വിഭവസമൃദ്ധം


പട്ടിണി സഹിക്കാഞ്ഞ് ഞങ്ങൾ മൂന്നുപേർ ഒപ്പത്തിനൊപ്പം കുന്നിറങ്ങിയിട്ട് ഏകദേശം രണ്ടു വർഷമായിക്കാണണം. തീയതിയും മാസവും കൃത്യമായോർക്കാൻ തക്ക പഠിപ്പോ വിവരമോ ഞങ്ങൾക്കില്ല. ഞാൻ, എന്റെ ജീവിതസഖി പിന്നെ ഞങ്ങൾക്ക് വളർത്താനായി ഒടയതമ്പുരാൻ ബാക്കിവെച്ച ഒരേയൊരു ആൺതരി. നാലെണ്ണത്തിനെയാണവൾ പ്രസവിച്ചത്.പക്ഷേ, ഒന്നിനെയേ ബാക്കിയാക്കി തന്നുള്ളൂ. ജീവിതമല്ലേ. അത് അങ്ങനെയൊക്കെയാണ്. പടച്ചതമ്പുരാൻ പടച്ച് വിടുമ്പോലെയല്ലേ ജീവിക്കാൻ പറ്റൂ....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പട്ടിണി സഹിക്കാഞ്ഞ് ഞങ്ങൾ മൂന്നുപേർ ഒപ്പത്തിനൊപ്പം കുന്നിറങ്ങിയിട്ട് ഏകദേശം രണ്ടു വർഷമായിക്കാണണം. തീയതിയും മാസവും കൃത്യമായോർക്കാൻ തക്ക പഠിപ്പോ വിവരമോ ഞങ്ങൾക്കില്ല. ഞാൻ, എന്റെ ജീവിതസഖി പിന്നെ ഞങ്ങൾക്ക് വളർത്താനായി ഒടയതമ്പുരാൻ ബാക്കിവെച്ച ഒരേയൊരു ആൺതരി. നാലെണ്ണത്തിനെയാണവൾ പ്രസവിച്ചത്.പക്ഷേ, ഒന്നിനെയേ ബാക്കിയാക്കി തന്നുള്ളൂ. ജീവിതമല്ലേ. അത് അങ്ങനെയൊക്കെയാണ്. പടച്ചതമ്പുരാൻ പടച്ച് വിടുമ്പോലെയല്ലേ ജീവിക്കാൻ പറ്റൂ.
കൊറോണയുടെ പിടിമുറുക്കത്തിൽനിന്ന് ഒന്ന് അയഞ്ഞ് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാട്ടിലെ പട്ടിണി സഹിക്കാതെ കാട് കയറിയ ഞങ്ങൾ അവിടെയും രക്ഷകിട്ടാതെ കുറേ കഴിഞ്ഞ് തിരിച്ചിറങ്ങുകയായിരുന്നു. ഓരോ ചുവടും ഞങ്ങൾ അന്ന് വെച്ചത് തളർന്നും വേച്ചുമാണ്. പട്ടിണികൊണ്ട് ഞങ്ങൾ അത്രക്കും പൊറുതിമുട്ടിയിരുന്നു. കുന്നിറങ്ങിയ താഴ്വാരത്തിൽ വിരലിലെണ്ണാവുന്ന മൂന്നാല് പീടികകളിൽ ഞങ്ങളുടെ എരിയുന്ന വിശപ്പ് മാറ്റാൻ തക്ക വിഭവങ്ങളുള്ള ഒരൊറ്റ പീടികപോലും കണ്ടില്ല. ഞങ്ങൾക്ക് വേണ്ടത് വയറ് നിറയെയല്ലെങ്കിലും മൂന്നുപേർക്ക് അരവയറെങ്കിലും നിറക്കാനുള്ള ചോറോ മീനോ ചാറോ അടങ്ങുന്ന വയറ്റിൽ കനമുള്ള എന്തെങ്കിലും വിഭവങ്ങളായിരുന്നു. അവിടെയുണ്ടായിരുന്ന ഒരേയൊരു തീറ്റപ്പീടികയുടെ അലമാര ചില്ലിലൂടെ കണ്ണോടിച്ചപ്പോൾ ഒരു നാലഞ്ച് കഷണം ഉണക്ക പിട്ടും അരണയെപ്പോലെ ചില്ലിൽ പറ്റിപ്പിടിച്ച് എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ഒരു പോങ്ങ പഴംപൊരിയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല. അന്നേരം എന്റെ മനസ്സും വയറും കത്തിക്കരിഞ്ഞുപോയതോർക്കുമ്പോൾ ഇപ്പോഴും നെഞ്ഞിൽ തീയാണ്. ഇത്രയൊക്കെയായില്ലേ ഇനി വരുന്നിടത്തുവെച്ച് കാണാമെന്നുറപ്പിച്ചാണ് ഞങ്ങൾ അൽപം ദൂരേയുള്ള ചെമ്മൺനിരത്ത് താണ്ടി വീതി കുറഞ്ഞ ചാലിനു കുറുകെയിട്ട പാലം കടന്നത്. അഞ്ച് ചാലുകൾ ചേർന്ന് കടലിലേക്ക് കുതിക്കുന്ന ഞങ്ങളുടെ പാഞ്ചാലിപ്പുഴയുടെ ഒരു സന്തതി. താഴേക്ക് നോക്കി ഉരുളൻ കല്ലുകൾക്ക് മീതെ ഒഴുകുന്ന സ്ഫടികജലത്തിനെ ഞാനന്ന് കൺകുളിർക്കെ ആവാഹിച്ചെടുത്തു. സൂര്യൻ താഴാൻ തുടങ്ങിയിരുന്നു. അപ്പോൾ കുടഞ്ഞിട്ട ചെഞ്ചായമൂർന്ന് കാൽക്കീഴിൽ തിളങ്ങിയ വൃത്തിയും വെടിപ്പുമുള്ള മലയോര ഹൈവേയിലൂടെ ഞങ്ങൾ വെച്ചുപിടിച്ചു. അത്യാവശ്യം വാഹനങ്ങൾ മാത്രം ഓടിയിരുന്ന നിരത്തിലൂടെ മിണ്ടാട്ടമില്ലാതെയാണ് ഞങ്ങൾ നടന്നത്. വിശപ്പ് ഒരു ഞണ്ടായി വയറ്റിലിറുക്കുമ്പോൾ പോ, പുല്ലേയെന്ന് ആട്ടിയകറ്റി വകവെക്കാതെ തലയും താഴ്ത്തി ആലോചനയിലാണ്ട് ഞങ്ങൾ നടത്തം തുടർന്നു.

പെെട്ടന്നാണൊരു ഓർമ എന്റെ മനസ്സിൽ പൊട്ടി തലയിൽ കത്തിയത്. ഞാനങ്ങനെയാണ്. ശരീരം തളർന്നാലും മനസ്സും ചിന്തകളും കത്തിക്കയറിക്കൊണ്ടിരിക്കും. അങ്ങനെയങ്ങനെ ഓർത്തുകൊണ്ടിരുന്നപ്പോൾ ഒരു കരുണയുള്ള വീടിൽ എന്റെ ചിന്ത കുറ്റിയടിച്ചു നിന്നു. അതോർത്തതും ഒരു വഴി എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നതുപോലെ തോന്നി. ഒന്നവിടെ മുട്ടിനോക്കിയാലോ? തലമുറകൾ കഴിഞ്ഞിരിക്കാം. മുഖങ്ങൾ മാറിക്കാണും. എങ്കിലും കരുണയുടെ ഉറവിടത്തിൽനിന്ന് ഒരു ചാലെങ്കിലും അവർ നനച്ചുനിർത്താതെ വരുമോ? വിശപ്പൊഴികെ മറ്റൊന്നും ഇപ്പോൾ ഞങ്ങൾക്ക് പ്രശ്നമേയല്ല. അമ്മമ്മ പറഞ്ഞ കഥയിലാണ് ഞാൻ ആ വീടിനെപ്പറ്റി ആദ്യം കേട്ടത്. കണ്ടത് അവരുടെ കാലശേഷവും. അമ്മമ്മയിൽനിന്ന് കേട്ട കഥ അവർക്ക് അവരുടെ അമ്മയിൽനിന്ന് പകർന്നു കിട്ടിയതാണ്. ഇതുപോലെ വിശന്ന് തളരുമ്പോൾ ആ മുത്തശ്ശനും മുത്തശ്ശിയും ഇപ്പറഞ്ഞ വീടിന്റെ കോലായിൽ സ്ഥലം പിടിക്കുമായിരുന്നു. ചുറ്റും വീതിയുള്ള കോലായയോട് കൂടിയ ഒരു വീടായിരുന്നു അത്. അകത്ത് ജാതിവിലക്കുകളുണ്ടായിരുന്നെങ്കിലും പുറത്തെ കോലായിൽ ശരണം പ്രാപിക്കുന്നവരെ കൈവിടാത്ത വഴക്കമുള്ള ഒരഭയ കേന്ദ്രം. പലപ്പോഴും മുത്തശ്ശനും മുത്തശ്ശിയും അവിടത്തെ കോലായയിൽ കാത്തുനിന്ന് വിഭവസമൃദ്ധമായ ഊണും കഴിച്ച് ഏമ്പക്കംവിട്ടാണ് തിരിച്ച് വരുക. അവിടത്തെ കൽത്തൊട്ടിയിൽ നിറച്ച കിണർവെള്ളത്തിന്റെ തണുപ്പും സുഖവും കേട്ടറിഞ്ഞതോർക്കുമ്പോൾ എന്റെ രോമങ്ങൾ ഇപ്പഴും എഴുന്നുനിൽക്കും. കുളിര് കോരുന്ന വെള്ളത്തിലെ കുളി കഴിഞ്ഞുള്ള ഊണ്. വെപ്പുകാരത്തി ഇടക്ക് കള്ളപ്പണി ഒപ്പിച്ചു കളഞ്ഞാലും ആഢ്യയായ വീട്ടമ്മ കോലായയിൽനിന്ന് എല്ലാം വിളമ്പിച്ചിട്ടേ വിടുകയുള്ളൂ. ഊരുതെണ്ടികളോടുള്ള അലിവ് കണ്ണുകളിൽ നിറച്ച് ആ വീട്ടമ്മ അവരുണ്ണുന്നത് നോക്കിനിൽക്കും. ഇടക്ക് പറയട്ടെ, മുത്തശ്ശൻ അൽപം മുൻശുണ്ഠിക്കാരനും അഭിമാനിയുമാണ്. ദുരഭിമാനിയെന്നുതന്നെ വേണമെങ്കിൽ പറയാം.
ഓർക്കാപ്പുറത്ത് ഒരുദിവസം. വീട്ടമ്മയുടെ ഭർത്താവ് ഒരു സാധു മനുഷ്യനാണ്. ആൾക്ക് നന്നായി കാഴ്ചക്കുറവുണ്ട്. എന്തോ ആവശ്യത്തിന് കോലായ ചുറ്റി നടക്കുമ്പോൾ ഊണ് കഴിക്കുന്ന മുത്തശ്ശനെയും മുത്തശ്ശിയെയും വടികൊണ്ട് ചെറുതായി തട്ടി ‘‘ഇതാ, ഒന്ന് പോയ്ക്കോട്ടെ’’ന്ന് ശാന്തമായി പറഞ്ഞ് അയാൾ ഒതുങ്ങി മുന്നോട്ടാഞ്ഞു. ഊണിന്റെ രസച്ചരട് മുറിഞ്ഞ മുത്തശ്ശൻ സടകുടഞ്ഞെഴുന്നേറ്റ് നീ ആരടാ പറയാൻ എന്ന മട്ടിൽ ചീറി ആക്രോശിച്ച് ആ സാധു മനുഷ്യനോടടുത്തു. തലയുടെ വലത്തെ ഓരം ചെരിഞ്ഞാണ് മുത്തശ്ശൻ നീണ്ട മുടി കെട്ടിവെക്കാറ്. പേടിച്ച് വിറങ്ങലിച്ചുപോയ സാധുമനുഷ്യന്റെ വാക്കുകളെ അമുക്കി ഇല്ല, ഇല്ല എന്ന ദുർബല ശബ്ദം മാത്രം പുറത്തുവന്നു. ഇത് അമ്മയുടെ തറവാട് വീടല്ലേ, നിനക്കിവിടെ എന്താ കാര്യം എന്ന മരുമക്കത്തായ ഗർവിലാണ് മുത്തശ്ശൻ ചീറിയടുത്തത്. ശരിയാണ്. അമ്മയുടെ തറവാട് വീടാണ്. ആ സാധു മനുഷ്യന് അവിടത്തെ ഭർത്താവുദ്യോഗം മാത്രം. പോട്ടെ, അതിവിടെ വിട്ടേക്കാം എന്ന മട്ടിൽ വടിയും കുത്തി അദ്ദേഹം നടക്കാനോങ്ങി. ബഹളം കേട്ട് ഓടിവന്ന അവരുടെ ചെറുപ്പക്കാരൻ മകന്റെ ചോര തിളച്ചു. അച്ഛനെ അപമാനിച്ച ഊരുതെണ്ടിയെ കായികമായിത്തന്നെ മകൻ നേരിടാനോങ്ങി. അച്ഛനമ്മമാർ മയപ്പെടുത്തി മകനെ പിന്തിരിപ്പിച്ചു. അവസാനം ഇനിയിവിടെ കാല് കുത്തരുതെന്ന താക്കീതോടെ അച്ഛന്റെ കൈയിൽനിന്ന് വടി പറിച്ചെടുത്ത് ചുഴറ്റി മകൻ മുത്തശ്ശനേയും മുത്തശ്ശിയേയും അവിടെനിന്നോടിച്ചു.
ആ ബന്ധം അവിടെ അവസാനിച്ചു. പിന്നെ കുറേ കാലം കഴിഞ്ഞപ്പോൾ വീട്ടച്ഛൻ മരിച്ചു. വീട്ടമ്മ പലതും മറന്നു. മകൻ പുറത്ത് ജോലിയിലുമായി. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മകൾ എന്റെ അമ്മമ്മ വിശക്കുമ്പോൾ ആ വീടിന്റെ കോലായ തേടിപ്പോകാൻ തുടങ്ങി. ഭർത്താവിന്റെ പുണ്യം നിലനിർത്താൻ ആ സാധ്വി വീട്ടമ്മ കൂടുതൽ ജാഗ്രതയോടെ വീണ്ടും ഊരുതെണ്ടികളെ ഊട്ടി. ഒരിക്കൽ മാത്രമാണ് ഞാനവിടെ പോയത്. അമ്മ മരിക്കുന്നതിന് കുറച്ചു മുമ്പേ, അമ്മയുടെ കൂടെ. അന്നെനിക്ക് കുടുംബമായിട്ടില്ല. കോലായ ചുറ്റിനടന്നിട്ടും തട്ടിമുട്ടിവിളിച്ചിട്ടും ഒരീച്ചപോലും ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല. ആ നല്ല അമ്മയുണ്ടായിരുന്നപ്പോൾ മലർക്കേ തുറന്നിട്ടിരുന്ന വാതിൽ കുറ്റിയിട്ടടച്ചിരിക്കുന്നു. ജനവാതിൽ വിളുമ്പുകളിലൂടെ ഒച്ചകൾ ഞെരുങ്ങി തെറിച്ചുവീണു. ഞങ്ങൾക്കവിടെ പിന്നെ ഒരു നിമിഷംപോലും നിൽക്കാനേ തോന്നിയില്ല.

പ്രതീക്ഷകളല്ലേ ജീവിതത്തെ മുന്നോട്ടു നടത്തുന്നത്. ആശയറ്റവരുടെ ആദ്യത്തെ പ്രതീക്ഷ ഒരു നേരത്തെ ആഹാരമാണ്. ആ ഒരു തുമ്പിലാണ് ഞാൻ ഇവളെയും മകനെയും കൂട്ടി കുന്നിറങ്ങിയശേഷം വഴി ഊഹിച്ചെടുത്ത് ഒരിക്കൽ കൂടെ അവിടെ പോകാനൊരുങ്ങിയത്. പൊളിഞ്ഞു തുടങ്ങിയ ഗേറ്റ് ഞങ്ങൾ ചാടിക്കടന്നു. കോലായ മുഴുവൻ ചുറ്റിനടന്നു. പറമ്പിലാകെ അരിച്ചുപെറുക്കി. ജീവിതത്തിന്റെ യാതൊരു ആളനക്കവും ഞങ്ങളവിടെ കണ്ടില്ല. ‘വിൽപനക്ക്’ എന്നെഴുതിയ പൊടി പിടിച്ച ഒരു ഭീമാകാരൻ ബോർഡ് ഞങ്ങളുടെ നേരെ പല്ലിളിച്ചുകൊണ്ട് ആട്ടിപ്പായിച്ചു. മേലെ ആകാശവും താഴെ ഭൂമിയുമായി ഞങ്ങൾ നിരത്തുകയറി. വായനക്കാരെ, ഇവിടെയാണ് ഞങ്ങളുടെ കഥയിലെ വഴിത്തിരിവ് തുടങ്ങുന്നത്. ഇയ്യിടെ വന്ന സച്ചിദാനന്ദന്റെ കഥയുള്ള കഥയിലെ മനുഷ്യനെപ്പോലെ ഞങ്ങൾ തീർത്തും അഭയാർഥികളായി. ആധാർ കാർഡില്ല. വോട്ടർ ഐഡിയില്ല. റേഷൻ കാർഡില്ല. നിറമില്ല, ജാതിയില്ല, മതമില്ല. കൊടിയില്ല, പാർട്ടിയില്ല. ശുഷ്കിച്ച ശരീരവും അൽപം മാംസവും മാത്രമുണ്ട്. പക്ഷേ, കഥയിലെ മനുഷ്യനെപ്പോലെ സ്വന്തം മാംസം വിൽക്കാൻ ഞങ്ങൾ തയാറല്ല. അത് കൊഴുപ്പിക്കാനാണ് തീരുമാനം. തോൽക്കാനല്ല, ജയിക്കാൻ വേണ്ടി ഞങ്ങൾ തളർന്നും ജലപാനമില്ലാതെയും നടന്നു നീങ്ങി. ഇനി ഒരടിപോലും നടക്കാൻ വയ്യ. ഞങ്ങൾ അടുത്തു കണ്ട പട്ടണത്തിലേക്ക് കയറി. പട്ടണത്തിലെ ഹോട്ടലുകളിലെ പിന്നാമ്പുറങ്ങളിൽ ശുഷ്കമായ ഭക്ഷണാവശിഷ്ടങ്ങൾ നക്കിത്തീർത്ത് തെരുവു പട്ടികൾ എല്ലിനു വേണ്ടിയുള്ള കടിപിടിയിലാണ്. ഹോട്ടലുകൾ ഒന്നൊന്നായി അടച്ചു പൂട്ടാൻ തുടങ്ങിയപ്പോൾ ഇതുപോലൊരു പട്ടണത്തിൽനിന്നാണ് ഞങ്ങൾ കാട് കയറിയത്. അന്നത്തെ പട്ടിണികൊണ്ട് ഇവറ്റകളിൽ ആക്രാന്തം നുരഞ്ഞിരിക്കാം. എത്ര മാസം ഞങ്ങളവിടെ പിടിച്ചുനിന്നെന്ന് ഓർമയില്ല. പക്ഷേ, തെരുവിലെ ഘോഷങ്ങൾ ഒരാവേശം തന്നെയായിരുന്നു. ഞങ്ങളുടെ കൂടെ ഒരു ആൺതരിയിപ്പോയില്ലേ. അമ്മൂമ്മയപ്പൂപ്പന്മാർക്ക് ചോറിന് തൊട്ടുകൂട്ടാൻ വിശപ്പായിരുന്നു, ഉപ്പും കാന്താരിമുളകും ഉടച്ചാണ് പലപ്പോഴും ഊണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പോഴത്തെ പിള്ളാരല്ലേ. ഞങ്ങൾ തേടിയത് ഒരൽപം വൃത്തിയും വെടിപ്പുമുള്ള ഒരിടം. അടുക്കളയിൽ മിച്ചം വന്ന് വലിച്ചെറിയുന്ന, അധികം വാരിവലിക്കാതെ കൈകുത്തി മതിയാക്കിയ ഭക്ഷണത്തിലൊരു ഭാഗം. അവസാനം പട്ടണത്തിന്റെ വാലായ ഒരു ഗ്രാമത്തിൽ അങ്ങനെയൊരിടം ഞങ്ങൾ കണ്ടെത്തി. ആളൊഴിയുന്നതുവരെ അവിടെ കാത്തുനിന്നു. അവിടത്തെ പരിചാരകൻ ഒരു ദയയുള്ള മനുഷ്യനാണെന്നു തോന്നി. ഒരു ചെറിയ അലൂമിനിയം വട്ടയിൽ പിറകുവശത്ത് കൊട്ടാൻ കൊണ്ടുവന്ന ഭക്ഷണം ഞങ്ങളുടെ അച്ചടക്കമുള്ള നിൽപ് കണ്ട് അയാൾ അവിടത്തെ സിമന്റ് കോലായിൽ ഒരു വാട്ടിയ ഇലയെടുത്ത് കൊട്ടിവെച്ചു. മൂന്നുപേരും ആർത്തിയോടെ അത് അകത്താക്കി. ആകെയുള്ളൊരു നിരത്ത് കയറി അൽപം അകലെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഞങ്ങൾ തല ചായ്ച്ചു. ഒരു മാസത്തോളം അങ്ങനെയങ്ങ് കഴിച്ചു കൂട്ടിയപ്പോൾ മടുപ്പ് ഒരു പുഴുവിനെപ്പോലെ ഞങ്ങളുടെ ജീവിതത്തെ കാർന്നു തീർക്കാൻ തുടങ്ങി. ഞങ്ങളൊന്ന് മിനുങ്ങി എന്നത് ശരിയാണ്. വലിയ രുചിയൊന്നുമില്ലാത്ത ഒരേതരം ഭക്ഷണം. കാടുകേറിയപ്പോളനുഭവിച്ച നിശ്ശബ്ദതയുടെ ശബ്ദം ഞങ്ങളുടെ കാതിനെ കൊട്ടിയടക്കാൻ തുടങ്ങി.
ചുരുക്കിപ്പറഞ്ഞാൽ മറ്റൊരിടം തേടി ഞങ്ങളവിടുന്ന് മുങ്ങി. നടന്നും തളർന്നും ഇരുന്നും ഉറങ്ങിയും സന്ധ്യക്ക് ഞങ്ങൾ ചെന്നെത്തിയത് ഒരു പുഴക്കരയിലാണ്. വലിയൊരു തെങ്ങിൻതോപ്പും അതിൽ അവിടവിടെയായി പണിതിട്ട ചെറുകുടിലുകളും ഭക്ഷണശാലയും. പ്രകൃതിയെ ഞെരുക്കാതെ പണിതിട്ട ഒരു റിസോർട്ടാണതെന്നെനിക്ക് മനസ്സിലായി. കാടിനും നാടിനുമില്ലാത്ത ഒരു സൗന്ദര്യം ഞാൻ പുഴയിൽ കണ്ടു. കെട്ടിപ്പൂട്ടാതെ പാതി തുറന്ന ഭക്ഷണശാല. എനിക്കത് ക്ഷ പിടിച്ചു. ഞാൻ കുടുംബത്തെ ചേർത്തു പിടിച്ച് മെല്ലെ ഉള്ളിലേക്ക് പാളി നോക്കി. അത്താഴത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തീൻമേശകൾ വിഭവസമൃദ്ധം. അത്താഴം കഴിഞ്ഞ് ഓരോരുത്തർ കോട്ടേജുകളിലേക്ക് സ്ഥലം വിടാൻ തുടങ്ങുന്നതുവരെ ഞങ്ങൾ ക്ഷമയോടെ പിന്നാമ്പുറത്ത് കാത്തുനിന്നു. ഇവിടെയുള്ളവരൊക്കെ ഞങ്ങളെപ്പോലെ ആർത്തി പണ്ടാരങ്ങളല്ല. പരിചാരകർ ഒന്നൊന്നായി വിളമ്പുന്ന ഐറ്റംസ് ഒന്ന് പെറുക്കിയെടുത്ത് കൈകൊണ്ട് ആംഗ്യം കാട്ടി തിരിച്ചയക്കുന്നവരുമുണ്ട്. അതിഥികൾക്കിടയിലൂടെ മേൽനോട്ടം വഹിച്ച് നടക്കുന്ന ഉടമ ഗുൽ മുഹമ്മദ് ഒരു നല്ല മനുഷ്യനാണെന്ന് തോന്നി. ഞങ്ങൾക്കെങ്ങനെ ആ പേര് പിടികിട്ടി എന്നല്ലേ. ഊരുതെണ്ടികൾ പരിഷ്കാരികളെപ്പോലെ മണ്ടന്മാരല്ലാത്തതുകൊണ്ട് ഞങ്ങൾക്കിടയിൽ വിനിമയം കൂടും. ഒരുപാട് പൊരുതലുകൾക്കിടയിലൂടെയാണ് ഞങ്ങൾക്ക് ജീവിക്കാനവസരം കിട്ടുന്നത്. അതിലൂടെ പലതും പഠിക്കും. ഗുൽ മുഹമ്മദ് പരിചാരകനോട് എന്തോ കുശുകുശുത്തു. അധികം വാരിവലിക്കാത്ത പ്ലേറ്റുകളിൽ ചിലവ അയാൾ പുറംതിണ്ണയിൽ കടലാസ് വിരിച്ച് ഞങ്ങൾക്ക് കൊട്ടിത്തന്നു. അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ വിധിച്ചതും പാൽ തന്നെ.
അന്നു രാത്രി പരിചാരകർ താമസിക്കുന്ന ക്വാർട്ടേഴ്സിന് പുറത്തെ കോലായയിൽ ഞങ്ങളെ ഉറങ്ങാനനുവദിച്ചു. ഉറങ്ങുന്നതിനു മുമ്പേ ക്വാർട്ടേഴ്സിന്റെ പുറത്തേക്ക് തുറന്നിട്ട ജനലിലൂടെ അകത്തെ ഒച്ചപ്പാടിലേക്ക് ഞാൻ കണ്ണോടിച്ചു. മുൾമുനയിലെന്നപോലെ മുറിയിലുള്ളവർ ടി.വിയിൽനിന്ന് കണ്ണെടുക്കാതെ നോക്കിയിരിപ്പാണ്. ഒരുകൂട്ടം തെരുവ് നായ്ക്കൾ തമ്മിൽ കടിപിടി കൂടുന്ന ദൃശ്യങ്ങളും മനുഷ്യർ തുടയും കൈയും മുഖവും കാട്ടി നായ്ക്കൾ കടിച്ചുപറിച്ചുണ്ടാക്കിയ മുറിപ്പാടുകളും മാറി മാറി കാട്ടി അവതാരകൻ ടി.വി വാർത്തക്ക് കൊഴുപ്പു കൂട്ടുന്നു. ഗ്രാമത്തിലെ ഹോട്ടലിലെ പിന്നാമ്പുറത്തുനിന്നും ഭക്ഷണശാലയിലെ ടി.വിയിലേക്ക് പാളിനോക്കിയപ്പോൾ ഇത്തരം ദൃശ്യങ്ങൾ കണ്ടിരുന്നു. കാടുകയറുന്നതിനു മുമ്പേ അപൂർവമായിരുന്ന ഇങ്ങനെയുള്ള വാർത്തകൾ ചിറകുവെച്ച് ഇപ്പോൾ പറക്കാൻ തുടങ്ങിയതോർത്തപ്പോൾ ഞാനൽപം നടുങ്ങാതിരുന്നില്ല. ഊരുതെണ്ടികളായ ഞങ്ങളുമായി തെരുവുകൾ പങ്കിടുന്ന അവറ്റയും വിവരമുള്ള മനുഷ്യരും തമ്മിലെന്തിനാണ് പരസ്പരം യുദ്ധം പ്രഖ്യാപിച്ചതെന്നോർത്ത് എന്റെ മനസ്സു വിങ്ങി. ഇത്തരം ചിന്തകളെ ആട്ടിപ്പായിക്കാൻ ഞാൻ ശ്രമിച്ചു. ഈ റിസോർട്ടിലെ ഞങ്ങളുടെ സുരക്ഷിതത്വത്തെ പറ്റിയുള്ള ചിന്തകൾ മനസ്സിലേക്ക് വലിച്ചുകയറ്റി. ഓ, എന്ത് തെരുവുനായ്ക്കൾ, എന്ത് വിവരംകെട്ട മനുഷ്യർ,പോവാൻ പറ രണ്ടിനോടും എന്ന് മനസ്സിനെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ എപ്പോഴോ മയങ്ങിപ്പോയി. മഞ്ഞുകൊണ്ട് മൂടിയ ഒരു സ്വപ്നത്തിലൂടെ കൈയിൽ ഒരു വലിയ വെള്ള റോസാപ്പൂവുമായി ഗുൽ മുഹമ്മദ് തൂവെള്ള കുർത്തയിൽ ആകാശത്തിൽ നീന്തി നൃത്തംവെക്കുന്നു. ഇടക്കിടെ ഞങ്ങളെ മാടി വിളിക്കുന്നുമുണ്ട്. ഞങ്ങളെത്ര ഓടിയിട്ടും അദ്ദേഹത്തിനൊപ്പമെത്താനാവുന്നില്ല. പെട്ടെന്ന് സ്വപ്നം മുറിഞ്ഞു. പിറ്റേന്ന് രാവിലെ ഞങ്ങളുടെ കണ്ണുകൾ പുഴയിലേക്കുണർന്നു. പുഴക്കാറ്റ് ഞങ്ങളെ മാടിവിളിച്ചു. പുഴ ഞങ്ങൾക്ക് കുളിരും ശ്വാസവും തന്നു. ദിവസങ്ങൾ കടന്നുപോയി. ഞങ്ങൾ നന്നായൊന്ന് കൊഴുത്തു. ജീവിതം സ്വസ്ഥം. പക്ഷേ, തലയ്ക്കകത്ത് എന്നുമൊരു മയക്കം. മനസ്സിലൊരു ആന്തൽ. എന്തുവന്നാലും ഊരുതെണ്ടികൾ ഊരുതെണ്ടികൾതന്നെയല്ലേ. ക്രമേണ മടുപ്പ് ഒരു തേരട്ടയെപ്പോലെ ഞങ്ങളിലേക്ക് ഇഴഞ്ഞു കയറി. ഇപ്പോൾ ഗുൽ മുഹമ്മദ് സ്വപ്നങ്ങളിൽ ചേക്കേറാറില്ല. പകരം തെരുവിന്റെ തിമിർപ്പും കടിപിടി കൂടുന്ന പട്ടികളുമാണ്. ആ ലഹരി ഞങ്ങളുടെ ജ്ഞാനത്തെ മയക്കി. തമ്മിൽ കൂടിയാലോചിച്ച് രായ്ക്ക് രാമാനം ഞങ്ങൾ സ്ഥലംവിട്ടു.
ഞങ്ങളിങ്ങനെ അലഞ്ഞു തിരിയുന്നതെന്തിനാണെന്നു വായനക്കാരെ നിങ്ങൾ ചോദിച്ചേക്കാം. രണ്ടാൾക്കും വല്ല ജോലിയും തേടിപ്പിടിച്ചൂടെ? മോനെ സ്കൂളിൽ വിട്ട് പഠിപ്പിച്ചൂടെ? ഒരു വീടും കുടിയുമായി സാധാരണക്കാരെപ്പോലെ അധ്വാനിച്ച് ജീവിച്ചുകൂടെ? ചോദ്യങ്ങൾ നിരവധി. ഉത്തരം തരാൻ വരട്ടെ.
അങ്ങനെ ഒരു സുപ്രഭാതത്തിൽ, പട്ടണത്തിൽ ഞങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരു തെരുവിൽ ഞങ്ങൾ വീണ്ടും ചേക്കേറി. തടസ്സങ്ങളും ആക്രമണവും രൂക്ഷം. ഞങ്ങളെപ്പോലുള്ള ഊരുതെണ്ടികളെ പട്ടണത്തിലെ തെരുവുകൾ വീതിച്ചെടുത്ത ഏതെങ്കിലും നായ്ക്കൂട്ടങ്ങൾ അടുപ്പിക്കുമോ? പുഷ്ടിച്ച ശരീരത്തിനെക്കാളേറെ മനക്കരുത്തുകൊണ്ടാണ് ഞങ്ങൾ ആ തെരുവിൽ പിടിച്ചുനിന്നത്. തെരുവുഗുണ്ടായിസം തന്നെയാണ് ഞങ്ങളവിടെ കണ്ടത്. സിനിമയിലൊക്കെ കാണുന്നതുപോലെ ഒരുതരം ഗ്യാങ് വാർ. ഇത്തരം പദങ്ങളുടെ അർഥമൊക്കെ ഞങ്ങൾ ഊരുതെണ്ടികൾക്ക് വേഗത്തിൽ വഴങ്ങും. ഞങ്ങളുടെ വാക്കുകൾക്ക് മൂർച്ചയും കണ്ണുകൾക്ക് തീർച്ചയും കൂടും. ഘ്രാണശക്തിയാണെങ്കിലോ ഓരോ തെരുവിൽ താമസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞങ്ങൾ മണംകൊണ്ട് തിരിച്ചറിയും. ഈ വിദ്യകളൊക്കെ തെരുവ് നായ്ക്കളുമായുള്ള സഹവാസംകൊണ്ട് ഞങ്ങൾക്ക് കിട്ടിയതാണ്. ഈ നായ്ക്കൂട്ടങ്ങൾ, എന്റമ്മോ ആരാണെന്നാ വിചാരം? വക്രബുദ്ധിയിലും അധികാരത്തിലും അവരെ കടത്തിവെട്ടാൻ മറ്റൊരാളില്ല. തെരുവുനായ്ക്കൾ രാജ്യം ഭരിക്കുന്ന ഒരു കാലം ഓർത്തപ്പോൾ എനിക്ക് ചിരി അടക്കാനായില്ല. സ്വന്തം തെരുവിലെ ഓരോ അംഗത്തിന്റെയും മണം മറ്റതിന് ഹൃദിസ്ഥമാണ്. മറ്റൊരു തെരുവ് നിവാസി ഇങ്ങോട്ടെങ്ങാൻ അടുത്താൽ മൊത്തം നായ്ക്കൾ വട്ടംകൂടി അതിനെ ആക്രമിച്ച് ഓടിക്കും. അങ്ങനത്തെ നായ്ക്കളുള്ള ഒരു തെരുവിലേക്കാണ് ഞാൻ ഭാര്യയെയും മകനെയും കൂട്ടി തലചായ്ക്കാനിടം യാചിച്ച് കടന്നുചെല്ലുന്നത്. ചില തെരുവുകൾക്ക് പൊടിഞ്ഞ കീറച്ചാക്കിന്റെ മണമാണ്. ആക്രി വിൽക്കുന്നവർ ഉപേക്ഷിച്ചിട്ടു പോയവ നായ്ക്കൾ കടിച്ചുകീറി അർമാദിക്കും. കീറാത്ത ചാക്കുകൾ വിരിച്ചാണ് ഞങ്ങളെപ്പോലുള്ളവരുടെ കിടത്തം. വീട്ടുകോലായയാണെങ്കിൽ വീട്ടമ്മ രാവിലെ വാതിൽ തുറക്കും മുമ്പേ ഞങ്ങൾക്ക് എഴുന്നേൽക്കേണ്ടി വരും. നിയമം അലിഖിതമാണ്. കടത്തിണ്ണയാണെങ്കിൽ കുറേ സാവകാശം കിട്ടും.
മെയിൻ റോഡിന് തൊട്ട തെരുവ് നിവാസികൾക്ക് തുണികളിലുപയോഗിക്കുന്ന കൂറമിഠായിയുടെ മണമാണ്. അവർ യാചിക്കുന്ന വീടുകളിലെ തുണികൾ കീറിയതോ പൊടിഞ്ഞതോ ആയാലും അലക്കി വൃത്തിയുള്ളതായിരിക്കും. ദോബികൾ താമസിക്കുന്ന ഒരു തെരുവ് ഞങ്ങൾക്ക് തൊട്ടടുത്തുണ്ട്. അവിടെയുള്ളവർക്ക് ഇസ്തിരിയുടെ പുകമണവും ഉജാലയുടെ അവിഞ്ഞ മണവുമാണ്.

ഒരു പ്രധാന കാര്യം പറയാൻ വിട്ടുപോയി. പട്ടികളുടെ ഗ്യാങ് വാറിന് ഒരു പ്രത്യേക കാരണം അവയുടെ മൂത്രത്തിന്റെ പലതരം ചൂരുകളാണ്. ഞങ്ങൾ ചേക്കേറിയ തെരുവ് ഞങ്ങളെ കൈയേറ്റതോടെ ഞങ്ങളവിടത്തെ നിയമങ്ങൾ ശിരസാ വഹിച്ചു. മറ്റു തെരുവിലുള്ളവരെ ഇ ങ്ങോട്ട് കടത്താതിരിക്കാൻ അരയും തലയും മുറുക്കി കാവൽ നിന്നു.
കഴിഞ്ഞ ദിവസം ഒരു രസമുണ്ടായി. ഞങ്ങളുടെ രണ്ട് തെരുവുകൾക്കപ്പുറമുള്ളതിന് ഒരുതരം മൂത്രത്തിന്റെ മണമാണ്. തെരുവോരത്തെ ഒരു ഭാഗം ഓവുചാലിലേക്കുള്ള ഒരു ചരിവാണ്. ആ തെരുവിലുള്ള പട്ടികളടക്കം എല്ലാ തെണ്ടികളും മുട്ടിയാലും ഇല്ലെങ്കിലും ആ ചരിവിന് മുകളിൽനിന്നുതന്നെ മൂത്രം പാത്തും. ചരിവിലൂടെ അത് തുള്ളിതുള്ളിയായി ഇറ്റി ഓവുചാലിലേക്കിറങ്ങും. ആ തെരുവിന് ചളിമണ്ണ് കുഴഞ്ഞ ഒരുതരം മൂത്രമണമാണ്. ഒരുദിവസം ഒരു ചെറുപ്പക്കാരി പെണ്ണ് തന്റെ ടൂ വീലറുമെടുത്ത് രാത്രി അൽപ്പം വൈകി അതിലെ ഓടിച്ചുപോയി. മോളൽപം ധൃതിയിലായിരുന്നു. പെട്ടെന്നെന്തോ ആ ചരിവിനടുത്തുകൂടെ പോകുമ്പോൾ ബാലൻസ് തെറ്റി ഓവുചാലിലേക്ക് മറിഞ്ഞു. പാവം പെണ്ണ്. മൂക്കുപൊത്തി പതം പറഞ്ഞ് ധൃതിയിൽ രണ്ട് തെരുവുകൾക്കപ്പുറമുള്ള മറ്റൊന്നിലേക്ക് ഓടിച്ച് കയറി. സ്വന്തം മണമല്ലാതെ മറ്റൊന്നടിച്ചതും അവിടത്തെ നായ്ക്കളെല്ലാംകൂടെ സംശയത്തോടെ പുതിയ കൈയേറ്റക്കാരിയാണെന്ന് കരുതി കുട്ടിക്ക് പിന്നാലെ പാഞ്ഞു. മരണവെപ്രാളത്തോടെ വാഹനമോടിച്ച കുട്ടി വാഹനമടക്കം വീണ് അലറിക്കരഞ്ഞു. പിന്നെ തെരുവിലെ മാന്യന്മാർ ഓടിക്കൂടി തെരുവ് നിവാസികളെ മൊത്തം പച്ചത്തെറിവിളിച്ച് കുട്ടിയെ ആസ്പത്രിയിലെത്തിച്ചു. തോളെല്ലടക്കം വലംകൈ മുഴുവൻ പൊട്ടി പ്ലാസ്റ്ററിലായെന്നാ കേട്ടത്. കുട്ടിയെ ഇതിലെയൊക്കെ വാഹനമോടിച്ച് പോകുന്നത് ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പ്രശ്നമായത് മൂത്രത്തിന്റെ മണമാണ്. പുതിയ തെരുവിൽ പ്രതിരോധം തീർത്ത് ഞങ്ങൾ സ്ഥിരം അംഗങ്ങളായി സ്വീകരിക്കപ്പെട്ടു. ഹോട്ടലുകളുടെ പിന്നാമ്പുറങ്ങൾ ഓരോ തെരുവിലെയും പട്ടികൾ വീതിച്ചെടുത്തു. കൈയൂക്കുള്ളവ തിന്നതിന്റെ ബാക്കിക്കു വേണ്ടി ചാവാലി പട്ടികളും പൂച്ചകളും കടിപിടികൂടി പലവക്കും മാരകമായ മുറിവേറ്റു. ഒരു പട്ടിസഖാവിന്റെ അന്ത്യം തന്നെ മാരകമായ മുറിവേറ്റതോടെയായിരുന്നു.
അതുപോട്ടെ. ഇപ്പോൾ ഞങ്ങളുടെ പ്രശ്നത്തിലേക്ക് വരാം. ഹോട്ടലടക്കുന്ന നേരംവരെ അച്ചടക്കക്കാരായ ഞങ്ങൾ ക്ഷമയോടെ തെരുവിലെ വീതംവെപ്പിൽ കിട്ടിയ ഹോട്ടലിനു പിന്നിൽ കാത്തുനിൽക്കും. മിച്ചഭക്ഷണം വലിച്ചെറിയൽ അവർക്കും പ്രശ്നമാണ്. തെരുവ് നായ്ക്കളൊക്കെ അപ്പോഴേക്കും സ്ഥലംവിട്ടിരിക്കും. അധികം വാരിവലിക്കാത്ത ഭക്ഷണം തിന്ന് ഞങ്ങളങ്ങനെ കൊഴുത്തെന്ന് പറഞ്ഞാൽ മതിയല്ലോ. അമിതവണ്ണം കൊണ്ടുള്ള വീർപ്പുമുട്ടലിൽ പലരാത്രികളിലും ഞാൻ അസ്വസ്ഥനായി ഉറക്കം വരാതെ കിടക്കാൻ തുടങ്ങി. മനസ്സിലൊരു അങ്കലാപ്പ്. തലയിലൊരു പെരുപ്പം. കൈയെത്തും ദൂരത്തൊന്നും ഉറക്കവുമില്ല. ജിംനേഷ്യത്തിലോ ഫിറ്റ്നസ് സെന്ററിലോ പോകാനൊന്നും ഞങ്ങളെപ്പോലുള്ളവർക്ക് പാങ്ങില്ലല്ലോ. അങ്ങനെ ഒരുദിവസം. ഞാൻ ഉറങ്ങിയിട്ടില്ല. ഒന്ന് മയങ്ങിയോ? കണ്ണു ചിമ്മിയോ? തീർച്ചയില്ല. മുഖത്തിനു മുകളിലൂടെ ഒരു വളയം ചാഞ്ചാടി നീങ്ങുന്നത് കണ്ടത് മയക്കത്തിലോ സ്വപ്നത്തിലോ? രണ്ടിലുമല്ല. തീർച്ച. ഇതു സ്വപ്നമല്ല. പെട്ടെന്നൊരു ഉള്ളുണർവിൽ ഞാൻ ഞെട്ടിയുണർന്നു. കൃത്യമായി എന്റെ മുഖത്തെ, കഴുത്തിനെ ലക്ഷ്യമാക്കി ഒരു വളയം നീങ്ങുന്നു. ഒരൊറ്റ കുതിപ്പിന് ഞാൻ അയാളുടെ കൈത്തണ്ട നോക്കി കടിച്ചു പറിച്ചു. ഒരുതുണ്ട് മാംസം എന്റെ വായിലായി. ഒരു കുഞ്ഞ് പീച്ചാങ്കുഴലിൽ നിന്നെന്നപോലെ ചോര എന്റെ മുഖത്തേക്ക് ചീറ്റി. അയാളെന്നെ വളയംകൊണ്ടടിക്കാൻ ശ്രമിച്ചു. ഞാൻ സർവശക്തിയുമെടുത്ത് അയാളുടെ മേലേക്ക് കുതിച്ച് അലറി.
ഭൗ... ഭൗ... ഔ... ഭൗ... ഭൗ... ഭൗ... ബഹളം കേട്ട് എന്റെ സഖി ഉണർന്ന് കണ്ണ് മുഴുക്കെ തുറന്ന് ഭൗ... ഭൗ... ഭൗ... ഭൗ... ഭൗ... ഭൗ... എന്ന് വല്ലാതെ ബഹളംവെച്ചു. പിന്നിൽ കണ്ട മനുഷ്യനു നേരെ കുതിച്ച് അവൾ കടിച്ച് പറിച്ചത് അയാളുടെ ഉടുമുണ്ടും തുടയിലെ മാംസവുമാണ്. ഇതൊക്കെ കേട്ട് ഞങ്ങളുടെ ഒരേ ഒരാൺതരി മുന്നോട്ട് തെരുവിന്റെ അറ്റത്തേക്ക് ശരവേഗത്തിൽ ഓടി. രാത്രി സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് തെരുവിലേക്ക് കയറുന്ന ഒരു കുടുംബത്തെയാണ് മുന്നിൽ കണ്ടത്. അച്ഛൻ. അമ്മ. ഒരഞ്ചാം ക്ലാസുകാരി മകൾ. മകളുടെ മേലെയാണ് അവൻ കുതിച്ചു ചാടിയത്. നിലത്തുവീണ അവളെ അവൻ വർധിതശൗര്യത്തോടെ കടിച്ചു പറിക്കുകയായിരുന്നു.