Begin typing your search above and press return to search.

മധുരക്കിഴങ്ങു തിന്നുന്നവർ

മധുരക്കിഴങ്ങു തിന്നുന്നവർ
cancel

ഒന്നാം രഹസ്യം ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാം. കടൽ കരയോടെന്നപോലെ. കാറ്റ് കുന്നുകളോടെന്നപോലെ...ഒരു ഹൃദയത്തിൽനിന്നും മറ്റൊരു ഹൃദയത്തിലേക്ക് ഭാരം പകുത്തുവെക്കുമ്പോൾ കിട്ടുന്ന കേവല ആശ്വാസത്തിനുവേണ്ടിയല്ല. നിത്യവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള മാർഗം കണ്ടെത്തുന്നതിനുവേണ്ടി മാത്രം. എന്തെന്നാൽ നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാനീ രഹസ്യം പങ്കുവെക്കുക. കഴിഞ്ഞ പത്തു വർഷമായി എന്നോടൊപ്പം ജീവിക്കുന്ന ആ സ്ത്രീയുണ്ടല്ലോ, അവളെന്റെ ഭാര്യയൊന്നുമല്ല. അതിലെന്താണിത്ര രഹസ്യം എന്നല്ലേ നിങ്ങളിപ്പോൾ ചിന്തിച്ചത്. വരട്ടെ. മുഴുവനും പറഞ്ഞുതീരട്ടെ. എന്നിട്ടാകാമല്ലോ ചിന്തകളുടെ കാടുകേറ്റം. അതായത്, കഴിഞ്ഞ പത്തു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഒന്നാം രഹസ്യം

ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാം. കടൽ കരയോടെന്നപോലെ. കാറ്റ് കുന്നുകളോടെന്നപോലെ...

ഒരു ഹൃദയത്തിൽനിന്നും മറ്റൊരു ഹൃദയത്തിലേക്ക് ഭാരം പകുത്തുവെക്കുമ്പോൾ കിട്ടുന്ന കേവല ആശ്വാസത്തിനുവേണ്ടിയല്ല. നിത്യവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള മാർഗം കണ്ടെത്തുന്നതിനുവേണ്ടി മാത്രം. എന്തെന്നാൽ നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാനീ രഹസ്യം പങ്കുവെക്കുക.

കഴിഞ്ഞ പത്തു വർഷമായി എന്നോടൊപ്പം ജീവിക്കുന്ന ആ സ്ത്രീയുണ്ടല്ലോ, അവളെന്റെ ഭാര്യയൊന്നുമല്ല.

അതിലെന്താണിത്ര രഹസ്യം എന്നല്ലേ നിങ്ങളിപ്പോൾ ചിന്തിച്ചത്. വരട്ടെ. മുഴുവനും പറഞ്ഞുതീരട്ടെ. എന്നിട്ടാകാമല്ലോ ചിന്തകളുടെ കാടുകേറ്റം.

അതായത്, കഴിഞ്ഞ പത്തു വർഷമായി അവള്‍, മാർത്ത സ്വന്തമായി വിചാരിച്ചുവെച്ചിരിക്കുന്നത് ഞാനവളുടെ ഭർത്താവാണെന്നാണ്. എന്നാൽ, അതങ്ങനെയല്ലെന്ന് അറിയാവുന്ന ഒരേയൊരാൾ ഞാൻ മാത്രമാണ്. ഇപ്പോൾ നിങ്ങളും.

ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം. കാരണം, കുഴപ്പം പിടിച്ച ഈ സംഗതിയുടെ കുരുക്കഴിക്കാൻ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

കുറച്ച് ദിവസങ്ങൾക്കു മുമ്പ്, പതിവിനു വിപരീതമായി ഒരു സംഭവം ഉണ്ടായി. കുളികഴിഞ്ഞ് ഈറനോടെ അടുക്കളയിലേക്കു വരികയായിരുന്നു അവള്‍. ഞാനാകട്ടെ വലിയൊരു ചെമ്പിൽ മധുരക്കിഴങ്ങ് പുഴുങ്ങിക്കൊണ്ടിരിക്കുന്നു. ആലനഹള്ളി സൊസൈറ്റിയിലെ പെണ്ണുങ്ങളുണ്ടാക്കുന്ന വാസനസോപ്പിന്റെ മണം എന്നെ അവളിലേക്ക് ആകർഷിച്ചു.

‘‘ഇത് മധുരക്കിഴങ്ങിന്റെ സീസണാണോ?’’ കരവലയത്തിനുള്ളില്‍ അകപ്പെട്ട പ്രാവിനെപ്പോലെ കുറുകിക്കൊണ്ട് മാര്‍ത്ത ചോദിച്ചു.

ഒരു നിമിഷം ശങ്കിച്ച്, അതെ എന്നു ഞാൻ ചുംബനംകൊണ്ട് മറുപടി നൽകി. പെട്ടെന്ന്, എന്നെ തള്ളിമാറ്റി, വായ പൊത്തിപ്പിടിച്ചുകൊണ്ട് അവള്‍ പുറത്തേക്കിറങ്ങിയോടി. പിറകെ ഞാനും. നോക്കുമ്പോൾ, മല്ലിച്ചെടിയുടെ ചോട്ടിലേക്കു കമിഴ്ന്നു കിടന്നു ഛർദിക്കുകയാണ് അവൾ. പൊടിമണ്ണിൽ കുനിഞ്ഞിരുന്ന് പുറം തടവിക്കൊടുക്കുമ്പോൾ പുളിച്ചുകെട്ടിയതിന്റെ മണം എന്റെ ഉള്ളിലേക്കു തേട്ടി.

തുടർദിവസങ്ങളിൽ മൂടിക്കെട്ടിയ മാനംപോലായിരുന്നു അവള്‍. പഴയ ചുറുചുറുക്കും പ്രസരിപ്പും വാർന്നുപോയിരിക്കുന്നു. സദാസമയവും ഏതേതോ ചിന്തകളിലാണ്. മനമങ്ങും മിഴിയിങ്ങും എന്ന

അവസ്ഥ.

ഞാൻ പറഞ്ഞല്ലോ, മധുരക്കിഴങ്ങിന്റെ കാലമായിരുന്നു. രണ്ടേക്കർ നിലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. എനിക്കൊപ്പം മാർത്തയും കൂടുമായിരുന്നു. ഇടിപിടിയെന്നാണ് ആ കൂട്ടുവെട്ടി വീട്ടിലൊതുങ്ങിയത്.

മിണ്ടാട്ടമില്ലാതെ എവിടെയെങ്കിലുമൊക്കെ കൂനിക്കൂടിയിരിക്കുന്നതു കാണാം. അപ്പോഴൊന്നും ഇങ്ങനെയൊരു അപകടം മണത്തിരുന്നില്ല.


പിന്നെ എപ്പോഴാണെന്നോ?

മറ്റൊരു ദിവസം, വെളുപ്പാൻകാലത്ത്, എന്തോ ദുഃസ്വപ്നം കണ്ട് മാർത്ത ഞെട്ടിയുണർന്നു. ഒരേസമയം കുളിരുകോരിയതുപോലെ വിറക്കുകയും തീച്ചൂളയിലകപ്പെട്ടതുപോലെ വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ജനാലപ്പടിയിലിരുന്ന മൺകൂജയെടുത്ത് വരണ്ട തൊണ്ടയിലേക്കു ദാഹജലമിറ്റിക്കുമ്പോൾ മാര്‍ത്തയുടെ കണ്ണുകൾ മലക്കംമറിയുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ വിയർപ്പിറ്റുന്ന കൈകളിൽ മുറുകെപ്പിടിച്ച് ഞാൻ ആശ്വാസമരുളി. കൈത്തണ്ടയിൽ നിറഞ്ഞുകിടന്നിരുന്ന കുപ്പിവളകളിൽ തീരെ ദുർബലമായ ചിലത് അനവസരത്തിൽ ഉടഞ്ഞുവീണു.

വീണ്ടും കട്ടിലിലേക്കു മലർന്ന മാർത്ത ചില്ലോടിനുള്ളിലൂടെ ആകാശം നോക്കിക്കിടന്നു. തുറന്നുകിടക്കുന്ന കിളിവാതിലിലൂടെ തണുത്ത കാറ്റ് വന്നുപോയിക്കൊണ്ടിരുന്നു.

സത്യത്തിൽ അന്നുമുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു.

വീർത്തുകെട്ടിയ കണ്ണുകളോടെ, സൂര്യനുദിക്കുന്നതിനു മുമ്പേ കൃഷിയിടത്തിലേക്ക് ഓടിയൊളിക്കാൻ ഒരുങ്ങുന്ന എന്നെ ഒരുദിവസം മാർത്ത അവളുടെ സ്വപ്നത്തിലേക്കു വലിച്ചിട്ടു.

കരിയിലകൾ നിലംമൂടിയ ഒരു പറമ്പ്. അതിരുകളില്‍ തലപോയ പനമരങ്ങളും പാതാളക്കിണറും. ഒടിഞ്ഞുകുത്തിക്കിടക്കുന്ന വീടിന്റെ മോന്തായത്തില്‍ പരുന്തും മൂങ്ങയും കാവലിരിക്കുന്നു. വിണ്ടടർന്ന ചുമരുകളില്‍ വാല്‍‌മുറിഞ്ഞ പല്ലികള്‍. നരിച്ചീറുകൾ പാർക്കുന്ന മച്ചില്‍ മഴയുടെ കരച്ചില്‍. ചിളിർത്തുകിടക്കുന്ന തറയിലൂടെ ഒച്ചുകള്‍ ഇഴഞ്ഞുനടക്കുന്നു. ചുറ്റുവട്ടത്തെങ്ങും ആരുമില്ല. പകലുപോലും ഇരുട്ട് വാഴുന്നു. പാമ്പും പഴുതാരകളും മരപ്പട്ടികളും യഥേഷ്ടം സഞ്ചരിക്കുന്നു. ഒരു കുഞ്ഞിന്റെ പേടിച്ചരണ്ടുള്ള അലറിക്കരച്ചിൽ. അതിനെ പിന്തുടർന്നു ചെല്ലുന്നിടത്തെല്ലാം വെന്തുമലർന്ന മധുരക്കിഴങ്ങുകളുടെ കൂമ്പാരം. നെഞ്ചിൽ വിങ്ങുന്ന കട്ടും കയ്പും. തൊണ്ടയിൽ കുടുങ്ങുന്ന ഓക്കാനം...

‘‘ഇവിടെയെവിടെയെങ്കിലും ഇങ്ങനെയൊരു സ്ഥലമുണ്ടോ?’’ മാർത്ത ചോദിക്കുന്നു: ‘‘നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊരു ഇടത്തിനു സ്ഥാനമുണ്ടോ? എന്തുകൊണ്ട് ഇതുതന്നെ ആവർത്തിച്ചാവർത്തിച്ച് എന്റെ സ്വപ്നത്തിൽ നിറയുന്നു?’’

മറുപടിയില്ലായിരുന്നു. കാരണം, ഞാൻ ഭയന്നതുതന്നെ സംഭവിച്ചിരിക്കുന്നു. ഭൂതകാലം പാടേ മറന്നുപോയ ഒരു ജീവിതമാണ് മാര്‍ത്തയിപ്പോള്‍ ജീവിക്കുന്നത്. പക്ഷേ, ഓർമകളിലേക്കു തിരിച്ചുനടക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. തീർച്ചയായും കൂടുതൽ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. നിശ്ചയമായും ഉത്തരമില്ലാതെ തലകുനിക്കേണ്ടിവരും.

അധികം വൈകാതെ മാർത്ത അറിയും, ഞാൻ അവളുടെ ഭർത്താവോ അവൾ എന്റെ ഭാര്യയോ അല്ലെന്ന സത്യം.

‘‘ഞാൻ ആരാണ്? എനിക്ക് എന്താണ് സംഭവിച്ചത്?’’ അവള്‍ ചോദ്യശരങ്ങള്‍ എറിയും. എനിക്കപ്പോൾ അവളുടെ ജീവിതകഥ പറയേണ്ടിവരും. ഞാൻ എന്നെ നായകസ്ഥാനത്തു പ്രതിഷ്ഠിക്കും.

അപ്പോഴും ഒരു ചോദ്യം ബാക്കിയാകും: ‘‘എന്റെ ജീവിതം നശിപ്പിച്ചവർ ഇപ്പോൾ എന്തുചെയ്യുന്നു?’’

അവരിപ്പോഴും സുഖിച്ചു ജീവിക്കുന്നെന്നു സത്യം പറയണോ? അതോ, പകരം വീട്ടിയെന്നു കള്ളം പറയണോ? നിങ്ങൾതന്നെ പറയൂ, എന്ത് ഉത്തരമാണ് ഞാൻ അവള്‍ക്കു നൽകേണ്ടത്?

ജീവിതത്തിൽനിന്നും ഒളിച്ചോടുന്നതില്‍ അർഥമില്ലെന്ന് അറിയാം. പിന്നെന്തു വേണം?

ഓർമകളിലേക്കു കാഞ്ചിവലിക്കാൻ സാധ്യതയുള്ള സകലതും മാർത്തയിൽനിന്നു മറച്ചുപിടിക്കുക. അതിനുവേണ്ടി ആദ്യം ചെയ്തത്, വീടിന്റെ മുക്കും മൂലയും തിരഞ്ഞ് മധുരക്കിഴങ്ങുകളത്രയും ഒഴിവാക്കുക എന്നതായിരുന്നു. തുടർന്ന്, കൃഷിയിടത്തിലെ കാര്യങ്ങൾ വിശ്വസ്തനായ ഒരാളെയേൽപിച്ച് ഞങ്ങള്‍ ഒരു യാത്ര പോയി.

സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന, നിറയെ കാറ്റും വെളിച്ചവുമുള്ള, നീർച്ചോലകൾ കളകളമൊഴുകുന്ന ഒരു ആശ്രമത്തിൽ കുറച്ചുദിവസം തങ്ങി. ആത്മാവു നിറയ്ക്കുന്ന പ്രഭാഷണങ്ങളാലും, കൂട്ടംകൂടിയുള്ള കളിതമാശകളാലും അവിടെത്തങ്ങിയ ഓരോ ദിവസവും ഹൃദയത്തിൽ സൂക്ഷിക്കപ്പെടേണ്ടതായിരുന്നു.

എന്നാൽ സംഭവിച്ചതോ?

അവസാന ദിവസം രാത്രി, എല്ലാവരുംകൂടി കുന്നിൻചരുവിൽ തമ്പടിച്ചു. പാട്ടും നൃത്തവും പാചകവുമായി പാതിരാത്രി കഴിഞ്ഞും ആഘോഷം നീണ്ടു. ഇതിനിടയിൽ, മധുരക്കിഴങ്ങു ചുടുന്നതിന്റെ മണമടിച്ചെന്നും പറഞ്ഞ് മാർത്ത അവിടെനിന്നും ഇറങ്ങിയോടി.

മഠാധിപതിയുടെ കൂടാരത്തിൽ വെളിച്ചം അണഞ്ഞിട്ടില്ലായിരുന്നു. ഞാൻ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം തേടി അവള്‍ അങ്ങോട്ടേക്കു പ്രവേശിച്ചു. ഭൂതകാലം പാടേ മറന്നുപോയ ഒരുവളുടെയുള്ളിലെ കലക്കം മനസ്സിലാക്കാൻ മഠാധിപതിക്കു സാധിച്ചില്ല. ഞാൻ ആരാണെന്ന ചോദ്യം, ഈ ലോകം നേരിടുന്ന സകല കുഴപ്പങ്ങൾക്കുമുള്ള ഉത്തരമാണെന്ന മട്ടിൽ ഏകദേശം ഒരു മണിക്കൂർ അദ്ദേഹം ഞങ്ങളോടു സംസാരിച്ചു.

നേരം പുലർന്നുകഴിഞ്ഞിരുന്നു. കോടമൂടിയ വഴികളിലൂടെ, ദീർഘമൗനത്തിന്റെ പുതപ്പും വാരിച്ചുറ്റി ഞങ്ങൾ മടക്കയാത്ര ചെയ്തു.

എല്ലാം തുറന്നുപറഞ്ഞ് സമാധാനം വീണ്ടെടുക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, വീടിന്റെ പടികടന്നതും മനസ്സുമാറി. തുറന്നുപറച്ചിൽകൊണ്ട് സമാധാനം താറുമാറാകുകയേയുള്ളൂ. എന്റെ ജീവിതം നശിപ്പിച്ചവർ ഇപ്പോൾ എന്തു ചെയ്യുന്നു എന്ന ചോദ്യം മാർത്തയുടെ നോട്ടത്തിൽ അവശേഷിക്കും. പകരംവീട്ടിയെന്ന മറുപടി ഒരുപക്ഷേ, അവളെ തൃപ്തിപ്പെടുത്തുമായിരിക്കും. അതിനുവേണ്ടി മാത്രമാണ് കാലങ്ങൾക്കുശേഷം ഞാനീ കുന്നുകയറിയത്.

നിങ്ങളുടെ വികാരവിചാരങ്ങൾ എനിക്കിപ്പോൾ ഊഹിക്കാനാകുന്നുണ്ട്. ശരിയാണ്, അന്നു ഞാൻ നിങ്ങളുടെ ഭാഗത്തായിരുന്നു. ഇപ്പോൾ മാർത്തയുടെ ഭാഗത്തും. അതുകൊണ്ട്, നിങ്ങൾ രണ്ടുപേരും ബഹളമൊന്നും കൂട്ടാതെ ഞാൻ പറയുന്നതുപോലെ ചെയ്യണം. എനിക്കൊപ്പം നിൽക്കണം.

നിങ്ങൾ ഓർക്കുന്നുണ്ടോ, അന്നും മധുരക്കിഴങ്ങിന്റെ കാലമായിരുന്നു? ഓർക്കാൻ വഴിയില്ല. കാരണം, അത്തരം യാത്രകൾ നിങ്ങളുടെ ജീവിതത്തിൽ പതിവായിരുന്നല്ലോ. എന്നാൽ, ആ കൂടിക്കാഴ്ച എനിക്കു മറക്കാൻ കഴിയില്ല.

രണ്ടുപേർ വരുന്നുണ്ട്, വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണം എന്നു കൊളോസച്ചൻ വിളിച്ചുപറഞ്ഞപ്പോൾ, കോളടിച്ചല്ലോടായെന്നു മനസ്സ് ആവേശംകൊണ്ടു. പക്ഷേ, അച്ചൻ രണ്ടാമതു വിളിച്ച്, നോക്കീം കണ്ടും നിൽക്കണെടാ, ചില്ലറ മൊതലോളല്ല വരുന്നത് എന്ന് മുന്നറിയിപ്പ് നൽകിയപ്പോൾ സകല ഉത്സാഹവും കെട്ടുപോയി.

അങ്ങനെ നിങ്ങൾ വന്നു. മഴ തെല്ല് ശമനപ്പെട്ടൊരു പകലില്‍.

തരകൻ സാറാണ് ആദ്യം ഇറങ്ങിയത്. മുഖത്ത് ഗൗരവമുള്ള ചിരി. കൊളോസച്ചൻ ഏർപ്പാടാക്കിയ ആളാണോ എന്ന് ചോദ്യം.

അതെയെന്നു പറയുമ്പോൾ എന്റെ ശബ്ദമിടറി. നരച്ച ചുമരുകളുള്ള ജയിൽമുറിയിൽ കുനിഞ്ഞുനിൽക്കുന്ന ഒരുവനായി ഞാനെന്നെ വിഭാവനം ചെയ്തു.

‘‘ഇവിടന്നു എത്രദൂരം കാണും?’’ കാറിന്റെ പിൻസീറ്റിൽനിന്നും ആയാസപ്പെട്ടിറങ്ങിയ തമ്പിസാർ ചോദ്യംചെയ്യൽ ഏറ്റെടുത്തു.

നാലഞ്ചു കിലോമീറ്റർ. വിക്കിവിക്കി ഞാൻ പറഞ്ഞു.

‘‘നാലോ അതോ അഞ്ചോ?’’ തമ്പിസാറിന്റെ രൂപം ആടിയുലഞ്ഞു.

‘‘വളയം പിടിക്കാനറിയോ?’’ തരകൻ സാർ ചോദിച്ചു.

ഉവ്വെന്നു പറഞ്ഞതും കാറിന്റെ താക്കോല്‍ വായുവിലൂടെ പറന്നുവന്നു.

ആദ്യമായിട്ടാണ് അങ്ങനെയൊരു വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരയെപ്പോലെ ആദ്യമൊന്നു മുരണ്ടെങ്കിലും അടുത്തനിമിഷം മുതൽ അനുസരണയുള്ള വളർത്തുമൃഗമായി അതെന്റെ വരുതിയിൽ വന്നു. പോകെപ്പോകെ നിങ്ങളും എന്നോട് അടുത്തു. തരകൻ സാറാണ് കൂടുതൽ മിണ്ടിയത്. സംസാരം കൊളോസച്ചന്റെ കഥകളിലേക്കു വഴിമാറിയപ്പോൾ തമ്പിസാർ ഉണർന്നു.

ഇരുട്ട് വീണുതുടങ്ങിയിരുന്നു. പക്ഷേ, വഴി കണ്ടുപിടിക്കുന്ന പരീക്ഷ ഞാൻ വിജയകരമായി പൂർത്തീകരിച്ചു. അപ്പോൾ നിങ്ങൾക്ക് എന്നോട് അൽപം ബഹുമാനമൊക്കെ തോന്നി. എന്റെ ഭയവും നേര്‍ത്തു നേര്‍ത്തില്ലാതായി.

‘‘ഞങ്ങൾ പോലീസുകാരാണെന്നു ഇവിടെയൊരുത്തനും അറിയരുത് കേട്ടോ.’’

തമ്പിസാർ പലവട്ടം ഓർമിപ്പിച്ചു.

ഇവിടെ, ഈ മലമൂട്ടില്‍ ആരറിയാനാണ്? അറിഞ്ഞാൽ തന്നെ, നിങ്ങളുടെ നിഴൽ കണ്ടപാടെ ഓടിക്കളയാൻ തയാറെടുത്തു നിൽക്കുന്ന പ്രതികളൊന്നും ഇവിടെയില്ല. മാത്രമല്ല, അങ്ങനെയൊരു ഉദ്യമവുമായി വേഷം മാറി ഇറങ്ങിയതൊന്നുമല്ലല്ലോ നിങ്ങൾ. കൊളോസച്ചൻ പറഞ്ഞ് കാര്യങ്ങളൊക്കെ കുറച്ച് എനിക്കും അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവിനു കിട്ടേണ്ടിയിരുന്ന കൊലക്കയർ നിങ്ങളുടെ മിടുക്കുകൊണ്ട് ഏതോ ഒരു പാവത്തിന്റെ കഴുത്തിൽ വീണു. നിങ്ങളുടെ പോക്കറ്റിൽ ലക്ഷങ്ങളുടെ കിലുക്കം. കൂട്ടത്തിൽ കൊളോസച്ചന്റെ ക്ഷണവും; സമയംപോലെ ഇങ്ങോട്ടേക്കൊക്കെ ഇറങ്ങെന്ന്.


അങ്ങനെ നിങ്ങൾ മല്ലീഹയിലെത്തി. സമയം അർധരാത്രി പിന്നിട്ടിരുന്നു. വന്നപാടെ ഉറങ്ങാന്‍ കിടക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, നിങ്ങള്‍ ഉറങ്ങിയില്ല. വെളിച്ചം വീഴുന്നതുവരെ മദ്യസേവയായിരുന്നു. ഓരോന്നു വറുത്തും പൊരിച്ചും എന്റെ ഉറക്കവും നഷ്ടപ്പെട്ടു. എല്ലാം ഒതുക്കിവെച്ച് ഒന്നു കണ്ണടച്ചുവന്നപ്പോഴേക്കും ഫാമിലെ പണിക്കാരെത്തി തട്ടലും മുട്ടലും തുടങ്ങി. എന്റെ ഉറക്കം അവരുടെ പിന്നാലെ തൂങ്ങിനടന്നു.

ബോധംകെട്ടുറങ്ങിയ നിങ്ങള്‍ ഉച്ചതിരിഞ്ഞാണ് എഴുന്നേറ്റത്. ഫാമിലെ കുളത്തില്‍ ഏറെനേരം മുങ്ങിക്കിടന്നതിനുശേഷം ഡൈനിങ് ടേബിളില്‍ വന്നിരുന്നു.

മുറ്റത്ത് വിരിഞ്ഞുനില്‍ക്കുന്ന പത്തുമണിയിലെ വെയിലിനെ മായ്ച്ചുകൊണ്ട് ആകാശം പിന്നെയും കറുത്തു.

‘‘പറഞ്ഞ സെറ്റപ്പൊന്നുമില്ലല്ലോ.’’ കഴിച്ചുകൊണ്ടിരിക്കെ തരകന്‍ സാര്‍ പരാതിപ്പെട്ടു: ‘‘ഇതൊരുമാതിരി മുടിഞ്ഞമ്പലം പോലുണ്ട്. തലപോയ പനകളും പൊട്ടക്കിണറും നടുവൊടിഞ്ഞ വീടും. ആകെ ചളിപിളിയാണല്ലോടാ.’’

പുഴമീന്‍ പൊള്ളിച്ചത് വാഴയിലയില്‍നിന്നും ചോര്‍ത്തിയെടുത്ത് വീതംവെക്കുകയായിരുന്നു ഞാന്‍. തലക്കഷണം തമ്പിസാറിന്റെ പാത്രത്തിലെ കപ്പയുടെ മീതേക്ക് പകരുമ്പോള്‍, രണ്ടു ദിവസം മുമ്പ് പുഴയില്‍ ചത്തുപൊന്തിയ മീനുകളെക്കുറിച്ചും ഒറ്റരാത്രികൊണ്ട് ചിതറിപ്പോയ മല്ലീഹയിലെ മനുഷ്യരെക്കുറിച്ചും ഓര്‍ത്തു.

‘‘ആദ്യമായിട്ടാണ് ഈ പ്രദേശത്തൊക്കെ ഉരുള്‍പൊട്ടുന്നത്. പേമാരിയും ചുഴലിക്കാറ്റും എല്ലാ കൊല്ലവും മല്ലീഹയെ വലയ്ക്കാറുണ്ട്. പക്ഷേ, ഇത്തവണ വല്ലാതെ ഞെരിച്ചുകളഞ്ഞു.’’ തലേദിവസത്തെ കുപ്പിയിലെ ബാക്കി വെട്ടുഗ്ലാസിലേക്ക് ഊറ്റിക്കൊണ്ട് ഞാന്‍ പറഞ്ഞു.

‘‘അതെന്തെങ്കിലുമാകട്ടെ. കാട്ടിലെ മഴ കാണാന്‍ പറ്റോ? ഒരു മുയലിനെയെങ്കിലും വെടിവെച്ചു പിടിക്കാന്‍ പറ്റോ?’’ തമ്പിസാര്‍ ചോദിച്ചു.

‘‘പോവാം സാറെ. ഇരുട്ടു വീഴട്ടെ. പക്ഷികളും മൃഗങ്ങളും മുളയട്ടെ.” ഞാന്‍ സമാധാനിപ്പിച്ചു.

അങ്ങനെ നമ്മള്‍ കാടു കാണാനിറങ്ങി. തെന്നിത്തെറിച്ചുകിടക്കുന്ന നാട്ടിടവഴികളിലൂടെ, ഉരുള്‍പൊട്ടിയൊലിച്ച ചാലുകളിലൂടെ കുലുങ്ങിക്കുലുങ്ങി ജീപ്പ് ചുരമിറങ്ങി. തല്ലിത്തൊഴിച്ചു പെയ്യുന്ന മഴയിലേക്ക് കൈകാലുകളയച്ച് നിങ്ങള്‍ കൊച്ചുകുട്ടികളെപ്പോലെ അർമാദിച്ചു. ജീപ്പ് പലപ്പോഴും അനുസരണയില്ലാത്ത നാല്‍ക്കാലിയായി മുരണ്ടുകൊണ്ട് തോന്നിയവഴിക്കൊക്കെ പാഞ്ഞു.

ഒടുവിൽ നമ്മള്‍ കാട്ടിലെത്തി. നിങ്ങളെ ഉള്‍വനത്തിലേക്കു മേയാന്‍‌ വിട്ടിട്ട് ഞാന്‍ ജീപ്പില്‍തന്നെ ചുരുണ്ടുകൂടി. തലേദിവസത്തെ ഉറക്കക്ഷീണം കാരണം പിടിവിട്ടുറങ്ങിപ്പോയ ഞാന്‍ വെടിപൊട്ടുന്ന ഒച്ചയോ, കാട്ടുമൃഗത്തിന്റെ കരച്ചിലോ കേട്ടില്ല. സമയത്തിന്റെ ഇഴച്ചിലും പാച്ചിലും അറിഞ്ഞില്ല.

പക്ഷേ, ഓടിക്കിതച്ചെത്തിയ നിങ്ങള്‍ പറഞ്ഞു: ‘‘സാധനം കിട്ടിയെടാ. വേഗം വണ്ടിയെടുക്ക്.’’

ഇരുളിലേക്ക് ഉന്നം‌പിടിച്ച ഇരട്ടക്കുഴലായി ജീപ്പുവെട്ടം തെളിഞ്ഞു. ഉറക്കം പുളിച്ച കണ്ണുകളില്‍ നൂല്‍മഴ കെട്ടുപിണഞ്ഞു കിടന്നു. മല്ലീഹയിലേക്കുള്ള മടക്കവഴി പെരുമ്പാമ്പിനെ ഓർമിപ്പിച്ചു.

കാവല്‍മാടത്തിന്റെ കീഴെ ജീപ്പൊതുക്കിയിട്ട് ഞാന്‍ മൂരിനിവര്‍ന്നു. ആദ്യമിറങ്ങിയ നിങ്ങള്‍ തോക്കും ടോര്‍ച്ചുമെടുത്ത് തിണ്ണയിലേക്കു വെച്ചു. വേട്ടമൃഗം എന്തെന്നറിയാനുള്ള കൗതുകമൊന്നും എനിക്കില്ലായിരുന്നു. പക്ഷേ, ജീപ്പിന്റെ പിറകിലേക്ക് പാളിനോക്കിയ എന്റെ കണ്ണുകളിലേക്ക് വെള്ളി കൊലുസ്സിട്ട ഒരു പാദം നീണ്ടുവന്നു.

‘‘ഇതെന്താ സാറന്മാരെ?’’ ഞാന്‍ ഒച്ചയിട്ടു.

‘‘കണ്ടിട്ട് മനസ്സിലായില്ലേ?’’ തമ്പിസാര്‍ ചോദിച്ചു. തരകന്‍ സാര്‍ പറഞ്ഞു: ‘‘ദൈവമായിട്ട് ഒപ്പിച്ചു തന്നതാണ്. കൂടെനിന്നാല്‍ നിനക്കും കിട്ടും ഒരു പങ്ക്.’’

ആ കെണിയില്‍ ഞാനെന്ന മൃഗം വീണു. അപ്പോള്‍ മുതല്‍ നിങ്ങളും ഞാനും തമ്മിലുള്ള അന്തരം മാഞ്ഞുപോയി. നമ്മള്‍ ആ പെണ്‍കുട്ടിയെ ജീപ്പില്‍നിന്നും പൊക്കിയെടുത്ത് ഫാം ഹൗസിലെ രഹസ്യമുറിയിലെത്തിച്ചു. അവളുടെ നെറ്റിയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

ചുട്ടുപൊള്ളുന്ന പനിക്കോളില്‍ അവള്‍ തണുത്തുവിറച്ചു; പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു.

തരകന്‍ സാറിനു തീരെ ക്ഷമയില്ലായിരുന്നു. പിന്നാലെ തമ്പിസാറും അക്ഷമനായി. എന്റെ ഊഴം വന്നപ്പോഴേക്കും നേരം വെളുത്തു. മഴ കനത്തു.

രണ്ടു ദിവസത്തേക്കെന്നു പറഞ്ഞുവന്ന നിങ്ങള്‍ മൂന്നാംദിവസവും മല്ലീഹയില്‍ തുടര്‍ന്നു.

മധുരക്കിഴങ്ങുകള്‍ അട്ടിയിട്ടുവെച്ചിരുന്ന മുറിയുടെ ഒരു മൂലയില്‍ പിന്നിപ്പിഞ്ചിയ ചാക്കുകണക്കെ അവള്‍ ചുരുണ്ടുകൂടി കിടന്നു. വെന്തുമലര്‍ന്ന മധുരക്കിഴങ്ങുകള്‍ കവടിപ്പിഞ്ഞാണത്തില്‍ നിറച്ച് ഞാനവള്‍ക്ക് തിന്നാന്‍ കൊണ്ടുക്കൊടുത്തു. ക്ലാവുപിടിച്ച ഓട്ടുമൊന്തയില്‍ കുടിവെള്ളവും.

‘‘സാറെ ഇവളെ എന്താ ചെയ്യണ്ടേ?’’ നാലാം ദിവസം രാവിലെ മടക്കയാത്രക്ക് തയാറെടുക്കുന്ന നിങ്ങളോടു ഞാൻ ചോദിച്ചു.

‘‘എവിടേലും കൊണ്ട് കളയടോ.’’ തമ്പിസാർ ഈർഷ്യയോടെ പറഞ്ഞു.

‘‘താനൊരു കാര്യം ചെയ്യ്…’’ തരകൻ സാർ അഭിപ്രായപ്പെട്ടു: ‘‘കിട്ടി​േയടത്തുതന്നെ ഉപേക്ഷിക്ക്. ഇവൾക്കൊപ്പം ഒരു കുട്ടിയും അന്നവിടെയുണ്ടായിരുന്നു. ചോദിക്കാനും പറയാനും ഒരുത്തനും കാണില്ലെന്നേ.’’

തെളിച്ചമുള്ള ദിവസമായിരുന്നിട്ടുകൂടി പണിക്കാരെ മടക്കിയയച്ച് ഞാനും നിങ്ങള്‍ക്കൊപ്പം നഗരകവാടം വരെ വന്നു.

‘‘കൊളോസച്ചൻ കാര്യങ്ങളൊന്നും അറിയണ്ട.’’ ഒരു കെട്ട് കാശിനൊപ്പം താക്കീതുപോലെ തരകൻ സാർ പറഞ്ഞു: ‘‘അയൽരാജ്യങ്ങൾക്കെതിരെ പടവെട്ടുന്ന പട്ടാളക്കാർ അവിടത്തെ പെണ്ണുങ്ങളെ കീഴ്പ്പെടുത്തുന്നതൊക്കെ യുദ്ധത്തിന്റെ ഭാഗമാണ്. ഇവിടെയും അങ്ങനെ കണ്ടാൽ മതി. ഭൂമി മനുഷ്യനോടു യുദ്ധം ചെയ്യുംവിധമാണ് പ്രകൃതിക്ഷോഭങ്ങള്‍. മനസ്സിലായോ?’’

കൈപ്പിടിയിലിരിക്കുന്ന കാശുകെട്ട് പോക്കറ്റിലേക്കു താഴ്ത്തി ഞാന്‍ തലയാട്ടി; നിങ്ങളെ യാത്രയാക്കി.

ഫാം ഹൗസില്‍ തിരിച്ചെത്തിയ ഞാന്‍ ഒരുവട്ടംകൂടി അവളെ പ്രാപിച്ചു. അറപ്പും വെറുപ്പും കലര്‍ന്ന നോട്ടം നീട്ടി, ആവുന്നപോ​െലയൊക്കെ ചെറുത്തുനില്‍ക്കാന്‍ അവള്‍ ശ്രമിച്ചു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ അവളുടെ മെല്ലിച്ച ശരീരത്തിനു പുഴുങ്ങിയ മധുരക്കിഴങ്ങിന്റെ മണമായിരുന്നു.

ഇരുട്ടു വീഴാന്‍ കാത്തിരുന്ന ഞാന്‍ അവളെയുംകൊണ്ട് ഉള്‍വനത്തിലേക്കു പുറപ്പെട്ടു. യാത്രാമധ്യേ അവള്‍ മരണവെപ്രാളം കാണിച്ചു. കാട്ടുചോലയുടെ അരികിലായി ജീപ്പൊതുക്കി; മുയലുകള്‍ പതുങ്ങിയിരിക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലേക്ക് അവളെ ഉപേക്ഷിച്ചു. പെട്ടെന്ന് ആകാശത്തിന്റെ ഭാവം മാറി. ചരലേറുപോലുള്ള മഴയില്‍നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ജീപ്പിലേക്കു ഓടിക്കേറി. ചളിയില്‍ പുതഞ്ഞ ചക്രങ്ങള്‍ വെറുതെ ഉരുണ്ടുകളിച്ചതല്ലാതെ വണ്ടി ഒരടിപോലും മുന്നോട്ടേക്കു നീങ്ങിയില്ല.

പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ ഒരിക്കല്‍കൂടി അവളിലേക്കു പാളി. അറപ്പും വെറുപ്പും നിറഞ്ഞ നോട്ടത്തിന്റെ സ്ഥാനത്ത് അഭയമിരക്കല്‍ കണ്ടപ്പോള്‍, എന്തോ ഉപേക്ഷിക്കാന്‍ തോന്നിയില്ല. പകരം കൊളോസച്ചനെ വിളിച്ച് മറ്റൊരു നുണക്കഥ അവതരിപ്പിച്ചു.

അച്ചന്‍ കേണലിന്റെ ക്ലിനിക്കിലേക്കു വിളിച്ചുപറഞ്ഞു. ഒരുമാസത്തോളം അവളെ അവിടെ കിടത്തി ചികിത്സിച്ചു. ഇതിനിടയില്‍ രണ്ടുവട്ടം കൊളോസച്ചന്റെ സന്ദര്‍ശനമുണ്ടായി. തിരിച്ചറിയുമോ എന്ന ഭയത്താല്‍ ഞാനവളുടെ മുമ്പില്‍ ചെല്ലാന്‍ മടിച്ചു. പക്ഷേ, സ്വന്തം പേരുപോലും ഓര്‍ത്തെടുക്കാനാകാത്തവിധം ഓർമകള്‍ കലങ്ങിപ്പോയ ഒരുവളെ നരകാഗ്നിയില്‍നിന്നും മോചിപ്പിച്ച മനുഷ്യപുത്രനായിട്ടാണ് കൊളോസച്ചന്‍ എന്നെ അവതരിപ്പിച്ചത്.

ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയ അവളുടെ ഊരും പേരും കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരവെ, അപ്രതീക്ഷിതമായിട്ടായിരുന്നു കൊളോസച്ചന്റെ മരണം.

മല്ലീഹയിലെ സ്വത്തിനുവേണ്ടി അച്ചന്റെ ബന്ധുക്കളും സഭയും നിയമയുദ്ധം ആരംഭിച്ചതോടെ ഫാം ഹൗസിന്റെ നോട്ടസ്ഥാനം എനിക്ക് ഒഴിയേണ്ടിവന്നു.

‘‘മാര്‍ത്തേ നീയെനിക്കൊപ്പം വരുന്നോ?’’ അപ്പോള്‍ വായില്‍ തോന്നിയ ഒരു പേരു വിളിച്ച് ഞാനവളോടു ചോദിച്ചു. നിങ്ങളല്ലാതെ എനിക്കാരുണ്ടെന്ന മട്ടില്‍ അവള്‍ കൈകൂപ്പി കരഞ്ഞു.

മല്ലീഹയില്‍നിന്നും ആലനഹള്ളിയിലേക്കു ജീവിതം പറിച്ചുനട്ടപ്പോള്‍ അവള്‍ മാര്‍ത്തയായി മാമോദീസ മുങ്ങി; ഒരുമിച്ച് നട്ടുനനച്ചും വെച്ചുവിളമ്പിയും പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചു.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം, ഇപ്പോള്‍, ഞാന്‍ ആരാണെന്ന ചോദ്യവുമായി മാര്‍ത്ത തന്റെ ഭൂതകാലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

രണ്ടു സാധ്യതകളാണ് എന്റെ മുമ്പിലുണ്ടായിരുന്നത്. ഒന്ന്, തന്ത്രപരമായി മാര്‍ത്തയെ ഉപേക്ഷിച്ച് കടന്നുകളയുക. രണ്ട്, സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞ് മാപ്പിരക്കുക; അവൾ അനുവദിച്ചാൽ ജീവിതം തുടരുക.

ഒന്നാമത്തെ വഴിയിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലുമാകാത്തവിധം ഞാന്‍ അവളോട് അടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, രണ്ടാമത്തെ വഴിയിലൂടെ നീങ്ങാൻ എന്റെ ആണഹങ്കാരം സമ്മതിച്ചതുമില്ല.

ഇനിയൊരു പരീക്ഷണം മാത്രമാണ് ശേഷിക്കുന്നത്. ഇത്രയും കാലത്തെ ജീവിതത്തിന്റെ ഓർമകളും ഭാവനയും കൂട്ടിക്കുഴച്ച്, എന്നെ നായകനാക്കിയും നിങ്ങളെ വില്ലനാക്കിയും ഒരു കഥ മെനയുക. അതിന്റെ വിശ്വസ്തതക്കുവേണ്ടി നിങ്ങളുടെ മരണം ഉറപ്പാക്കുക. ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം അതു മാത്രമാണ്.

പറഞ്ഞല്ലോ, അന്നു ഞാൻ നിങ്ങളുടെ ഭാഗത്തുനിന്നാണ് ചിന്തിച്ചതും പ്രവർത്തിച്ചതും. ഇപ്പോൾ മാര്‍ത്തയുടെ ഭാഗത്തും. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളീ നഗരത്തിലുണ്ട്. ഈ കുന്നിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്ന കോട്ടേജുകളിലൊന്നിലാണ് താമസം. നാളെ രാവിലെ മടങ്ങിപ്പോകും.


എനിക്കറിയാം, മാര്‍ത്തയിപ്പോള്‍ മുറിയുടെ ജനാലകൾ തുറന്നിട്ട്, കുന്നിന്‍‌മുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കുകയാകും. ചുമരിലെ ക്ലോക്കിന്റെ താളം അവളുടെ ഹൃദയമിടിപ്പിനൊപ്പം ചേർന്നിട്ടുണ്ടാകും.

കൃത്യം പന്ത്രണ്ടുമണിയാകുമ്പോൾ രണ്ടു വെടിയൊച്ചകൾ കേൾക്കുമെന്നും, കുന്നിലെ മരങ്ങളിൽ ചേക്കേറിയ കിളികൾ കൂട്ടത്തോടെ നിലാവിലേക്കു പറന്നുയരുമെന്നും, അതിൽ രണ്ടു കിളികൾ നിന്നെ വേട്ടയാടിയവരുടെ ആത്മാക്കളായിരിക്കുമെന്നും ഞാനവളോടു വാക്കു പറഞ്ഞിട്ടുണ്ട്. ദാ... സമയം പന്ത്രണ്ടാകാൻ പോകുന്നു... ഇനി നിങ്ങളില്ല. പക്ഷേ, കഥ തുടരും...

രണ്ടാം രഹസ്യം

ഞാനൊരു കഥ പറയട്ടെ? കടൽ കരയോടെന്നപോലെ… കാറ്റ് കുന്നുകളോടെന്നപോലെ…

ജനാലക്ക് അഭിമുഖമായി നില്‍ക്കുന്ന മാര്‍ത്തയെ പിറകില്‍നിന്നും പുണര്‍ന്നുകൊണ്ട് ഞാന്‍ ചോദിച്ചു.

ഇരുട്ടില്‍നിന്നും കണ്ണുകള്‍ പറിച്ചെടുത്ത്, ജനാലപ്പാളികള്‍ അമര്‍ത്തിയടച്ച് അവള്‍ പറഞ്ഞു: ‘‘അത്താഴം കഴിക്കണ്ടേ? ഞാന്‍ കാത്തിരിക്കുകയായിരുന്നു.’’

വൃത്താകൃതിയിലുള്ള മേശയിലേക്കു ഞാൻ ആശ്ചര്യത്തോടെ നോക്കി. ഒരു മൺകലം. കമിഴ്ത്തിവെച്ച രണ്ടു കവടിപ്പിഞ്ഞാണങ്ങൾ. വെട്ടിത്തിളങ്ങുന്ന ഒരു ഓട്ടുമൊന്ത.

‘‘ഹോട്ടൽ ഭക്ഷണം കഴിച്ചു മടുത്തില്ലേ?’’ ചെറുചിരിയോടെ മാര്‍ത്ത പറഞ്ഞു: ‘‘പകൽ വെറുതെയിരുന്നു മടുത്തപ്പോൾ പുറത്തേക്കിറങ്ങി. അത്യാവശ്യം ചില സാധങ്ങളൊക്കെ വാങ്ങിച്ചു.’’

ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഫോട്ടോഫ്രെയിമിലേക്ക് എന്റെ നോട്ടം പാളി. നരച്ച ചുമരുകളുള്ള ഒരു വീട്. റാന്തല്‍‌വിളക്കിന്റെ മങ്ങിയ വെട്ടത്തിനു കീഴെ വട്ടംകൂടിയിരുന്ന് അത്താഴം കഴിക്കുന്ന ഒരു കുടുംബം. മഞ്ഞുകാലത്തണിയുന്ന കട്ടിയുള്ള ഉടുപ്പുകളും തൊപ്പികളുമാണ് എല്ലാവരുടെയും വേഷം. ശോകഭാവം വിങ്ങിനില്‍ക്കുന്ന മുഖങ്ങള്‍.

‘‘ഇതും വാങ്ങിയതാണോ? തെളിച്ചമുള്ള എന്തെങ്കിലും മതിയായിരുന്നു.’’ ഞാന്‍ പറഞ്ഞു. മാര്‍ത്ത പൊട്ടിച്ചിരിച്ചു: ‘‘തെളിച്ചമില്ലെന്ന് ആരു പറഞ്ഞു? ഉള്‍വെളിച്ചമുള്ളവര്‍ക്ക് അതിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയും.’’

ഒരിക്കല്‍കൂടി ഞാനാ ചിത്രത്തിലേക്കു സൂക്ഷിച്ചുനോക്കി: ‘‘ഇല്ല, ഒട്ടും തെളിച്ചമില്ല.’’ മാര്‍ത്തയെ ചൊടിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ തര്‍ക്കിച്ചു.

‘‘പൊട്ടറ്റോ ഈറ്റേഴ്സ്...’’ ദുഃഖസാന്ദ്രമായ ഈണത്തില്‍ അവള്‍ പറഞ്ഞു.

‘‘നമുക്കും ഉരുളക്കിഴങ്ങ് പുഴുങ്ങിയതാണോ?’’ തമാശമട്ടില്‍ ഞാന്‍ ചോദിച്ചു.

‘‘അല്ല.’’ ചിത്രത്തില്‍നിന്നും കണ്ണെടുക്കാതെ അവള്‍ പറഞ്ഞു. കൈ കഴുകിവന്ന് ഞാന്‍ കഴിക്കാനിരുന്നു. മങ്ങിമങ്ങി കത്തിക്കൊണ്ടിരുന്ന വെളിച്ചമണച്ച്, മേശവട്ടത്തിന്റെ നടുവിലേക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ച് മാർത്തയും എനിക്കൊപ്പം കഴിക്കാനിരുന്നു. മലർത്തിവെച്ച കവടിപ്പിഞ്ഞാണങ്ങളിലേക്ക് വെന്തുമലർന്ന മധുരക്കിഴങ്ങുകൾ ഓരോന്നോരോന്നായി പെറുക്കിയിട്ട്, തൊലിപോലും കളയാതെ ആർത്തിയോടെ കഴിച്ചുകൊണ്ടിരിക്കുന്ന അവളെ നോക്കി, ആശ്വാസത്തോടെ ഞാനും കഴിക്കാന്‍ തുടങ്ങി.

പെട്ടെന്ന്, കത്തുന്നൊരു നോട്ടം മടക്കിക്കൊണ്ട് അവള്‍ പറഞ്ഞു: ‘‘ഞാനൊരു കഥ പറയാം. ഇര വേടനോടെന്നപോലെ. മീന്‍ ചൂണ്ടയോടെന്നപോലെ...’’

അപ്പോൾ, ചോരമണമുള്ള ഒരു കാറ്റ് മെഴുകുതിരിവെട്ടത്തെ കെടുത്തിക്കൊണ്ട് അതുവഴിയെ കടന്നുപോയി. തൊണ്ടയില്‍ കുടുങ്ങിയ മധുരക്കിഴങ്ങിന്റെ മറുപാതി എന്റെ കൈയില്‍നിന്നും താഴേക്കു വഴുതിവീണു.

News Summary - madhyamam weekly malayalam story