സർഗാത്മക പ്രക്രിയയാണ് ഇത്തരം രചനകൾക്ക് പിന്നിലുള്ളതെന്ന് പറയാം. ഓർമയുടെ നിറങ്ങളും ഗന്ധങ്ങളും വാക്കുകളായി രൂപപ്പെടുന്ന സൃഷ്ടികർമമാണ് പ്രസ്തുത കൃതികളിൽ സാമാന്യേന കാണുന്നത്. സാംസ്കാരികമായ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
പെറുവിലെ എഴുത്തുക്കാരനായ ഗബ്രിയേല വീനറുടെ ‘Undiscovered’ എന്ന നോവലിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ഇൗ നോവൽ എങ്ങനെ​െയാക്കെയാണ്​ സമകാലിക ജീവിതാവസ്ഥകളെ ആവിഷ്​കരിക്കുന്നത്​?

സ്വാനുഭവങ്ങളെ കേന്ദ്രീകരിച്ച് മുന്നേറുന്ന ആഖ്യാനങ്ങളിൽ ആഖ്യാതാവിന്റെ ജീവിതത്തിലെ പ്രതീകങ്ങളും വസ്തുക്കളും ഇടങ്ങളും എഴുത്തുരൂപങ്ങളും ഉൾപ്പെടുന്നു. ഭാവനയുടെ കാചത്തിലൂടെ ഓർമയുടെ ചിത്രങ്ങൾ ചലിപ്പിക്കുന്ന സർഗാത്മക പ്രക്രിയയാണ് ഇത്തരം രചനകൾക്ക് പിന്നിലുള്ളതെന്ന് പറയാം. ഓർമയുടെ നിറങ്ങളും ഗന്ധങ്ങളും വാക്കുകളായി രൂപപ്പെടുന്ന സൃഷ്ടികർമമാണ് പ്രസ്തുത കൃതികളിൽ സാമാന്യേന കാണുന്നത്. സാംസ്കാരികമായ ഈടുവെപ്പുകളും സംസ്കാരസംബന്ധിയായ മുഹൂർത്തങ്ങളും ക്രിയാത്മകമായി ശേഖരിക്കുന്നതിൽ ഓർമയുമായി ചേർത്തുവെച്ചുള്ള ആഖ്യാനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. സാംസ്കാരികമായും സാമൂഹികമായും രൂപപ്പെടുന്ന അടരുകൾ സ്മൃതികളായി സൂക്ഷിക്കപ്പെടുന്നു. അത്തരം വ്യക്തിപരമായ ഓർമകൾ ഓട്ടോഫിക്ഷനായി പരിണമിക്കുന്നുമുണ്ട്. ഇപ്പറഞ്ഞ ഓർമകളെ സങ്കൽപവുമായി കൂട്ടിവെച്ചുകൊണ്ടു വികസിപ്പിക്കാൻ സർഗധനരായ എഴുത്തുകാർക്ക് സാധിക്കുന്നു. ഓർമകൾ ആഖ്യാനമായി മാറുന്നതും ഓർമയുടെ പുനഃസന്ദർശനവും സാഹിത്യത്തിന്റെ ഭംഗിയാണ്.

കഴിഞ്ഞുപോയ കാലത്തിന്റെ സ്മരണകൾ തെളിച്ചത്തോടെ വാക്കുകളായി രൂപപ്പെടുന്ന പദ്ധതി എഴുത്തിന്റെയും വായനയുടെയും എക്കാലത്തെയും വലിയ ഉപലബ്ധിയാണ്. വ്യവസ്ഥാപിതമല്ലാത്ത ഓർമകളും ബോധധാരാരീതിയും മറ്റും ആത്മകഥാപരമായ ആഖ്യാനങ്ങൾക്ക് വഴിതെളിച്ചുവെന്നു നമുക്കറിയാം. പ്രൂസ്റ്റിന്റെ In Search of Lost Timeൽ സാക്ഷാത്കരിക്കപ്പെട്ട സാഹിത്യരൂപം പലതലത്തിലാണ് ആകൃതിപ്പെട്ടത്. 1972ലാണ് പോൾ വെസ്റ്റ് എന്ന നിരൂപകൻ ഓട്ടോഫിക്ഷൻ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. വ്യക്തിഗതമായ സ്മൃതിചിത്രങ്ങളെ സാമൂഹിക തലങ്ങളിലേക്ക് സ്ഥാപിച്ചുകൊണ്ടുള്ള വിശകലനത്തിനും പ്രസക്തിയുണ്ട്. ഓട്ടോഫിക്ഷൻ എഴുതുക എന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ അപരാധം എന്ന് പറഞ്ഞുകൊണ്ട് സ്വന്തം ജീവിതത്തിലെ സന്ദർഭങ്ങളെയും ചരിത്രത്തെയും അവതരിപ്പിക്കുകയാണ് പെറുവിലെ എഴുത്താളായ ഗബ്രിയേലാ വീനർ ‘Undiscovered’ എന്ന നോവലിലൂടെ. ജൂലിയ സാഞ്ചസ് ആണ് സ്പാനിഷിൽനിന്ന് ഇംഗ്ലീഷിലേക്ക് നോവൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അധിനിവേശത്തിന്റെ തിക്തഫലങ്ങളും ത്വക്കിന്റെ നിറത്തിന്റെ പേരിലുള്ള വിവേചനവും അപരിചിതരോടുള്ള ഉത്കണ്ഠ നിറഞ്ഞ മനോഭാവവും ലൈംഗികതയോടുള്ള തുറന്ന സമീപനങ്ങളും മറ്റും സംവാദവിഷയങ്ങളാവുന്ന നോവൽ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ സമകാല വഴിയെ പ്രതിനിധാനം ചെയ്യുന്നു. ഭാഷാപരവും ഭാവനാപരവുമായ വൈവിധ്യവും തുറന്ന നിലപാടുകളുള്ള രാഷ്ട്രീയവും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദവും സമകാല ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ പ്രമേയങ്ങളാണ്. ഇതേ ആശയങ്ങളോട് സമരസപ്പെട്ടുകൊണ്ടുതന്നെയാണ് ഗബ്രിയേലയും തന്റെ ആഖ്യാനത്തെ പൂർത്തീകരിക്കുന്നത്. റോബർട്ടോ ബൊലാനോക്ക് ശേഷമുള്ള ലാറ്റിൻ അമേരിക്കൻ സാഹിത്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നുവെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്.

സ്വന്തം ജീവിതത്തെ അവതരിപ്പിക്കുക വഴി, വൈയക്തികമായ അനുഭവങ്ങളുടെ പടലങ്ങൾ ഗബ്രിയേല വീനർ ആഖ്യാനത്തിലേക്ക് തനതായ കൈയൊപ്പോടെ അടുക്കിവെക്കുന്നുണ്ട്. പെറുവിലെ ആദിമ വംശമായ ‘ചോള’ (Chola) പൈതൃകത്തിൽ ഉൾപ്പെട്ട ഗബ്രിയേല, അക്കാരണംകൊണ്ടുതന്നെ ബാല്യകാലത്ത് പലതരം പരിഹാസങ്ങൾക്കും അവഹേളനങ്ങൾക്കും വിധേയയായി. അകാരണമായ അപകർഷതബോധവും അവളെ ശല്യംചെയ്തിരുന്നു. നരവംശ ശാസ്ത്ര മ്യൂസിയത്തിലെ പ്രതിമകളെയും ബിംബങ്ങളെയും അവളുമായി താരതമ്യംചെയ്തു കളിയാക്കുക കൂട്ടുകാരുടെ വിനോദമായിരുന്നു. മാർകിസ്റ്റ് ആശയങ്ങളെ മുറുകെപ്പിടിക്കുന്ന പത്രപ്രവർത്തകനായ റൗൾ വീനറുടെ മകളായ ഗബ്രിയേല, അമ്മയും സഹോദരിയും അടങ്ങുന്ന തങ്ങളുടെ കുടുംബത്തെ കൂടാതെ മറ്റൊരു ബന്ധം അച്ഛനുണ്ടെന്നു മനസ്സിലാക്കുന്നു. മുപ്പതു വർഷത്തിലേറെയായി തുടരുന്ന ആ അടുപ്പത്തിൽ അയാൾക്ക് മറ്റൊരു മകളും ജനിച്ചിരുന്നുവെന്ന വസ്തുത ഏറെ വൈകിയാണ് ഗബ്രിയേല തിരിച്ചറിഞ്ഞത്.

അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ വായിച്ചുകൊണ്ടിരുന്ന ഒരു ഉച്ചസമയത്തായിരുന്നു അദ്ദേഹത്തിന്റെ കാമുകിയോട് ഫോണിൽ ഗബ്രിയേലക്ക് സംസാരിക്കേണ്ടിവന്നത്. അന്ന് അവൾക്ക് പത്തു വയസ്സായിരുന്നു. മേൽപറഞ്ഞ അതേ നിമിഷമായിരുന്നു അവൾ രജസ്വലയായതും. ആഖ്യാനത്തിൽ നോവലിസ്റ്റ് പ്രകടമാക്കിയ സമർഥമായ കൈയടക്കത്തിന്റെ ദൃഷ്ടാന്തമാണ് ഈ രംഗം. സ്വാനുഭവങ്ങളുടെ ഈർപ്പവും ചൂടും ഗബ്രിയേലയെ സ്വാധീനിച്ചു എന്ന് തീർച്ചപ്പെടുത്താം. യാഥാർഥ്യത്തിന്റെ കടലിലെ ഒരു സാങ്കൽപിക ദ്വീപാണ് കുടുംബം എന്ന നിലപാടിലേക്ക് അവൾ എത്തുകയുംചെയ്തു. സ്വന്തം ജീവിതത്തെ കുറിച്ച് എഴുതുമ്പോൾ, അനുഭവങ്ങളുടെ മഹാസമുദ്രത്തിലും മരുഭൂമിയിലും തിരകളും തീക്കാറ്റും അലയടിക്കുന്നത് തൊട്ടറിയാൻ സാധിക്കും എന്നത് കേവലം കാൽപനികമല്ല. അച്ഛന്റെ രണ്ടാമത്തെ കുടുംബത്തെ കുറിച്ചുള്ള വിവരം ജീവിതത്തെ സംബന്ധിച്ച ചില കാഴ്ചപ്പാടുകളിലേക്ക് അവളെ നയിച്ചു. കണ്ണിന് തകരാറുണ്ടെന്ന വ്യാജേന കണ്ണ് മൂടിക്കൊണ്ടായിരുന്നു അച്ഛൻ അതിഗൂഢമായി ജീവിതം നയിച്ചിരുന്നത്. അച്ഛന്റെ മരണം അർഥശൂന്യമായ, വിജനമായ ഒരു ഗർത്തം രൂപപ്പെടുത്തുന്നത് അമ്മയും രണ്ടു മക്കളും തിരിച്ചറിയുന്നുണ്ട്. അടി പതറുമ്പോഴും ശബ്ദം ഇടറുമ്പോഴും പിടിച്ചു നിൽക്കാനായി അന്യോന്യം കൈത്താങ്ങാവുന്ന അവർക്ക് ഈ ദുഃഖവും അതിജീവിക്കാതെ നിർവാഹമില്ല. പരിഹാര മാർഗങ്ങൾ ചൂണ്ടിക്കാണിക്കുന്ന പുസ്തകങ്ങളെ മറന്നുകൊണ്ട് ദൈനംദിന ജീവിതത്തിലേക്ക് പിച്ചവെച്ചു നടക്കാൻ സാവധാനം അവർക്ക് കഴിയുന്നു. കാൻസർ ബാധിച്ച് മരിച്ച അച്ഛന്റെ ഫോൺ, കണ്ണട എന്നിവ സ്പർശിക്കാൻ ആഖ്യാതാവ് വൈമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്.

അച്ഛന്റെ വിരലടയാളങ്ങൾ മായാതിരിക്കാൻവേണ്ടിയുള്ള കരുതൽ കൂടിയായി ഇതിനെ കണക്കാക്കാം. അച്ഛന്റെ സ്വകാര്യത ലംഘിക്കുന്നത് അനുയോജ്യമായ തീരുമാനമാണോ എന്ന് അവൾ സന്ദേഹിക്കുകയുംചെയ്യുന്നു. എങ്കിലും അച്ഛനെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹത്തിന്റെ ജീവിതവും അറിയണമെങ്കിൽ അത് ആവശ്യമാണുതാനും. വായിച്ച പുസ്തകങ്ങളെ കുറിച്ചും എഴുത്തുകാരെ പറ്റിയും ചർച്ചചെയ്തിരുന്ന അച്ഛനെ അവൾക്ക് മറക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വൈരുധ്യങ്ങളോട് ഗബ്രിയേലക്ക് പൊരുത്തപ്പെടാൻ സാധിക്കുമോ എന്നത് തർക്കവിഷയമാണ്. സാമൂഹികമായ തലത്തിൽ എങ്ങനെയാണ് അച്ഛന്റെ വ്യക്തിത്വം അവൾക്ക് ബോധ്യപ്പെടുക എന്നും അച്ഛനെ നീതികരിക്കാൻവേണ്ടി അവൾ ഒരു പുസ്തകംതന്നെ എഴുതുമോ എന്നുമുള്ള വിചാരങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം ഗബ്രിയേല​െയ കീഴ്‌പ്പെടുത്തുന്നു.

എ.ഡി 100 മുതൽ 800 വരെ വടക്കൻ പെറുവിൽ നിലനിന്ന ഒരു പുരാതന നാഗരികതയായിരുന്നു മോച്ചെ സംസ്കൃതി (Moche Culture). കളിമണ്ണ്, ലോഹം, തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ചുള്ള കരകൗശല പ്രവർത്തനങ്ങളിലൂടെ ഈ ജീവിതരീതി ശ്രദ്ധ നേടി. 1880ൽ പെറുവിനെയും ബൊളീവിയയെയും കുറിച്ച് അനവധി പഠനങ്ങൾ തയാറാക്കിയ, വിഖ്യാത ഓസ്ട്രിയൻ-ഫ്രഞ്ച് നരവംശ ശാസ്ത്രജ്ഞനായ ചാൾസ് വീനർ ഈ വിഷയത്തിലും വൈദഗ്ധ്യം നേടിയിരുന്നു. വീനറിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ആശയങ്ങളും ഉൾപ്പെടുത്തിയ ഒരു പ്രദർശനം കാണാൻ പോകുന്ന ആഖ്യാതാവിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. കുട്ടിക്കാലത്തെ വിനോദയാത്രകളിലും മറ്റും കണ്ടുകൊണ്ടിരുന്ന മോച്ചെ സംസ്കൃതിയുടെ ഭാഗമായ മാനുഷികബിംബങ്ങളെയും രൂപങ്ങളെയുമാണ് വീനറുടെ പ്രദർശനത്തിലും ഗബ്രിയേലക്ക് കാണാൻ കഴിഞ്ഞത്. വീനറുടെ പിൻഗാമിയാണെന്ന് വിശ്വസിക്കുന്നതിൽ അവൾ അഭിമാനംകൊണ്ടു. ജർമൻ ഭാഷയിൽ ‘വിയനയിൽനിന്ന്’ എന്നർഥം വരുന്ന ഒരു പദമാണ് വീനർ. തെക്കേ അമേരിക്കയിൽ വലിയ രീതിയിൽ പര്യടനം നടത്തിയ ചാൾസ് വീനർ പെറുവിലെ പല ഇടങ്ങളെയും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിരുന്നു. രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ലിമയിൽനിന്ന് ട്രൂജില്ലോയിലേക്കും തുടർന്ന് ആൻഡിസിലേക്കും കാജമാർക്കയിലേക്കും പുനോയിലേക്കും സഞ്ചരിക്കുകയും ബൊളീവിയയിൽ തന്റെ യാത്ര അവസാനിപ്പിക്കുകയുംചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും പുരാതന നാഗരിക സംസ്കാരത്തിന്റെ ആസ്തികളെ കൊള്ളയടിച്ചിരുന്ന ആളെന്ന വിമർശനവും അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു.

വീനറുടെ വേരുകൾ പെറുവിലാണെന്നും അവിടെ അദ്ദേഹത്തിന് ഒരു മകനുണ്ടെന്നുമുള്ള സൂചന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പിന്റെ പ്രകാശനവേളയിൽ പ്രസാധകർ പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. അങ്ങനെ ചാൾസ് വീനറുടെ ജീവചരിത്രത്തിൽ അവൾ ഉത്സുകയായി. വിപണീമൂല്യമുള്ള പുരാവസ്തുക്കൾ രഹസ്യമായി ഖനനംചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് അവൾ പറയുന്നുമുണ്ട്. ബൃഹദ്ഗ്രന്ഥമായ അദ്ദേഹത്തിന്റെ പുസ്തകത്തിൽ യാത്രാവിവരണത്തോടൊപ്പം മറ്റു പല വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. അതുകൂടാതെ, നഷ്ടപ്പെട്ട നഗരമായ മാച്ചുപിച്ചുവിനെ അദ്ദേഹം ഏതാണ്ട് വീണ്ടെടുക്കുന്നുമുണ്ട്. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിലൊന്ന് ‘കണ്ടെത്തിയ’ മനുഷ്യനുമായി നേരിട്ട് അടുപ്പമുണ്ടായിരുന്നുവെങ്കിൽ തന്റെ ജീവിതം എങ്ങനെ വ്യത്യസ്തമാകുമെന്ന് ഈ ഘട്ടത്തിൽ ആഖ്യാതാവ് ചിന്തിക്കുന്നുണ്ട്. വീനറുടെ പ്രദർശനത്തിൽ അജ്ഞാതനായ ഒരു കുട്ടിയുടെ ശൂന്യമായ ശവകുടീരത്തെ ഗബ്രിയേല അത്ഭുതത്തോടെയാണ് കണ്ടത്. ഓർമകളും നിശ്ചലജീവനും അടങ്ങിയ ശവകുടീരം നിരർഥകവും ശൂന്യവുമാവുന്നതോടെ ആരാണെന്നു തിരിച്ചറിയാത്ത കുട്ടിയുടെ ചരിത്രം അനാഥമാവുകയാണ്. ചരിത്രത്തിന്റെ രചയിതാക്കളും ചരിത്രവും മിത്തായി പരിണമിക്കുന്ന ദൃശ്യമാണത്. ആവർത്തിച്ച് തുറക്കുകയും അശുദ്ധമാക്കുകയുംചെയ്ത ഈ ശവകുടീരം ഒരു നാഗരികത മറ്റൊരു സംസ്കൃതിയുടെ മേൽ നേടിയ വിജയത്തിന്റെ കഥപറയുന്ന ഒരു പ്രദർശനത്തിന്റെ ഭാഗമായിരുന്നു.

അധിനിവേശത്തിന്റെ സ്ഥാപിതമായ അഭിരുചികളും കീഴ്പ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ അവ പ്രവർത്തിച്ച രീതികളും നാനാവിധമായ നടപടിക്രമങ്ങളും മറക്കാനാവാത്തവിധം തദ്ദേശീയ ജനതയിൽ മുദ്ര ചാർത്തി. അധിനിവേശത്തെ ആഴത്തിൽ അപഗ്രഥിച്ച ഫ്രഞ്ച്-തുനീഷ്യൻ എഴുത്തുകാരനും ചിന്തകനുമായ ആൽബർട്ട് മെമ്മിയുടെ കാഴ്‌ചയിൽ അധിനിവേശകരുടെ നേട്ടങ്ങളുടെ പ്രതിഫലനമായി അധിനിവേശം ചെയ്യപ്പെട്ട ജനതയുടെ കഷ്ടപ്പാടുകൾ തെളിഞ്ഞുകാണുന്നു. സാമ്പത്തിക അടിച്ചമർത്തലിനൊപ്പം വിഭാഗീയതയും സ്വത്വപരമായ പ്രതിസന്ധിയും അധിനിവേശത്തിന് വിധേയമാവുന്ന ജനതയുടെ വെല്ലുവിളിയായി പരിണമിച്ചു. അതുപോലെ പ്രസ്തുത വികാരങ്ങൾ ഒരു ബാധ്യതയായി ഏറെക്കാലം തുടച്ചുനീക്കപ്പെടാതെ അവശേഷിക്കുകയും ചെയ്തു. എന്നാൽ, ഈ വിവേചനത്തിന്റെ അംശങ്ങൾ പിൽക്കാല തലമുറകളിലും അനുരണനങ്ങൾ സൃഷ്ടിക്കുന്നു​െണ്ടന്ന് ഗബ്രിയേലയുടെ മനോഭാവത്തിൽനിന്ന് വ്യക്തമാണ്. തത്ത്വത്തിൽ രണ്ടാംകിട പൗരരായി ജീവിക്കേണ്ടിവരുമ്പോഴും ഉള്ളിൽ ഉറഞ്ഞുകൂടുന്ന പൗരത്വം സ്വന്തം രാജ്യത്തിന്റെയാണെന്നത് പ്രത്യേകം കുറിച്ചുവെക്കണം. ഈ വിചാരത്തിന്റെ പരിച്ഛേദമാണ് പിന്നീടുള്ള തലമുറയിലെ മനുഷ്യരെയും സ്വാധീനിക്കുന്നത്. വെളുപ്പ്/ കറുപ്പ് എന്ന ദ്വന്ദ്വത്തിൽ അധിഷ്ഠിതമായ അധിനിവേശസംവിധാനത്തിൽ വെളുപ്പിന് ലഭിക്കുന്ന മുൻകൈയെപ്പറ്റി ഗബ്രിയേല ആലോചിക്കുന്നുണ്ട്. വെളുത്ത നിറമുള്ള ദൈവത്തെക്കുറിച്ചും വെളുത്ത അച്ഛനെക്കുറിച്ചും അവൾ പറയുന്നു. അതോടൊപ്പം അവളുടെ നോട്ടത്തിൽ അധിനിവേശകരുടെ നിറവും വെളുത്തതാണ്. വേറൊരുതരത്തിൽ പറഞ്ഞാൽ, ചരിത്രം വെളുത്തതും പുരുഷനുമാണ് എന്ന ആഖ്യാതാവിന്റെ വീക്ഷണം തുറന്നുകാണിക്കുന്ന രാഷ്ട്രീയം ഗൗരവത്തിലെടുക്കണം.

അതിന്റെ രാഷ്ട്രീയമാനങ്ങൾ ചർച്ചചെയ്യേണ്ടതുമാണ്. ‘വെള്ളക്കാരൻ’ ആയതിനാൽ ഗബ്രിയേലയുടെ അച്ഛനെ ‘ഡോൺ’ എന്ന് പേരിന്റെ കൂടെ അഭിസംബോധന ചെയ്യുന്ന മുത്തശ്ശിയെ അവൾ ഓർക്കുന്നു. സ്കൂളിലെ കുട്ടികൾ ‘കറുത്തവളെ’ എന്ന് ഗബ്രിയേലയെ വിളിച്ചിരുന്നു. ആഴത്തിലുള്ള അപമാനമായി ആ വിളി കേട്ട അവൾ കറുത്ത വർഗക്കാരനല്ലാത്ത അച്ഛന്റെ കൈ പിടിച്ചുകൊണ്ടായിരുന്നു അഭയം തേടിയത്. ചുരുക്കത്തിൽ, വർണവിവേചനത്തിന്റെ ഇരയായി അവൾ മാറി. അച്ഛൻ മരിച്ചതിനാൽ തന്നിൽ ഉണ്ടായിരുന്ന വെളുപ്പ് ബാഷ്പീകരിക്കപ്പെട്ടുവെന്ന് ആഖ്യാതാവ് കരുതുന്നു. ഇതിലെ രാഷ്ട്രീയ യുക്തി കൃത്യമല്ല. വെളുത്ത നിറത്തോടുള്ള അമിതമായ ആസക്തി ഇക്കാലത്ത് ന്യായീകരിക്കാനും സാധിക്കില്ല. എങ്കിലും ഗബ്രിയേല അച്ഛന്റെ അവസാന നാമത്തിൽ മാത്രമേ താൻ എഴുതുന്നതൊക്കെയും പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് ആണയിടുമ്പോൾ അധിനിവേശം സൃഷ്ടിക്കുന്ന ഭിന്നത ഇന്നും നിലവിലുണ്ടെന്ന് ഉറപ്പാകുകയാണ്. ചോളവർഗത്തിൽപെട്ട അമ്മയുടെ തായ്‌വേരിൽ അഭിമാനംകൊള്ളാതെ ‘വെളുത്ത’ അച്ഛനോട് ആഭിമുഖ്യം പുലർത്തുന്ന ഗബ്രിയേലയുടെ സ്വത്വം പ്രശ്നാധിഷ്ഠിതമാണ് എന്ന് കാണാം. എന്നാൽ, രാഷ്ട്രീയ കൃത്യത പാലിക്കാതെ തന്റെ മനോഗതത്തോട് ആത്മാർഥത പ്രകടിപ്പിക്കുന്ന എഴുത്തുകാരിയാണെന്ന ചിത്രവും അനാവൃതമാവുന്നുണ്ട്.

തെക്കേ അമേരിക്കയിൽ പര്യടനം നടത്തുന്ന ചാൾസ് വീനറോട് യൂറോപ്പിൽ പ്രദർശിപ്പിക്കാനായി ലാറ്റിൻ അമേരിക്കയിലെ ആദിമവർഗത്തിലുള്ള ഒരു ബാലനെ കൂടെ കൊണ്ടുപോകാൻ നിർദേശം വന്നു. അങ്ങനെ അയാൾ ഹുവാൻ എന്ന കുട്ടിയെ ‘വാങ്ങിച്ചു’കൊണ്ട് പോകുകയാണ്. അടിമത്തത്തിന്റെ താളുകളെ ഒരു മടിയും കൂടാതെ പൂരിപ്പിക്കുന്ന അധിനിവേശ മനഃസ്ഥിതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. പുറംലോകം കാണാതെ, അപരിഷ്കൃതത്വത്തിന്റെ ഒളിവിടങ്ങളിൽ ജീവിച്ച അവൻ ആദ്യമായി തീവണ്ടി കണ്ടപ്പോൾ, ചലിക്കുന്നതും പുകവിടുന്നതുമായ തെരുവായി അതിനെ വിശേഷിപ്പിച്ചു.

ചാൾസ് വീനർ

 സ്പാനിഷ് ഭരണം പരമ്പരാഗതമായി ഇൻകാ സാമ്രാജ്യത്തെ ഇല്ലാതാക്കിയത് പരാമർശിച്ചുകൊണ്ട് ഹുവാനെ ഏറ്റെടുത്തതും ഫ്രഞ്ച് ജനതക്ക് അവനെ സമ്മാനിച്ചതും തന്റെ ‘പര്യവേക്ഷണ’ നേട്ടമായി വീനർ കരുതുന്നുണ്ട്. അധിനിവേശം ചെയ്തവരുടെയും അത് അനുഭവിക്കേണ്ടി വന്നവരുടെയും ഇടയിലുള്ള വിഭജനത്തെ നോക്കിക്കാണുന്ന ആഖ്യാതാവായാണ് നോവലിസ്റ്റ് ഇവിടെ അവതരിക്കുന്നത്. വെളുത്ത വംശത്തിന് ആധിപത്യം നൽകിക്കൊണ്ട് മനുഷ്യരാശിയെ നിറത്തെയും ശാരീരിക സവിശേഷതകളെയും അടിസ്ഥാനമാക്കി ജീവശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും വിഭജിച്ചിരുന്ന രീതി പത്തൊമ്പതാം നൂറ്റാണ്ടോടെ സജീവമായി. വീനറുടെ പങ്കാളി ആയിരുന്ന മരിയയെ കുറിച്ചുള്ള അന്വേഷണത്തിനും ഗബ്രിയേല മുതിരുന്നുണ്ട്. സമ്മിശ്ര വംശത്തിൽപെട്ട സ്ത്രീയായിരുന്നു അവർ എന്നാണ് നിഗമനം. ഇന്ന് ലോകത്തിനു ചാൾസ് വീനറെക്കുറിച്ച് എല്ലാം അറിയാം എന്ന് ആഖ്യാതാവ് പറയുന്നു. വീനർ പെറുവിനെയും ബൊളീവിയയെയും സംബന്ധിച്ച് ഒരു ഗ്രന്ഥംലോകത്തിന് സംഭാവനചെയ്തു. അപ്പോഴും മരിയ എന്ന കഥാപാത്രത്തെ അദ്ദേഹം രേഖപ്പെടുത്തിയില്ല. അങ്ങനെ വിസ്മൃതിയിലാണ്ട മരിയയെപ്പോലെയുള്ളവർ വരുംതലമുറക്ക് ഭാവനയുടെ സാധ്യത നൽകി.

സ്പെയിനിലും പെറുവിലുമായി സ്വത്വത്തിന്റെ വിഭിന്ന ധ്രുവങ്ങൾ നിലനിൽക്കുന്ന ഗബ്രിയേലക്ക് രണ്ടു രാജ്യങ്ങളെയും രണ്ടു ജീവിതപങ്കാളികളെയും ചേർത്തുപിടിക്കേണ്ടതായിട്ടുണ്ട്. ഒരു ഫ്രീലാൻസ് പത്രപ്രവർത്തകയായ സ്പെയിനിൽ ജീവിക്കുന്ന അവൾക്ക് ഒരു മകളും രണ്ടു പങ്കാളികളുമാണുള്ളത്. ഭർത്താവായ ജെയിം റോഡ്രിഗസ് സാവലെറ്റ എന്ന കവിയെ കൂടാതെ പുസ്തകശാലയിൽ ജോലിചെയ്യുന്ന റോസിയോ എന്ന പെൺകുട്ടിയുമായും ഗബ്രിയേല ലൈംഗികബന്ധം പുലർത്തി. ഒരേ വീട്ടിൽ താമസിച്ചുകൊണ്ട് അവർ ഗബ്രിയേലയുടെ കൗമാരക്കാരിയായ മകളെ വളർത്തുകയും ചെയ്യുന്നു. ഏറക്കുറെ സമാധാനമായി നീങ്ങിയ ഈ ബന്ധങ്ങൾക്കിടയിൽ പതുക്കെ വിള്ളൽ വന്നുതുടങ്ങി. പ്രധാനമായും ഗബ്രിയേലയുടെ ചില സന്ദേഹങ്ങളും ആശങ്കകളുമാണ് അതിന് ആധാരമായത്. റോസിയോയുമായുണ്ടായിരുന്ന സ്നേഹബന്ധം തകർന്നതിനു പിന്നിൽ ചില ‘അധിനിവേശ’ ചിന്തകൾകൂടിയുണ്ടായിരുന്നു.

റോസിയോയുടെ വെളുത്ത നിറമുള്ള ശരീരത്തോടുള്ള ഗബ്രിയേലയുടെ ആസക്തിക്കു പിന്നിൽ വംശീയമായ കാരണങ്ങൾ നിലയുറപ്പിച്ചതോടെ ശരീരവ്യവഹാരങ്ങൾ സങ്കീർണമാവുകയാണ്. കാമം, സ്നേഹം, വംശം എന്നിങ്ങനെയുള്ള ഘടകങ്ങൾക്കു മുന്നിൽ പതറിപ്പോകുന്ന ഗബ്രിയേലയുടെ ഭയാശങ്കകൾ അപ്രസക്തമല്ലതാനും. അധിനിവേശത്തിന്റെ പടയോട്ടത്തിൽ തിരസ്കൃതരായ മനുഷ്യരുടെ വേദന വർഷങ്ങൾക്ക് ശേഷം അവരുടെ അടുത്ത തലമുറകളിലും പ്രതിഫലിച്ചേക്കുമെന്ന ആശയം ഗബ്രിയേലായുടെ നിലപാടുകളിലൂടെ വ്യക്തമാകുന്നുണ്ട്. അധിനിവേശത്തിന്റെ വേഷപ്പകർച്ചകൾ മായ്ക്കാനാവാത്തവിധം അപകർഷതകളായി കൊണ്ടുനടക്കേണ്ടി വരുന്നതിന്റെ ഭാഗമായാണോ ഈ ലൈംഗികചായ്‌വ്‌ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനൊപ്പം ഒരു കുടിയേറ്റക്കാരി എന്ന സ്വത്വബോധംകൂടി ഇടപെടലുകൾ നടത്തുന്നതായി അനുഭവപ്പെടുന്നു. വേറൊരു തരത്തിൽ വിവരിച്ചാൽ, ഒരു ഇരട്ടജീവിതം നയിക്കുന്ന സ്ത്രീയായി ഗബ്രിയേല പരിണമിക്കുന്നു. അതിനർഥം ഒരു ജീവിതത്തെ താൽക്കാലികമായി നിർത്തിവെച്ചാൽ ഒരാൾക്ക് മറ്റൊന്നിൽ സന്നിഹിതരാകാൻ കഴിയും എന്ന ഊഹമാണ് നോവലിസ്റ്റ് തരുന്നത്.

‘‘മരണത്തിൽനിന്ന് ജീവിതത്തിലേക്ക് യാത്രചെയ്യുന്നതിലുള്ള സമയം എനിക്ക് തീർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ എത്ര വൈകിയാണോ വരുന്നത്, അതുപോലെ ഒരുദിവസം ഞാൻ അപ്രത്യക്ഷയായേക്കും’’ എന്ന ആഖ്യാതാവിന്റെ വാക്കുകൾ അവളുടെ അസ്വസ്ഥത നിറഞ്ഞ മനസ്സിനെയാണ് പ്രത്യക്ഷമാക്കുന്നത്. ഇത്രയും സങ്കീർണമായ ഒരു ജീവിതത്തിനിടയിൽ അവിചാരിതമായി മറ്റൊരാൾക്ക് അവളോട് ആകർഷണം തോന്നുകയാണെങ്കിൽ സംഭവിക്കാവുന്ന കുഴമറിച്ചിൽ എന്തായിരിക്കുമെന്ന് ഗബ്രിയേല ചിന്തിക്കുന്നുണ്ട്. ലിമയിൽ വെച്ച് അങ്ങനെയൊരു രംഗം ഉണ്ടാവുകയുംചെയ്തു. ഗബ്രിയേലയുടെ തൃഷ്ണയുടെ മേച്ചിൽപ്പുറങ്ങളെ ‘അപകോളനിവത്കരിക്കുക’ എന്ന യത്നം എങ്ങനെയാണ് പ്രാവർത്തികമാക്കുന്നതെന്നും നോവലിൽ വിശദീകരിക്കുന്നു.

ഗബ്രിയേലയുടെ ഈ നോവൽ പ്രപിതാമഹനായ ചാൾസ് വീനറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് എഴുതിയിരിക്കുന്നത്. എങ്കിലും അവളുടെ ജീവിതവും അതിൽ ഗൗരവമായി കടന്നുവരുന്നുണ്ട്. ഒരു ഘട്ടത്തിൽ ആഖ്യാതാവ് എഴുത്തുരീതിയെതന്നെ പരിഹസിച്ചു സംസാരിക്കുന്നുണ്ട്. യഥാർഥ കഥയെ കൊള്ളയടിക്കുകയും ലോകത്തിന് അതിന്റേതായ വെളിച്ചം പകരുന്നതുവരെ വികൃതമാക്കുകയും ചെയ്യുകയാണ് എഴുത്തുകാർ ചെയ്യുന്ന പ്രവൃത്തി എന്ന് ഗബ്രിയേല ആരോപിക്കുന്നു. ചുറ്റുമുള്ള ലോകത്തെ തന്റെ നിഴലിൽ പ്രതിഷ്ഠിച്ചുകൊണ്ട് ചാൾസ് വീനർ താൻ കണ്ടെത്തിയ ലോകത്തേക്കാൾ തിളങ്ങാൻ തുടങ്ങി. അദ്ദേഹം ഒരു യാത്രാ എഴുത്തുകാരനായിരുന്നുവെന്ന് നിരൂപകർ അംഗീകരിക്കുന്നു. എന്നാൽ, അങ്ങനെ അറിയപ്പെടുന്നതിൽ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. മാത്രമല്ല, വീനറുടെ കൃതികൾ ഫിക്ഷൻപോലെ വായിക്കപ്പെടുകയും ചെയ്തിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഫിക്ഷനുമായുള്ള അദ്ദേഹത്തിന്റെ ഏകബന്ധം മാരിയോ വർഗാസ് യോസയുടെ ‘ദി സ്റ്റോറിടെല്ലറി’ൽ ഒരു ഫ്രഞ്ച് പര്യവേക്ഷകനായി പ്രത്യക്ഷപ്പെടുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വീനർ ജീവിച്ചിരുന്നെങ്കിൽ, അദ്ദേഹം എഴുതുന്നതൊക്കെ ഓട്ടോ ഫിക്ഷൻ ആണെന്ന അടയാളം പതിയുമായിരുന്നു.

സ്ഥലസംബന്ധിയായ രംഗങ്ങളും ആന്തരികമായ ഓർമകളും വേറിട്ട ദിശയിലൂടെ നീങ്ങുന്നതോടെ ആഖ്യാനം കൂടുതൽ കെട്ടുറപ്പുള്ളതാവുന്നു. ഓർമയെ അറകളിലാക്കി ഏതോ കാലത്ത് സൂക്ഷിക്കുകയും വളരെയധികം നാളുകൾക്കുശേഷം അവ നാം വീണ്ടെടുക്കുകയുംചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇത്തരം ആഖ്യാനങ്ങളിൽ സംഭവിക്കുന്നത്. ഭൂതകാലത്തെ ചില പ്രത്യേക സന്ദർഭങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങൾ പിന്നീട് എപ്പോഴെങ്കിലുമാവും നമ്മെ അലോസരപ്പെടുത്തുന്നത്. സ്‌മൃതിപഥങ്ങളിലൂടെ സഞ്ചരിച്ച് വ്യക്തിപരമായി സ്വാധീനിച്ചതും അലട്ടിയതുമായ മുഹൂർത്തങ്ങളെ ശേഖരിച്ചുകൊണ്ട് അവയുടെ വിശദീകരിക്കുന്ന രചനാരീതി ഇക്കാലത്തിന്റെ രീതിയായി മാറി. അത്തരം രംഗങ്ങളിലെ രാഷ്ട്രീയ നിലപാടുകളും ചരിത്രസാധ്യതകളും സർഗാത്മകമായി അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. സ്വത്വബോധം വികസിച്ചതിന്റെ നാൾവഴികൾകൂടി അത്തരമൊരു ആഖ്യാനം രേഖപ്പെടുത്തുമെന്നു തീർച്ചപ്പെടുത്താം. ഭാവനാത്മകമായ ആഖ്യാനത്തിലും ചരിത്രബോധ്യത്തിന്റെ കൃത്യമായ അടയാളങ്ങൾ ഉണ്ടാവേണ്ടത് അഭികാമ്യമാണ്‌.

അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഭീകരമായ മുഖപ്പുകൾ യൂറോപ്പിൽ നടമാടിയതിനെ പറ്റിയും ആഖ്യാനത്തിൽ സൂചനകളുണ്ട്. വീനറുടെ സുവർണ കാലഘട്ടത്തിൽ ‘നീഗ്രോ വില്ലേജ്’ എന്ന് വിളിക്കപ്പെടുന്ന മനുഷ്യ മൃഗശാലയും മറ്റും യൂറോപ്പിൽ സജീവമായിരുന്നു. പ്രത്യേകമായി ഇറക്കുമതിചെയ്ത നാനൂറ് ആധികാരിക തദ്ദേശീയരുടെ ഒരു ആഫ്രിക്കൻ സമൂഹം ഉൾപ്പെടുന്നതായിരുന്നു ഈ കേളീലോകം. തിരിഞ്ഞു നോക്കുമ്പോൾ മാനുഷികത ലവലേശമില്ലാത്ത ക്രൂരമായ പ്രവൃത്തികളുടെ പരമ്പരയാണ് നടന്നുകൊണ്ടിരുന്നത്. അധിനിവേശം, കുടിയേറ്റം, ക്ലേശകരമായ മാനുഷികബന്ധങ്ങൾ, സങ്കീർണമായ ലൈംഗിക വ്യവഹാരങ്ങൾ എന്നീ ഘടകങ്ങളുടെ അസ്തിവാരത്തിൽ നിർമിച്ച ആഖ്യായികയാണ് ‘Undiscovered’. രാഷ്ട്രത്തിന്റെ ചരിത്രവും സംസ്കാരവും പാഠപുസ്തകങ്ങളിൽ വായിക്കേണ്ട അധ്യായങ്ങൾ മാത്രമല്ലെന്നും അവയുടെ സാംസ്കാരികവും സാമൂഹികവുമായ അടയാളങ്ങൾ മനുഷ്യരുടെ അസ്തിത്വത്തെ ബാധിക്കുമെന്നുമുള്ള ഊന്നലാണ് ഈ നോവൽ പകർന്നുനൽകുന്നത്. പാതി അടഞ്ഞ വാതിൽ മുഴുവനായി തുറന്നുകൊണ്ട് യാഥാർഥ്യങ്ങളുടെ ലോകത്തെ തൂവെളിച്ചത്തോടെ അവതരിപ്പിക്കുന്നതിൽ ഗബ്രിയേല വിജയിച്ചിരിക്കുന്നു.

News Summary - Gabriela Wiener's novel 'Undiscovered'