Begin typing your search above and press return to search.

ബ്ലാക്ക് ഫ്രൈഡേ

ബ്ലാക്ക് ഫ്രൈഡേ
cancel

മ്യൂയിങ് ചെയ്തുകൊണ്ട് ചാരുകസേരയിൽ കിടന്ന് 2ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ തിരയുന്നതിനിടെ ദിയയെ രണ്ട് പ്രാവശ്യം അമ്മ വന്ന് തോണ്ടി വിളിച്ചു. മ്യൂയിങ് ചെയ്യുമ്പോൾ അവൾ ഗോഷ്ഠി കാണിക്കുന്നതാണോ അതോ കൊഞ്ഞനം കുത്തുന്നതാണോന്ന് അവളുടെ അമ്മ പണ്ട് വിചാരിച്ചിരുന്നു. അതോ ഇനി അവൾ പശുവിനെ പോലെ അയവിറക്കുന്നത് ബബിൾഗം ചവച്ച് വരാന്തയിൽ തുപ്പിത്തെറുപ്പിക്കാനാണോന്നും അവർ ചിന്തിച്ചിരുന്നു. മേൽപ്പല്ലിനെ നാക്കുകൊണ്ട് തള്ളിപ്പിടിക്കുന്ന ആ വ്യായാമം വായടച്ച് ആരുമറിയാതെയും ചെയ്യാമെന്ന് അവൾ അമ്മയെ പഠിപ്പിച്ചിരുന്നു. ‘‘ചെക്കൻ കാണലിന് പോണ്ടേ. വേഗം റെഡിയായി വാ...’’ ദിയ ബ്ലാക്ക് ഫ്രൈഡേയുടെ നല്ല കോളുകൾ കൂട്ടുകാർക്ക്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

മ്യൂയിങ് ചെയ്തുകൊണ്ട് ചാരുകസേരയിൽ കിടന്ന് 2ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ തിരയുന്നതിനിടെ ദിയയെ രണ്ട് പ്രാവശ്യം അമ്മ വന്ന് തോണ്ടി വിളിച്ചു. മ്യൂയിങ് ചെയ്യുമ്പോൾ അവൾ ഗോഷ്ഠി കാണിക്കുന്നതാണോ അതോ കൊഞ്ഞനം കുത്തുന്നതാണോന്ന് അവളുടെ അമ്മ പണ്ട് വിചാരിച്ചിരുന്നു. അതോ ഇനി അവൾ പശുവിനെ പോലെ അയവിറക്കുന്നത് ബബിൾഗം ചവച്ച് വരാന്തയിൽ തുപ്പിത്തെറുപ്പിക്കാനാണോന്നും അവർ ചിന്തിച്ചിരുന്നു. മേൽപ്പല്ലിനെ നാക്കുകൊണ്ട് തള്ളിപ്പിടിക്കുന്ന ആ വ്യായാമം വായടച്ച് ആരുമറിയാതെയും ചെയ്യാമെന്ന് അവൾ അമ്മയെ പഠിപ്പിച്ചിരുന്നു.

‘‘ചെക്കൻ കാണലിന് പോണ്ടേ. വേഗം റെഡിയായി വാ...’’

ദിയ ബ്ലാക്ക് ഫ്രൈഡേയുടെ നല്ല കോളുകൾ കൂട്ടുകാർക്ക് ഷെയർ ചെയ്തിട്ട് അമ്മയുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.

‘‘കണ്ടോ കണ്ടോ. 3ജോലൈൻ തെളിഞ്ഞു വന്നിരിക്കുന്നത് കണ്ടോ. ഇതിനാണ് മ്യൂയിങ് ചെയ്ത് കിടക്കുന്നത്. മനസ്സിലായോ’’, അവൾ കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി സ്വന്തം താടിയെല്ലിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു. ‘‘എന്നെ തന്നെയാണോ കണ്ണാടിയിൽ കാണുന്നത്. ഒന്ന് വന്ന് നോക്കിയേ...’’ അവൾ അമ്മയുടെ നൈറ്റിയിൽ പിടിച്ച് വലിച്ചു.

‘‘തുടങ്ങിയല്ലോ സൂക്കേട്. നീയല്ലാതെ പിന്നെ നിന്റെ പ്രേതമാണോ. പിരിപ്പെണ്ണ്. പോയി വേഗം കുളിച്ച് റെഡിയാവ്. എല്ലാരും ഇപ്പോഴിങ്ങെത്തും.’’

ദിയ ചെക്കൻ കാണലിന് പോകാനായി ഒരുങ്ങി. പലതരം ലിപ്സ്റ്റിക്ക് ഷെയ്ഡുകൾ പരീക്ഷിച്ച് ഒടുവിൽ ചെറി റെഡിലെത്തി. ബന്ധുക്കളുടെ ഒരു സംഘത്തിനൊപ്പം അഭിഷേകിന്റെ വീട്ടിലേക്ക് രണ്ട് മൂന്ന് വണ്ടികൾ പോകാനൊരുങ്ങി. ദിയ വാശി പിടിച്ച് ഓടിപ്പോയി ട്രാവലറിൽ വലിഞ്ഞു കേറി.

‘‘നീ ഗസ്റ്റല്ലേ. വാ വന്ന് കാറിൽ കേറ്...’’ ഒരമ്മായി ട്രാവലറിൽ നിന്നും അവളെ അധികാരത്തോടെ വലിച്ചിറക്കി കാറിൽ കേറ്റി. കാറിൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാൻ അവൾ കൊതിച്ചെങ്കിലും മ്യൂയിങ് ചെയ്തും ഫോണിൽ തോണ്ടിയും ലിപ്സ്റ്റിക്ക് മാഞ്ഞുപോയോന്ന് കണ്ണാടി നോക്കിയും സമയം കൊന്നു. ബ്ലാക്ക് ഫ്രൈഡേക്ക് ഓൺലൈനിൽ ഓഫറിൽ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി ​െവച്ചു. കുർത്തകളും റൂഷും ടെറാക്കോട്ട കമ്മലുകളും ഒക്കെയടങ്ങിയ ഒരു നീളൻ ലിസ്റ്റായിരുന്നു അത്. ‘‘ടെൻഷനുണ്ടോ...’’ ബന്ധു കൂടെയായ കാർ ഡ്രൈവർ ഇടയ്ക്ക് അവളെ തിരിഞ്ഞുനോക്കി. അവളപ്പോൾ സൂര്യനിൽനിന്നും ചർമത്തെ രക്ഷിക്കാനുള്ള സൺ‌സ്ക്രീൻ മുഖത്തും കയ്യിലും തേയ്ക്കുകയായിരുന്നു.

‘‘ഈ പാലം കഴിഞ്ഞാൽ വീടെത്തുമല്ലേ...’’ അവൾ ഗൂഗിൾ മാപ്പ് നോക്കി ചിരിച്ചു.

‘‘അതിന് പാലമെവിടെ? അതൊരു സ്കൂളല്ലേ. കിളി പോയി അല്ലേ...’’ അയാൾ അവളെ കളിയാക്കി രസിച്ചു. ദിയ ലിപ്സ്റ്റിക്ക് നല്ല ബലത്തിൽ ചുണ്ടിൽ വരച്ച് പിടിപ്പിച്ചു. വർത്താനം പറഞ്ഞും വെള്ളം കുടിച്ചും അത് വരുന്നവഴിയിൽ മാഞ്ഞുപോയിരുന്നു. പിന്നെയവൾ കണ്ണടച്ച് കുറച്ചുനേരം ഉറങ്ങിപ്പോയി.

‘‘കള്ളയുറക്കമാണോ സ്വപ്നം കാണുവാണോ...’’ ദിയയെ ഒന്ന് രണ്ട് പിള്ളേർ ചേർന്ന് പിടിച്ച് കുലുക്കി. അപ്പോൾ കാറ് അഭിയുടെ വീടെത്തിക്കഴിഞ്ഞിരുന്നു.

മുറ്റത്ത് അഭിയും ബന്ധുക്കളും പൂച്ചെണ്ടും ചോക്ലറ്റ് കൂടകളുമായി സന്ദർശകരെ കാത്ത് നിൽപ്പുണ്ടായിരുന്നു. ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്ന് ‘‘എത്തിയോ... ശരിക്കുമെത്തിയോ’’ ന്ന് ദിയ വീണ്ടും വീണ്ടും ചോദിച്ചു.

‘‘എന്താ വിശ്വാസം വരുന്നില്ലേ... ഇങ്ങോട്ടിറങ്ങ്.’’ അവളുടെ മാമൻ അവളെ കാറിൽനിന്നും വലിച്ചിറക്കി. അഭിയുടെ ബന്ധുക്കളുടെ കൂട്ടം ദിയയുടെ ബന്ധുക്കളുടെ കൂട്ടത്തെ വന്ന് വിഴുങ്ങി. ബന്ധുക്കൾ അഭിയുടെ വീടിന്റെ ഊണുമുറിയും വരാന്തയും കയ്യേറി. ചിലർ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കേറി. വാല് പൊടിച്ച ചില പിള്ളേർ ഫ്രിഡ്ജ് തുറന്നും അടച്ചുമിരുന്നു. അഭി ജ്യൂസ് കലക്കിയത് ചില്ല് ഗ്ലാസിൽ പകർന്ന് വിതരണം നടത്തി. കസിൻസ് പിള്ളേർ റീൽസ് പിടിത്തം ആരംഭിച്ചു. കൂട്ടത്തിൽ ഇത്തിരി വിവേകവും ലോകബോധവുമുള്ള ഒരാൾ ഇടപെട്ടു. ‘‘പിള്ളേര് ഒന്ന് ഒറ്റക്ക് സംസാരിക്കട്ടെ. പിന്നെ മോളെ, ദിയാ നീ വീടൊക്കെ ഒന്ന് ഓടിനടന്ന് കാണ്. എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ അത് പറഞ്ഞ് തീർത്തിട്ട് മതി പിന്നത്തെ കാര്യങ്ങൾ.’’

‘‘ഇവിടെ ഇരുന്ന് സംസാരിക്കണ്ട. വാ നമുക്ക് പുറത്തിറങ്ങി നടക്കാം.’’ അഭി ഒരു കുടയും ചൂടി ചെരിപ്പുമിട്ട് ആവേശത്തോടെ പുറത്തേക്ക് ചാടിയിറങ്ങി.

‘‘കൊതുകിന്റെ ബാറ്റ് കൂടെ എടുത്തോ...’’ അഭിയുടെ അമ്മ പുറകേന്ന് വിളിച്ചു. കാറ്ററിങ്ങുകാര് ചുമന്നുകൊണ്ട് പോകുന്ന ചിക്കൻ ബിരിയാണിയുടെ മണം മൂക്കിലേറ്റി അഭിയും ദിയയും നടക്കാനിറങ്ങി. ‘‘ഇനിയീ ജീവിതം മുഴുവനുമിങ്ങനെ ഒരുമിച്ച് നടക്കാനുള്ളതല്ലേ. പോയിട്ട് വാ...’’ തല നരച്ച ഒരു ബന്ധു അവരെ ആശീർവദിച്ചു. കസിൻ പിള്ളേരുടെ സംഘം കാൻഡിഡ് പടങ്ങളെടുക്കാനും അവരറിയാതെ അവരെ ഷൂട്ട് ചെയ്യാനും ഒറ്റരാത്രികൊണ്ട് ആ റീൽസ് ലോകം മുഴുവനും പടർത്താനും തയാറെടുത്ത് പാത്തും പതുങ്ങിയും അവർക്ക് പിന്നാലെ കൂടി.

അഭിയുടെ വീടിരിക്കുന്നത് വിശാലമായ ഒരു പറമ്പിന് എതിരുവശത്തായിട്ടാണ്. മരച്ചീനി കൃഷിചെയ്ത ആ സ്ഥലം പിന്നിട്ടാൽ ഒറ്റക്കും തെറിച്ചും ചില വീടുകളുണ്ട്. പിന്നെ പന്ത് കളിക്കാനുള്ള മൈതാനം. റോഡ് മുറിച്ചുകടന്ന് അപ്പുറത്ത് പോയാൽ ബസ് സ്റ്റോപ്പും പോസ്റ്റ്‌ ഓഫീസും. സംസാരിച്ചുതുടങ്ങിയത് അഭിതന്നെയാണ്.

‘‘ഈ സ്ഥലമൊക്കെ പിടിച്ചോ?’’ അവൻ അവളുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ച് നോക്കി. നല്ല തെളിച്ചമുള്ള മുഖം. ഒറ്റയൊരു പാടോ കുഴിയോ കുരുവോ ഇല്ല. മേൽചുണ്ടിൽ മീശയില്ല. മ്യൂയിങ് ചെയ്ത് നടക്കുന്നതുകൊണ്ട് ഉത്തരം പറയാൻ ദിയ ഇത്തിരി വൈകി. ‘‘കൊള്ളാം. നല്ല പച്ചപ്പും ഹരിതാഭയും. പിന്നെ നല്ല തെളിഞ്ഞ ആകാശം. നല്ല കാറ്റ്. പക്ഷേ ഒരു കുഴപ്പമുണ്ട്, നമ്മളിവിടെ നിൽക്കില്ലല്ലോ. നമ്മൾ പറക്കുമല്ലോ.’’ അവൾ കൈകൊണ്ട് വിമാനമുണ്ടാക്കി. കസിൻ കൂട്ടത്തിന് റീൽസ് കൊഴുപ്പിക്കാൻ ഒരു വക കിട്ടി. ‘‘അവളെന്താ മുദ്ര കാണിക്കുന്നത്. ഡാൻസാണോ...’’ പിന്നാലെ പാത്ത് വന്നവർ അത് കണ്ട് അമ്പരന്നു.

‘‘ഏത് സ്ഥലമാണ് നീ നോക്കി​െവച്ചിരിക്കുന്നത്?’’ അഭി ആർദ്രനായി.

‘‘ഇറ്റലി. കുറച്ച് പോയാൽ യൂറോപ്പ് മുഴുവനും ഒരു മുട്ടായി പോലെ കൈവെള്ളയിൽ. നഴ്സുമാർക്ക് ഈ ലോകത്തെവിടെയും ജോലി കിട്ടും. അങ്ങനെ പറന്ന് പറന്ന് നമുക്കീ ലോകം മുഴുവനും കാണാം.’’

‘‘നമുക്ക് അവിടെ പോയങ്ങ് അടിച്ച് പൊളിക്കാം.’’ അഭി അവളുടെ കൈ ചേർത്തു പിടിച്ചു.

‘‘നല്ല തണുപ്പായിരിക്കും.’’ അവൾ കുളിരുന്നതുപോലെ അഭിനയിച്ച് കാണിച്ചു.

‘‘അവിടെയൊക്കെ നേരം വെളുക്കുമ്പോഴേ അടിച്ച് തുടങ്ങും.’’ അവർ പൊട്ടിച്ചിരിച്ചു. ‘‘ഫുൾ ഫ്രീഡം... ഹോ ചില്ലായിരിക്കും.’’ അവർ ചിരിച്ച് മറിഞ്ഞു.

‘‘പക്ഷേ എനിക്ക് ചെറിയൊരു രോഗമുണ്ട്. അതൊന്ന് തുറന്ന് പറയണം ഈ കല്യാണം നടക്കും മുമ്പേ...’’ ദിയ അവളുടെ നടത്തത്തിന്റെ വേഗത കുറച്ചെങ്കിലും മ്യൂയിങ്ങിന്റെ താളം വിട്ടില്ല. ഇപ്പോൾ അവളുടെ മുഖം കൂടുതൽ തിളങ്ങി.

‘‘എന്ത് രോഗം... ഉറക്കത്തിൽ കിടന്ന് മൂത്രമൊഴിക്കുമോ? പേടിക്കണ്ട, നമുക്ക് പാഡ് സെറ്റാക്കാം.’’ അഭി അവളെ വഴിയിലെ ഒരു കയ്യാലയിൽ കേറ്റിയിരുത്തി. രണ്ട് പേരും അവിടിരുന്ന് കാലാട്ടിക്കൊണ്ട് മൈതാനം നോക്കി. അസാധാരണമായൊരു കാറ്റ് അവരെ തൊട്ട് പോയി. അവർ ചേർന്നിരുന്നു. ദിയ അവന്റെ തോളിലേക്ക് മറിഞ്ഞ് വീണു.

‘‘നഴ്സുമാർക്കും രോഗം വരാല്ലോ അല്ലേ.’’ അവൾ അഭിയുടെ 4ആദംസ് ആപ്പിൾ തൊട്ട് നോക്കി. തൊട്ടും പിടിച്ചുമിരിക്കാൻ അഭിക്കോ അവൾക്കോ നാണമൊട്ടും തോന്നിയില്ല. പ്രകൃതി കൂടെയൊന്ന് വിചാരിച്ചാൽ രണ്ട് പേരും ഒരു ലിപ്പ് ലോക്കിലേക്ക്‌ വീണുകൂടാതില്ല. ‘‘എനിക്ക് തൊണ്ടമുഴയിൽ പിടിച്ചോണ്ടിരിക്കാൻ ഇഷ്ടമാണ്.’’ അവളുടെ മുഖം കൂടുതൽ പ്രകാശിച്ചു.

‘‘കളിയെടുക്കാതെ, കാര്യം പറ. എന്താണ് രോഗം? 5സോമനാംബുലിസമാണോ? അതോ 6ക്ലെപ്റ്റോമാനിയയോ?’’ അഭി തനിക്ക് പരിചയമുള്ള കനപ്പെട്ട രണ്ട് പേരുകൾ ഒരുമിച്ച് പറഞ്ഞ് പണി എളുപ്പമാക്കി. അവർ ഇപ്പോൾ സംസാരിക്കുന്നത് ഒളിച്ചിരുന്ന് കേട്ടാൽ പണ്ട് പണ്ടേ പരിചയമുള്ള രണ്ട് പേരാണെന്നേ തോന്നൂ.

‘‘ഹോ... അതോ... അതൊരു കഥയാണ്. ഇനി കാര്യമാണോന്ന് ചോദിച്ചാൽ കാര്യം. സംഭവമല്ലേ എന്ന് വച്ചാൽ സംഭവംതന്നെ. ഓർമയെന്നും വിളിക്കാം. ചിലപ്പോൾ തോന്നും എന്തോ രോഗം. അത് എന്റെ ജീവിതത്തിൽ സംഭവിച്ചതാണോന്ന് ചോദിച്ചാൽ എന്തോ...’’ അവൾ വായ വലിച്ച് തുറന്ന് നാക്കു നീട്ടി പുറത്തേക്കെറിഞ്ഞു. 7കോളർ ബോൺ പ്രദർശിപ്പിച്ചു.

 

‘‘കോളർ ബോൺ ഇത് പോലൊന്ന് കിട്ടാൻ തപസ്സിരിക്കണം അറിയാമോ. ഹോളിവുഡ്‌ ബോളിവുഡ്‌ നടിമാരെ കണ്ടിട്ടില്ലേ. ഇതങ്ങനെ ചുമ്മാതൊന്നും കിട്ടൂല്ല. ബ്യൂട്ടീ ബോണാണ്. ആളുകൾ ഇത് കണ്ട് കൊതിയിറക്കും...’’ അവൾ അഭിമാനത്തോടെ ഞെളിഞ്ഞിരുന്നു.

‘‘ആ... പറ... പറ... പെട്ടെന്ന് പറ. രോഗത്തിന്റെ പേര് പറ.’’ അഭി അവളുടെ കാലിലെ പച്ച നെയിൽപോളീഷ് ഇഷ്ടത്തോടെ നോക്കി. കയ്യിലെ നെയിൽപോളീഷ് പല നിറങ്ങൾ ഇടകലർത്തി ഇട്ടതാണ്.

‘‘ചുവപ്പോ ബ്രൗണോ നിറമല്ലേ സാധാരണ ഇടാറ്...’’ അവൻ ദിയയുടെ നഖത്തിൽ കൗതുകത്തോടെ തൊട്ടുനോക്കി.

‘‘ഓ... പച്ചയും മഞ്ഞയും നീലയും കറുപ്പും പിന്നെ എല്ലാം കൂടെ കൂട്ടി കലർത്തിയും ഇടാം. ഇടാതെയുമിരിക്കാം. കാലിലെ ആണോ കൂടുതൽ ഇഷ്ടപ്പെട്ടത്. കയ്യിലെയാണോ...’’ അവൾ ​െവച്ച് പിടിപ്പിച്ച കൃത്രിമനഖം നീട്ടി കൊഞ്ചി.

‘‘രണ്ടും കൊള്ളാം.’’ അവൻ നിവർന്നിരുന്ന് അവളുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചു.

‘‘വേഗം കഥ പറ. സമയം പോയി.’’ ഒരു മണിക്കൂർകൊണ്ട് അവർ ഒരു യുഗത്തിലെ സുഹൃത്തുക്കളെ പോലെയായി മാറിയിരുന്നു.

‘‘ഇന്നാ പിടിച്ചോ... ഞാൻ നഴ്സിങ് കഴിഞ്ഞ് നിൽക്കുന്ന സമയം. റിസൽട്ട് പോലും വന്നിട്ടില്ല. അത്രയും ഫ്രഷ്. അയൽവക്കത്തെ ചേച്ചി പറഞ്ഞിട്ട് വെറുതെ നിൽക്കണ്ടാന്ന് വിചാരിച്ചാണ് കോടതിക്കടുത്തെ ആ വീട്ടിൽ ബേബിസിറ്ററായിട്ട് പോയത്. കോടതി കഴിഞ്ഞ് വളവുതിരിഞ്ഞ് പോകുന്ന വഴിയിൽ അങ്ങേ അറ്റത്തുള്ള ആ വല്യ ബംഗ്ലാവ് പോലിരിക്കുന്ന വീട്. പെട്ടെന്ന് ഒരു ജോലി ഒത്തതിൽ ഞാൻ സന്തോഷിച്ചു. എനിക്ക് പൊടികൊച്ചുങ്ങളെ എടുക്കാനും കുളിപ്പിക്കാനും തൊട്ടിലിൽ കിടത്തി ആട്ടി ഉറക്കാനുമൊക്കെ എന്ത് ഇഷ്ടമാണെന്നോ. കുഞ്ഞുങ്ങളുടെ മണം. ഹോ, അതിന് മുന്നിൽ ഏത് പെർഫ്യൂമും തോറ്റ് തുന്നംപാടും. പിന്നെ ആ പോക്കറ്റ് മണികൊണ്ട് ഫൗണ്ടേഷനും ക്രീമുമൊക്കെ വാങ്ങിക്കാമല്ലോ.

അമ്മേടെ മുന്നിൽ പോയി കൈ നീട്ടണ്ടല്ലോ. സംഭവം കളറാവൂല്ലേ. ജോലിക്ക് കേറും മുമ്പ് ഞാനീ നീളൻ നഖമൊക്കെ വെട്ടിമാറ്റി കുറച്ച് വൃത്തിയായിരുന്നു. കുഞ്ഞിനെങ്ങാനും കൊണ്ടാലോ. അതിന് പുറം വേദനിച്ചാലോ. ഓഹ്... ആ വീട്ടിൽ ആദ്യത്തെ ദിവസം പോയപ്പോൾ തന്നെ ആ വീട്ടുകാർ പൈനാപ്പിൾ ജ്യൂസും പ്ലംകേക്കും തന്ന് എന്നെ സൽക്കരിച്ചു. കുഞ്ഞിന്റെ അച്ഛനും അമ്മയും വന്ന് പേരൊക്കെ ചോദിച്ച് വിസ്തരിച്ച് പരിചയപ്പെട്ടു. ഇട്ട് വരാൻ നീളൻ ഗൗണും ഉടുപ്പുകളും തന്നു. നല്ല പൂക്കളുള്ള ഏപ്രൺ, ഡെറ്റോളും മറ്റ് മരുന്നുകളും, സോപ്പും ടർക്കിയും തന്നു. ഞാനവിടെ ഇരിക്കുമ്പോൾതന്നെ വേലക്കാരിയും പൂന്തോട്ടക്കാരനും ഡ്രൈവറും വന്ന് പോയി.

‘കുഞ്ഞിനെ കാണാമല്ലേ...’ ഞാൻ പതിയെ സോഫയിൽനിന്നുമെഴുന്നേറ്റു.

കുഞ്ഞിന്റെ അമ്മ, അതിസുന്ദരിയാണ് അവർ. മേക്കപ്പിട്ടിട്ടുണ്ടെന്ന് തോന്നുകയേയില്ല. അവർ വീടിന്റെ ലിവിങ് റൂമിന് എതിരു വശത്തെ കിടപ്പ്മുറിയിലേക്ക് ചൂണ്ടിക്കാണിച്ചു. അവിടെ പീച്ച് നിറമുള്ള കർട്ടൻ കാറ്റിൽ ഒഴുകിക്കൊണ്ടിരുന്നു. തടികൊണ്ടൊരു തൊട്ടിൽ ഉള്ളിൽനിന്നുമിത്തിരി വെളിയിലേക്ക് കാണാം. അതിനെ പൊതിഞ്ഞ് കറക്ക് കളിപ്പാട്ടങ്ങൾ. പീ പീ ഊത്തും പന്തും ഒരു അണ്ണാൻ കുഞ്ഞ് കളിപ്പാട്ടവും നിലത്ത് ചിതറി കിടപ്പുണ്ട്. കുഞ്ഞിന്റെ അച്ഛനും അമ്മയും ചിരിച്ചുകൊണ്ടേയിരുന്നു. അവർ വളരെ പതുക്കെ സംസാരിക്കുന്നവരായിരുന്നു. പതുക്കെ സംസാരിക്കുന്നവരെ സൂക്ഷിക്കണം. അവർ എപ്പോൾ വേണമെങ്കിലും ഒച്ചവച്ച് തുടങ്ങാം. ‘ഇന്ന് പോയി നാളെ വരൂ. ഉച്ച വരെയാണ് നിങ്ങളുടെ ജോലിസമയം’ അവർ മൃദുവായി പറഞ്ഞു. അന്ന് ഞാൻ സ്‌കൂട്ടിയോടിച്ച് വീട്ടിലേക്ക് തിരിച്ചു പോയി.

പിറ്റേന്ന് ജോലിക്കെത്തിയപ്പോൾ കുഞ്ഞിന്റെ അമ്മ പുറത്തേക്കെവിടെയോ പോകാൻ തയാറായി നിൽപുണ്ടായിരുന്നു. അവർ കൃത്രിമ കൺപീലി ​െവച്ചു പിടിപ്പിച്ചിട്ടുണ്ടായിരുന്നു. ഫൗണ്ടേഷൻ ഇട്ടിട്ടുള്ളതുകൊണ്ടാവാം മുഖം കൂടുതൽ തിളങ്ങി. അവരെനിക്ക് കുടിക്കാൻ ജ്യൂസും കഴിക്കാൻ കുക്കീസും തന്നു. ജോലിയെ സംബന്ധിച്ച് ചില നിർദേശങ്ങൾ തന്നു. ‘ഈ മുറിയുടെ മുന്നിൽ തന്നെയിരുന്നാൽ മതി. അകത്തോട്ട് പോകണ്ട. കുഞ്ഞ് ഉറക്കമാണ്. ഉണരും മുമ്പേ ഞാനിങ്ങെത്തും.’ ഇത്രയും പറഞ്ഞ് അവർ എങ്ങോട്ടോ പോയി. കുറച്ചു നേരം ഞാൻ അന്തംവിട്ട് കുന്തം വിഴുങ്ങി അവിടെ ഉറഞ്ഞുപോയി. പിന്നെ ആ മുറിയും വീടും നടന്ന് കാണാൻ തുടങ്ങി. കണ്ടാലും കണ്ടാലും തീരൂല്ല അവിടത്തെ കാഴ്ചകൾ.

പലതരം ചിത്രങ്ങൾ. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും കൊണ്ടുവന്നു കൂട്ടിയിട്ട കരകൗശല വസ്തുക്കൾ, പാവകൾ. ആ വീട്ടിലെ കുഞ്ഞ് വളർന്ന് വലുതായി വയസ്സാവുന്നതുവരെ ഉപയോഗിക്കാൻ പറ്റുന്ന അത്രയും സാധനങ്ങൾ അവിടെ കൊണ്ട് നിറച്ചിട്ടുണ്ടായിരുന്നു. ഒരേ സമയം കാണിക്കുന്ന നിരവധി ഘടികാരങ്ങൾ ചുവരുകളിൽ ഇരുന്ന് ചിലച്ചു. ഇരുന്നാൽ ഉറങ്ങി പോകുന്ന ഒരു സോഫ. ഞാൻ പ്യൂമിക് സ്റ്റോൺ ​െവച്ച് എന്റെ കാലിനെ ഉരസി മനോഹരമാക്കിക്കൊണ്ടിരുന്നു. ഒഴിവ് സമയങ്ങൾ അപകടകാരികളാണ്, അവർ നിങ്ങളെ കൂടുതൽ സുന്ദരിയാക്കി മാറ്റും. ഇടക്ക് കുഞ്ഞ് ഉണർന്ന് കരഞ്ഞതേയില്ല. അന്ന് ഞാനാ മുറിയിൽ കയറിയതുമില്ല. ഉച്ചയാകാറായപ്പോൾ കുഞ്ഞിന്റെ അമ്മ വന്നു.

മുലപ്പാല് കൊടുക്കാനാവണം തിടുക്കത്തിൽ മുറിയിലേക്ക് പോയി. ഒരുപാട് നേരം ഞാൻ അവരെ കാത്ത് ആ മുറിയുടെ പുറത്ത് കാവലിരുന്നു. അവർ കുഞ്ഞിനെ താരാട്ട് പാടി ഉറക്കി മടങ്ങിവന്ന് സന്തോഷത്തോടെ സോഫയിൽ കിടന്നു. എത്ര മനോഹരമായിരുന്നു അവരുടെ ആ താരാട്ട്! അത് കേട്ടാൽ ഏത് ജീവിയും കണ്ണടച്ച് ഉറങ്ങിപ്പോകും. ആ ദിവസവും അതിനടുത്ത ദിവസവും പിന്നീടുള്ള ദിവസവുമൊക്കെ അങ്ങനെ തന്നെ കടന്നുപോയി. ദിവസം കഴിയുംതോറും ഞാനാകെ അങ്കലാപ്പിലായി. ഇതെന്ത് ജോലി? ഇട്ടിട്ട് പോകാൻ തോന്നി. ബേബിസിറ്ററെന്ന് പറഞ്ഞ് വിളിപ്പിച്ചിട്ട് കുഞ്ഞിനെ കളിപ്പിക്കാനോ ഒന്ന് തൊടാനോ എന്തിനൊന്ന് കാണാനോ പോലുമാകുന്നില്ല. കുഞ്ഞുറങ്ങുന്ന മുറിയിലേക്ക് കടക്കാൻപോലും അനുവാദമില്ല. എനിക്ക് വേണ്ടാ, നോക്കുകുത്തി കൂലി. നിർദേശം തെറ്റിച്ച് ഒന്ന് കുഞ്ഞിനെ കേറി കാണാമെന്ന് ​െവച്ചാലോ കണ്ണും വായും നീട്ടി ആ മുറിയും വീടുമാകെ സി.സി.ടി.വികൾ.

കുഞ്ഞ് അച്ഛനെയും അമ്മയെയുംപോലെ ശാന്തസ്വഭാവിയായിരിക്കാനാണ് സാധ്യത. വാശി പിടിച്ച് കരയുന്നില്ല. ഒച്ചയെടുക്കുന്നില്ല. ഇതൊരു അത്ഭുതശിശു തന്നെ! ഈ കുഞ്ഞിന് ആയാസപ്പെട്ട് പണിയെടുക്കുന്ന ഒരു ബേബിസിറ്ററെ വേണ്ടേ വേണ്ട. ദിവസം മുഴുവനും കുഞ്ഞിന്റെ മുറിയിൽനിന്നും നറുമണം വീടാകെ പടർന്നു. ജനിച്ച് അധികം ദിവസമായിട്ടില്ലാത്ത കുട്ടികളുടെ മണം. അതെങ്ങനെ പറഞ്ഞ് മനസ്സിലാക്കിത്തരും? കുത്തി കേറുന്ന മണമല്ല. പവിഴമല്ലി പൂവിന്റെ നേർമയുള്ള മണം.’’ ദിയ കാലാട്ടിക്കൊണ്ട് അഭിയുടെ മണംപിടിച്ച് ബോധിച്ചു.

‘‘ഒരു കാഴ്ചക്കാരിയെ പോലെ കുഞ്ഞ് കിടക്കുന്ന മുറിക്ക് ഞാനെന്നും കാവലിരുന്നു. ദിവസങ്ങളിഴഞ്ഞ് നീങ്ങി. കുഞ്ഞിന്റെ അമ്മ എന്നും രാവിലെ പുറത്ത് പോകും. ഫേഷ്യൽ ചെയ്യാനോ തുണി അയൺ ചെയ്യാൻ കൊടുക്കാനോ പൂച്ചട്ടികൾ വാങ്ങിക്കാനോ ആയിരിക്കും. പുറത്ത് പോയില്ലെങ്കിൽ കേക്ക് ബേക്ക് ചെയ്യുകയോ ചിക്കൻ ഗ്രില്ല് ചെയ്യുകയോ ആവും. കുഞ്ഞിന്റെ അച്ഛനും അമ്മയും കൂടെ ചില ദിവസങ്ങളിൽ വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ വാങ്ങിച്ച് കൊണ്ടു വന്ന് പീച്ച് കർട്ടനിട്ട് മറച്ച മുറിയിലേക്ക് പോകും. അവർ കുഞ്ഞിനെയെടുത്ത് താലോലിക്കും. പൊന്നേ മുത്തേ ചക്കരേ എന്നൊക്കെ വിളിക്കുന്നത് കേൾക്കാം.

കുഞ്ഞിനൊപ്പം മണിക്കൂറുകളോളം കളിക്കും. സത്യത്തിൽ ഒരു മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ പേര് പോലും എനിക്ക് അറിഞ്ഞുകൂടായിരുന്നു. അറിയേണ്ട ആവശ്യവും വന്നിരുന്നില്ലല്ലോ. മാസം തീരും മുമ്പേ എന്റെ അക്കൗണ്ടിൽ ശമ്പളം വന്ന് വീഴും. ‘നിനക്ക് എന്ത് ആവശ്യം വന്നാലും ചോദിക്കാൻ മടിക്കരുത്. നീ ഞങ്ങളുടെ കുഞ്ഞിന്റെ പുന്നാര ബേബി സിറ്ററല്ലേ.’ ആദ്യമാദ്യം ജോലി ചെയ്യാതിരിക്കുന്നത് എനിക്ക് ബോറടിച്ചെങ്കിലും പിന്നീടത് സൗകര്യവും ശീലവുമായി. കുഞ്ഞിന്റെ മുറിക്ക് മുന്നിൽ വന്നു നിന്ന് അകത്തേക്ക് നോക്കാൻപോലും പിന്നീട് ഞാൻ മിനക്കെട്ടില്ല. ലോകത്തെ ഏറ്റവും സുഖമുള്ള ആ ജോലി ചെയ്തുകൊണ്ട് ഞാൻ ദിവസം മുഴുവനും ഇൻസ്റ്റ നോക്കി.

ഫിൽറ്റർ കാപ്പി കുടിച്ചു. പഴങ്ങളും സാലഡും കഴിച്ചു. ചിലപ്പോൾ സെൽഫിയെടുത്തു. ഭൂമി മുഴുവനുമുള്ള കൂട്ടുകാരോട് ചാറ്റ് ചെയ്തു. ഇറ്റലിയിലെ ജോലിക്ക് റെസ്യൂമെ തയാറാക്കി. പെഡിക്യൂർ ചെയ്തു. തലയിൽ ഹെന്നയിട്ടു. തിന്ന് കൊഴുത്തു. ഉറങ്ങി മരിച്ചു. മരിച്ചുറങ്ങി. കൂടുതൽ സുന്ദരിയായി. എന്റെ കോളർ ബോണിൽ ചത വന്ന് നിറഞ്ഞു. എന്നാലും ഞാൻ അപ്പോഴും സുന്ദരിതന്നെ ആയിരുന്നു. അടുക്കള പണിക്കാരിയും ഡ്രൈവറും പൂന്തോട്ടക്കാരനും വന്നു പോയി. ആരുമൊന്നും മിണ്ടിയില്ല. വിചിത്രംതന്നെ. അവർക്കും അങ്ങനെ വല്യ പണിയൊന്നുമില്ലായിരുന്നു. ചുമ്മാതെയിരുന്ന് ശമ്പളം വാങ്ങിച്ച് തിന്നുന്നതിൽ പിന്നീട് പിന്നീട് ജാള്യത തോന്നിയില്ല. അത് അങ്ങനെ തന്നെയാണ്. മനുഷ്യന്റെ മനസ്സ് അങ്ങനെയാണ്. അത് എപ്പോഴും സുഖത്തിന് വേണ്ടി മണംപിടിച്ചുകൊണ്ടിരിക്കുന്ന ഒരു നായയെ പോലെയാണ്. പിന്നീട് കുഞ്ഞിനെ കുറിച്ച് ഞാൻ തീരെ ചിന്തിക്കാതായി.

ദിവസങ്ങൾ കടന്നുപോയി. അവിടെയിരുന്ന്‌ ഞാൻ നല്ല ജോ ലൈൻ കിട്ടാനായി മ്യൂയിങ് ചെയ്ത് പഠിച്ചു. 8കൊറിയൻ ചർമം കിട്ടാനുള്ള വെബ്സൈറ്റുകളിൽ മുങ്ങിനിവർന്നു. അന്നും ഇത് പോലെ നല്ല മഞ്ഞുള്ള ഒരു ദിവസം. കുഞ്ഞിന്റെ അമ്മ പതിവു പോലെ വീട്ടിൽനിന്നുമിറങ്ങി. ഞാനന്നവരെ ആദ്യമായി മേക്കപ്പിടാതെ കണ്ടു. കണ്ണിന് താഴെ ഒരു കറുത്ത തടാകമുറങ്ങുന്നു. തല നിറച്ചും വെളുത്ത നൂലുകൾ പൊട്ടി മുളച്ച് നിൽപ്പുണ്ട്. കഴുത്തിൽ അട്ട ചുറ്റിയതുപോലെ പാടുകൾ. മേക്കപ്പിട്ട് അവർ പൊതിഞ്ഞ് ​െവച്ചിരുന്ന എന്തെല്ലാമോ വളരെ വേഗത്തിൽ ഒറ്റക്കെട്ടായി അഴിഞ്ഞുപോയിരുന്നു. കുഞ്ഞിന്റെ അച്ഛൻ വഴിയിൽ കാത്തുനിൽക്കും, താമസിച്ചുപോയി എന്നുപറഞ്ഞ് അവർ വേഗമിറങ്ങിപ്പോയി. ഞാൻ പതിവുപോലെ സോഫയിൽ പോയി കിടന്നു. കാലാട്ടിക്കൊണ്ട് മ്യൂയിങ് തുടർന്നു.

ഡിസംബർ അടുക്കാറായിരുന്നല്ലോ. മുറിക്കുള്ളിലും ചെറിയ തണുപ്പുണ്ട്. കുഞ്ഞിന് തണുക്കുമോ എന്ന് പെ​െട്ടന്ന് എനിക്കൊരു ആധി കേറി. കുഞ്ഞിന്റെ അമ്മ തിരിച്ചുവരാൻ കുറച്ച് വൈകുമെന്ന് പറഞ്ഞിരുന്നു. കുഞ്ഞിന് തണുത്ത് വല്ല പനിയും പിടിക്കുമോ. ഹൂഡി പോലെ തലയും കഴുത്തും പൊതിയുന്ന ഒരുടുപ്പ് ഏതെങ്കിലും അലമാരയിൽ കാണും. അതെടുത്ത് കുഞ്ഞിനെ അണിയിച്ചാലോ. അതോ ഒരു ക്വൽറ്റ് എടുത്ത് കനത്തോടെ പുതപ്പിക്കണോ. കുഞ്ഞ് അങ്ങനെയിങ്ങനെ കരയുന്ന ആളല്ല. തണുപ്പ് സഹിച്ച് അമ്മ വരുന്നതുവരെ എത്രനേരം വേണമെങ്കിലും അടങ്ങിക്കിടക്കും.

അലറിക്കരഞ്ഞ് ലോകത്തിന്റെ ശ്രദ്ധയും സ്നേഹവും കിട്ടേണ്ട കാര്യമൊന്നും ഈ കുഞ്ഞിനില്ല! മ്യൂയിങ് ചെയ്തിരിക്കുമ്പോൾ തലയിൽ അങ്ങനെ നൂറായിരം കാര്യങ്ങൾ ടോർച്ച് കത്തിച്ചു. മ്യൂയിങ്ങിന്റെ ഒരു ഗുണം അതാണ്‌. തലയിൽ ഇടയ്ക്കിടെ ബൾബ് കത്തും. എന്തെങ്കിലുമൊക്കെ കാര്യമായി പ്രവർത്തിക്കാൻ തോന്നും. ഗുണിച്ചും ഹരിച്ചും കിഴിച്ചും കൂട്ടിയും കുറച്ചുമൊക്കെ സമയം കളയാൻ നമ്മുടെ ജെൻ മെനക്കെടുമോ. എടുത്തുചാടി. പീച്ച് കർട്ടൻ വകഞ്ഞുമാറ്റി അകത്തോട്ട് കേറി. സി.സി.ടി.വി നോക്കി ഫ്ലയിങ് കിസ്സ് കൊടുത്തു. ജോലി പോകുന്നെങ്കിൽ, പോട്ടെ, പുല്ല്, കുഞ്ഞിന് തണുക്കും.

അഭീ, നീയത് പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല എന്നാലുമത് ഈ കഥയിൽ ഒഴിവാക്കാൻ പറ്റില്ല, അത്... അതൊരു മനുഷ്യക്കുഞ്ഞായിരുന്നില്ല...’’

‘‘പിന്നെ?’’

‘‘ഞാൻ മുറിക്ക് കാവലിരുന്നത് ഒരു സിലിക്കോൺ ബേബിക്കായിരുന്നു. ചലിക്കാനോ ചിരിക്കാനോ കരയാനോ കഴിയാത്ത ഒരു സിലിക്കോൺ കുഞ്ഞ്. ജീവനുണ്ടോന്നറിയാൻ നഴ്സാവണമെന്നൊന്നുമില്ല.’’

‘‘സിലിക്കോൺ കുഞ്ഞോ? എന്താണത്?’’ അഭി അത് ആദ്യം കേൾക്കുകയായിരുന്നു.

‘‘യഥാർഥ കുഞ്ഞിനെ പോലിരിക്കുന്ന ഒരു പാവക്കുഞ്ഞ്. നല്ല വിലയാണതിന്.’’ ദിയ ലിപ്സ്റ്റിക്ക് പോയിട്ടുണ്ടോന്ന് തൊട്ടു നോക്കി.

‘‘ആളുകൾക്ക് എന്താ വട്ടുണ്ടോ. ഇത്ര വില കൊടുത്ത് പാവകൾ വാങ്ങിക്കാൻ...’’

‘‘അതങ്ങനെയല്ല അഭീ, കുട്ടികൾ ഇല്ലാത്തവരും കുട്ടികൾ അബോർഷനിൽ നഷ്ടപ്പെട്ട് പോയവരും ആ ട്രോമയിൽനിന്നും കരകേറാൻ സിലിക്കോൺ പാവകളെ വാങ്ങി വീട്ടിൽ വെക്കും. ചിലർ കൗതുകത്തിനും. കുഞ്ഞ് ജനിക്കും മുമ്പേ ചില ദമ്പതികൾ ഒന്ന് പ്രാക്ടീസ് ചെയ്യാനായും സിലിക്കോൺ കുട്ടികളെ വല്യ വില കൊടുത്ത് വാങ്ങിക്കും. അതിനെ തൊടും, ഒരുക്കും കൂടെ കിടത്തും. കുളിപ്പിക്കും. ഉടുപ്പുകൾ മാറിമാറി അണിയിക്കും. താലോലിക്കും. ഒരു മനുഷ്യക്കുട്ടിയോട് എങ്ങനെയൊക്കെ പെരുമാറുമോ അതുപോലെ തന്നെ സിലിക്കോൺ കുഞ്ഞിനോടും പെരുമാറാം.’’

‘‘നീയെങ്ങനെ അത് കണ്ടുപിടിച്ചു?’’ അഭി അവളുടെ കോളർ ബോൺ കൊതിയോടെ നോക്കി. ദിയ അവന്റെ ആദംസ് ആപ്പിളിൽ പിടിച്ചുകൊണ്ട് കഥ തുടർന്നു.

 

‘‘അന്ന് ബ്ലാക്ക് ഫ്രൈഡേ ആയിരുന്നു. ആളുകൾ ഭ്രാന്ത് പിടിച്ച് ഷോപ്പിങ്ങിന് പോകുന്ന ദിവസം. ആളുകളെ മുട്ടി വഴിയിൽ നടക്കാൻ പറ്റില്ല. മുടിഞ്ഞ ട്രാഫിക് ബ്ലോക്കുമായിരിക്കും. കുഞ്ഞിന്റെ അച്ഛനും അമ്മയും രാത്രി ഷോപ്പിങ് കഴിഞ്ഞ് എത്തിയിരുന്നില്ല. നല്ല ഓഫറിൽ സാധനങ്ങൾ കിട്ടുന്ന ദിവസമാണല്ലോ. അവരെത്താൻ ഇനിയും വൈകും. ലോകം മുഴുവനുമുള്ള കടകളിലെ ബ്ലാക്ക് ഫ്രൈഡേ വിലക്കുറവ് ഫോണിൽ നോക്കി ഞാൻ കുറച്ചുനേരം കൂടെ അവിടെ പിടിച്ചുനിന്നു. തണുപ്പ് കൂടിക്കൂടി വന്നു. മ്യൂയിങ് ചെയ്ത് തളർന്നു. വളർന്നുകൊണ്ടിരിക്കുന്ന രാത്രി. നിശ്ശബ്ദത ആ വീടിനെ ആകമാനം വിഴുങ്ങിയിരുന്നു. ഒരുതരം മരവിപ്പ് എന്നെ വിഴുങ്ങി. നല്ല വിശപ്പുമുണ്ട്.

തണുപ്പുള്ള രാത്രികളിൽ വിശപ്പ് കൂടും. കുഞ്ഞ് സിലിക്കോണായതിൽ അതിശയമൊന്നും ഈ കാലത്തില്ല. എന്നാലും എന്നെ ഒരു പാവ ബേബിസിറ്ററാക്കി അവിടെ ഇരുത്തിയതിൽ എനിക്ക് ദേഷ്യം ഇരച്ച് കേറി. ഞാനാ വീട്ടിലെ ആൾക്കണ്ണാടിയിൽ പോയി മുഖം നോക്കി ഏറെനേരം നിന്നു. മുഖത്ത് ഒന്നോ രണ്ടോ മുറിവുകൾ പോലുള്ള പാടുകളുണ്ട്. അക്കാലത്ത് കൊറിയൻ ഗ്ലാസ്‌ സ്കിൻ കിട്ടാൻ വേണ്ടി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

‘‘അതെന്താണ്?’’ അഭി അവളെ പൊതിഞ്ഞുനിന്നു.

‘‘പാടോ കുഴിയോ ചുളിവോ ഇല്ലാത്ത ചർമം. ഒറ്റ നോട്ടത്തിൽ കണ്ടാൽ കണ്ണാടി പോലെയിരിക്കും. മുറിവുകളൊന്നുമില്ലാത്ത മുഖം. അതിലൂടെ നോക്കിയാൽ ഒരു മനുഷ്യന്റെ മനസ്സ് പോലും കാണാൻ പറ്റും. ലോകം മുഴുവനുമുള്ള മനുഷ്യർ ഇപ്പോൾ മത്സരിച്ചുകൊണ്ടിരിക്കുന്നത് കൊറിയൻ ഗ്ലാസ്‌ സ്കിൻ കിട്ടാനാണ്. എനിക്കും ആ കണ്ണാടിമുഖം വേണമായിരുന്നു. ആ മുഖം നമ്മുടെ ഭയങ്ങളെ മായ്ച്ച് കളയും.’’

‘‘എന്നിട്ട് നീ അവിടന്ന് ഇറങ്ങി​േപ്പായി. തീർന്നില്ലേ കഥ?’’ അഭി ആർത്തിയോടെ അവളുടെ ചുണ്ടിലും കഴുത്തിലും കണ്ണുകളിലും നോക്കി. ‘‘നിന്റെ രോഗങ്ങളെല്ലാം ഞാൻ മാറ്റിത്തരാം.’’

‘‘ഇല്ല... മുഴുവൻ കേൾക്ക്... കണ്ണാടി നോക്കി നോക്കി നിൽക്കെ സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് ആദ്യമായി ആ രണ്ട് മാസത്തിലാദ്യമായി ഒരു കുഞ്ഞിന്റെ കരച്ചിൽ ആ വീട്ടിലെ ലിവിങ് റൂമിലേക്ക് ഒഴുകി.’’

‘‘എന്ത്? സിലിക്കോൺ ബേബി ശരിക്കും കരഞ്ഞോ?’’ അഭി അവളുടെ മുഖത്തേക്ക് നോക്കി. പാടുകളോ ചുളിവോ ഇല്ലാത്ത ദിയയുടെ കണ്ണാടിമുഖം കൂടുതൽ തിളങ്ങി.

‘‘അന്ന് അപ്പോൾ ആ നിമിഷം ഞാനാ വീട്ടിൽനിന്നും ഓടി രക്ഷപ്പെട്ടു. സ്‌കൂട്ടി ഓടിച്ച് പോകുമ്പോൾ എനിക്ക് വീണ്ടും വീണ്ടും സംശയം തോന്നി. ഇനി ശരിക്കുമൊരു മനുഷ്യക്കുഞ്ഞാണോ അത്? അങ്ങനെയെങ്കിൽ അതിന് തണുക്കില്ലേ? തിരിച്ച് പോയി നോക്കണോ? ഡിസംബർ അടുക്കാറാകുമ്പോഴുള്ള ആ തണുത്ത രാത്രിയിൽ എനിക്ക് പെട്ടെന്ന് വീടെത്തി ജാക്കറ്റെടുത്തിട്ട് സോക്സും മങ്കി ക്യാപ്പുമിട്ട് പുതപ്പ് വാരി മൂടി പുതച്ച് കിടന്നുറങ്ങാൻ തോന്നി. പിറ്റേ ദിവസമാണ് എനിക്ക് ആ രോഗം ആദ്യം വന്നത്. സത്യമോ സ്വപ്നമോ? ഓർമയോ തോന്നലോ? ഉണർന്നിരിക്കണോ മയങ്ങി കിടക്കണോ? എന്ത് കണ്ടാലും അത് സത്യമാണോ സത്യമാണോ എന്ന് മനസ്സ് മുറുമുറുക്കാൻ തുടങ്ങി. ഇപ്പോൾ ഈ നിമിഷംപോലും. നിന്നെ കെട്ടുമ്പോൾ ഈ രോഗം കൂടുമോ, അഭീ?’’

‘‘വാ. തിരിച്ച് പോകാം. ബിരിയാണി ആറിത്തണുത്തു കാണും.’’ അഭി അവളെ പിടിച്ചെഴുന്നേൽപിച്ചു. അവൾ ലിപ്ഗ്ലോസ്സെടുത്ത് ചുണ്ടിൽ പുരട്ടി. റീൽസ് സംഘം മനോഹരമായ ഒരു റീൽസ് ചിത്രീകരിച്ച സന്തോഷത്തിൽ നാട് വിട്ടിരുന്നു. മ്യൂയിങ് ചെയ്തുകൊണ്ട് അഭിക്കൊപ്പം നടക്കുമ്പോൾ ആ നടപ്പ് ശരിക്കും ഉള്ളതാണോ അതോ മനസ്സിന്റെ വെറുമൊരു തോന്നലാണോ എന്നറിയാൻ അവൾ അഭിയെ പിച്ചുകയും നുള്ളിക്കീറുകയുംചെയ്തുകൊണ്ടിരുന്നു. അവൻ ദിയയെ നോക്കി. വെട്ടിത്തിളങ്ങുന്ന കണ്ണാടി മുഖം. പളുങ്കുപോലെ. തൊട്ടാൽ ഏത് നിമിഷം വേണമെങ്കിലും പൊട്ടിപ്പോകാം. തിരിച്ച് നടക്കുമ്പോൾ അഭി ഓർത്തു: ഇന്ന് ഈ വർഷത്തെ ബ്ലാക്ക്‌ ഫ്രൈഡേയാണല്ലോ. ടീഷർട്ടിന്റെയും വാച്ചിന്റെയും ഓഫറുകൾ ഇന്ന് രാവിലെ ഫോണിൽ അറിയിപ്പായി വന്നല്ലോ. അഭിക്ക് ദിയയുടെ മുഖത്തേക്ക് ഒരിക്കൽകൂടെ നോക്കാൻ എന്തുകൊണ്ടോ പേടി തോന്നി.

==============

1. മ്യൂയിങ് –നാക്കുകൊണ്ട് മേൽപ്പല്ല് തള്ളുന്ന വ്യായാമം. ഉറപ്പുള്ള താടിയെല്ല് കിട്ടാനായി ചെയ്യുന്ന ഈ ലഘുവ്യായാമ ശീലം ചെറുപ്പക്കാർക്കിടയിൽ വ്യാപകമാണ്.

2. ബ്ലാക്ക് ഫ്രൈഡേ –താങ്ക്സ് ഗിവിങ് കഴിഞ്ഞുള്ള വെള്ളിയാഴ്ച. അമേരിക്കയിൽ ക്രിസ്മസ് ഷോപ്പിങ് തുടങ്ങുന്ന ദിവസം. ആഗോള ബ്രാൻഡുകൾ ലോകവിപണിയിൽ വൻ ഓഫറിൽ സാധനങ്ങൾ വിറ്റഴിച്ച് ലാഭം നേടുന്നു.

3. ജോലൈൻ –താടിയെല്ല്.

4. ആദംസ് ആപ്പിൾ –കഴുത്തിൽ കാണുന്ന ശബ്ദനാളത്തിന്റെ ഉയർന്ന ഭാഗം. പുരുഷന്മാരിൽ കൂടുതൽ വ്യക്തമായി കാണാം.

5. സോംനാംബുലിസം –ഉറക്കത്തിലെഴുന്നേറ്റ് നടക്കൽ.

6. ക്ലെപ്റ്റോമാനിയ –സാധനങ്ങൾ മോഷ്ടിക്കാനുള്ള അനിയന്ത്രിതമായ ത്വര. മാനസിക വൈകല്യ ചികിത്സാ പദ്ധതിയിൽപെട്ടത്.

7. കോളർ ബോൺ –കഴുത്തെല്ല്

8. കൊറിയൻ ഗ്ലാസ്‌ സ്കിൻ –ലോകം മുഴുവനും ഉറ്റുനോക്കുന്ന ചർമസംരക്ഷണ രീതി. സൗന്ദര്യവസ്തുക്കൾകൊണ്ടും ജീവിത- ഭക്ഷണ രീതികൊണ്ടും കൊറിയൻ ജനതക്ക്‌ സ്വാഭാവികമായി ഗ്ലാസ്‌ സ്കിൻ ഉണ്ട്. കെ-ബ്യൂട്ടി സംസ്കാരവുമായി ബന്ധപ്പെട്ട് ലോകമാകെ വ്യാപിക്കുന്ന ട്രെൻഡ്.

News Summary - Malayalam Story