Begin typing your search above and press return to search.

റീൽസ്

റീൽസ്
cancel

ഒരു യാത്ര പുറപ്പെട്ടതാണ്. അതെ, ഒരു യാത്ര പുറപ്പെട്ടതാണ്, തീവണ്ടിയിൽ കയറുകയുംചെയ്തു. ഇക്കാലത്ത് ഒരു ദൽഹി സെമിനാർ യാത്രക്ക് നീയല്ലാതെ ആരെങ്കിലും തീവണ്ടിയിൽ പോകുമോ എന്ന് സ്റ്റേഷനിൽ യാത്ര അയക്കാൻ വന്ന കൂട്ടുകാരൻ അവസാന നിമിഷത്തിലും കളിയാക്കി. കാലങ്ങളായി ആചരിച്ചുപോരുന്ന ശീലം നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്ന് ഉത്തരവും കൊടുത്തു. ഒറ്റക്കുള്ള യാത്രയിൽ മടുപ്പു തരാത്ത, മൗനി ആയിരിക്കാൻ സമ്മതിക്കുന്ന ഒച്ചയാൽ ചുറ്റപ്പെട്ട ഒരാശ്രമം ആയി അവൾ തീവണ്ടിമുറിയെ അനുഭവിക്കാറുണ്ട്. ആ അനുഭവം ഉറപ്പിക്കാനാണ് ഇപ്പോഴും അവൾ തീവണ്ടിയെ ആശ്രയിച്ചത്.പതിവ് പോലെ എതിർവശത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. ആരെങ്കിലും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഒരു യാത്ര പുറപ്പെട്ടതാണ്. അതെ, ഒരു യാത്ര പുറപ്പെട്ടതാണ്, തീവണ്ടിയിൽ കയറുകയുംചെയ്തു. ഇക്കാലത്ത് ഒരു ദൽഹി സെമിനാർ യാത്രക്ക് നീയല്ലാതെ ആരെങ്കിലും തീവണ്ടിയിൽ പോകുമോ എന്ന് സ്റ്റേഷനിൽ യാത്ര അയക്കാൻ വന്ന കൂട്ടുകാരൻ അവസാന നിമിഷത്തിലും കളിയാക്കി. കാലങ്ങളായി ആചരിച്ചുപോരുന്ന ശീലം നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്ന് ഉത്തരവും കൊടുത്തു. ഒറ്റക്കുള്ള യാത്രയിൽ മടുപ്പു തരാത്ത, മൗനി ആയിരിക്കാൻ സമ്മതിക്കുന്ന ഒച്ചയാൽ ചുറ്റപ്പെട്ട ഒരാശ്രമം ആയി അവൾ തീവണ്ടിമുറിയെ അനുഭവിക്കാറുണ്ട്. ആ അനുഭവം ഉറപ്പിക്കാനാണ് ഇപ്പോഴും അവൾ തീവണ്ടിയെ ആശ്രയിച്ചത്.

പതിവ് പോലെ എതിർവശത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. ആരെങ്കിലും വരാനുണ്ടാകും. ട്രെയിൻ വിടാറാകുമ്പോൾ ചാടിക്കയറി വരുന്ന ഒരു ചെറുപ്പക്കാരനാകും അത്. ഇരുപതിനും മുപ്പതിനും ഇടയ്ക്കു പ്രായമുള്ള ഒരാൾ. തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തണമെന്ന് അമ്മയും അച്ഛനും മാറിമാറിപ്പറഞ്ഞാലും എന്നും നേരം വൈകിത്തന്നെ പുറപ്പെടുന്ന, മുതിർന്ന കുഞ്ഞായ ഒരുവൻ. കയ്യിലും മുതുകിലും ബാഗുകൾ തൂക്കി നീങ്ങിത്തുടങ്ങുന്ന തീവണ്ടിയിലേക്ക്, കണ്ടിരിക്കുന്നവരുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചുകൊണ്ടു ചാടിക്കയറുക. വീണു വീണില്ലെന്നമട്ടിൽ ഒഴിഞ്ഞ സീറ്റിലേക്ക് ചരിഞ്ഞു വീഴുക. അതാണ് സാധാരണ അവളുടെ തീവണ്ടി യാത്രയുടെ ആരംഭത്തിൽ മിക്കവാറും സംഭവിക്കുക. ഇന്നും അതുതന്നെ ഉണ്ടായി. ചാടിവീണ ചരിഞ്ഞ കിടപ്പിൽ കൈകുത്തി നിന്ന് എല്ലാവർക്കുമായി അവൻ ഒരു മങ്ങിയ ചിരി സമ്മാനിച്ചു.

അവൾ നേരെ എതിർവശത്ത് ബാഗുകളോടുകൂടി വീണ ചെറുപ്പക്കാരനെ നോക്കി നിസ്സംഗമായി മുഖത്തെ പേശികൾ ചലിപ്പിച്ചു. മന്ദഹാസം എന്ന് അവൻ വ്യാഖ്യാനിച്ചു കാണണം. അവൻ പ്രസാദവാനായി ചിരിച്ചു.

‘‘വീട്ടിൽനിന്നിറങ്ങിയപ്പോൾ ലേറ്റായി. ഒരു റീല് അപ്‌ലോഡ് ചെയ്തു തീർന്നപ്പോൾ സമയം പോയി. സ് ​േലാ ഇന്റർനെറ്റ്.’’ അവൻ ചോദിക്കാത്ത ചോദ്യങ്ങൾക്കു കാലേക്കൂട്ടി ഉത്തരങ്ങൾ പറഞ്ഞു. അവളും മുഖത്തെ പേശികൾ അൽപം അയച്ചു തന്നെ മന്ദഹസിച്ചു.

‘‘ഒന്ന് സെറ്റിലാവട്ടെ” എന്ന് രണ്ടു സ്യൂട്ട് കെയ്‌സുകൾ സീറ്റിനടിയിലേക്കു തള്ളി. ബാക്ക്പാക്ക് സീറ്റിൽ നേരെ ​െവച്ചു. പോക്കറ്റിൽ ഫോൺ ഉണ്ടെന്ന് തൊട്ട് ഉറപ്പുവരുത്തി. അത്രയും കഴിഞ്ഞപ്പോൾ അവന്റെ ഫോൺ ഒച്ചയെടുത്തു. ‘‘അമ്മയാ’’ എന്ന് അവളോട് മന്ദഹസിച്ചുകൊണ്ട് ഫോൺ ചെവിയോട് ചേർത്തു.

അപരിചിതരുടെ മുമ്പിൽ കണ്ടപാടെ ഉള്ളൊഴുക്കി പരത്തുന്ന ഒരുത്തനെ ആദ്യമായി കാണുകയാണ്. ‘‘സമയത്തിനെത്തി, അമ്മാ... കുഴപ്പമില്ല. അമ്മ സമാധാനമായി ഇരുന്നാട്ടെ.’’ അവൻ ഉറക്കെ പറഞ്ഞു. ‘‘എത്തീട്ട് വിളിച്ചോളാം, ബൈ’’ എന്ന് ഫോൺ സീറ്റിലേക്കിട്ടു.

രണ്ടുപേർ കൂടി വരാനുണ്ട്. ഏതെങ്കിലും സ്റ്റേഷനിൽനിന്ന് അവർ കയറുന്നതു വരെ രണ്ടു മുഴുവൻ സീറ്റുകൾ അവർക്ക് കിട്ടിയിരിക്കുകയാണ്. നീലക്കർട്ടൻ ഫാനിന്റെ കാറ്റിൽ ചെറുതായി ചലിക്കുന്നുണ്ട്. തലയിണയും കമ്പിളിയുംകൊണ്ട് യൂനിഫോമിട്ട പയ്യൻ വന്നു. അടുക്കിവെച്ച തലയിണയിൽ ഒന്നെടുത്ത് പുറകിൽ ചാരി ഉടലിനെ ഒന്ന് അയച്ചു നിവർത്തിയിട്ടാലോ എന്നവൾ വിചാരിച്ചു. അല്ലെങ്കിൽ വേണ്ട. പേട്ട സ്റ്റേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ. വർക്കല എത്തുന്നതുവരെ നിവർന്നുതന്നെ ഇരിക്കാം. ‘അതു കഴിഞ്ഞു പരിഗണിക്കാം’, അവൾ കൈകാലുകളോടും ഉടലിനോടുമായി ആത്മഗതംചെയ്തു. കണ്ണുകൾ അത് കേട്ടില്ലെന്നു നടിച്ചു ഉറക്കം ഭാവിച്ചു. ഇന്നലത്തെ ക്ഷീണം... അവൾ കണ്ണുകളിൽ വിരലോടിച്ചു.

മരങ്ങളും വീടുകളും തൂണുകളും പിറകോട്ട് ഓടിക്കൊണ്ടിരുന്നു. അവയിൽ ഏതെങ്കിലും ഒന്നിനെ ഒരു നിമിഷം പിടിച്ചു നിർത്താൻ കണ്ണിന് ഇടകിട്ടിയില്ല. ‘പാഞ്ഞു പോകുന്നതിനെ പിടിച്ചുനിർത്താൻ കണ്ണും കൈയും തരിച്ചിട്ട് കാര്യമില്ല.’ പെട്ടെന്ന് ഇന്നലെ കേട്ട ഒരു വാട്സ്ആപ് ഉദ്‌ബോധനം ഇടിച്ചുകേറിവന്നു. അവൾക്ക് മടുപ്പു തോന്നി.

മുന്നിൽ, മടിയിൽ ലാപ്ടോപ്പ് തുറന്നുവെച്ച് സ്‌ക്രീനിൽ കണ്ണു തറപ്പിച്ചിരിക്കുകയാണ് ചെറുപ്പക്കാരൻ. അയാൾ എന്താവും കാണുന്നത് എന്നറിയാൻ ഒട്ടും ആഗ്രഹം തോന്നാതെ അവൾ അവന്റെ മുഖഭാവങ്ങളിലെ നിഴലും വെളിച്ചവും മന്ദഹാസവും ശ്രദ്ധിച്ചു. സുന്ദരനാണ്, വേണ്ടത്ര പ്രകാശവും മുഖത്തുണ്ട്. മുടി മൂർധാവിൽ ഉയരത്തിൽ പരന്ന കിരീടംപോലെയോ തൊപ്പിപോലെയോ വെട്ടിനിർത്തിയിട്ടുണ്ട്. അതിന്റെ താഴ്വര സിമന്റു തേച്ചു മിനുക്കിയത് എന്നു തോന്നുന്നവിധം വെടിപ്പായി ​െവച്ചിരിക്കുന്നു. ഇവൻ സ്വയം ഈ മട്ടിൽ വിരൂപനാകാൻ നോക്കിയിട്ടും തീർത്തും വൈരൂപ്യത്തിലേക്കു പോകാതെ നിൽക്കുന്നുണ്ടല്ലോ എന്ന് അവൾക്ക് തമാശ തോന്നി. ‘പഴഞ്ചൻ സൗന്ദര്യബോധം’ എന്ന് അവന്റെ മുടിമകുടം അവളെ നോക്കി പരിഹസിച്ചു.

തീവണ്ടി വർക്കല സ്റ്റേഷൻ പിന്നിട്ടു, കൊല്ലം അടുക്കാറായി. ഇളകുന്ന കർട്ടനിടയിലൂടെ, അപ്പുറത്തെ സീറ്റിലെ കുഞ്ഞിനേയും അമ്മയേയും കാണാം. കുട്ടി സീറ്റിലിരുന്ന് പലതരം വിനോദങ്ങളിലാണ്. അതിന്റെ ഒച്ചയനക്കങ്ങളും ചിരികളും കേൾക്കാം. നാല് വയസ്സുകാരിയെ കളിപ്പിച്ചും തീറ്റ കൊടുത്തും ലാളിച്ചും ക്ഷീണിച്ച അമ്മ ഇപ്പോൾ കഥാപുസ്തകം തുറന്ന് നായയുടെയും കണ്ണില്ലാത്ത ബാലികയുടെയും കഥ വായിച്ചു കൊടുക്കുകയാണ്. ബാലിക നായയുടെ പുറത്തു കൈ​െവച്ചുകൊണ്ട് നടക്കുന്നുണ്ടാവണം. കുട്ടി ആ ചിത്രം നോക്കി ‘‘ജിമ്മി, ജിമ്മി’’ എന്ന് പറയുന്നുണ്ട്. ഇത്രയുമായപ്പോഴേക്ക് അവൾ കുട്ടിയുടെ അച്ഛൻ എവിടെയെന്ന് മുന്നോട്ടാഞ്ഞു നോക്കി. അയാൾ ലാപ്‌ടോപ്പിൽ മുഖമമർത്തി ഇരിക്കുകയാവാം.

അയാളുടെ നീട്ടിെവച്ച കാൽ കണ്ട് അവൾ തീരുമാനിച്ചു. അല്ലെങ്കിലും ആ മൂന്നു പേരിൽ അവൾക്കെന്തു കാര്യം എന്ന് ഒരു വീണ്ടുവിചാരം വന്നു. മുകളിലെ ബെർത്തിൽ തലയിണ- ബെഡ് ഷീറ്റുകളിൽ അവളുടെ പങ്കെടുത്തു താഴെ ​െവച്ച് മുതുകിന് താങ്ങായി ​െവച്ച് സ്വസ്ഥയായി. ‘‘ലോകത്തേക്കുള്ള വാതിൽ ഞാൻ അടക്കാൻ പോകുന്നു, ഇനി അങ്ങോട്ട് നോക്കേണ്ട, മിണ്ടുകയും വേണ്ട’’ എന്ന് സ്വയം ശകാരിച്ചു. പക്ഷേ, പകൽ ചില്ലുകൾക്കിടയിലൂടെ വെളിച്ചം വിതറി അവളെ നോക്കുന്നുണ്ടായിരുന്നു. അവൾക്ക് കണ്ണടക്കാനോ അവഗണിക്കാനോ ആകാത്തവിധം.

കുറച്ചു കഴിഞ്ഞാൽ ടാഗോർ കവിതയിലെ ഇരുണ്ട സന്ധ്യ വരും. ഓറഞ്ച് അലർട്ട് എന്ന് രാവിലത്തെ പത്രം എഴുതിക്കണ്ടിരുന്നു. മഴക്കാറു മൂടി വരുമ്പോൾ എപ്പോഴത്തെയും പോലെ വി.കെ. ശശിധരന്റെ ടാഗോർ കവിതാലാപനം ഓർമിച്ച് അവ ഓരോന്നായി മനസ്സിൽ ചൊല്ലാം. അമ്മയുടെ കൂടെച്ചൊല്ലിയ, നാമജപംപോലെ ഉരുക്കഴിക്കാം. ‘‘ആടിമാസത്തിലെ സന്ധ്യ…

ഇരുൾകൊണ്ടു മൂടിവന്നൂ…’’ അവൾ മൂളിക്കൊണ്ടിരുന്നു.

പൊടുന്നനെ ചെറുപ്പക്കാരൻ ലാപ്ടോപ്പിൽനിന്ന് തലയുയർത്തി അവളെ നോക്കി, ചോദിച്ചു. ‘‘ചേച്ചീ, എന്റെ ചാനൽ കാണുന്നോ? ഞാനുണ്ടാക്കിയ റീൽസ്? നോക്കൂ’’ മുന്നറിയിപ്പൊന്നുമില്ലാതെ അവൻ ലാപ്ടോപ് അവൾക്കു നേരെ തിരിച്ചുപിടിച്ചു. മങ്ങിയ സന്ധ്യയിൽനിന്നിറങ്ങി അവൾ വെളിച്ചത്തിലേക്ക് നോക്കി.

അതിലേക്ക് നോക്കുന്നതിനു മുമ്പേ അവൾ വിചാരിച്ചു. വല്ല പൂച്ചയോ പട്ടിയോ അവയുടെ കുസൃതികളോ സ്നേഹമോ ഒക്കെ ആണെങ്കിൽ തനിക്ക് ഇഷ്ടമാവും. ഇതിപ്പോൾ എന്താണാവോ. പാട്ടിന്റെ ലിപ് സിങ്കിങ്, മിമിക്രി, പാരഡി, മലകയറ്റ സാഹസം, സൈക്കിളോട്ടം, വൃത്തികെട്ട പ്രാങ്കുകൾ... ഇവയാണെങ്കിൽ കാണാൻ തന്നെ കിട്ടില്ല. പ്രത്യേകിച്ചും പ്രാങ്ക്. അവൾ മനസ്സില്ലാമനസ്സോടെ ലാപ്ടോപ് കാഴ്ചയിലേക്ക് നോക്കി.

 

സാമാന്യം തെളിച്ചമുള്ള സാരിയുടുത്ത മധ്യവയസ്സുള്ള ഒരു സ്ത്രീ കൈത്തണ്ടിൽ ടവ്വലുമായി നടന്നുപോകുന്നു. കുളിക്കാനാകണം. പുഴയിലേക്കോ, കുളത്തിലേക്കോ? പുല്ലു നിറഞ്ഞ നിലം വകഞ്ഞു പോകുന്ന ചുവന്ന ഒറ്റയടിപ്പാതയാണ് മുന്നിൽ. പെട്ടെന്ന് അവർ തിരിഞ്ഞുനോക്കി. വർക്കത്തുള്ള ഓവൽ ഷേപ്പ് മുഖം. പ്രേക്ഷകരെ നോക്കി, അല്ലെങ്കിൽ ക്യാമറയെ നോക്കി പുഞ്ചിരിച്ചു. ടവ്വൽ തോളത്തേക്ക് ഇട്ടു കൈകൾ പൊക്കി അഴിഞ്ഞുകിടക്കുന്ന മുടി മൂർധാവിൽ കെട്ടിവെച്ചു. വീണ്ടും തിരിഞ്ഞു നടന്നു തുടങ്ങുന്നു. ആ നേരം സ്ത്രീയിൽനിന്ന് മാറി ക്യാമറ വഴിയിലേക്ക് നീളുന്നു. ലോങ് ഷോട്ടിൽ അവസാനിക്കുന്നു. 144 പേരാണ് ഇത് കണ്ടത്.

‘‘ഇതാണ് എന്റെ ആദ്യ റീൽ... ചേച്ചീ.’’ ചെറുപ്പക്കാരൻ പറഞ്ഞു. ‘‘സീനിൽ അമ്മയാണ്.”

“അധികമാരും കണ്ടില്ല അല്ലേ?” അവൾ ഔപചാരികമായി ചോദിച്ചു.

“ഇല്ല, ആദ്യത്തേത് ആണല്ലോ. പക്ഷേ ഞാൻ വിടുമോ?” പയ്യൻ സന്തോഷവാനായി പറഞ്ഞു.

അവൾ വീണ്ടും ചിരിക്കുന്നതായി ഭാവിച്ചു. അല്ലെങ്കിൽ ഇതിൽ ചിരിക്കാനെന്തിരിക്കുന്നു എന്ന് ചുണ്ടുകൾ തമ്മിൽ പറഞ്ഞു. അവൻ വീണ്ടും റീലുകൾ കാണിച്ചുകൊണ്ടിരുന്നു. ഉത്സാഹത്തോടെത്തന്നെ. അമ്മ, അനിയത്തി, പലതരക്കാരായ കുട്ടികൾ, ജീവികൾ, പക്ഷികൾ, അകം പുറങ്ങൾ… എല്ലാം റീലുകളിൽ വന്നു പോയി. അവൾക്ക് മടുപ്പായി. അത് തിരിച്ചറിഞ്ഞെന്നപോലെ ചെറുപ്പക്കാരൻ ലാപ്ടോപ് അടച്ചു​െവച്ചു. നീലക്കർട്ടൻ ഉലച്ചു പുറത്തേക്ക് പോയി.

ചായയും സ്നാക്കുമായി ഹിന്ദി സംസാരിക്കുന്ന വിതരണക്കാരൻ വന്നു. കർട്ടനപ്പുറത്ത് അമ്മയും കുഞ്ഞും ഉറക്കമായി. അച്ഛൻ മുകളിലെ ബെർത്തിൽ ഹെഡ്‌ഫോൺസും ചെവിയിൽ ചേർത്ത് മൊബൈൽ നോക്കി മന്ദഹസിച്ചുകൊണ്ടു കിടക്കുന്നു. അയാൾ ജോലിയിൽനിന്ന് തൽക്കാലത്തേക്ക് വിടുതൽ വാങ്ങി ഭാര്യയും കുഞ്ഞുമായി വിനോദയാത്രക്ക് ഇറങ്ങിയതാവാം. അങ്ങനെ അല്ലെങ്കിലും അത് അങ്ങനെത്തന്നെ ആയിരിക്കട്ടെ. നിങ്ങൾ വിനോദയാത്ര നടത്തിയാൽ മതി. അവൾ ദമ്പതിമാരെ നോക്കി മൗനമായി പറഞ്ഞു.

തീവണ്ടിമുറി അവളെ ശാന്തതയിലേക്കും മൗനത്തിലേക്കും പോകാൻ അനുവദിച്ചില്ല. അത് വീണ്ടും ചെറുപ്പക്കാരൻ കാണിച്ചു കൊടുത്ത റീലുകളെ കുറിച്ചോർമിപ്പിച്ചു. ആദ്യത്തെ സൗമ്യത വെടിഞ്ഞ് അവന്റെ റീലുകളിൽ രൗദ്രത വന്നുതുടങ്ങിയത് അവളെ അതിശയിപ്പിച്ചിരുന്നു.

‘‘മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കരയിങ്കൽ…’’ എന്ന മട്ടിൽ അമ്മ കുളിക്കാൻ പോകുന്ന റീലിലെ സൗമ്യത എന്തായിരുന്നു! ഇപ്പോഴും അമ്മയും പെങ്ങളും കഥാപാത്രങ്ങളായി അവയിൽ ഉണ്ട്. മീൻ വെട്ടുന്ന അമ്മ, കറി വെക്കുകയും രുചിക്കുകയും, അതിന്റെ റെസിപ്പി ഒഴുക്കൻമട്ടിൽ വിവരിക്കുകയും ചെയ്യുന്ന അമ്മ. കോഴിയെ ഓടിച്ചിട്ട് പിടിക്കുകയും ചിറകരിയുകയും കാലിൽ ചരട് കെട്ടി അയയിൽ തലകീഴായി തൂക്കി ഇടുകയോ ഒക്കെ ചെയ്യുന്ന അമ്മ. അമ്മ എന്തിനാണ് ഇത്തരം വേല ചെയ്യുന്നത് എന്ന് പയ്യനോട് ചോദിച്ചപ്പോൾ “ചേച്ചി വ്യൂവേഴ്‌സിനെ നോക്ക് ലക്ഷങ്ങളാ, അമ്മയുടെ ധൈര്യം, കഴിവ്, നർമബോധം എന്നൊക്കെ അടിയിൽ കമന്റുകൾ കണ്ടില്ലേ?’’ എന്നായിരുന്നു ഉത്തരം.

അമ്മയുടെ കോഴി റെസിപ്പി വരുന്ന റീലിൽ ആകട്ടെ “രണ്ടു ദിവസം പട്ടിണി കിടന്ന പൂവനാ ഇവൻ’’ എന്ന് തുടങ്ങി “എന്നിട്ടും നോക്കിയേ, വല്ല ക്ഷീണമോ കൂസലോ ഉണ്ടോന്ന്’’ എന്ന് അമ്മ ഉറക്കെ ചിരിക്കുന്നു. “ന്നാലും ന്റെ പൊന്നുവാ’’ എന്ന് തലയിൽ ഉയർന്നുനിൽക്കുന്ന അവന്റെ കിരീടം പിടിക്കുന്നു. പതുക്കെ പതുക്കെ കത്തികൊണ്ട് കഴുത്തു തലോടി... രാകി രാകി... വേദന ആവോളം ആസ്വദിപ്പിച്ചു കൊല്ലുന്നതും കാണിക്കുന്നു.

“കണ്ടോ…’’ എന്ന് തലയില്ലാത്ത കോഴിയെ പൊക്കി ആഹ്ലാദം... “ഇവനെ കറിയാക്കുന്നതെങ്ങനെ എന്ന് കാണിക്കാം’’ എന്ന് പറഞ്ഞുള്ള പിന്തിരിഞ്ഞു നടക്കലും പാത്രം മുന്നിലേക്ക് നീട്ടലും. കണ്ടുകൊണ്ടിരിക്കെ അവൾക്ക് ഓക്കാനംവരുന്നുണ്ടായിരുന്നു.

മുഖം കൈകൊണ്ടു തുടച്ച് അവൾ സീറ്റിൽ നിവർന്നിരുന്നു ദീർഘമായി നിശ്വസിക്കുന്നതു ശ്രദ്ധിക്കാതെ ചെറുപ്പക്കാരൻ ചിരിച്ചുകൊണ്ട് “ചേച്ചീ, ഇതിനെത്ര കാഴ്ചക്കാരാണെന്നു നോക്കൂ. ലക്ഷക്കണക്കിനാണ്... പഴയ 144ൽ നിന്ന് ഒറ്റവർഷം കൊണ്ട് ഞാൻ എത്ര പോപ്പുലർ ആയി, ഈ കോഴിയെ കൊണ്ട് എന്നറിയാമോ? ചെറുപ്പക്കാരൻ അവന്റെ വിടർന്ന കണ്ണുകൾ ഒന്നുകൂടി വികസിപ്പിച്ചു.

ശരിയാണ്. അവൾ റീലിലേക്കു നോക്കി. ചെറുപ്പക്കാരനെ മുഷിപ്പിക്കേണ്ട എന്ന് കരുതി മുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

ചെറുപ്പക്കാരൻ വീണ്ടും സീറ്റിൽ വന്നിരുന്ന് ലാപ്ടോപ്പും മൊബൈലും മാറിമാറി തുറന്നു കളിക്കുകയാണ്. അതുകണ്ട് അവൾ ചോദിച്ചു.

“നിങ്ങൾ എന്തിനാണ് ഇതെല്ലാം ക്യാമറയിലും മൊബൈലിലും പകർത്തുന്നത്?’’

“എന്തൊരു ചോദ്യമാണ് ചേച്ചീ?” അവൻ അത്ഭുതം അടക്കാൻ ശ്രമിക്കാതെ ചോദിച്ചു. പിന്നെ വിടർന്ന കണ്ണുകളോടെ “നമ്മൾ കാഴ്ചകളിലൂടെയല്ലേ ജീവിക്കുന്നത്?” എന്ന് ഒരു മറുചോദ്യവും കൂട്ടിച്ചേർത്തു.

“ചേച്ചിക്കറിയില്ലേ, ഇറാൻ-ഇറാഖ് യുദ്ധം? എന്റെ കുട്ടിക്കാലത്ത് ഞാൻ ടി.വിയിലാണ് അത് കണ്ടത്. സദ്ദാം ഹുസൈൻ എത്ര ധൈര്യത്തോടെയാണ് മുഖം കറുത്ത തുണികൊണ്ട് മൂടാൻ അനുവദിക്കാതെ തൂക്കുകയറി​ന്റെ മുന്നിൽ നിന്നത്! അതിപ്പോഴും എന്റെ മനസ്സിൽ സ്ഥൈര്യത്തിന്റെ, അല്ലെങ്കിൽ ധൈര്യത്തിന്റെ പ്രതീകമായി തിളക്കംപോകാതെ കിടപ്പുണ്ട്.

‘‘അത് ശരി’’ അവൾ പറഞ്ഞു. “ന്യൂസ് റിപ്പോർട്ടർമാരും ഏജൻസികളും വാർത്തകൾ എത്രകണ്ട് ഉദ്വേഗപൂർണമാക്കാം, രസിപ്പിക്കുന്നതാക്കാം എന്ന് മത്സരിക്കുന്ന കാലമല്ലേ? പത്രഭാഷയുടെ ചുവ വാചകത്തിൽ വരുന്നത് തടയാൻ ശ്രമിച്ച് അവൾ തുടർന്നു, “ഈ യുദ്ധ വീഡിയോകളും എഡിറ്റിങ്ങും മിനുക്കുകളും എത്ര കൂട്ടിക്കിഴിക്കലുകൾ നടത്തിയിട്ടാണ് നമ്മുടെ മുന്നിൽ എത്തുന്നത്… രസിപ്പിക്കൽ ആണ് അതിന്റെയും ഉദ്ദേശ്യം, നിങ്ങളുടെ റീൽസുകൾപോലെ തന്നെ.”

‘‘ഉം… ശരിയാണ്.’’ അവൻ ആലോചിക്കുന്നതായി നടിച്ചു. “ഇപ്പോൾ ഞാൻ തന്നെ. ലെബനോനിലും പാലസ്തീനിലും കത്തിക്കരിഞ്ഞ കുഞ്ഞുങ്ങളേയും മനുഷ്യരേയും ഇതുപോലെ കാഴ്ചയായി കണ്ടുപോവുകയാണ്. അതുമല്ല ഞാൻ കാണുന്നതുതന്നെ ഇതുപോലെ റീൽ കണ്ടന്റ് എന്ന നിലക്കാണ്, അല്ലെങ്കിൽ ന്യൂസ് കണ്ടന്റ് ചാനലുകാരുടെ ഒക്കെ ഒരു ടൈം’’ എന്ന് മന്ദഹസിച്ചു. “പിന്നെ കൊറോണയും എലിപ്പനിയും പ്രളയവും വന്നാലോ എല്ലാവർക്കും കോളാണ്. മന്ത്രിമാർക്കും പൊതുസേവകരായി നടിക്കുന്ന ജനസേവകർക്കും... ഒന്നും പറയേണ്ട ചേച്ചീ, അതിന്റെ മുന്നിൽ നമ്മുടെ റീൽസൊക്കെ എന്ത്...”

ഇവന് തിരിച്ചറിവ് ഉണ്ടല്ലോ എന്ന് ഒരു നിമിഷം അവൾക്കു തോന്നി. അല്ലെങ്കിൽ ആർക്കാണ് ഒന്നും അറിയാത്തത്? അവരവർക്കു വേണ്ടത് എന്താണെന്നും നുള്ളിപ്പെറുക്കി എടുക്കേണ്ടത് ഏതാണെന്നും ഓരോരുത്തർക്കും അറിയാം. ഇവനും അത്തരം ഒരു സമർഥൻതന്നെ.

ലാപ്ടോപ് മറന്ന് അവൻ അൽപം മങ്ങിയ മുഖഭാവത്തിൽ ഇരുന്നു. അവന്റെതന്നെ വീഡിയോകളെ കുറിച്ച് ഓർത്തിട്ടാകാം. വൈറൽ ആകും എന്ന് കരുതിയ വീഡിയോ വൈറൽ ആകാതെ പോയതാകാം ദുഃഖകാരണം. അവൾ സങ്കൽപിച്ചു.

പിന്നെ മുഖം തിരിച്ചു. വൈറസുകളെപ്പോലെ പെരുകിവരുന്ന നേർക്കാഴ്ചകളെ, കണ്ണിൽ തടയാതെ പറത്തിക്കൊണ്ടിരിക്കുന്ന, കോടിക്കണക്കിന് വിഷ്വൽ പ്രേതങ്ങളെ കുടഞ്ഞെറിയാൻ നോക്കി അവൾ.

ചെറുപ്പക്കാരൻ കുറച്ച് അസ്വസ്ഥനായപോലെ തോന്നി. അയാൾ മൊബൈലിൽ നോക്കി വെറുതെ ഇരിക്കുന്നു. ഉത്സാഹംകെട്ട്.

എന്തുപറ്റി എന്ന് ചോദിക്കണമെന്ന് അവൾക്കു തോന്നി. അതിനുള്ള പരിചയമില്ല. അടുപ്പവും. എന്തിന് പേരുപോലും ചോദിച്ചില്ല. വീഡിയോയിലെ പേരും ഓർക്കാൻ പറ്റുന്നില്ല. ‘‘പുപ്പുലി’’ എന്നോ മറ്റോ ആണെന്ന് തോന്നുന്നു. എന്തായാലും അവന്റെ പേരല്ല.

അവൾ ശ്രദ്ധിക്കുന്നത് കണ്ട് ചെറുപ്പക്കാരൻ പറഞ്ഞു. “വീട്ടിലെ കാര്യമോർത്തു.”

ഇത്തവണ അവൻ സംസാരിക്കുന്നതിൽ അവൾക്കു സന്തോഷമാണ് തോന്നിയത്. അവൻ വിജയവാഡയിൽ ഇറങ്ങും എന്ന് പറഞ്ഞിരുന്നു.

ഇന്നത്തെ ദിവസം എന്തായാലും തീവണ്ടി അവിടെ എത്തില്ല. സഹയാത്രികരായി പുതിയ ആളുകളും വന്നിട്ടില്ല ഇതുവരെ. പെട്ടി തുറന്ന് പുസ്തകം എടുക്കാനോ വായിക്കാനോ ഉള്ള ആവേശവും തോന്നുന്നില്ല. തീവണ്ടിമുറി ഇത്തവണ മൗനത്തിലേക്കോ മറുലോകത്തേക്കോ പോകാൻ അനുവദിക്കുന്നുമില്ല.

‘‘അമ്മയെ കുറിച്ച് ഓർത്താണോ? പ്രശ്നമൊന്നും ഇല്ലല്ലോ. വിളിച്ചു നോക്കൂ.’’ അവൾ സഹാനുഭൂതി കാണിച്ചു.

“അമ്മയല്ല, അനിയത്തി.”

“അനിയത്തി അമ്മയുടെ കൂടെയല്ലേ? അവൾ സമാധാനിപ്പിക്കുംപോലെ പറഞ്ഞു. എന്താ അവൾക്ക് എന്താണ് പ്രശ്നം, അസുഖം വല്ലതും?”

“അസുഖമൊന്നും ഇല്ല...’’ അവൻ ചെറുതായി പരുങ്ങിക്കൊണ്ടു പറഞ്ഞു. “വലിയ സാഹസിയാണ്. പന്ത്രണ്ടു വയസ്സാണ് പ്രായം. പറമ്പിലെ സകല മരങ്ങളിലും വലിഞ്ഞു കേറും. എല്ലാ സ്ഥലത്തും ഓടിനടക്കും. പാമ്പിനെയോ, പഴുതാരയെയോ ഒന്നിനേയും പേടിയും ഇല്ല.’’ അവന് അനിയത്തിയോടുള്ള സ്നേഹം വാക്കിൽ നിറഞ്ഞപോലെ.

“അത് നല്ലതല്ലേ?.. അങ്ങനെ വേണ്ടേ കുട്ടികൾ?’’ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “ഞാൻ കരുതി സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ചിത്രം വീണ്ടും തെളിഞ്ഞതുകൊണ്ടാണ് എന്ന്.’’

‘‘അതുപോലെ ഒക്കെത്തന്നെ.” അവൻ പെട്ടെന്ന് പറഞ്ഞു. പിന്നെ മിണ്ടാതെ തലകുനിച്ച് മൊബൈലിലേക്ക് നോക്കി.

അമ്മയെ വിളിക്കാത്തതെന്ത് എന്ന് ചോദിക്കാൻ ആഞ്ഞ് അവൾ അത് വേണ്ടെന്നുവെച്ചു. അവനില്ലാത്ത വേവലാതി തനിക്കെന്തിനാണ്?

തീവണ്ടി തൃശൂർ വിട്ടതേ ഉള്ളൂ. “അമ്മ എന്തുചെയ്യുന്നു?”

അവൾ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി. അവൻ മൊബൈലിൽനിന്ന് മുഖമുയർത്തി പറഞ്ഞു.

‘‘അമ്മ എന്റെ വീഡിയോകളിൽ എല്ലാം നായികയല്ലേ? വേറെ ജോലിക്കൊന്നും പോകുന്നില്ല.’’ അവൻ ചെറുതായി മന്ദഹസിച്ചു.

 

“അവർക്ക് നിങ്ങൾ കാശ് കൊടുത്തോ ഈ അഭിനയത്തിനൊക്കെ?’’ അവൾ തമാശയായി ചോദിച്ചു.

“ഹേയ് ഇല്ല. വൈറൽ ആകുമ്പോൾ അമ്മയ്ക്കും പേരും പ്രശസ്തിയും അല്ലേ? അത് മതിയായിരുന്നു അമ്മക്ക്.’’

“അങ്ങനെ നിങ്ങൾ തീരുമാനിച്ചു?’’ അവൾക്കു പെട്ടെന്ന് കാരണമില്ലാതെ അമർഷം വന്നു.

“ആ... അതെ.’’ അവനും അവളുടെ ചോദ്യത്തിലെ മുന ഇഷ്ടപ്പെട്ടില്ല. “അല്ലാതെ വീട്ടിൽ ഇരിക്കുന്ന അവർക്ക് നാട്ടിൽ പേരെടുക്കാൻ വേറെ എന്തു വഴി? യൂട്യൂബ് വരുമാനം ഞാൻ എന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.’’

“വേറെ പണിയൊന്നും നിങ്ങളും ചെയ്യുന്നില്ലേ? അമ്മക്ക് നിങ്ങളുടെ യൂട്യൂബിൽ മുഖം കാണിച്ചുകൊണ്ടിരുന്നാൽ മതിയോ? പെങ്ങൾ പഠിക്കുന്നി​േല്ല?” അവൾ ഒരു കാര്യവുമില്ലാതെ ചെറുപ്പക്കാരന്റെ കുടുംബത്തിലേക്ക് പ്രവേശിച്ചു.

അവൻ പറഞ്ഞു, “അമ്മക്ക് പെൻഷൻ ഉണ്ട്, അച്ഛന്റെ. വീട്ടിൽ തെങ്ങും പറമ്പും എല്ലാം ഉണ്ട്. അത് നോക്കിനടത്തലും കുക്കിങ്ങും കഴിഞ്ഞാൽ പിന്നെയും സമയം ബാക്കിയാ... എന്നിട്ടാണ്.’’ ചെറുപ്പക്കാരന് അവളുടെ ചോദ്യങ്ങൾ അസ്ത്രങ്ങൾപോലെ തോന്നി.

“ഇപ്പോഴും ഞാൻ ചെയ്ത വീഡിയോ വൈറൽ ആകാൻ പോവുകയാണ്”, ചെറുപ്പക്കാരൻ പറഞ്ഞു. “വിജയവാഡ എത്തട്ടെ, അപ്പോഴേക്കും ഒരുദിവസം ആകും. അപ്പോൾ അറിയാം വീഡിയോ അമ്മയെ മാത്രമല്ല എന്റെ അനിയത്തിയേയും എത്ര പോപ്പുലറാക്കി എന്ന്.’’ ചെറുപ്പക്കാരൻ വെല്ലുവിളിപോലെ അനിഷ്ടം പുറത്തുകാട്ടി.

അവൾ ചെറുപ്പക്കാരന്റെ റീൽ ജീവിതത്തിലേക്ക് കടന്ന്, ഒരു നിമിഷംകൊണ്ട് ഫെയ്‌സ്ബുക്ക് ബുദ്ധിജീവിയായി മാറി വാഗ്വാദത്തിന് മുതിർന്നു. പിന്നെ അത് വേണ്ടെന്നു ​െവച്ച് അവന്റെ മറ്റു വീഡിയോകൾ നോക്കിക്കളയാം എന്ന് വിചാരിച്ചു ഫോൺ സ്വിച്ച് ഓൺ ചെയ്തു. നെറ്റ് ഘടിക്കുന്നില്ല. ബി.എസ്.എൻ.എൽ എപ്പോഴും ഇങ്ങനെത്തന്നെ. കോർപറേറ്റുകളെ സഹായിക്കാതെ സർക്കാർ സ്ഥാപനത്തെ രക്ഷിച്ചുകളയാം എന്ന് വിചാരിക്കുന്നതിന്റെ ഫലം. അവൾ പിറുപിറുത്തു.

ചെറുപ്പക്കാരൻ ഉറങ്ങാൻ കിടപ്പായി. ചെറുപ്പക്കാരൻ സൗമ്യനായും ശാന്തശീലനായും കാണപ്പെടുന്നു എങ്കിലും ഇക്കാലത്തിന്റെ, ഞാൻ, എന്റെ, എന്റേത് എന്ന് തുടിക്കുന്ന ഒരുന്മാദം അയാളെ പൊതിഞ്ഞുനിൽക്കുന്നു എന്ന് അവൾ വിചാരിച്ചു. ഇങ്ങനെ ചെറുപ്പക്കാരനെ ഒരു കള്ളിയിൽ നിർത്തി അവൾ ചുറ്റും ഫ്രെയിമിട്ടു. എല്ലാവർക്കും മാർക്കിട്ട്, കള്ളിതിരിച്ചു നിർത്തി ശീലമായിപ്പോയി, അവൾ സ്വയം കുറ്റസമ്മതം നടത്തി, ഒരു കുമ്പസാരം.

ഇനിയിപ്പോൾ ഉറങ്ങുന്നതാണ് തനിക്കും നല്ലത്.

തിന്നു നിറച്ച തീവണ്ടി ബിരിയാണിക്കും അതിലെ ഒട്ടുന്ന എണ്ണക്കും മേൽ കുടൽ പണിയെടുക്കട്ടെ. വയറിലെ ഇരമ്പൽ ശ്രദ്ധിച്ചും ദൽഹി സെമിനാറിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന “സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്: പുതിയ പ്രവാചകർ” എന്ന സ്വന്തം പേപ്പറിനെ കുറിച്ച് ആലോചിച്ചുകൊണ്ടും ഉറങ്ങാൻ ഉള്ള ശ്രമത്തിലായി അവൾ.

തീവണ്ടിയിൽ സൂര്യൻ ഉദിക്കുന്നില്ലല്ലോ. പുതിയ സ്റ്റേഷനിൽ നിന്ന് ആളുകൾ കയറുമ്പോഴെല്ലാം നേരം പുലർന്നു, എഴുന്നേൽക്കാറായി എന്ന തോന്നലാണ്. ഇപ്പോൾ രണ്ടുപേർ മുകൾത്തട്ടിൽ വിശ്രമിക്കുന്നുണ്ട്. ഏത് സ്റ്റേഷനിൽനിന്നാണ് അവർ കയറിക്കൂടിയത് എന്ന് ഒരോർമയും കിട്ടുന്നില്ലല്ലോ എന്ന് അവൾ അത്ഭുതപ്പെട്ടു. അത്രക്കും ആണ്ടുപൂണ്ട ഉറക്കത്തിലേക്കു പോയിരുന്നോ, താൻ. നന്നായി. ആകാംക്ഷയൊന്നും കൂടാതെ ഉറങ്ങി എന്ന് സാരം.

അടുത്ത ​െബർത്തിലേക്കു നോക്കുമ്പോൾ ചെറുപ്പക്കാരൻ ഉറക്കംതന്നെ. അവൻ വിജയവാഡയിൽ എത്തിയിട്ടേ എഴുന്നേൽക്കൂ എന്ന് തോന്നുന്നു. എത്താറായി കാണണം.

ബ്രേക്ഫാസ്റ്റ് കൊണ്ടുവന്ന സപ്ലയർ എല്ലാവരെയും ഉണർത്തി. ചെറുപ്പക്കാരൻ, ചാടി എഴുന്നേറ്റ് ഫോൺ ബാഗിൽനിന്ന് വലിച്ചെടുത്തു. ലേശം പരിഭ്രമം ഉണ്ടോ അവന് എന്ന് അവൾ സൂക്ഷിച്ചുനോക്കി.

അവൾ നോക്കുന്നു എന്ന് തോന്നി അവൻ ശാന്തഭാവത്തിൽ മൊബൈൽ മുഖം പാതിമറയുന്ന വിധം പൊക്കിപ്പിടിച്ചു.

അവൾ ചെറുപ്പക്കാരനിൽനിന്ന് കണ്ണ് മാറ്റി കർട്ടൻ വകഞ്ഞു പുറത്തേക്കു നടന്നു. അമ്മയും കുഞ്ഞും കെട്ടിപ്പിടിച്ചുറങ്ങുന്ന സൈഡ് ബർത്ത് കടന്നു അൽപം നടന്നു. തിരക്കാണ്, ഭക്ഷണത്തിന്റെയും വിയർപ്പിന്റെയും ഗന്ധം കലർന്ന കോച്ചിലെ വാതിൽ കടന്നു. പുറത്തേക്കു നോക്കുമ്പോൾ ആന്ധ്രപ്രദേശിന്റെ കുറ്റിച്ചെടികൾ നിറഞ്ഞ പരന്ന ഭൂമി അതിവേഗം കണ്ണിൽപെടുകയും മറയുകയുംചെയ്തുകൊണ്ടിരുന്നു.

വിജയവാഡ തന്നെയാണ് അടുത്ത സ്റ്റേഷൻ. അവൾ ആലോചിച്ചു. ചെറുപ്പക്കാരന്റെ വീഡിയോ അവൻ കാണിക്കാതിരിക്കുമോ? വൈറൽ ആകുന്നതു കണ്ടോ എന്ന് വെല്ലുവിളിപോലെ പറഞ്ഞത് ഓർമിച്ചുകൊണ്ട് അവൾ വിചാരിച്ചു. അവന്റെ ആത്മവിശ്വാസം അന്തമില്ലാത്തവിധം ഉയരത്തിലായിരുന്നു. ഒരു യൂട്യൂബ് വീഡിയോ അതും കോഴിയും മത്തിയും കറിവെക്കുന്നതും, അണ്ണാൻ ചാവുന്നതും, അവയെ കൊല്ലുന്നതും അവയെ കറി വെക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതും എല്ലാം വിസ്തരിക്കുന്ന വിഡിയോകൾ. ഇത് കാണുന്നവർക്കു വട്ടാണോ എന്ന് ഒരുനിമിഷം അവൾ ചിന്തിക്കാറുണ്ട്. കണ്ടുപോകുന്ന നിമിഷത്തെ കുടഞ്ഞുകളയാൻ ശ്രമിച്ചുകൊണ്ടുതന്നെ.

പെട്ടെന്ന് ഈ തരം വീഡിയോകൾക്ക് സാധ്യത ഇല്ലാതിരുന്ന 80കളിലോ മറ്റോ ഇറങ്ങിയ ഒരു സിനിമ അവൾക്ക് ഓർമവന്നു. നിക്കോളാസ് കേജ്‌ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം. ഒരു ‘സ്നഫ് ഫിലി’മിനെ അടിസ്ഥാനമാക്കിയ ഒന്ന്. എന്തുകൊണ്ട് ഇപ്പോൾ അതോർത്തു എന്ന് അവൾക്ക് മനസ്സിലായില്ല. അത്യന്തം ക്രൂരമായി ഒരിരയെ പീഡിപ്പിച്ചു കൊല്ലുന്നതും അത് കാണുന്നതും ആനന്ദമൂർച്ഛ ലഭിക്കത്തക്ക പ്രവൃത്തിയായി മാറുന്ന കാഴ്ചയാണ് അതിൽ ഒരുക്കിയിരിക്കുന്നത്.

യുദ്ധങ്ങളും കെടുതികളും പ്രളയവും ഭൂകമ്പങ്ങളും ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഒരു കാലമല്ലായിരുന്നു അത്. അങ്ങനെ ആണെങ്കിൽതന്നെ എല്ലാവരുടെ കയ്യിലും അതിന്റെ ചിത്രങ്ങൾ സജീവമായി ആസ്വദിക്കത്തക്കവിധം വിരൽ തൊട്ടാൽ കിട്ടുമായിരുന്നില്ല.

ചെറുപ്പക്കാരൻ അവളെ കാണിക്കാൻ പോകുന്ന റീൽ എങ്ങനെ ഈ ചിന്ത ഉണർത്തുന്നു എന്ന് അവൾ അത്ഭുതപ്പെട്ടു.

അവൾ ടോയ്‌ലെറ്റിൽ കയറി തിരിച്ചുവരുമ്പോഴേക്കും ചെറുപ്പക്കാരൻ ബാഗുകൾ ഒരുക്കി ഇറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു.

അവൾ പുഞ്ചിരിച്ചു. “അടുത്ത സ്റ്റേഷൻ ആണല്ലേ” എന്ന് കുശലം പറഞ്ഞു.

“അതെ.” എന്നവൻ തലയാട്ടി. വണ്ടി വേഗം കുറഞ്ഞുവന്നു. നിൽക്കുന്നതിനു മുമ്പ് അവൻ പറഞ്ഞു. “ചേച്ചി, പുപ്പുലി എന്ന പേരിൽ ഉള്ള യൂട്യൂബ് ചാനൽ നോക്കൂ. അതാണ് എന്റെ ചാനൽ. എന്നാൽ ശരി’’ എന്ന് അവൻ ബാഗുകളുമായി എഴുന്നേറ്റു. വാതിൽക്കലെ യാത്രക്കാർക്കിടയിലേക്ക് നടന്നു, തുറന്നുകിടന്ന വാതിൽ കടന്ന്... പ്ലാറ്റ്ഫോമിലൂടെ ധൃതിയിൽ നടന്നുനീങ്ങി, ആൾക്കൂട്ടത്തിൽ മറഞ്ഞു.

അവൾ മിണ്ടാതെ പുറത്ത് ഇളകിമറിയുന്ന ജനങ്ങളെ നോക്കി. വിവിധ പ്രായക്കാർ, തരക്കാർ.

വണ്ടി നീങ്ങിത്തുടങ്ങുന്നു. അവൾ ചെറുപ്പക്കാരന്റെ യൂട്യൂബ് ചാനൽ നോക്കാനായി ഫോൺ എടുത്തു. വളരെ നേരിയ തോതിൽ നെറ്റ് ഇഴഞ്ഞു കയറുന്നു. ‘പുപ്പുലി’ പതുക്കെ തെളിയുന്നുണ്ട്. പതിവുപോലെ റീലിൽ അമ്മ വന്നു. പഴയ വീഡിയോകളിൽനിന്ന് വ്യത്യസ്തമായി മകൾ കൂടെ നടക്കുന്നു. അവർ കുളത്തിലേക്ക് നടക്കുകയാണ്. കുട്ടി നല്ല ഉത്സാഹത്തിലാണ്. ഇരുവശങ്ങളിലും നാടൻ ചെടികളും അവയിൽ നിറയെ പൂക്കളും ഉണ്ട്. നല്ല ‘പച്ചപ്പും ഹരിതാഭ’യും. അവൾ സിനിമാ ഡയലോഗ് ഉറക്കെ പറഞ്ഞു. അമ്മ പഴയ, അമ്മ വേഷത്തിൽ അല്ല. മഞ്ഞ ചുരിദാറും ചുവന്ന ടോപ്പുമാണ്.

നന്നായിട്ടുണ്ട്, അവൾ മനസ്സിൽ പറഞ്ഞു. മകൾ ഒരു സ്വിം സ്യൂട്ട് ആണ്. പന്ത്രണ്ടു വയസ്സുള്ള കുട്ടി തന്നെ. അവൾ വട്ടം കറങ്ങിയും അമ്മയെ ചുറ്റിയും സീനിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ക്ലോസപ്പുകൾ വേണ്ടുവോളം. ഇപ്പോൾ അവർ കുളക്കരയിൽ എത്തി. കുളം നിറയെ വെള്ളമുണ്ട്. പഴയ കുളത്തേക്കാൾ അതിനു വീതിയും നീളവും കൂടുതൽ തോന്നുന്നു. മഴ പെയ്തിട്ടുണ്ടാകാം. കലങ്ങിയ വെള്ളത്തിന് ഓറഞ്ചിനും ചുവപ്പിനുമിടക്കുള്ള നിറം. ‘കലങ്ങി രുധിരം മറിഞ്ഞു’ എന്നാണ് കുട്ടിക്കാലത്തു പറഞ്ഞുകേട്ട പ്രയോഗം എന്ന് ഒരു ഞൊടി അവൾക്കോർമവന്നു. ഒരുപക്ഷേ ഇപ്പോൾ കുളത്തിന് ആഴവും കൂടുതൽ ഉണ്ടാവാം. കുട്ടിയെ കൈപിടിച്ച് അമ്മ പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങാൻ സഹായിക്കുന്നു. ശരീരം നനഞ്ഞ അമ്മയും കുട്ടിയും തിരിഞ്ഞ് ക്യാമറയിലേക്ക് നോക്കി ചിരിക്കുന്നു. അമ്മ ചോദിക്കുന്നു, “നിനക്ക് നീന്താൻ അറിയാലോ അല്ലേ?’’

“ഏയ്, എനിക്കറിയില്ല.” കുട്ടി ചിരിക്കുന്നു.

“നീ കള്ളം പറഞ്ഞ് ഇത് കാണുന്നവരെ പേടിപ്പിക്കണ്ട.” അമ്മ മകളെ ചെറുതായി തള്ളിക്കൊണ്ടു പറഞ്ഞു.

“ഇല്ല, അമ്മാ… ചേട്ടൻ ഒരുതവണയേ നീന്തൽ കാണിച്ചു തന്നുള്ളൂ. വെള്ളത്തിൽ പൊങ്ങിക്കിടന്നോളും എന്നും പറഞ്ഞു.’’ കുട്ടി പകുതി തമാശയായും കാര്യമായും പറഞ്ഞു. “തേങ്ങയൊക്കെ പൊങ്ങി കിടക്കൂലേ? അതിന്റെ ഉള്ളിൽ വെള്ളമായതുകൊണ്ടാ, അതുപോലെ മനുഷ്യരും 50-70 ശതമാനം വെള്ളമാ എന്നാ ചേട്ടൻ പറഞ്ഞത്.’’ കുട്ടി വെള്ളം തെറിപ്പിച്ച് അരക്കൊപ്പം വെള്ളത്തിൽ നിന്നു.

‘‘അതൊന്നും അല്ല. നിന്നെ പഠിപ്പിക്കുന്നത് ഞാൻ കണ്ടതല്ലേ?” അമ്മ പറയുന്നു. അമ്മയും മകളും കുളത്തിലെ മീനിനെ പിടിക്കാനായുന്നു. വെള്ളം വകയുന്നു. കൈകൾകൊണ്ട് വെള്ളത്തിന് മീതെ തിമിർക്കുന്നു. ലോങ് ഷോട്ടിലും ക്ലോസപ്പ് ഷോട്ടിലുമായി ക്യാമറ തുള്ളിക്കളിക്കുന്നുണ്ട്.

അവരുടെ ചിരിയും ഉച്ചത്തിൽ കേൾക്കാം. പക്ഷികളുടെ ചിലക്കലും കാക്കകളുടെ ‘ക്രാ’കളും കേൾക്കാം.

ഇതിപ്പോൾ കാണാനെന്തിരിക്കുന്നു എന്ന് അവൾ മടുപ്പോടെ ഫോൺ നിർത്താൻ തുടങ്ങുന്നതിനിടെ പെൺകുട്ടി കുളത്തിനു നടുവിലേക്ക് ചാടുന്നു.

‘‘നീന്താൻ അറിയില്ലാന്ന് പറഞ്ഞിട്ട്” എന്ന് അരക്കൊപ്പം വെള്ളത്തിൽ ചിരിയോടെ നോക്കിനിന്ന് അമ്മ പറയുന്നുണ്ട്.

മകൾ കൈപൊക്കി വെള്ളത്തിന് മീതെ അടിച്ചുകൊണ്ട് പൊങ്ങിയും താണും നീങ്ങുന്നു. പതയുന്ന കുമിളകൾക്കിടയിൽ പൊങ്ങുന്ന ചെറിയ കൈകൾ, കുഞ്ഞു മുഖം... അവ താണും പൊങ്ങിയും നീങ്ങുകയാണ്. പതുക്കെ നിശ്ചലമാകുന്ന വെള്ളത്തിന്റെ ക്ലോസപ്പിൽ ചിത്രം തീരുന്നു.

അവൾ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു. നിന്നുപോയ വീർപ്പിനെ ദീർഘമായി പുറത്തേക്ക് വിട്ടു. കൈകാലിട്ടടിക്കുന്ന കുട്ടിയുടെ തുറന്ന വായും ചെറുകൈകളും ഓർത്തു. കുട്ടി യഥാർഥത്തിൽ വെള്ളത്തിൽ താണുപോയോ? അതോ... അവളുടെ റീലിന് ലക്ഷം കാഴ്ചക്കാർ ആയിക്കഴിഞ്ഞു. എല്ലാവരും കമന്റിൽ ആകാംക്ഷ നിറഞ്ഞ അന്വേഷണങ്ങൾ നടത്തുന്നു. “കുട്ടിയെ കാണിക്കൂ” , “അവളെവിടെ”, “അമ്മ എന്താണ് അനങ്ങാതെ നിൽക്കുന്നത്?’’ എന്നിങ്ങനെ നിരയായി ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നത് അവൾ കണ്ടുകൊണ്ടിരുന്നു.

എന്തിനാകാം ചെറുപ്പക്കാരൻ വിജയവാഡയിലേക്ക് വണ്ടി കയറിയത്! എന്തിനാകാം അയാൾ ധൃതിയിൽ നടന്നുപോയത്! എന്തിനാകാം അയാളുടെ മുഖം ഇടക്കിടെ ഇരുണ്ടും തെളിഞ്ഞും നിന്നത്! ഗസ്സയെ കുറിച്ചും സദ്ദാം ഹുസൈന്റെ ധീരതയെക്കുറിച്ചും പൊട്ടിയൊലിക്കുന്ന ദുരിത കാഴ്ചകളെ കുറിച്ചും വാചാലനായ ഒരാൾ. ഇവൻ അത്ര അന്ധനോ മൂഢനോ അല്ല എന്ന് ആ സംസാരങ്ങൾ അവളെ ഓർമിപ്പിക്കുകയുംചെയ്തതാണ്.

അവൾ ഫോണിൽനിന്ന് മുഖം തിരിച്ചു. എങ്കിലും പെരുവെള്ളംപോലെ ദുരിത കാഴ്ചകൾ അവളെ വന്നു മൂടി. അതിൽ ചെറുപ്പക്കാരന്റെയും വെള്ളത്തിൽ നീന്തിത്തുടിക്കുന്ന അനിയത്തിയുടെയും വെള്ളത്തിനു കീഴെ മറഞ്ഞ അവളുടെ കുഞ്ഞു മുഖവും അമ്മയുടെ നിസ്സംഗമായ നിൽപും ചിത്രങ്ങളായി ഒഴുകിവന്നു.

അകവും പുറവും കരിക്കുന്ന യുദ്ധങ്ങൾ തീരുന്നേയില്ല.

കുരുതിവെള്ളത്തിൽ മുങ്ങിത്താഴുന്ന കുഞ്ഞു ശിരസ്സുകളായി അവ ചുറ്റും ഒഴുകിനടക്കുക തന്നെയാണ്.

 

വായിക്കാനായി എടുത്ത പുസ്തകം ‘ദ ബ്ലൈൻഡ്‌നെസ്’ കയ്യിൽതന്നെ ഇരുന്നു. അടുത്ത സീറ്റിൽ പുതിയതായി വന്നിരുന്ന ചെറുപ്പക്കാരൻ ബാഗുകൾ സീറ്റിനു താഴെ സാവധാനം വെക്കുകയും പുതിയ ഷീറ്റുകളും തലയിണയും ചായ്ച്ചു​െവച്ച് സ്വസ്ഥമായി ഇരിക്കുകയുംചെയ്തു. അയാളെ ഒരുതരത്തിലും പരിഗണിക്കേണ്ടെന്ന് ഉള്ളിൽ നിനച്ച് അവൾ പുസ്തകം തുറന്നു കണ്ണിനു നേരെ പിടിച്ചു വായന തുടരാൻ നോക്കി. എത്ര തവണ വായിച്ചാലും മടുക്കാത്ത പുസ്തകമായി അവൾ കരുതുന്ന നോവലാണ്. ഓടുന്ന തീവണ്ടിയിലെ പുറത്തും അകത്തുമുള്ള കാഴ്ചകളിൽനിന്നകന്ന് ശാന്തമായി അവൾ.

പൊടുന്നനവെ ചെറുപ്പക്കാരൻ അവന്റെ മൊബൈൽ ഉയർത്തിക്കാട്ടി ചോദിച്ചു. “മാഡം, ഒരു നിമിഷം മാഡം ഈ നരച്ച കവറുള്ള പുസ്തകം വായിക്കുന്നതിന്റെ മുപ്പതു സെക്കൻഡ് വീഡിയോ എടുത്തോട്ടെ? ഞാൻ ഒരു വ്ലോഗർ ആണ്. പേര്…” ആ നിമിഷം അവളുടെ നോട്ടം പുസ്തകം വായിക്കുന്ന കഥാപാത്രത്തിന്റേതായി.

News Summary - Malayalam Story