Begin typing your search above and press return to search.

രാഖി

രാഖി
cancel

മൂന്ന് പതിറ്റാണ്ടായി പതിവില്ലാത്തതാണ്!! രാത്രി എട്ടരക്ക് കടയടച്ച് വരാറുള്ള താരിഖ് ശൈഖ് പതിവില്ലാതെ വൈകിട്ട് അഞ്ചരയോടെ ഫ്ലാറ്റിലെത്തിയത് ഭാര്യ മർയമിൽ ആശ്ചര്യമുണ്ടാക്കി. ദക്ഷിണ മുംബൈയിലെ ക്രോഫോർഡ് മാർക്കറ്റിൽ ബാഗുകളുടെ കട താരിഖ് ഏറ്റെടുത്തിട്ട് മുപ്പതിലേറെ വർഷമായി. അന്ന് തൊട്ടുള്ള ശീലമാണ്, രാവിലെ പത്തരക്ക് വീട്ടിൽനിന്നിറങ്ങിയാൽ രാത്രി എട്ടരക്കേ തിരിച്ചുവരുകയുള്ളൂ.ആ പതിവ് ആദ്യമായി തെറ്റുകയാണ്. താരിഖ് വല്ലാതെ വിയർക്കുന്നു. ഇടക്കിടെ ഇടതു കൈ നീട്ടി കുടയുന്നു. വന്നയുടൻ സോഫയിലേക്ക് ചാരി ഇരുന്നതാണ്. വന്നാലുടൻ വസ്ത്രം മാറി ബാത്റൂമിലേക്ക് പോകുന്നതാണ് പതിവ്. കുളികഴിഞ്ഞു വന്നാലേ ചായകുടിക്കൂ....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

മൂന്ന് പതിറ്റാണ്ടായി പതിവില്ലാത്തതാണ്!! രാത്രി എട്ടരക്ക് കടയടച്ച് വരാറുള്ള താരിഖ് ശൈഖ് പതിവില്ലാതെ വൈകിട്ട് അഞ്ചരയോടെ ഫ്ലാറ്റിലെത്തിയത് ഭാര്യ മർയമിൽ ആശ്ചര്യമുണ്ടാക്കി. ദക്ഷിണ മുംബൈയിലെ ക്രോഫോർഡ് മാർക്കറ്റിൽ ബാഗുകളുടെ കട താരിഖ് ഏറ്റെടുത്തിട്ട് മുപ്പതിലേറെ വർഷമായി. അന്ന് തൊട്ടുള്ള ശീലമാണ്, രാവിലെ പത്തരക്ക് വീട്ടിൽനിന്നിറങ്ങിയാൽ രാത്രി എട്ടരക്കേ തിരിച്ചുവരുകയുള്ളൂ.

ആ പതിവ് ആദ്യമായി തെറ്റുകയാണ്. താരിഖ് വല്ലാതെ വിയർക്കുന്നു. ഇടക്കിടെ ഇടതു കൈ നീട്ടി കുടയുന്നു. വന്നയുടൻ സോഫയിലേക്ക് ചാരി ഇരുന്നതാണ്. വന്നാലുടൻ വസ്ത്രം മാറി ബാത്റൂമിലേക്ക് പോകുന്നതാണ് പതിവ്. കുളികഴിഞ്ഞു വന്നാലേ ചായകുടിക്കൂ. പതിവുകൾ എല്ലാം തെറ്റുന്നു. എന്തുപറ്റിയെന്ന ആധിയായി അവൾക്ക്. നീട്ടിയ ഗ്ലാസിലെ വെള്ളം ഒറ്റവലിക്ക് അയാൾ കുടിച്ചുതീർത്തു. ഒന്നും പറയുന്നില്ല. എങ്കിലും എന്തൊക്കെയോ പിറുപിറുക്കുന്നതായി തോന്നി.

എന്തുപറ്റിയെന്ന് അവൾ ചോദിച്ചുകൊണ്ടിരുന്നു. മറുപടിയില്ല. അയാളുടെ കണ്ണുകൾ അവളിൽ തറച്ചുനിന്നു. നെഞ്ചിൽ കൈയമർത്തി അല്ലാഹ് എന്നയാൾ മന്ത്രിച്ചു. അത് കേട്ടതും അവൾ ആശുപത്രിയിലേക്ക് വിളിച്ചു. ആംബുലൻസും ഡോക്ടറും ഇപ്പോളിങ്ങെത്തും. പേടിക്കേണ്ടെന്ന് അവൾ വിറയലടക്കി പറഞ്ഞു. ശരീരത്തെ കുത്തിനോവിച്ച് ജീവൻ പുറത്തുകടക്കാൻ ശ്രമിക്കുകയാണെന്ന് അയാൾക്ക് തോന്നി. നെഞ്ചിനകത്താരോ ആഞ്ഞുകുത്തുന്നു...

ജീവിതം അവസാനിക്കുകയാണെന്ന് അയാൾ വിശ്വസിച്ചു. മർയമിന്റെ മടിയിൽ തലവെച്ച് അയാൾ അവളെതന്നെ നോക്കാൻ ശ്രമിച്ചു. കണ്ണുകൾ വഴങ്ങുന്നില്ല. താരിഖിന്റെ കൃഷ്ണമണികൾ പിന്നോട്ടു മറിയാൻ ശ്രമിക്കുന്നതായി അവൾ പേടിച്ചു. ദൈവത്തെ വിളിച്ച് അവൾ കരഞ്ഞു. താരിഖിന്റെ നെഞ്ചിലും നെറ്റിയിലും അവൾ തടവിക്കൊണ്ടേയിരുന്നു. ആംബുലൻസിന്റെ സൈറണു വേണ്ടി കാതോർത്തു. വിദൂരത്തുനിന്നുപോലും ആ ശബ്ദം അവൾക്ക് കേൾക്കാനായില്ല. കാതിൽ ശബ്ദങ്ങളെല്ലാം കെട്ടടങ്ങി. കാഴ്ച പതിയെ മങ്ങി മങ്ങി ഇരുട്ടായി. അസഹ്യമായ വേദനയാൽ താരിഖ് ബോധത്തിൽനിന്നും മാഞ്ഞു. കോളിങ് ബെല്ല് കേട്ടതും താരിഖിനെ സോഫയിൽ കിടത്തി അവൾ വാതിൽക്കലേക്ക് ഓടി.

തടിച്ചൊരാൾ സ്‌ട്രെച്ചറുമായി വാതിൽക്കൽ നിൽക്കുന്നു. ആംബുലൻസിന്റെ ഡ്രൈവറാണ്. കുപ്പായ കീശക്ക് മുകളിൽ ചേതൻ ഖരെ എന്ന് പേര് വർണനൂലിനാൽ തുന്നിവെച്ചിരിക്കുന്നു. ഡോക്ടറോ മറ്റ് സഹായികളോ ഒപ്പമില്ല. അപകടം മണത്ത് അയൽക്കാർ സഹായത്തിനെത്തിയത് അവൾക്ക് അൽപമെങ്കിലും ആശ്വാസമായി. തിരക്കേറിയ നഗരവീഥിയിലൂടെ സൈറൺ മുഴക്കി ആംബുലൻസ് സെന്റ് ജോർജ് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. നിരത്തിലെ തിരക്കിൽ മറ്റ് വാഹനങ്ങൾ പോലെയാണ് ആംബുലൻസിന്റെയും പോക്ക്. സൈറൺ മുഴങ്ങുന്നുണ്ടെന്നേയുള്ളൂ. അവളുടെ ആധി പെരുകി. താരിഖ് ബോധമറ്റ് കിടക്കുന്നത് അവൾക്ക് സഹിക്കാനാകുന്നില്ല. ഉടനെ എത്തിയില്ലെങ്കിൽ പ്രാണനാഥനെ രക്ഷിക്കാനാകില്ലെന്ന് അവൾ പേടിച്ചു.

ചില്ലുകൾക്കിടയിലൂടെ അവൾ നിരത്തിലേക്ക് നോക്കി. ആൾത്തിരക്കും വാഹന നിരയും... അതിനിടയിൽ കൂടുതൽ തടസ്സമായി ഉന്തുവണ്ടികൾ!!അവളുടെ ഹൃദയമിടിപ്പ് കനത്തു. യാ അല്ലാഹ് എന്നവൾ പലവുരു വിളിച്ചു. സൈറൺ കേട്ടിട്ടും ദയയില്ലാതെ മുമ്പേ കുതിച്ചുപായാൻ ആർത്തിപൂണ്ടു നിൽക്കുന്നവരോട് അവൾക്ക് അരിശംവന്നു. പ്ലീസ് ഭായ് !!! പെട്ടെന്ന് എത്തിക്കൂ എന്നവൾ ഡ്രൈവർ ചേതൻ ഖരെയോട് കേണു. നിരത്തിലെ തിരക്ക് കാണുന്നില്ലേ എന്ന മറുപടിയിൽ അവൾ തകർന്നു. അയാൾ കൂസലില്ലാതെ ഇടതുകൈയിൽ തമ്പാക്കു ചുണ്ണാമ്പ് കൂട്ടി ഞെരിച്ചശേഷം അത് നുള്ളിയെടുത്ത് ചുണ്ടിനുള്ളിൽ തിരുകി.

അപ്പോഴാണ് അയാളുടെ കൈയിലെ കാവിച്ചരട് അവളുടെ കണ്ണിലുടക്കിയത്. അവൾ അയാളെ ആകെയൊന്ന് നോക്കി. പിന്നിലെ കുടുമ ഒഴികെ തലയിൽ മുടിയില്ല. അവന്റെ അച്ഛനോ അമ്മയോ മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞതിന്റെ അടയാളം. എന്നിട്ടും അവനെന്തേ ആംബുലൻസിലെ ജീവൻ രക്ഷിക്കാൻ തിടുക്കം കാട്ടാത്തതെന്ന് മർയം അമ്പരന്നു. കിട്ടിയ സൈഡുകളിലൂടെ വാഹനം തിരുകിക്കയറ്റി കൊണ്ടുപോകൂ എന്ന് അവൾ കേണു. ചേതൻ അതൊന്നും ശ്രദ്ധിച്ചതേയില്ല. അവന്റെ മുഖം വലിഞ്ഞുമുറുകുന്നതായി അവൾക്ക് തോന്നി.

കലാപ നാളുകളിൽ വാളുകളും തീപ്പന്തങ്ങളുമായി ഉയർന്ന കൈകളിലെ ചരടുകൾ അവളുടെ ഓർമകളിൽ ഞെട്ടലോടെ തെളിഞ്ഞു. കലിതുള്ളിയ ജനക്കൂട്ടത്തിന്റെ ആക്രോശം കാതിൽ വീണ്ടും മുഴങ്ങി. ഉടുതുണിയില്ലാതെ ഓർമയിലേക്ക് ഊർന്നുവീണപ്പോൾ അനുഭവിച്ച അന്നത്തെ ആ വേദന അവളുടെ ശരീരത്തിലൂടെ പിന്നെയും മിന്നിപ്പാഞ്ഞു...ജീവിതം തട്ടിയെടുക്കാൻ കരിംഭൂതം വീണ്ടും മുന്നിൽ വന്നുനിൽക്കുന്നതുപോലെ... രാക്ഷസമുഖമായ് ചേതൻ ഖരെയുടെ മുറുകുന്ന മുഖം രൂപം മാറുന്നതായി അവൾക്കു തോന്നി. മരണത്തിലേക്ക് വഴുതിനിൽക്കുന്ന തന്റെ പ്രാണനാഥനെ രക്ഷിക്കാനാവില്ലെന്ന് അവൾ സ്വയം വിധിയെഴുതി. ആംബുലൻസ് സിഗ്നലിൽ കുടുങ്ങിയ വാഹനങ്ങൾക്കു പിന്നിലാണ്. ഇനി രണ്ട് സിഗ്നൽ കൂടി കടന്നുവേണം മെഡിക്കൽ കോളജിൽ എത്താൻ. സി.എസ്.ടി റെയിൽവേ സ്റ്റേഷനടുത്തുള്ള സിഗ്നലിൽ നല്ല തിരക്കായിരിക്കും.

അവൾ വീണ്ടും യാചനാഭാവത്തോടെ ഡ്രൈവറെ നോക്കി. അയാൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുകയാണ്. ഭാര്യയോ കാമുകിയോ ആണെന്ന് അവൾക്കു തോന്നി. തനിക്കുവേണ്ട രാത്രിഭക്ഷണത്തെക്കുറിച്ചാണ് അയാൾ പറയുന്നത്. ഏതോ പഞ്ചാബി ഹോട്ടലിൽനിന്ന് കഴിച്ച ഇഞ്ചിയും ബട്ടറും ചേർത്ത നാൻ റൊട്ടിയും പനീർ ടിക്ക മസാലയുമാണ് അയാൾക്ക് വേണ്ടത്. അതയാൾ ഫോണിൽ വിവരിച്ചുകൊടുക്കുന്നു. പനീർ ടിക്കാ മസാലക്ക് നല്ല എരിവു വേണം എന്നയാൾ പറയുമ്പോഴും തലക്കലുള്ള ആൾക്ക് അത് മനസ്സിലാകുന്നില്ലെന്ന് തോന്നുന്നു. അയാൾ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. പിന്നെ യൂട്യൂബിൽ തപ്പി അതിന്റെ പാചകം അയാൾ കണ്ടെത്തി. അതിന്റെ ലിങ്ക് അയച്ചുകൊടുത്ത് നോക്കി പഠിക്കാൻ പറയുന്നു.

ആംബുലൻസ് സിഗ്നലിൽനിന്നും അനങ്ങിയിട്ടില്ല. ആംബുലൻസാണ് താൻ ഓടിക്കുന്നതെന്നും മരണവക്കിലെത്തിയ മനുഷ്യനാണ് അതിലുള്ളതെന്നും യാതൊരു ബോധവും അയാൾക്കില്ലെന്ന് മർയമിന് സങ്കടംതോന്നി. അവൾ താരീഖിനെ നോക്കി. അയാൾ കണ്ണ് തുറന്നിരിക്കുന്നു. എന്നാൽ അത് പതിവു നോട്ടമല്ല. പൂതിതീരെ തന്നെ കാണുകയാണെന്ന് അവൾക്കു തോന്നി. ഭയ്യാ!!! അവൾ അലറിവിളിച്ചു. തിരിഞ്ഞു നോക്കിയ ചേതൻ പിന്നെ വണ്ടി കിട്ടിയ ഒഴിവുകളിൽ തിരുകി കയറ്റി മുന്നോട്ട്... താരീഖിന്റെ കണ്ണുകൾ വീണ്ടും പിന്നോട്ട് മറിഞ്ഞു. ഭൂമിയിലേക്ക് ആണ്ടുപോകുന്നതുപോലെ അവൾക്കു തോന്നി. ആംബുലൻസ് സഡൻ ​േബ്രക്കിട്ടപ്പോഴാണ് മെഡിക്കൽ കോളജിൽ എത്തിയെന്ന് അറിഞ്ഞത്. കാഷ്വാലിറ്റിക്ക് മുമ്പിൽ മർയം തളർന്നിരുന്നു. ഒരു കിണർവറ്റിക്കാനുള്ള ദാഹമുണ്ടവൾക്ക്. ആംബുലൻസ് ഒരരികിലേക്ക് മാറ്റിനിർത്തി ചേതൻ ഇറങ്ങി​േപ്പാകുന്നത് മർയം കണ്ടു. അവന്റെ ഉരുണ്ട കണ്ണുകളിൽ അവളുടെ കണ്ണുകൾ ഉടക്കി. പെട്ടെന്നവൾ കണ്ണടച്ചു.

അവന്റെ നോട്ടം രൂക്ഷമാണെന്നും മുഖമിപ്പോഴും വരിഞ്ഞുമുറുകിതന്നെയാണെന്നും അവൾക്ക് തോന്നി. താരീഖ് മടങ്ങി വന്നില്ലെങ്കിൽ അവനു മുന്നിൽ ജീവനൊടുക്കണമെന്ന് അവൾ തീർച്ചയാക്കി. സങ്കടവും ദേഷ്യവും ഒരുപോലെ അവളുടെ ഉള്ളിൽ നുരഞ്ഞുപൊങ്ങി. ചേതൻ കാഷ്വാലിറ്റിക്കു മുന്നിലേക്ക് നടന്നുവരുന്നത് അവൾ കണ്ടു. മുഖത്ത് മാറ്റമൊന്നുമില്ല. നോട്ടത്തിലും. അവൻ നടന്നടുക്കുന്തോറും അവളുടെ ഹൃദയമിടിപ്പ് പെരുകി. പർദയിൽ അവൾ വിയർത്തു നനഞ്ഞു. അവൻ അരികിലെത്തും നേരത്താണ് ഡ്യൂട്ടി ഡോക്ടർ താരീഖ് ശൈഖിന്റെ ആരാണുള്ളതെന്ന് വിളിച്ചു ചോദിച്ചത്. അവൾ നെഞ്ചിടിപ്പോടെ ഡോക്ടറുടെ ചുണ്ടുകളിലേക്ക് നോക്കി നിന്നു. കാലുകൾ ഉറച്ചുനിൽക്കുന്നില്ലെന്ന് അവൾക്ക് തോന്നി. അപകടനില തരണംചെയ്തിരിക്കുന്നു എന്ന ഡോക്ടറുടെ വാക്കുകൾ പനിനീർ മഴയായി അവളെ നനച്ചു. ആ നനവിൽ അവളും ജീവിതത്തിലേക്കുണർന്നു.

*അരെ ദേവ!! തു ത്യാല ആശിർവാദ് ദിലാസ് –ഡോക്ടറുടെ വാക്കുകൾ കേട്ടതും ആകാശത്തേക്ക് നോക്കി നെഞ്ചിൽ കൈചേർത്ത് ചേതൻ ഖരെ മന്ത്രിച്ചു. അത് അവൾ കേട്ടു!!! കണ്ടു!!! അവന്റെ മുഖത്തെ വലിഞ്ഞുമുറുക്കം മാഞ്ഞിരിക്കുന്നു. നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു. അവളിലത് ഇരട്ടി ആശ്വാസമേകി.

** ബഹിൺ, പാണി പ്യാ -അവൻ നീട്ടിയ വെള്ളത്തിന്റെ ബോട്ടിൽ മർയം വാങ്ങി. വറ്റിവരണ്ട അവളുടെ തൊണ്ടയിലൂടെ ഒരു തണുപ്പ് ശരീരമാകെ ഇരച്ചുപാഞ്ഞു.ഭായ്, നിന്റെ ആരാണ് മരിച്ചതെന്ന് ചോദിക്കും മുമ്പേ തലയിലെ കുടുമയും ഇളക്കി അവൻ നടന്നകന്നു.

----------

*ദൈവമേ, നീ അദ്ദേഹത്തെ കാത്തു...

** സഹോദരി, വെള്ളം കുടിക്കൂ...

News Summary - Malayalam story