ഹസ്താമലകം

“ദേ… ഇത് തൈറോയിടിന്റെത്, രാവിലെ വെറും വയറ്റി കഴിക്കണ്ടതാ!” “ഇത് പ്രഷറിന്റെ, ആഹാരം വല്ലോം കഴിച്ചേച്ചേ കഴിക്കാവെ!” “ഇത്, നിങ്ങക്ക് രാവിലെ തലേ തേക്കാനുള്ള കാച്ചിയ വെളിച്ചെണ്ണയും മുട്ട് വേദനയ്ക്കുള്ള ധന്വന്തരം കുഴമ്പുമാ. തീരും മുമ്പ് വിളിച്ച്പറഞ്ഞാ… കൊറിയറിൽ എത്തിക്കാം.” “ദാണ്ടെ, ഈ ഏത്തക്കെ പഴുത്തതുമുണ്ട് പച്ചേമുണ്ട്. മോളി വച്ചേക്കുന്നത് പഴുത്തതാ. വെളീന്നൊന്നുമങ്ങനെ വാങ്ങി തിന്നാറില്ലല്ലോ. അത് കൊണ്ടാ രണ്ട് കിലോ വേടിച്ചത്. അടുത്തിരിക്കുന്നോർക്കെല്ലാം എടുത്ത് കൊടുത്ത് ഒടനെയങ്ങ് തീർക്കാതെ വച്ചിരുന്നാ വല്ലപ്പോഴും ഓരോന്നെടുത്ത് കഴിക്കാം. ഓ… ആരോടാ…” ഒന്നിന് പിറകെ ഒന്നായി പലതരം കവറുകളെടുത്ത്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
“ദേ… ഇത് തൈറോയിടിന്റെത്, രാവിലെ വെറും വയറ്റി കഴിക്കണ്ടതാ!”
“ഇത് പ്രഷറിന്റെ, ആഹാരം വല്ലോം കഴിച്ചേച്ചേ കഴിക്കാവെ!”
“ഇത്, നിങ്ങക്ക് രാവിലെ തലേ തേക്കാനുള്ള കാച്ചിയ വെളിച്ചെണ്ണയും മുട്ട് വേദനയ്ക്കുള്ള ധന്വന്തരം കുഴമ്പുമാ. തീരും മുമ്പ് വിളിച്ച്പറഞ്ഞാ… കൊറിയറിൽ എത്തിക്കാം.”
“ദാണ്ടെ, ഈ ഏത്തക്കെ പഴുത്തതുമുണ്ട് പച്ചേമുണ്ട്. മോളി വച്ചേക്കുന്നത് പഴുത്തതാ. വെളീന്നൊന്നുമങ്ങനെ വാങ്ങി തിന്നാറില്ലല്ലോ. അത് കൊണ്ടാ രണ്ട് കിലോ വേടിച്ചത്. അടുത്തിരിക്കുന്നോർക്കെല്ലാം എടുത്ത് കൊടുത്ത് ഒടനെയങ്ങ് തീർക്കാതെ വച്ചിരുന്നാ വല്ലപ്പോഴും ഓരോന്നെടുത്ത് കഴിക്കാം. ഓ… ആരോടാ…”
ഒന്നിന് പിറകെ ഒന്നായി പലതരം കവറുകളെടുത്ത് എന്നെ കാട്ടി കുഞ്ഞുങ്ങളോടെന്നപോലെ ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കൊണ്ടേയിരുന്ന സുമയെ, ഏറെ നാളുകൾക്കുശേഷം ചേർത്തുപിടിച്ച് നെറുകയിൽ ഒരുമ്മകൂടി കൊടുത്തപ്പോഴേക്കും അവളുടെ കണ്ണുകളിൽ ചുവന്ന മുത്തുകൾ പിറന്ന് കഴിഞ്ഞിരുന്നു. എങ്കിലും, ആ മനസ്സിലേക്ക് വേരുകൾ ആഴ്ന്നിറങ്ങാൻ തുടങ്ങിയ എന്റെ കണ്ണുകളെ ഉടലോടെ പറിച്ചെടുത്ത് ദൂരേക്കെറിഞ്ഞുകൊണ്ടാണ് അവളോട് പറഞ്ഞത്:
“കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കലും ശേഷമുള്ള അവിടുത്തെ ചടങ്ങുകളും കഴിഞ്ഞ്, ഡൽഹി മലയാളി സമാജത്തിലും തുടർന്ന് മറ്റുചില സംഘടനക്കാരുടെ സ്വീകരണ പരിപാടികളിലും, പറ്റുമെങ്കി അൽപമെഴുതി മടക്കിവെച്ചിരിക്കുന്ന ‘മതിൽകെട്ടിയ ദില്ലി’ എന്ന പുതിയ നോവൽകൂടി എഴുതി തീർത്തേ ഞാൻ മടങ്ങിവരൂ. ഇവിടെ വൈഭവും നാസിലയും കുഞ്ഞുങ്ങളുമൊക്കെ ഉണ്ടല്ലോ, അവര് തിരിച്ചുപോകുന്നതിനുമുമ്പ് ഞാനിങ്ങെത്താൻ നോക്കാം. അല്ലെങ്കി നീ കൊറച്ചുദെവസം എറണാകുളത്തോട്ട് പൊയ്ക്കോ. അതാകുമ്പോൾ ജിൻഷ മോളെ പരാതിയും തീർന്നുകിട്ടുമല്ലോ...”
എന്റേതായ ജീവിതചര്യകളിൽ അല്ലാതെ സാഹിത്യ സംബന്ധിയായ കാര്യങ്ങൾകൂടി ഇടകലരുമ്പോൾ വീണ്ടും സുമയുടെ മുഖം പഴയതുപോലെ ചുളിഞ്ഞ് തുടങ്ങും. അഞ്ചാറു ദിവസം ധരിക്കാൻ വേണ്ട മുണ്ടും ജുബ്ബയും ബനിയനും നിക്കറും. ഡൽഹിയിലെ തണുപ്പിനെ ചെറുക്കാനുള്ള ജാക്കറ്റും. സ്ഥിരമായി കഴിക്കാനുള്ള ഗുളികകൾക്കും പുറമേ. പനിയോ തലവേദനയോ തൊണ്ട വേദനയോ മറ്റോ ഉണ്ടാകുമ്പോൾ അത്യാവശ്യഘട്ടത്തിൽ മാത്രം ഉപയോഗിക്കാൻ വേണ്ട ചില മരുന്നുകളും. കൂടാതെ, കുളിച്ച്തോർത്ത്, സോപ്പ്, പേസ്റ്റ്, ബ്രഷ്. നാക്ക് വടിക്കാനായി കീറിയ പച്ചീർക്കിൽ!.. അങ്ങനെയങ്ങനെ മുമ്പത്തെപ്പോലെതന്നെ സുമ ഉള്ളിലുള്ളതെല്ലാം പുറമേ കാണാൻ കഴിയുന്ന ഓരോരോ പ്ലാസ്റ്റിക് കവറുകളിലാക്കി എന്റെ സ്യൂട്ട് കെയ്സിലും ബാഗിലുമായി അടുക്കിവെക്കുന്നതിനൊപ്പം ആ കവറുകളിലുള്ളത് എന്തെല്ലാമെന്ന് എന്നെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടുമിരുന്നു. അതിനിടയ്ക്കെന്തോ സംശയഭാവത്തോടെ സുമ ഉള്ളിലടുക്കി വെച്ചതെല്ലാം ഒന്നൊഴിയാതെ പുറത്തേയ്ക്കെടുത്തു. പിന്നീട് വീണ്ടും പഴയ പടി;
“ഇത് തൈറോയിഡിന്റെത്, ഇത് പ്രഷറിന്റെത്…” ഇങ്ങനെ പറഞ്ഞുപറഞ്ഞ് ഒന്നും വിട്ടു പോയിട്ടില്ലെന്ന് ഒരിക്കൽകൂടി ഉറപ്പുവരുത്തി, വീണ്ടും ബാഗിലും പെട്ടിയിലുമായി ഭദ്രമാക്കി അടച്ചുെവച്ചു. ശേഷം, മുഖത്തെ ചുളിവുകൾ കൂടുതൽ കടുപ്പിച്ചുകൊണ്ട് സുമ എന്നിലേയ്ക്ക് തിരിഞ്ഞു:
“ശശിയേട്ടനൊന്നും മറന്നിട്ടില്ലല്ലോ?!”
“അയ്യോ…”ന്ന് നീട്ടി വിളിച്ച് മുകളിലെ നിലയിലേക്ക് ധൃതിയിൽ കയറവെ. പെട്ടെന്ന് സുമയുടെ ശബ്ദം കടുത്തു.
“ഒന്ന് പതുക്കെ പോ മനുഷ്യാ…”
എഴുതിത്തുടങ്ങിയതും പൂർത്തിയായതുമായ കുറെ കഥകൾ എന്റെ മേശ മുകളിൽ നിരന്നുകിടപ്പുണ്ടായിരുന്നു. അവയ്ക്കെല്ലാമൊപ്പം പുതിയ നോവലിന്റെയും കഥാസമാഹാരത്തിന്റെയും ഓതേഴ്സ് കോപ്പികൾ മുമ്മൂന്നെണ്ണവുംകൂടി എടുത്ത് തോൾസഞ്ചിയിലാക്കി. കൈവരിയിൽ ബലമായി പിടിച്ച് പടികളിലൂടെ പതുക്കെ തിരികെ താഴേക്ക്. അപ്പോഴും സുമ എന്റെ വരവും കാത്ത് പരിഭ്രമത്തോടെ മുകളിലേക്കു നോക്കിനിൽക്കുന്നുണ്ടായിരുന്നു.
“ചാടിപ്പിടഞ്ഞുള്ള ആ ഓട്ടം കണ്ടപ്പോഴേ… എനിക്ക് തോന്നി, വല്ല കഥയെങ്ങാണ്ട് മറന്നതായിരിക്കുമെന്ന്. അല്ലാതെ, ഇവിടാരെങ്കിലും ചാകാൻ കെടന്നാപ്പോലും നിങ്ങളിത്രേം വെപ്രാളം കാണിക്കാറില്ലല്ലോ!”
ആ മുഖത്തേയ്ക്ക് നോക്കി ഒന്ന് ചിരിക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എങ്കിലും ഉള്ളിങ്ങനെ പിടഞ്ഞു: ‘‘കൊച്ചേ… നീയെന്നോട് ക്ഷമിക്കെടീ…’’
ഏറക്കുറെ അടുത്തുള്ള പരിപാടികൾക്കും, ദൂരയാത്രകളിൽ റെയിൽവേ സ്റ്റേഷനിലേക്കും, സ്ഥിരമായി എന്റെ കാർ ഓടിക്കുന്ന ജോൺസൺ നേരത്തേ വന്ന് കാറെല്ലാം തുടച്ച് വൃത്തിയാക്കി പോകാൻ തയാറായി നിൽക്കുന്നുണ്ടായിരുന്നു. സ്യൂട്ട് കെയ്സും ബാഗുമെല്ലാമായി ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അവനോടിവന്ന്
“അയ്യോ, സാറേ… ഞാനെടുത്തോളാം!” എന്നും പറഞ്ഞ് അതെല്ലാം എന്റെ കയ്യിൽനിന്നും പിടിച്ചുവാങ്ങി പിറകിലെ സീറ്റിലേക്ക് പതുക്കെവെച്ചു.
ജോൺസണൊപ്പം മുന്നിൽ തന്നെയിരുന്ന് സീറ്റ് ബെൽറ്റ് ഉറപ്പിക്കുമ്പോഴാണ് സുമ “അയ്യോ… മോനേ ജോൺസാ… പോകല്ലേടാ..!”ന്നും പറഞ്ഞ് ഓടി അകത്തേക്ക് പോയത്. എനിക്കപ്പോഴൊക്കെയും എത്രയും വേഗം കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുവാനുള്ള തിടുക്കമായിരുന്നു. സുമ തിരിച്ചെത്തിയതാകട്ടെ വലങ്കയ്യിലൊര് പേപ്പർ പൊതിയും ഇടങ്കയ്യിൽ ടിഫിൻ ബോക്സുമായിട്ടായിരുന്നു. കിതച്ചുകൊണ്ട് കാറിന്റെ അടഞ്ഞ വാതിലിന്റെ അരികിലേക്ക് ചേർന്നുനിന്ന് തുറന്ന് കിടന്ന ചില്ലു ജാലകത്തിനുള്ളിലേക്ക് ഓരോ കയ്യിലുള്ളതുമുയർത്തി എനിക്ക് നൽകിക്കൊണ്ട്
“ഇത് നിങ്ങക്ക് ഉച്ചയ്ക്കൽത്തേയ്ക്ക്… ഇത്, രാത്രിയിലേയ്ക്കുള്ള ചപ്പാത്തിയും… കറിയും. നേരത്തും കാലത്തും… ആഹാരവും ഗുളികയുമൊക്കെ കഴിക്കെണെ.” ഇടയിൽ കലർത്തിയ കിതപ്പോടെ സുമ പറഞ്ഞു നിർത്തി.
“ഓ… ഞാൻ കഴിച്ചോളാം. നീ അകത്ത് പൊയ്ക്കോ.”
സുമ അടുത്ത് നിൽക്കുന്ന ഓരോ നിമിഷവും കയർകൊണ്ട് തന്റെ ശരീരത്തെ വീണ്ടും വീണ്ടും വരിഞ്ഞുമുറുക്കുന്ന പോലൊരു തോന്നൽ. അതിനാൽ എത്രയും വേഗം ഈ വലയത്തിൽനിന്നും പുറത്ത് കടക്കാനുള്ളൊര് വെമ്പൽ മനസ്സിൽ ആളിപ്പടർന്നു.
തിടുക്കമെന്നോണം ഇടംകൈ സുമയുടെ തോളത്തൊന്ന് തടവിക്കൊണ്ടിങ്ങനെ പറഞ്ഞു: “ട്രെയിന് സമയമാകുന്നു. എന്നാ ശരി, ഞാൻ പോയിട്ട് വരാം.”
ജോൺസൺ കാർ സ്റ്റാർട്ട് ചെയ്തപ്പോൾ അൽപം മാറിനിന്നുകൊണ്ട് സുമ പറഞ്ഞു; “പിന്നെ, അങ്ങെത്തീട്ടെങ്കിലും ഒന്ന് വിളിച്ചേക്കണേ.!!”
അത് കേട്ടുടനെ വീണ്ടും ഉറക്കെയൊന്ന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാനെവിടെപ്പോയാലും അങ്ങനെയൊര് ശീലം പണ്ടേ ഇല്ലെന്ന കാര്യം അവൾക്ക് നന്നായിട്ടറിയാം. എങ്കിലും, അതതിടങ്ങളിൽ ഞാനെത്തിപ്പെടേണ്ട ഏകദേശ സമയമടുക്കുമ്പോൾ, എന്റെ ഫോണിലേക്ക് വിളിച്ച് “നിങ്ങള് സുഖമായങ്ങെത്തിയോ, സമയാസമയം ആഹാരവും ഗുളികയുമൊക്കെ കഴിച്ചിരുന്നോ” എന്നൊക്കെ ചോദിക്കുന്നതാണ് അവളുടെ പതിവ്.
പോർച്ചിൽനിന്നും കാറൊന്നനങ്ങിയപ്പോൾ ചുളിഞ്ഞ മുഖം നിവർത്താതെ തന്നെ സുമ, ജോൺസണോടായി പറഞ്ഞു: “മോനേ… നെനക്ക് മറ്റ് അത്യാവശ്യങ്ങളൊന്നുമില്ലെങ്കി, സാറിനെ ട്രെയിനി കയറ്റി വിട്ടേച്ചേ വരാവെ. ഇങ്ങേര് പോയി വരുന്നവരെ എനിക്കൊര് സമാധാനമുണ്ടാകത്തില്ല!” സുമയുടെ ദീർഘനിശ്വാസത്തിലെ ചൂട് എന്റെ നെഞ്ച് പൊള്ളിച്ചു.
“ശരിയമ്മേ… ഞാൻ, സാറിനെ യാത്രയാക്കിയിട്ടേ വരത്തോള്ള്.” ജോൺസൺ ഉറപ്പിച്ചു പറഞ്ഞു.
പുറത്തെ ഗേറ്റെത്തുവോളം സുമ എന്നെത്തന്നെ നോക്കിനിൽക്കുന്നത് കാറിന്റെ ഇടതുവശത്തെ കണ്ണാടിയിലൂടെ കണ്ണടയില്ലാതെ തന്നെ എനിക്ക് വ്യക്തമായി കാണാമായിരുന്നു. അവളുടെ നിറഞ്ഞ കണ്ണുകളിൽ സംശയഭാവം നിഴലിച്ചിരുന്നോ?! ഏയ് ഇല്ല. അങ്ങനെ എനിക്ക് വെറുതെ തോന്നിയതാകും.

ഗേറ്റ് കടന്ന് ആദ്യവളവ് തിരിഞ്ഞപ്പോഴേക്കും മൊബൈൽ ശബ്ദിച്ചു. നെഞ്ചിൽനിന്നും ഒരായിരം ഹൃദയശലഭങ്ങൾ മുഖത്തേക്ക് പറന്നിരുന്നു. വിജിത വിളിക്കുന്നു.
“സാറ്, ഇറങ്ങിയില്ലേ?!”
“ങ്ഹാ… എറങ്ങി!”
“സുമച്ചേച്ചിക്ക് സംശയമൊന്നുമില്ലല്ലോ?”
ജോൺസൺ അടുത്തുണ്ടെന്നുള്ള ബോധം ഉദിച്ചതിനാൽ മറുപടി ഒരു മൂളലിൽ മാത്രമൊതുക്കി. അരികത്ത് ആളുണ്ടെന്ന കാര്യം ഞങ്ങൾ പരസ്പരം അറിയിച്ചിരുന്നത് ഇത്തരം മൂളലുകളിലൂടെ ആയിരുന്നു. അതിനാൽ ആ സംസാരം അവിടെ അവസാനിപ്പിക്കും. സത്യത്തിൽ സുമയോട് ഒരുനാളും പതിവില്ലാതെ പാതി കള്ളം കൂടി പറഞ്ഞുള്ള ഈ പോക്ക് മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, ഇനിയെങ്കിലും ഇങ്ങനെ പോകാൻ തയാറായില്ലെങ്കിൽ പണ്ടുമുതലേ താൻ ആഗ്രഹിക്കുന്നതും ഇപ്പോൾ അനുഭവിക്കുന്നതുമായ ഈ സന്തോഷം എെന്നന്നേക്കുമായി ഇല്ലാതെയാകും. ഇത്തരം ആഗ്രഹങ്ങൾ എത്രയോ കാലമായി മനസ്സിലിങ്ങനെ അടക്കിവെച്ചിരുന്നതാണ്. ഭാര്യയായി മക്കളായി കൊച്ചുമക്കളായി ഒപ്പം പേരും പ്രശസ്തിയുമൊക്കെയുമായി.
എങ്കിലും, മറ്റുള്ളവരുടെ സന്തോഷങ്ങൾക്കും സന്തോഷപ്പെടുത്തലുകൾക്കും വേണ്ടി മാത്രമിങ്ങനെ ജീവിച്ച് ജീവിച്ച് കാലം പൊയ്ക്കൊണ്ടേയിരിക്കുന്നു. കഥയെഴുതുമ്പോഴും നോവലെഴുതുമ്പോഴും അത് വായിച്ച് പരിചിതരും അപരിചിതരുമായവർ അഭിപ്രായങ്ങൾ പങ്കുവെക്കുമ്പോഴുമെല്ലാം ഏറെ സന്തോഷവും സുഖവും അനുഭവിക്കാറുണ്ട്! എന്നിരുന്നാലും, പ്രമേഹബാധിതന് ലഡുവും ഐസ്ക്രീമും ഒക്കെ കാണുമ്പോൾ ഉണ്ടാകുന്നൊര് അവസ്ഥയില്ലെ!
അതുപോലെയാണ് ഞാനും വിജിതയും എന്നെപ്പോലെയുള്ള നിങ്ങളിൽ ഏറെ മനുഷ്യരും വർഷങ്ങളായി മനസ്സിനെയിങ്ങനെ അടക്കിജീവിക്കുന്നത്. അത് ഒരുപക്ഷേ, നമുക്ക് ഇഷ്ടമുള്ളൊര് ആഹാരം കഴിക്കുന്നതിലോ... അല്ലെങ്കിൽ, ഇഷ്ടപ്പെട്ട ഇടങ്ങളിൽ ജീവിക്കുന്നതിലോ... അതുമല്ലെങ്കിൽ, നമുക്ക് ഇഷ്ടപ്പെട്ടൊരു സ്ത്രീയെയോ പുരുഷനെയോ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാനോ... അല്ലെങ്കിൽ, അൽപനേരമോ ജീവിതകാലം മുഴുവനോ അവരോടൊപ്പം ചേർന്നിരിക്കാനോ… അങ്ങനെയങ്ങനെ എത്രയോ ആഗ്രഹങ്ങളാകും ഓരോ മനുഷ്യനും മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി സ്വന്തം മനസ്സിൽ കുഴിയെടുത്ത് മൂടിെവച്ചിട്ടുണ്ടാവുക. സത്യത്തിൽ എനിക്ക് വിജിതയോടുള്ളതും അത്തരം അടങ്ങാത്ത ആഗ്രഹമാണ്. അത് ഇങ്ങനെ നിങ്ങളോടെങ്കിലും ഒന്ന് തുറന്നുപറയണം, അത്രമാത്രം.
അച്ഛനും അപ്പച്ചിയും തമ്മിൽ നേരത്തേ പറഞ്ഞുറപ്പിച്ച് െവച്ചിരുന്ന ബന്ധമായിരുന്നതിനാൽ... ഇരുപത്തിയാറാം വയസ്സിൽ താലിചാർത്തും മുമ്പേതന്നെ, ഞാനും സുമയും മനസ്സാ മാല ചാർത്തിയിരുന്നു. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിലേക്ക് സുമയല്ലാതെ മറ്റൊരു പെൺകുട്ടിയെക്കുറിച്ച് അന്ന് ചിന്തിച്ചിരുന്നുമില്ല. കാണാൻ അത്രകണ്ട് സുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും അവൾ അൽപമൊന്ന് തെളിഞ്ഞത് ഞങ്ങളുടെ കല്യാണത്തിന് ശേഷമാണ്. കണ്ണിൽ കാണുന്ന ചെടികളെയും കിളികളെയും ഒക്കെ നോക്കി കവിതപോലെ ചിലത് കുറിക്കുന്ന കാര്യം പണ്ടേ സുമക്ക് അറിയാമായിരുന്നെങ്കിലും അന്നവളതത്ര കാര്യമായി എടുത്തിരുന്നില്ല. സർവീസിൽനിന്ന് പിരിഞ്ഞശേഷം കഥയിലേക്ക് കൂടുതൽ ശ്രദ്ധപതിഞ്ഞപ്പോൾ അവളുടെ മട്ടുമാറി. ഞങ്ങളുടെ ദാമ്പത്യജീവനത്തിനിടയിലേക്ക് അനുവാദമില്ലാതെ കേറിവന്നൊര് അസത്ത് പെണ്ണിനെ പോലെയാണ് സുമ എന്റെ എഴുത്തിനെ നോക്കിക്കണ്ടത്. അന്നൊക്കെ ചില പരിപാടികൾക്ക് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൾ പറയും,
“നിങ്ങളെന്തിനാ… മനുഷ്യാ, ഈ വിളിക്കാത്ത പരിപാടിയിലേയ്ക്ക് ഇടിച്ച് കേറുന്നത്?”
ചിരിച്ച് കൊണ്ടപ്പോൾ അവളോട് ഇങ്ങനെ പറയും: “കൊച്ചേ… (പണ്ടുമുതലേ സുമയെ ഞാൻ സ്നേഹത്തോടെ രഹസ്യമായി വിളിച്ചിരുന്നത് ഇങ്ങനെയാണ്.) ഒരുപക്ഷേ… നാളെയൊരുകാലത്ത് അവർ വിളിച്ചാൽപോലും എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാനുള്ള സമയം ഉണ്ടായി എന്ന് വരില്ല!.”
അപ്പോൾ സുമയുടെ കീഴ് ചുണ്ട് പരിഹാസത്തോടെ പുറത്തേക്ക് തള്ളിവരും.
ഒരുപക്ഷേ, തമാശക്കാണെങ്കിലും അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് നേരായി മാറിയിരിക്കുന്നു. അവസാനമിതാ എന്റെ കഥക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും. എങ്കിലും, മനസ്സിപ്പോഴും സ്വന്തം കുടുംബത്തെയും സമൂഹത്തെയും ഓർത്ത് ഉള്ളിൽ പൂഴ്ത്തിവെച്ച ചില മോഹങ്ങളാൽ വീർപ്പുമുട്ടുകയാണ്. ഒരുപക്ഷേ… എന്നെപ്പോലെ നിങ്ങളിലും.
‘സുമയെ താൻ വഞ്ചിക്കുകയാണോ..?’ മനസ്സ് എന്നോട് തന്നെ ചോദിച്ചു.
അപ്പോഴാണ് എന്റെ മൊബൈലും ശബ്ദിച്ചത്. വിജിതയാണ്!
“സാറ്, കേരളപുരമായോ?”
“ഉം.”
മടക്കിവെച്ച മൊബൈലിൽനിന്നും മനസ്സ് ഒന്നൊന്നര വർഷങ്ങൾക്കു മുമ്പുള്ള ആ നാളുകളിലേക്ക് നടന്നു…
മൊബൈലിന്റെ അങ്ങെ തലക്കൽനിന്നും മനോഹരമായൊര് ശബ്ദം.
“ഹലോ… നമസ്കാരം സർ, ഞാൻ. വേണ്ട! എന്റെ പേരും നാളുമൊക്കെ പിന്നെ പറയാം. ആദ്യം ഇന്നിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിലെ സാറിന്റെ ‘പിച്ചണ്ടി’ എന്ന കഥയെക്കുറിച്ച് പറയാം. ഞാൻ ആരെന്ന് അറിയുന്നതിനേക്കാൾ സാറും ഒരുപക്ഷേ ആഗ്രഹിക്കുന്നത് ആദ്യം അങ്ങയുടെ കഥയെക്കുറിച്ച് കേൾക്കാനാകുമല്ലോ!? ഈ കഥ എനിക്ക് വളരെയേറെ ഇഷ്ടമായി. എങ്കിലും സാറിന്റെ മുമ്പ് വന്ന കഥകൾ കൊള്ളില്ല എന്നല്ല. പിന്നെ സാറിന്റെ എല്ലാ കഥകളും എനിക്കിഷ്ടമാണ്. സാറിന്റേതായി ഇതുവരെ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി 226 കഥകളും 13 നോവലുകളും 118 അഭിമുഖങ്ങളും 75 അനുഭവക്കുറിപ്പുകളും 38 ടി.വി ഇന്റർവ്യൂകളും കൂടാതെ ചെറുതും വലുതുമായ 128 ലേഖനങ്ങളും. അവയെല്ലാം തന്നെ ഞാനിന്നും ഭദ്രമായി സൂക്ഷിച്ചുെവച്ചിട്ടുണ്ട്. അത് മാത്രമല്ല സാറിന്റെ ഓരോ കഥയുടെയും നോവലിന്റെയും തലക്കെട്ടും. എന്തിന് അതിലെ ഓരോരോ കഥാപാത്രങ്ങളുടെ പേരും വരെ, ആരെന്നെ ഏത് പാതിരാത്രിയിൽ വിളിച്ചുണർത്തി ചോദിച്ചാലും ഞാൻ മണി മണി പോലെ പറയും.”
എന്റെ ഓരോ കഥയെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും എന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും എല്ലാമെല്ലാം ഞങ്ങൾ ഏറെനേരം സംസാരിച്ചു. അപ്പോഴെല്ലാം എന്റെ കഥയെ കുറിച്ചോ നോവലിനെ കുറിച്ചോ ഒരു വാക്കുപോലും ഇന്നേവരെ പറഞ്ഞിട്ടില്ലാത്ത എന്റെ ഭാര്യയെ ഞാൻ സങ്കടത്തോടെ ഓർത്തുപോയി. പെട്ടെന്നാണ് അവൾ എന്നോടിങ്ങനെ ചോദിച്ചത്:
“സാറിന്റെ ഭാര്യ, സാറിന്റെയീ ഉയർച്ചയിൽ അത്ര സന്തോഷവതിയല്ലെ?!”
“ഏയ് അങ്ങനെയല്ല. ഏതൊര് സ്ത്രീക്കും, അവളുടെ ഭർത്താവ് ഒട്ടുമിക്ക സമയങ്ങളിലും തന്റെ ചുറ്റുവട്ടത്തൊക്കെ ഉണ്ടാകണം എന്ന ഒരു വിചാരം ഉള്ളവരാണല്ലോ. അങ്ങനെയൊരു സ്വാർഥത എന്റെ ഭാര്യക്കും ഉണ്ടെന്ന്കൂട്ടിക്കോ! പിന്നെ, എന്റെ സാഹിത്യത്തോടൊന്നും എന്റെ ഭാര്യയ്ക്ക് താൽപര്യമില്ല എന്ന് നിങ്ങൾക്കൊക്കെ വെറുതെ തോന്നുന്നതാണ്. സത്യത്തിൽ അവളാണ് എന്റെ വീടിനെ ചലിപ്പിക്കുന്നത്. വീട്ടിലെ ഓരോ കാര്യങ്ങളിലും അവളുടെ കൈയാണ് പ്രവർത്തിക്കുന്നത്. ഞാൻ മറ്റൊന്നിലും ശ്രദ്ധിക്കാതെ സാഹിത്യവുമായി ഇങ്ങനെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് പോലെ, അവൾ എന്റെ സാഹിത്യത്തിൽ ശ്രദ്ധിക്കാതെ ഞങ്ങളുടെ വീടിന്റെ ചലനത്തെ ഭംഗിയാക്കുന്നു. അതുകൊണ്ട് മാത്രമാണ് എനിക്കിങ്ങനെ സ്വതന്ത്രമായി എഴുതാനും പറയാനും എവിടെയും ഓടിയെത്താനും ഒക്കെ കഴിയുന്നത്.”
“അപ്പോ… സാറ് എഴുതുന്നതൊന്നും ചേച്ചി വായിക്കുന്നില്ലായിരിക്കും!”
ഒരു മൗനം മാത്രമായിരുന്നു അതിനുള്ള എന്റെ മറുപടി. കാരണം അത്തരം കാര്യങ്ങളിലേക്ക് കൂടുതലായി കടക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ഏറെ നീണ്ടുപോയ അന്നത്തെ ആ സംസാരത്തിലൂടെ ഞങ്ങൾ ചിരപരിചിതരായി മാറി. പിന്നീടങ്ങോട്ടുള്ള സംഭാഷണങ്ങളിലൂടെ മനസ്സിൽ പുതഞ്ഞ് കിടന്ന ചില മോഹങ്ങൾ മുളപൊട്ടാനും തുടങ്ങി. ഏറെ നാളുകൾക്കുശേഷമാണ് അവൾ തന്റെ പേര് വിജിത എന്നാണെന്നും വിവാഹിതയാണെന്നും തന്റെ കയ്യിൽ നോക്കിയയുടെ ഒരു സാധാരണ കീഫോൺ മാത്രമാണുള്ളതെന്നും ഒക്കെ എന്നോട് പറഞ്ഞത്. ‘‘ഞാനൊരു ടച്ച് ഫോൺ വാങ്ങിത്തരാം’’ എന്ന് പലപ്രാവശ്യം പറഞ്ഞപ്പോഴും ‘‘അത് വേണ്ട. എനിക്ക്, അതിനോടത്ര താൽപര്യമില്ല’’ എന്ന് പറഞ്ഞൊഴിഞ്ഞു. പിന്നീടങ്ങോട്ട് ഞങ്ങൾ വല്ലാതെ അടുത്തു. മനസ്സിന് സുഖം തോന്നുന്ന പലതും സംസാരിച്ചു. തമ്മിൽ കാണാൻ ഏറെ കൊതിച്ചു. ഒപ്പം അവൾ എന്റെ പുതിയ കഥകളുടേയും നോവലിന്റേയും ആദ്യ വായനക്കാരിയും വിമർശകയുമായി. അവയെക്കുറിച്ച് ഞങ്ങൾ ദീർഘനേരം സംസാരിച്ചു.
എഴുത്തിലേക്ക് കാര്യമായി ശ്രദ്ധിക്കുകയും പല ദിവസങ്ങളിലും ഓൺലൈൻ കഥാചർച്ചയും മറ്റു പരിപാടികളും പാതിരാത്രിയോളം നീളുകയും ചെയ്തു തുടങ്ങിയപ്പോൾ
‘‘ഇവിടെക്കെടന്നാ… എനിക്കുറക്കം ശരിയാകത്തില്ല!’’ എന്ന കാരണം പറഞ്ഞ് സുമ കിടപ്പ് താഴത്തെ മുറിയിലേക്ക് മാറ്റി. അതോടെ മൊബൈലിലൂടെ എങ്കിലും വിജിതയുടെ മുഖമൊന്നു കാണാനും അവളുടെ ഉടലാകെ ഉമ്മ കൊടുക്കാനുമൊക്കെ വല്ലാതെ ആഗ്രഹിച്ച നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വിജിതയും എന്റെ വെള്ളിരോമങ്ങൾ തിളങ്ങുന്ന നെഞ്ചിൽ മുഖമമർത്തി ഒരായിരം ഉമ്മ വെക്കണമെന്നും എന്നോട് ചേർന്നുറങ്ങണമെന്നുമുള്ള ആഗ്രഹങ്ങൾ പങ്കുവെച്ചുകൊണ്ടേയിരുന്നു. അവളുടെ മനോഹര ശബ്ദം മനസ്സിനേയും ശരീരത്തേയും എന്നും പുതിയൊരുന്മേഷത്തോടെ ഉണർത്തിക്കൊണ്ടേയിരുന്നു.
അന്നൊരു നാൾ ഞാൻ കുളിക്കാനായി ബാത്റൂമിലേക്ക് കയറാൻ തുടങ്ങവെ...
“സാറേ… റെയിൽവേ സ്റ്റേഷനെത്തി!”
കുളിരേകുന്ന ചിന്തകളെ മുറിച്ചുകൊണ്ടാണ് അപ്പോൾ ജോൺസന്റെ ആ ശബ്ദം കടന്നുവന്നത്. പെട്ടെന്ന് ചുറ്റിലും കണ്ണോടിച്ചു. ഒരുപക്ഷേ… വിജിത തന്നെയും കാത്ത് ഇവിടെ അടുത്തെങ്ങാനും ഉണ്ടാകും എന്ന ഒരു തോന്നൽ. ഇന്നേവരെ മുഖം കണ്ടിട്ടില്ലാത്ത ആളിനെ എങ്ങനെ തിരിച്ചറിയാൻ കഴിയും. മധുരമായ ആ ശബ്ദവും അതിന്റെ താളവും മാത്രമാണ് തനിക്ക് അവളെ തിരിച്ചറിയാനുള്ള ഏകമാർഗം.
അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് തുറിച്ച്നോക്കിയും, പരിചിത ഭാവത്തോടെ ചിരിതൂകിയും നിന്നവരിലും ഏറെപ്പേരും എന്റെ വായനക്കാരും, ടി.വിയിലും പത്രമാധ്യമങ്ങളിലൂടെയും മറ്റുമായി എന്നെ കണ്ടിട്ടുള്ളവരും, മുമ്പ് പരിചയപ്പെട്ടിട്ടുള്ളവരും ഒക്കെ ആയിരുന്നു. എങ്കിലും മനസ്സ് അപ്പോഴും മറ്റൊരു വ്യത്യസ്ത മുഖം തേടി അലയുകയായിരുന്നു.
വിജിതയെ നേരിൽ കാണുന്ന മാത്രയിൽ തന്നെ വാരിപ്പുണർന്ന് ഉമ്മ വെക്കണമെന്ന് മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും. മുൻ നിശ്ചയപ്രകാരം പരസ്പരം അപരിചിതരായി ഇവിടെനിന്നും ഡൽഹി വരെ യാത്ര തുടരുകയും, അവിടെ മാത്രം രഹസ്യമായി കണ്ടുമുട്ടുകയും, അതിനുശേഷം ഭാവി തീരുമാനങ്ങളിലേക്ക് കടക്കാം എന്നുമായിരുന്നു ഞങ്ങൾ ഇന്നലെ രാത്രിയിൽ എടുത്ത കടുത്ത തീരുമാനം. അതിനാലാണ് സുമയോട് ‘‘ചിലപ്പോൾ ഞാൻ നോവലെഴുതാനായി ഡൽഹിയിൽ തങ്ങും’’ എന്ന് കള്ളം പറഞ്ഞത്.
ഞാൻ പുറത്തേക്കിറങ്ങിയ ഉടനെ കാർ പാർക്കിങ്ങിലേക്ക് കൊണ്ടിട്ട ശേഷം ജോൺസൺ എന്റെ ബാഗും സ്യൂട്ട് കെയ്സും എടുത്ത് കേരള എക്സ്പ്രസ് എത്തുന്ന രണ്ടാം പ്ലാറ്റ്ഫോമിലെ സ്ലീപ്പർ ക്ലാസ് ബോഗി വന്ന് നിൽക്കുന്ന ഇടം നോക്കി അവ കൃത്യമായി കൊണ്ടുവെച്ചു. അപ്പോഴും എന്റെ മനസ്സ് ആ മധുരശബ്ദത്തിനായി കാതോർക്കുകയും കണ്ണുകൾ ഇടംവലം തിരയുകയുംചെയ്തു.
അഞ്ഞൂറിന്റെ രണ്ട് നോട്ടുകളെടുത്ത് ജോൺസന്റെ അടുത്തേക്ക് ചേർന്നു നിന്ന് അവന്റെ ഉടുപ്പിലെ പോക്കറ്റ് ഇടത് കൈകൊണ്ട് വേഗത്തിൽ വിടർത്തി വലംകൈയിൽ മടക്കി ഒളിപ്പിച്ചിരുന്ന പൈസ അതിലേക്ക് ബലമായി തിരുകി. ക്ഷണം ജോൺസൺ ഒന്ന് പരുങ്ങി പിന്നോട്ടാഞ്ഞെങ്കിലും അവന്റെ പിടിവിടാതെ ഞാൻ പറഞ്ഞു;
“വീട്ടി ചെല്ലുമ്പോ സുമ പൈസ തരും. ഇത് അവളറിയണ്ട! കൂടുതലൊന്നുമില്ല ഒരു ചായ കുടിക്കാനേ ഒള്ള്. ഇത്രനാളും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കണ്ടെടുത്തെല്ലാം എന്നേംകൊണ്ട് ഓടിനടക്കുകയായിരുന്നല്ലോ. ഇപ്പോ ഞാൻ വലിയൊര് അവാർഡ് വേടിക്കാനായി പോവുകയല്ലേ! ആ വകയിലാണെന്ന് കരുതിയാ മതി.”
“അയ്യോ സാറെ… ഇത് വേണ്ടാരുന്ന്. അല്ലാതെ തന്നെ ഓരോരോ ആവശ്യങ്ങള് പറഞ്ഞ് നിങ്ങള് രണ്ടുപേരിൽനിന്നും വായ്പയായിട്ട് വേടിച്ചത് തന്നെ അങ്ങോട്ടിത്തിരി തരാനില്ലേ!”
“ങ്ഹാ… അതൊന്നും തിരിച്ചുതരാൻ വേണ്ടി തന്നതല്ല. ഇതീന്ന് വല്ലോമെടുത്ത്, കുഞ്ഞുങ്ങൾക്കെന്തെങ്കിലും വാങ്ങിച്ചോണ്ട് വേഗം വീട്ടിപ്പോകാൻ നോക്ക്. ട്രെയിൻ വരുമ്പോ, ഞാനങ്ങ് കേറി പൊയ്ക്കോളാം. സുമയറിയണ്ട!”
എന്റെ വാക്കുകൾ പൂർത്തിയാക്കും മുമ്പേ അവൻ പറഞ്ഞു: “സാറിനെ യാത്രയാക്കിയിട്ടേ ഞാനെന്തായാലും പോകുന്നോള്ള്, ഓടിപ്പിടച്ചങ്ങെത്താനായി അവിടിന്ന് വേറെ അത്യാവശ്യങ്ങളൊന്നുമില്ല.”
ജോൺസണെ മടക്കി അയക്കാൻ വീണ്ടും ഏറെ നിർബന്ധിക്കേണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേ മനംപിടഞ്ഞു. വിജിതയുടെ വിളിക്കായി കയ്യിലെടുത്ത് പിടിച്ചിരുന്ന ഫോണപ്പോൾ തുടിച്ചു. പക്ഷേ അതിൽ തെളിഞ്ഞത് ‘സുമ (വൈഫ്)’ എന്നായിരുന്നു. ആദ്യം കണ്ട സിന്ദൂരപ്പൊട്ടിലേക്ക് മനസ്സിനൊപ്പം ചലിച്ച വിരലിനെ നിയന്ത്രിച്ച് പച്ചയിലേക്കമർത്തിക്കൊണ്ട് തിടുക്കത്തോടാണ് പറഞ്ഞത്: “ഞാൻ കൊല്ലത്തെത്തി!..”
“ജോൺസനെ അപ്പൊത്തന്നെ പറഞ്ഞുവിട്ടു കാണും, അല്ലേ?!”
“ഇല്ല” എന്ന് പറഞ്ഞ് തീർക്കും മുമ്പേ സുമ തുടർന്നു. “ശശിയേട്ടാ നമ്മുടെ കല്യാണം കഴിഞ്ഞട്ട് പത്ത് നാൽപ്പത്തെട്ട് വർഷമായെങ്കിലും, അതിനുമെത്രയോ മുമ്പേ തമ്മികണ്ടു വളർന്നവരല്ലേ നമ്മള്. എന്നിട്ടും നിങ്ങളെന്നോട്!?”
ഈ വർത്തമാനമിങ്ങനെ നീണ്ടുപോയാൽ ചിലപ്പോൾ എല്ലാ പ്ലാനുകളും തകിടം മറിയും. സുമയുടെ നെറ്റിയിലെ സിന്ദൂരക്കുറി വിരൽതൊട്ട് മായിച്ച് വീണ്ടും വിജിതയുടെ കോളിനായി കാത്തു. വലിയ താമസമുണ്ടായില്ല ആ വിളി എത്താൻ. പച്ചക്കൊടി കാട്ടി ചെവിയിലേക്ക് വെച്ച് പതുക്കെ ചോദിച്ചു.
“എവിടെത്തി..? എനിക്ക് കാണാൻ കൊതിയായി!..”
അടക്കിപ്പിടിച്ച ശബ്ദത്തിലാണ് വിജിത സംസാരിച്ചത്. “ഞാനെത്താൻ കുറച്ച് കഴിയും. എന്തായാലുമിപ്പോ നമ്മള്തമ്മി കാണാൻ പറ്റില്ലല്ലോ. സാറ് അവാർഡ് സ്വീകരിക്കുമ്പോൾ അടുത്തെന്തായാലും ഞാനുണ്ടാകും തീർച്ച. എത്ര നാളുകൊണ്ട് ആഗ്രഹിക്കുന്നതാണെന്നറിയാമോ സാറിനെ നേരിൽ കാണണമെന്നും... എന്തായാലും ഇനി നീട്ടിക്കൊണ്ടു പോകാൻ വയ്യ! കൂടിപ്പോയാൽ കുറച്ച് മണിക്കൂറുകൾ അതിനപ്പുറം നീണ്ട്പോകില്ല നമ്മുടെ കൂടിക്കാഴ്ച, സത്യം!”
മനുഷ്യച്ചങ്ങല തീർത്ത് നിരന്ന് നിൽക്കുന്നപോലുള്ള ഈ ബോഗികളിലൊന്നിൽ, തന്നെ ഏറെ സ്നേഹിക്കുന്നൊരാൾ കൂടെ ഉണ്ടെന്നതിനാൽ, ഡൽഹിയിലേക്കുള്ള യാത്രയിലുടനീളം മനസ്സ് വളരെ ഉന്മേഷം പൂണ്ടിരുന്നു.
‘‘ചേട്ടനെപ്പോഴും അടുത്ത് കാണും, അതുകൊണ്ട് സാറിനെ ഞാൻ സമയംപോലെ അങ്ങോട്ട് വിളിച്ചോളാം. എന്നെ ഇങ്ങോട്ട് വിളിക്കെണ്ട’’ എന്ന് വിജിത നേരത്തെ പറഞ്ഞിരുന്നതിനാൽ മനസ്സും ശരീരവും തുടിച്ചെങ്കിലും ദാഹമടക്കി ക്ഷമയോടെ വരാനിരിക്കുന്ന ആ നല്ല നിമിഷങ്ങൾക്കായി കാത്തിരുന്നു.
ഗുളികയും ഭക്ഷണവും കഴിക്കേണ്ട കൃത്യസമയങ്ങളിൽ സുമ വിളിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരുന്നപ്പോഴെല്ലാം, കഴിച്ച ഗുളികയോളം ചെറിയ വാക്കുകൾക്കൊപ്പം വിരൽ വേഗം മൊബൈലിലെ ചുവന്ന മുറിവില്‍ അമർത്തിപ്പിടിച്ചു. അടുത്ത നിമിഷം മൊബൈൽ സ്ക്രീനിൽ വിജിതയുടെ പേര് തെളിയുമ്പോൾ ആ മുഖത്ത് മൃദുവായി തലോടിക്കൊണ്ട് ഞാനൊരു പച്ച മനുഷ്യനായി മാറും.
ഇടയ്ക്ക് അപ്രതീക്ഷിതമായി നേരിട്ട ചില യാത്രാ തടസ്സങ്ങൾ കാരണം കുറച്ചു വൈകിയാണ് ട്രെയിൻ ഡൽഹിയിലെത്തിയത്. അവിടെ എന്നെ കാത്തുനിന്ന സുഹൃത്തും വലിയ എഴുത്തുകാരനുമായ കെ.എസ്സിന്റെ കാറിലേക്ക് കയറാൻ തുടങ്ങവേയാണ്... മാഷ് ഉറക്കെ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്: “ഇളവൂരേ… ആരെയും ഒപ്പം കൂട്ടുന്നില്ലാന്ന് പറഞ്ഞിട്ട്!?”
വിജിതയെങ്ങാനുമാണോ പിറകിലെന്ന വിചാരത്തോടെ തിരിഞ്ഞുനോക്കി...
ഒരു നിമിഷം മനസ്സൊന്ന് ഞടുങ്ങി. കാരണം അവിടെ കണ്ടത് സുമയെ ആയിരുന്നു!
എല്ലാം തകർന്നു. എങ്കിലും, മുഖത്ത് അതിശയവും ഉള്ളിൽ അമർഷവുമായി അവളുടെ അടുത്തേക്ക് തിരിഞ്ഞ് പതുക്കെയിങ്ങനെ പറഞ്ഞു;
“നെനക്ക്, എന്നോടൊര് വാക്ക് പറയാമായിരുന്നില്ലേ, അന്ന് ചോദിച്ചപ്പോഴും നീ ‘വരുന്നില്ല’ എന്നല്ലേ പറഞ്ഞത്!?”
“ഇത്രയും വലിയൊര് ചടങ്ങ് മറ്റുള്ളവർമാത്രം കണ്ടാൽ മതിയോ? നിങ്ങടെ സ്വന്തം ഭാര്യയായ എനിക്കും ഇതൊക്കെ കാണണ്ടേ?! അതും നിങ്ങളോടൊപ്പം നിന്ന്.”
ഇത്രയും പറഞ്ഞുകൊണ്ട് സുമ എനിക്കൊപ്പം ചേർന്ന് നടന്നു.
കെ.എസ്സുമായി വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും എന്റെ മനസ്സ് വിജിതക്കായി തുടിക്കുകയായിരുന്നു.
കെ.എസ് കൂടെയുണ്ടായിരുന്നതിനാൽ സുമയോടുള്ള ദേഷ്യം പുറമേ കാണിച്ചില്ല. ഡൽഹിയിലെത്തിയശേഷം ഇതുവരെ വിജിത ഒന്ന് വിളിക്കാത്തതിനാൽ മനസ്സ് ഏറെ വേദനിച്ചു. അവാർഡ് സ്വീകരിക്കുമ്പോഴും, മറുമൊഴി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും സുമ എന്നെ ഉടുമ്പുപോലെ അള്ളിപ്പിടിച്ച് കൂടെതന്നെ ഉണ്ടായിരുന്നു. ഇത്ര വലിയൊര് അവാർഡ് കിട്ടിയിട്ടും ഞാൻ കാമറകൾക്ക് മുന്നിൽ മാത്രം ചിരിവരുത്തി മുന്നോട്ടു നടക്കുമ്പോഴും മനസ്സും ശരീരവും വിജിതക്കായി ചുറ്റാകെ പരതുകയായിരുന്നു. എന്റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണുന്നതിനായി, അവളുടെ മനോഹരമായ ശബ്ദമെങ്കിലുമൊന്ന് കേൾക്കാനായി.
പെട്ടെന്നാണ് എന്റെ മുഖത്തേക്ക് നോക്കി സുമയിങ്ങനെ പറഞ്ഞത്;
“ഇത്രേം വല്ല്യെര് അവാർഡ് വേടിച്ചിട്ടും നിങ്ങടെ മൊകത്തൊര് സന്തോഷമില്ലല്ലോ മനുഷ്യാ!? നിങ്ങളിവിടെ വന്നിറങ്ങിയത് മൊതല് ഞാൻ ശ്രദ്ധിക്കുവാരുന്ന്. നിങ്ങള് ആരെയോ തെരയുന്നത് പോലെ!.. നിങ്ങക്ക്… ഏറെ പ്രിയപ്പെട്ടവരാരെങ്കിലും വരാമെന്ന് പറഞ്ഞിരുന്നോ?..”
അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ മുഖമൊന്നു കുനിഞ്ഞു. ഒപ്പം മനവും ഇടറി.
“...ഇല്ല!”
“ദേ… എന്റെ മൊകത്തേയ്ക്ക് നോക്ക്. എനിക്കറിയാം, നിങ്ങൾക്കൊര് കാമുകിയുണ്ടെന്നും! അവളുടെ പേര് വിജിത എന്നാണെന്നും!”
എന്റെ ശിരസ്സിലേക്ക് പെട്ടെന്നെന്തോ വലിയ ഭാരം വന്നു പതിച്ചത് പോലെ... കുറച്ചുനേരം ഒന്നും ശബ്ദിക്കാൻ കഴിഞ്ഞില്ല. അടുത്ത നിമിഷം എന്തെങ്കിലും പറഞ്ഞൊഴിയാം എന്ന് കരുതിയപ്പോഴേക്കും അവൾ തുടർന്നു.
“വേണ്ട, വേണ്ട. ഇത്ര പെട്ടെന്നൊര് കഥയുണ്ടാക്കാൻ നിങ്ങളെക്കൊണ്ടിപ്പോഴും വല്ല്യ പാടാ! പിന്നെ… നിങ്ങടെ വിജിതയുണ്ടല്ലോ? അത് മറ്റാരുമല്ല, ഈ ഞാനാ! കാലം പുരോഗമിച്ച് മാഷേ… സ്വന്തം ശബ്ദം വേറൊര് ആണിന്റെയോ പെണ്ണിന്റെയോ ശബ്ദമാക്കി പറയുന്ന ആപ്പുകളൊക്കെ ഇപ്പോൾ മൊബൈലിൽ ധാരാളമുണ്ട്!”
സുമയുടെ വാക്കുകൾ ഇടിമുഴക്കത്തോടെ ഉള്ളിലേക്ക് തുളച്ചുകയറി.

* * *
കാറിൽ എന്റെ കൈപിടിച്ച് സുമ ചേർന്നിരിക്കവേ ഞാൻ കാണാതെയെന്നോണം അവൾ തന്റെ ടച്ച് മൊബൈലെടുത്ത് ‘ഇളവൂർ ശശി’ എന്ന കോളടയാളത്തിലേക്ക് വിരൽ തൊടുന്നത് എന്റെ അവാർഡ് ഫലകത്തിൽ പ്രതിഫലിക്കുന്ന കാര്യം സുമ അറിഞ്ഞിരുന്നില്ല.
മധുരമുള്ള ആ ശബ്ദം കേൾക്കാനായി വീണ്ടും മനസ്സ് പിടഞ്ഞു.
സുമ കാണാത്ത എന്റെ ഉള്ളിലെ മൊബൈലിൽ ഇപ്പോൾ ‘കൊച്ച്’ എന്ന പേര് തെളിഞ്ഞിട്ടുണ്ടാകും!..
മനസ്സിൽനിന്നും ഒരു ചിരി മുഖത്തേക്കൊഴുകി.
“നമുക്ക് പ്രിയപ്പെട്ടവർ ഏത് ശബ്ദത്തിൽ സംസാരിച്ചാൽ പോലും അവരുടെ വാക്കുകൾക്കിടയിലെ വെറും വിടവുകൾ മാത്രം മതിയാകില്ലെ നമുക്ക് അവരെ തിരിച്ചറിയാൻ!’’
ഉള്ളംകയ്യിലെ നെല്ലിക്ക തിന്നശേഷം കുടിക്കുന്ന വെള്ളത്തിന്റെ രുചിയോടെ ‘സുമ’ അപ്പോഴും രോമാവൃതമായ എന്റെ നെഞ്ചിൽ ഉറക്കം നടിച്ച് ഉമ്മവെച്ച് കിടക്കുകയായിരുന്നു!..