Begin typing your search above and press return to search.

മുഖത്തെഴുത്ത്

മുഖത്തെഴുത്ത്
cancel

‘‘എനിക്ക് ഇങ്ങളോട് ഒരുപാട് പറയാനുണ്ട് കുഞ്ഞമ്പ്വേട്ടാ. പക്ഷേ ന്റെ തൊണ്ടേല് ആരോ ഞെക്കിപ്പിടിച്ചപോലെ നിക്ക് മിണ്ടാന്‍പറ്റ്ണില്ല.’’ കുഞ്ഞമ്പ്വേട്ടന്‍ തീയെരിക്കുകളുടെ ചുവന്ന വെട്ടത്തില്‍ നില്‍ക്കുകയാണ്. ‘‘ചെറിയചെറിയ സന്തോഷങ്ങളുടെ ഇരയിട്ട് വലിയ ദുഃഖങ്ങളെ ചൂണ്ടയിട്ടു പിടിക്കണത് ഞാനെന്നാ നിര്‍ത്താ കുഞ്ഞമ്പ്വേട്ടാ?’’ ഉടുക്കിന്റെയും ചെണ്ടയുടെയും ഉച്ചത്തിലുള്ള താളത്തില്‍ കുഞ്ഞമ്പ്വേട്ടന്‍ പറയണതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ആകെ ചുവപ്പിന്റെ മേളമാണ്. മരുന്നിന്റെ മയക്കത്തില്‍ കിടക്കുമ്പോഴും ഫൗസി എല്ലാം അറിയുന്നുണ്ടായിരുന്നു. ആദ്യം ഓടിയെത്തിയത് ബാപ്പയും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

‘‘എനിക്ക് ഇങ്ങളോട് ഒരുപാട് പറയാനുണ്ട് കുഞ്ഞമ്പ്വേട്ടാ. പക്ഷേ ന്റെ തൊണ്ടേല് ആരോ ഞെക്കിപ്പിടിച്ചപോലെ നിക്ക് മിണ്ടാന്‍പറ്റ്ണില്ല.’’ കുഞ്ഞമ്പ്വേട്ടന്‍ തീയെരിക്കുകളുടെ ചുവന്ന വെട്ടത്തില്‍ നില്‍ക്കുകയാണ്. ‘‘ചെറിയചെറിയ സന്തോഷങ്ങളുടെ ഇരയിട്ട് വലിയ ദുഃഖങ്ങളെ ചൂണ്ടയിട്ടു പിടിക്കണത് ഞാനെന്നാ നിര്‍ത്താ കുഞ്ഞമ്പ്വേട്ടാ?’’ ഉടുക്കിന്റെയും ചെണ്ടയുടെയും ഉച്ചത്തിലുള്ള താളത്തില്‍ കുഞ്ഞമ്പ്വേട്ടന്‍ പറയണതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ആകെ ചുവപ്പിന്റെ മേളമാണ്. മരുന്നിന്റെ മയക്കത്തില്‍ കിടക്കുമ്പോഴും ഫൗസി എല്ലാം അറിയുന്നുണ്ടായിരുന്നു.

ആദ്യം ഓടിയെത്തിയത് ബാപ്പയും കുഞ്ഞമ്പ്വേട്ടനുമാണ്. അവള്‍ക്ക് അത്ഭുതം തോന്നിയത് രണ്ടുപേരും മരിച്ചേപ്പിന്നെ ഒരു സ്വപ്‌നത്തില്‍പ്പോലും ഇത്രയടുത്ത് അവള്‍ അവരെ കണ്ടിരുന്നില്ല എന്നതിലായിരുന്നു. ബാപ്പ അടുത്തേക്കു വരാതെ അവിടെത്തന്നെ നില്‍ക്കുകയാണ്. കുഞ്ഞമ്പ്വേട്ടനാണ് ആദ്യം അടുത്തെത്തിയത്. മുന്നില്‍ കൂട്ടിയിട്ട മേലേരിക്കു മുകളിലേക്ക് കുഞ്ഞമ്പ്വേട്ടന്‍ പറന്നിറങ്ങുകയായിരുന്നു. വട്ടംചുറ്റിത്തിരിയുന്ന കുരുത്തോലയില്‍നിന്ന് തീക്കുടുക്കകള്‍ ആകാശമാകെ ചുഴറ്റിത്തെറിക്കുന്നുണ്ടായിരുന്നു. കയ്യോലകൊണ്ടുള്ള തിരുമുടി നാനാ ദിക്കിലേക്കും ചിതറിപ്പരക്കുന്നു. മുഖപ്പാളയിലെ മുഖത്തെഴുത്തിനെന്തൊരു എടുപ്പ്.

പെട്ടെന്ന് കുഞ്ഞമ്പ്വേട്ടനെ തട്ടിമാറ്റിക്കൊണ്ട്് പുസ്തകങ്ങള്‍കൊണ്ടു ചുമരുകള്‍ പണിത വീട്ടില്‍നിന്ന് ബിച്ചാമി ‘‘ഫൗസിമ്മാ’’ വിളിയോടെ ഓടിവന്നു.

കാലത്തിന്റെ വാര്‍ഷികവളയങ്ങള്‍ കടന്ന് തന്റെ ബാല്യത്തിലേക്കു ബിച്ചാമി എങ്ങനെയാണു വന്നെത്തിയതെന്നു ഫൗസിക്കു മനസ്സിലായില്ല.

‘‘ഫൗസിമ്മാ ഞാനിവിടെത്തന്നെയുണ്ട്. കണ്ണു തുറന്നുനോക്ക് ഫൗസിമ്മാ. മുന്നില്‍നിന്ന് എണ്ണിയാല്‍ ഞാന്‍ നാലാമത്. പിന്നില്‍നിന്ന് 32. അപ്പം നമ്മള്‍ എത്രപേരുണ്ട് ഫൗസിമ്മാ? പറയ്?’’ ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ കിടന്ന് ഊഞ്ഞാലാടുമ്പോഴും ബിച്ചാമിയുടെ ശബ്ദം ഏതോ വിദൂരലോകത്തുനിന്നെന്നവണ്ണം ഫൗസിയുടെ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു. ആശുപത്രിക്കിടക്കയിലെ മരുന്നുമണങ്ങള്‍ക്കിടയില്‍ കിടന്ന് ഫൗസി ഒരിക്കല്‍ക്കൂടി ബിച്ചാമിയുടെ ട്യൂഷൻ ടീച്ചറാകാൻ നോക്കി: എത്ര പേരാന്നാ ബിച്ചാമി പറഞ്ഞത്? പിന്നെ എന്തോ ഓർമവന്നെന്നപോലെ പറഞ്ഞു:

‘‘ബിച്ചാമീ ഞാനിപ്പം ആ വരീലല്ലട്ടോ. എന്റെ വരീല് മുന്നില്‍നിന്നെണ്ണുമ്പോള്‍ ഞാനാ ഒന്നാമത്, പിന്നില്‍നിന്നെണ്ണുമ്പോം ഞാന്‍തന്നെയാ ഒന്നാമത്. ഞാനീട ഒറ്റയ്ക്കാണ്. നീയൊന്നു വരോ ബിച്ചാമീ. നിക്കു പേടിയാവ്ന്ന്.’’ ഫൗസി ഉറക്കെ വിളിച്ചു കരയാന്‍നോക്കി. പക്ഷേ ശബ്ദം പുറത്തുവന്നില്ല.

‘‘അല്ല, അല്ലാ...’’ ബിച്ചാമി തര്‍ക്കിക്കുകയാണ,് ‘‘നമ്മള്‍ കുറെ പേരുണ്ട്. ഞാന്‍, പപ്പാ, ഇബ്‌നുകാക്ക, ഫൗസിമ്മ... പിന്നെം കുറെപ്പേര്, ഞാന്‍ മുന്നില്‍നിന്ന് നാല് പിന്നില്‍ നിന്ന് 32, അപ്പൊ നമ്മള്‍ എത്ര ആളുണ്ട് ഫൗസിമ്മാ?’’

‘‘അറിയൂല ബിച്ചാമീ,’’ ഫൗസിയുടെ കണ്‍കോണിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങി.

‘‘കരയണ്ട. ഞാന്‍ പറഞ്ഞുതരാംട്ടോ,’’ ബിച്ചാമിയുടെ സ്‌നേഹസ്വരം. ‘‘നാലേ പ്ലസ് മുപ്പത്തിരണ്ട് എത്രയാ? മുപ്പത്തിയാറ്. അതീന്ന് മൈനസ് ഒന്ന്. എത്രയാ അതുതന്നെ.’’

‘‘ബിച്ചാമീ... ബിച്ചാമീ...’’ ഫൗസി ഇല്ലാ ശബ്ദത്തില്‍ വിളിച്ചുകൊണ്ടിരുന്നു, ‘‘നീയെവിടെയാണ്? ബിച്ചാമീ നീ അടുത്തേക്കു വരാത്തതെന്താ? ബിച്ചാമീ, എത്ര ആള്‍ത്തിരക്കിലും ന്റെ കണ്ണുകള്‍ തേടിപ്പിടിച്ച് മുന്നില്‍ നിര്‍ത്താറുള്ള ഒരാളില്ലായിരുന്നോ..? നിന്റെ പപ്പ. അയാളെന്നെക്കാണാന്‍ വരാത്തതെന്താ?’’

ബിച്ചാമിയുടെ പപ്പയെപ്പറ്റി ഇബ്‌നു തര്‍ക്കിച്ചത് എന്നായിരുന്നു..?

‘‘ഇങ്ങളോട് അയാള്‍ക്ക് സ്‌നേഹൊന്നും കാണില്ല ഉമ്മാ. ഒന്നോ രണ്ടോ കുട്ട്യേളെ തന്നിട്ട് അയാള് അയാളെ പാട്ടിനു പോകും. ഇപ്പോള്‍ത്തന്നെ ജോലിക്കു പുറമേ അവിടെയും ഇവിടെയും ട്യൂഷനെടുത്ത് ഇങ്ങള് എത്ര കഷ്ടപ്പെട്ടാ ജീവിക്കണത്. ആണുങ്ങളെ ഇങ്ങക്ക് അറിയില്ല ഉമ്മാ. ഞാനൊരാണാ എനിക്കറിയാം അവരെ മനസ്സിലിരിപ്പ്.’’

ഫൗസിക്ക് ഞെട്ടല് തോന്നി. ഒരു 14കാരനാണ് ഈ പറയുന്നത്. ഇവന്‍ ഇത്രയൊക്കെ വലുതായോ...

‘‘നിന്റെ ഉപ്പണ്ടായിരുന്നപ്പോള്‍ അയാളായിരുന്നു എന്റെ ജീവിതം നിശ്ചയിച്ചിരുന്നത്. അയാള് ഇട്ടേച്ചു പോയേപ്പിന്നെ കുടുംബക്കാരു നിശ്ചയിക്കാന്‍ തുടങ്ങി ഞാനെന്തു ചെയ്യണമെന്ന്. ബന്ധം, അധികാരം എന്നൊക്കെപ്പറഞ്ഞ് എല്ലാരും ജീവിതത്തില്‍ കൈയിട്ടു വാരി. നീയടക്കം. ഈ സ്ത്രീക്കു സ്‌നേഹം വേണോ, കരുതല്‍ വേണോന്നൊന്നും ങ്ങളാരും ചോദിച്ചിട്ടേയില്ല ന്റെ ബാപ്പയൊഴിച്ച്’’, ഫൗസിക്ക് കരച്ചില്‍വന്നു.

ഇബ്‌നുവി​െന്റ വല്ലാത്ത വാശികള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കും നിന്നുകൊടുക്കുമ്പോഴെല്ലാം ബാപ്പ ഓർമിപ്പിക്കുമായിരുന്നു, ‘‘ന്റെ ഫൗസീ, അനക്കൊരു ജീവിതം വേണം. നന്ദികേടിന്റേം നെറികേടിന്റേം വിത്തല്ലേ അന്റ മോന്‍. ഓന്റുള്ളിലും അതൊക്കെത്തന്നല്ല്യേന്ന് ആര്‍ക്കറിയാം.’’

അവനെപ്പറ്റി ബാപ്പ അങ്ങനെ പറയുമ്പോള്‍ ഫൗസിക്ക് വല്ലായ്മ തോന്നിയിരുന്നു.

‘‘അവന്‍ എന്റെ വയറ്റിലല്ലേ ബാപ്പാ കിടന്നത്. അവനെന്റെ കുഞ്ഞല്ലേ.’’ ഫൗസി തര്‍ക്കിക്കും.

അവന്റെ കണക്കില്ലാത്ത ആവശ്യങ്ങള്‍ക്കൊപ്പം –ജീൻസ്, ഷര്‍ട്ട്, സൈക്കിള്‍, ഷൂസ് –ഓടിയെത്താനാവാതെ ഫൗസി എപ്പഴും തളര്‍ന്നുപോകാറുണ്ടായിരുന്നു. എന്നാലും ഒന്നും വേണ്ടാന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ മാസംകൂടി ടാറ്റൂ ചെയ്യാന്‍ വാശിപിടിച്ചപ്പോള്‍ നൂറുകൂട്ടം ആവശ്യങ്ങള്‍ ഉണ്ടായിട്ടും സമ്മതിച്ചുകൊടുക്കേണ്ടിവന്നു. കുട്ടികളല്ലേ പോട്ടെ എന്നു കരുതി.

പക്ഷേ, അവന്‍ കൈത്തണ്ടയില്‍ ഒരു കഴുകനെ ടാറ്റൂ ചെയ്തുവന്നപ്പോള്‍ ഫൗസിക്കത് ഇഷ്ടായില്ല. എന്തിനാ നീ ഇത് ടാറ്റൂ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ‘‘ന്നെപ്പോലെ വട്ടക്കുമ്പളായ ഒരാള്‍ക്ക് കയ്‌മേ ഇതു നല്ലതാണ്. ഇതെന്തിന്റെ സിംബലാന്നറിയോ? സിംബല്‍ ഓഫ് പവര്‍ ആന്‍ഡ് ഡോമിനന്‍സ്’’, അവന്‍ അഭിമാനത്തോടെ പറഞ്ഞു.

 

ഫൗസി തര്‍ക്കിച്ചില്ല. അവള്‍ പറയുന്നത് അവനോ, അവന്‍ പറയുന്നത് അവള്‍ക്കോ മനസ്സിലാവാതായിട്ടു കുറേനാളായി. ഒരു പതിനാലുകാരന്‍ അറുപത്തൊന്നുകാരനെപ്പോലെ സംസാരിക്കുന്നത് അവള്‍ക്കു സഹിക്കുന്നുണ്ടായിരുന്നില്ല. എപ്പഴും വിചാരിക്കും, പടച്ചോനേ ജീവിതത്തിന്റെ എത്ര നല്ല വര്‍ഷങ്ങളാണ് ഇവന്‍ തന്നില്‍നിന്നെടുത്തുകളഞ്ഞത് എന്ന്. അവന്റെ ദേഷ്യത്തിനു മുമ്പില്‍ അടുക്കളപ്പാത്രങ്ങള്‍ പറക്കുംതളികകളാവുമായിരുന്നു.

കറിച്ചട്ടികള്‍ ചുമരിന്റെ കുന്നിറങ്ങിവരുന്ന മഞ്ഞരളിക്കാടുകള്‍. അപ്പഴൊക്കെ അവളുടെ ഉള്ള് തീയിട്ട കുന്നുപോലെ വെന്തെരിഞ്ഞു. ആങ്ങിയോങ്ങി നാലെണ്ണം പൊട്ടിച്ചാല്‍ എന്താപ്പം വരുക എന്നു തോന്നാറുണ്ട്. ഒന്നുമില്ല. ഒന്നുകില്‍ അവന്‍ തിരിച്ചടിക്കും. അല്ലെങ്കില്‍ അപ്പേരും പറഞ്ഞ് അവന്‍ വല്ല കടുങ്കയ്യും ചെയ്യും, അതുമല്ലെങ്കില്‍ നാടുവിടും. എന്തായാലും സഹിക്കാന്‍ പറ്റുന്നതല്ല... അതിലും നല്ലത് കത്തുന്ന കാടാകുന്നതാണ്. എരിഞ്ഞുതീരുന്നതാണ്.

അതിനിടയിലെപ്പോഴോ ആണ് ഇരുട്ടിലേക്കൊരു ജനാല ഒരുപാട് വെളിച്ചവും സുഗന്ധവുമായി തുറന്നുവന്നത്. എപ്പോള്‍, എന്ന്, എങ്ങനെയെന്നറിയാതെ പൂത്ത പൂമരംപോലെ... ഒളിപ്പിച്ചുവെക്കാനാവാത്ത സുഗന്ധം ആ പുസ്തകങ്ങളുടെ വീട്ടില്‍നിന്നൊഴുകിയെത്തിയത്. എന്തുമാത്രം പുസ്തകങ്ങള്‍! എന്നിട്ടും ബംഗാളി നോവലുകള്‍ സൂക്ഷിച്ച റാക്കിനു ചുറ്റും അവള്‍ കറങ്ങിനടന്നു. പത്മാമേഘന, നെല്ലിന്റെ ഗീതം, ആരോഗ്യനികേതന്‍, ആരണ്യക്, ഗണദേവത, പഥേര്‍ പാഞ്ജാലി, അപരാജിതോ...

ഏതു വികാരത്തെയും ഹൃദയത്തില്‍ത്തട്ടി പറയാന്‍ അവര്‍ക്കറിയാം. അതാണ് ബംഗളയുടെ സൗന്ദര്യം. ഫൗസി തന്റെ അഭിപ്രായം പറഞ്ഞു.

ഇത് ബംഗാളിയല്ല, പഞ്ചാബിയാണ്. ഈ ബുക്കു വായിച്ചിട്ടുണ്ടോ? ഒരു പുസ്തകമെടുത്തുതന്നിട്ട് ബിച്ചാമിയുടെ പപ്പ ചോദിച്ചു. അജിത് കൗറിന്റെ ആത്മകഥയാണ്. വി.ഡി. കൃഷ്ണന്‍ നമ്പ്യാരുടെ വിവര്‍ത്തനം. വല്ലാത്തൊരു ഫീലാണ്.

ബുക്ക്മാര്‍ക് വെച്ച പേജിലെ ചുവപ്പ് അടിവരയിട്ട വാക്കുകളിലേക്കു ഫൗസി വെറുതെ കണ്ണോടിച്ചു. എഴുത്തുകാരി കുട്ടിക്കാലത്ത് അവരുടെ അമ്മാവന്‍ സമ്മാനിച്ച പച്ചയും ചുവപ്പും നിറമുള്ള മീന്‍കളിപ്പാട്ടത്തെക്കുറിച്ച് പറയുന്നു:

‘‘പലപ്പോഴും തോന്നിയിട്ടുണ്ട് ഞാന്‍തന്നെയാണ് ആ മീനെന്ന്. വെള്ളത്തില്‍നിന്നു പിടിച്ച് ഭിത്തിയില്‍ ആണിയടിച്ചു തൂക്കിയിട്ട മീന്‍...’’

ഫൗസി വിടര്‍ന്ന കണ്ണുകളുയര്‍ത്തി അയാളെ നോക്കി.

ബിച്ചാമിയുടെ പപ്പ പറയാറുണ്ടായിരുന്നു, ‘‘ധൈര്യായിരിക്ക്. ഞാനില്ലേ നിനക്ക്. നീയെന്തിനാ അവനെ ഇങ്ങനെ പേടിക്കുന്നത്? നീ നയിച്ചുകൊണ്ടോന്നിട്ടാ അവന്‍ ജീവിക്ക്ന്നത്. അവന്‍ നിന്നെ പേടിക്കട്ടെ.’’

‘‘അവനീ കല്യാണത്തിനു ഇഷ്ടാവൂലാന്ന് എനിക്കുറപ്പാ. ന്നെ ങ്ങള് വിട്ടേക്ക്’’, അജ്ഞാതമായ ഏതോ ഭയം ഫൗസിയെ ആവേശിച്ചു.

ഞാനവനെ കാണട്ട്. ഒന്നു സംസാരിച്ചു നോക്കാം. ബേജാറാവാണ്ടിരി, അയാള്‍ അവളുടെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.

മൂപ്പര് എന്തു പറഞ്ഞിട്ടാണ് സമ്മതിപ്പിച്ചതെന്നറിയില്ല. പിന്നെ അവന്‍ എതിര്‍ത്തൊന്നും പറഞ്ഞുകേട്ടതുമില്ല.

ഓര്‍മകള്‍ വീണ്ടും എങ്ങാണ്ടൊക്കെയോ പാറിപ്പറന്ന് പിറകില്‍ മാറിനിന്നിരുന്ന ബാപ്പയുമായി മുന്നോട്ടുവന്നു. ഫൗസിയുടെ കുട്ടിക്കാലത്തെ ബാപ്പ. അവള്‍ക്ക് ബാപ്പയെ കെട്ടിപ്പിടിക്കണമെന്നു തോന്നി. എത്ര കാലമായി ബാപ്പയെ കെട്ടിപ്പിടിച്ചിട്ട്.

ഓർമകള്‍ എന്നൊന്നുണ്ടെങ്കില്‍ ബാപ്പയെ ഓര്‍ക്കാതെ അതിനു നിലച്ചുപോകാനാവില്ലെന്നവള്‍ക്കറിയാം. പെരുകിവരുന്ന ഇരുട്ടും കടന്ന് കാലം പിറകിലേക്ക് നടന്നു.

ബാപ്പക്ക് സസ്‌പെന്‍ഷന്‍ കിട്ടിയ കാലമാണ്. പൊലീസുകാരനായ ബാപ്പ ലോക്കപ്പിലുള്ള ഒരുത്തനെ തുറന്നുവിട്ടു എന്നായിരുന്നു കേസ്. ‘‘അവന്‍ കരഞ്ഞു പറഞ്ഞപ്പോള്‍ ചെറുപ്പത്തില് വണ്ടികേറി മരിച്ച ന്റെ ബഷീറിനെ ഓര്‍മവന്നൂന്നാ’’ ബാപ്പ പറഞ്ഞത്. അപ്പോള്‍ ഉമ്മ ഫൗസിയോട് സ്വകാര്യം പറഞ്ഞു ചിരിച്ചു, ‘‘അപ്പം അന്റെ ബാപ്പയ്ക്ക് അങ്ങനെ തോന്നണേങ്കില് ബാപ്പത്തിരി വെള്ളത്തിലായിരുന്നോന്ന് ചോദിക്കാനില്ല. പണി പോകാഞ്ഞത് ഭാഗ്യം. ആ പഹയനെ പിടിത്തം കിട്ടീല്യാരുന്നെങ്കില്‍ ന്റെ ഈ ചിരി കരച്ചിലായേനെ.’’ പക്ഷേ ഫൗസി, അതു സമ്മതിച്ചുകൊടുത്തില്ല.

‘‘ന്റ ബാപ്പ അജ്ജാതി ആളല്ല.’’ അതു കേട്ട് ഉമ്മ പിന്നേം ചിരിച്ചു. പാവങ്ങളോട് ബാപ്പയ്‌ക്കെപ്പഴുമൊരു അലിവുണ്ടായിരുന്നു. സസ്‌പെന്‍ഷന്‍കാലം മുഴുവന്‍ ബാപ്പയോടൊത്ത് ഓരോരിടത്തു ചുറ്റിയടിക്കലായിരുന്നു പണി. അതിലൊരു ദിവസം ബാപ്പയുടെ കൈപിടിച്ച് ബീമാപ്പള്ളിക്ക് വടക്കുഭാഗത്തുള്ള കച്ചവടക്കാര്‍ക്കിടയിലൂടെ നടക്കുമ്പോള്‍ എവിടെയും കാണാത്തത്രയ്ക്കും നിറങ്ങളുള്ള കുപ്പിവള രണ്ട് കൈത്തണ്ടയിലും വാരിയണിയാന്‍ തോന്നി ഫൗസിക്ക്. കുഞ്ഞമ്പ്വേട്ടന്റെ മോള് ശാരദയ്ക്കും കുപ്പിവള വാങ്ങണംന്ന് ബാപ്പ പറഞ്ഞു. കറുത്തുമെലിഞ്ഞ കൈത്തണ്ടയില്‍ കുപ്പിവളകള്‍ കിലുങ്ങുമ്പോള്‍ അവള്‍ വെളുക്കെ ചിരിക്കും. ഭംഗിയുള്ള ചിരി.

ഉപ്പ പറയാറുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ പടച്ചോന്റേതാണെന്ന്. അതോണ്ട് കുഞ്ഞുങ്ങള്‍ ഭൂമിയിലെ എല്ലാരേം മക്കളാണ്. പക്ഷേ ഇബ്‌നൂന്റെ കാര്യത്തില്‍മാത്രം ബാപ്പയ്ക്ക് ആ ഹയ്‌റ് എന്തുകൊണ്ടോ തോന്നിയിരുന്നില്ല.

ബാപ്പയും കുഞ്ഞമ്പ്വേട്ടനും കുട്ടിക്കാലംതൊട്ടേയുള്ള കൂട്ടാണ്. കുഞ്ഞമ്പ്വേട്ടന്റെ കൂടെ ബാപ്പ ചെണ്ടയില്‍ കോലു വീഴുന്നിടത്തൊക്കെ പോകുമായിരുന്നു.

തെയ്യം കാണാന്‍ ബാപ്പക്കിഷ്ടമാണ്. കുഞ്ഞമ്പ്വേട്ടനെ ഓര്‍ക്കുമ്പോള്‍ കുഞ്ഞമ്പ്വേട്ടന്റെ തോറ്റംപാട്ടുകള്‍ ഓർമവരും. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റംപാട്ടുകള്‍.

നിങ്ങളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്

നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്

പിന്നെന്തേ ചൊവ്വറ് കൊലം പിശക് ന്ന്

നെറ്റിയിലെ വിയര്‍പ്പു ചാലുകള്‍ എറ്റിക്കളഞ്ഞിട്ട് കുഞ്ഞമ്പ്വേട്ടന്‍ പാടിത്തരും:

തീണ്ടിക്കൊണ്ടല്ലേ കുലം പിശക് ന്ന്

എല്ലെല്ലാക്കൊയില്‍ കുല പിശകൂലം.

കുഞ്ഞമ്പ്വേട്ടന്റെ ശാരദ ചെറുപ്പത്തിലേ ഒരു ദീനക്കാരിയായിരുന്നു. എന്തോ അസുഖം വന്ന് പത്തുപതിനഞ്ചു വയസ്സില്‍ അവള്‍ മരിച്ചുപോയേപ്പിന്നെ കുഞ്ഞമ്പ്വേട്ടനും ബാപ്പയും ഫൗസിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായി. രണ്ടുപേര്‍ക്കും കൂടിയുള്ള ഒരാള്‍. അവര് സ്‌നേഹംകൊണ്ടൊരു കോട്ട കെട്ടി എപ്പഴും അവള്‍ക്കു കാവലിരുന്നു. എന്നിട്ടും...

ഇബ്‌നുവിന്റെ ഉപ്പയുടെ അടുത്തുനിന്ന് പരിക്കേറ്റ ശരീരവും മനസ്സുമായി വീട്ടിലേക്കോടിവരാറുള്ള ദിവസങ്ങളിലൊന്നില്‍ കുഞ്ഞമ്പ്വേട്ടന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി പറഞ്ഞു,

‘‘അന്റെ ബാപ്പയ്ക്ക് ഓനെ പേടീണ്ടെങ്കില്‍ പേടിച്ചോട്ടെ. ചോദിക്കണ്ട. പക്ഷേ നിയ്ക്ക് ഓനെ പേടീല്ല. ആരേയും പേടീല്ല. പോയിക്കിട്ടാന്‍ നിയ്ക്ക് ഈ ഉയിരല്ലാതെ വേറൊന്നുംല്യ. അയിനെ ഞാന്‍ ഒരു പൊടിക്കും വെലവെച്ചിട്ടില്ല. അന്നെ ഇങ്ങനെ ചവിട്ടിമെതിക്കാന്‍ ഞാന്‍ സമ്മതിക്കൂല...’’

ആ ഒരു ദിവസത്തിനായി കാത്തുനില്‍ക്കായിരുന്നു കുഞ്ഞമ്പ്വേട്ടന്‍.

‘‘ന്റെ പൈതലിന്റെ മേല്‍ കൈവെച്ചാല്‍ അന്നെ ഞാന്‍ വെറുതെ വിടൂലാ, കരുതിനിന്നോ’’ എന്ന് ആളു നിറഞ്ഞ തിരഞ്ഞെടുപ്പു യോഗം നടക്കുന്ന മൈതാനത്തില്‍വെച്ചാ കുഞ്ഞമ്പ്വേട്ടന്‍ മൂപ്പരോടു പറഞ്ഞതുപോലും. തിരിച്ചൊന്നും മിണ്ടീലാന്നാണ് കണ്ടുനിന്നവരു പറഞ്ഞത്. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ നൂഞ്ഞിയിലെ വെള്ളക്കെട്ടില്‍ കുഞ്ഞമ്പ്വേട്ടന്‍ മരിച്ചുകിടന്നു. അയല്‍വക്കത്തെ നബീസുത്താ ശവം കണ്ടു വരുമ്പോള്‍ പറഞ്ഞു, ‘‘കുഞ്ഞമ്പ്വേട്ടനായിട്ട് അതു ചെയ്യൂല. അന്റെ പുയ്യാപ്ല കുഞ്ഞമ്പ്വേട്ടനെ കൊന്നതാവും. അല്ലാണ്ടെന്താ...’’

പിന്നീടങ്ങോട്ട് മാസങ്ങളോളം ഫൗസി ഏതോ വിഷാദച്ചുറ്റുകള്‍ക്കിടയില്‍ ഗതികിട്ടാതെ കറങ്ങിക്കൊണ്ടേയിരുന്നു. ഉന്മാദത്തിന്റെ വിവിധ നിറങ്ങള്‍ അവള്‍ക്കു ചുറ്റും നിറയുകയും മായുകയും ചെയ്തു –മനയോലയുടെ, ചായില്യത്തിന്റെ, അരിച്ചാന്തിന്റെ, ചുണ്ണാമ്പിന്റെ, മഞ്ഞളിന്റെ, കരിയുടെ ബഹുവർണങ്ങള്‍. ഒടുവില്‍ അവള്‍ സ്വന്തം വീടിന്റെ ഇരുട്ടുമൂലയിലേക്കു വലിച്ചെറിയപ്പെടുംവരെ അതു നീണ്ടു​േപായി.

വാതില്‍ തുറന്നുവരുന്ന നേര്‍ത്ത വെളിച്ചത്തിലൂടെ വന്ന് ആരോ കിടക്കയ്ക്കരികില്‍ വന്നിരുന്നു. ആരോഗ്യനികേതനിലെ ജീവന്‍ മശായിയെ പോലെ ആരോ ഒരാള്‍. നെഞ്ചത്താടുന്ന സ്റ്റെതസ്‌കോപ്പിന്റെ വെള്ളിവെളിച്ചത്തില്‍ ചുറ്റും നിറയുന്ന വെളിച്ചപ്പൊട്ടുകള്‍. ജീവന്‍മശായി കൈ പിടിച്ച് ചോദിക്കുന്നു:

‘‘ഫൗസീ, ശരിക്കും എന്താണ് സംഭവിച്ചത്? ഒന്ന് ആലോചിച്ചു നോക്കിയേ?’’

ഫൗസിക്ക് നാക്ക് കുഴഞ്ഞൊട്ടി നില്‍ക്കുന്നതുപോലെ തോന്നി. പക്ഷേ ഉള്ള് അലറി വിളിക്കുന്നുണ്ടായിരുന്നു. അവളുടെ ദൃഷ്ടികള്‍ മേലോട്ട് ഒന്നു കറങ്ങി പിന്നെ താണുവന്നു.

കല്യാണത്തിന് ഒരാഴ്ചയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഫ്ലാറ്റിലെ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി കാര്‍ട്ടണുകളില്‍ നിറയ്ക്കുകയായിരുന്നു ഇബ്‌നുവും ഫൗസിയും. ഇനിയെങ്കിലും ഈ അഞ്ചാം നിലയിലെ താമസത്തോടു വിടവാങ്ങാം. ബിച്ചാമിയുടെ പപ്പയുടെ വീട്ടിലേക്ക് താമസം മാറാം. ബിച്ചാമിക്ക് ട്യൂഷനെടുക്കാന്‍ എന്നും കയറിയിറങ്ങുന്ന വീടാണത്. ഒരുപാട് ഇഷ്ടമുള്ള വീട്. അവിടത്തെ എല്ലാം പ്രതീക്ഷയുടേതാണ്. സ്‌നേഹത്തിന്റേതാണ്. കാരുണ്യത്തിന്റേതാണ്. ഫൗസിയില്‍നിന്നൊരു നെടുവീര്‍പ്പ് ഉയര്‍ന്നു:

എന്നിട്ടുമെന്തേ ബിച്ചാമിയും പപ്പയും ഈ ആശുപത്രിയില്‍ കാണാനെത്തിയില്ല. ആരോ ഇരുട്ടിലെവിടെയോ നിന്നു സ്വകാര്യം പറയുന്നു, ‘‘ബിച്ചാമിയുടെ പപ്പയ്ക്ക് ഒന്ന് വന്നു കാണായിരുന്നു.’’

‘‘ആത്മഹത്യയാണെന്നോ മറ്റോ ആരെങ്കിലും പറഞ്ഞാല്‍... പ്രേരണക്കുറ്റത്തിന് മൂപ്പര് അകത്താവും. പേടിണ്ടാവും. അവനവനെക്കാളും വലുതല്ല ആര്‍ക്കും മറ്റുള്ളോര്. ഉമ്മച്ചിക്കത് പറഞ്ഞാല്‍ തിരിയൂല.’’ ഇബ്‌നുവിന്റെ ശബ്ദമാണ്. ഏതോ തുരങ്കത്തിനുള്ളില്‍നിന്നെന്നവണ്ണം അതവളുടെ കാതിലേക്കു കൃത്യമായെത്തി.

ലോകത്തുള്ള മറ്റു നൂറായിരം കാര്യങ്ങളില്‍ മറ്റെന്തെങ്കിലും കൊണ്ടാകട്ടെ അവര്‍ വരാതിരിക്കണതെന്ന് അവള്‍ ആഗ്രഹിച്ചു. എല്ലാ പ്രതീക്ഷകളും എല്ലാ വിശ്വാസങ്ങളും നശിച്ചിട്ടു വേണമോ ഒരാള്‍ക്ക് ഈ ഭൂമി വിട്ടുപോകാന്‍. മരിക്കുമ്പോഴും ഒരു സ്‌നേഹം, ഒരു വിശ്വാസം ഭൂമിയില്‍ ബാക്കിവെച്ചു പോകാന്‍ മനുഷ്യന് അവകാശമില്ലേ?

എവിടെനിന്നെന്നറിയാതെ ശരീരത്തില്‍നിന്നുയരുന്ന കൊടിയ വേദനകളില്‍ ഇടക്കെപ്പൊഴോ ഫൗസി ഉറക്കെക്കരഞ്ഞു. ജീവൻമശായി കാരുണ്യമൂറുന്ന ശബ്ദത്തില്‍ എന്തോ പറയുന്നുണ്ടായിരുന്നു. വേദനകളില്‍ ആരോ സ്‌നേഹത്തിന്റെ തേന്‍ പുരട്ടുന്നു. ‘‘എന്നിട്ട് എന്താണ്ടായീന്ന് പറയൂ.’’

ഫൗസി ഓർമകളെ നിര്‍ബന്ധപൂർവം അരികില്‍ പിടിച്ചിരുത്താനൊരു ശ്രമം നടത്തി. എന്നിട്ട്...

‘‘ഉമ്മച്ചീ ബാല്‍ക്കണിന്ന് ന്റെ ജീന്‍സൊന്ന് എടുത്തരോ?’’ ഇബ്‌നുവാണ്. എന്തെങ്കിലും ഒരു പണി എടുക്കണമെങ്കില്‍ നൂറാള് സഹായിയായി വേണം അവന്. അവള് അവിടെനിന്ന് എഴുന്നേറ്റ് ബാല്‍ക്കണിയിലേക്ക് നടന്നു. ബാല്‍ക്കണിയില്‍ കെട്ടിയ അയല് കാറ്റിനാലാവാം ദൂരേക്ക് നീങ്ങിപ്പോയിരുന്നു. അവള്‍ ഏന്തിനോക്കി. ജീന്‍സ് കിട്ടുന്നില്ല. പിന്നെയും ഏന്തിപ്പിടിക്കാന്‍ നോക്കി. ‘‘ഇതാരാ ഈ അയല് അങ്ങോട്ട് മാറ്റിക്കെട്ടിയത്? എത്തുന്നില്ലല്ലോ?’’ അവള്‍ മുറുമുറുത്തു. പെട്ടെന്ന് പിറകില്‍നിന്ന് അവിചാരിതമായി ഊക്കനൊരു തള്ള്.

അവള്‍ മുന്നോട്ടു മറഞ്ഞുപോയി. ഒരു നിമിഷത്തെ മരണവെപ്രാളത്തിനിടയിലും അവളത് കണ്ടു. പിറകില്‍ നില്‍ക്കുന്ന കൈത്തണ്ടയിലെ ഈഗ്ള്‍ ടാറ്റൂ. സിംബല്‍ ഓഫ് പവര്‍ ആന്‍ഡ് ഡോമിനന്‍സ്. ഒരു ഫ്ലയിങ് ട്രപ്പീസു കളിക്കാരിയെപ്പോലെ അവള്‍ കാറ്റില്‍ പറന്നു. അന്നേരവും താങ്ങായി പറന്നരികിലെത്തുന്ന മറ്റൊരു കാച്ച്ബാറായി അവളുടെയുള്ളില്‍ ഒരാളുണ്ടായിരുന്നു. അല്ലെങ്കില്‍ അപ്പോളേ മരിച്ചുപോവേണ്ടതായിരുന്നു. പക്ഷേ, മനസ്സിലായി, അതുണ്ടായില്ല. അതു പ്രതീക്ഷിക്കണ്ട. അതും അത്രയേ ഉണ്ടായിരുന്നുള്ളൂ. എല്ലാം അത്രയേയുള്ളൂ. അത്രമാത്രം. അതിലും വലിയ തിരിച്ചറിവെന്താണ്?

അവള്‍ക്ക് അരികിലിരിക്കുന്ന ജീവന്‍മശായിയുടെ കാതില്‍ പറയണമെന്നു തോന്നി, മരണമേ ഒരുപാടു തവണ ഒരാളെ മരിക്കാന്‍ വിടുന്നതെന്തിനാണു നീ?

പണ്ട് കുഞ്ഞമ്പ്വേട്ടന്‍ പറയാറുണ്ടായിരുന്നു, കത്തിയെരിയുന്ന മേലേരിയിലേക്ക് ചാടിവീഴുമ്പോഴും എന്തൊരു കുളിര് എന്തൊരു കുളിര്‌ന്നേ പൊട്ടന്‍തെയ്യം പറയൂന്ന്. തോറ്റെന്നു സമ്മതിക്കാന്‍ കൂട്ടാക്കാത്ത ഒരു മനസ്സുവേണംന്ന്. പക്ഷേ, ജയിച്ചിട്ട് എന്തു ചെയ്യാനാണെന്നു മാത്രം ആ പുലി മറഞ്ഞ തൊണ്ടച്ചന്‍ പറഞ്ഞില്ല. ശ്വാസങ്ങളുടെ കൊടുങ്കാറ്റിനിടയിലൂടെ അവള്‍ അയാളോടു മന്ത്രിച്ചുകൊണ്ടിരുന്നു: വീണതാ. പിടിത്തംവിട്ട് വീണുപോയി.

News Summary - Malayalam Story