പൊഴി

കുട്ടികളെക്കുറിച്ചല്ല, കുട്ടികളെ പലതരത്തിൽ നോക്കിക്കാണുന്നവരെക്കുറിച്ചാണ് പറയുന്നതെന്നു പ്രഹ്ലാദൻ സംസാരത്തിനിടയിൽ ഇടക്കിടെ അച്ഛനെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. അച്ഛൻ, മനസ്സിലായെന്ന മട്ടിൽ തലയാട്ടുക മാത്രം ചെയ്തുകാണും. ഞാൻ ഹാളിലുണ്ടായിരുന്നു. അവർ സിറ്റൗട്ടിലും. ഞാൻ അവരെയും അവർ എന്നെയും കാണുന്നില്ല. ചിലരുണ്ടല്ലോ, കുട്ടികളെ ഒരു ശല്യമായാണ് കാണുന്നത്. മറ്റു ചിലർ അനുഗ്രഹമായി. കൗതുകം. ആഹ്ലാദം. നൊമ്പരം. അത്ഭുതം. ഭയം... അങ്ങനെയും ചിലർ. കുട്ടൻ ചേട്ടനു മനസ്സിലായോ? പ്രഹ്ലാദൻ അച്ഛനോട് ചോദിച്ചു. ഈ ലോകം ഒരേസമയം സുന്ദരവും വികൃതവുമാണ്. അച്ഛൻ പറഞ്ഞു. അതെ. പ്രഹ്ലാദൻ സമ്മതിച്ചുകൊണ്ട് തുടർന്നു....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കുട്ടികളെക്കുറിച്ചല്ല, കുട്ടികളെ പലതരത്തിൽ നോക്കിക്കാണുന്നവരെക്കുറിച്ചാണ് പറയുന്നതെന്നു പ്രഹ്ലാദൻ സംസാരത്തിനിടയിൽ ഇടക്കിടെ അച്ഛനെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. അച്ഛൻ, മനസ്സിലായെന്ന മട്ടിൽ തലയാട്ടുക മാത്രം ചെയ്തുകാണും. ഞാൻ ഹാളിലുണ്ടായിരുന്നു. അവർ സിറ്റൗട്ടിലും. ഞാൻ അവരെയും അവർ എന്നെയും കാണുന്നില്ല.
ചിലരുണ്ടല്ലോ, കുട്ടികളെ ഒരു ശല്യമായാണ് കാണുന്നത്. മറ്റു ചിലർ അനുഗ്രഹമായി. കൗതുകം. ആഹ്ലാദം. നൊമ്പരം. അത്ഭുതം. ഭയം... അങ്ങനെയും ചിലർ.
കുട്ടൻ ചേട്ടനു മനസ്സിലായോ? പ്രഹ്ലാദൻ അച്ഛനോട് ചോദിച്ചു.
ഈ ലോകം ഒരേസമയം സുന്ദരവും വികൃതവുമാണ്. അച്ഛൻ പറഞ്ഞു.
അതെ. പ്രഹ്ലാദൻ സമ്മതിച്ചുകൊണ്ട് തുടർന്നു. ന്യായാന്യായങ്ങളുടെ ആകെ തുക കണ്ടുപിടിച്ചാലേ ഈ പറഞ്ഞ സുന്ദരം സുന്ദരമാണോ എന്നും വികൃതം വികൃതമാണോ എന്നും ഉറപ്പിക്കാനാകൂ. അതായത് എന്റെ ഭാഗത്തുള്ള ന്യായത്തെ കുട്ടൻ ചേട്ടന്റെ ഭാഗത്തുനിന്നും നോക്കുമ്പോള്‍ അന്യായമായിട്ടാണു കാണുന്നതെങ്കില്‍ കുഴഞ്ഞില്ലേ?
മനുഷ്യനോളം കുഴപ്പം പിടിച്ച മറ്റൊരു നിർമിതിയും ഈ ഭൂമിയിലില്ല. ഞാന്‍ മനസ്സില്‍ പറഞ്ഞു.
അതെ, അതാണു ഞാന്‍ പറഞ്ഞുവരുന്നത്. കുട്ടൻ ചേട്ടനോടല്ലാതെ വേറാരോടാണു ഞാനിതു പറയുക. അതുകൊണ്ടാണ് ഈ രാത്രി, ഈ പെരുമഴയത്ത് ഇങ്ങോട്ടേക്കു ഓടിവന്നത്. പ്രഹ്ലാദന്‍ പറഞ്ഞു.
ഇതയാളുടെ സ്ഥിരം പല്ലവിയാണ്. കുറച്ചു കാലമായിട്ട് അച്ഛനാണ് അയാളുടെ കുമ്പസാരക്കൂടെന്നു എനിക്കു തോന്നിയിട്ടുണ്ട്.
അച്ഛന്‍ പൊലീസിലായിരുന്നു. പെന്‍ഷന്‍പറ്റിയതിനുശേഷം പുറത്തേക്കൊന്നും പോകാറില്ല. ടൗണില്‍ രണ്ടു കടമുറികള്‍ വാടകക്കു കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്കു ജീവിക്കാനുള്ളത് അതില്‍നിന്നും കിട്ടും. ജോലിയിലിരിക്കുന്ന സമയത്ത് ഏതോ കേസുമായി ബന്ധപ്പെട്ടാണ് അച്ഛന്‍ പ്രഹ്ലാദനെ പരിചയപ്പെടുന്നത്. അതു പതിയെപ്പതിയെ വളര്‍ന്നു സുഹൃത്തുബന്ധമായി മാറി. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പ്രഹ്ലാദന്‍ അച്ഛനെ കാണാന്‍ വീട്ടില്‍വരും. കൈയില്‍ മുന്തിയയിനം മദ്യക്കുപ്പികള്‍ കാണും. പരസ്പരബന്ധമില്ലാത്ത എന്തൊെക്കയോ കഥകള്‍ രണ്ടുപേരും പറയും. തുമ്പിയെക്കുറിച്ചാണു പറഞ്ഞുതുടങ്ങുന്നതെങ്കില്‍ അഗ്നിപർവതത്തില്‍ ചെന്നാകും അവസാനിപ്പിക്കുക. എന്നാലോ അവര്‍ക്കുമാത്രം മനസ്സിലാകുന്ന എന്തോ ചില സംഗതികള്‍ ഇതിനിടയില്‍ ഒളിച്ചുകടത്തുണ്ടെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടു പേരെയും ബാലന്‍സ് ചെയ്യിക്കുന്ന എന്തോ ഒരു മാജിക് അവര്‍ക്കിടയിലുണ്ട്.
ഇത്തവണത്തെ അവരുടെ കൂടിക്കാഴ്ചക്കു ഒരു മാസത്തെ കാത്തിരിപ്പുണ്ട്. പക്ഷേ, അതിന്റെ കാര്യകാരണങ്ങളൊന്നും തിരക്കാതെയും പറയാതെയും അവര്‍ പതിവുപോലെ സംസാരിക്കുകയാണ്.
പത്താം നിലയില്‍, നെയിം ബോര്ഡുെവച്ച ഒരേ ഒരു ഫ്ലാറ്റ് ഞങ്ങളുടെയാണെന്നു കുട്ടൻ ചേട്ടനു അറിയാലോ?
യെസ്. മിക്കിമൗസ്.
മിക്കിഹൗസ്. പ്രഹ്ലാദന്‍ അച്ഛനെ തിരുത്തി. ഒരു നൂറുപേര് അല്ലാതെ ഞാന്‍ പറഞ്ഞതാണ്. രേണുവിനു അതൊന്നും ബോധിച്ചില്ല. വീട്ടിലെ പെണ്ണുങ്ങള്‍ക്കു ബോധിക്കാത്ത കാര്യങ്ങള്‍, വീടിനു പുറത്ത് ചെരിപ്പ് അഴിച്ചിടുന്നതിനൊപ്പം ഉപേക്ഷിക്കണമെന്നാണ് പ്രമാണം.
കുട്ടൻ ചേട്ടന്‍ തന്നെയല്ലേ അങ്ങനെ ഉപദേശിച്ചത്. അല്ലെങ്കില്‍ മാഡ്ഹൗസ് എന്നു ഞാന്‍ ഫ്ലാറ്റിനു പേരിട്ടേനെ.
മഡ്ഹൗസ്. അച്ഛന്‍ പ്രഹ്ലാദനെ തിരുത്തി.
മൊത്തം പത്തു ഫ്ലാറ്റുകള്‍. ലിഫ്റ്റിറങ്ങി വലത്തോട്ടും ഇടത്തോട്ടും അഞ്ചെണ്ണം വീതം. രണ്ടു ഫ്ലാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
പത്തേപ്പത്തില്‍ മാത്രമാണ് കുട്ടികള്‍ ഇല്ലാത്തത്. മറ്റു ഫ്ലാറ്റുകളില്‍ ഓരോ കുട്ടികള്‍ വീതം. മൊത്തം ഏഴു കുട്ടികള്‍. മിക്കിയാണു കുട്ടിപ്പട്ടാളത്തിന്റെ നേതാവ്. കോറിഡോര്‍ യുദ്ധക്കളം. സ്റ്റെയര്‍ റൂമും ലിഫ്റ്റുകളും ഒളിസ്ഥലങ്ങള്‍.
പത്തേപ്പത്തില്‍ താമസിക്കുന്നത് ജെനി ആന്‍ഡ് മാര്‍ക്കേസ്. നവദമ്പതികളാണ്. അവര്‍ക്കു കല്യാണസമ്മാനമായി കിട്ടിയതാണ് പുതിയ ഫ്ലാറ്റ്.
ജെനിക്ക് എയര്‍പോര്‍ട്ടിലാണു ജോലി. മാര്‍ക്കേസ് ഷിപ്പ്‌യാര്‍ഡില്‍. ഒരാള്‍ ആകാശം. മറ്റെയാള്‍ കടല്‍. രണ്ടും ചേര്‍ന്നാല്‍ ആകാശക്കടല്‍.
കുട്ടിപ്പട്ടാളത്തിന്റെ മുഖ്യശത്രു ഈ ജെനിയാണ്. അവള്‍ക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍പോലും മിക്കി പാസാക്കിയിട്ടുണ്ട്.
കുട്ടികള്‍ ബഹളംെവക്കുന്നതുമൂലം തന്റെ ഉറക്കം തടസ്സപ്പെടുന്നെന്നു ജെനി സെക്യൂരിറ്റി ഓഫീസില്‍ പരാതി എഴുതിക്കൊടുത്തതിനെത്തുടര്‍ന്നു കോറിഡോറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതാണ് ഈ പറഞ്ഞ ശത്രുതയുടെ കാരണം.
ജെനി എന്തിനാണ് പകല്‍ കിടന്നുറങ്ങുന്നത്? ഞങ്ങളുടെ കളി തടസ്സപ്പെടുത്തിയതിനു ജെനിക്കെതിരെയല്ലേ പരാതി പോകേണ്ടത്? ഉറക്കം തടസ്സപ്പെടുന്നതിന്റെ യഥാര്‍ഥ കാരണം അവളുടെ ജോലിയല്ലേ? അതു ഉപേക്ഷിച്ചാല്‍ രണ്ടുകൂട്ടരുടെയും പ്രശ്നങ്ങൾക്കുള്ള സൊലൂഷന്‍ ആകില്ലേ?
കുട്ടികളുടെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ ന്യായം അവരുടെ ഭാഗത്താണെന്നു തോന്നും. ഒരിക്കെ കുട്ടികള്‍ ആയിരുന്നവരാണല്ലോ പിന്നീട് മുതിര്‍ന്നവരാകുന്നത്. എന്നിട്ടുമെന്താകും ചിന്തകളില്‍ ഇത്തരമൊരു അന്തരം സംഭവിക്കുന്നത്.
ദൈവത്തിന്റെ ഭ്രാന്തന്‍ ഭാവനയാണ് മനുഷ്യജീവിതം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
പ്രവാചകനായ ഇബ്രാഹിം നബിയുടെ കഥയിലും അബ്രഹാമിന്റെ കഥയിലും ബലിക്കല്ലില്ലേക്കു നയിക്കപ്പെടുന്ന കുട്ടികളെ കാണാം. യേശുവിന്റെ കഥ നോക്ക്, അവന്റെ പേരും പറഞ്ഞ് എന്തുമാത്രം ശിശുക്കളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അച്ഛന്‍ പറഞ്ഞു.
ശ്രീകൃഷ്ണനെ കൊല്ലാന്‍ നടന്ന കംസനെയും ചേര്‍ത്തു വായിച്ചാല്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമോദാഹരണമായി. പ്രഹ്ലാദന്‍ ചിരിച്ചുകൊണ്ടു അച്ഛനെ ഓർമിപ്പിച്ചു. കഥ എന്ന വാക്ക് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ കുട്ടൻ ചേട്ടാ.
കുട്ടികളും സ്ത്രീകളും എല്ലാ കാലത്തും ഇരകളാണ്. എവിടെയോ വായിച്ചതു ഞാനും ഓര്‍ത്തെടുത്തു.
കഥയില്‍ ചുറ്റിത്തിരിയാതെ കാര്യത്തിലേക്കു വന്നാലും. അച്ഛന്‍ ജിജ്ഞാസയോടുകൂടി പറഞ്ഞു.
ഞാനും...
പ്രഹ്ലാദന്‍ കാര്യത്തിലേക്കു കടന്നു.
മുംബൈയിലെ ഓഫീസില്‍നിന്നും മടങ്ങിയെത്തിയ ദിവസം. നേരം പാതിരയായിട്ടുണ്ട്. ഒറ്റക്കു കാറോടിച്ചാണ് ഞാന്‍ എയര്‍പോര്‍ട്ടില്‍നിന്നും ഫ്ലാറ്റിലെത്തിയത്.
പി സെവനില്‍ കാര്‍ പാര്‍ക്കുചെയ്ത്, പാര്‍ക്കിങ്ങില്‍തന്നെയുള്ള ലിഫ്റ്റുപിടിച്ച് പത്താംനമ്പറില്‍ വിരലമര്‍ത്തി, ചുമരിലെ കണ്ണാടിയില്‍ നോക്കി മുടി കോതിക്കൊണ്ടുനില്‍ക്കെ, അടഞ്ഞ ഡോര്‍ പെട്ടെന്നു തുറക്കുകയും, ഒരു സ്ത്രീ ഓടിക്കിതച്ചു അകത്തേക്കു കയറിവരുകയും ചെയ്തു.
അവര്‍ ആശ്വാസത്തില്‍ ചുമരിലേക്കു ചാരിനില്‍ക്കെ ലിഫ്റ്റ് മുകളിലേക്കു കുതിച്ചു. ഒന്ന്. രണ്ട്. മൂന്ന്. നാല്. അഞ്ച്. ആറ്...
ഏതു ഫ്ലോറാണ്? ഞാനവരോടു തിടുക്കത്തില്‍ ചോദിച്ചു.
ടെന്‍. ദീര്‍ഘനിശ്വാസത്തോടെ അവര്‍ പറഞ്ഞു. അവരുടെ വായില്‍നിന്നു വീഴുന്ന നമ്പറില്‍ കുത്താനായി മുന്നോട്ടേക്കു ആഞ്ഞുനിന്ന ഞാന്‍ ഇളിഭ്യനായി പിറകിലേക്കൊഴിഞ്ഞു കണ്ണാടിയിലേക്കു ചാരിനിന്നു.
അവര്‍ ഹാന്‍ഡ്ബാഗില്‍നിന്നും ടിഷ്യൂപേപ്പര്‍ വലിച്ചെടുത്ത് മുഖത്തെ വിയര്‍പ്പു തുടക്കുന്ന സമയംകൊണ്ട് ഞാനവരെ ഒളികണ്ണിട്ടുനോക്കി. മുട്ടിനുമീതെ ടൈറ്റായി നില്‍ക്കുന്ന ഒരു ഗൗണാണ് വേഷം. ഒരു കാലില്‍ മാത്രം കറുത്ത ചരട്. പിന്‍കഴുത്തില്‍ ശലഭങ്ങളുടെയും കുഞ്ഞുപാദങ്ങളുടെയും ടാറ്റൂ. മുന്തിരിച്ചാര്‍ കുടിച്ചുവറ്റിച്ച ചുണ്ടുകള്‍. കാമം ഒളിപ്പിച്ച കണ്ണുകള്‍.
ലിഫ്റ്റിലെ അരണ്ട വെളിച്ചത്തില്‍ ഒരു അപ്സരസ്സ് പ്രത്യക്ഷപ്പെട്ടതുപോലെ...
ഒമ്പത്. പത്ത്...
ലിഫ്റ്റിന്റെ ഡോര്‍ തുറന്നു. ഞാന്‍ ഇടത്തോട്ടും അവര്‍ വലത്തോട്ടും നടന്നു.
മദ്യപിച്ചതിന്റെയാണോ അതോ ഹൈഹീല്‍ ചെരുപ്പിന്റെ കുഴപ്പമോ ആടിയാടിയാണ് അവര്‍ വണ്‍ സീറോ സീറോ ഫോറിലേക്കു കയറിപ്പോയത്.
ഓഹ്! ഇവരായിരുന്നോ. ഞാനങ്ങു വണ്ടറടിച്ചുപോയി. ഇതിനുമുമ്പ് രണ്ടുവട്ടം ഇവരെ കണ്ടിട്ടുണ്ട്. ഒരു ഒഴിവുദിവസം മിക്കിയെ സ്വിമ്മിങ് ക്ലാസില്‍കൊണ്ടുവിട്ടു മടങ്ങിവരുമ്പോള്‍ ഇവര്‍ വേസ്റ്റ്റൂമില്‍നിന്നും ഉറക്കച്ചടവോടെ ഇറങ്ങിപ്പോകുന്നതു കണ്ടിട്ടുണ്ട്. മറ്റൊരിക്കെ, നീളന്‍ ഉടുപ്പ് അരയിലേക്കു വലിച്ചുകുത്തി ആരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടു കോറിഡോറില്‍ നില്‍പ്പുണ്ടായിരുന്നു. ആ ആളും ഈ ആളും തമ്മില്‍ രാപ്പകല്‍ വ്യത്യാസം. പെണ്ണൊരുമ്പെട്ടാല്‍ എന്നൊരു ചൊല്ലില്ലേ കുട്ടൻ ചേട്ടാ, അതീ സന്ദര്‍ഭത്തില്‍ പെണ്ണൊരുങ്ങിയാല്‍ എന്നു തിരുത്തണം.
ഓഫീസില്‍ വല്ല പാര്‍ട്ടിയും ഉണ്ടായിക്കാണും. പിറ്റേന്നു രാവിലെ രേണുവിനോട് ഈ സംഭവത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. ഹവ്വ എന്നാണു അവരുടെ പേര്. ഭര്‍ത്താവ് നിഖില്‍. മകള്‍ നവ്യ. മിക്കിയുടെ കൂട്ടത്തിലെ ആ പൊടിയില്ലേ, അവള്‍.
വിവരശേഖരണത്തില്‍ ഞാന്‍ പണ്ടേ പിറകിലാണെന്നു കുട്ടൻ ചേട്ടനു അറിയാമല്ലോ. പ്രഹ്ലാദന്‍ അച്ഛനെ ഓർമപ്പെടുത്തി.
അതുകൊണ്ടാണല്ലോ ഒരു രാത്രി അകത്തുകിടക്കേണ്ടി വന്നത്. അച്ഛനും തിരിച്ചു ഓർമപ്പെടുത്തി.
രേണു അങ്ങനെയല്ല. ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ ഷീ ഈസ് സ്മാര്‍ട്. പക്ഷേ, രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ വട്ടപ്പൂജ്യം.
അതേ.., ആ ഹവ്വ വര്‍ക്കൊന്നും ചെയ്യുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കുശേഷം രേണു എന്നോടു പറഞ്ഞു. ഏത് ഹവ്വ എന്നു ഓര്‍ത്തപ്പോള്‍, വണ്‍ സീറോ സീറോ ഫോറിലെ എന്നു രേണു വ്യക്തമാക്കി.
കുട്ടികള്‍ നിഷ്കളങ്കരാണ്. അവര്‍ കള്ളം പറയില്ല. രേണു തുടര്‍ന്നു. നവ്യയോടു ഞാന്‍ സൂത്രത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മമ്മിക്കു എപ്പോഴും പാര്‍ട്ടിയാണെന്നാണ് നവ്യ പറഞ്ഞത്.
നിഖില്‍?
അയാള്‍ മെഡിക്കല്‍ റെപ്പാണ്.
നവ്യയിലൂടെ രേണു വണ്‍ സീറോ സീറോ ഫോറില്‍ ഒളിച്ചുകയറി.
ഏദന്‍തോട്ടം എന്നു പറ. അച്ഛന്‍ പറഞ്ഞു.
അതേ.., അവര്‍ ഹസ്ബൻഡും വൈഫുമല്ല.
ആര്?
ആ ഹവ്വയും നിഖിലും.
ഗ്രാമങ്ങളെ ഉടച്ചുവാര്‍ത്ത് മഹാനഗരങ്ങള്‍ നിർമിക്കുകയും നാഗരികജീവിതത്തിലുടനീളം ഗ്രാമത്തുടിപ്പുകളെ പുനഃസൃഷ്ടിക്കാന്‍ വെമ്പുകയും ചെയ്യുന്നവരാണ് ആധുനിക മനുഷ്യര്‍.
ശരിയല്ലേ കുട്ടൻ ചേട്ടാ...
തെറ്റല്ല.
ഞാനും അതുതന്നെയാണ് പറഞ്ഞത്. അവര്‍ എന്തെങ്കിലും ചെയ്യട്ടെ. നമുക്കു നമ്മുടെ കാര്യം. അവര്‍ക്കു അവരുടെ കാര്യം.
എന്നിട്ട് വിലക്കപ്പെട്ട കനി തിന്നാനുള്ള ത്വര നിനക്കുണ്ടായില്ലേ? അച്ഛന്‍ ചോദിച്ചു.
കുട്ടൻ ചേട്ടാ നിങ്ങളൊരു പെണ്ണായിരുന്നെങ്കില്‍ ഞാനങ്ങു കെട്ടിയേനെ. പ്രഹ്ലാദന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാന്‍ അപ്പോള്‍ അമ്മയെക്കുറിച്ചോര്‍ത്ത് കരഞ്ഞു.
വിലക്കപ്പെട്ട കനി തിന്നതുകൊണ്ടാണല്ലോ ഏദന്‍തോട്ടം ഒരു തടവറയാണെന്ന സത്യം ആദവും ഹവ്വയും തിരിച്ചറിഞ്ഞത്. പ്രഹ്ലാദന്‍ പറഞ്ഞു.
അതേ.., ആ ഹവ്വ മുസ്‍ലിമാണ്. നിഖില്‍ ഹിന്ദുവും.
രേണുവിന്റെ കണ്ടെത്തലുകള്‍ തുടര്‍ന്നുകൊണ്ടിരുന്നത് എന്നെ ചെറുതായി ഭയപ്പെടുത്താന്‍ തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരു സംഭവമുണ്ടായി. അന്നൊരു ഒഴിവുദിവസമായിരുന്നു. അതിരാവിലെ കാളിങ് ബെല്‍ മുഴങ്ങുന്ന ശബ്ദംകേട്ട് ഞങ്ങള്‍ ഞെട്ടിയുണര്‍ന്നു. സമയം ആറുമണി ആകുന്നതേയുള്ളൂ. കാളിങ് ബെല്‍ തുടരത്തുടരെ മുഴങ്ങുന്നു. നാശം.
വാതില്‍ പാതി തുറന്നുപിടിച്ച് ഞാന്‍ ആളെ എത്തിനോക്കി. നാല്‍പ്പതിനു മീതെ പ്രായം തോന്നിപ്പിക്കുന്ന ഒരാള്‍. തീര്‍ത്തും അപരിചിതന്‍. ടീഷര്‍ട്ടും ട്രൗസറുമാണ് വേഷം. ആകെ വിയര്‍ത്തുനില്‍ക്കുന്നു. ആരാ എന്താ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയതും അയാള്‍ വാതില്‍ ബലംപ്രയോഗിച്ച് അകത്തേക്കു കയറാന്‍ ശ്രമിച്ചു. ഞാന്‍ വാതില്‍ തള്ളിയടച്ച് ലോക്കിട്ടു. എന്റെ പരിഭ്രമം കണ്ട് രേണുവും മിക്കിയും ഭയന്നു. ഞാന്‍ അവരെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. അൽപസമയം കഴിഞ്ഞ് വീണ്ടും ഡോര്‍ തുറന്നുനോക്കി. പുറത്ത് ആരെയും കണ്ടില്ല.
താഴെച്ചെന്നു സെക്യൂരിറ്റിയോടു കാര്യം പറഞ്ഞു. സി.സി.ടി.വിയില്‍ ആളെ കണ്ടു. ഈ ബിൽഡിങ്ങിലെ താമസക്കാരന്‍ അല്ലെന്നു തോന്നുന്നു. സെക്യൂരിറ്റി പറഞ്ഞു. ചിലപ്പോള്‍ അപ്പുറത്തെ ടവറിലെ ആകും. പാര്‍ക്കില്‍ നടക്കാന്‍ പോയിട്ടു മടങ്ങിവരുന്നതാകാം. മട്ടുംഭാവോം കണ്ടിട്ട് ടവര്‍ മാറിപ്പോയതാകാനാണ് സാധ്യത.
അയാളുടെ ഫ്ലാറ്റിന്റെ പേരും മിക്കിമൗസ് എന്നുതന്നെയാകുമോ? അച്ഛന്‍ ഇടക്കു കയറി ചോദിച്ചു.
മിക്കിഹൗസ്. പ്രഹ്ലാദന്‍ വീണ്ടും അച്ഛനെ തിരുത്തിക്കൊണ്ട് പറഞ്ഞു. ഇതേ ചോദ്യം ഞാന്‍ എന്നോടും ചോദിച്ചിരുന്നു. സെക്യൂരിറ്റി പറഞ്ഞ സാധ്യത എന്ന വാക്കിനു കടലിനോളം ആഴവും പരപ്പുമുണ്ട് കുട്ടൻ ചേട്ടാ.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാനും മിക്കിയും ബ്രെഡ് വേള്‍ഡില്‍ കേക്കു നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു. തൊട്ടരികില്‍ അയാളെപ്പോലെ ഒരാള്‍. അയാള്‍തന്നെയാണോ എന്നു ഉറപ്പുവരുത്തുന്നതിനുവേണ്ടി മൊബൈലില്‍ സേവുചെയ്തുെവച്ചിരുന്ന, സി.സി.ടി.വി വീഡിയോയില്‍നിന്നും പകര്‍ത്തിയ ഫോട്ടോ തിരയുകയായിരുന്നു ഞാന്‍. അപ്പോള്‍ അയാള്‍ മിക്കിയെ പേരെടുത്തു വിളിച്ചു. മമ്മി എവിടെയെന്നു തിരക്കി. മിക്കി അയാളെ നോക്കി ചിരിച്ചു. മമ്മിയില്ല അങ്കിള്‍. പപ്പയുണ്ട്. ചിരപരിചിതനോടെന്നപോലെ അവള്‍ പറഞ്ഞു.
ഹലോ... പ്രഹ്ലാദന്‍. അയാള്‍ എനിക്കുനേരെ കൈനീട്ടി. ഞാന്‍ ആദം. ടവര്‍ സിയിലാണ് താമസം. വണ്‍ സീറോ സീറോ ഫോറില്‍. രേണുവിന്റെ സുഹൃത്താണ്.
എങ്കില്‍ അയാളുടെ ഫ്ലാറ്റിന്റെ പേര് ഏദന്‍തോട്ടം എന്നാകും. അച്ഛന്‍ അഭിപ്രായപ്പെട്ടു.
ആകാനും ആകാതിരിക്കാനുമുള്ള സാധ്യതയുണ്ട് കുട്ടൻ ചേട്ടാ. പ്രഹ്ലാദന്‍ തുടര്‍ന്നു.
എന്റെ മനസ്സില്‍ കുറെ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഒന്നും ചോദിച്ചില്ല. മിക്കി സെലക്ടുചെയ്ത കേക്കും വാങ്ങിച്ച് ഞങ്ങള്‍ ഫ്ലാറ്റിലെത്തി. പതിവുപോലെ രേണു എനിക്കുള്ള സര്‍പ്രൈസ് ഗിഫ്റ്റുതന്നു. ഞാന്‍ അവള്‍ക്കും നല്‍കി. അതുകഴിഞ്ഞ് കേക്കു മുറിച്ചു. രേണുവിന്റെ മൊബൈല്‍ ട്രൈപോഡില്െവച്ച്, ടൈമര്‍ സെറ്റുചെയ്ത്, ഞങ്ങള്‍ മൂന്നുപേരുമുള്ള ഏതാനും ഫോട്ടോസെടുത്തു. അതിലൊരെണ്ണം രേണു വാട്സാപ്പ് സ്റ്റാറ്റസാക്കി. ടെന്‍ ഇയേഴ്സ് ഓഫ് ട്രാവല്‍. ഞാനത് ടെന്‍ ഇയേഴ്സ് ഓഫ് ട്രാജഡി എന്നാണു വായിച്ചത്.
ബാക്കിവന്ന കേക്കു വെക്കാന്‍ ഫ്രിഡ്ജില്‍ ഇടമുണ്ടാക്കുന്ന രേണുവിനോടു ഞാന്‍ ആദത്തെക്കുറിച്ചു ചോദിച്ചു. ന്യൂെട്ടല്ലയുടെ കുപ്പി തട്ടിമറിഞ്ഞു താഴേക്കു വീണു. ഭാഗ്യം! പൊട്ടിയില്ല. അതെടുത്തു കൊടുക്കുമ്പോള്‍ രേണുവിന്റെ മുഖത്തേക്കു ഞാന്‍ സൂക്ഷിച്ചുനോക്കി. യാതൊരു പതര്‍ച്ചയും കൂടാതെ രേണു പറഞ്ഞു. ആദം. ഗോവയിലെ ഓഫിസില്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍, ഇവിടെ, ഈ നഗരത്തില്‍.
അവിചാരിതമായി പാര്ക്കില്െവച്ചു ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ടവര്‍ സിയിലാണ് അവന്റെ ഫ്ലാറ്റ്. ഇപ്പോള്‍, കുടുംബം ഒപ്പമില്ല. ഭാര്യയും മക്കളും മുംബൈയിലാണ്. പിന്നേ..., രേണു ആവേശത്തില്‍ തുടര്‍ന്നു. ആദം പറയുന്നു, മിക്കി ഇത്രേം ആയില്ലേ, മറ്റൊരു കുട്ടിക്കു പ്ലാനില്ലെങ്കില്‍ വീണ്ടും ജോലി നോക്കിക്കൂടെയെന്നു.
നല്ലകാര്യം. ഞാന്‍ പറഞ്ഞു.
ഇനി ഇന്നത്തെ കാര്യത്തിലേക്കു വരാം. രാവിലെത്തന്നെ ഞാന്‍ മിക്കിയെ കൂട്ടി പാര്‍ക്കില്‍ പോയി. അവിടെെവച്ച് അവളോടു ആദത്തെക്കുറിച്ചു ചോദിച്ചു. ആദം പലവട്ടം നമ്മുടെ ഫ്ലാറ്റില്‍ വന്നുപോയിട്ടുണ്ടെന്നും ആദത്തിന്റെ ഫ്ലാറ്റിലേക്കു പലവട്ടം മമ്മിയും ഞാനും പോയിട്ടുണ്ടെന്നും മിക്കി പറഞ്ഞു. എല്ലാം ഞാനില്ലാത്തപ്പോള്‍. എന്തിനാണു രേണു അതെന്നില്‍നിന്നും മറച്ചുെവച്ചത്?
ഫ്ലാറ്റില്‍ തിരിച്ചെത്തിയപാടെ ഞാന്‍ രേണുവിനെ ചോദ്യംചെയ്തു. എടുത്തവഴിക്കു അവളെന്താ പറഞ്ഞേനോ? നിങ്ങള്‍ ഹവ്വയെത്തേടിപ്പോയതു എന്തിനാണോ അതിനുതന്നെയാണ് ആദം എന്നെത്തേടിവന്നതെന്ന്. കുട്ടൻ ചേട്ടാ എന്റെ മേലാസകലം തരിച്ചുവന്നു. കൈയില്‍ക്കിട്ടിയ ദോശക്കല്ലെടുത്ത് രേണുവിന്റെ തല തകര്‍ക്കാനാണു ആദ്യം തോന്നിയത്. പക്ഷേ, ചെയ്തില്ല. സകല ദേഷ്യവും ഉള്ളില്‍ ഒതുക്കിപ്പിടിച്ചു.
നന്നായി. അച്ഛന്‍ പറഞ്ഞു.
ഭാഗ്യം. ഞാനും പറഞ്ഞു.
പക്ഷേ, കുട്ടൻ ചേട്ടാ, മിക്കിയെ നടുക്കു കിടത്തി കട്ടിലിന്റെ രണ്ടറ്റത്തേക്കു ഞാനും രേണുവും മാറിക്കിടക്കുമ്പോള്‍ എന്റെ മനസ്സുനിറയെ അവളെയെങ്ങനെ കൊല്ലാം എന്ന ചിന്തയായിരുന്നു.
മിക്കി ഉറങ്ങിയെന്നു ഉറപ്പുവരുത്തിയതിനുശേഷം വഴക്കുതീര്‍ക്കാനെന്ന ഭാവേന ഞാന്‍ രേണുവിനെ പിറകില്‍നിന്നും പുണര്‍ന്നു. അവള്‍ തേങ്ങലോടെ എന്റെ ഉള്ളംകൈയില്‍ ചുംബിച്ച് എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. പക്ഷേ, അതിനനുവദിക്കാതെ, അവളുടെ ചുടുനിശ്വാസം പതിച്ച എന്റെ കൈകൊണ്ടു ഞാന്‍ അവളുടെ വായയും മൂക്കും ബലമായി പൊത്തിപ്പിടിച്ചു. ആദ്യത്തെ ചെറുത്തുനില്‍പ്പിനുശേഷം അവള്‍ തളര്‍ന്നുപോയി. പിന്നെ പതിയെപ്പതിയെ മരിച്ചുപോയി.
കഴുതേ... എന്നിട്ടാണോ ഇങ്ങോട്ടേക്കു ഓടിവന്നത്? അച്ഛന്‍ ചോദിച്ചു.
എന്റെ തൊണ്ട വരണ്ടുപോയിരുന്നു.
പ്രഹ്ലാദന്‍ പറഞ്ഞു. മുഴുവനും കേള്‍ക്ക് കുട്ടൻ ചേട്ടാ.
വെഡ്ഡിങ് ആനിവേഴ്സറി ഗിഫ്റ്റായി വാങ്ങിച്ചുകൊടുത്ത സാരി ഷെല്‍ഫില്‍ ഇരിപ്പുണ്ടായിരുന്നു. അതെടുത്ത് മരണകുടുക്കുണ്ടാക്കി. എന്നിട്ട് രേണുവിന്റെ കഴുത്തില്‍ അണിയിച്ചു. ഹാളില്‍നിന്നും കസേരയെടുത്തു കൊണ്ടുവന്ന് കട്ടിലിന്റെ മീതെയിട്ടു. ഫാനിലേക്കു രേണുവിനെ വലിച്ചുകേറ്റുന്നതിനിടയില്‍ ഞാന്‍ മിക്കിയെ പാളിനോക്കി. നാശം. അവള്‍ ഉണര്‍ന്നുകിടക്കുകയാണ്. എല്ലാം കണ്ടുകൊണ്ട്. ഭയന്നു വിറച്ച്...
നീ പെട്ടല്ലോടാ മോനേ... അച്ഛന്‍ പറഞ്ഞു.
പ്രഹ്ലാദന്‍ ചിരിച്ചുകൊണ്ട് അച്ഛനോടു പറഞ്ഞു. കുട്ടൻ ചേട്ടനാണ് ഈ കേസ് അന്വേഷിക്കുന്നതെന്നു കരുതുക. ആദ്യം എന്നെ ചോദ്യംചെയ്യും. അതു കഴിഞ്ഞ് മിക്കിയെ. അല്ലേ?
അതെ. അച്ഛന്‍ പറഞ്ഞു.
എങ്കില്‍ സമയം കളയാതെ കുട്ടൻ ചേട്ടന്‍ യൂനിഫോമെടുത്തിട്ട് ചോദ്യംചെയ്യല്‍ ആരംഭിച്ചാട്ടെ. ഒരിക്കെ അധികാരം കയ്യാളിയവര്‍ എന്നും അധികാരികള്‍തന്നെയാണ്. ആ മനഃസ്ഥിതിക്ക് മാറ്റമുണ്ടാകാനുള്ള ഒരു സാധ്യതയും ഈ ഭൂമിയിലില്ല.
അച്ഛന്‍ കസേരയില്‍നിന്നു എഴുന്നേല്‍ക്കുന്നതിന്റെയും ചായ്പു മുറിയുടെ വാതില്‍ തുറക്കുന്നതിന്റെയും ശബ്ദം ഞാന്‍ കേട്ടു. അച്ഛനിപ്പോള്‍ യൂനിഫോമിടുകയാകും. കണ്ണുകള്‍ ചുവന്നുകാണും. ചെവിയിലെയും പുരികത്തിലെയും രോമങ്ങള്‍ തെറിച്ചുനില്‍ക്കാന്‍ തുടങ്ങും.
ബൂട്ട് ഞെരിയുന്ന ഒച്ച. സിറ്റൗട്ട് ജയില്‍മുറിയായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
രേണുവിനെന്താ സംഭവിച്ചേ? ഇടിമുഴക്കംപോലെ അച്ഛന്റെ ചോദ്യം.
മമ്മീ... സാരിയെടുത്ത്... ഫാനില്‍... പപ്പയെ വിളിച്ചപ്പോഴേക്കും മമ്മീ...
മിക്കിയുടെ കരച്ചില്‍ എന്റെ കാതുകളിലേക്കു തീക്കാറ്റുപോലെ ഇരച്ചുകയറി. ദൈവമേ! ഇത്രയും നേരം അവളും സിറ്റൗട്ടിലുണ്ടായിരുന്നോ! കനത്ത ഭാരത്താല്‍ നെഞ്ചു തകരുന്നതുപോലെ എനിക്കു തോന്നി.
കുട്ടൻ ചേട്ടാ തിരിച്ചും മറിച്ചും ചോദിക്ക്. കുഴപ്പിക്കുന്നവിധത്തില്‍. പ്രഹ്ലാദന്‍ അച്ഛനോടു പറഞ്ഞു. അച്ഛന്‍ ഒരേ ചോദ്യം പലതരത്തില്‍ ചോദിച്ചു. ബൂട്ടും ലാത്തിയും ഒപ്പം ഒച്ചയിട്ടു.

മിക്കി ഒരേ ഉത്തരം ആവര്‍ത്തിച്ചു. അവള്‍ പേടിച്ച്, തണുത്ത്, വിറക്കുന്നതുപോലെ എനിക്കുതോന്നി.
കുട്ടികള്‍ സത്യം മാത്രമേ പറയൂ കുട്ടൻ ചേട്ടാ. പ്രഹ്ലാദന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
മറഞ്ഞുനിന്ന കാറ്റും മഴയും തിരികെയെത്തി. പ്രഹ്ലാദന്റെ ചിരിയും മിക്കിയുടെ കരച്ചിലും ഞങ്ങളുടെ വീടിനെ ഉപേക്ഷിച്ച് കാറ്റിനും മഴക്കുമൊപ്പം ഇറങ്ങിപ്പോയി. ശേഷം വന്ന ഭയപ്പെടുത്തുന്ന നിശ്ശബ്ദത എന്നെ ശ്വാസം മുട്ടിച്ചു.
അച്ഛാ… ഞാന്‍ ഉറക്കെ വിളിച്ചു.
ഓഹ്! നിന്റെ കാര്യം ഞാന്‍ മറന്നുപോയെടീ. അകത്തേക്കു കടന്നുവരുമ്പോള്‍ അച്ഛന്‍ പറഞ്ഞു. സാരമില്യാ. ഞാന്‍ പറഞ്ഞു.
അച്ഛന്‍ എന്നെ വീല്‍ചെയറില്‍നിന്നും താങ്ങിയെടുത്ത് കട്ടിലിലേക്കു കിടത്തി. എന്നിട്ട് ചടങ്ങുപോലെ, അരക്കു കീഴ്പ്പോട്ടു തളര്‍ന്നുപോയ എന്റെ ശരീരത്തിലേക്കു പുതപ്പെടുത്തിട്ടു. നെറുകയില്‍ ചുംബിച്ചു. ഉറങ്ങിക്കോ. ലൈറ്റ് അണച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു. ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല. എങ്കിലും ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു. മാഞ്ഞുപോയ മുറിപ്പാടുകള്‍ വീണ്ടും തുറക്കപ്പെടുന്ന വേദനയില്‍ എന്റെ പാതിജീവന്‍ പിടഞ്ഞുകൊണ്ടിരുന്നു.
അമ്മ എങ്ങനെയാ മരിച്ചത്? സകല ധൈര്യവും സംഭരിച്ച് ഞാന്‍ അച്ഛനോടു ചോദിച്ചു.
നിന്നെയോര്‍ത്ത് ചങ്കുപൊട്ടി... പലയാവര്‍ത്തി പറഞ്ഞ കള്ളം അച്ഛന്‍ ആവര്‍ത്തിച്ചു. മിക്കിയെപ്പോലെ...
ഇരുട്ടായി മാറിയ അച്ഛനെ കുഴപ്പിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കാനറിയാതെ ഞാന്‍ വിതുമ്പിപ്പോയി.