കാലുട്രോൺ ഗേൾസ്

“ We, as human beings, have the capacity for extreme cruelty.” -Lupita Nyong'o എമി താമസിക്കുന്ന ഹോട്ടൽ ലീവ്മാക്സ് പ്രീമിയത്തിലേക്ക് വണ്ടി പായിക്കുകയായിരുന്നു, യൂക്കോ വത്തനാബെ. ശൈത്യകാലമായതിനാൽ റോഡുകൾ വിജനം. രാവിലത്തെ ചാറ്റൽമഴയിൽ നനഞ്ഞുകുതിർന്ന തെരുവുകൾ. യൂക്കോയുടെ ഓഫ് ഡേ ആയിരുന്നു അന്ന്. എമിക്കും ടെസ്‌റ്റുകളൊന്നുമില്ല.കഴിഞ്ഞ രണ്ടാഴ്ച നീണ്ട പരിശോധനകൾക്കും അവയുടെ വിലയിരുത്തലിനുമായി എത്രയോ തവണ എമിയെ കാണേണ്ടി വന്നു. ക്ലിനിക്കൽ ട്രയലിനു വിധേയനാകുന്ന മനുഷ്യനെ രേഖകളിൽ വസ്തു എന്നാണു സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയായിരിക്കാം അവളോടുള്ള കൗതുകം, ക്രമേണ കരുതലായി മാറി. ട്രയൽ തുടങ്ങുന്നതിനു മുമ്പെ, എമിയോട് ഇനി വരാനിരിക്കുന്ന എല്ലാ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
“ We, as human beings, have the
capacity for extreme cruelty.”
-Lupita Nyong'o
എമി താമസിക്കുന്ന ഹോട്ടൽ ലീവ്മാക്സ് പ്രീമിയത്തിലേക്ക് വണ്ടി പായിക്കുകയായിരുന്നു, യൂക്കോ വത്തനാബെ. ശൈത്യകാലമായതിനാൽ റോഡുകൾ വിജനം. രാവിലത്തെ ചാറ്റൽമഴയിൽ നനഞ്ഞുകുതിർന്ന തെരുവുകൾ. യൂക്കോയുടെ ഓഫ് ഡേ ആയിരുന്നു അന്ന്. എമിക്കും ടെസ്‌റ്റുകളൊന്നുമില്ല.
കഴിഞ്ഞ രണ്ടാഴ്ച നീണ്ട പരിശോധനകൾക്കും അവയുടെ വിലയിരുത്തലിനുമായി എത്രയോ തവണ എമിയെ കാണേണ്ടി വന്നു. ക്ലിനിക്കൽ ട്രയലിനു വിധേയനാകുന്ന മനുഷ്യനെ രേഖകളിൽ വസ്തു എന്നാണു സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയായിരിക്കാം അവളോടുള്ള കൗതുകം, ക്രമേണ കരുതലായി മാറി. ട്രയൽ തുടങ്ങുന്നതിനു മുമ്പെ, എമിയോട് ഇനി വരാനിരിക്കുന്ന എല്ലാ സാധ്യതകളും തുറന്നു സംസാരിക്കേണ്ടിവന്നു...
‘‘തുടക്കം തികച്ചും സാധാരണമായിരിക്കും. അതിനുശേഷം രോഗിയുടെ അവസ്ഥ ഏതുസമയത്തും ഗുരുതരമാകാം. പാർശ്വഫലങ്ങൾ പ്രത്യക്ഷത്തിൽ കടുത്താൽ, ചിലപ്പോൾ ട്രയൽ ഉപേക്ഷിക്കേണ്ടി വരാം. ഒരുപക്ഷേ... ജീവൻ തന്നെയും...”
ഒട്ടും കുലുങ്ങാതെ, ചെറുചിരിയോടെ യൂക്കോ പറഞ്ഞതെല്ലാം അവൾ കേട്ടിരുന്നു. ക്ഷീണിതയെങ്കിലും വിട്ടുതരില്ല എന്നവളുടെ കണ്ണുകൾ ഉറക്കെപ്പറഞ്ഞു. ഉലഞ്ഞുപോയത്, തൊട്ടടുത്തിരുന്ന ജോൺ സ്കറിയയാണ്, എമിയുടെ പപ്പ.
ഹോട്ടൽ ലോഞ്ചിൽ എമിക്കും ജോൺ സ്കറിയക്കും തീരെ കാത്തുനിൽക്കേണ്ടി വന്നില്ല. പറഞ്ഞുറപ്പിച്ചതിലും മൂന്നു മിനിറ്റു മുമ്പ് യൂക്കോയുടെ ടയോട്ട പോർച്ചിൽ വന്നുനിന്നു. ഉപചാരപൂർവം അവരിരുവരേയും കാറിനുള്ളിലേക്ക് ക്ഷണിച്ച്, കുശലം പറഞ്ഞശേഷം യൂക്കോ വണ്ടി പായിച്ചു.
തന്നിൽ പ്രസരിക്കുന്ന ഉന്മേഷത്തിന്റെ കൂറ്റൻ തിരയിൽ അത്ഭുതത്തോടെ മുങ്ങിനിവർന്നാണ് എമി കാറിലിരുന്നത്. തലേന്ന്, ഹോട്ടൽമുറിയിലെ ടി.വിയിൽ ന്യൂസ് ചാനലുകൾ വെളിപ്പെടുത്തിയതെല്ലാം ഒന്നുതന്നെ. ഇരുട്ടിന്റെ ആഴക്കിണറിൽ വീണ കീവിനേയും, വടക്കുകിഴക്കുള്ള ഖാർക്കിവിനേയും വെട്ടത്തിലേക്കു കോരിയെടുക്കുന്നത് ഇടയ്ക്കു പാഞ്ഞുവന്ന മിസൈലുകളാണ്. തകർന്നടിയുന്ന ചോര തളിച്ച കാഴ്ചകൾ... ദിവസങ്ങളോളം രാകി കൂർപ്പിച്ച കാത്തിരിപ്പിന്റെ മുനയിലെ മിന്നൽത്തരിപോലെ, ഒട്ടും പ്രതീക്ഷിക്കാത്ത ആ നേരത്താണ് സുമിത്രയുടെ ഫോൺ വന്നത്. അതോടെ, വിഷാദത്തിന്റെ ചളിവെള്ളത്തിൽനിന്ന് ഒരു കുമിളപോലെ എമി ഉയർന്നുവന്നു.
കടുത്ത ഷെല്ലിങ് ആയിരുന്നതിനാൽ രണ്ടു ദിവസമായി സുമിത്രയും കൂട്ടുകാരും ബങ്കറിലായിരുന്നു. പറഞ്ഞതു പൂർത്തിയാക്കാതെ, നാൽപത്തിയെട്ടാമത്തെ സെക്കൻഡിൽ സുമിത്രയുടെ കോൾ മുറിഞ്ഞുപോയി. എന്നാലും സാരമില്ല. പ്രിയപ്പെട്ടവൾ ജീവിച്ചിരിക്കുന്നല്ലോ… എമി, ആ തിരിച്ചറിവിന്റെ മദപ്പാടിൽ ഇന്നലെ ലക്കുകെട്ടുറങ്ങി.
ട്രയലിനെത്തുന്നവർക്ക് സൗജന്യ താമസവും ദിനബത്തയും ഹിരോഷിമ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ട്രയൽ ഡിവിഷൻ ഒരുക്കാറുണ്ട്. ആദ്യ രണ്ടാഴ്ച ഹോട്ടലിൽ തങ്ങി ടെസ്റ്റുകളെല്ലാം പൂർത്തിയാക്കി സ്വീകാര്യമെങ്കിൽ അടുത്തഘട്ടം ആരംഭിക്കും. ട്രയലിനെത്തുന്നവരുമായി അകലം പാലിക്കണമെന്ന് യൂക്കോ സ്വയം ഓർമിപ്പിക്കാറുണ്ടെങ്കിലും ഇന്നലെ എമിയെ അടുത്തു കണ്ടപ്പോൾ അതിനു പറ്റിയില്ല. പിറ്റേന്നു രാവിലെ നഗരം കാണാനായി കൂട്ടിക്കൊണ്ടു പോകാമെന്നു പറഞ്ഞപ്പോൾ എമിയുടെ മുഖം അൽപമൊന്നു തെളിഞ്ഞു.
ഹോട്ടലിൽനിന്ന് എട്ടു കിലോമീറ്ററോളം മാറി മോട്ടോയാസു നദിയുടെ തീരത്താണ് പീസ് മെമ്മോറിയൽ പാർക്ക്. പുറത്തെ കാഴ്ചകൾ മടുത്തപ്പോൾ എമി യൂക്കോയെ നിരീക്ഷിക്കാൻ തുടങ്ങി. മെരുങ്ങിയ ഒരു ലോഹമൃഗത്തെയെന്നവണ്ണം എത്ര അനായാസമായാണ് യൂക്കോ തന്റെ വാഹനത്തെ ചലിപ്പിക്കുന്നത്.
‘‘യൂക്കോ മേം ജാപ്പനീസാണോ?’’
എമിയുടെ ചോദ്യം കേട്ടപ്പോൾ ഏതാനും മിനിറ്റുകൾകൊണ്ടുതന്നെ തൊട്ടടുത്തിരിക്കുന്ന ഈ പെൺകുട്ടി എങ്ങനെയെല്ലാമോ താനുമായി ഐക്യപ്പെടുന്നുണ്ടെന്ന് യൂക്കോക്ക് ബോധ്യമായി.
‘‘നിപ്പോൺ -യാങ്കി.’’
‘‘പാതി ജാപ്പനീസും പാതി അമേരിക്കനും അല്ലേ..?’’
ക്ലിനിക്കൽ ട്രയലിനെത്തിയ ഈ പെൺകുട്ടിയോട് എന്തിനിതൊക്കെ പറയണം എന്നോർത്തതാണ്. എങ്കിലും പറഞ്ഞു.
‘‘എന്റെ മമ്മയാണ് ഇങ്ങോട്ടാദ്യം എത്തിയത്.’’
‘‘പ്രണയം?’’
‘‘അല്ല. ഗ്രാനി മമ്മയെ ഇങ്ങോട്ടയച്ചതാണ്. റേഡിയേഷൻ വിക്‌ടിംസിനെ നോക്കാൻ. പപ്പ വത്തനാബെയും ഒരു ഹെൽത്ത് വർക്കർ ആയിരുന്നു.’’
പീസ് പാർക്കിലേക്കുള്ള ഓരോ സഞ്ചാരവും യൂക്കോ എന്ന മുപ്പത്തിരണ്ടുകാരിക്ക് തന്റെ ഗ്രാനി മാർഗരറ്റിനെക്കുറിച്ച് ഓർക്കാനുള്ളതാണ്.
രണ്ടുതവണ ഓക്ക് റിഡ്ജിലെ ഓൾഡ് ഏജ് ഹോമിലെത്തി ഗ്രാനിയെ യൂക്കോ കണ്ടിട്ടുണ്ട്. അമേരിക്കൻ രഹസ്യദൗത്യമായ മാൻഹട്ടൻ പ്രോജക്ടിന്റെ ആസ്ഥാനമായിരുന്ന ഓക്ക് റിഡ്ജ്…1 അത്ഭുതബാലനായ2 ലിറ്റിൽ ബോയ് ജന്മംകൊണ്ട സ്ഥലം. ഓരോ സന്ദർശനത്തിലും ഗ്രാനിക്കൊപ്പം ഏതാനും പകലുകൾ യൂക്കോ അവിടെ ചെലവഴിച്ചിട്ടുണ്ട്.
ആ പ്രോജക്ടിന്റെ ഭാഗമായിരുന്ന ഗ്രാനിയും കൂട്ടുകാരും ഏറ്റെടുത്ത ദൗത്യം കേട്ടറിഞ്ഞതിനേക്കാൾ എത്രയോ കഠിനവും ഭീകരവുമായിരുന്നുവെന്നത് അതോടെയാണ് അവൾക്കു ബോധ്യമായത്.
ചിലപ്പോൾ ഏതൊരു പൊള്ളുന്ന സംഭവവും ചൂടാറുന്നതോടെ ചരിത്രമായും കാലപ്പഴക്കത്തിൽ കഥയായും രൂപം മാറാം.
മാൻഹട്ടൻ പ്രോജക്ടിന്റെ ഭാഗമായിരുന്ന മാർഗരറ്റ് എന്ന തന്റെ ഗ്രാനിയിൽനിന്ന് നേരിട്ടു കേട്ടതും, താൻ പൂരിപ്പിച്ചെടുത്തതുമായ ആ കഥയിലൂടെ സഞ്ചരിച്ചുകൊണ്ട് യൂക്കോ വണ്ടി പറത്തി.
2
1944; ടെന്നസി പ്രവിശ്യയിലെ ഓക്ക് റിഡ്ജ്
പാതിരാത്രിയോടടുത്ത നേരം. ശൈത്യത്തിന്റെ തുടക്കം. മാൻഹട്ടൻ പ്രോജക്ടിലെ പെൺകുട്ടികളുടെ ഡോർമിറ്ററിയിൽ പുറത്തെ മഞ്ഞുകാറ്റിന്റെ മൂളൽ ഇടയ്ക്കു കേൾക്കാം. പകലത്തെ ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയെത്തിയവർ ഭക്ഷണം വാരിവിഴുങ്ങി ഉറങ്ങാൻ തുടങ്ങി.
ഉൾനാട്ടിൽനിന്നു വന്നവരാണ് ആ ഡോർമിറ്ററിയിലെ മിക്കവരും. യുദ്ധകാലമായതിനാൽ ആരോഗ്യമുള്ള പുരുഷന്മാർ മിക്കവരും യുദ്ധമുഖത്തോ, അല്ലെങ്കിൽ ജീവൻ പിടിച്ചുനിർത്താനുള്ള കഠിനപരീക്ഷകളിലോ കുടുങ്ങിക്കിടന്നു. അങ്ങനെ വീട്ടിൽ ഒറ്റക്കായ പെൺകുട്ടികളുടെ, അല്ലെങ്കിൽ സ്ത്രീകളുടെ മുമ്പിലേക്കാണ് ടെന്നസി ഈസ്റ്റ്മാൻ കമ്പനി തങ്ങളുടെ Y12 ഫാക്ടറിയിലെ അഭിമാനകരമായ തൊഴിലിനെപ്പറ്റിയുള്ള പരസ്യബോർഡുകളും നോട്ടീസുകളുമായി പ്രത്യക്ഷപ്പെട്ടത്. ലളിതമായ ജോലി. അതും വിയർപ്പൊഴുക്കാതെ, ഇരുന്നുകൊണ്ട് ചെയ്യാവുന്ന ഒന്ന്. ഭേദപ്പെട്ട വേതനം. കൂടാതെ താമസവും ഭക്ഷണവും സൗജന്യം.
ഇല്ലായ്മയുടെയും ഞെരുക്കത്തിന്റെയും അക്കാലത്ത് അത്തരം ഒരറിയിപ്പ് വലിയ പ്രലോഭനമായിരുന്നു.
ആദ്യ ദിവസംതന്നെ ട്രെയിനർ,3 കാലുട്രോൺ എന്ന ഉപകരണം ജോലിക്കെത്തിയവർക്കു പരിചയപ്പെടുത്തി. യുറേനിയം അയിരുകളിൽനിന്ന് തീരെ കുറവു മാത്രമുള്ള ഒരു പ്രത്യേക വകഭേദത്തെ കാലുട്രോൺ പ്രവർത്തിപ്പിച്ചു കണ്ടെടുക്കുവാനായിരുന്നു അവിടെ അവർ നിയോഗിക്കപ്പെട്ടത്. ഏതാനും ആഴ്ചകൾ നീണ്ട പരിശീലനം അവരെ അതിനു പ്രാപ്തരാക്കി. വലിയ പഠിപ്പുള്ളവർ ചെയ്യേണ്ട ജോലിയാണ്… ട്രെയിനർ ഓർമിപ്പിച്ചപ്പോൾ അഭിമാനത്തിന്റെ ഭാരവും ആവേശത്തിന്റെ തരിപ്പും അവരെ വീർപ്പുമുട്ടിച്ചു.
ഓരോ ദിവസവും എട്ടു മണിക്കൂർ നീളുന്ന മൂന്നു ഷിഫ്റ്റുകൾ. ആഴ്ചയിലേഴു ദിവസവും ആയിരത്തിൽപരം കാലുട്രോണുകളെ അവർ സദാ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു.
ആ പ്രോജക്ടിലെ ഏറ്റവും ഊർജസ്വലയായ പെൺകുട്ടിയായിരുന്നു ജെസീക്ക. ഒരുപക്ഷേ, അവിടെ പണിയെടുക്കുന്നവരിൽ ഏറ്റവും കൂടുതൽ മണിക്കൂറുകൾ യുറേനിയം അയിരുമായി ഇടപഴകിയത് ജെസീക്കയായിരിക്കാം. തൊഴിലിടത്തെ മികവിനും ഉത്സാഹത്തിനും െട്രയിനറുടെ പ്രശംസ ആദ്യം മുതൽക്കേ അവൾ പിടിച്ചുപറ്റി.
തൊട്ടടുത്ത ആഴ്ച ഉച്ചഭക്ഷണം കഴിഞ്ഞയുടൻ ട്രെയിനർ അവരെയെല്ലാം വിളിച്ചുകൂട്ടി പ്രചോദിപ്പിക്കുന്ന ഒരു ചെറുസംഭാഷണം നടത്തി.
‘‘നിങ്ങൾ ശത്രുവിനെതിരെ പൊരുതുന്ന നിശ്ശബ്ദ പടയാളികൾ. ഇത് മഹത്തായ രാജ്യസേവനം. ഡയലുകളിലെ സൂചികൾ നോക്കി നിങ്ങൾ കണ്ടെത്തിയ ഈ തരികളാണ് വിജയത്തിന്റെ സ്തൂപം പണിയുന്നത്.’’
അതു കേട്ടതോടെ പലരും പരസ്പരം നോക്കി. താൻ ഇവിടെ ചെയ്യുന്നത് എന്തുതരം ജോലിയാണ്? മൂലകളിൽ പൊങ്ങിയ ചെറിയ ഒച്ചകളെ ട്രെയിനർ ഒറ്റനോട്ടംകൊണ്ടു മരവിപ്പിച്ചു. ചുണ്ടുകൾ വിട്ടുയർന്ന ചോദ്യങ്ങൾ പറക്കാൻ ത്രാണിയില്ലാതെ നിലത്തു ചിതറി.
അവകാശികളില്ലാത്ത ചോദ്യങ്ങളിൽ ചവിട്ടാതെ ഒരു കാലടിപോലും മുമ്പോട്ടു വെക്കാൻ കഴിയില്ലെന്ന് മാസങ്ങളുടെ ദൂരം കടന്നപ്പോൾ ജെസീക്കക്കു ബോധ്യമായി. ഈയിടെയായി ഉറക്കമില്ല. കണ്ണടയ്ക്കുമ്പോൾ പകലെടുത്ത പണിയുടെ ബാക്കിപോലെ, വലിയ ഡയലുകളും നോബുകളും കൺപോളകൾക്കിടയിലേക്കിരച്ചുകയറി നീറ്റുന്നു. തന്റെ വരുതിയിൽനിന്ന് വഴുതിയിറങ്ങിയ ശരീരം തന്നെ തീർത്തും അവഗണിക്കുന്നതായി അവൾക്കു തോന്നിത്തുടങ്ങി.
ഡോർമിറ്ററിയിലെ മൂന്നു തട്ടുകളുള്ള കിടക്കയിൽ തൊട്ടു മുകളിൽ ഉറങ്ങിയിരുന്ന മാർഗരറ്റ് എന്ന പെൺകുട്ടി, ഒരു രാത്രി ഞെട്ടി ഉണർന്നപ്പോൾ കണ്ണുകൾ തുറിച്ച് ശ്വാസംവിടാൻ പ്രയാസപ്പെടുന്ന ജെസീക്കയെ കണ്ടു. നിശ്ശബ്ദത എന്നത്, പണിസ്ഥലത്തും ഭക്ഷണമുറിയിലും മാത്രമല്ല, ഉറക്കമുറിയിലും കർക്കശമായി പാലിക്കപ്പെടുന്ന നിയമമാകയാൽ ശബ്ദം പുറത്തുകേൾക്കാതെ മാർഗരറ്റ് ചോദിച്ചു.
‘‘വാർഡനെ വിളിക്കട്ടെ..?’’
‘‘വേണ്ട...’’ ജെസീക്ക അവളെത്തടഞ്ഞു.
അസമയത്ത് വാർഡനെ വിളിച്ചുണർത്തിയാൽ, പണിക്കു കൊള്ളാത്തവൾ എന്നപേരിൽ താൻ പുറത്താക്കപ്പെടുമോ എന്നാണ് ജെസീക്ക ഭയന്നത്. അവിടെയാകെ നിറഞ്ഞുനിന്ന ഭയവും ആശങ്കകളും മാർഗരറ്റിനേയും നിഷ്കരുണം മയക്കിക്കളഞ്ഞു. വളരെ പതുക്കെയുള്ള ചില ഒച്ചകൾ താഴെ കേട്ടാണ് പതിവിലും നേരത്തേ മാർഗരറ്റ് ഉണർന്നത്. അപ്പോൾ ഡോർമിറ്ററി മാനേജർക്കൊപ്പം വന്ന രണ്ടു പേർ ജെസീക്കയെ സ്ട്രെച്ചറിൽ താങ്ങിക്കിടത്തുകയായിരുന്നു. ഹാളിലുണ്ടായിരുന്ന ചുരുക്കം ചില പെൺകുട്ടികൾ എന്താണു സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നെങ്കിലും, പെട്ടെന്നുതന്നെ ആ ഭാഗത്തുനിന്ന് ഒഴിഞ്ഞുപോയി.
‘‘എന്തുപറ്റി?’’ മാർഗരറ്റ് ചോദിച്ചെങ്കിലും മറുപടിയില്ലാതെ സ്‌ട്രെച്ചർ ഉരുണ്ടുനീങ്ങി.
മഞ്ഞിൽ പുതഞ്ഞുപോയ അക്കാലത്തെ ഓരോ വിഷാദ ദിനങ്ങളേയും ഊഴമിട്ടുവന്ന മൂന്നു ഷിഫ്റ്റുകൾ നിഷ്‍കരുണം തിന്നുതീർത്തു.
ധൈര്യം തോന്നിയ ഒരു വൈകുന്നേരം, ജെസീക്കക്കെന്തു സംഭവിച്ചുവെന്ന് മാനേജരോടു തിരക്കിയെങ്കിലും മാർഗരറ്റിന് ഉത്തരം കിട്ടിയില്ല. മറ്റൊരു ഹാളിൽ ഉറങ്ങിയിരുന്ന ജെസീക്കയുടെ അതേ ഗ്രാമക്കാരിയായ സ്റ്റെഫാനിയോട് കണ്ട സംഭവങ്ങൾ മാർഗരറ്റ് അറിയിച്ചത് എല്ലാത്തിനേയും ഒരു വഴിത്തിരിവിൽ എത്തിച്ചു.
ഹൈസ്‌കൂൾ വരെ ഒന്നിച്ചു പഠിച്ച ഉറ്റചങ്ങാതിമാരായിരുന്ന ജെസീക്കയും സ്റ്റെഫാനിയും ആ യൂനിറ്റിൽ ജോലിക്കു ചേർന്നതും ഒരുമിച്ചാണ്. വിവരം അറിഞ്ഞതോടെ ജെസീക്കയെ അന്വേഷിക്കുന്ന ചുമതല സ്റ്റെഫാനിയും ഏറ്റെടുത്തു. മാർഗരറ്റും സ്റ്റെഫാനിയും നിരന്തരം ജെസീക്കയെ അന്വേഷിച്ചെത്തിയപ്പോൾ മാനേജർ തണുത്ത ചിരിയോടെ ഒരു ബോർഡ് അവർക്കു കാണിച്ചുകൊടുത്തു. അതിൽ കുറിച്ചത് വായിച്ചതോടെ മാർഗരറ്റ് അൽപമൊന്നു ഭയന്നു.
‘‘... നിങ്ങളിവിടെ കാണുന്നത്, കേൾക്കുന്നത്, ചെയ്യുന്നത്, എല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ചു പോകുക…’’
പക്ഷേ, സ്റ്റെഫാനി ഒട്ടും ഭയന്നില്ല. അവൾ വീട്ടിലേക്കയച്ച കത്തിൽ പതിവു വാചകങ്ങൾക്കിടയിൽ ‘‘… ജെസീക്കയെ കാണാനില്ല. ആരും ഒന്നും പറയുന്നില്ല…’’ എന്നുകൂടി, ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാനാവാത്തവിധം എഴുതിച്ചേർത്തു. ഒരുപക്ഷേ കത്ത് വഴിതെറ്റിപ്പോയിട്ടാവാം, ആരും അവളെ അന്വേഷിച്ചു വന്നില്ല.
രാത്രിയുടെ അധിനിവേശത്തിൽ തോൽവി സമ്മതിച്ച മഞ്ഞു കാലത്തെ വീര്യമില്ലാത്ത പകലുകൾ.
ഇതിനിടെ ചിലർക്ക് കണ്ണുനീറ്റലും തലപെരുക്കലുമുണ്ടായെങ്കിലും അതൊന്നും ഗുരുതരമായില്ല. ജെസീക്ക ഉറങ്ങിയിരുന്ന കിടക്ക, ഇപ്പോൾ അൽപം വായ തുറന്നുറങ്ങുന്ന മറ്റൊരു പെൺകുട്ടിയുടേതാണ്. ഉറക്കത്തിൽ ഉമിനീര് വീണ പാടുകൾ ആ കിടക്കവിരിയിൽ കാണാറുണ്ട്.
ഒരാഴ്ച കഴിഞ്ഞ് മാർഗരറ്റിന്റെയും സ്‌റ്റെഫാനിയുടെയും ഷിഫ്റ്റുകൾ ഒന്നിച്ചുവരേണ്ടതാണ്. അപ്പോൾ, അവസാന ശ്രമമെന്നപോലെ സ്‌റ്റെഫാനിക്കൊപ്പം പോയി യൂനിറ്റ് മാനേജരോട് ജെസീക്കയെക്കുറിച്ച് അന്വേഷിക്കണമെന്ന് മാർഗരറ്റ് കരുതി. പക്ഷേ ആ ഷിഫ്റ്റിൽ സ്‌റ്റെഫാനിയെ കാണാനായില്ല. കൂടെയുള്ളവരോടു സ്വകാര്യമായി തിരക്കിയിട്ടും ആരും ഒന്നും പറഞ്ഞില്ല. അങ്ങനെയൊരാളെ ഓർക്കുന്നില്ലെന്നും പറഞ്ഞു.
കാണാതാവുന്നവർ ആരുടെയും ഓർമയിൽ ഒരു കറപോലും തെളിവായി അവശേഷിപ്പിച്ചിരുന്നില്ല.
ജെസീക്ക ഒരാളല്ല. ആദ്യത്തെ ആളുമല്ല. ആ തിരിച്ചറിവിൽ മാർഗരറ്റ് കൂടുതൽ കൂടുതൽ ഉള്ളിലേക്കാണ്ടുപോയി.
മാഞ്ഞുപോയ, അറിയപ്പെടാത്തവരുടെ ഒഴുക്കിൽ വീർത്തുപൊങ്ങിയ ജെസീക്ക… ഒരുപക്ഷേ സ്‌റ്റെഫാനിയും..? അടുത്തതാര്..?
പല ദിവസങ്ങൾ കഴിഞ്ഞിട്ടും സ്‌റ്റെഫാനിയെ കാണാഞ്ഞപ്പോൾ, തങ്ങൾ ഏർപ്പെട്ടിരിക്കുന്ന ദൗത്യം എത്രത്തോളം നിഗൂഢവും രഹസ്യാത്മകവുമാണ് എന്ന ഭീതി മാർഗരറ്റിനെ ഞെരുക്കി. പക്ഷേ അവൾ തകർന്നില്ല.
ചെറുതും വലുതുമായ റേഡിയേഷനുകൾ... കണ്ണെരിച്ചിൽ... തലചുളുപ്പ്... എല്ലാം ചേർന്നു ഞെരുക്കിയിട്ടും ആ നിർണായക ദൗത്യം ടെന്നസി ഈസ്റ്റ്മാനിൽ പണിയെടുത്തിരുന്ന പെൺകുട്ടികൾ പൂർത്തിയാക്കുകയായിരുന്നു. രണ്ടോളം വർഷങ്ങളുടെ നിതാന്ത പരിശ്രമംകൊണ്ട് ഒരു നിഷ്‍കളങ്ക ബാലനെ പോറ്റിവളർത്താനുള്ള ലോഹഭക്ഷണം ആ പെൺകുട്ടികൾ പതിരുകളഞ്ഞു വേർതിരിച്ചെടുത്തു. ആ ചെറിയ കുട്ടിയാണ് ഒരുദിവസം രാവിലെ കണ്ണു തിരുമ്മിയെണീറ്റ് മണ്ണിനും മഞ്ഞിനും മരത്തിനും വെയിലിനും വെള്ളത്തിനും മുകളിൽ വിഷക്കൂണായി എരിഞ്ഞുനിന്നത്.
‘‘ഗ്രാനി അതിനുശേഷം നന്നായി ഉറങ്ങിയിട്ടില്ല.’’
മാർഗരറ്റിന്റെ കൊച്ചുമകളായ യൂക്കോ വത്തനാബേ പിറുപിറുത്തു.
തൊട്ടടുത്തിരുന്ന എമി മയക്കത്തിലായിരുന്നതിനാൽ അത് കേട്ടില്ല. പിൻസീറ്റിലിരുന്ന എമിയുടെ പപ്പ ജോൺ സ്കറിയയാകട്ടെ, താൻ നേരിട്ട് പങ്കാളിയായ ചില സംഭവങ്ങളിലൂടെ ഒഴുകി നടക്കുകയായിരുന്നു. ഭാരം തോന്നിയപ്പോഴൊക്കെ താൻ താണുപോകുമോ എന്നയാൾ ഭയന്നു.

3
2014; ഉണ്ടപ്ലാക്കൽ
എമി ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ജോൺ സ്കറിയക്ക് തിരുവല്ല താലൂക്കോഫീസിലേക്കു മാറ്റംകിട്ടിയത്.
മണിപ്പുഴപ്പാലം ഇറങ്ങിയാൽ ഉണ്ടപ്ലാവു മുക്ക്. അവിടന്ന് അകത്തേക്ക് കഷ്ടിച്ച് അരക്കിലോമീറ്റർ ചെന്നാലെത്തുന്ന കൊച്ചൊരു വാർക്കവീട് പ്യൂൺ മോനിച്ചൻ അയാൾക്കു തരപ്പെടുത്തിക്കൊടുത്തു. സ്‌കൂളിൽ ഒന്നിച്ചുപോകാനും വരാനും എമിക്ക് ഒരു കൂട്ടുംകിട്ടി. സുമിത്ര… അവരിരുവരും ഒരേ ക്ലാസിൽ ഒരേ ഡിവിഷനിൽ. എട്ട് സി. ചെറിയൊരു നടവഴിക്ക് അപ്പുറമായിരുന്നു സുമിത്രയുടെ വീട്. സ്കൂൾ വിട്ടാലുടൻ സുമിത്ര അവളുടെ അച്ഛന്റെ നനയ്ക്കാനിട്ട വലിയൊരു ഷർട്ട് വലിച്ചുകേറ്റി എമിയെ കാണാൻ വരും. കണ്ട ദിവസം മുതൽതന്നെ ഇരുവരും പിരിയാത്ത ചങ്ങാത്തത്തിലായി.
വീണ്ടും അയാൾക്ക് വഴിക്കടവിലേക്ക് സ്ഥലം മാറ്റമായപ്പോൾ എമി പത്താം ക്ലാസിലായിരുന്നു. മറ്റൊരു സ്‌കൂളിലേക്ക് പറിച്ചുനടാൻ വയ്യാത്തതുകൊണ്ട് എമിയേയും, അപ്പച്ചനേയും, ഉണ്ടപ്ലാക്കലാക്കി മനസ്സില്ലാമനസ്സോടെയാണ് അയാൾ പോയത്.
ഒരിക്കൽ ശമ്പളം വാങ്ങിയ ആഴ്ച, ഞായർ ചേർത്ത് രണ്ടു ദിവസംകൂടി അവധിയെടുത്ത് ഒരു പാതിരാക്ക് അയാൾ ഉണ്ടപ്ലാക്കലെ വീട്ടിൽ വന്നുകയറിയപ്പോൾ അപ്പച്ചന്റെ മുഖം വല്ലാതെ കനപ്പെട്ടിരുന്നു. എമിയുടെ മുറി പതിവില്ലാതെ കുറ്റിയിട്ടും കണ്ടു. ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും, വീണ്ടും ചോദിച്ചപ്പോൾ അപ്പച്ചൻ വാ തുറന്നു.
‘‘അവളൊറ്റയ്ക്കല്ല.’’
‘‘പിന്നെ?’’
അപ്പച്ചൻ പറഞ്ഞതു കേട്ടപ്പോൾ എന്തോ കുഴപ്പം തോന്നിച്ചു. തട്ടി വിളിച്ചെങ്കിലും അവൾ വാതിൽ തുറന്നില്ല. അപ്പച്ചൻ ഓരോന്നു വിസ്തരിച്ചപ്പോൾ ഉരുകിയൊലിച്ച ഭയം അകം പൊള്ളിച്ചു.
രാത്രിയിൽ ഒരുതുള്ളി ഉറക്കംപോലും വീണ് ക്ഷീണത്തിന്റെ പുകച്ചിൽ ശമിച്ചില്ല.
പിറ്റേന്ന് അതിരാവിലെ മുതൽ അവളുടെ മുറിവാതിൽക്കൽ അയാൾ ചുറ്റിപ്പറ്റിനിന്നു. ഒടുവിൽ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ എമിയുടെയും സുമിത്രയുടെയും കൂസലില്ലാത്ത മുഖംകണ്ട് ശേഖരിച്ചുെവച്ച ചോദ്യങ്ങളും കൈക്കരുത്തും ചോർന്നുപോയി.
ഒരാഴ്ചത്തേക്ക് അവധി നീട്ടി എമിക്കൊപ്പം അയാൾ മുഴുവൻ സമയവും ചിലവിട്ടു. സ്നേഹാപേക്ഷയോ ഭീഷണിയോ ഒന്നും എമിയെ ഏശിയില്ല. ചെറുപ്പം മുതൽ ഒന്നിച്ചു വളർന്ന അയൽക്കൂട്ടിനപ്പുറം എമിയെയും സുമിത്രയെയും ഒന്നിപ്പിച്ചു നിർത്തിയ എന്തിന്റെയോ കാഠിന്യം ദിനംപ്രതി വെളിപ്പെട്ടുവന്നു.
ഇരുവർക്കും കീവിൽ അഡ്‌മിഷൻ കിട്ടിയപ്പോൾ തൽക്കാലത്തേക്ക് എതിർപ്പുകളെല്ലാം ആവിയായി. വിസ കിട്ടിക്കഴിഞ്ഞാണ് എമിയുടെ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്. കഴുത്തിൽ ചെറിയ മുഴകളും വിട്ടുവിട്ടുള്ള പനിയുമായിരുന്നു ആദ്യം. കീവിലേക്ക് പോകുന്നതിന്റെ തലേയാഴ്ച ചുട്ടുപൊള്ളുന്ന പനിയോടെ അവൾ ആശുപത്രിയിലായി. സുമിത്രയ്ക്കൊപ്പം കീവിലേക്ക് പോകാൻ എമിക്ക് പറ്റാതായതോടെ എല്ലാം ഒന്നവസാനിച്ചെന്നു കരുതി.
ആറുമാസം കഴിഞ്ഞ്, സെമസ്റ്റർ ബ്രേക്കിന് സുമിത്ര ഉണ്ടപ്ലാക്കൽ എത്തിയപ്പോൾ എമി അസുഖത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നു. എങ്കിലും, മിക്കപ്പോഴും അവരൊരുമിച്ചായിരുന്നു. തങ്ങൾക്കിഷ്ടപ്പെട്ട വേഷങ്ങളിൽ അവർ പലയിടത്തും പ്രത്യക്ഷപ്പെട്ടു. നാട്ടുകാരും വീട്ടുകാരും കെണിെവച്ച ചോദ്യങ്ങളുമായി ചുറ്റും കൂടിയിട്ടും അവരതിൽ വീണില്ല.
വളരെ സാവധാനമാണ് എമിയുടെ കഴുത്തിൽ മാത്രം കണ്ടിരുന്ന ചെറിയ മുഴകൾ കക്ഷത്തിലേക്കും കൈത്തണ്ടയിലേക്കും സഞ്ചരിക്കാൻ തുടങ്ങിയത്. അധികം വൈകാതെ പനിയും ക്ഷീണവും ശ്വാസംമുട്ടും മാറിമാറി അവളെ ദത്തെടുക്കാൻ തുടങ്ങി.
‘‘പുതിയ ചില മരുന്നുകളുടെ ക്ലിനിക്കൽ ട്രയൽ നടക്കുന്നുണ്ട്. ശ്രമിച്ചാലോ?’’
പരിശോധനകൾക്കുശേഷം എമിയുടെ ഡോക്ടർ ചോദിച്ചു.
അപ്പച്ചന് ആകെ ഭയമായിരുന്നു. സുമിത്രയും എമിയും വലിയ പ്രതീക്ഷയിലും.
* * *
അപ്പോഴേക്കും കാർ പീസ് പാർക്കിനടുത്തെത്തി. അവിടെ മരിക്കാൻ മനസ്സില്ലാതെ എഴുന്നേറ്റു നിൽക്കുന്ന ഭീമാകാരനായ ഒരു പ്രാകൃതജീവിയെപ്പോലെ അറ്റോമിക് ഡോം. നിന്നനിൽപിൽ ഉറഞ്ഞുപോയ ഭൂതകാലം.
മോട്ടോയാസു നദിക്കു കുറുകെയുള്ള പാലംകടന്നു മ്യൂസിയത്തിലെത്തിയപ്പോൾ മഴ ചാറിത്തുടങ്ങി.
കാഴ്ചകൾക്കിടയിൽ വേറിട്ടുനിന്ന ഒരു കണ്ണാടിക്കൂട്ടിൽ ‘08:15' എന്ന സമയം പൂളിയെടുത്ത ഒരു വാച്ച് മരണപ്പെട്ടു തൂങ്ങിനിന്നിരുന്നു. മറ്റൊരറയിൽ കരിഞ്ഞുപോയ ചോറ്റുപാത്രങ്ങൾ… അവയ്ക്കു ചുറ്റും ചിറകു കിളുത്ത കുഞ്ഞിക്കൈകൾ… ആവിയായി മാറിയ മനുഷ്യന്റെ ചോരയും ഇറച്ചിയും പറ്റിപ്പിടിച്ച ചുവരുകൾ… ഓരോ കാഴ്ചവസ്തുവും തങ്ങളെ കാണാനെത്തിയ സന്ദർശകരെ നിത്യമരണത്തിന്റെ ഇരുണ്ട നോട്ടംകൊണ്ടു ഭയപ്പെടുത്തി. കൂടുതൽ നേരം അവിടെ ചുറ്റിത്തിരിയാനാകാതെ എമി ആദ്യം കണ്ട വാതിലിലൂടെ പുറത്തിറങ്ങി.
മ്യൂസിയത്തിനുള്ളിൽ പലതവണ കണ്ട കാഴ്ചകൾ വീണ്ടും നോക്കിനിന്നപ്പോൾ ഗ്രാനിയുടെ ഡയറിയിലെ ഏതാനും വരികൾ യൂക്കോയുടെ തോളിലും കൈത്തണ്ടയിലും പറന്നിരുന്നു.
‘‘... മോട്ടോയാസു നദിക്കരയിൽ അതുവരെ നിൽക്കാതെ ഓടിക്കൊണ്ടിരുന്ന സമയത്തിന്റെ യന്ത്രക്കുതിരയെ ആൾക്കൂട്ടത്തിനൊപ്പം ചിതറിച്ചത്, ഞങ്ങൾ ഊട്ടിവളർത്തിയ ചെറുബാലനായിരുന്നല്ലോ... കണ്ണു നീറിയും തലപെരുത്തും ഞങ്ങൾ പണിതെടുത്തത് മറ്റാർക്കോ ഉള്ള മരണസമ്മാനമായിരുന്നല്ലോ...’’
അവസാനം കണ്ടപ്പോൾ ഗ്രാനി പറഞ്ഞതും ഇതു തന്നെ. മരിക്കുന്നതുവരെ ഗ്രാനി സ്വയം കുറ്റവിചാരണ നടത്തി ശിക്ഷ വിധിച്ചുകൊണ്ടിരുന്നു. അതിന്റെ ഭാഗമായാണ് ഒറ്റ മകളായ മമ്മയെ ഇങ്ങോട്ടയച്ചശേഷം സ്വയം വിധിച്ച ഏകാന്തതയിൽ അവർ ജീവിച്ചു മരിച്ചത്.
ഓരോ തവണയും താനിവിടെയെത്തുന്നത്, ഗ്രാനിക്കു വേണ്ടിയാണ്. ഉരുകിപ്പോയ മനുഷ്യരോട്, പാതി വെന്തുജീവിച്ച കുഞ്ഞുങ്ങളോട്, മരങ്ങളുടെ പ്രാണനോട്, ഗ്രാനി സ്വയം വിധിച്ച ശിക്ഷയുടെ ഇളവുതേടി…
നന്മ എന്നത് വിശ്വസിക്കാൻ കൊതിക്കുന്ന സ്വപ്നമെങ്കിലും തടുക്കാനാവാത്ത ക്രൂരതതന്നെയാണ് ചിലപ്പോഴെങ്കിലും മുമ്പിൽ. വിശപ്പും രതിയുംപോലെ, ആഗ്രഹിച്ചാലും തടുക്കാനാവാത്തത്…
വെടിയൊച്ചക്കും, വീണവർക്കുമിടയിൽ അറിയാതെ കരുവാക്കപ്പെട്ടവരുടെ ഞരക്കവുമുണ്ട്. പക്ഷേ, ആരും അതറിയാറില്ല.
ഗ്രാനിയുടെ സങ്കടം യൂക്കോയെ തൊട്ടു.
മ്യൂസിയത്തിൽനിന്നു മടങ്ങുമ്പോൾ പാലം കടന്ന് അടുത്ത തെരുവിലേക്ക് വണ്ടി എത്തുന്നതു വരെ എമി ഒന്നും മിണ്ടിയില്ല.
‘‘എന്തുപറ്റി?’’ യൂക്കോ ചോദിച്ചു.
‘‘ഭയം തോന്നുന്നു.’’ എമിയുടെ ക്ഷീണിച്ച ശബ്ദം.
ഹോട്ടലിനു മുമ്പിൽ വണ്ടി നിർത്തിയപ്പോൾ യൂക്കോയുടെ കയ്യിൽ ഒന്നു മുറുകെപ്പിടിച്ചശേഷം വിഷാദപ്പെട്ട് എമി ഇറങ്ങിപ്പോയി. പെട്ടെന്ന്, ഓടിച്ചെന്ന് അവളെ ഒന്നമർത്തി കെട്ടിപ്പിടിക്കണമെന്നും തന്റെ പേര് അവളുടെ കഴുത്തിനു പിന്നിൽ നാവുകൊണ്ടെഴുതണമെന്നും യൂക്കോക്ക് തോന്നി. പക്ഷേ, ഡോർ തുറക്കാനായി സ്വന്തം കൈ നീളുന്നതിനു മുമ്പ്, ആക്സിലറേറ്ററിൽ കാലമർത്തി ആ പ്രതിസന്ധിയുടെ വല അവൾ പൊട്ടിച്ചു.
രാത്രി എമി ഒട്ടും ഉറങ്ങിയില്ല. പിറ്റേന്ന് രാവിലെ സുമിത്രയുടെ വോയിസ് മെസേജുണ്ടായിരുന്നു.
‘‘... മടങ്ങാൻ തീരുമാനിച്ചു. ഇവിടം തീരെ സുരക്ഷിതമല്ല. മറ്റന്നാൾ രാത്രി ഉണ്ടപ്ലാക്കലെത്തും. വരുന്നതിന്റെ പിറ്റേന്നു തന്നെ നമ്മുടെ ആ കട്ടിലിൽ കിടന്നുകൊണ്ടു ഞാൻ വീഡിയോ കോൾ ചെയ്യാം...’’
ആ വോയിസ് മെസേജ് വേണ്ടപ്പോഴൊക്കെ കേട്ടാണ് തുടർന്നുള്ള ദിവസങ്ങൾ എമി തള്ളിനീക്കിയത്.
കാത്തിരുന്നതുപോലെ ട്രയലിനായി എമിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടതിന്റെ തലേന്ന് സുമിത്രക്ക് നാട്ടിലെത്താനായി. അൽപം ഒന്നുറങ്ങി ക്ഷീണം മാറ്റിയശേഷം വൈകുന്നേരം അഞ്ചരയോടെ അവൾ എമിയുടെ വീട്ടിലേക്കിറങ്ങി. കണ്ടയുടൻ എമിയുടെ അപ്പാപ്പൻ പതുക്കെ പറഞ്ഞു.
‘‘എമിമോൾടെ ചികിത്സ നാളെത്തൊടങ്ങും… ശരിയായാ മതിയാരുന്നു...’’
അപ്പാപ്പനെ സമാധാനിപ്പിച്ച് അവൾ എമിയുടെ മുറിയിലേക്ക് കയറി. ആദ്യമായാണ് എമിയില്ലാത്തപ്പോൾ… ആ കിടക്കയിൽ വിഷാദപ്പെട്ടു മയങ്ങിക്കിടന്ന ഉപ്പുപറ്റിയ വിയർപ്പുകാറ്റ് ഞെട്ടിയെഴുന്നേറ്റ് സുമിത്രയെ കൊതിയോടെ നക്കിത്തോർത്തി.
സുമിത്ര കട്ടിലിൽ ചാരിയിരുന്ന് ഫോണിൽ എമിയോടു സംസാരിച്ചുതുടങ്ങി. ഹിരോഷിമയിലെ ഹോട്ടൽ ലീവ്മാക്സ് പ്രീമിയത്തിന്റെ ബാൽക്കണിയിൽ എമി അതു കേട്ടിരുന്നു. മുറിയുടെ മറ്റൊരു കോണിൽ, ചെവിയിൽെവച്ച ഇയർഫോണിലൂടെ ജോൺ സ്കറിയ പഴയ ഒരു പ്രാർഥനാഗീതം കേൾക്കുകയായിരുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പ് സുമിത്ര പറഞ്ഞു.

“... കീവിലെ അടുത്ത മഞ്ഞുകാലത്തെ നമുക്കൊരുമിച്ച് തോൽപ്പിക്കണം...”
തിരിച്ചിറങ്ങി വന്നപ്പോൾ ഊണുമുറിയിൽ എമിയുടെ അപ്പാപ്പൻ സുമിത്രക്ക് ഏറ്റവും ഇഷ്ടമുള്ള പിടിയും വറുത്തരച്ചതും വിളമ്പി കാത്തിരിക്കുകയായിരുന്നു.
‘‘കഴിക്ക് മോളെ...’’
‘‘അയ്യോ... അമ്മ നോക്കിയിരിക്കും.’’
‘‘അമ്മേടെ കൂടെ നാളെ... ഇന്ന് അപ്പാപ്പന്റെ കൂടെ.’’
കൂടുതലൊന്നും പറയാതെ സുമിത്ര അപ്പാപ്പനൊപ്പം കഴിച്ചുതുടങ്ങി.
‘‘അവനും കൊച്ചും പോയേപ്പിന്നെ ഒറ്റയ്ക്കൊള്ള കഴിപ്പാ... ഒന്നും തൊണ്ടേന്ന് എറങ്ങുകേല...’’
സാവധാനം വർത്തമാനം പറഞ്ഞിരുന്നാണ് അവർ കഴിച്ചത്.
എന്നിട്ടും അപ്പാപ്പൻ ഒരപ്പവും കറിയും ബാക്കിെവച്ചു.
‘‘അതൂടെ കഴിക്കപ്പാപ്പാ...’’
അപ്പാപ്പൻ ഒന്നും മിണ്ടിയില്ല.
പെട്ടെന്നാണ് സുമിത്രക്കു തല ചുറ്റുന്നതുപോലെ തോന്നിയത്.
‘‘സാരമില്ല മോളെ. എരി കൂടീട്ടാ... വെള്ളം കുടി.’’
വെള്ളം കുടിച്ചിട്ടും അവളുടെ പുകച്ചിൽ കൂടിയതേയുള്ളൂ.
സുമിത്രയുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയപ്പോൾ എതിരെയിരുന്ന എമിയുടെ അപ്പാപ്പൻ അവളെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ടു മടിയിലിരുന്ന പൊതി തുറന്ന് അതിലെ തരികൾ തന്റെ പാത്രത്തിലെ വറുത്തരച്ചതിലേക്ക് കുടഞ്ഞിട്ടിളക്കി.
ബാക്കിെവച്ചിരുന്ന ഒരപ്പം ഏറ്റവും സ്വാദോടെ ആ കറികൂട്ടി അയാൾ കഴിച്ചുതുടങ്ങി.
--------------------------
1. രണ്ടാം ലോകയുദ്ധസമയത്ത് അണുബോംബ് നിർമാണത്തിനായുള്ള അമേരിക്കയുടെ രഹസ്യ പദ്ധതി
2. ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് വർഷിച്ച അണുബോംബ്
3. മാൻഹട്ടൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണം.