ഒാർമച്ചിന്ത്

ചിത്രീകരണം: മറിയം ജാസ്മിൻ
അപ്പയുടെയും അമ്മയുടെയും ഒന്നാം ചരമവാർഷികദിനവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നും നാട്ടിലെത്തിയതിന്റെ പിറ്റേന്നായിരുന്നു ചടങ്ങുകൾ. പള്ളിയിലെ ഓർമക്കുർബാനയും പരേതാത്മഗീതങ്ങളും മാർബിൾ കല്ലറയിലെ ശുശ്രൂഷകളും വീട്ടിലെ പ്രാർഥനകളും അവസാനിച്ചതോടെ ഒത്തുകൂടിയവരെല്ലാം ഭക്ഷണശേഷം പിരിഞ്ഞു. പകൽ ഒച്ചിനെപ്പോലിഴഞ്ഞു. രാത്രി എത്ര കണ്ണടക്കാൻ ശ്രമിച്ചിട്ടും ഓർമകളുടെ പെരുന്തിരകളിൽ ഉറക്കം കൺപോളകളിലിടഞ്ഞു.
കാലങ്ങളായി വീടുവിട്ടുപോയ ധൂർത്തപുത്രൻ മടങ്ങിയെത്തിയപ്പോൾ മാതാപിതാക്കൾക്കുണ്ടായ ആഹ്ലാദത്തേക്കാൾ അധികമായിരുന്നു, രണ്ടു വർഷംമുമ്പ് വീടെത്തുംനേരം അപ്പക്കും അമ്മക്കുമുണ്ടായത്. ഇടക്കിടെ അന്യരാജ്യത്തുനിന്നും അവധിയുടെ ഉണർത്തുപാട്ടുമായണഞ്ഞിട്ടും, ദീർഘനാളുകൾക്കുശേഷം കാണുംപോലായി ഇടപെടൽ. കെട്ടിപ്പുണർന്നും സ്നേഹാന്വേഷണങ്ങൾ ചൊരിഞ്ഞും നീണ്ട സംസാരം, തോരാത്ത മഴയായി.
ആദ്യമവർ കുടിക്കാൻ തണുത്ത ജൂസ് തന്ന് കുശലാന്വേഷണങ്ങളിലേറി. ‘‘ബെഞ്ചമിൻ; നീയാകെ വല്ലാതെ ക്ഷീണിച്ചല്ലോ മോനേ’’ന്ന് ഇരുവരും ശിരസ്സിൽ വിരലഞ്ചും ഓടിച്ചു. ഗൾഫ് ബാങ്കിങ് മേഖലയിലെ ജോലിസംബന്ധമായ വിഷയങ്ങളിലേക്കും ചർച്ചയുടെ തലങ്ങൾ നീണ്ടു. ഉഷ്ണക്കാറ്റടിക്കുന്ന മരുഭൂമിയിലെ തനിച്ചുള്ള ഫ്ലാറ്റ് ജീവിതമവരിൽ ഏറെ ഉത്കണ്ഠകളുയർത്തി.
“മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ലാന്നറിഞ്ഞുകൊണ്ടാ ദൈവം ആദാമിന് ഹവ്വായെ നൽകിയെ; അറിയാല്ലോ, നെനക്ക്.” സ്നേഹവായ്പോടെ അമ്മ തോളിൽ തട്ടി.
“അമ്മ; ഞാനവിടെ തനിച്ചല്ല. ഓഫീസില് ഒപ്പം ജോലി ചെയ്യുന്നവരൊണ്ട്. ഫ്ലാറ്റിലെത്തിയാല് പുറത്തൂന്ന് വേറേം ഒരുപാട് ഫ്രണ്ട്സും...”
“അതുപോലല്ലല്ലോ ഒരു ഭാര്യ. എന്തായാലും നിനക്കു പറ്റിയ ഒരാളെ ഞങ്ങള് കണ്ടുവച്ചിട്ടൊണ്ട്. നമുക്കുടനെ അവിടംവരെയൊന്നു പോണം. ആ കുട്ടിയെ കാണണം...”
“ഛെ! ഈ അമ്മയോട് ഞാനെത്രവട്ടം പറഞ്ഞതാ, എനിക്കിപ്പം കല്ല്യാണൊന്നും വേണ്ടാന്ന്.”
പിടിവാശിയെ അമ്മ പൂർണമായും എതിർത്തു. “അതൊന്നും പറ്റില്ല. നിനക്കിപ്പം വയസ്സ് മുപ്പത്തിമൂന്നാ. ഇനീം വൈകാൻ പാടില്ല. ആളിനെ നിനക്കിഷ്ടാവും. ആണും പെണ്ണുമായി തറവാട്ടിലെ ഏക സന്തതീം. ആ സ്വത്തെല്ലാം ഇങ്ങോട്ടുപോരും; മനസ്സിലായോ?”
“എനിക്കീ സമ്പത്ത് കുന്നുകൂട്ടുന്നതിനോട് തീരെ യോജിപ്പില്ല. ഉള്ള സമയം എല്ലാടോം കറങ്ങിനടന്ന് ജീവിതം പരമാവധി ആസ്വദിക്കണം. അതാണിഷ്ടം. വിവാഹത്തോടെ തളച്ചിടുന്ന ജീവിതത്തില് ഒരു ത്രില്ലുമില്ലമ്മ...”
അതേപ്പറ്റി വിശദായി പിന്നീട് സംസാരിക്കാന്നു കരുതി അമ്മ. “നീ തൽക്കാലം കുളിച്ച്, യാത്രാക്ഷീണമെല്ലാം മാറ്റീട്ട് വാ; എന്നിട്ട് വേണം അത്താഴം കഴിക്കാൻ. സോപ്പും തോർത്തുമെല്ലാം ബാത്ത്റൂമിലൊണ്ട്.”
കുളി കഴിഞ്ഞെത്തുമ്പോൾ പാലപ്പവും താറാവ് റോസ്റ്റുമുൾപ്പെടെ വിഭവങ്ങൾ പലതും തീൻമേശയിൽ നിറഞ്ഞു. ഭക്ഷണത്തിനിടയിൽ സംസാരം പഴയകാലത്തിലേക്ക് കൂപ്പുകുത്തി. പൂർവികരുടെ സ്വത്തുക്കൾ കൂടാതെ നാട്ടിൽ പലയിടത്തും വസ്തുവകകൾ അപ്പയും അമ്മയും കഠിനാധ്വാനത്താൽ നേടി. മക്കളെ നന്നായി വളർത്തി പഠിപ്പിച്ചതിലും ഏറെ അഭിമാനംകൊണ്ടിരുന്നു അവർ.
“പണ്ടത്തെ ആ കർക്കിടകമാസം ഇടക്ക് ഓർമ്മേലെത്തും. ചക്കക്കുരു മാങ്ങാക്കറീം പേപ്പറൊട്ടിക്കുന്ന പശപോലൊരു കുറുക്കും. അതെന്താരുന്നമ്മ?”
ചോദ്യംകേട്ട അമ്മ ഓർമകളുടെ ജാലകം തുറന്നു. “ങ്ഹാ; അത് പച്ചക്കപ്പ ഉണക്കിപ്പൊടിച്ചൊണ്ടാക്കുന്നതാ.”
“വേറൊരു കപ്പപ്പൂട്ട് ഉണ്ടാരുന്നല്ലോ?”
“ഒവ്വ. അതേ വെള്ളുകപ്പപ്പൊടീല് തേങ്ങ ചെരണ്ടി പുട്ടാക്കും. കൂടെ മുരിങ്ങക്കാ ഇട്ടുവച്ച ഉണക്കച്ചെമ്മീൻ കറീം കൂട്ടിയൊരു പിടിപ്പീരാരുന്നു...” അപ്പയുടെ സ്വരമപ്പോൾ തീൻമേശയിൽ മുഴങ്ങി. “കുടപ്പനേടെ മറ്റൊരു കുറുക്ക് കഴിച്ചതോർക്കുന്നുണ്ടോ നീ?”
“ഇല്ലപ്പാ; അതെന്താ?”
“പനേടെ തടി ഇടിച്ചു ചതച്ച് മുഴുവനും വെള്ളത്തിലിട്ടുവയ്ക്കും; കുതിരാൻ. സത്തെല്ലാം ഇറങ്ങിക്കഴിയുമ്പോ തരിയൂറ്റിയെടുത്തുണക്കി കുറുക്കിയെടുക്കും. ഒപ്പം ഞാനന്ന് ആറ്റീന്ന് വീശിപ്പിടിക്കുന്ന പെടക്കണ മീന്റെ കറീം...”
പുലർച്ചെ അമ്മ വിളിച്ചുണർത്തിത്തരുന്ന കട്ടൻ കാപ്പീം കുടിച്ച് ചിമ്മിനിയും തൂക്കി അപ്പക്കൊപ്പം പുഴക്കരെച്ചെല്ലും. പ്രതീക്ഷയോടെ ആദ്യ വലയെറിയുന്ന ദൃശ്യം പുലർകാല നക്ഷത്രമായി തെളിഞ്ഞു. കോരി നോക്കുമ്പോൾ അടിത്തട്ടിലെ ചപ്പും ചെളീം. അൽപംമാറി വീശുമ്പഴും ഫലം നിരാശ.
“ബെൻചൂ; ഒന്നും തടയണില്ല. കുറച്ചൂടി മേലേക്ക് നടക്കാം...”
പഞ്ചാരമണൽ മിനുപ്പിലൂടെ നീങ്ങുന്തോറും കിതച്ചും ഞരങ്ങിയും ചുരംകയറുന്ന വണ്ടിപോലെ അപ്പക്ക് വേഗം കുറഞ്ഞു. ആറ്റിനക്കരെ പെരുമലേല് പൊട്ടിച്ചൂട്ടിന്റെയും പോക്കുവരവിന്റെയും തിമിർപ്പ്.
“നീ കാണുന്നുണ്ടോ; അവിടെ ദൂരെ ഒരു കാള...”
“ഞാനൊന്നും കാണുന്നില്ല്യ...”
“പക്ഷേ എനിക്കു കാണാം.” അൽപംകൂടി നടന്നപ്പോൾ അപ്പയുടെ സ്വരം ചിലമ്പി: “അതിന്റെ രൂപമിപ്പോ മാറി. അതൊരു കുതിരയാ.”
“എനിക്കൊന്നും കാണാൻ പറ്റ്ണില്ലപ്പാ...”
“ഇപ്പോ അതും മാറി. അവ്ടെ ഒരു കരടിയാ.”
വീണ്ടുമെത്തിയ രൂപമാറ്റത്തിൽ കിനാവിലെന്നപോലെ അപ്പ: “അതിപ്പോ ഒരാനയാ. ഇവ്ടെ വീശിയാല് നമുക്കൊത്തിരി മീൻ കിട്ടും…”
“നേരോ?”
“കാണാമ്പോണ പൂരം പറയണോ?”
അപ്പയുടെ വല അതിന്റെ മുഴുവൻ സൗന്ദര്യഞൊറികളോടെയും നീണ്ടു പതഞ്ഞു. ഞെരിപിരികൊണ്ട കുമിളകൾ വലക്കുമീതെ ശമിച്ചപ്പോൾ മെല്ലെ ചായ്ച്ച് വലിച്ചു. ഘനമാർന്ന നൈലോൺവല അമിതഭാരമേറിയ ഭാണ്ഡംപോലെ. “ബെൻചൂ; നീ കൂടി പിടിച്ചേ...”
അപ്പക്കൊപ്പം ആഞ്ഞുവലിച്ചതും ഉച്ഛ്വാസങ്ങളുടെ സംഘതാളം. ഒരുവിധം കരയുടെ സുരക്ഷാപഥത്തിലെത്തി. വലനെറയെ വെള്ളിക്കൊലുസ്സുള്ള കുറുവാപ്പരലുകൾ. അവ നിലാവിൽ മിന്നിപ്പിടഞ്ഞപ്പോൾ ദൃശ്യം സ്വപ്നസമാനം. ആദ്യമായാണ് ഒറ്റ വലക്ക് അത്രയും മീൻ.
ഓർമകളുടെ പെരുവെള്ളത്തിൽ മുങ്ങിത്താഴവേ, ഉത്തരം കിട്ടാതുഴറിയ ചോദ്യമുന പൊട്ടി.
“അപ്പ പണ്ട് വീശാൻ പോയപ്പോ, കാളേം കുതിരേം കരടീം ആനേം ഒക്കെ എങ്ങ്നാ രാത്രീല് ആറ്റുതീരത്ത് വന്നെ? അപ്പയത് കണ്ടെന്തിനാ കണ്ണ് മിഴിച്ചെ?”
മനമാകെ അനാദിയായ ചിന്തകൾ. മുഖത്ത് ഭാവഭേദങ്ങളുടെ സന്ധ്യകൾ.
“ങ്ഹാ; അതോ? അവരെല്ലാം അതുപോലെ തലമുറകളായി അടക്കിവാണ നമ്മ്ടെ സർവകലാവല്ലഭരായ പൂർവികരാ. അവര്ടെ കൃപേം കടാക്ഷോംകൊണ്ടാ നമുക്കത്രേം മീൻ കിട്ടിയെ. കുരുത്തം എന്ന മൂന്നക്ഷരം ഇനീം നമ്മെ വിട്ടിട്ടില്ലെന്റെ മക്കളേ…”
അംഗവിക്ഷോഭങ്ങളോടെ, സ്വരവ്യതിയാനങ്ങളോടെ, അപ്പയത് പറഞ്ഞതും ഭാവരസങ്ങളുടെ തിരയിളകി. കഥകൾ കാലബോധമില്ലാതൊഴുകി.
“അന്ന് കുറുവാപ്പരലിന്റെ പനിഞ്ഞീനിൽ കാന്താരി മൊളകും ഇഞ്ചീം കിളിന്തുവാളൻപുളിയെലേം ചേർത്തരച്ച്, അമ്മയൊണ്ടാക്കിയ ആ മീൻമുട്ട ഓംലെറ്റുണ്ടല്ലോ; ഹോ...അതിന് കാസ്പിയൻ കടലീന്ന് കിട്ടുന്ന, ലോകത്തേറ്റോം വിലയുള്ള കാവ്യർ മീൻമുട്ടേക്കാളും ടേസ്റ്റാരുന്നു.” രസനാമ്പുകളിലാകെ വെള്ളമൂറി.
“ചക്കക്കുരുകൊണ്ടൊരു പുഡ്ഡിങ് ഒണ്ടാക്കീരുന്നില്ലേ, റാഹേലേ നീ?” അപ്പയിൽ രുചിമുകുളങ്ങളുണർന്നു.
“നല്ലോണം ഉണക്കിക്കെട്ടി കലത്തില് സൂക്ഷിക്കുന്ന ചക്കക്കുരു കനലില് ചുട്ടെടുത്ത്, വെളഞ്ഞ തേങ്ങേം കരിപ്പെട്ടീം ഏലക്കേം ചേർത്ത് ഒരലിലിട്ടിടിക്കും. തോരാതെ പെയ്ത കള്ളക്കർക്കിടകത്തെ തോൽപിക്കാനന്നങ്ങനെ എന്തോരം വേലകളാ; അതൊരു കാലം...’’
മതിയെന്ന് പറഞ്ഞിട്ടും അപ്പവും കറിയും കുറച്ചുകൂടി പ്ലേറ്റിലേക്കിട്ട് അമ്മ അക്കാലമയവിറക്കി. “അന്ന് പച്ചക്കറികളൊന്നും ഇന്നത്തെപ്പോലെ കടേന്ന് വാങ്ങില്ല. എല്ലാം പറമ്പീന്നാ. ചേമ്പിന്റേം ചേനേടേം തണ്ട്, വാഴച്ചുണ്ടും പിണ്ടീം, മുരിങ്ങേല, പയറെല, പച്ചച്ചീര, തകര, ചെറുകെഴങ്ങ്, കാച്ചില്, ഇഞ്ചിപ്പുളി…”
മറ്റൊരു ദേശത്തായിരുന്നപ്പോൾ കൈവിട്ടുപോയ നാട്ടുജീവിതം തിരിച്ചുകിട്ടിയ പ്രതീതി. കാലങ്ങളായി ഒറ്റപ്പെട്ടു കഴിഞ്ഞെന്ന തോന്നൽ അപ്പക്കും അമ്മക്കുമില്ലാതായി. മനസ്സുകൾ മലവെള്ളംപോലൊഴുകി. നിറഭക്ഷണത്തിനിടെ കഥകളുടെ കെട്ടുകളഴിഞ്ഞു. രാവേറെച്ചെന്നതിനാൽ എല്ലാവരും ഉറക്കം തൂങ്ങാൻ തുടങ്ങി. ബാക്കി പിന്നീടാവാമെന്നു പറഞ്ഞ് ഓരോരുത്തരും മുറികളിലേക്ക്.
കാറ്റും കോളും ഇടിയും മിന്നലുമായി പൊടുന്നനെ ആർത്തലച്ച് എങ്ങുന്നോ കോരിച്ചൊരിഞ്ഞെത്തിയ മഴ. പെട്ടെന്ന് കറന്റ് പോയി. മുറ്റത്തും പരിസരങ്ങളിലും ടോർച്ച് മിന്നിച്ചു. ചുറ്റുവട്ടത്ത് മിന്നാമിനുങ്ങുകളെപ്പോലെ ചെറുപ്രകാശ ഗോളങ്ങൾ. പുറത്ത് പട്ടികളുടെ ഓരിയിടൽ. എവിടെയോ ചങ്ങലക്കിലുക്കത്തിന്റെ ആരോഹണാവരോഹണങ്ങൾ...
അന്ന് അവധികഴിഞ്ഞു മടങ്ങി അടുത്ത ലീവിന് നാട്ടിലെത്താൻ തയാറെടുക്കുമ്പോഴാണ് ഒരു പുലർച്ചെ ഇടിത്തീയായ് ആ വാർത്ത.
“ഇക്കഴിഞ്ഞ രാത്രി നഗരാതിർത്തിയിൽ സ്ഥിരതാമസക്കാരായിരുന്ന പുല്ലാട്ട് പുന്നച്ചൻ-റാഹേൽ വൃദ്ധദമ്പതികൾ അറയും നിരയുമുള്ള അവരുടെ പഴയ തറവാട് ഇടിഞ്ഞുവീണ് കൊല്ലപ്പെട്ടതായി ഞങ്ങളുടെ പ്രത്യേക ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അടുത്ത ബുള്ളറ്റിനിൽ.”
ലോകമെങ്ങും ടി.വി ചാനലുകളിലും സോഷ്യൽ മീഡിയകളിലും ആ ന്യൂസ് ചങ്കു തകർത്തു പാഞ്ഞു.
അതൊരു ദുഃഖവെള്ളി. അബുദാബീലിരുന്ന് കേട്ടയുടനെ അടുത്ത ഫ്ലൈറ്റിൽ നാട്ടിലെത്തി. ബെറ്റ്സിയും ബെനിറ്റയും കുടുംബാംഗങ്ങളെക്കൂട്ടാതെ വിദേശങ്ങളീന്ന് പിറ്റേന്നെത്തി.
മോർച്ചറീന്നെടുത്ത ബോഡികൾ രണ്ടും പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിച്ചു. നിരനിരയായി കിടത്തിയ ശവപ്പെട്ടികൾക്കുമേൽ ശോശാപ്പ വിരിച്ചു. അവക്കുമീതെ റീത്തുകളുടെ പ്രളയം. മെഴുകുതിരികൾക്കും സാമ്പ്രാണിപ്പുകക്കുമിടെ പ്രാർഥനാശുശ്രൂഷകൾ. ശവസംസ്കാര ഘോഷയാത്രയും പള്ളിക്കർമങ്ങളും കഴിഞ്ഞ് കുടുംബക്കല്ലറയിലേക്ക്. അന്ത്യചുംബനങ്ങൾക്കിടയിൽ കണ്ണീർക്കണങ്ങളുടെ തോരാമഴ.
എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയതും കൊടുംശൂന്യതയുടെ തടവറയിൽ. എവിടേക്ക് നോക്കിയാലും അപ്പയുടെയും അമ്മയുടെയും രൂപം കൺമുന്നിൽ. അവരില്ലെന്ന തോന്നൽ ശക്തമാവുമ്പോൾ മിഴികൾ നിറയും. അഞ്ചാംദിനം മന്ത്ര കഴിഞ്ഞയുടൻ സഹോദരിമാർ രണ്ടാളും മടങ്ങി.
കുറച്ചു ദിവസങ്ങൾകൂടി പിടിച്ചുനിന്നു. ഏകാന്തതയുടെ നടുക്കടലിൽ വിഷാദം നുരഞ്ഞു. ഒരുവശം ഇടിഞ്ഞുപൊളിഞ്ഞ വീടും പരിസരവും കണ്ടിട്ട് സഹിക്കാനായില്ല. അപ്പയുടെയും അമ്മയുടെയും െബഡ്റൂമിനും സമീപമുറികൾക്കും തകരാർ സംഭവിച്ചിരുന്നില്ല. അവരുടെ കബോർഡുകൾ പരിശോധിച്ചപ്പോൾ അതിലൊരിടത്ത് രഹസ്യമായി സൂക്ഷിച്ച അമ്മയുടെ ഒരു സ്വകാര്യ ഡയറി. ആവേശപ്പെരുപ്പിലത് തുറന്നു:
“മകളെ; അറപ്പുര മുറിയിലെവിടെയോ രണ്ടുകോൽ താഴ്ചേല് ഒരു നിധി നിന്നെ കാത്തിരിക്കുന്നു. ശ്രമിച്ചാല് നിനക്കത് സ്വന്താക്കാം. സമ്പാദ്യമത്രേം കുന്നുകൂട്ടാം…’’
നേർത്തു പതിഞ്ഞ സ്വരത്തിനകമ്പടിയായി നീലേം പച്ചേം ചൊവപ്പും ഇടകലർന്ന മായിക പ്രപഞ്ചം. കൂട്ടിന് കണ്ണുചിമ്മുന്ന നക്ഷത്രങ്ങൾ. നിമിഷങ്ങൾക്കകം ദൃശ്യങ്ങളത്രയും മറഞ്ഞു. സമയമേറെ കഴിഞ്ഞിരുന്നു.
‘‘കണ്ണും കാതുമെപ്പോഴും തുറന്നിടുക. പല രൂപത്തിലും ഭാവത്തിലുമത് നിങ്ങളിലേക്കെത്താം. ചിലപ്പോ സ്വർഗീയ അകമ്പടികളോടെ; അല്ലെങ്കില് വെൺപ്രാവിന്റെ അരൂപിയാല്…’’ പള്ളിയിൽ ഇടവക ധ്യാനത്തിനു വന്ന ആത്മീയ ഗുരുവിന്റെ വാക്കുകൾ ഉള്ളിൽ ജ്വലിച്ചു. ധൃതിയിൽ ഞാനെണീറ്റ് ലൈറ്റിട്ട് മൂപ്പരെ കുലുക്കി വിളിച്ചു:
‘‘അച്ചായാ, പുന്നച്ചായാ; എണീക്ക്. ഒരത്യാവശ്യമൊണ്ട്. വേഗാട്ടെ…’’
‘‘എന്താ റാഹേലേ; എന്നതാ പ്രശ്നം?’’
ടോർച്ച് മിന്നിച്ച് അദ്ദേഹത്തിനൊപ്പം വെളിച്ചവും മനുഷ്യസ്പർശവും അപൂർവമായിരുന്ന അറപ്പുരവാതിൽ തുറന്നു. ധാരാളം കൃഷിയുണ്ടായിരുന്ന പൂർവികരുടെ നെല്ലറ.
‘‘ഇതാ; ഈ മുറിയാണിനി നമ്മ്ടെ എല്ലാം.’’
‘‘റാഹേലേ, നീയെന്നാ ഉറക്കപ്പിച്ചു പറയ്വാന്നോ?’’
പുന്നച്ചായൻ നോക്കിനിൽക്കെ സ്റ്റോർ റൂം തള്ളിത്തുറന്ന് തൂമ്പയും പിക്കാസും കുട്ടയും കോരിയുമെടുത്തു വിദഗ്ധയായ പണിക്കാരിയായി അറപ്പുരയിലെത്തി.
‘‘ഛെ! എനിക്കൊന്നും മനസ്സിലാവ്ന്നില്ല. ഒറങ്ങാൻ കെടക്കുമ്പോ നെനക്കൊരു കൊഴപ്പോം ഇല്ലാരുന്നു. ഈ നട്ടപ്പാതിരക്ക് മനുഷ്യരെല്ലാം കൂർക്കംവലിക്കുമ്പഴാ നെന്റെയൊരു...’’
തെകട്ടിവന്ന കെട്ട അശ്ലീലം മടപൊട്ടുംപോലെ ചുണ്ടീന്ന് തെറിച്ചു. കണ്ണുരുട്ടി കലിതുള്ളിയ ആ മിഴികളിലേക്ക് ഞാനാർദ്രമായി നോക്കി.
‘‘നിങ്ങളിതങ്ങ് പിടിച്ച് തറ മെല്ലെ കുഴിക്ക്. മണ്ണു കുറേശ്ശേ ഞാൻ മാറ്റാം.’’
‘‘നെന്റെ ഈ ഭ്രാന്ത് കേട്ട് ഒന്നും ചെയ്യാനെന്നെക്കൊണ്ടാവില്ല.’’
കല്ലിന് കാറ്റുപിടിച്ചപോലെ നിന്ന അങ്ങേരെ സ്നേഹത്തോടെ തൊട്ടുരുമ്മി. എന്റെ തുടുവിരലുകള് ആ ദേഹമാകെ ഓടിക്കളിച്ചു. ആഞ്ഞുവലിഞ്ഞ് തിരുനെറ്റീല് ഒരു ചുംബനോം ചാർത്തി. നിർവൃതിയാൽ പരിഭവമെല്ലാം വലിച്ചെറിഞ്ഞ് പിക്കാസെടുത്ത് പുന്നച്ചായൻ തറ കുഴിച്ചു. മണ്ണും കട്ടേം ഞാൻ വാരി മാറ്റി. അടിച്ചു പരത്തിയ മണ്ണിനുമീതെ റെഡ് ഓക്സൈഡ് പ്രതലം. കുഴിക്കൽ പ്രതീക്ഷിച്ചയത്ര കഠിനായില്ല.
ആഴത്തിലദ്ദേഹം കുഴിക്കേം മണ്ണത്രേം ഞാൻ വാരി മാറ്റുകേം ചെയ്തതോടെ ഇരുവരും തളർന്നു. പിന്നെ ദേഹശുദ്ധി വരുത്തി ഞങ്ങൾ ഉറക്കത്തിലേറി. നേരം പുലർന്നതും പകൽ ഒച്ചിനെപ്പോലെ. അന്നു മൊതല് അറപ്പൊരേടെ താക്കോല് ഭദ്രായി സൂക്ഷിച്ചു. വേലക്കാരി സന്ധ്യക്ക് മടങ്ങിയാല് പണിയായുധോമായി അച്ചായനെ ഉഷാറാക്കും.
അറപ്പുര വിജാഗിരികൾ പിന്നെ മുറുമുറുപ്പോടെ ഉണരും. വീർപ്പിട്ട നിമിഷങ്ങളെ ഒരു കായികാഭ്യാസിയെപ്പോലെ തട്ടിത്തെറിപ്പിച്ചപ്പോ മൂപ്പരുടെ ഉന്മേഷോം വീറും ഒരു യുവാവിനെപ്പോലെ. കുഴിച്ചുമാറ്റിയ മുഴുവൻ മണ്ണിനും പിന്നിലെ കല്ലുവെട്ടാംകുഴീല് സമാധി.
ഉള്ളംകൈകള് ചൊമന്നു തടിച്ചതും കൊമളകള് മൊളച്ചതുമൊന്നും ഞങ്ങളറിഞ്ഞില്ല.
‘‘അല്ല റാഹേലേ, ഒരുപാട് സ്വത്തൊള്ള നമ്മളിതാർക്കുവേണ്ടിയാ ഇങ്ങനധ്വാനിക്കുന്നെ?’’
‘‘നമ്മുടെ മക്കൾക്ക്. അല്ലാണ്ടാർക്കാ?’’
‘‘എടീ; അതിനവർക്ക് ഇഷ്ടംപോലില്ലേ?’’
‘‘ഹിതു നല്ല തമാശ. പണം എത്രയായാലെന്താ? കൈക്കുവോ? നിങ്ങള് സമയം കളയാണ്ട് കുഴിക്ക്...’’
‘‘അതിനിതെങ്ങോട്ട് പോകാൻ? വേറെങ്ങുമല്ലല്ലോ; ഈ വീട്ടിത്തന്നല്ലേ കെടക്കുന്നെ?’’
‘‘ഹോ… ഇതിയാനെ ഞാനിതെങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്റെ കർത്താവേ? മണ്ണിനടീല് കെടന്നാ മക്കൾക്കാവ്മോ മനുഷ്യാ?’’
അദ്ദേഹം തീരെ വിട്ടുകൊടുക്കാനാവാതെ ഉറക്കെ: ‘‘അല്ല ഞാനറിയാൻ മേലാഞ്ഞിട്ട് ചോദിക്ക്യാ; നീയെന്തിനാ ഇത്രേം കോപ്രായം കാട്ടുന്നെ? നാം ജീവിക്കുന്നെ നമുക്കു വേണ്ടിയോ അതോ മക്കൾക്കോ?’’
ചോദ്യമെന്നെ വല്ലാതുലച്ചു. ‘‘നമ്മുടെ ജന്മപരമ്പരക്ക്; വരുംതലമൊറക്ക്.’’
‘‘റാഹേലേ, എനിക്കു വയ്യ. ഇനീം കുഴിച്ചാ ഞാൻ വീണുപോകും.’’
സഹികെട്ട അച്ചായൻ നാലാംരാവിൽ വല്ലാതെ വെറച്ചു. ഞങ്ങളൊടനെ അന്നത്തെ വേല നിർത്തി. കോടികളുടെ മൂല്യമൊള്ള ബാങ്ക് ലോക്കറെന്ന മട്ടില് കതക് ശ്രദ്ധയോടെ പൂട്ടി. താക്കോല് ഭദ്രായി ഇടുപ്പില് തിരുകി.
കുളികഴിഞ്ഞ് കഞ്ഞികുടിച്ച് ഒറങ്ങാൻ കെടന്നെങ്കിലും എവിടേമെത്താത്ത യജ്ഞമോർത്തെന്നിൽ ആധി പെരുകി. അസ്വസ്ഥതയുടെ മുങ്ങിത്താഴലുകൾക്കെടേല് രക്ഷക്കായ് കൈകാലിട്ടടിച്ചു.
‘‘ഹെന്റമ്മോ...’’
തളർന്നൊറങ്ങിയ അച്ഛായൻ ഞെട്ടിയൊണർന്ന് ചുറ്റും നോക്കി. എന്റെ കൈത്തണ്ട അദ്ദേഹത്തിന്റെ നെഞ്ചിലറിയാണ്ട് പതിഞ്ഞിരുന്നു. അത് തട്ടിമാറ്റി ഒറക്കത്തിന്റെ അടുത്ത പടവിലേറാൻ തിടുക്കപ്പെട്ടപ്പോ എന്നിലെ ഇളംചൂട് മൂപ്പരെ വല്ലാതുണർത്തി. മദിച്ചുയർന്ന ആ ഭ്രാന്തൻ വിരലുകള് എന്റെ മേലാകെ നാവ് നീട്ടിയതും ഒറക്കം പിന്നെയും വൈകി.
കടൽ കടന്നെത്തുന്ന മക്കളുടെ സ്നേഹാന്വേഷണങ്ങള് വീഡിയോ കോളിലൂടെ പലപ്പോഴുമെത്തി. അവരയക്കുന്ന നിത്യച്ചെലവിനുള്ള തൊകപോലും മിച്ചംവച്ച്, മക്കളുടെ പേരിലിട്ട്, അവരുടെ ബാങ്ക് ബാലൻസ് വർധിപ്പിച്ചു.
മക്കളുടെ സ്വരത്തിനായ് ദാഹിച്ച ഒരുനിമിഷം ആദ്യവിളി സ്വിറ്റ്സർലൻഡിലേക്ക്. അവിടെ തൂവെള്ള നഴ്‌സിങ് ഡ്രെസ്സണിഞ്ഞ ബെറ്റ്സി ഹോസ്പിറ്റൽ വാർഡിൽ ഒരവശധനികവൃദ്ധനെ പരിചരിക്കുന്ന തിരക്കിലായി. അടുത്തവിളി രണ്ടാമത്തവളെത്തേടി ഡല്ലാസിലേക്ക്. എമർജൻസി ഓപറേഷൻ ടീമിനൊപ്പം ഏതു നിമിഷോം നെലക്കാവുന്ന ഒരു കുരുന്നു ജീവൻ വീണ്ടെടുക്കുന്ന തെരക്കിലാരുന്നു ഡോ. ബെനിറ്റ. അറ്റകൈക്ക് ഒരു ശ്രമം കൂടി; ഇളയവൻ ബെഞ്ചമിന് അബുദാബിക്ക്. രണ്ടുവട്ടം വിളിച്ചിട്ടുമവനെ കിട്ടിയില്ല. എല്ലാരും പണൊണ്ടാക്കുന്ന തിരക്കിലാന്നു തോന്നി.
പത്തായപ്പൊരേലേ കുഴീടെ ആഴോം വണ്ണോം കൂടുമ്പോ മനസ്സില് അശാന്തിയേറി. ഉഷ്ണം പുകഞ്ഞു. കുഴീടെ വലുപ്പം വേണ്ടത്രയില്ലെന്ന തോന്നലിൽ ആവേശം വിദ്യുത് പ്രവാഹായി...’’
പല തീയതികളിൽ കുനുകുനെയെഴുതിയ ഡയറിയിലെ വരികളവിടെ അവസാനിച്ചു. നിധിയുടെ നിറകുംഭം തേടിയ മോഹതീവ്രത തറവാടിന്റെ അടിത്തറയോളമെത്തി. അതിന്റെ ആണിക്കല്ലിളകിയതവരറിഞ്ഞില്ല.
ആ നിമിഷമവരുടെ സെൽഫോൺ നിർത്താതെ ചിലച്ചു. ഇന്റർനാഷനൽ ലൈനിൽ െബഞ്ചമിനപ്പോൾ ഇരുവരുടെയും സ്വരത്തിനായ് നിരന്തരം കാതോർക്കുകയായിരുന്നു.
പിന്നത്തെ വരവിലാണ് രൂപമാറ്റം വരുത്താൻ അവരെന്നും വിസമ്മതിച്ച ഓടുമേഞ്ഞ ആ പഴയ തറവാട് പൂർണമായും പൊളിച്ചുനീക്കി, പുതിയ കോൺക്രീറ്റ് വില്ല പണിതതും അപ്പയുടേയും അമ്മയുടേയും മിഴിവാർന്ന എണ്ണച്ഛായാചിത്രം ആർക്കും വ്യക്തമായിക്കാണാൻ പാകത്തിൽ, സ്വീകരണമുറിയിലെ ഭിത്തിയിൽ പതിച്ചതും.
ഓർമകളീന്നൂർന്ന് തിരിഞ്ഞുനടക്കാൻ തുനിയുംനേരം ഹൃദയത്തീന്നെന്നപോലൊരു പിൻവിളി. “ബെൻചൂ...”
നോക്കുമ്പോൾ ഹാളിൽ സീലിങ്ങിലെ ഫോട്ടോയിൽ രണ്ടാളും ചെരിഞ്ഞിരുന്ന് പൂപ്പലേന്തിയ നാളുകളെ പുഞ്ചിരിയാൽ ചുരണ്ടി. ഇലച്ചാർത്തിലൂടെ തുള്ളിത്തുടിച്ചെത്തുന്ന സൂര്യകണങ്ങളായ് ഓർമച്ചിന്തുകൾ. പൊള്ളുന്ന നിമിഷങ്ങൾ.
“അപ്പ; പണ്ട് വെല്ല്യപ്പനുണ്ടായ ആ ദുരന്തം; അത് ശരിക്കും എങ്ങ്നാരുന്നു?”
“ങ്ഹാ; അന്നൊരു ദുഃഖവെള്ളിയാ. എല്ലാരും രാവിലെ പള്ളീപ്പോയി പ്രാർഥനേം കുരിശിന്റെ വഴീം ക്രൂശിതന്റെ പീഡാസഹനോം, ലോകത്തേറ്റോം നിന്ദ്യവും ക്രൂരവുമായി കൊലചെയ്യപ്പെട്ടോനെപ്പറ്റിയുള്ള അച്ഛന്റെ ഉള്ളുലക്കുന്ന പ്രസംഗോം മരമണിക്കിലുക്കോം കേട്ട്, കയ്പുനീരും നുണഞ്ഞ് വീട്ടില് വന്നു. തലേന്നത്തെ പെസഹാ അപ്പോം പാലും കഴിച്ച്, ഞങ്ങൾ മക്കള് പാനവായന തൊടങ്ങി.
തീക്ഷ്ണമാർന്ന ആ വരികൾ മെല്ലെ അതിന്റെ ഗാഗുൽത്താമലകയറുംമുമ്പാ വെല്ല്യമ്മ വെല്ല്യപ്പനോട് പറഞ്ഞെ, മൂത്ത രണ്ടു ചക്ക കിട്ടിയിരുന്നേൽ വേവിക്കാന്ന്. എന്റെ ഓർമ്മേലന്ന് തറവാട്ടില് കൊറേ പടുകൂറ്റൻ പ്ലാവുകളൊണ്ട്. എല്ലാം നല്ല തേൻവരിക്കേം ശർക്കരക്കൂഴേം. മൂപ്പരൊടനെ അടുത്തുകണ്ട പ്ലാവേക്കേറി.
കുടുന്തേച്ചെന്നതും ശോണനുറുമ്പിന്റെ കൊടുംകൂട്. ദേഹമാകെ അള്ളിപ്പിടിച്ച ഉറുമ്പിൻ കൂട്ടത്തിന്റെ പെരുങ്കടിയേറ്റ്, നിൽക്കക്കള്ളിയില്ലാണ്ട് വെല്ല്യപ്പൻ ദേ, പഴംചക്ക വീഴുംപോലെ താഴേക്ക്…
പാനവായന പാതിവഴീല് നിലച്ചു. കരഞ്ഞു നെലോളിച്ച് എല്ലാരുംകൂടി ഓടിച്ചെന്നപ്പോ, പ്രാണന്റെ അവസാനമിടിപ്പും നിലച്ചിരുന്നു. ഞങ്ങ്ടെ ജീവിതത്തിലെ ദുഃഖവെള്ളി ശരിക്കും അതാരുന്നു…”
കാറ്റിലുലഞ്ഞ ചില്ലയായി അപ്പയാകെ വിറപൂണ്ടു. ദേഹമെങ്ങും പഞ്ഞിക്കെട്ടുപോലെ വെളുത്ത്, ഇടതൂർന്ന, രോമങ്ങളെഴുന്നു.
‘വേർപാടിന്റെ ഒന്നാം വാർഷികം’ എന്ന കുറിപ്പോടെ പേരും വിശദാംശങ്ങളുമായെത്തിയ പത്രത്താളിലെ സ്മരണാഞ്ജലി കോളം തൊട്ടു മുന്നിൽ. ഇരുവരുടെയും പ്രസരിപ്പാർന്ന ഫോട്ടോകൾക്ക് മീതെ സജലമാർന്ന കൃഷ്ണമണികൾ ഓട്ടപ്രദക്ഷിണത്തിലായി. രാവേറെച്ചെല്ലുംവരെ ഓർമത്താളുകളടർന്നു.
പിറ്റേന്ന് വൈകിയുണർന്നു. ഉച്ചകഴിഞ്ഞ് മയക്കത്തിലേക്ക് വഴുതുമ്പോൾ കോളിങ് ബെൽ നിലവിളിച്ചു.
ഉടൻ ഡോർ തുറന്നു. അസമയത്തെ അതിഥിയായി തീരെ പരിചയമില്ലാത്ത ഒരു മുഖം.
“ഞാൻ ഭവദാസ്. അപ്പുറത്തെ മനയിലെ വല്ല്യമ്പൂതിരിയുടെ...”
“ഓ... നിങ്ങൾ വിദേശത്തെവിടെയോ ആയിരുന്നില്ലേ?”
“അതെ; ആസ്ട്രേലിയായില്.”
“വരൂ കയറി ഇരിക്കൂ.”
“ഇരിക്കാനൊന്നും സമയംല്ല. ഒരു പ്രത്യേക കാര്യം പറയാനാ വന്നെ.”
“എന്താ പ്രശ്നം? പറഞ്ഞോളൂ.”
“ഇവിടെനിന്ന് പറഞ്ഞാലത് ശര്യാവില്ല. എന്റെ കൂടെ പുറത്തേക്കൊന്നു വരണം.”
അയാൾക്ക് പിന്നാലെ പാദങ്ങൾ നീട്ടിച്ചവിട്ടി. നടന്നുനടന്ന് പുരയിടത്തിന്റെ അതിർത്തിയിലെത്തിയതും ഒരു നീളൻ ചാക്കു തുറന്ന് അതീന്ന് ചില അസ്ഥികളയാൾ പുറത്തേക്കിട്ടു. അൽപാൽപം ദ്രവിച്ചു തുടങ്ങിയ അതിന് ഏറെ വർഷങ്ങളുടെ പഴക്കം.
“ഇതാരുടെതാണെന്ന് അറിയാമോ?”
“ഇല്ല…”
“എങ്കിൽ അറിയണം. ഇതെന്റെ മുത്തശ്ശന്റെയാ! ഈയടുത്ത് നിലം ഉഴുതപ്പോൾ ട്രാക്ടറിന്റെ നീണ്ടു കൂർത്ത ലോഹമുള്ളുകൾ ചേറിനടീന്ന് നിധിപോലെ കാട്ടിത്തന്നതാ. ഇത് മുഴുക്കെ പാഞ്ഞുവന്ന് തറഞ്ഞത് എവിടാന്ന് അറിയ് വോ? ഇല്ല, നിനക്കൊന്നും അറിയില്ല പാവം…”
പൊടുന്നനെ അയാളുടെ വലതു കൈപ്പത്തിയിലെ വിരലുകളഞ്ചും ഇടനെഞ്ചിൽ ആഴത്തിലമർന്നു. “എങ്കില് കേട്ടോ, ചങ്കിലാ… എന്റെ ചങ്കില്…”
രൂപമാറ്റം വന്ന അസ്ഥികളുടെ പാണ്ടുപിടിച്ച വെളുപ്പിൽ അതിവൈകാരികമായി കണ്ണുകൾ തറഞ്ഞതും ഭവദാസിന്റെ ശബ്ദം കനത്തു: “ഇതാരാ ചെയ്തെന്നറിയ് വോ?”
“അത് ഞാനെങ്ങനാ അറിയ്വാ?
“എന്നാപ്പറയാം; നിന്റെ വെല്ല്യപ്പൻ!”
ഒരു ദീർഘനിശ്വാസശേഷം ആ സ്വരം കനത്തു: “പിന്നീട് പറമ്പിന്റെ നെടുനീളെയുള്ള ഈ ഭാഗം മുഴുവനും നിങ്ങ്ടെ തറവാടിനോട് കൂട്ടിച്ചേർത്ത് ആർത്തിപൂണ്ട അങ്ങേര് മതിലും കെട്ടിപ്പൊക്കി. അന്നത് ചോദിക്കാൻ ഇവിടാരുമില്ലാരുന്നു…”
നിമിഷനേരം കഴിഞ്ഞതും വെടിപൊട്ടുംപോലുച്ചത്തിലയാൾ: “ഇപ്പോ അതെല്ലാമെനിക്ക് തിരിച്ചു കിട്ടണം…”
“എല്ലാം പഴയ കഥകളാ… എനിക്കൊന്നുമറിയില്ല.”
“കഥകളല്ല; സാക്ഷാൽ നടന്ന സംഭവമാ. അതും ഞങ്ങടെ മൂക്കിൻ മുനമ്പിന് തൊട്ടുതാഴെ. മനസ്സിലായോ കള്ളക്കഴുവേറീടെ... വേണ്ട; എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട…”
ആള് മടങ്ങിപ്പോവാൻ തയാറായില്ല. മാന്യമായിത്തുടങ്ങിയ സംഭാഷണങ്ങളൊടുവിൽ കയ്യാങ്കളീലെത്തി. പരമാവധി അയാൾക്കെതിരെ പൊരുതി നിന്നു. പോകപ്പോകെ ആളിനൊപ്പം വന്ന സംഘത്തിന്റെ മൂർച്ചയേറിയ തിളങ്ങുന്ന നീളൻ ലോഹമുനകളാൽ ചോരയിൽക്കുതിർന്ന് കുഴഞ്ഞുവീണു.
അതും ഒരു വെള്ളിയാഴ്ച. പൊടിമണ്ണിലൂർന്ന്, രക്തത്തിൽ കുളിച്ച്, വിലാപക്കടലിൽ മുങ്ങിയ ഒരു ദുഃഖവെള്ളി. ഓർമകളുടെ ഭൂപടത്തിൽ കൂടുതൽ ദൃശ്യങ്ങൾ വെളിപ്പെട്ടു.
ചുണ്ടീന്നടർന്ന മുഴക്കമാർന്ന ആ പഴയ ചോദ്യമപ്പോൾ നിമിഷാർധ നിശ്ശബ്ദതയെ ഭേദിച്ചിരമ്പി.
“അതിപ്രതാപിയാരുന്ന വെല്ല്യപ്പൻ, കയ്യൂക്കിലും മെയ്ക്കരുത്തിലും നേടിയതാ ഈ ഭൂസ്വത്തിൽ കൊറെയെന്ന് കേട്ടിട്ടൊണ്ട്. അത് നേരോ അപ്പാ?”
“നമ്മ്ടെ തറവാടിനോട് ചേർന്ന അപ്പുറത്തെ മനേല് പ്രായംചെന്ന ഒരു വല്ല്യമ്പൂതിരി മാത്രേ അന്ന് താമസിച്ചിരുന്നുള്ളൂ. വാമനൻ പണ്ട് മഹാബലിയോട് ചെയ്തമാതിരി, അങ്ങേരെ വെല്ല്യപ്പനൊരിക്കല് ആരുമറിയാതെ തൊട്ടുമുന്നിലെ പാടത്തെ ആഴമാർന്ന ചേറിലേക്കങ്ങ് ചവിട്ടിത്താഴ്ത്തി. അവരുടെ കൊറെ സ്ഥലങ്ങളങ്ങനെ…”
അസഹ്യവേദനയാൽ ദേഹമാകെ കൊളുത്തിപ്പിടിക്കുംവിധം നീറിപ്പിടഞ്ഞ് അന്ത്യശ്വാസം വലിക്കുമ്പോൾ, പീഡാസഹനങ്ങളുടെ പൂപ്പലേന്തിയ ആ അതിക്രൂര നിമിഷങ്ങൾ നെഞ്ചിനുള്ളിൽ നിലക്കാതെ പെരുമ്പറ മുഴക്കി.