കാടിനുള്ളിൽ നിന്ന് തിരികെ

ചിത്രീകരണം: ജയകൃഷ്ണൻ എം.
ആഹ്... കടലു പോലെയുണ്ട് അല്ലേ!
ജലാശയത്തിലേക്കു കണ്ണു ചൂണ്ടി ഞാന്‍ പതുക്കെ പറഞ്ഞു.
ങ്ഹാ... വെള്ളം ഉള്ളതുകൊണ്ടു മാത്രം കടലാവില്ലല്ലോ! കടവിനു ചാരെ കാത്തുനിന്ന ആ തൊപ്പിക്കാരന്‍ എനിക്കുനേരേ കനിവോടെ പുഞ്ചിരിച്ചു. വളഞ്ഞിറങ്ങിയ കട്ടിമീശയും ഭംഗിയാര്‍ന്നു മുറിച്ചേറ്റം വൃത്തിയോടെയെഴുന്ന താടിയുമുള്ള ആ തൊപ്പിക്കാരന്‍. ചുണ്ടുകളില്‍നിന്ന് ചിരി പതുക്കെപ്പതുക്കെ വരണ്ടു വന്നപ്പോളും കണ്ണടയ്ക്കകത്ത് നിറചിരിയോടെ അയാളുടെ കണ്ണുകള്‍. മുനിഞ്ഞു കത്തുന്ന നിറകണ്‍ചിരി. അത് ഒരു ആശ്വസിപ്പിക്കലാണെന്ന് എനിക്കു തോന്നി.
അപരിചിതരോട് സംസാരിക്കുമ്പോള്‍ എപ്പോളും പറ്റുന്നതു പോലെ, വിഷയം തീര്‍ന്നു പോയതിനാല്‍ ഞാന്‍ വരണ്ടുനിന്നു.
പിന്നെ തപ്പിപ്പിടിച്ച് ചോദിച്ചു-
ബോട്ട് എപ്പോള്‍ വരും എന്നറിയാമോ!
ങ്ഹാ... നിങ്ങള്‍ക്കറിയാവുന്നതു പോലെയേ എനിക്കും അറിയാവൂ!
അയാളെന്നെ പരിഹസിക്കുകയാണോ എന്ന് സംശയം തോന്നി. എന്നാല്‍ അയാളുടെ ചിരിക്ക് പരിഹാസത്തിന്‍റെ ഊളത്തിളക്കം ഉണ്ടായിരുന്നില്ല, ആശ്വാസം! മൊബൈല്‍ തുറന്ന് സമയം നോക്കി. ഒമ്പതു കഴിഞ്ഞു. പത്തു മണിക്കാണ് ഞങ്ങളുടെ സമയം തുടങ്ങുക.
നൂറോളം പേരുണ്ടായിരുന്നു ബോട്ടു കാത്ത്, കടവില്‍. 25 മിനിറ്റ് ബോട്ടില്‍ ഉള്‍ക്കാട്ടിലേക്ക് സഞ്ചരിക്കണം. കാളമുതുക് ഇക്കോടൂറിസ്റ്റ് സങ്കേതം. കൊടും കാട്ടില്‍ അണക്കെട്ടിന്‍റെ ജലാശയത്തിനകത്ത് ദ്വീപായി പൊങ്ങിനില്‍ക്കുന്ന ഇടത്താണ് ഞങ്ങള്‍ക്കുള്ള രാപാര്‍പ്പിടങ്ങള്‍. ഡാം നിറഞ്ഞാലും കാളമുതുക് പൊങ്ങിത്തന്നെ നില്‍ക്കും. മഴക്കാലങ്ങളില്‍ പ്രത്യേകം അനുമതി എടുക്കുന്ന 25 പേരെ മാത്രമേ താമസിപ്പിക്കുകയുള്ളൂ. വനം വകുപ്പുകാരുടെ കര്‍ശന മേല്‍നോട്ടത്തില്‍. മഴക്കാലം കഴിഞ്ഞാല്‍, ഡാമില്‍ നിറയെ വെള്ളമുണ്ടെങ്കിലും 120 പേര്‍ക്കു താമസിക്കാം. മഴ അപകടകാലമാണ് കാട്ടില്‍.
കോട്ടേജുകളും മരക്കാലുകളില്‍ ഉയര്‍ത്തിപ്പണിത സെറാമ്പികളും മരങ്ങള്‍ക്കു മേല്‍ കെട്ടിയൊരുക്കിയ ഏറുമാടങ്ങളും ഫോറസ്റ്റുകാരുടെ കോട്ടേജുകള്‍ക്കൊപ്പമുള്ള ഡോര്‍മിറ്ററികളും ഒക്കെയായി 120 അതിഥികള്‍ക്കുള്ള താമസസൗകര്യം. ആദിവാസികളുടേതായി 12 ഹോംസ്റ്റേകളിലായി 36-40 പേര്‍ക്കു വരെ താമസിക്കാം. അത് ഉള്‍പ്പെടെയാണ് ആകെ 120. കൂമ്പാറ മാതന്‍ എന്നയാളുടെ കുടിയിലായിരുന്നു എനിക്ക് താമസം. ഹോം സ്റ്റേ എന്നുപറയുമ്പോലെ കുടിസ്റ്റേ എന്നു പറഞ്ഞിരുന്നെങ്കില്‍ രസമായേനേ! ഒറ്റക്ക് വരുന്ന മറ്റു മൂന്നു പേരു കൂടി കൂമ്പാറ മാതന്‍റെ കാട്ടില്ലത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിലെ ഓഫീസര്‍ പറഞ്ഞിരുന്നു.
വലിയൊരു മലയുടെ രണ്ടു പുറത്തുകൂടെയും ഒഴുകിവന്ന പുഴകളെ താഴെ മറ്റൊരു മലയിടുക്കില്‍ അണകെട്ടി ഒരുമിച്ച് തടഞ്ഞുനിര്‍ത്തി ഉണ്ടാക്കിയതാണ് ജലാശയം. ജലാശയം എന്ന വാക്ക് കൗതുകമുള്ളതായി എനിക്കു തോന്നി. ആമാശയം എന്നൊക്കെ പറയുംപോലെ. ഭക്ഷണം കെട്ടിനില്‍ക്കുന്നത് ആമാശയം. ജലം കെട്ടിക്കിടക്കുന്നത് ജലാശയം. ആശയം എന്നാല്‍ ഒരു തരം കെട്ടിക്കിടപ്പാണോ! ആവോ! ആര്‍ക്കറിയാം! കൂടെ ആരുമില്ലെങ്കിലും, ആശയത്തെക്കുറിച്ചുള്ള ആശയത്തില്‍ ഞാന്‍ സ്വയം ചിരിച്ചു.
രണ്ടു പുഴകള്‍ക്കും നടുവില്‍ പൊങ്ങി നിന്ന വന്‍മല, അണക്കെട്ടു വന്നതോടെ വെള്ളത്താല്‍ ചുറ്റപ്പെട്ട് ദ്വീപ് ആയി മാറി. മുമ്പും ആ മലയുടെ പേര് കാളമുതുക് എന്നുതന്നെയായിരുന്നോ എന്നറിയില്ല. ഇപ്പോള്‍ ദൂരെനിന്നു നോക്കിയാല്‍ പടുകൂറ്റന്‍ കാളയുടെ മുതുക് വെള്ളത്തില്‍ പൊങ്ങിനില്‍ക്കുകയാണ് എന്ന് തോന്നുംപോലെയാണത്രെ ആ മലയുടെ ആകൃതി. അതുകൊണ്ടാണ് കാളമുതുക് എന്ന പേര്. അതിപുരാതന കാലത്തെ ചില നന്നങ്ങാടികളും കുടക്കല്ലുകളും ഗുഹകളും ഒക്കെയുള്ള മലമ്പ്രദേശം. അതിനെ വനസുഖം അറിയാന്‍ പറ്റിയ ടൂറിസ്റ്റു കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
എല്ലാ കാര്യങ്ങളും വനം വകുപ്പുകാർതന്നെ ചെയ്യുന്നതു കൊണ്ട്, കാര്യം, സര്‍ക്കാരുമട്ടൊക്കെയാണെങ്കിലും ഒരുവിധം ചിട്ടകളുണ്ടായിരുന്നു. ഒമ്പതു മണിക്ക് എത്തും എന്നു പറഞ്ഞ ബോട്ട് 9.20ന് എത്തി. കോണ്‍വോയി പോലെ മൂന്നു ബോട്ടുകള്‍. ഓരോന്നിലും 16 പേര്‍ വീതമേ കയറൂ. പോയിട്ട് വേഗം വരാം, കാത്തുനില്‍ക്കണം എന്നുപറഞ്ഞ് ബോട്ടുകള്‍ പോയി. ഇനി ഒരു മണിക്കൂറോളം നോക്കിനില്‍ക്കണം.
ജലാശയത്തിന്‍റെ ഓരത്തുനിന്ന് അൽപം വിട്ട് ഞാന്‍ പതുക്കെ നടന്നു. കാട്ടിനുള്ളിലാണെങ്കിലും മനുഷ്യവാസത്തിന്‍റെ വഴിച്ചാലുകള്‍ ഉണ്ട്. പതിഞ്ഞ ചില നടപ്പുവഴികള്‍. കുറച്ചകലെ മുകളിലേക്കു കയറാന്‍ സ്റ്റീല്‍ കൈവരിയോടു കൂടിയ സിമന്‍റ് പടവുകള്‍. നേരിയ മൂത്രമണമുള്ളതെങ്കിലും തീരെ മോശമല്ലാതെ ഒരു ശൗചാലയം. ടോയ്ലറ്റ് എന്ന് നാലഞ്ചു ഭാഷകളിലും ശൗചാലയം എന്ന് മലയാളത്തിലും ബോര്‍ഡുണ്ട്. കടവിലേക്കുള്ള വഴിയില്‍ വര്‍ത്തമാനപത്രങ്ങളുടേത് ഉള്‍പ്പെടെ ചില കടലാസു തുണ്ടുകള്‍ അവിടവിടെ. വനം വകുപ്പുകാരുടെ ജീപ്പില്‍ ഞങ്ങള്‍ കടവിലേക്ക് എത്തിയ വഴി. മനുഷ്യവാസത്തിന്‍റെ തെളിച്ചം അത്രയും മിഴിവോടെ സ്പന്ദിക്കുന്ന ഇടങ്ങളാണല്ലോ വഴികള്‍ എന്ന് അതിശയത്തോടെ ഓര്‍ത്തു. കൂടെ ആരും ഇല്ലാത്തതുകൊണ്ട് അതിശയമൊന്നു പങ്കുവെക്കാന്‍ പറ്റാതെ ഒരു തിക്കുമുട്ടല്‍. ‘റ’ മീശയുള്ള ആ തൊപ്പിക്കാരനുവേണ്ടി ഞാന്‍ പരതിനോക്കി. അയാള്‍ ഒരു വേട്ടക്കാരനെപ്പോലെ കാമറകൊണ്ട് വനഭംഗി ചോര്‍ത്തിയെടുക്കുകയാണ്.
ഒരു വസ്തുവിന്‍റെ കുറേയേറെ ഫോട്ടോകള്‍ എടുത്താല്‍ ന്യായമായും ആ വസ്തു പതുക്കെ അലിഞ്ഞും കുറഞ്ഞും ഇല്ലാതായിപ്പോകേണ്ടതാണല്ലോ എന്ന് എനിക്കു തോന്നി. ഒരു വസ്തുവില്‍നിന്ന് ഒന്നും എടുക്കാതെ എങ്ങനെയാണ് അതിന്‍റെ ഫോട്ടോ ഉണ്ടാകുന്നത്. ഒന്നും ഉണ്ടാക്കാനോ ഇല്ലാതാക്കാനോ പറ്റില്ല എന്നല്ലേ പറയുന്നത്. അപ്പോൾപിന്നെ എങ്ങനെയാണ് ഫോട്ടോ ഉണ്ടാകുന്നത്? ഫോട്ടോ എടുക്കപ്പെടുന്ന വസ്തുവില്‍നിന്ന് എന്തെങ്കിലും ഒരംശം ഫോട്ടോ ആയി മാറണ്ടേ! ഭയങ്കര ശാസ്ത്രീയ സംശയമാണല്ലോ എന്ന് എനിക്കു തോന്നി. പിന്നെ ആ ചിന്തകള്‍ മഹാ മണ്ടത്തരമാണല്ലോ എന്നു തോന്നി ഒരു ഉള്‍ജാള്യത്തോടെ ഞാന്‍ പതുക്കെയൊന്ന് ചിരിച്ചുപോയി. എന്നാലും... ഫോട്ടോ എടുക്കുമ്പോള്‍ എന്തെങ്കിലും സംഭവിക്കേണ്ടതല്ലേ എന്നൊരു സംശയം പരപരാ നിന്നു.
അയാള്‍ കാമറ എനിക്കു നേരേ ചൂണ്ടി നില്‍ക്കുകയാണ്. ഞെട്ടിപ്പോയി. ഇപ്പോള്‍ ഷൂട്ട് ചെയ്യുമെന്ന് ഞാന്‍ പേടിച്ചു. കൂടെ ആരും ഇല്ലാത്തതുകൊണ്ട് ആ പേടിയൊന്നു പങ്കുവെക്കാന്‍ പറ്റാതെ ഒരു തിക്കുമുട്ടല്‍. ഞാന്‍ രണ്ടു കൈകളും ഉയര്‍ത്തി കീഴടങ്ങി. അയാള്‍ എന്നെ സമാധാനിപ്പിക്കാനെന്നോണം കാമറയുടെ ബാരല്‍ ഉയര്‍ത്തി. മുകളിലേക്കു കാണിച്ച് ട്രിഗര്‍ അമര്‍ത്തി. ആകാശത്തേക്ക് ഒരു ഷൂട്ട്. പിന്നെ ചിരിച്ചുകൊണ്ട് എന്നിലേക്ക് സൗഹൃദപ്പെട്ടു.
സൗഹൃദത്തിന്‍റെ പൂര്‍വലീലകള്‍കൊണ്ട് മയപ്പെടുത്തിയാല്‍ പരസ്പരമുള്ള കടന്നുകയറലുകള്‍ രസകരമാണല്ലോ. ഇടിച്ചുകയറുമ്പോളാണ് ചതഞ്ഞു നീറുന്നത്. വെറുത്തകലുന്നതും. ഞങ്ങള്‍ വിഷയവരള്‍ച്ചയില്ലാതെ സംസാരിച്ചു. പതിവുപോലെ ഞാന്‍ എന്നെ മറച്ചുപിടിക്കാന്‍ ശ്രമിച്ചു. അതേസമയം ആത്മമഹത്ത്വങ്ങള്‍ പുറന്തള്ളാനുള്ള കൊതിതുള്ളല്‍ ഉണര്‍ന്നു വിജൃംഭിക്കുന്നുമുണ്ടായിരുന്നു. അയാളാകട്ടെ, ഒരൗദാര്യം ചെയ്യുന്നതുപോലെ അയാളെക്കുറിച്ചു തന്നെ തുരുതുരെ സംസാരിച്ചു. ആര്‍ദ്രതയോടെ ഉള്ളുതുറന്ന് എന്നെ ക്ഷണിക്കുകയാണെന്നു തോന്നി.
അയാളൊരു ഫോട്ടോഗ്രാഫറാണ്. പടംവരപ്പുകാരനും. ഇടയ്ക്കൊക്കെ വരാറുണ്ട് കാളമുതുകില്‍. ഓരോ ആദിവാസി കുടിസ്റ്റേകളിലും മാറി മാറി താമസിക്കുകയാണ് രീതി.
ഇങ്ങനെ വനം വകുപ്പുകാര്‍ പറയുന്ന ഇടങ്ങളിലല്ലാതെ ശരിക്കും ആദിവാസികള്‍ താമസിക്കുന്ന കുടികളില്‍ പോയി താമസിക്കണം. അപ്പോളാണ് ശരിക്കും വനസുഖം അറിയുക –അയാള്‍ പറഞ്ഞു. കുടിക്കകത്ത് മണ്ണിലാണ് കിടപ്പ്. ബെഡ്ഷീറ്റ് ഉണ്ടെങ്കില്‍ അതു വിരിച്ച് കിടക്കാം. രാവിലെ വെളിച്ചം വരുമ്പോള്‍ എഴുന്നേല്‍ക്കണം. കുടിയില്‍ അരി ഉണ്ടെങ്കില്‍ കഞ്ഞി വെക്കും. പുഴയില്‍ പോയി ഞണ്ടുപിടിക്കും. അത് ചുട്ട് ഇടിച്ചുണ്ടാക്കുന്ന ചമ്മന്തിപോലൊന്നാണ് കൂട്ടാനായി ഉണ്ടാവുക. പിന്നെ അവര്‍ കാട്ടിലൂടെ വെറുതേ നടപ്പാണ്. ഇടയ്ക്ക് തിന്നാവുന്ന വല്ല കായോ കിഴങ്ങോ കിട്ടിയാല്‍ പച്ചയ്ക്കു തിന്നാം. പുഴയില്‍ കുളിക്കാം. ഏതെങ്കിലും കുടിയില്‍ മീന്‍കൂട ഉണ്ടെങ്കില്‍ അതുകൊണ്ട് കുറേ നേരം മീന്‍ പിടിക്കാനായി പുഴയില്‍ നില്‍ക്കാം. പിന്നെ വെറുതേ കാട്ടില്‍ നടപ്പും ഇരിപ്പും തന്നെ. അതാണ് ആദിവാസികളുടെ ജീവിതം. പരമാവധി രണ്ടു ദിവസം വരെ നമുക്ക് അത് രസിക്കാനാവും. ങ്ഹാ... അതു കഴിഞ്ഞാല്‍ ബോറടിച്ച് നമ്മള്‍ ചാകും. തൊപ്പിക്കാരന്‍ കാട്ടുജീവിതം വിവരിച്ചു. ഭക്ഷണമല്ലാതെ മറ്റൊന്നും അവര്‍ക്ക് പ്രശ്നമല്ല. ഇണചേരല്‍പോലും ഒട്ടും ആര്‍ത്തിയുള്ള കാര്യമല്ല അവര്‍ക്ക്. ഇത്തവണ തൊപ്പിക്കാരന്‍ ചിരിച്ചപ്പോള്‍ ശരിക്കും ഊളത്തിളക്കം ഉണ്ടായിരുന്നു. വനസുഖം എന്നാല്‍, കൾച്ചറിന്‍റെ ഭാരങ്ങളൊന്നുമില്ലാത്ത ഒരു വെറും എക്സിസ്റ്റന്‍സ് ആണ് –അയാള്‍ മറ്റൊരു തിളക്കത്തില്‍ ചിരിച്ചു.
തൊപ്പിക്കാരന്‍ എന്നെ പൂര്‍ണമായും ചുറ്റിപ്പിടിച്ചു കഴിഞ്ഞെന്ന് എനിക്കു തോന്നി. അയാള്‍ എന്നെ ഉള്ളിലേക്ക് എടുത്തോ എന്ന് ഞാന്‍ ചിന്തിച്ചതേയില്ല. മറ്റൊരാളില്‍ നിറയാനുള്ള എന്‍റെ പരപരപ്പിന് അയാള്‍ വിരേചനം തന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ വല്ലാത്തൊരു സമാധാനം തോന്നി. ഞാന്‍ തെല്ലൊരു അലസതയോടെ അയാളില്‍നിന്നു മുഖം തിരിച്ചു. പക്ഷേ, അയാള്‍ എന്നെ വിട്ടില്ല. പിന്നെയും ചേര്‍ത്തു നിര്‍ത്താനുള്ള താൽപര്യത്തോടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.
അപ്പോളേക്ക് ബോട്ടുകള്‍ വന്നു. അയാള്‍ ആദ്യബോട്ടില്‍ത്തന്നെ ചാടിക്കയറി. എന്നെ വിളിക്കുന്നതു കണ്ടെങ്കിലും മൈന്‍ഡു ചെയ്തില്ല. മൂന്നാമത്തെ ബോട്ടിലാണ് ഞാന്‍ കയറിയത്.
കടവില്‍ ഒരു ബോട്ട് അടുപ്പിച്ച് ആളെ ഇറക്കാനേ സൗകര്യമുണ്ടായിരുന്നുള്ളൂ. ഓരോ ബോട്ടില്‍നിന്നും ആളിറങ്ങി, കടവില്‍നിന്നു ബോട്ട് മാറ്റി അടുത്തത് എത്തിച്ച് അങ്ങനെ ഇറങ്ങണം. സമയം എടുക്കും. മനുഷ്യവാസമുള്ള ഇടത്തുനിന്ന് അര മുക്കാല്‍ മണിക്കൂര്‍ കാട്ടിലൂടെ വഴിയും പുഴയും താണ്ടി എത്തിയതാണെന്നു തോന്നില്ല കാളമുതുക് കടവില്‍. വനം വകുപ്പുകാരുടെ ഓഫീസുകള്‍, ഒരു നാടന്‍ ചായക്കട, പലയിടങ്ങളില്‍നിന്നുള്ള നടപ്പുവഴിച്ചാലുകളുടെ ഒരു സംഗമസ്ഥാനം, ആറേഴ് സോളാര്‍ വിളക്കുകാലുകള്‍, ഒക്കെക്കൂടി ചെറിയൊരു നാട്ടുകവല പോലെയുണ്ട്.
ചായക്കടയില്‍നിന്ന് ഞാനൊരു ചായയും കാട്ടുകാച്ചില്‍ പുഴുങ്ങിയതും ഒരു കഷണം കാട്ടുകൂര്‍ക്ക പുഴുങ്ങിയതും വാങ്ങി. വലിയ വട്ടയിലയിലാണ് കിഴങ്ങുകള്‍ തന്നത്. ചില്ലു ഗ്ലാസില്‍ ചായയും. കാന്താരി മുളക് ഉടച്ചതില്‍ എന്തോ ഒരു എണ്ണ ചാലിച്ച ചമ്മന്തി. നല്ല എരിവ്. രണ്ടാമതൊരിക്കല്‍ക്കൂടി ആ ചമ്മന്തി ഞാന്‍ തൊട്ടില്ല. ചമ്മന്തിയുടെ എരിവുകൊണ്ട് ആ കിഴങ്ങുരുചികളുടെ ചാരിത്ര്യം നശിപ്പിക്കരുതെന്ന് കടക്കാരനോട് പറയാന്‍ എനിക്കൊരു പരപരപ്പു തോന്നി. പരിചയക്കാരായി ആരുമില്ലാതിരുന്നതുകൊണ്ട് ആ തിക്കുമുട്ടല്‍ ഞാന്‍ വിഴുങ്ങി. കൂമ്പാറ മാതന്‍ ഞങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
കടവില്‍നിന്ന് കാട്ടിലെ നാട്ടുവഴിയിലൂടെ പത്തു പതിനഞ്ചു മിനിറ്റ് നടക്കണം കൂമ്പാറ മാതന്‍റെ കുടിയിലേക്ക്. കാട് ഇത്രയും തുറന്ന ഒരിടമാണെന്ന് ഞാന്‍ കരുതിയില്ല. പൊന്തപ്പടര്‍പ്പുകളില്‍ പാമ്പുകളുണ്ടാകുമോ എന്നായിരുന്നു എന്‍റെ പേടി. ചുരുണ്ട മുടിയും മെല്ലിച്ച പ്രകൃതവുമുള്ള മാതന്‍റെ പ്രായം എനിക്ക് ഊഹിക്കാന്‍ പറ്റിയില്ല. അരണ്ട മുഖവും പേടിച്ച ശരീരവുമുള്ള ഒരു കുഞ്ഞു മനുഷ്യന്‍. ആദിവാസികള്‍ കുഞ്ഞുമനുഷ്യരാണ്. ചെറുപ്പം മുതലേ പോഷകാഹാരക്കുറവില്‍ വളരുന്നവര്‍ക്ക് ശരീരപുഷ്ടി ഉണ്ടാവില്ലല്ലോ. അറിവിനും ബുദ്ധിക്കുമുണ്ടല്ലോ ആ പോഷകക്കുറവെന്ന് ഞാന്‍ ഓര്‍ത്തു.
കൂമ്പാറ മാതന്‍റെ കുടിയിലാണ് താമസം എന്നു പറയാം എന്നേയുള്ളൂ. മാതനും കുടുംബവും കഴിയുന്നത് ചെറിയൊരു ടെറസ് വീട്ടിലാണ്. പത്തുമുപ്പതു കൊല്ലം പഴക്കം തോന്നിക്കുന്ന ചെറിയൊരു വീട്. മാതനെപ്പോലെ പേടിച്ച് കുനിഞ്ഞിരിക്കുന്ന ഒരു വീട്. പൊളിഞ്ഞ വാതിലുകള്‍, വിണ്ടു കീറിയ ചുമരുകള്‍, പൊളിഞ്ഞ തറ, ചുമരില്‍ പലയിടത്തും നീര്‍പ്പാടുകള്‍. സോളാര്‍ പാനലുകള്‍ വെച്ചിട്ടുണ്ട്. പത്തു കൊല്ലം മുമ്പ്, സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച കാളമുതുക് ആദിവാസി നവോത്ഥാന പദ്ധതിയില്‍ വെച്ചു കൊടുത്തതാണ് വീട്.
പത്തു കൊല്ലംകൊണ്ട് മുപ്പതു കൊല്ലത്തെ പഴക്കം തട്ടിയ വീട്. അനുവദിച്ച കോടികളില്‍ നല്ലപങ്കും വനം വകുപ്പിനുള്ള ഓഫീസുകളും മറ്റും പണിതപ്പോള്‍ തീര്‍ന്നു. പിന്നെ പേരിന് കുറച്ച് ആദിവാസികള്‍ക്ക് തപ്പിപ്പിടിച്ച് ചില വീടുകള്‍ പണിതു കൊടുത്തതാണ്. കുടിയില്‍ ടൂറിസ്റ്റുകളെ താമസിപ്പിക്കാന്‍ അന്ന് വനംവകുപ്പ് തിരഞ്ഞെടുത്ത ആദിവാസി യുവാക്കള്‍ക്ക് പലപ്പോളായി രണ്ടു മൂന്നു മാസം പരിശീലനം കൊടുത്തു. അനുമതി കിട്ടിയ ഓരോരുത്തരും കുടിയുടെ സമീപത്ത് ടൂറിസ്റ്റുകള്‍ക്കായി ചെറുകൂരകള്‍ പണിതുണ്ടാക്കി. ടോയ്ലറ്റുകള്‍ വനം വകുപ്പു തന്നെ പണിതു നല്‍കി. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ചാരുബെഞ്ച്, മൂന്നു കസേരകള്‍, ഒരു കട്ടില്‍, ഒരു കൂജ തണുത്ത വെള്ളവും. അത്രയുമാണ് എനിക്കുള്ള കൂരയില്‍ ഉണ്ടായിരുന്നത്.
വസ്ത്രം മാറി കുറച്ചൊന്നു വിശ്രമിച്ച് ഞാന്‍ മാതന്‍റെ കുടിയിലേക്ക് കയറിച്ചെന്നു. മാതന്‍ ഇറയത്ത് ചടഞ്ഞിരുന്ന് പുകയില ചവയ്ക്കുകയായിരുന്നു. പുറത്ത് അടുപ്പില്‍ മുളങ്കുഴലില്‍ പുട്ടും ഞണ്ടു കറിയും ഉണ്ടാക്കുകയായിരുന്നു മാതന്‍റെ ഭാര്യ.
സൗഹൃദത്തിനോ മയപ്പെടുത്തലുകള്‍ക്കോ മെനക്കെടാത്ത ഒരു ഇടിച്ചു കയറലായിരുന്നു എന്‍റേത്. ആദിവാസികളുടെ വനസുഖം ആസ്വദിക്കാനുള്ള കൊതിതുള്ളല്‍ കൊണ്ടുള്ള ഇടിച്ചുകയറല്‍.
കാട്ടില്‍ പച്ചക്കറികളൊന്നും കിട്ടില്ല എന്ന് അവര്‍ പറഞ്ഞപ്പോളേ എനിക്ക് മനസ്സിലായുള്ളൂ. കോഴികളെയോ മറ്റോ വളര്‍ത്താന്‍ നോക്കിയിട്ടും കാര്യമില്ല. കാട്ടില്‍ മനുഷ്യര്‍ക്ക് മറ്റു ജീവികളില്‍നിന്ന് വ്യത്യാസങ്ങളൊന്നുമില്ല. ഭക്ഷണം കണ്ടെത്തല്‍ അത്രയെളുപ്പമല്ല. അരിയും ഗോതമ്പും മറ്റു ധാന്യങ്ങളുമൊന്നും കാട്ടില്‍ ഇല്ല. പയറും കടലയും വെണ്ടക്കയും പച്ചമോരും ഇല്ല. പുഴയില്‍നിന്ന് മീന്‍പിടിത്തം നാട്ടിലേതുപോലെ എളുപ്പമല്ല. ഞണ്ടാണ് കാട്ടിലെ മനുഷ്യര്‍ക്ക് മുഖ്യം. നമ്മള്‍ മനുഷ്യര്‍ക്ക് കാട് ഒരു തുറന്ന ദുരൂഹതയാണ്. എന്തിനാണ് ഈ ആദിവാസിമനുഷ്യരെ കാടുകളില്‍ തളച്ചിടുന്നതെന്ന് എനിക്കു മനസ്സിലായില്ല. കൂമ്പാറ മാതനോടു ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു.
വൈകുന്നേരം കടവിലെ കള്‍ച്ചറല്‍ സെന്‍ററില്‍ പാട്ടും കളിയുമുണ്ടെന്ന് മാതന്‍ പറഞ്ഞു. മാതന്‍റെ ഭാര്യയും പാട്ടു പാടി കളിക്കാന്‍ ഉണ്ടാകും. നല്ല പാട്ട്... ഉം... മാതന്‍ ഭാര്യയെ അഭിനന്ദിച്ചു പറഞ്ഞു.
പാട്ടു കേള്‍ക്കാന്‍ ഇറങ്ങുമ്പോള്‍ കുറച്ചു വൈകിയിരുന്നു. കള്‍ച്ചറല്‍ സെന്‍ററിനടുത്തേക്ക് എത്തുമ്പോള്‍ അവിടെ പൊരിഞ്ഞ അടി. കടവിലെ ചായക്കടക്കാരനും കൂമ്പാറ മാതനും നമ്മുടെ ആ ഫോട്ടോഗ്രാഫറും തമ്മിലാണ് അടി. മൂന്നുപേര്‍ തമ്മില്‍ അടി കൂടുന്നതില്‍ എനിക്കൊരു അമ്പരപ്പു വന്നു. രണ്ടു ചേരിയായി തിരിഞ്ഞിട്ടല്ലാതെ മൂന്നു ചേരിയായി നിന്ന് തല്ലുമോ! അങ്ങനെ വന്നാല്‍ അതില്‍ രണ്ടുപേര്‍ ഒരുമിച്ചുനിന്ന് ആദ്യം ഒരുത്തനെ തോൽപിച്ച് മാറ്റിയിട്ട് പിന്നെ അവര്‍ തമ്മില്‍ അടിക്കുന്നതല്ലേ അതിന്‍റെ ശരി! –ഒരു തല്ലുമര്യാദ! ഇത്തവണ എനിക്ക് പരപരപ്പും തിക്കുമുട്ടലും ഒന്നുമുണ്ടായില്ല. തൊട്ടടുത്തു നിന്നയാളോട് ഞാന്‍ തല്ലുമര്യാദയെക്കുറിച്ച് പറഞ്ഞു. മനുഷ്യര്‍ തല്ലു കൂടുമ്പോളാണോ ഇത്തരം വര്‍ത്തമാനം എന്ന മട്ടില്‍ അയാള്‍ എന്നെ നോക്കി. തെല്ലു മാറി നിന്നു.
തല്ല് അധികം പുരോഗമിക്കുന്നതിനു മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിവന്നു. അതിനകംതന്നെ, നിലത്തു വീണിട്ടും, കല്ലുകൊണ്ടും മറ്റും ഇടികള്‍ കിട്ടിയിട്ടും മൂന്നുപേര്‍ക്കും അവിടവിടെ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. മൂന്നുപേരെയും വനം വകുപ്പുദ്യോഗസ്ഥര്‍ ബലമായി ബോട്ടില്‍ കയറ്റി കൊണ്ടുപോയി. നാട്ടില്‍ കൊണ്ടുപോയി ആശുപത്രിയില്‍ കാണിച്ചിട്ട് പോലീസില്‍ ഏൽപിക്കുമെന്ന് കടവില്‍ പറഞ്ഞു കേട്ടു. എന്തിനായിരുന്നോ ആ കൂട്ടത്തല്ല്! പലരും പലതാണ് പറഞ്ഞത്.
ചായക്കടക്കാരന്‍റെ സഹായി പറഞ്ഞത് ആ തൊപ്പിക്കാരന്‍ ആളു മഹാപിശകാണ്. അയാള്‍ എപ്പോളൊക്കെ കാളമുതുകില്‍ വന്നിട്ടുണ്ടോ അപ്പോളൊക്കെ സന്ദര്‍ശകരില്‍ ആരെങ്കിലും മരിച്ചിട്ടുണ്ട്. മിക്കതും അപകട മരണങ്ങളാണ്. കൂമ്പാറ മാതന് മന്ത്രവാദം ഉണ്ട്. തൊപ്പിക്കാരന്‍ പറയുന്നയാളെ മാതന്‍ മാരണംചെയ്തു കൊല്ലും. രാത്രി ഒറ്റയ്ക്ക് കാടുകാണാനിറങ്ങി പാമ്പു കടിയേറ്റാണ് ഒരാള്‍ മരിച്ചത്. പുലര്‍ച്ചെ ഡാമില്‍ നീന്താനിറങ്ങിയ ഒരാള്‍ വെള്ളത്തില്‍ പോയാണ് മരിച്ചത്. ഒരാള്‍ ഹാര്‍ട്ടറ്റാക്കു വന്നാണ് മരിച്ചത്. തൊപ്പിക്കാരന്‍ സ്കെച്ചു ചെയ്യുന്നയാളെ മാതന്‍ മാരണംചെയ്ത് കൊല്ലുകയാണ് പതിവ്.
കൂമ്പാറ മാതന്‍റെ ഭാര്യ പറഞ്ഞത്
ഭഗവാന്‍ പരമശിവനും ഭഗവതിയും വിളയാടി നടന്ന കാടാണിത്. ഭഗവാനും ഭഗവതിയുമാണ് രണ്ടു പുഴകളായി ഒഴുകുന്നത്. അവര്‍ക്കൊപ്പമുണ്ടായിരുന്ന കാളയും ഇവിടെ കിടപ്പായി. ആ കാളയാണ് വലിയ മലയായിത്തീര്‍ന്നത്. രണ്ടു പുഴയിലും രണ്ട് അണകള്‍ കെട്ടാനാണ് ആദ്യം നോക്കിയത്. അണ നിന്നില്ല. ഒക്കെ പൊളിഞ്ഞുപോയി. കാട്ടുമൂപ്പനാണ് പറഞ്ഞത് ഭഗവാനെയും ഭഗവതിയെയും ഒരുമിപ്പിക്കാന്‍. അങ്ങനെയാണ് ഇത്രയും വലിയ ഒറ്റ അണകെട്ടി രണ്ടുപേരെയും ഒരുമിപ്പിച്ചത്. അപ്പോളേ അണ നിന്നുള്ളൂ.
ഭഗവാന്‍റെ ഭൂതങ്ങള്‍ കാട്ടിലുണ്ട്. കാട്ടില്‍ വെടിപ്പുകേടു കാട്ടുന്നവരെ ഭൂതങ്ങള്‍ ശിക്ഷിക്കും. ഓരോ തവണയും ഓരോ ആളുടെ മേല്‍ ഭൂതങ്ങള്‍ ആവേശിക്കും. ഭൂതം കയറുന്നവര്‍ കൂട്ടത്തില്‍നിന്ന് ഒരാളെ തിരഞ്ഞെടുത്ത് ഭഗവാന് ബലിയായി കൊടുക്കും. ഇവിടെ നടന്ന മരണങ്ങളിലൊക്കെ ഇവിടെ വന്ന ഓരോ ആളുടെ ഭൂതക്കൈ ഉണ്ടായിരുന്നു. അതാരാണെന്ന് മാതണ്ണന് ചിലപ്പോ ഒക്കെ വെളിവ് കിട്ടാറുണ്ട്.
ആദിവാസികളിലൊരാള്‍ പറഞ്ഞത്
ചായക്കടക്കാരന്‍ ഒരു പിശാചാണ്. മറ്റുള്ളവരെ ക്രൂരമായി കൊന്ന് രസിക്കുന്നയാള്‍. സന്ദര്‍ശകരില്‍ ചിലരെ അയാള്‍ പാട്ടിലാക്കും. രാത്രി കാട്ടിലൂടെ നടക്കാം എന്നു പറഞ്ഞ് ചിലരെ ഇളക്കും. രാജവെമ്പാലകളുടെ ഇഴവഴികളിലൂടെ നടത്തി അവയ്ക്കു മുന്നില്‍ എത്തിച്ച് അയാള്‍ മാറിനിന്നു കണ്ടു ചിരിക്കും. ഒരാള്‍ അങ്ങനെ പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ട്. ചായക്കടക്കാരനാണ് അയാളെ രാത്രി വെമ്പാലയുടെ ഇഴവഴിയിലാക്കിയത്. പിന്നെ ഒരാളെ പുലര്‍ച്ചെ ഡാമില്‍ ഇറക്കി ചുഴിയുള്ളിടത്തേക്കു വിട്ട് അതില്‍പെടുത്തി കൊന്നു. കാട്ടുകടന്നലുകള്‍ ഇളകിവരികയാണെന്നു പറഞ്ഞ് പേടിപ്പിച്ച് ഒരാളെ ഓടിച്ചപ്പോള്‍ അയാള്‍ ഹാര്‍ട്ടറ്റാക്കു വന്ന് മരിച്ചിട്ടുണ്ട്. കാട്ടുതേനാണ് എന്നു പറഞ്ഞ് കൊടുംവിഷമുള്ള ഒരിനം മധുരമേറിയ മരക്കറ ഒരാള്‍ക്കു കൊടുത്തു. അതു കഴിച്ച് ഒരൊറ്റ മണിക്കൂര്‍. മറ്റ് അസ്വസ്ഥതകളൊന്നുമില്ലാതെ അയാള്‍ മരം വെട്ടിയിട്ടപോലെ മരിച്ചുവീണു. പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോളാണ് വിഷം ഉള്ളില്‍ചെന്ന കാര്യം അറിഞ്ഞത്.
കാളമുതുകിലെ മരണങ്ങള്‍ അന്വേഷിക്കാന്‍ വന്ന ഡിറ്റക്ടീവായിരുന്നു ആ തൊപ്പിക്കാരന്‍. കൊല്ലപ്പെട്ടവരുടെയൊക്കെ രേഖാചിത്രങ്ങളും ഫോട്ടോകളും മറ്റും അയാള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അന്വേഷണം തന്‍റെയടുത്തേക്ക് എത്തുന്നു എന്ന് അറിഞ്ഞപ്പോളാണ് ചായക്കടക്കാരന്‍ തൊപ്പിക്കാരനു നേരേ ചാടിയത്.
വനംവകുപ്പിലെ ഒരു ജീവനക്കാരന്‍ പറഞ്ഞത്
കാളമുതുകിലെ മരണങ്ങളില്‍ വലിയ ദുരൂഹതകളുണ്ടായിരുന്നു. എന്നാല്‍, സ്വാഭാവിക മരണങ്ങളാണെന്നല്ലാതെ മറ്റൊരു തരത്തിലും അവ തെളിയിക്കപ്പെട്ടിരുന്നില്ല. ആ തൊപ്പിക്കാരന്‍ വരുന്ന സമയങ്ങളിലാണ് മരണങ്ങളൊക്കെ ഉണ്ടായിട്ടുള്ളത്. അയാള്‍ ഒരാളെ സ്കെച്ചു ചെയ്യും. ചായക്കടക്കാരനും ഹോംസ്റ്റേ നടത്തുന്ന ഒരു ആദിവാസിയുംകൂടി കെണികള്‍ ഒരുക്കി അയാളെ കൊല്ലും. പാമ്പു കടിയേറ്റും വെള്ളത്തില്‍ വീണും ഹാര്‍ട്ടറ്റാക്കു വന്നും വിഷപദാര്‍ഥം കഴിച്ചും ഒക്കെ ആളുകള്‍ മരിച്ചിട്ടുണ്ട്. പാറപ്പുറത്ത് തെന്നിവീണാണ് കഴിഞ്ഞ വര്‍ഷം ഒരാള്‍ മരിച്ചത്. രാവിലെ സൂര്യോദയം കാണാന്‍ പലരും കയറിപ്പറ്റുന്ന ഇടമാണ് ആ കാണുന്ന വലിയ പാറ. കാളയുടെ പൂഞ്ഞി പോലെ പൊങ്ങി നില്‍ക്കുന്ന ആ കാണുന്ന ഒറ്റപ്പാറ.
അതിന്‍റെ മുകളിലേക്ക് കയറണം. എളുപ്പമല്ല പൂഞ്ഞികയറ്റം. പക്ഷേ, ഇവിടെ വരുന്നവര്‍ക്ക് അതൊരു ക്രെയ്സ് ആണ്. ആദിവാസികളില്‍ ചിലര്‍ അതില്‍ വിദഗ്ധരാണ്. കൂമ്പാറ മാതന്‍, ബോളന്‍, കുറു തുടങ്ങി നാലഞ്ചു പേരാണ് വലിയ പൂഞ്ഞികയറ്റക്കാര്‍. ആ ചായക്കടക്കാരനും പൂഞ്ഞി കയറാന്‍ പോകാറുണ്ട്. മാതനും ചായക്കടക്കാരനും ബോളനും ആ തൊപ്പിക്കാരനുംകൂടി പൂഞ്ഞി കയറുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് കഴിഞ്ഞ കൊല്ലം പാറയില്‍ വീണ് മരിച്ചത്.
അവന്മാരുടെ ഗൂഢസംഘത്തില്‍ ആരോ ഒറ്റുകയോ മരണക്കൂട്ട് വിടുകയോ ചെയ്തതോ മറ്റോ ആണ് അവര്‍ക്കിടയില്‍ പ്രശ്നമായത്.
ബോട്ടു ഡ്രൈവര്‍മാരില്‍ ഒരാള്‍ പറഞ്ഞത്
ആ തൊപ്പിക്കാരന്‍ ഒരു വലിയ കലാകാരനാണ്. പോലീസിനുവേണ്ടി കുറ്റവാളികളുടെ രേഖാചിത്രം വരച്ചു കൊടുക്കുന്നയാളാണ്. സൗജന്യമായിട്ടാണ് അയാള്‍ അതു ചെയ്യാറുള്ളത്. ഓരോ കൊല്ലവും പത്തയ്യായിരം ആളുകള്‍ വന്ന് താമസിച്ചു പോകുന്ന സ്ഥലമാണ് കാളമുതുക്. അതിനിടെ കഴിഞ്ഞ പത്തു പന്ത്രണ്ടു കൊല്ലത്തിനിടെ ആറേഴു പേര്‍ ഇവിടെ മരിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നുവെച്ച് ഒരു മരണത്തില്‍പോലും ദുരൂഹമായി ഒന്നുമുണ്ടായിരുന്നില്ല. രാജവെമ്പാലയുള്ള കാടാണിത്. വെമ്പാലക്ക് ഒരു സഞ്ചാരവഴിയുണ്ട്. അനുമതിയില്ലാത്ത സമയത്ത് കാട്ടിലിറങ്ങി വെമ്പാലയുടെ ഇഴവഴിയില്‍പെട്ടപ്പോളാണ് ഒരാള്‍ കടിയേറ്റു മരിച്ചത്. അനുമതിയില്ലാത്ത നേരത്ത് അനുമതിയില്ലാത്ത സ്ഥലത്ത് ഇറങ്ങിയിട്ടാണ് ഒരാള്‍ ചുഴിയില്‍പെട്ടു മരിച്ചത്. ഒരാള്‍ വിലക്കു ലംഘിച്ച് കാട്ടില്‍നിന്ന് മരനീര് എടുത്ത് കഴിച്ച് വിഷം കയറിയാണ് മരിച്ചത്. ഒരാള്‍ മരിച്ചത് ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടാണ്. പൂഞ്ഞി കയറാന്‍ പോയ ഒരാള്‍ ഇടയ്ക്ക് തല ചുറ്റി പാറയില്‍ തലയിടിച്ചാണ് മരിച്ചത്.
രണ്ടു മൂന്നു കൊല്ലം മുമ്പ് ഒരു സ്ത്രീ മരിച്ചത് മൂന്നു ദിവസത്തെ താമസം കഴിഞ്ഞ് തിരികെ പോകും വഴി ബോട്ടില്‍നിന്ന് കാല്‍വഴുതി ഡാമില്‍ വീണാണ്. മുതലകളെ കാണാന്‍വേണ്ടി ബോട്ട് പതിവു വഴിയില്‍നിന്ന് അൽപം മാറ്റി ഓടിച്ചത് ഞാന്‍ തന്നെയായിരുന്നു. ഓഫീസര്‍ പറഞ്ഞതനുസരിച്ചാണ് ഞാനങ്ങനെ ബോട്ട് ഇത്തിരി റൂട്ട് മാറ്റി വിട്ടത്. മുതലകളെ കണ്ടതും ആ സ്ത്രീ വലിയ അതിശയത്തോടെ അവയുടെ ഫോട്ടോ എടുക്കാനായി എഴുന്നേറ്റു. പെട്ടെന്നുള്ള ആ ചലനത്തില്‍ ബോട്ട് ഇളകിയാടി. എഴുന്നേറ്റു നിന്ന സ്ത്രീ ബാലന്‍സ് തെറ്റി വെള്ളത്തില്‍ വീണു. ഉടന്‍ മുതലകള്‍ അവരെ കടിച്ച് ഊളിയിട്ടു പോവുകയുംചെയ്തു. എന്തു ചെയ്യാന്‍ പറ്റും!
ആ തൊപ്പിക്കാരന്‍ പരിചയപ്പെടുന്ന ആളുകളുടെയൊക്കെ ഫോട്ടോകള്‍ എടുക്കാറുള്ളയാളാണ്. മരിച്ചവരില്‍ പലരുടെയും ഫോട്ടോകള്‍ അയാള്‍ എടുത്തിട്ടുണ്ടായിരുന്നു. മരണാനന്തരം അത് നിയമകാര്യങ്ങള്‍ക്ക് വലിയ സഹായമായിട്ടുണ്ട്. അയാള്‍ ഇടയ്ക്കിടെ വന്നാല്‍ തങ്ങളുടെ ഗസ്റ്റുകള്‍ ഇല്ലാതായിപ്പോകുമെന്നും കാളമുതുകിലെ ടൂറിസംതന്നെ ഇല്ലാതായിപ്പോകുമെന്നും ആദിവാസികളില്‍ ചിലര്‍ക്കും ചായക്കടക്കാരനും ഒക്കെ പേടിയുണ്ട്. അവര്‍ വെറുതേ അയാളെക്കുറിച്ച് ഇല്ലാ വചനം പറഞ്ഞു പരത്തുകയാണ്. അയാളെ തല്ലിക്കൊന്നേനേ രണ്ടുംകൂടി.
മുമ്പ് വന്ന ഒരു സഞ്ചാരി അനുഭവക്കുറിപ്പില്‍ എഴുതിയത്
കാളമുതുകുപോലെ ഇത്രയും വിസ്മയ സുന്ദരമായ ഒരിടം മുമ്പൊരിക്കലും കണ്ടിട്ടില്ല. ടൗണില്‍നിന്നു തിരിഞ്ഞ് ഫോറസ്റ്റുകാരുടെ ഓഫീസിനുള്ളിലൂടെ കടന്ന് കാട്ടിലേക്കുള്ള അവരുടെ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ കയറുന്നതോടെ പുതിയൊരു ലോകത്തേക്ക് എത്തുകയായി. കാട്ടിലൂടെയുള്ള ആ ജീപ്പുയാത്ര തന്നെ വലിയൊരു അതിശയമാണ്. ഭാഗ്യമുണ്ടെങ്കില്‍ ഇടയ്ക്ക് കേഴമാനുകളും മ്ലാവുകളും തല നീട്ടിയെത്തുന്നത് കാണാം. ഞങ്ങള്‍ പോകുമ്പോള്‍ ഒരു നെടുങ്കന്‍ പാമ്പിന് കടന്നു പോകാനായി ജീപ്പ് നിര്‍ത്തിയിട്ടു കൊടുത്തിരുന്നു. അണക്കെട്ടിന്‍റെ വിസ്തൃതമായ ജലപ്പരപ്പു കാണുംമുമ്പു തന്നെ അതിനുമേല്‍ തഴുകി വരുന്ന കുളിര്‍കാറ്റ് നമ്മെ തൊടും. ബോട്ടു കാത്ത് കുറച്ചുനേരം നില്‍ക്കേണ്ടി വന്നു. എന്നാലും ആ നേരംകൊണ്ട് സഹയാത്രികരെ പരിചയപ്പെടാം. കാട്ടിലൂടെ കുറഞ്ഞൊന്ന് ചുറ്റിയടിക്കാം. യന്ത്രത്തോക്കുപോലെ നീളന്‍ ലെന്‍സുകളുമായി വന്ന ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഞങ്ങള്‍ക്കൊപ്പം ബോട്ടു കാത്ത് നിൽപുണ്ടായിരുന്നു. ബോട്ടില്‍ കാളമുതുകിലെ കടവിലിറങ്ങിയപ്പോള്‍ ഒരു മണിക്കൂറോളം കാട്ടിനകത്തുകൂടി സഞ്ചരിച്ച് എത്തിയ ഒരിടമാണെന്ന് തോന്നിയതേയില്ല. ഒരു നാട്ടുകവല പോലെ ആളുംതിരക്കുമുള്ള ഇടമായിരുന്നു കാളമുതുക് ബോട്ടുകടവ്.
സെറംബിയിലായിരുന്നു ഞങ്ങളുടെ താമസം. തൂണുകള്‍ക്കു മേല്‍ കെട്ടിപ്പൊക്കിയ ഒരു മരവീട്. ആന വരാതിരിക്കാന്‍ ചുറ്റും വൈദ്യുതിക്കമ്പികള്‍ ഞാത്തിയിട്ട് ഒരുക്കിയ തൂക്കുവേലി. രാത്രി കാട്ടിലൂടെ നടക്കാനും ഡാമില്‍ കുളിക്കാനും ആദിവാസികളുടെ കുട്ടവഞ്ചിയില്‍ കറങ്ങാനും ഒക്കെ പലരും വിളിച്ചു. പോയില്ല. കാട്ടില്‍ കയറി കാട്ടുതേനും വനവിഭവങ്ങളും കഴിക്കാം എന്നു പറഞ്ഞ് വിളിച്ചവര്‍ക്കൊപ്പവും പോയില്ല. കുറേ പേര്‍ പുലര്‍ച്ചെ പൂഞ്ഞി കയറാന്‍ പോയി. കാളയുടെ മുതുകുപോലെ ഇരിക്കുന്ന ഈ വന്‍മലയുടെ മുകളില്‍, കാളപ്പൂഞ്ഞിപോലെ പൊങ്ങി നില്‍ക്കുന്ന കൂറ്റന്‍ പാറയാണ് പൂഞ്ഞി.
തിരിച്ചു പോരുമ്പോളാണ് അറിഞ്ഞത്, ഒട്ടേറെ ദുരൂഹതകളും ദുരൂഹമരണങ്ങളും നിറഞ്ഞ ഇടമാണ് കാളമുതുക് എന്ന്. സഞ്ചാരികളായി എത്തുന്ന പലരും അവിടെ ദുരൂഹനിലയില്‍ മരിച്ചിട്ടുണ്ട്. മധുവിധുവിന് എന്ന പേരില്‍ വന്ന് ഏറുമാടത്തില്‍ രണ്ടു നാള്‍ താമസിച്ച ഒരു യുവാവും യുവതിയും ആ ഏറുമാടത്തില്‍തന്നെ തൂങ്ങിമരിച്ചിരുന്നു. വിശദമായ ആത്മഹത്യാക്കുറിപ്പൊക്കെ എഴുതിവെച്ചിട്ടുണ്ടായിരുന്നു അവര്‍. അവിവാഹിതരായ മക്കള്‍ ഒപ്പിച്ച നാണക്കേട് ഒഴിവാക്കാനാകണം രണ്ടുപേരുടെയും വീട്ടുകാര്‍ പരാതികളൊന്നും ഉയര്‍ത്തിയില്ല. പക്ഷേ, അവരുടെ കൂട്ടുകാര്‍ കുറേ പരാതികളൊക്കെ നല്‍കിയിരുന്നു.
എന്നാല്‍, രണ്ടു പേരുടെയും വിരലടയാളം പതിച്ച ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നതുകൊണ്ടും വേറേ ദുരൂഹതയൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതുകൊണ്ടും വലിയ പ്രശ്നങ്ങളുണ്ടായില്ല. അവര്‍ക്കൊപ്പം കാളമുതുകിലെത്തിയിരുന്ന ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഇവരുടെ ഒട്ടേറെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. രണ്ടുപേരും വലിയ പാറക്കെട്ടില്‍നിന്ന് ചാടി മരിക്കാന്‍ ശ്രമിക്കുന്നതിന്‍റെയും ഒരു ആദിവാസി അവരെ രക്ഷിക്കുന്നതിന്‍റെയും ചിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, ആ ആദിവാസിക്കും ഫോട്ടോഗ്രാഫര്‍ക്കും അവരുടെ മരണത്തില്‍ പങ്കുണ്ടെന്നു പറഞ്ഞ് എന്തൊക്കെയോ പരാതികള്‍ പോയതായും കേട്ടു. ജീവിതംപോലെ ദുരൂഹമാണിവിടം. അര്‍ഥം മനസ്സിലാകാത്തതും മോഹിപ്പിക്കുന്നതും. ഇത്രയും മനോഹരമായൊരു സ്ഥലത്ത് ഇങ്ങനെ ചില ദുരൂഹതകള്‍ ഉണ്ടാകുന്നത് സ്വാഭാവികമായിരിക്കാം അല്ലേ! ഇതായിരിക്കാം വനസുഖം!
കാളമുതുകു മലയുടെ ചോടെ ആദിവാസികളുടെ വനദേവതാ സ്ഥാനം ഉണ്ടായിരുന്നു എന്നും കോപമൂര്‍ത്തിയായ വനദേവത ആളുകളുടെ പ്രാണന്‍ പറിച്ചെടുക്കുന്നതാണെന്നുമാണ് ചിലര്‍ പറയുന്നത്. ഏതായാലും ഒരിക്കല്‍ പോയി ആ സൗന്ദര്യം ആസ്വദിച്ച് തിരികെ പോരുമ്പോള്‍ ഒരു വിറങ്ങലിപ്പും കൂടെ പോരും.
തിരക്കിട്ട് മടങ്ങുമ്പോള്‍ കിട്ടിയ വാട്സ്ആപ് സന്ദേശം
പ്രിയ സുഹൃത്തേ,
കാളമുതുകിലെ സന്ദര്‍ശക രജിസ്റ്ററില്‍നിന്നാണ് താങ്കളുടെ വാട്സ്ആപ് നമ്പര്‍ കിട്ടിയത്. യാദൃച്ഛികമായാണെങ്കിലും കുറച്ചുനേരം ഒരുമിച്ചുണ്ടാകാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം. നിങ്ങള്‍ വെടിപ്പുകേടു കാട്ടിയെന്നു പറഞ്ഞ്, ആ കുടിയിലെ ആ ആദിവാസി നിങ്ങളെ കുടുക്കാന്‍ ശ്രമിച്ചിരുന്നു. ഏതായാലും താങ്കള്‍ തല്‍ക്കാലം രക്ഷപ്പെട്ടെന്നു തോന്നുന്നു...
അയാള്‍ എന്‍റേതു മാത്രമായുള്ളതും ഞാന്‍കൂടി ഉള്‍പ്പെടുന്നതുമായ പത്തു നാൽപതു ഫോട്ടോകള്‍ അയച്ചിരുന്നു. എന്‍റെ ചില ഫോട്ടോകള്‍ ഏതോ ഡിസൈനിങ് ആപ്പ് ഉപയോഗിച്ച് പെയിന്‍റിങ്ങുപോലെയും രേഖാചിത്രംപോലെയും ഒക്കെ മാറ്റി ഡിസൈന്‍ചെയ്ത ചില ചിത്രങ്ങളും അയച്ചുതന്നു. പലതവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അയാളെ കിട്ടുന്നേയില്ല. അങ്ങനെയൊരു നമ്പറേ നിലവിലില്ലെന്ന് പറയുന്നു!