Begin typing your search above and press return to search.

സൈക്കോപാത്ത്

സൈക്കോപാത്ത്
cancel

The very same impressions that we have forgotten have nonetheless left the deepest traces on our minds.-Sigmund Freudട്രെയിൻ തട്ടി തല വേർപെട്ട യുവാവിന്റെ ബോഡി പോസ്റ്റ്മോർട്ടംചെയ്ത് ഡിസക്ഷൻ ഹാളിൽനിന്ന് പുറത്തിറങ്ങിയ ഡോക്ടർ ബാഹുലേയനെ കണ്ട്, ഒന്നാം നിലയിൽ നിൽക്കുകയായിരുന്ന സൂരജ്, കോറിഡോറിലേക്കുള്ള സ്റ്റെപ്പുകളിറങ്ങി പിന്നാലെ ഓടിച്ചെന്നു. തോളത്ത് തൊട്ടപ്പോൾ, ഡോക്ടർ തിരിഞ്ഞുനോക്കി ഹൃദ്യമായി ചിരിച്ചു. ങാ... ഇതാര്‌ സംവിധായകനോ... എന്താ വിശേഷിച്ച്? അമ്മക്ക് പതിവ് ചെക്കപ്പ്. എന്തായി അന്ന് പറഞ്ഞ നിന്റെ പുതിയ പ്രൊജക്ട്? സാധാരണ കമേഴ്സ്യൽ സിനിമപോലെ എളുപ്പമല്ല അങ്കിൾ ഒരു ക്രൈം ത്രില്ലർ നിർമിക്കാൻ. ഹോം വർക്ക് ഒരുപാട് വേണം. മാത്രമല്ല നമ്മൾ തെരഞ്ഞെടുത്ത സബ്ജക്ടും വളരെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

The very same impressions that we have forgotten have nonetheless left the deepest traces on our minds.-Sigmund Freud

ട്രെയിൻ തട്ടി തല വേർപെട്ട യുവാവിന്റെ ബോഡി പോസ്റ്റ്മോർട്ടംചെയ്ത് ഡിസക്ഷൻ ഹാളിൽനിന്ന് പുറത്തിറങ്ങിയ ഡോക്ടർ ബാഹുലേയനെ കണ്ട്, ഒന്നാം നിലയിൽ നിൽക്കുകയായിരുന്ന സൂരജ്, കോറിഡോറിലേക്കുള്ള സ്റ്റെപ്പുകളിറങ്ങി പിന്നാലെ ഓടിച്ചെന്നു. തോളത്ത് തൊട്ടപ്പോൾ, ഡോക്ടർ തിരിഞ്ഞുനോക്കി ഹൃദ്യമായി ചിരിച്ചു.

ങാ... ഇതാര്‌ സംവിധായകനോ... എന്താ വിശേഷിച്ച്?

അമ്മക്ക് പതിവ് ചെക്കപ്പ്.

എന്തായി അന്ന് പറഞ്ഞ നിന്റെ പുതിയ പ്രൊജക്ട്?

സാധാരണ കമേഴ്സ്യൽ സിനിമപോലെ എളുപ്പമല്ല അങ്കിൾ ഒരു ക്രൈം ത്രില്ലർ നിർമിക്കാൻ. ഹോം വർക്ക് ഒരുപാട് വേണം. മാത്രമല്ല നമ്മൾ തെരഞ്ഞെടുത്ത സബ്ജക്ടും വളരെ റെയർ അല്ലേ.

അങ്കിൾ നമുക്കിന്ന് വൈകീട്ട് ഒരു ഔട്ടിങ് ആയാലോ... കോവളത്തേക്ക്. നല്ല കടൽമീൻ ചുട്ടതും ബിയറും പിന്നെ അങ്കിളിന്റെ പഴമ്പുരാണോം... ഒരു പൈന്റ് ബെൽജിയം ബിയർ അകത്ത് ചെന്നാലേ അങ്കിളിന്‌ സ്റ്റാമിന കിട്ടുകയുള്ളൂ. ഓർക്കാൻ ഇഷ്ടപ്പെടാത്ത ഭൂതകാലത്തിലേക്ക് എത്തിനോക്കാൻ.

അത് നീ പറഞ്ഞത് നൂറുശതമാനം ശരിയാണ്‌. പിന്നെ നിന്റെ റിസർച്ച് മെറ്റീരിയൽ ഇപ്പോൾ ഞാനാണെന്നും എനിക്കറിയാം. എന്നെക്കൊണ്ട് കഴിയുംപോലെ ഞാൻ സഹായിക്കാം.

എന്തായി കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എങ്കിലും ആയോ?

കടപ്പുറത്തെ മണലിലൂടെ കാലുകൾ വലിച്ചു​െവച്ച് നടക്കുമ്പോൾ ഡോക്ടർ ചോദിച്ചു. ഇപ്പോൾ ചരിത്രത്തിന്റെ പിന്നാലെയാണ്‌ അങ്കിൾ. ജോസഫ് ഗെയിസ്‌ലനിൽ തുടങ്ങി വിക്ടർ ആർഡിസണിലൂടെ അന്വേഷണം പുരോഗമിക്കുന്നു.

ആര്‌ വാമ്പയർ ഓഫ് മോയിയോ?

അതേ അത്തരക്കാരുടെ ആധിക്യം സമൂഹത്തിൽ കൂടിയപ്പോഴാണത്രേ ഈജിപ്തിലെ പാതിരിമാർ യൗവനയുക്തകളായ പെണ്ണുങ്ങൾ മരിക്കുമ്പോൾ ശരീരം അഴുകിയിട്ട് മാത്രം എംബാംചെയ്യാൻ അനുവദിച്ചിരുന്നത്. പക്ഷേ, അങ്കിൾ ഇത് ഒരസാധാരണ വിഷയമായതുകൊണ്ട് തന്നെ ചില വാസ്തവങ്ങളെ അടുത്തറിയുമ്പോൾ തല പെരുപ്പിക്കുന്ന മടുപ്പനുഭവപ്പെടുന്നു. എങ്കിലും മുന്നോട്ട് പോകണമെന്ന് തന്നെയാണ്‌ തീരുമാനം.

അതങ്ങനെയാണ്‌. എത്ര ഉന്നതരെന്ന് പറഞ്ഞാലും ചിലപ്പോൾ ചില സാഹചര്യങ്ങൾ മനുഷ്യരെ അധമരിൽ അധമരാക്കും. അവനെപ്പോലെ വൃത്തികെട്ട ഒരു മൃഗം വേറെയില്ലെന്ന് തോന്നും. സൈക്കോകൾ... ഞാനും ഒരുകാലത്ത് അങ്ങനെയായിരുന്നല്ലോ. ഓഹ്... ഓർക്കാൻകൂടി കഴിയുന്നില്ല അക്കാലം. എത്ര ബിഹേവിയറൽ തെറപ്പികൾ വേണ്ടിവന്നു ഞാൻ ഇന്നത്തെ ഞാനാകാൻ. പിന്നെ മാറണമെന്ന ഒരു സ്വയം തീരുമാനവും.

കടൽത്തീരത്ത് ഉച്ചവെയിൽ കായാൻ വന്ന വിദേശികൾ പലരും നീണ്ട ഉറക്കത്തിനുശേഷം സായാഹ്നത്തിലേക്ക് കണ്ണ്‌ തുറക്കുന്നു... ചിലർ തിരകൾക്കൊപ്പം ആർത്തുല്ലസിക്കുന്നുമുണ്ട്. കാലിൽ തടഞ്ഞ ഒരു ഷെൽ എടുത്ത് സൂരജ് കടലിലേക്ക് നീട്ടിയെറിഞ്ഞു.

ഈ ആസക്തി എന്നു പറയുന്നത് പല മനുഷ്യരിലും പലവിധമാണ്‌. തലച്ചോറിലെ കോശങ്ങളുടെ പ്രത്യേകതക്കൊപ്പം സാഹചര്യങ്ങൾക്കും മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയും. ജൂദായിലെ ഒരു രാജാവിന്റെ കഥയുണ്ട്. രാജാവ് ഒരിക്കൽ തന്റെ യാത്രക്കിടെ സുന്ദരിയായ ഒരു യുവതിയെ കാണാനിടയായി. അവളെ വിവാഹം കഴിക്കാൻ അയാൾ അതിയായി ആഗ്രഹിച്ചു.

പക്ഷേ യുവതി അത് നിരാകരിച്ചു. നാടും നാട്ടുകാരും അവളെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിനോക്കി. ഒടുവിൽ സമ്മർദങ്ങൾ സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു. മരണശേഷവും അവളിലുള്ള മോഹാസക്തി നഷ്ടപ്പെടാതിരുന്ന രാജാവ് ഏഴ് വർഷത്തോളം അവളുടെ ശരീരം തേനിൽ സൂക്ഷിച്ച് അവളെ ഭോഗിച്ചു എന്നാണ്‌ കഥ. രാജാവിന്റെ തലച്ചോറിലെ കോശങ്ങൾ ഒരു കാര്യത്തിൽ മാത്രമാണ്‌ ഫോക്കസ് ചെയ്തത്. അല്ലെങ്കിൽപിന്നെ ആ രാജ്യത്ത് സുന്ദരികളായ വേറെ പെണ്ണുങ്ങൾ ഇല്ലാതിരുന്നിരിക്കണം. ഓഷ്യൻ പാർക്ക് ബീച്ച് റിസോർട്ടിന്റെ പടികൾ കയറിക്കൊണ്ട് ഡോക്ടർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുനിർത്തി.

അതേ അങ്കിൾ ഈ എ.ഐ കാലഘട്ടത്തിലും മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തിന്‌ മാറ്റമൊന്നുമില്ലല്ലോ. പക്ഷേ, ആ സബ്ജക്ട് വേണ്ട രീതിയിൽ സ്ക്രീനിൽ കാണുമ്പോൾ പുതുമയുണ്ടാവുമെന്ന് മനസ്സ് പറയുന്നു. നന്നായി ഹാർഡ് വർക്ക് ചെയ്യണമെന്ന് മാത്രം.

ഭക്ഷണം ഓർഡർചെയ്ത് കടലിനഭിമുഖമായി ഇരിക്കുമ്പോൾ സൂരജ് ഡോക്ടറുടെ കണ്ണുകളിലേക്ക് നോക്കി. സൂര്യൻ ചുവന്ന നിറത്തിൽ ചക്രവാളത്തിൽ ഉരുകിപ്പടർന്നു. ചോപ്പ് രാശി ആ കണ്ണുകളിലും പടർന്നിരുന്നു.

അങ്കിൾ... ഇനി പറയൂ... നിങ്ങളെ മനുഷ്യനാകാൻ പ്രേരിപ്പിച്ച ആ സംഭവം ഇന്നെനിക്കറിഞ്ഞേ പറ്റൂ. ദൂരെ കടലിൽ ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കി ഡോക്ടർ അൽപനേരം മൗനിയായി. പിന്നെ ഒരു പർവതാരോഹകന്റെ അവധാനതയോടെ ആ പഴയ ഓർമകളുടെ ഉച്ചിയിലേക്ക് മെല്ലെ കയറിത്തുടങ്ങി.

എൺപത്തിയാറിലാണ്‌. ഫോറൻസിക് സർജനായി ചാർജെടുത്ത ആദ്യവർഷം. എനിക്ക് അക്കാലത്ത് മനുഷ്യരുമായി യാതൊരു ബന്ധവും ഇല്ല. കുറേ തടിച്ച റഫറൻസ് ബുക്കുകളും മെഡിക്കൽ ജേണലുകളും മാത്രമായിരുന്നു കൂട്ട്. പഠിച്ചു പഠിച്ച് വട്ടായിപ്പോയവനാണ്‌ ഞാനെന്നായിരുന്നു ബന്ധുക്കളുടേയും സഹപാഠികളുടേയും ഭാഷ്യം.

നിനക്കറിയാലോ ഇന്ന് കാണുംപോലെയൊന്നുമല്ല അന്നത്തെ നമ്മുടെ നാട്ടിലെ ആശുപത്രി സംവിധാനങ്ങൾ. സർക്കാർ ആശുപത്രിയുടെ പേരെഴുതിയ വലിയ കമാനം കടന്ന് ഔട്ട് പേഷ്യന്റ് ​േബ്ലാക്കും ഇൻപേഷ്യന്റ് ബ്ലോക്കും കഴിഞ്ഞാണ്‌ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകൾ.

നിറയെ മരത്തണലുകൾ. മരത്തലപ്പുകൾതോറും തൂക്കണാം കുരുവികളുടെ കൂടുകൾ. മെയിൻ ​േബ്ലാക്കിൽനിന്ന് ഏഴെട്ട് ഫർലോങ് ദൂരെയാണ്‌ അന്നത്തെ മോർച്ചറി. അതിനോട് ചേർന്നുള്ള ഡിസക്ഷൻ റൂമിലെ വായുവിൽ സദാ ചോര ഘനീഭവിച്ച ഒരു വിങ്ങൽ തങ്ങിനിന്നിരുന്നു. അതേ കട്ടച്ചോരയുടെ മണമായിരുന്നു അക്കാലത്തെ എന്റെ രാപ്പകലുകൾക്കും. പൊടിയും മാറാലയും നിറഞ്ഞ തൊട്ടടുത്ത മുറിയിൽ പഴകിയ ആശുപത്രി ഉപകരണങ്ങൾ കൂമ്പാരമിട്ടിരുന്നു. കടവാവലുകളുടെ സങ്കേതമായിരുന്നതിനാൽ ആരും അങ്ങോട്ട് കടന്നുചെന്നില്ല.

ഒരാംബുലൻസിന്‌ കടന്നുപോകത്തക്ക രീതിയിൽ മോർച്ചറിയുടെ മുന്നിലേക്ക് വെട്ടുകല്ല് പാകിയ ഒരിടവഴി. ഇരു പാർശ്വങ്ങളിലും പൂത്തും കായ്ച്ചും കാട്ടുമരങ്ങൾ. മോർച്ചറി കെട്ടിടത്തിന്റെ പിന്നാമ്പുറത്തേക്ക് കണ്ണെത്താ ദൂരത്തോളം കുന്നും മലകളും നിറഞ്ഞ പുറമ്പോക്ക് ഭൂമിയാണ്‌. പിന്നിലെ കല്ലുവെട്ടാം കുഴി വരെ മനുഷ്യർ പോയെങ്കിലായി. വെള്ളിലവള്ളികളും കാട്ടുചെടികളും വളർന്ന് മുറ്റി കല്ലുവെട്ടാം കുഴി പാതിയോളം മൂടിപ്പോയിരുന്നു.

ആശുപത്രി വികസന സമിതി പലപ്പോഴായി മോർച്ചറി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും അതൊക്കെ വേണ്ടപ്പെട്ടവർ സമയാസമയങ്ങളിൽ അവരവരുടെ പോക്കറ്റിലാക്കി. ജനാലകൾ പലതും ചിതലെടുത്ത് പൊടിഞ്ഞു. അതിലൂടെ കാട്ടുപൂച്ചകൾ നുഴഞ്ഞു കയറി. പാണൽ വള്ളികൾ പടർന്നുകയറി മോർച്ചറി എന്നെഴുതിയ ബോർഡ് പോലും കാണാതായി. തുരുമ്പെടുത്ത് ദ്രവിച്ചടർന്ന ഒരാംബുലൻസ് ചെടിപ്പടർപ്പുകൾക്കിടയിൽ പ്രേതങ്ങളുടെ പ്രതീകമായി. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള മോർച്ചറിയിൽ വല്ലപ്പോഴുമെത്തുന്ന വിറങ്ങലിച്ച ദേഹങ്ങൾ. ശവശരീരങ്ങൾക്ക് സമയം നോക്കാനെന്നപോലെ പണ്ടാരോ ചുമരിൽ സ്ഥാപിച്ച ക്ലോക്കിന്റെ സൂചികൾ കാലപ്പഴക്കംകൊണ്ട് ഒടിഞ്ഞുതൂങ്ങിയിരുന്നു.

മഴയുള്ള ഒരു ദിവസമായിരുന്നു അത്. ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിൽ നിന്നാൽ എനിക്ക് മോർച്ചറി വ്യക്തമായി കാണാം. എസ്തപ്പാൻ അന്ന് പതിവിലും വൈകിയാണ്‌ എത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സൈമൺ മുഖം മറച്ചിരുന്ന തൊപ്പി അൽപം ഉയർത്തി ചുണ്ടിലെരിഞ്ഞിരുന്ന പാതി ബീഡിത്തുണ്ട് എസ്തപ്പാന്റെ ചുണ്ടിൽ ​െവച്ചുകൊടുത്തിട്ട് അയാളുടെ കയ്യിലുള്ള കറുത്ത ശീലക്കുടയും വാങ്ങി മഴയിലേക്കിറങ്ങി. അയാളുടെ ആ പോക്ക് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഷെർലക് ഹോംസിനെ ഓർത്തു.

മഴ കുറച്ചുകൂടി പതം പാടി നിന്നെങ്കിലും പിന്നീട് വെയിലിനോട് സുല്ലിട്ട് മടങ്ങിപ്പോയി. കാറ്റത്തടർന്ന ഇലകൾ ഇരുമ്പുചൂലുകൊണ്ട് അടിച്ചുവാരി, അത് കളയാൻ പിന്നിലെ ചീലാന്തിച്ചോട്ടിൽ ചെന്ന എസ്തപ്പാൻ എന്റെ കർത്താവീശോമിശിഹായേ എന്ന ഒറ്റ നിലവിളികൊണ്ട് ചൂലും കൊട്ടയും ദൂരെയെറിഞ്ഞ് പിന്തിരിഞ്ഞോടി.

നിലവിളികൊണ്ടൊന്നും ആ വിജനതയിലേക്ക് ആളെക്കൂട്ടാൻ കഴിയില്ലെന്നറിഞ്ഞ് അയാൾ മുടന്തുകാലിൽ ഓടിക്കിതച്ച് എന്റെയടുത്തെത്തി. ചെന്നു നോക്കുമ്പോഴെന്താ, ആറു ദിവസം മുമ്പ് കാണാതായ വർക്കി ചീലാന്തിയുടെ തെക്കോട്ടുള്ള ചില്ലയിൽ തൂങ്ങിയാടുന്നു... ഹോ, ഇത് ഞങ്ങൾ സിനിമാക്കാർ ചിന്തിക്കുന്നതിലും മേലെയുള്ള സസ്പെൻസ് ത്രില്ലർ ആയല്ലോ അങ്കിൾ. ആദ്യം ​ൈക്ലമാക്സ് പിന്നെ ഫ്ലാഷ് ബാക്ക്. നീയൊന്ന് സമാധാനപ്പെട് എന്റെ സൂരജേ... ഞാൻ പറയട്ടെ... ഗ്ലാസിലേക്ക് ബിയർ പകർന്നുകൊണ്ട് ഡോക്ടർ തുടർന്നു.

സ്വീപ്പറായി സർവീസിൽ കയറിയതാണ്‌ സൈമൺ. പിന്നീട് അറ്റൻഡറായി. എസ്തപ്പാൻ വികലാംഗ സംവരണത്തിലും. അന്നൊക്കെ മനക്കരുത്ത് തീരെ കുറഞ്ഞ ഒരാളായിരുന്നു ഞാൻ. ഇൻക്വസ്റ്റ് ഓട്ടോപ്സി, എംബാമിങ് ഫോർമലിൻ എന്നിവയുമായി ഞാൻ എന്നെ പരുവപ്പെടുത്തിയെടുക്കാൻ ഏറെ നാൾ ശ്രമപ്പെട്ടു.

സ്കാൽപലെടുക്കുമ്പോഴേ കൈ വിറയ്ക്കും. തലച്ചോറിന്റേയും ചോരയുടേയും മണം തല പെരുപ്പിക്കും. മനക്കരുത്തിന്‌ എന്തെങ്കിലും ലഹരി കൂടിയേ തീരൂ എന്ന തോന്നലിലാണ്‌ അറ്റൻഡർ സൈമൺ എത്തിച്ചുതന്ന പനങ്കള്ള് ആദ്യമായി രുചിച്ചു നോക്കിയത്. അങ്ങനെയാണ്‌ ഉള്ളിലൊരു ലാഘവം ഉടലെടുത്തതും പിന്നീടങ്ങോട്ട് ആ ലഹരിക്കൊപ്പം പച്ച ഇറച്ചിയുടെ മണം ജീവിതത്തിന്റെ ഭാഗമായതും.

ആരോടും മിണ്ടാതെ നടക്കുന്നതിനാലാവും എല്ലാവരും അക്കാലത്ത് എന്നെ മനുഷ്യപ്പറ്റില്ലാത്തവനെന്നും മനോരോഗിയെന്നുമൊക്കെ വിളിച്ചു. സൈമണും എസ്തപ്പാനും മാത്രമായിരുന്നു എന്റെ കൂട്ട്. ആവശ്യമുള്ളതെല്ലാം അറ്റൻഡർമാർ എത്തിച്ചു തരുന്നതിനാൽ പുസ്തക അലമാരകൾക്കിടയിൽനിന്ന് മനുഷ്യശരീരങ്ങൾ വെട്ടിമുറിക്കാൻ വേണ്ടി മാത്രം ഞാൻ പുറത്തിറങ്ങി. അനാഥപ്രേതങ്ങൾക്ക് കാവലിരിക്കുന്ന അവരോടൊപ്പം മോർച്ചറി വരാന്തയിൽ ഞാൻ പലപ്പോഴും കമ്പനി കൂടി. അസ്സൽ കള്ളുകുടിയന്മാരായിരുന്നു ഇരുവരും. പനങ്കുല ചെത്തി ചുണ്ണാമ്പ് തേച്ച് കള്ള് ശേഖരിച്ചുകൊണ്ടുവരുന്നത് സൈമണാണ്‌.

ഈ കള്ളുകുടിയന്മാർക്കൊക്കെ ഒടുക്കത്തെ സ്നേഹമുള്ളവരാണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ? എന്റെ അന്നത്തെ മാനസിക വ്യാപാരമനുസരിച്ച് ഞാൻ അങ്ങനെയാണ്‌ വിശ്വസിച്ചത്. കാരണം, വിയർപ്പിനുപോലും കള്ളിന്റെ ഗന്ധമുള്ള ആ രണ്ട് മനുഷ്യർ എന്നെ ആ വിധമാണ്‌ സ്നേഹിച്ചത്. അവരൊരിക്കലും ദുർന്നടപ്പുകാരായിരുന്നുമില്ല.

ആയിടക്കാണ്‌ ഇരുവരുടെയും പരിചയക്കാരനായ വർക്കി അവിടെയെത്തുന്നത്. വെളുത്ത് വെളുത്ത് കറുത്തു പോയ ഒരു കന്നാസുമായിട്ടാണ്‌ ഇടയ്ക്കിടയ്ക്ക് അയാളുടെ വരവ്... വാറ്റ് വർക്കി എന്ന് വിളിപ്പേരുള്ള അയാൾ, നിറമില്ലാത്ത കുപ്പിയിലേക്ക് പകർന്നുതരുന്ന പട്ടച്ചാരായം ഗ്ലാസിലാക്കി ഞങ്ങൾ ഒറ്റവലിക്ക് കുടിക്കും. തൊണ്ട പൊള്ളിയടരുന്നതുപോലെ തോന്നുമെങ്കിലും പിന്നീട് ഒരു പറക്കലാണേ... കാടും മേടും താണ്ടി... കാറ്റത്തെ തൂവല്‌ പോലെ...വർക്കി ഏത് നാട്ടുകാരനായിരുന്നു? സൂരജിന്‌ ആകാംക്ഷയായി. വർക്കിയെപ്പറ്റി പറയാനാണേൽ ഒരുപാടുണ്ട്.

അന്ന് പൊഴിയൂർ തീരം വാറ്റിന്‌ പേരുകേട്ട സമയമാണ്‌. പൊഴിയൂരിൽനിന്ന് വാറ്റ് ലോഡുമായി കുമ്പളയിലേക്കും ബദിയടുക്കയിലേക്കും ചിലപ്പോൾ മഞ്ചേശ്വരത്തേക്കും പോയിരുന്നത് വർക്കിയാണ്‌. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് നിന്ന് വടക്കേ അറ്റം വരെ ഭയമില്ലാതെ വാറ്റ് കടത്താൻ വർക്കിയെപ്പോലെ മിടുക്കുള്ള വേറെ ആരുമില്ല അക്കാലത്ത്. അങ്ങനെയാണ്‌ വാറ്റ് വർക്കി എന്ന പേര്‌ വീഴുന്നത് തന്നെ. വാറ്റ് കടത്തി കാശും ആഡംബരവുമൊക്കെയായപ്പോൾ വർക്കിക്ക് പെണ്ണുകെട്ടണമെന്നൊരു പൂതി. ഉദിയൻകുളങ്ങരക്കാരി കൊച്ചുറാണിയെ മംഗലം കഴിച്ചെങ്കിലും ആ വണ്ടി അധികകാലം ഓടിയില്ല.

ഓരോ രാത്രിയിലും ആൺകൊതി തിളങ്ങുന്ന കണ്ണുകളോടെ അയാളവളെ പ്രാപിക്കാനൊരുങ്ങുമ്പോഴൊക്കെയും അയാളുടെ വിയർപ്പ് കലർന്ന ചാരായച്ചൂരടിച്ച് അവളുടെ നാസാരന്ധ്രങ്ങൾ വിറങ്ങലിച്ചു. അയാളുടെ ശരീരചലനങ്ങളുടെ ചടുലതകൾക്കൊപ്പമുള്ള ഗന്ധസങ്കലനങ്ങൾ ശ്വാസം മുട്ടിക്കുമ്പോൾ, പച്ച നീറിൻകൂട് അടർന്നു വീഴുംപോലെ അവൾ സ്വയം തല്ലിപ്പിടഞ്ഞു. എന്നിട്ടും അയാളിലെ എല്ലുറപ്പുള്ള മനുഷ്യൻ അതൊന്നും വക​വെക്കാതെ ഓരോ രാത്രിയിലും അവളിൽ രതംചെയ്ത് സുഖിച്ചു.

ഗീവർഗീസ് പുണ്യാളന്റെ നേർച്ചപ്പെരുന്നാളിന്റെയന്നാണ്‌, മുന്തിരി ചേർത്ത് വാറ്റിയതാണെന്നും പറഞ്ഞ് വീര്യം കൂടിയ ഒരു ഐറ്റം കയ്യും കാലും കെട്ടിയിട്ട് അയാൾ അവളേക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ചത്.

അതിന്റെ പിറ്റേ ദിവസംതന്നെ ആ പെണ്ണ്‌ ഇറങ്ങിപ്പോയി. ഒരു മാസംപോലും തികയ്ക്കാതെ പുതുക്കപ്പെണ്ണ്‌ വീട് വിട്ടിറങ്ങുമ്പോൾ, നാട്ടുകാർ മൂക്കത്ത് വിരൽ െവച്ചു. പത്തു മാസം തികയും മുന്നേ അവളൊരു പെൺകുഞ്ഞിനെ പെറ്റു. അയാളുടെ ഇരട്ടത്താടിക്ക് നടുവിലുള്ള കറുത്ത കാക്കപ്പുള്ളി അതേപടി ആ കുട്ടിക്കുമുണ്ടായിരുന്നു. ആ കുഞ്ഞിനെ ദൂരെനിന്ന് കാണാനല്ലാതെ ആ പരിസരത്തേക്കടുക്കാൻ അവൾ അയാളെ അനുവദിച്ചില്ല. മാത്രമല്ല അയാൾ ചത്ത് പണ്ടാരമടങ്ങാൻ അവൾ നിത്യം നിത്യം നേർച്ച വഴിപാടുകളും നടത്തി.

സാത്താന്റെ സന്തതിയാണെങ്കിലും ഇവൾ നിങ്ങളെപ്പോലെയാകാൻ ഞാൻ സമ്മതിക്കില്ല. അയാളുടെ തലവെട്ടം കാണുമ്പോഴൊക്കെ അവൾ കൊടുവാളെടുത്ത് ഉറഞ്ഞു തുള്ളി. കെട്ടിയ പെണ്ണ്‌ കയ്യൊഴിഞ്ഞതോടെ അയാളുടെ കഷ്ടകാലവും തുടങ്ങി.

മകളോടയാൾക്ക് വല്യ പ്രിയമായിരുന്നു. അവൾ സ്കൂളിൽ പോകുന്ന വഴികളിൽ മറഞ്ഞുനിന്ന് അയാളവളെ കണ്ണ്‌ നിറച്ച് കാണുമായിരുന്നു. ഒാരോ പിറന്നാളിനും ഉടുപ്പു വാങ്ങി ആരുമറിയാതെ ഒരു ബന്ധു വഴി അവൾക്കെത്തിക്കും. ബന്ധുവിന്റെ സമ്മാനമായി കരുതി അവരത് സ്വീകരിക്കും. പത്തു പന്ത്രണ്ട് വർഷമായി അത് തുടരുന്നു. അവയവങ്ങൾ തഴച്ചുവളർന്ന ഒരു കുട്ടിയായിരുന്നു അവൾ. ചിരിക്കുമ്പോൾ പുറത്ത് കാണുന്ന മടമ്പല്ലും നുണക്കുഴിയും താടിയിലെ കാക്കപ്പുള്ളിയും അവളുടെ സൗന്ദര്യത്തിന്‌ മാറ്റ് കൂട്ടി.

ആയിടക്കാണ്‌, അവരുടെ നാട്ടിൽ പുതിയ സി.ഐ ചാർജെടുക്കുന്നത്. അള്ള് ഹേമചന്ദ്രൻ. മിടുക്കൻ. പരമയോഗ്യൻ. ചാരായവേട്ടയിൽ അതിപ്രവീണൻ. ആറടിപ്പൊക്കത്തിൽ മീശയും പിരിച്ച് അയാൾ മുന്നിൽ വന്നാൽ ഏത് വെട്ടിപ്പുകാരനും തൊണ്ടി ഉപേക്ഷിച്ച് മൂത്രമൊഴിച്ചുകൊണ്ടോടും. എന്നാലും അള്ള്‌ എന്ന വിശേഷണം ചേർത്തല്ലാതെ ബഹുമാനപുരസ്സരം ആ പേര്‌ ആരും ഉച്ഛരിച്ചു കേട്ടിട്ടില്ല. എത്ര ബാക്ക് ​േപ്ലറ്റിട്ട് കന്നാസ് അടുക്കിയാലും ലോഡുമായി വരുന്ന അംബാസഡർ കണ്ടാൽ അയാൾ കൃത്യമായി അള്ള് ചങ്ങലയെറിഞ്ഞിരിക്കും.

അള്ള് കൊള്ളാതെ പോകുന്നവർ ധീരന്മാർ. പ്രദേശത്ത് എവിടെ വാറ്റ് മണമുണ്ടോ അള്ള് അവിടെ പാഞ്ഞെത്തും. കൃത്യമായി പറഞ്ഞാൽ അയാളുടെ ചാരായവേട്ട ഒന്ന് കൊണ്ടുമാത്രമാണ്‌ പൊഴിയൂര്‌ വാറ്റ് കേന്ദ്രങ്ങളൊക്കെ ക്രമേണ നിലച്ചുപോയത്. ഉത്സവസീസൺ ആകുമ്പോൾ കിലുക്കിക്കുത്തും മുച്ചീട്ട് കളിയും പൊടിപൊടിക്കും. അതോടെ അള്ളിന്‌ അധ്വാനവും കൂടും.

വെയ് രാജാ വെയ്... ആർക്കും ​വെക്കാം എവിടേം വെക്കാം... അള്ളും കൂട്ടരും ചിലപ്പോൾ വേഷംമാറി പാട്ടകളിക്കാരുടെ കൂടെ കൂടും. ചീട്ടുകളിക്കാരുടെ ഒപ്പമിരുന്ന് ചീട്ട് കശക്കും. പെരിശുഗുലാനെ ഇറക്കും. ഇസ്പേഡും ക്ലാവറുമൊക്കെ ഇറങ്ങുന്നതിന്‌ മുന്നേ ആൾബഹളങ്ങളിൽ ഏതെങ്കിലും ഒരാൾ അള്ളിനെ തിരിച്ചറിഞ്ഞ് സിഗ്നൽ നൽകും. പിന്നെ കട്ടേം ബോർഡും മടക്കി ഒരോട്ടമാണ്‌. മഫ്തിയിലുള്ള ഏമാന്മാർ പിന്നാലെയും. കള്ളച്ചീട്ട് കമത്തുന്നവരെ മാത്രമല്ല, അന്നേരം കണ്ണിൽ കണ്ടവരെയെല്ലാം നിരത്തിപ്പിടിച്ച് അഴികളുള്ള നീല വണ്ടിയിൽ കയറ്റിക്കൊണ്ട് പിന്നെ ഒറ്റപ്പോക്കാണ്‌...

വെട്ടോത്തി വേലായുധൻ, വട്ടപ്പാറ കെരീം, വാറ്റ് വർക്കി, മെന്റൽ മുരുകൻ തുടങ്ങിയവരൊക്കെ പലപ്പോഴായി അള്ളിന്റെ കൈക്കരുത്തറിഞ്ഞവരിൽ പ്രമുഖരാണ്‌. വാറ്റ് കടത്തുക, അത് മോന്തി അന്തിവെട്ടത്തിൽ ബോധംകെട്ട് ഏതെങ്കിലും കടത്തിണ്ണയിൽ കിടക്കുക എന്നതിൽക്കവിഞ്ഞ് വർക്കിയെക്കൊണ്ട് മറ്റ് ശല്യങ്ങളൊന്നുമില്ല. പത്ത് പന്ത്രണ്ട് വയസ്സായിട്ടും സ്വന്തം മകളെ അടുത്തൊന്നു കാണാൻ അനുവദിക്കാത്തത് മാത്രമായിരുന്നു അയാളുടെ തീരാവ്യസനം.

കളിയിക്കാവിളക്കാരൻ വെട്ടോത്തി വേലായുധൻ ഒരു ബുള്ളറ്റിലാണ്‌ സാധാരണ നഗരത്തിലിറങ്ങുക. കാലൻ പോത്തിന്റെ പുറത്ത് വരുമ്പോലെ ആജാനുബാഹുവായ വേലായുധൻ കട്ടിമീശയും വിറപ്പിച്ച് അങ്ങാടിയിലേക്ക് ഒരു വരവുണ്ട്. ബുള്ളറ്റിന്റെ ശബ്ദം കേൾക്കുമ്പോഴേ ചെറുകിട കച്ചവടക്കാരൊക്കെ ഷട്ടർ താഴ്ത്തും. ആറ്റുകാൽ പൊങ്കാലയുടെ തലേ ദിവസമാണ്‌ കവലയിൽ അക്രമം കാണിച്ചതിന്‌ ഹേമചന്ദ്രൻ സാറ്‌ വേലായുധനെ പൊക്കി ലോക്കപ്പിലിട്ടത്. സാധാരണ അവിടേക്ക് വരാറുള്ള അതിഥികൾക്കൊക്കെ കോംബോ ഓഫർ കണക്കെ നല്ല എരിവും പുളിയുമുള്ള തെറികൾക്ക് പുറമേ നക്ഷത്രക്കാൽ എണ്ണാൻ പാകത്തിൽ ചെപ്പക്കുറ്റിക്ക് എണ്ണിയെണ്ണി അള്ളിന്റെ വക സ്പെഷ്യൽ അടിയുമുണ്ട്.

മെന്റൽ മുരുകനും കെരീമും പക്ഷേ വാടകഗുണ്ടകളായിരുന്നു. ക്വട്ടേഷൻ അനുസരിച്ച് തലയോ കയ്യോ കാലോ വെട്ടാൻ മടിയില്ലാത്തവർ. ജയിലും ലോക്കപ്പും അവർക്ക് പുല്ലായിരുന്നു. എത്ര തവണ ലോക്കപ്പിലിട്ടാലും ഏതെങ്കിലും രാഷ്ട്രീയക്കാര് വന്ന് പുഷ്പംപോലെ ഊരിക്കൊണ്ട് പോകും. പക്ഷേ വാളെടുത്തവൻ വാളാലേ എന്നു പറയുംപോലെ മെന്റൽ മുരുകനാണെന്ന് കരുതി അയാളുടെ ഇരട്ടസഹോദരനെ നഗരത്തിലെ ചെരിപ്പുകുത്തികളെല്ലാം ചേർന്ന് കിഴക്കേക്കോട്ട ബസ്റ്റാൻഡിനടുത്തു ​െവച്ച് ഒരു അടിപിടിക്കേസിന്റെ ഭാഗമായി കുത്തി മലർത്തി.

അതും ഒരു പൊങ്കാല ദിവസം. പൊങ്കാലയടുപ്പുകളിൽ അരിയും ശർക്കരയും തെരളിയും ഒന്നിച്ച് പകമാകുന്നതിന്റെ വേവുമണവും ചുമന്നു പോവുകയായിരുന്ന കാറ്റിൽ ചോരമണം കലർന്ന ദിവസമായിരുന്നു അത്. ആ സംഭവത്തോടെ മെന്റൽ മുരുകൻ മാനസാന്തരപ്പെട്ട് കാശിക്ക് പോയി തല മൊട്ടയടിച്ച് സന്യാസം സ്വീകരിച്ചു എന്നൊക്കെയാണ്‌ കേഴ്വി.

അള്ളിനെ പേടിച്ചാണ്‌ വർക്കി നഗരത്തോട് വിടപറഞ്ഞത്. ഒരുദിവസം മോർച്ചറി വരാന്തയിൽ ബോധംകെട്ട് കിടന്ന അയാളെ സൈമണാണ്‌ വെള്ളം കുടഞ്ഞ് എഴുന്നേൽപിച്ചത്. പിന്നീടയാൾ ഇരുവരുടേയും ഉറ്റ ചങ്ങാതിയായി. എങ്കിലും വർക്കീടെ വരുത്തുപോക്കുകൾക്കെല്ലാം വിചിത്രമായ ഒരു നിഗൂഢതയുണ്ടായിരുന്നു. അയാളുടെ വാറ്റ് പരീക്ഷണങ്ങൾ ഒട്ടുമിക്കതും ആദ്യം ഞങ്ങളിലാണ്‌. പട്ട മാത്രമല്ല കോട തിളയ്ക്കുമ്പോൾ, പാമ്പും പഴുതാരയും കട്ടുറുമ്പും പിന്നെ കയ്യിൽ കിട്ടുന്നതൊക്കെ വെട്ടിയിട്ട് വാറ്റുന്നതാണെന്നും അതിനാൽ വീര്യം കൂടുതലാണെന്നും ചാരായം തലയ്ക്ക് പിടിക്കുമ്പോൾ വർക്കി വീരസ്യം വിളമ്പാറുണ്ട്.

ചില ദിവസങ്ങളിൽ മൂന്നും നാലും കുപ്പിയുമായി പ്രത്യക്ഷപ്പെടും. ഞങ്ങളെ മൂന്നുപേരെയും മുച്ചൂടും സൽക്കരിക്കും. പിന്നെ മലയിറങ്ങി കാട്ടുവഴികളിലൂടെ ഒറ്റപ്പോക്കാണ്‌. എവിടെ പോകുന്നെന്നോ എന്തിന്‌ പോകുന്നെന്നോ ദൈവം തമ്പുരാന്‌ മാത്രമറിയാം.

 

കരിങ്കുരങ്ങും കാട്ടുകോഴിയും മലയണ്ണാനുമൊക്കെയുള്ള കാടാണ്‌. ദൂരെ നിന്ന് നോക്കിയാൽ കുന്നിൻ മുകളിൽ ആകാശം മുട്ടിനിൽക്കുന്ന മരത്തലപ്പുകൾ കാണാം. നട്ടുച്ചയ്ക്ക് പോലും അവയ്ക്ക് കീഴിലേക്ക് വെളിച്ചമിറങ്ങാറില്ല. അധികമാരും ചെന്നെത്താൻ മടിക്കുന്ന ആ പുറമ്പോക്ക് ഭൂമിയിലൂടെ പോയാൽ അങ്ങ് നെയ്യാർ ഡാം വരെ ചെന്നെത്താം.

കാട്ടിൽ പലയിടത്തും വലിയ വലിയ മുതലാളിമാരുടെ വാറ്റു കേന്ദ്രങ്ങൾ ഉണ്ടെന്നാണ്‌ കേഴ്വി. ഒരിക്കൽ ​പൊലീസ് സംഘം ആ വഴി തെരച്ചിലിന്‌ ഇറങ്ങിയെങ്കിലും ആദിവാസിസംഘങ്ങൾ ഉൾപ്പെടുന്ന ഒരു കൂട്ടർ കടന്നൽ കൂടുകൾ പൊട്ടിച്ചെറിഞ്ഞ് സംഘത്തെ വിരട്ടി. തലങ്ങും വിലങ്ങും കടന്നൽക്കുത്തേറ്റ പൊലീസുകാരോ മറ്റ് എക്സൈസുകാരോ ആരും പിന്നീട് അതുവഴി പോകാൻപോലും ധൈര്യപ്പെട്ടില്ല.

പക്ഷേ, എത്ര വലിയ മലയുച്ചിയിലും ഏതസമയത്തും ചെന്നെത്താനുള്ള അസാമാന്യധൈര്യം വർക്കിക്കുണ്ടായിരുന്നു. ഒരിക്കൽ, വാറ്റാനുള്ള ശർക്കരയും മുന്തിരിയും തലച്ചുമടായി കൊണ്ടുവന്നപ്പോഴാണ്‌, കാടിനുള്ളിൽ വർക്കിക്കും സ്വകാര്യമായ വാറ്റ് കേന്ദ്രമു​െണ്ടന്നറിഞ്ഞത്. ഏത് പാതിരാത്രിക്കും ഒരു കയ്യിൽ ടോർച്ചും മറുകയ്യിൽ എരിയുന്ന തെറുപ്പുബീഡിയും ചുണ്ടിലൊരു പാട്ടുമായി കാട് കയറാൻ അയാൾക്ക് മടിയില്ലായിരുന്നു... മിന്നലാട്ടംപോലെ പൊടുന്നനേ പ്രത്യക്ഷപ്പെടുന്ന അയാളുടെ ടോർച്ച് വെട്ടം കണ്ട് നത്തും നരിയും ഓടിമറയും. വെട്ടം തട്ടി കടവാവലുകൾക്ക് കണ്ണ്‌ പുളിയ്ക്കും.

വാറ്റിന്‌ പുറമെ അയാൾ കഞ്ചാവും കൃഷിചെയ്തിരുന്നു. മല്ലിമണികൾപോലെയുള്ള കഞ്ചാവ് കുരുവും ഇലയും സമൂലം ഉണക്കിയത് കൈവെള്ളയിലിട്ട് പൊടിച്ച് ബീഡിയിൽ ചുക്ക നിറച്ച് വലിക്കും. ആദ്യമാദ്യം ഒരുതരം കിടുകിടുപ്പൊക്കെ തോന്നിയിരുന്നെങ്കിലും പിന്നീട് ആ പുകയുടെ അതിസൗഖ്യം ഞങ്ങളെ നിരന്തരം ആഹ്ലാദിപ്പിച്ചു. പല രാത്രികളിലും മോർച്ചറി വരാന്തയിലെ നാൽപത് വോൾട്ട് വെളിച്ചത്തിന്‌ കീഴിലിരുന്ന് വ്യാളി തുപ്പും പോലെ ഞങ്ങൾ കഞ്ചാവ് പുക പുറത്തേക്ക് തുപ്പി.

പാതിബോധവും പാതിഭ്രാന്തും ചേർന്നൊരു ഉന്മാദാവസ്ഥയിൽ സ്വർഗരാജ്യം ഞങ്ങളപ്പോൾ നേരിൽ കാണും. ഏതോ സുഖവാസകേന്ദ്രത്തിലാണെന്ന തോന്നലിൽ തണുപ്പൻകാറ്റ് തലച്ചോറിൽ വരെ സംഗീതം മൂളും. പുറത്തെ കൂരിരുട്ടിൽ വയണമരത്തിന്റെ ചില്ലകളിലപ്പോൾ മിന്നാമിന്നികൾ പൂക്കും. സത്യക്രിസ്ത്യാനിയാണെങ്കിലും വർക്കിക്ക് പഴയ അയ്യപ്പഭക്തിഗാനങ്ങളോടായിരുന്നു പ്രിയം. ഹരിവരാസനം പാടിപ്പാടി അയാളുടെ നാവ് കുഴയും.

ലഹരി തളർത്തുന്ന ചില രാത്രികളിൽ വർക്കി എസ്തപ്പാന്റെ കയ്യിൽനിന്ന് താക്കോലും വാങ്ങി മോർച്ചറിക്കുള്ളിൽ കിടന്നുറങ്ങാറുണ്ട്. ഹാർഡ്ബോർഡ് നിലത്ത് വിരിച്ച്, പൂപ്പല്‌ പിടിച്ച ചുമരിനോട് പറ്റിച്ചേർന്ന് ചാക്കും പുതച്ചാണ്‌ കിടപ്പ്. കിടന്നു കഴിഞ്ഞാലുമുണ്ടാകും പാട്ടിന്റെ തുടർച്ച. അതു കഴിഞ്ഞാൽപിന്നെ അമർത്തിപ്പിടിച്ച കരച്ചിലാണ്‌. ആരോടൊക്കെയോ മാപ്പിരക്കുന്ന മട്ടിൽ. ആ ശബ്ദം പതിയെ തോർന്ന് തോർന്ന് അയാളുറങ്ങും. പിന്നെ നേരം വെളുപ്പാകുന്നതിന്‌ മുന്നേ സ്ഥലം വിട്ടിട്ടുമുണ്ടാകും.

ഒരിക്കൽ കറുത്തു മെലിഞ്ഞ ഒരു തമിഴത്തിപ്പെണ്ണിന്റെ അജ്ഞാത ജഡം ഒരു രാത്രിയും ഒരു പകലും മോർച്ചറിയിൽ കിടത്തിയിരുന്നു. ദൃക്സാക്ഷികൾ ജഡം കൊണ്ടുവരുമ്പോൾ, അവൾ മുടിയിൽ ചൂടിയിരുന്ന കനകാംബരങ്ങൾക്ക് ഒട്ടും വാട്ടം തട്ടിയിരുന്നില്ല. പക്ഷേ പോസ്റ്റ്മോർട്ടത്തിനെടുക്കാൻ ചെന്നപ്പോൾ പൂക്കളൊക്കെ അവിടവിടെ ചിതറിക്കിടക്കുന്നു. വർക്കി കിടന്ന ചാക്കിലും കെട്ടഴിഞ്ഞ കനകാംബരങ്ങൾ. എനിക്ക് എന്തൊക്കെയോ കല്ലുകടി തോന്നിയിരുന്നെങ്കിലും ഞാനായിട്ട് ഒന്നും പുറത്ത് വിട്ടില്ല. മറ്റൊരിക്കൽ ഉത്തരേന്ത്യയിൽ എവിടെയോ നിന്ന് കേരളത്തിലെത്തി, മിന്നലേറ്റു മരിച്ച ഒരു നാടോടിപ്പെണ്ണിന്റെ ബോഡി കൊണ്ടുവന്നപ്പോഴും ഇൻക്വസ്റ്റിൽ ഇല്ലാത്ത ഒരുതരം അസാധാരണത്വം കണ്ടെത്തിയിരുന്നു.

ചാരായത്തിന്റെ ചൂര്‌ പോലെ ഫോർമലിന്റെ ഗന്ധവും അയാളെ വെറി പിടിപ്പിക്കുന്നത് ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ തിരിച്ചറിഞ്ഞെങ്കിലും, അതൊന്നും പുറത്ത് പറയാനോ, ഫോറൻസിക് എവിഡൻസ് പ്രകാരം സത്യസന്ധമായ റിപ്പോർട്ടെഴുതാനോ ഞാൻ മുതിർന്നില്ല. അല്ല എന്നെ ബാധിച്ചിരുന്ന ലഹരിയോ മാനസികവൈകല്യമോ ഒക്കെയായിരുന്നു അതിന്‌ കാരണമെന്ന് പറയുന്നതാവും ഉചിതം. നീതിമാനായിരിക്കുന്നതിൽ എന്താണർഥം. ഏറ്റവും വലിയ നീതിമാനെ വരെ കുരിശിൽ തറച്ചില്ലേ. അതുകൊണ്ട് ന്യായപുസ്തകത്തിലെ ന്യായാന്യായങ്ങളിലൊന്നും വലിയ കാര്യമില്ല എന്നായിരുന്നു ഞാനെന്ന മനോരോഗി അന്നൊക്കെ ചിന്തിച്ചത്.

ആഹ്, ഒരു കാര്യം പറയാൻ വിട്ടു. ഭാഗ്യക്കുറി വിറ്റ് നടന്നിരുന്ന ശ്രീലതയെന്ന സ്ത്രീയെ ഇടക്കാലത്ത് വർക്കി രജിസ്റ്റർ ചെയ്ത് കൂടെ കൂട്ടിയിരുന്നു. പേരിൽ പറയുന്ന അത്രക്ക് ശ്രീയൊന്നും അവരുടെ മുഖത്തു പോയിട്ട്, ഏഴയലത്ത് പോലുമുണ്ടായിരുന്നില്ല. മെലിഞ്ഞു വിളറിയ ആ സ്ത്രീ പക്ഷേ ഒരു കൗശലക്കാരിയായിരുന്നു. വർക്കിയുടെ പേരിലുണ്ടായിരുന്ന വീടും സ്വത്തും അവർ അവരുടെ പേരിലാക്കി. ലഹരി മസ്തിഷ്കത്തെ മരവിപ്പിച്ച ഒരു ദിവസം അവരുടെ മിനുസമില്ലാത്ത തുടയിൽ അയാൾ കഞ്ചാവ് ബീഡി കത്തിച്ചു ​െവച്ചു. കാല്‌ പൊള്ളി നടക്കാൻ കഴിയാതായ അവർ അന്നത്തോടെ അയാളോടൊപ്പമുള്ള കൂട്ടുപൊറുതി മതിയാക്കി, അയാൾക്കെതിരെ പൊലീസിൽ പരാതിയും കൊടുത്തു.

വെറിപൂണ്ടകണക്കെ മേഘങ്ങൾ തിമർത്ത് പെയ്ത ഒരു കർക്കടക മാസമായിരുന്നു അത്. വൈകിട്ട് നാലുമണിക്ക് ശേഷമാണ്‌ ഏകദേശം പത്തോ പതിമൂന്നോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞിന്റെ ബോഡി കൊണ്ടുവരുന്നത്. മരണത്തിന്റെ കൊത്തേറ്റ് കിടക്കുമ്പോഴും അവളുടെ മുടിനാരിഴകളിൽനിന്ന് പ്രാണൻ അടർന്നുപോയിട്ടുണ്ടാവില്ല എന്ന് തോന്നുംവിധം ആ മുഖത്ത് അസാധാരണമായൊരു തുടുപ്പ് പ്രകടമായിരുന്നു.

വെളുത്ത താടിയിലെ കറുത്ത കാക്കപ്പുള്ളി ആരും ഒറ്റ നോട്ടത്തിൽ ശ്രദ്ധിക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണവും ആ കുട്ടിയുടെ അമ്മയുടെ നെഞ്ചത്തടിച്ചുള്ള നിലവിളിയും ഇന്നും ഓർക്കുന്നു. അസമയമായതിനാൽ പോസ്റ്റ്മോർട്ടം പിറ്റേ ദിവസത്തേക്ക് മാറ്റി. ആ അമ്മ മോർച്ചറി വരാന്തയിൽനിന്ന് പോകില്ലെന്ന് കട്ടായം പറഞ്ഞ് കരഞ്ഞപ്പോൾ ബന്ധുക്കൾ അവരെ ഒരുവിധത്തിൽ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോയി.

അന്ന് ഇരുട്ടിയപ്പോൾ മട്ടൻഫ്രൈയും പൊറോട്ടയും വാറ്റും കഞ്ചാവുമായി പതിവുപോലെ വർക്കി എത്തി. പതിവിലധികം വാറ്റ് അകത്ത് ചെന്നതുകൊണ്ട് എനിക്ക് കുടൽ ഒരുമാതിരി പിരിഞ്ഞു വരുംപോലെ തോന്നി. കത്തിത്തീർന്ന കഞ്ചാവ് ബീഡികൾ മഴവെള്ളത്തിൽ ഒഴുകിനടന്നു. എന്നിട്ടും ഒരു പുക കൂടി എന്ന് ഞങ്ങൾ പരസ്പരം നാവ് കുഴഞ്ഞു. എസ്തപ്പാനാണ്‌ അപ്പോൾ അകത്ത് കിടന്ന കുട്ടിയുടെ വിഷയമെടുത്തിട്ടത്. ആരോ പിഴപ്പിച്ച് കൊന്നതായിരിക്കുമെന്ന് അയാൾ പുളിച്ചു തികട്ടി.

കോടയിൽ പൊതിഞ്ഞ ഒരു പാതിരാക്കാറ്റ് അവിടെ വട്ടം ചുറ്റിനിന്നു. ഉറങ്ങാൻ പോകാനെണീക്കുമ്പോൾ ബാലൻസ് നഷ്ടപ്പെട്ട് പലതവണ വർക്കി മറിഞ്ഞടിച്ച് വീണു. ഒടുവിൽ മുതല ഇഴയുംപോലെ അയാൾ ഇഴഞ്ഞ് അകത്ത് കയറി. കാട്ടുപടർപ്പിൽനിന്ന് കയറിവരാറുള്ള കാട്ടുപൂച്ചകളെയും ഇഴജന്തുക്കളേയും പേടിച്ച്, എസ്തപ്പാൻ വരാന്തയിൽ കത്തിയിരുന്ന നാൽപ്പത് വോൾട്ട് വെളിച്ചവും അണച്ചു.

പതിവ് പാട്ടും പയ്യാരവും കഴിഞ്ഞ് വർക്കി നിശ്ശബ്ദനായി. രാത്രിയുടെ രണ്ടാം പകുതിയായിട്ടുണ്ടാകും. പുഷ്പാലംകൃതമായ മഞ്ചലിൽ സൗന്ദര്യമുള്ള പാവ കണക്കെ ഒരു പെൺദേഹം. ചുറ്റും മുല്ലപ്പൂവിന്റെ പരിമളം. ആദിമമായ ഒരു മൃഗചോദന അയാളിലുടലെടുത്തു. ഇരുട്ടിനെ പേടിയില്ലാത്ത ആ മനുഷ്യമൃഗം ഒരു പരവേശത്തോടെ കണ്ണു തുറന്നു. അയാളുടെ കടപ്പല്ലുകൾ പുളിച്ചു.

ദൂരെ കാടിനുള്ളിൽ നായ്ക്കളും നരികളും ഒന്നിച്ച് ഓരിയിട്ടു. ജീവൽസ്പന്ദനമില്ലാതെ ലോഹത്തണുപ്പ് ബാധിച്ച ആ പിഞ്ചു ശരീരം ഒരു ഞരക്കംപോലുമില്ലാതെ അയാൾക്ക് മുന്നിൽ നിവർന്നു കിടന്നു. അയാളതിൽ പലതവണ രതംചെയ്തു. മനുഷ്യചരിതം തുടങ്ങിയ കാലം മുതലേയുള്ള ആദിമപ്രക്രിയയിൽ അയാൾ ആവോളം രമിച്ചു. ഇരുവരുടേയും കീഴ്ത്താടിയിലെ കാക്കപ്പുള്ളികൾ പരസ്പരം ഉരഞ്ഞു. ചുണ്ടിൽനിന്ന് ചോരയൊഴുകിയിറങ്ങി അവളുടെ താടിയിലെ കാക്കപ്പുള്ളി നനഞ്ഞു.

ഉള്ളിലെ ലഹരിയെല്ലാം വിറങ്ങലിച്ച്, സ്വബോധത്തിന്റെ പടിക്കെട്ടിറങ്ങി യാഥാർഥ്യങ്ങളൊക്കെ തിരിച്ചറിഞ്ഞപ്പോൾ സ്വയം കുഴിച്ചുണ്ടാക്കിയ ഒരു താഴ്ചയിലേക്ക് പൊടുന്നനെ വീണുപോയി അയാൾ. ഒരു മരണത്തണുപ്പ് അയാളുടെ പെരുവിരലിൽ നിന്ന് മസ്തിഷ്കത്തിലേക്ക് അരിച്ചുകയറി. ചങ്കിനകത്ത് കിടന്ന് സ്നേഹംകൊണ്ട് സ്ഫുടംചെയ്ത മകൾ എന്ന വാക്ക് ഒരു സ്ഫടികഗോളം കണക്കെ താഴെ വീണ്‌ തവിടുപൊടിയായി. അതീന്ദ്രിയധ്യാനിയെപ്പോലെ അയാൾ നിശ്ശബ്ദനായി. എനിക്കൊന്ന് കുമ്പസരിക്കണം. ഒരശരീരിപോലെയായിരുന്നു ആ ശബ്ദം. പിന്നെ കാട് കയറി എങ്ങോട്ടോ മറഞ്ഞു. കൃത്യം ആറാംനാൾ ലോകത്തിലെ മുഴുവൻ പാപഭാരവും ഏറ്റുവാങ്ങി അയാൾ ചീലാന്തിക്കൊമ്പിൽ തൂങ്ങിയാടി.

 

നിനക്കറിയില്ല മനുഷ്യൻ എന്ന സങ്കീർണ ജീവിയെ. ഇരയും വേട്ടക്കാരനും, വാദിയും പ്രതിയും, സാക്ഷിയും ജഡ്ജിയും എല്ലാം ഒരാളിൽത്തന്നെയുണ്ട്. ഡോക്ടർ പറഞ്ഞു നിർത്തുമ്പോൾ, ദി കോർപ്സ് ഓഫ് അന്ന ഫ്രിറ്റ്സ് കണ്ടപ്പോഴുണ്ടായതിനേക്കാൾ വലിയൊരു വിഹ്വലത സൂരജിനെ പിടികൂടി.

സൂര്യൻ കടലിൽ താഴ്ന്നുപോയ ഏതോ വിനാഴികകൾക്കൊടുവിൽ തീരത്തെ തേടി വന്ന തിരകൾ വൈദ്യുതിവെളിച്ചത്തിൽ നെക്ലസ് പോലെ തിളങ്ങുന്നതും നോക്കി കുറേ നേരം ഇരുവരും മിണ്ടാതെയിരുന്നു. കാണികളുടെ വിസിലടികൾക്കൊപ്പം ആകാശത്ത് കരിമേഘങ്ങൾക്കിടയിൽനിന്ന് ദി നെക്രോഫീലിക് എന്ന് തന്റെ സിനിമയുടെ ക്യാപ്ഷൻ ഓരോ അക്ഷരങ്ങളായി കടലിൽ പതിക്കുന്ന ഗ്രാഫിക്സ് അപ്പോൾ സൂരജ് മനസ്സിൽ കണ്ടു.

======

  • ജോസഫ് ക്ലെയിസിൻ –ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ ശവരതിക്കാരൻ.
  • വിക്ടർ ആർഡിസൺ –നൂറിലധികം ശവഭോഗങ്ങൾ നടത്തി വാമ്പയർ ഓഫ് മോയി എന്ന് കുപ്രസിദ്ധി നേടിയ ആൾ
News Summary - Malayalam Story