ജീവിതം എന്ന സർക്കസ്


ചിഞ്ചുമോള്‍ ഇന്ന് അഞ്ചു മിനിറ്റ് നേരത്തേയാണ്. ആരോമലെത്തി നാലോ അഞ്ചോ മിനിറ്റുകള്‍ കഴിഞ്ഞാണ് സാധാരണയായി ചിഞ്ചുമോളുടെ വരവ്. വസന്തയില്‍ പെട്ടെന്നൊരുൾത്തുടിപ്പ് ചിറകടിച്ചു. പതിവില്ലാതെ കിട്ടിയ അഞ്ചു മിനിറ്റ് ലാഭത്തില്‍ തോന്നിയ ആവേശത്തില്‍ അവള് കാല്‍വിരലുകള്‍ ചെരിപ്പിലൂന്നി ബസിലെ പുതിയ കിളി തുറന്നുപിടിച്ച വാതിലിനു താഴെ പെട്ടെന്ന് രൂപപ്പെട്ട ആള്‍ക്കൂട്ടത്തിലേക്ക് കുതിച്ചു. ജീവിതത്തെ മുന്നോട്ടു നടത്തുന്നത് പ്രതീക്ഷിക്കാത്ത ഇത്തരം ലാഭങ്ങളാണെന്ന്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ചിഞ്ചുമോള്‍ ഇന്ന് അഞ്ചു മിനിറ്റ് നേരത്തേയാണ്. ആരോമലെത്തി നാലോ അഞ്ചോ മിനിറ്റുകള്‍ കഴിഞ്ഞാണ് സാധാരണയായി ചിഞ്ചുമോളുടെ വരവ്. വസന്തയില്‍ പെട്ടെന്നൊരുൾത്തുടിപ്പ് ചിറകടിച്ചു. പതിവില്ലാതെ കിട്ടിയ അഞ്ചു മിനിറ്റ് ലാഭത്തില്‍ തോന്നിയ ആവേശത്തില്‍ അവള് കാല്‍വിരലുകള്‍ ചെരിപ്പിലൂന്നി ബസിലെ പുതിയ കിളി തുറന്നുപിടിച്ച വാതിലിനു താഴെ പെട്ടെന്ന് രൂപപ്പെട്ട ആള്‍ക്കൂട്ടത്തിലേക്ക് കുതിച്ചു. ജീവിതത്തെ മുന്നോട്ടു നടത്തുന്നത് പ്രതീക്ഷിക്കാത്ത ഇത്തരം ലാഭങ്ങളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ബസിലേക്ക് കയറുന്നതിനിടയില്‍ തോള്‍സഞ്ചിയില്‍ കുടയുണ്ടെന്നുറപ്പുവരുത്തി. മഴ വരുന്നത് യാതൊരു മുന്നറിയിപ്പുമി ല്ലാതെയാണ്. മുടിയില്‍ ഉണങ്ങാതെ പറ്റിനിന്ന ഗോദറേജ് ഡൈയുടെ മണം വസന്ത ബസില്‍ കയറുന്ന തിടുക്കത്തിലും മൂക്കിലേക്ക് ആവോളം വലിച്ചു കയറ്റി. ഇടക്കിടെ ആ മണം മൂക്കിലേക്ക് നുഴഞ്ഞ് കയറിയില്ലെങ്കില്‍ ഒരസ്ക്യതയാണ്. ഇരുപതാം വയസ്സിലേ തുടങ്ങിയ ശീലമാണ്. നര കയറാന്‍ തുടങ്ങിയ ആട്ടക്കാരിയെ മുകളില്‍ കണ്ടാല്‍ താഴെ കാണികളുടെ മുഖം തെളിയില്ല. സത്യന് ആദ്യമായി തന്റെ ശരീരത്തില്‍ തൊട്ടത് മുടിയിലൂടെ കൈ ഓടിച്ചും ഇതേ ഡൈയുടെ മണം മൂക്കിലേക്കു ആവോളം വലിച്ചുകേറ്റിയുമാണ്. ജീവിതത്തില്‍ വല്ലാതെ പതറിപ്പോവുകയും കോരിത്തരിക്കുകയുംചെയ്ത നിമിഷങ്ങള്‍.
‘‘അപ്പോ മുടിയിലെ ഈ കറപ്പ് സ്വന്തോല്ലല്ലേ, വ്യാജനാന്ന്. ഇതുപോലെ ഒരീസം നീയും അങ്ങന്യായാലോ” തന്റെ മനസ്സ് ചിതറിച്ച വാക്കുകള്‍. ട്രപ്പീസില്‍ ഐറ്റം കഴിഞ്ഞ് തിടുക്കത്തില്‍ മുറിയിലേക്ക് നടക്കുന്നതിനിടയില്‍ ചുറ്റും ആരുമില്ലാത്ത ഒരു സന്ദര്‍ഭം. മുടിയിലെ ഡൈയുടെ മിനുപ്പും നിറവും കെട്ടുപോയിരുന്നു. സാധാരണ വളരെ നേരത്തേ ഡൈ തേച്ച് ഉണക്കി മൂർധാവില്‍ കോതി കെട്ടാറാണ് പതിവ്. ക്ഷീണം തോന്നിയതിനാല്‍ അന്നൊരുപാട് ഉറങ്ങിപ്പോയതാണ്. അവിചാരിതമായാണ് ആള് എങ്ങുനിന്നോ പെട്ടെന്ന് മുന്നില്‍ ചാടിവീണത്. തലയടക്കം പൂണ്ടുപിടിച്ച് കളിയില്‍ ചിതറിപ്പോയ മുടിയിഴകളിലൂടെ വിരലുകളോടിച്ച് അയാള്‍ പറഞ്ഞപ്പോള്‍ കിട്ടുന്നത്ര നേരം ആ നെഞ്ചില്‍ ഒട്ടിക്കിടക്കാനല്ലാതെ മറ്റൊന്നും തോന്നിയില്ല.
ട്രപ്പീസില്‍ വായു തുരന്ന് കുതിക്കുന്നേരം ഏതു മൂലയില്‍ എന്ത് ഐറ്റത്തിലായാലും സത്യന്റെ കണ്ണുകള്‍ തന്റെ മേലായിരിക്കുമെന്നറിയാം. മരണക്കിണറില്‍ ജീവന്‍വെച്ച് മുരളുന്ന മോട്ടോര്‍ സൈക്കിളിന് മുകളിലായാല്പ്പോലും അതങ്ങനെതന്നെ.
“മോത്ത് കാ കുവ.”
ആദ്യമൊന്നും അതിനര്‍ഥം തനിക്കു മനസ്സിലാവാറില്ല. ഹിന്ദി അത്രക്കങ്ങ് പിടികിട്ടാറില്ല. നാട്ടില്‍ എട്ടും ഒമ്പതും ക്ലാസുവരെ ഹിന്ദി പഠിച്ച കൂടെയുള്ള പലരും ആ ഭാഷ നന്നായി കൈകാര്യംചെയ്യുമ്പോള്‍ ഈ മൂന്നാം ക്ലാസുകാരി പതറിനില്ക്കുകയേ ഉള്ളൂ. സത്യന് ആള് ഒരൊന്നൊന്നര തമാശക്കാരനാണ്. പൂര്‍ത്തിയാക്കിയില്ലെങ്കിലും പത്താം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. ഇപ്പൊഴും തുടരുന്ന വായനയുമുണ്ട്. തന്നെ ഒന്നമ്പരപ്പിച്ച ശേഷം മാത്രമേ പലതിന്റെയും അർഥം പറഞ്ഞുതരാറുള്ളൂ. മോത് എന്നാല്‍ മരണം. കുവ കിണര്‍.
ഇടക്കിടെ ചൂണ്ടുവിരല്‍ തന്റെ നേര്‍ക്ക് വിറപ്പിച്ച് മുഖം കടുപ്പിച്ച് പറയും,
“ഓര്മ വെച്ചോ. സര്ക്കസ്സെന്നാല് മരണാന്ന് മരണം...”
പിന്നെയുമുണ്ട് ഓര്മപ്പെടുത്തലുകള്.
‘‘ഗിര്‍ഗയാ തോ മോത്ത്. കര്ഗയാ തോ കസ്രത്ത്.’’
മുഖം കടുപ്പിക്കുന്ന തന്നെ നോക്കി പിന്നെ പൊട്ടി പൊട്ടി ചിരിയാണ്.
“വീണാല്‍ മരണം. ചെയ്താല്‍ വ്യായാമം ന്ന് പച്ച മലയാളത്തില്‍. സർക്കസ്സില്‍ കേറിയപ്പോ മുതല്‍ കേക്കുന്ന ഉപദേശാ. വീണ് ചുക്കിച്ചുളിഞ്ഞു ഭൂമിയില്‍ തന്നെ തീരണോ അതോ ജീവിതം മുഴുവന്‍ കസര്‍ത്ത് കാട്ടി ജീവിച്ച് തീര്‍ക്കണോ. നീ പേടിക്ക്വൊന്നും വേണ്ടടോ. ട്രപ്പീസല്ലേ ഐറ്റം. വളരെ സൂക്ഷിച്ച് കളിച്ചാ മതി. നല്ല മനക്കട്ടി വേണം. കൈകൊണ്ട് ബാറുമ്മ മുറുക്കിയങ്ങനെ പിടിച്ചോളണം. പിന്ന മനസ്സെപ്പളും കണ്ണിലാവണം. കണ്ണ് മനസ്സിലും.”
കാച്ചറും ആട്ടക്കാരിയുമായ തന്റെ ആട്ടം കണ്ടാല്‍ ഹനുമാന് മലയും പറിച്ച് വായുവിലൂടെ തുഴയുന്നതായാണ് തോന്നുക എന്നാണ് പറയാറ്. അന്നേരം സത്യന്റെ നെഞ്ചിന്‍കൂട് തന്റെ കയ്യിലാണത്രെ. ട്രപ്പീസില്നിന്നിറങ്ങും വരെ അതെങ്ങാനും താഴേക്കിടുമോ എന്ന ടെന്‍ഷനാണ് മൂപ്പര്‍ക്ക്. തുള്ളിത്തുള്ളി നടക്കുകയും കിലുങ്ങി കിലുങ്ങി വര്‍ത്തമാനം പറയുകയും ചെയ്യുന്ന തനിക്കെങ്ങനെ ട്രപ്പീസില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നുവെന്നാണ് അതിശയപ്പെടുക. ഉള്ളില്‍ മനം നിറയാറുള്ള നിമിഷങ്ങള്‍. ജീവിതമെന്നാല്‍ ഇതൊക്കെയാണെന്നുറപ്പിച്ച് മുന്നോട്ടു നീങ്ങിയ ഒരു പൊട്ടിപ്പെണ്ണ്. പ്രായവും അതാണല്ലോ.
ഇന്ന് ചിഞ്ചുമോളുടെ കിളി പുതുക്കക്കാരനായ പയ്യനാണെന്നു തോന്നുന്നു. പേരത്ര പിടിയില്ല. രാകേഷോ രമേഷോ മറ്റോ ആണ്. ഏതൊക്കെയോ കോണുകളിലൂടെ നോക്കിയാല്‍ സത്യന്റെ ഒരിളം പതിപ്പായി തോന്നും. അതുകൊണ്ടുതന്നെ ആളറിയാതെ ഇടക്കൊക്കെ തനിക്കൊരൊളിഞ്ഞു നോട്ടവുമുണ്ട്. സത്യനെപ്പോലെത്തന്നെ എന്നും മുഖത്തൊട്ടിച്ച ചിരിയുണ്ടാവും. ചിഞ്ചുമോള്‍ ഒരല്പം നേരത്തേ എത്തിയതു മാത്രമാണോ താന്‍ പതിവുള്ള ആരോമലിനെ വിട്ട് അങ്ങോട്ടേക്ക് കുതിക്കാനുള്ള കാരണം? ബസിലേക്കുള്ള കയറ്റത്തിനിടയില്‍ എന്തൊക്കെയാണ് മനസ്സില്‍ ചിന്തിച്ചതെന്നോര്ത്തതും വസന്ത അറിയാതെ സ്വന്തം ഉള്ളിലേക്ക് നോക്കിപ്പോയി.
അവിടെ താന്‍ രാവിലെ ജോലിക്കിറങ്ങും മുന്‍പ് ഡോക്ടറുടെ നിര്‍ദേശത്തില്‍ കൊടുത്ത ഗുളികയുടെ ബലത്തില്‍ തളര്‍ന്നുകിടക്കുന്ന പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത സത്യന്റെ ദയനീയമായ മുഖമുണ്ട്. സര്‍ക്കസ് വിട്ടശേഷവും ഓടിപ്പിടഞ്ഞു പണിയെടുക്കുന്ന തന്റെ ബാങ്ക് ബാലന്‍സില്‍നിന്ന് കൊത്തിപ്പറിക്കാന്‍ നിൽക്കുന്ന മക്കളുടെ കുറുക്കന് കണ്ണുകളുണ്ട്. ഉള്ളില്‍നിന്ന് കണ്ണുകള്‍ പുറത്തെടുത്തപ്പോള്‍ തന്നെപ്പോലെ ഒരു പ്രാരബ്ധത്തില്നിന്ന് മറ്റൊന്നിലേക്ക് തുഴഞ്ഞു നീങ്ങുന്ന ഇരമ്പിയാര്‍ക്കുന്ന ജനക്കൂട്ടത്തെ കണ്ടു. ബൈക്ക് പോട്ടെ, ഒരു മെലിഞ്ഞ സ്കൂട്ടറെങ്കിലും വാങ്ങിയിടാനുള്ള കരുതല്‍ സത്യന് കാണിച്ചിരുന്നെങ്കില്‍? വീട്ടുജോലിയെടുത്തോ കടയിലെ എടുത്തുകൊടുപ്പുകാരിയായോ അന്നന്നത്തേക്കുള്ള അന്നം താന്‍ തേടിക്കൊടുത്തേനെ. ജോലിസ്ഥലത്തേക്കും തിരിച്ച് വീട്ടിലേക്കും സത്യന്റെ പിറകില്‍ അരക്കെട്ടിലൂടെ കൈചുറ്റിയിരുന്നുള്ള യാത്ര ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം തകര്‍ത്തത് സത്യന് ഒറ്റൊരാള് മാത്രമാണ്. അതു മാത്രമല്ല തന്റെ മറ്റ് പല കൊച്ചു സ്വപ്നങ്ങളും.
“ഏച്ചി വേം വേം” എന്നു പറഞ്ഞ് തിരക്ക് കൂട്ടിക്കൊണ്ട് തുറന്നുപിടിച്ച വാതിൽക്കൽ പയ്യനുണ്ട്. ബസിലേക്കോടുന്നവരുടെ ഇടയിലൂടെ വെട്ടിയും തിരിഞ്ഞും സ്കൂട്ടറില്‍ കുതിക്കുന്ന ഇണകളെ അസൂയയോടെ നോക്കി നിറയുന്ന കണ്ണുകൾ സാരിത്തലപ്പുകൊണ്ടൊപ്പി കിളിയുടെ ദേഹത്ത് അറിയാത്തമട്ടില്‍ ഉരസിക്കൊണ്ട് വസന്ത തിടുക്കത്തിൽ അകത്തുകയറി. ആയ കാലത്ത് സത്യൻ ദേഹത്ത് സ്പർശിച്ചതു പോലെ ഒരിളം കുളിർ വസന്തയുടെ ശരീരത്തിലൂടെ പാഞ്ഞുപോയി. ഇരിക്കാൻ ഇടം കിട്ടാഞ്ഞ് അവൾ മേലെ കമ്പിയില്‍ പിടിച്ച അനേകം കൈകള്‍ക്കിടയിലൂടെ തന്റെ വലംകൈ നൂഴ്ത്തിപ്പിടിച്ചു. പിണറായിയിൽനിന്ന് തലശ്ശേരി വരെ ഏറിവന്നാൽ ഒരരമണിക്കൂറല്ലേ. നിന്നുതന്നെയാവാം. സത്യനെ പ്രഭാതകർമങ്ങളിൽ സഹായിച്ച് വീട്ടിൽ തനിച്ചാക്കി പോന്നതിന്റെ പെടപ്പ് ചങ്കിലും ക്ഷീണം കൺപോളകളിലും തുടിച്ചുനിന്നപ്പോള് അറിയാതെ തല താഴോട്ടെറിഞ്ഞു തൂങ്ങിപ്പോയി.
“ഏച്ചി സ്ഥലോത്തി. ബേം കീ. ബേം കീ...” കിളി പയ്യൻ തന്റെ കൈമുട്ടിനും ബ്ലൗസിന്റെ കൈത്താഴ്ചക്കും ഇടയിൽ ചൂണ്ടുവിരലുകൊണ്ട് തോണ്ടി വിളിച്ചപ്പോൾ ഉറക്കം കൺപോളകളിൽനിന്ന് പിടഞ്ഞു മാറി. മുന്നിൽ കണ്ട മുഖത്തേക്ക് അറിയാതെ തറച്ചുനോക്കിയപ്പോള് ഒരു നിമിഷാർധത്തേക്ക് സത്യന്റെ കണ്ണുകളില്‍ സ്വന്തം കണ്ണുകൾ വീണുടഞ്ഞുവെന്ന് തോന്നിപ്പോയി. പെട്ടെന്ന് തന്നെ സ്ഥലകാലബോധം വീണ്ടെടുത്ത് വസന്ത ബസിന്റെ ചവിട്ടുപടിയില്‍നിന്ന് പുറത്തേക്ക് കാലെടുത്തുവെച്ചു. കിളി പയ്യന് തന്റെ തലക്ക് മുകളിലൂടെ കൈയെടുത്ത് ഡോറടക്കാന്‍ ആഞ്ഞപ്പോള്‍ സത്യന് ഉപയോഗിച്ചിരുന്ന സെന്റിന്റെ അതേ മണം അവളുടെ മനസ്സിനെ കശക്കിയിട്ടു.
മുന്നോട്ട് കുതിക്കാന്‍ തുടങ്ങിയ ബസിന്റെ ഉള്ളില്‍നിന്നു പെട്ടെന്നടര്‍ന്നു വീണ ഒരു ബഹളം അതിനെ നിരത്തോരത്തേക്ക് നീക്കിനിര്‍ത്തി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒന്നേ നോക്കിയുള്ളൂ. കണ്ടത് ചവിട്ടു പടിയിലൂടെ ഇഴഞ്ഞിറ്റുന്ന ചോരത്തുള്ളികളും ആരൊക്കയോ ചേര്‍ന്ന് തോളത്തേറ്റി ഇറക്കുന്ന ഒരു മെലിഞ്ഞ വൃദ്ധന്റെ ദയനീയ രൂപവുമാണ്. പെട്ടെന്ന് വസന്തയില്‍ ഓരോക്കാനം അടിവയറ്റില്‍നിന്ന് തൊണ്ടയിലൂടെ ഉരുണ്ടുകയറി. അപ്പോള്‍ മനസ്സില്‍ നിറഞ്ഞുവന്നത് സ്വന്തം അച്ഛന്റെ മരണകാലത്തെ ഉണക്കോലപോലുള്ള രൂപമാണ്. മറവിയിലേക്ക് വലിച്ചിട്ടുകൊണ്ടിരുന്ന ഭൂതകാലം അവളുടെ കാലടികളെ നിശ്ചലമാക്കി. ഇടക്കിടെ ചോര ഛര്‍ദിച്ച് അവശനായി കിടക്കുന്ന സ്വന്തം അച്ഛന്റെ ചിത്രം മനസ്സിലിട്ട് എങ്ങനെയോ അവള് കാലടികള്‍ വലിച്ചുനീക്കി സ്റ്റാൻഡിലെ ഇരിപ്പിടത്തിലെത്തി ബെഞ്ചില്‍ തലചായ്ച്ചിരുന്നു. കടുത്ത ക്ഷയരോഗമായിരുന്നു അച്ഛന്. സര്ക്കാരാശുപത്രിയില്നിന്ന് ഗുളികകളൊക്കെ മുറക്ക് കിട്ടുമായിരുന്നു. പക്ഷേ ഗുളിക മാത്രം മതിയാവില്ലല്ലോ. നല്ല ഭക്ഷണം ഡോക്ടര്‍ പ്രത്യേകം നിര്‍ദേശിച്ചതാണ്. അതെവിടെനിന്നു കിട്ടും?

തൊഴില്‍ തേടിയാണ് പൊന്നാനിക്കാരനായ അച്ഛന് കണാരന് കുടുംബത്തോടൊപ്പം കണ്ണൂരെത്തിയത്. ബീഡി തെറുപ്പ് വശമുണ്ടായിരുന്ന അച്ഛന് കണ്ണൂര്‍ അതിനു വളക്കൂറുള്ള മണ്ണാണെന്ന് കണ്ട് അവിടെ കൂടുകയായിരുന്നു. അച്ചാച്ചനും കൂടെയുണ്ടായിരുന്നു. അമ്മമ്മ മരിച്ച്, ശരിക്ക് കണ്ണുകാണാത്ത അച്ചാച്ചന് ഒരു ബാധ്യതയായിരുന്നെങ്കിലും നന്നായിത്തന്നെയാണ് അമ്മ അച്ചാച്ചനെ മരണംവരെ നോക്കിയത്. ഒരു വലിയ പറമ്പിലെ കാവൽപ്പുരകളായി കെട്ടിയിട്ട കുടികളിലൊന്നായിരുന്നു അച്ഛന് കുടുംബസമേതം പാര്‍ക്കാന്‍ തെരഞ്ഞുപിടിച്ചത്. പ്രൈമറി വിദ്യാഭ്യാസം തുടരാന്‍ പറ്റിയില്ലെങ്കിലും അച്ഛന് കടുത്തൊരു അക്ഷരസ്നേഹിയായിരുന്നു. ബീഡി തെറുപ്പില്‍ സമര്‍ഥനായിരുന്ന അച്ഛന് താമസിയാതെ അവിടത്തെ പത്രം വായനയും ഏറ്റെടുത്തു. അച്ഛന് എന്തെങ്കിലും ന്യായം പറഞ്ഞ് വായിക്കാനുള്ള അവസരം ഒപ്പിച്ചെടുക്കും. ബീഡി തെറുത്ത് പുകയില തരി നിറച്ച് ഇലയുടെ അരിക് ചെറുവിരലില്‍ വളര്‍ത്തിയ നഖത്തിന്റെ അറ്റംകൊണ്ട് പൊതിഞ്ഞടുക്കി ചൂണ്ടുവിരലില്‍ ചുറ്റിവെച്ച ചുവന്ന നൂലുകൊണ്ട് കെട്ടി മുറത്തിന്റെ മൂലയിലേക്ക് മാറ്റിയിടുമ്പോള്‍ മറ്റുള്ളവരാണു വായിക്കുന്നതെങ്കില്‍ താളുകളിലെ അക്ഷരങ്ങള്‍ അച്ഛന്റെ നെഞ്ചിലേക്ക് വികാരങ്ങളായി പെയ്തിറങ്ങും.
കനിവുള്ളവളായിരുന്നു ആ കുടികിടപ്പിന്റെ ഉടമവീട്ടിലെ അമ്മ. പേരിനൊരു വാടക കച്ചീട്ടുണ്ടെങ്കിലും വാടക വാങ്ങാറില്ല. പറമ്പില്‍ വീണ ഉണക്കോലകള്‍ മെടഞ്ഞു പുരയുടെ മേല്‍ക്കൂര വര്‍ഷാവര്‍ഷം മേഞ്ഞും കൊത്തിയ മട്ടലും ഉണങ്ങിയ പാണും കുരച്ചിലും കത്തിച്ച് റേഷനരി വേവിച്ച് തിന്നും ചക്കയും മാങ്ങയും ധാരാളമുള്ള പറമ്പിലെ വീട്ടമ്മ കനിഞ്ഞുനല്കുന്നവയും അത്യാവശ്യം ഉണങ്ങിവീഴുന്ന തേങ്ങകളും ചേര്‍ത്ത് കറികളൊപ്പിച്ചും ആ കുടുംബം ദാരിദ്ര്യത്തോടെയെങ്കിലും പുലര്‍ന്നുപോന്നു. സ്കൂള്‍ അവധികളില്‍ അമ്മയുടെയും പെണ്മക്കളുടെയും അന്നം ആ വീട്ടിലെ മുറ്റമടിച്ചും പാത്രം കഴുകിയും സഹായിച്ച് കിട്ടുന്നതാണ്.
അങ്ങനെയിരിക്കെയാണ് കുടികിടപ്പു നിയമം വന്നതും പത്തുസെന്റ് വീതം പതിച്ചുകിട്ടാന്‍ പറമ്പിലെ മറ്റു താമസക്കാര്‍ അപേക്ഷിച്ചതും. കണ്ണൂരുകാര്‍ക്ക്, പ്രത്യേകിച്ച് അന്നന്നത്തെ അന്നം തേടുന്ന വിഭാഗത്തിന് രാഷ്ട്രീയം, പറയാന്‍ മാത്രമുള്ളതല്ല, ശ്വസിക്കാനും കൂടിയുള്ളതാണ്. അച്ഛന്, ബീഡി തെറുപ്പുകാരന്‍ കണാരന് അതങ്ങനെയല്ലാതെ വരുമോ? ജീവശ്വാസമായി കരുതിയ സ്വന്തം പാര്‍ട്ടി കൊണ്ടുവന്ന പരിഷ്കരണം നേടിയെടുക്കാതിരിക്കുന്നതെങ്ങനെ? തങ്ങള്‍ ആശ്രയിച്ചു കഴിയുന്ന, ഒരു വലിയ പറമ്പല്ലാതെ ജീവിക്കാന്‍ മറ്റു വരുമാനമില്ലാത്ത ആ കുടുംബത്തില്‍നിന്ന് അത് നേടിയെടുക്കുന്നതെങ്ങനെ? സ്വന്തം മനസ്സാക്ഷിയോട് മനസ്സുരുകി ചോദിച്ച് കണാരന് വല്ലാത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോയ ഒരു സമയമായിരുന്നു അത്. ആയിടെയായി ഭയങ്കര ക്ഷീണം തോന്നിയതിനാല്‍ സർക്കാർ ഡോക്ടറെ കണ്ടപ്പോള്‍ ക്ഷയമെന്നാണ് വിധിച്ചത്. നല്ല ഭക്ഷണമില്ലാതെ ഗുളികകള്‍ മാത്രം കഴിച്ച് വായ കയ്ച്ചപ്പോള്‍ അച്ഛന് ആരും കാണാതെ പുരക്ക് ചുറ്റും കുഴികുത്തി ഗുളികകള്‍ അതില്‍ കുഴിച്ചിടാന്‍ തുടങ്ങി.
അങ്ങനെ അഞ്ചു മക്കളുടെയും ഭാവിയോര്‍ത്ത് മനമില്ലാമനസ്സോടെ കണാരനും കുടികിടപ്പിന് അപേക്ഷിച്ചു. ഉടമയായ അമ്മ നേരിട്ടൊന്നും ചോദിച്ചില്ല, കണാരന് വിട്ടുപറഞ്ഞുമില്ല. പക്ഷേ അതിനുശേഷം രണ്ടുപേരും നേര്‍ക്കുനേരെ കണ്ടാല്‍ ഏതോ ഒരുള്പ്പോര് പോലെ മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി നടന്നു. ആയിടെ ഇടക്കൊക്കെ അല്പം ചോര ഛർദിച്ചു തുടങ്ങിയ അച്ഛന് തൊണ്ടയില്‍ കട്ടപിടിച്ചു കുറുകിയ ചോരയാല്‍ ശ്വാസതടസ്സവും നേരിടാന്‍ തുടങ്ങി. ഒരുദിവസം. തീരെ വയ്യാത്തതിനാല്‍ കമ്പനിയില്‍നിന്ന് പ്രത്യേകം അനുവാദം വാങ്ങി വീട്ടിലേക്കെടുത്ത തെറുപ്പ് സാമഗ്രികള്‍കൊണ്ട് ബീഡി തെറുക്കുകയായിരുന്നു അച്ഛന്. പെട്ടെന്ന് പൊട്ടിയ നിര്‍ത്താത്ത ചുമ കേട്ട് ആദ്യം ഓടിയെത്തിയത് മൂന്നാം ക്ലാസിലെ വേനലവധിക്കു വീട്ടുടമ പറിച്ച് കഴിഞ്ഞ് പറമ്പില്‍ ഒഴിഞ്ഞ കശുവണ്ടികള്ക്കു വേണ്ടി മണ്ണില്‍ തെരയുന്ന കൊച്ചു വസന്തയാണ്. അവള് കണ്ടത് മുറത്തിലെ ചോര ചാലിച്ച ബീഡിയിലകള്ക്കു മേലേക്ക് കഴുത്തു തൂക്കിയിട്ടിരിക്കുന്ന അച്ഛനെയാണ്. മകള്‍ തൊള്ളയിട്ടലറിക്കരഞ്ഞു തൊട്ടതും അയാള്‍ ഒരു വശത്തേക്ക് ചാഞ്ഞ് നിലത്തേക്കുരുണ്ട് നിശ്ചലനായി.
നാട്ടുകാരൊക്കെ സഹായിച്ച് അടക്കവും നാല്പ്പതടിയന്തിരവും കഴിഞ്ഞ് ഒരു സഞ്ചിയില്‍ നാമമാത്രമായുള്ള വസ്ത്രങ്ങളും കുത്തിത്തിരുകി നാട് വിട്ടതാണ് മൂന്നാം ക്ലാസുകാരി എം.കെ. വസന്തകുമാരി. അച്ഛന്റെ അടുത്ത വകയിലൊരു അനുജന് കുറേ കാലമായി സര്‍ക്കസിലായിരുന്നു. കരുതലുള്ള ഒരു ബന്ധു. കുടുംബത്തിന്റെ ഭാവിയെ കരുതി കണ്ണീരൊഴുക്കിക്കൊണ്ട് ആ അമ്മ മകളെ അന്യനാട്ടിലേക്ക് പറഞ്ഞുവിട്ടു.
കാലം ഏറെ കഴിഞ്ഞു. ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത സര്‍ക്കസ് തന്നെ ജീവിതത്തിന്റെ ആരൂഢവുമൊരുക്കി. കണ്ണൂരെ പത്തു സെന്റ് വിറ്റു തലശ്ശേരിക്കപ്പുറം വെണ്ടുട്ടായിയില്‍ ചെറിയ വീടടക്കം ഇരുപത് സെന്റ് വാങ്ങി. അനിയന്മാരിലൊരാള് അതേ സര്‍ക്കസ് കമ്പനിയിലെ ഓഫീസില്‍ ജോലിക്ക് കയറി. വീട് പുതുക്കി സാമാന്യം നല്ല ഒന്നായി പണിതു. ജീവിതത്തിന്റെ നല്ല വശം കണ്ട് അമ്മ സമാധാനത്തോടെ കണ്ണടച്ചു. വീടിനു അധികം ദൂരെയല്ലാതെ പിണറായി ബസ് സ്റ്റാൻഡിനടുത്തായി താനും സത്യനൊത്ത് ഒതുങ്ങിയ നല്ലൊരു കൂടൊരുക്കി. സത്യന്റെ വീടും അധികം ദൂരെയല്ലാതെ പന്തക്കപാറയിലാണ്.
പോയ കാലത്തില്നിന്നുണര്ന്ന് വസന്ത കൈകള്‍ ബെഞ്ചില്‍ താങ്ങി എഴുന്നേറ്റപ്പോള്‍ ആളെയിറക്കി അലങ്കാര തൊങ്ങലുകള് കാറ്റിലിളക്കി കുതിക്കുന്ന ആരോമലിന്റെ പിന്പുറമാണ് കണ്ടത്. ചിഞ്ചുമോള്‍ നേരത്തേ വന്ന് ആളെ തട്ടിയെടുത്തതിന്റെ കലിപ്പിലാണെന്ന് ഓട്ടം കണ്ടാലറിയാം. അതിന് മുതലാളിയുടെ വായില്‍നിന്ന് കേട്ടേക്കാവുന്ന തെറികളെ കുറിച്ചോര്‍ത്തപ്പോള്‍ ട്രപ്പീസിലെ ബാറുകള്‍ മാറുന്നതുപോലെ വസന്ത പെെട്ടന്ന് ഭൂതകാലത്തിലെ പിടിവിട്ട് ഈ നിമിഷത്തിലേക്കിറങ്ങി പൊട്ടിവന്ന ചിരി വലംകൈകൊണ്ടടക്കിപ്പിടിച്ച് ധൃതിയില്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി. ഇതാണ് എം.കെ. വസന്തകുമാരി എന്ന ട്രപ്പീസാട്ടക്കാരി. സത്യനെന്ന പോയകാലത്തെ ദുര്‍നടപ്പുകാരനെ ഇന്നും സഹിക്കുന്നതും ഇതേ സ്വഭാവംകൊണ്ടാവാം.
വസന്ത പെട്ടെന്നുതന്നെ കാലുകള്‍ വലിച്ചുനീട്ടി അതിവേഗം നടക്കാന്‍ തുടങ്ങി. തലശ്ശേരി സ്റ്റാൻഡില്‍നിന്ന് നടന്നെത്താന്മാത്രം ദൂരമുള്ള പണിസ്ഥലത്തെ, വസന്ത ഏച്ചി എന്നു വിളിക്കുന്ന വീട്ടമ്മ വഴിക്കണ്ണുമായി നില്ക്കുകയാവും. ഇന്നല്പം നേരത്തേ എത്തണമെന്ന് തലേന്ന് ഓര്‍മിപ്പിച്ചതാണ്. വീട് മൊത്തം വൃത്തിയാക്കാന്‍ ക്ലീനിങ് ഏജന്‍സിയില്‍നിന്ന് ആളെത്തും. ചെന്നിട്ട് വേണം അവര്‍ക്കുള്ള പ്രാതല്‍ കൂടെ ഒരുക്കാന്‍. പെരുമാറ്റത്തിലും കരുതലിലും നല്ല ഏച്ചിയാണെങ്കിലും ജോലി ചെയ്യിക്കുന്നതില്‍ വളരെ കണിശക്കാരിയാണ്. വസന്ത തിടുക്കത്തില്‍ അകത്തുകയറി കയ്യും കാലും കഴുകി മാക്സിയിലേക്ക് മാറി. അകത്തെ മുറിയില്‍നിന്ന് ഏച്ചി ഇറങ്ങിവന്നത് ചിരിയോടെയാണ്.
“വസന്തേ ഇന്ന് നിന്റെ സഹായം വേണ്ടിവരും. ക്ലീന്‍ ചെയ്യാന്‍ വരുന്നത് ഹിന്ദിക്കാരികളാന്ന്വോലും. നീ ഹിന്ദിയില്‍ പറഞ്വോടുക്കണേ. എനക്കത്ര പിടീല്ല.”
“ഓ അയ്നും ബംഗാളികളെേത്ത്യ ാ ...”
ഏച്ചി കേള്‍ക്കാതെ പിറുപിറുത്തെങ്കിലും ഹിന്ദി എന്നു കേട്ടപ്പോള്‍ പെട്ടെന്നൊരു സന്തോഷം തോന്നി. തന്റെ ഹിന്ദി നന്നാക്കാന്‍ നിര്‍ബന്ധിച്ച് ഹിന്ദിയിലായിരുന്നു സത്യന് സംസാരിപ്പിക്കാറ്.
ഏച്ചി മുറി ഹിന്ദിയില്‍ പറഞ്ഞ് ചില്ലറ പണികള്‍ ചെയ്യിപ്പിച്ച് ചായ കുടിക്കാന്‍ വിളിച്ചപ്പോഴാണ് വസന്ത ആ കുട്ടിയുടെ മുഖം ശ്രദ്ധിച്ചത്. മുഖത്തു നോക്കിയപ്പോള്‍ തന്നെ എന്താണെന്നറിയില്ല ഒരു കല്ലുകടി അനുഭവപ്പെട്ടു. മനസ്സിലൊരു അങ്കലാപ്പും.
“ഇന്ന് ഏജന്‍സിയില്‍നിന്ന് ഒരാളെ മാത്രാ വിട്ടുകിട്ട്യത്. നാളെ രണ്ടാളുണ്ടാവും.’’
അടുക്കളയില്‍ വന്ന് മുന്നറിയിപ്പ് തന്ന് ഏച്ചി തിരിച്ചുപോയി. വീട്ടില്‍ വരുന്ന ആരായാലും തൃപ്തിയോടെ ഭക്ഷണം കൊടുക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. അന്നത്തെ ദിവസം ഊണും ചായയുമൊക്കെയായി വിഭവസമൃദ്ധമായി തന്നെ അവളെ ഊട്ടി. വസന്ത അധിക ലോക്യത്തിനൊന്നും പോയില്ല.
പിറ്റേന്ന്... സിറ്റിങ്റൂമിലെ ഫാന്‍ തുടക്കാന്‍ അടുക്കളയില്‍ ചാരിവെച്ച ഏണിയെടുക്കാന് വന്നതായിരുന്നു അവള്. മറ്റവളെ ഏച്ചി ക്ലീനിങ്ങിനായി മുകളിലേക്കാണ് വിട്ടത്. ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി വസന്ത ചോദിച്ചു.
“നാം ക്യാ ഹെ തേര?”
“മൗസുമി.”
“മൗസുമി ക്യാ. മൗസുമി ചാറ്റര്‍ജി?” എപ്പോഴോ സര്‍ക്കസ് കൂടാരത്തില്‍നിന്ന് സത്യനോടൊപ്പം പോയി കണ്ട ഹിന്ദി സിനിമയിലഭിനയിച്ച കോന്ത്റം പല്ലുണ്ടെങ്കിലും സുന്ദരിയായ നായികയുടെ പേരോര്‍ത്ത് വസന്ത ചോദിച്ചു.
“നൈ, ബാനര്‍ജി. മൗസുമി ബാനര്‍ജി. ബന്ദോപാധ്യായ...”
“അച്ഛാ. മതാജി കാ നാം ക്യാ ഹേ?”
“ബകുള്‍. ബകുള്‍ ബാനര്‍ജി” ഓര്‍ക്കാപ്പുറത്ത് തലക്കടിയേറ്റതുപോലെ വസന്ത ഏതാനും നിമിഷങ്ങള്‍ തരിച്ചുനിന്നു. പിന്നെ സ്വതഃസിദ്ധമായ ഊർജത്തോടെ പാചകം ചെയ്ത് വീട്ടുകാരേയും രണ്ടു പെണ്‍കുട്ടികളെയും ഊട്ടുകയും സ്വയം ആസ്വദിച്ച് കഴിക്കുകയുംചെയ്തു.
പിറ്റേന്ന് മൗസുമി വരുമ്പോള്‍ കൈയില്‍ നന്നായി പൊതിഞ്ഞ ഒരു പൊതി വസന്തയെ ഏൽപിച്ച് ഹിന്ദിയില്‍ പറഞ്ഞു. നല്ല ഫ്രെഷ് മത്തിയാണ്. ഇന്നലെ രാത്രി കടലില്‍ പോയ ഭര്‍ത്താവ് വെളുപ്പിനാണ് തിരിച്ചെത്തിയത്. ഫ്രിഡ്ജില്‍ വെക്കാതെ ഇന്ന് തന്നെ പാചകം ചെയ്തോ. ആന്റിയുടെ ഇന്നലത്തെ മീന്‍കറി സൂപ്പറായിരുന്നു. ഞാന്‍ മീന്‍ എങ്ങനെ പാകം ചെയ്താലും നന്നാവാത്തതുകൊണ്ട് സുരേഷിന് പിടിക്കില്ല.
“ഭര്‍ത്താവ് മലയാളിയാ?” വസന്ത കൗതുകത്തോടെ ചോദിച്ചു.
“ആ ആന്റി. സര്ക്കസ്സിലെണ്ടാറുന്ന് രണ്ടാളും”, അവള് പതുക്കെ ചിരിച്ചു. നന്നായല്ലെങ്കിലും മനസ്സിലാകാന്‍ പാകത്തില്‍ മലയാളം ഒപ്പിച്ച് പറയാന്‍ മൗസുമിക്കറിയാം. ഭര്‍ത്താവുമായി ഹിന്ദിയിലാണ് സംസാരം. തലേന്നത്തെ ജോലിക്കിടയില്‍ സുരേഷ് വിളിച്ചപ്പോള്‍ അടുക്കളപ്പണിയില്നിന്ന് വസന്തയും ഇരിപ്പുമുറിയിലിരുന്ന് ഏച്ചിയും ചെവികൂര്‍പ്പിച്ച് നീട്ടി പിടിച്ചെടുക്കാന്‍ നോക്കിയിരുന്നു.
ഒരു കൈ അടുക്കളവാതിലില്‍ കുത്തി കൗതുകത്തോടെ കേട്ടുനില്‍ക്കുകയായിരുന്നു ഏച്ചി. അന്യനാട്ടില്നിന്നെത്തിയ ഹിന്ദി പറയുന്ന സകലരും ഇവിടെ ബംഗാളികളാണെന്നോര്ത്തപ്പോള് അവര്‍ അകമേ ചിരിച്ചു. പക്ഷേ, മൗസുമി തനി ബംഗാളിയാണ്. രബീന്ദ്ര സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും പരമ്പരയിലെ അക്ഷരത്തൊട്ടിലിൽ ജനിച്ചു വളർന്നവൾ. അവര്‍ ദിക്കുകള്‍തോറും ജോലിക്കായി അലയുന്നതോര്ത്തപ്പോള് അവര്‍ മനുഷ്യന്റെ അരക്ഷിതാവസ്ഥയോര്‍ത്ത്
നെടുവീര്‍പ്പിട്ടു.
ooo
നല്ല ഹലുവ കഷണംപോലുള്ള ഒരു പെങ്കുഞ്ഞിനെയാണ് അന്ന് ബകുള്‍ പെറ്റിട്ടത്. ഗന്ധര്‍വ സന്തതിയാണെന്ന് ടെന്റിലുള്ളവരൊക്കെ അടക്കംപറഞ്ഞ് ചിരിച്ചു. മാസം തികയാതെയാണ് പെറ്റതെന്നും. തനിക്കും എന്തൊക്കെയോ സംശയങ്ങളുണ്ടായിരുന്നു. സത്യനൊപ്പം മരണക്കിണര്‍ പങ്കിട്ടിരുന്ന വെളുത്ത് തുടുത്ത് സുന്ദരനായിരുന്ന ബംഗാളി പയ്യന് സത്യജിത്തായിരുന്നു ബകുള്‍ കല്യാണം കഴിച്ച ഭര്‍ത്താവ്. താന്‍ കേള്‍ക്കാതെ അടക്കിപ്പിടിച്ച് സത്യനേയും അവനേയും ചേര്‍ത്ത് പലതും കളിയാക്കി പറയുന്നത് അറിയാതെയല്ല. വെട്ടിപ്പിരിച്ചാലും പിരിയില്ലെന്ന മട്ടില്‍ സത്യനോടുള്ള പ്രണയം മൂത്ത് തലക്ക് പിടിച്ച നാളുകളായിരുന്നു അവ. ആകെ മൊത്തം ഒരു കലക്കമുണ്ടെന്ന് അറിയാതെയല്ല. സത്യനും തന്നോട് കടുത്ത പ്രണയമാണെന്ന് സ്വയം വിശ്വസിപ്പിച്ച് അയാളില്ലാതെ ഇനി ജീവിക്കാന്‍ വയ്യെന്നുറപ്പിച്ചു നടന്ന കാലം. അടുപ്പമുള്ളവരില്‍ ചിലര്‍ മുന്നറിയിപ്പ് തന്നതാണ്. അവന് ആളത്ര ശരിയല്ല. അത്രക്കങ്ങു വിശ്വസിക്കണോ. വേറെ ചിലരുമായും ചുറ്റിക്കളിയുണ്ട്. പ്രസവവേദന കിട്ടിയതു മുതല്‍ ഉറ്റ ചങ്ങാതിയെന്ന നിലയില്‍ ബകുളിന് എല്ലാ സഹായത്തിനും വസന്ത കൂടെയുണ്ടായിരുന്നു. കാറില്‍ കയറ്റാനും കൂടെ പോകാനും കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുന്നതുവരെ കണ്ണില്‍ എണ്ണയൊഴിച്ച് പ്രാർഥിച്ചു പുറത്ത് കാവലിരിക്കാനും.
പ്രണയത്തിന്റെ ചരടുകള്‍ അന്യോന്യം കുരുക്കിട്ട് മുറുക്കിയിരുന്ന സമയം. ഒരുദിവസം. അമൃത് സറിലായിരുന്നു അപ്പോള്‍ കളി. ഉസ്താദിന്റെയും തലമുതിര്‍ന്ന ഏച്ചിമാരുടെയും മേല്‍നോട്ടത്തില്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാന്‍ കളിക്കാരും മറ്റു സ്ത്രീകളും പോയി. കൂട്ടത്തില്‍ ഉസ്താദിനു വിശ്വാസമുള്ള സത്യജിത്ത് അടക്കം രണ്ടോ മൂന്നോ പുരുഷന്മാരുമുണ്ട്. സത്യനെയും അവനെയും പിരിഞ്ഞു കാണുന്നത് വിരളമായിട്ടാണ്. ഭയങ്കര ശാസനയാണെങ്കിലും സര്‍ക്കസ് മുതലാളിമാര്‍ കളിക്കാരായ പെണ്‍കുട്ടികളെ കണ്ണില്‍ എണ്ണയൊഴിച്ചാണ് സംരക്ഷിച്ചിരുന്നത്. കടുത്ത തലവേദനയാണെന്ന് പറഞ്ഞ് അന്ന് ബകുള്‍ ഒഴിഞ്ഞു. മരണക്കിണറില്‍ കാലുളുക്കിയതിനാല്‍ എണ്ണയിട്ടു തടവണം എന്നോ മറ്റോ കാരണം പറഞ്ഞ് ഭക്ഷണം കഴിഞ്ഞയുടനെ സ്ഥലം വിട്ടോളാമെന്ന ഉറപ്പില്‍ ലോഡ്ജില്‍നിന്ന് നേരത്തേ വന്ന് സത്യന് ടെന്റില്‍ തങ്ങി. സര്‍ക്കസ് കൂടാരത്തിനടുത്ത ടെന്റുകളില്‍ സ്ത്രീ കളിക്കാരാണ് താമസം. പുരുഷന്മാര്ക്ക് അകലെ പട്ടണത്തില്‍ ലോഡ്ജിലോ മറ്റോ കമ്പനി ചെലവില്‍ മുറിയെടുത്ത് കൊടുക്കാറാണു പതിവ്. കളിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വസ്ത്രം മാറാനും കൂടാരത്തില്‍ പാചകംചെയ്ത ഭക്ഷണം കഴിക്കാനും മറ്റുമായി മാത്രമേ ആണുങ്ങള്‍ക്ക് കൂടാരത്തിനടുത്തായി ടെന്റ് ഇട്ട് കൊടുക്കാറുള്ളൂ. ഇതൊക്കെ കഴിഞ്ഞാല്‍ ലോഡ്ജിലേക്ക് സ്ഥലം വിട്ടുകൊള്ളണം.
ക്ഷേത്രത്തില്‍നിന്ന് കിട്ടിയ മഞ്ഞ തുണി തലയില്‍ ചുറ്റികെട്ടിയപ്പോള് വസന്തയില്‍ വല്ലാത്തൊരു ഊര്‍ജം ആവേശിച്ചതായി തോന്നി. സൂര്യവെളിച്ചത്തില്‍ തുടിച്ചുനിന്ന ക്ഷേത്രത്തിന്റെ പൊന്‍പ്രഭ. മാനത്തുനിന്ന് പൊട്ടിവീണ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഏതോ ഒരത്ഭുത ദ്വീപിലാണ് താനിപ്പോള്‍ എന്നവള്‍ സങ്കൽപിച്ചു. ക്ഷേത്രത്തിലെ അടുക്കും ചിട്ടയും ആയിരക്കണക്കിനു വരുന്ന സന്ദര്‍ശകരെ ഊട്ടുന്നതിലുള്ള ആത്മാര്‍ഥതയും ഊര്‍ജസ്വലതയും. വെക്കുന്നതും വിളമ്പുന്നതും കറിക്കരിയുന്നതും പാത്രം കഴുകുന്നതും ഒക്കെ ജീവിതത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരാണെന്നുള്ള അറിവില്‍ അവള് അന്തംവിട്ടു നിന്നു. എന്തോ ഒന്നവിടെ മറന്നുവെച്ചതുപോലെയായിരുന്നു തിരിച്ചുള്ള യാത്രയില്‍ അനുഭവപ്പെട്ടത്.
കക്കാന്‍ നിശ്ചയിച്ചുറച്ച കള്ളന് എങ്ങനെയും കട്ടിരിക്കും. അതുപോലെതന്നെ പ്രതിസന്ധികളില്‍ സത്യസന്ധമായി ജീവിക്കാന്‍ ഉറച്ചവരും. തിരിച്ചുവന്നപ്പോള്‍ പലരും യാത്രാക്ഷീണത്താല്‍ സ്വന്തം കിടപ്പുസ്ഥലങ്ങളില് ചെന്ന് വീഴുകയായിരുന്നു. മനസ്സിന്റെ മൗഢ്യം മാറ്റാന്‍ മാത്രമാണ് വസന്ത പലരുടേയും കണ്ണു വെട്ടിച്ച് സത്യന്റെ ടെന്റിലേക്ക് കയറിയത്. കയറിയതും ബകുള്‍ ഉപയോഗിക്കുന്ന പ്രത്യേകതരം അത്തറിന്റെ മണം അവളെ പൊതിഞ്ഞത് ആവോളം മൂക്കിലേക്ക് വലിച്ചുകയറ്റി. ഇന്നും അത്തറെന്നാലും സെന്റെന്നാലും അവള് ആദ്യംചെയ്യുന്നത് അതാണ്. സത്യന് മേശയില്‍ ഒരു പുസ്തകത്തിനു മേലെ തല ചായ്ച്ച് കൂര്‍ക്കം വലിക്കുന്നു. വല്ലാതെ ചുളിഞ്ഞു കിടന്ന സത്യന്റെ കിടക്കവിരി ശരിയാക്കി ആരെങ്കിലും കണ്ടാലോ എന്നു കരുതി ചുറ്റും കണ്ണോടിച്ച് സ്ഥലം വിട്ടപ്പോള്‍ വസന്തയുടെ നെഞ്ച് വല്ലാതെ വിങ്ങിപ്പോയി. കുറച്ചുനാളുകള്‍ മുഖം കൊടുക്കാതെ നടന്നെങ്കിലും വസന്തക്കതിന് പറ്റുമായിരുന്നില്ല.

സത്യന്തന്നെയാണ് ബകുളും സത്യജിത്തും തമ്മിലുള്ള പ്രേമം കളിക്കാരെ ഏറെ കരുതലുള്ള പ്രൊപ്രൈറ്റര്‍ വാസവനെ അറിയിച്ചതും അവളുടെ വീട്ടുകാരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൂടാരത്തിനകത്ത് വിവാഹ ചടങ്ങുകള്‍ നടത്താന്‍ ഓടിനടന്നതും. കളി നടക്കുന്ന സരസ്വതീ ക്ഷേത്രമായതിനാല്‍ പ്രത്യേകിച്ച് ബംഗാളികള്‍ക്ക്, മത്സ്യമാംസാദികളടക്കം ഉപയോഗിക്കുന്ന വിവാഹസല്‍ക്കാരം പുറത്തെ മൈതാനിയില്‍ ഷാമിയാന കെട്ടിയായിരുന്നു ആഘോഷിച്ചത്. അതില്‍ പങ്കെടുത്തവര്‍ ഓരോരുത്തരും ഓര്‍ത്തുവെക്കാന്‍ പാകത്തില്‍ ഗംഭീരമായിട്ടാണ്, വാസുവേട്ടനെന്ന് എല്ലാവരും വിളിക്കുന്ന പ്രൊപ്രൈറ്റര്‍ വാസവന് എല്ലാറ്റിനും ചുക്കാന്‍പിടിച്ചത്.
പരിപാടികളൊക്കെ കഴിഞ്ഞ് കൂടാരം മുഴുക്കെ പെട്ടെന്ന് തന്നെ മതികെട്ടുറങ്ങിത്തുടങ്ങി. വസന്ത മാത്രം വെളുക്കുവോളം ഒരുപോള കണ്ണടച്ചില്ല. നെഞ്ചത്ത് ആരോ വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ. കണ്പോളകളടഞ്ഞു മയക്കത്തിലേക്ക് വീഴുമ്പോഴൊക്കെ കുളിപ്പുരയില്‍ കുത്തിയിരുന്ന് ആഞ്ഞാഞ്ഞു ഛർദിക്കുന്ന ബകുളിന്റെ തുടുത്ത മുഖം മനസ്സില്‍ വരും. കണ്പോളകള് വലിച്ചു തുറക്കുമ്പോഴേക്കും ആ മുഖം ഭീതിദമായി വളര്‍ന്ന് തന്നെ വിഴുങ്ങാനടുക്കും. ഒരിക്കലേ കണ്ടിട്ടുള്ളൂ. അതും താന്‍ മാത്രം. സുവർണ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സത്യന്റെ കൂടാരത്തില്‍ പോയപ്പോഴേ മനസ്സില്‍ സംശയം കുടുങ്ങിയതാണ്. അന്ന് രാത്രി ഉറക്കം വന്നില്ല. നാളുകള്‍ കഴിഞ്ഞു. ഉറക്കം തീണ്ടാപ്പാടകലെ നിന്ന ഒരു രാത്രി. കട്ടിലുകള്ക്കപ്പുറം കിടന്ന ബകുള്‍ എഴുന്നേല്ക്കുന്നതും ഒച്ചയില്ലാതെ പുറത്ത് കെട്ടിയുണ്ടാക്കിയ കുളിപ്പുരയിലേക്ക് പോകുന്നതും കണ്ട് പിന്തുടര്ന്നതായിരുന്നു. അവള് തിരിച്ചുവരുമ്പോഴത്തേക്ക് സ്വന്തം കട്ടിലില്‍ കയറി കിടന്നു. ആരോടും മനസ്സ് പങ്കുവെച്ചില്ല. അന്നു മനസ്സില്‍ കുറിച്ചിട്ടതാണ് അവളുമായുള്ള ശത്രുത.
അടുത്തൊരു ദിവസം. ബകുളിന്റെ കല്യാണത്തിനു ശേഷം. ട്രപ്പീസ് ബാറില്‍ രണ്ടുപേരുമുണ്ട്. വസന്ത കാച്ചറായും ബകുള്‍ പ്ലേയറായും. കളിക്കാരെല്ലാം വെളുത്തു നീണ്ട കൃശഗാത്രികളായിരുന്നു. വസന്തക്ക് നിറവും കിളിരവും പിന്നെയും കൂടും. കളിക്കുള്ള മണി മുഴങ്ങി കളത്തിലേക്കു ഓടിക്കയറി സല്യൂട്ടടിച്ച് നടന്നുനീങ്ങുമ്പോള്‍ ജനം കൈയടിച്ചും വിസിലൂതിയും ആര്‍ത്തിരമ്പുകയായിരുന്നു. സാധാരണ കാച്ചര്മാരായി ആണുങ്ങളായിരിക്കും. അവർക്ക് ബലവും കൗശലവും കൂടും. വസന്ത കാച്ചറായി വന്നാല്‍ വേറേതന്നെ ഹരമാണ്. അത് മനസ്സിനെ ചില്ലറയൊന്നുമല്ല ത്രസിപ്പിച്ചിരുന്നത്. അന്ന്, മനസ്സ് കൂടാരത്തിന്റെ മേല്‍ക്കൂരയും തുരന്ന് മേലോട്ട് കുതിച്ചു. അവിടെ സത്യന് കൈകളയച്ച് താഴേക്കിട്ട് എല്ലാ ശല്യങ്ങളില്‍നിന്നും തന്നെ പിടിച്ചുയര്‍ത്തി രക്ഷിക്കാന്‍ നിലയുറപ്പിച്ചതായി അവള് സങ്കൽപിച്ചു. ഇത് ദൈവം തനിക്കായി ഒരുക്കിത്തന്ന അവസരമാണ്. വിട്ടുകളയരുത്. സ്വന്തം ജീവിതത്തെ ഓര്‍ത്തെങ്കിലും. സത്യന് തന്റേതു മാത്രമാണ്. എന്തു തടസ്സമായാലും നീക്കി കളയണം.
കളിക്കുള്ള വിസില്‍ മുഴങ്ങി. ആണും പെണ്ണുമായി നാലഞ്ചു പ്ലേയേര്‍സ് പ്ലാറ്റ്ഫോമിലുണ്ട്. ഓരോ ആളെയായി അവിടന്ന് ഇറക്കിവിടുന്നു, അവര്‍ ട്രപ്പീസില്‍ തൂങ്ങി കൊളുത്തുകളാല്‍ വായുവില്‍ തൂങ്ങിനില്‍ക്കുന്ന കാച്ചര്ക്കു നേരെ വായുവിലൂടെ തുഴഞ്ഞെത്തുന്നു. കാച്ചര്‍ വസന്ത സര്വസന്നദ്ധയായി അവരെ കയ്യിയില്‍ പിടിച്ച് സെക്കൻഡുകള്‍ക്കകം ശരീരം എതിര്‍വശത്തേക്ക് തിരിച്ചു പിടിക്കുമ്പഴത്തേക്ക് അവരെത്തിയ ട്രപ്പീസ് അങ്ങെത്തി തിരിച്ചുവന്നിരിക്കണം. കാച്ചറുടെ കയ്യിലാണ് ആട്ടക്കാരികളുടെ ജീവന്. ട്രപ്പീസ് എത്തുന്നതിന് തൊട്ട് മുന്നേ അല്ലെങ്കില്‍ ഒരു സെക്കൻഡ് കഴിഞ്ഞാണ് കാച്ചര്‍ തിരിച്ചുവിടുന്നതെങ്കില് തീരുന്നത് ആട്ടക്കാരിയുടെ ജീവിതമല്ല, ജീവനാണ്. അടുത്ത ആട്ടക്കാരി ബകുളാണ്. സത്യന് കൂടാരത്തിനു മുകളില്‍നിന്ന് കൈവീശി പ്രലോഭിപ്പിക്കുന്നു. ഇല്ല, എന്തുവന്നാലും തന്റെ ജീവിതം വിട്ടുകൊടുക്കില്ല. ഒരു കൈപ്പിഴ. ഒന്നുകില്‍ ഒരു സെക്കൻഡ് വൈകി. അല്ലെങ്കില്‍ നേരത്തേ.
ബകുള്‍ ഒരു പരുന്തിനെപ്പോലെ ട്രപ്പീസില്‍ തന്റെ നേരെ വായുവിലൂടെ തുഴഞ്ഞുവരികയാണ്. അവളെ പിടിക്കാനായി വസന്ത പൊസിഷനെടുത്തു നിന്നു. ചെവിയിലൊരു കാറ്റ് വന്ന് മൂളുന്നു. കണ്ണില്‍ ഇരുള് വന്ന് മൂടുന്നു. മരണദേവത ഉള്ളില്‍ കിതക്കുന്നു. ഇപ്പോള്‍തന്നെ തീര്‍ക്കണം. തൊട്ടടുത്ത നിമിഷം.
നൊടിയിടയില്‍ ആദ്യത്തേതിനെ തട്ടിമാറ്റി മറ്റൊരു ഹൂങ്കാരം ചെവിയില്‍ മുഴങ്ങി. കണ്ണില്‍ ഒരു പ്രകാശം കത്തി പൊലിഞ്ഞു. തനിക്കു നേരെ നീതിദേവതയുടെ മുഖമാണ് മന്ത്രിക്കുന്നത്.
“പാടില്ല. ഈ കളി നിന്റെ ചോറാണ്. നിന്റെ ജീവിതം. ജീവിതമെടുത്താലും ഒരു ജീവനെടുക്കാന്‍ നിനക്കധികാരമില്ല.”
കാതിലെ മൂളക്കത്തിനിടയില് ആരാണ് മന്ത്രിക്കുന്നത്? പരിശീലിപ്പിക്കുന്ന ഉസ്താദോ കളിക്കാര്‍ ഒരച്ഛന്റെ സ്ഥാനത്ത് കാണുന്ന വാസുവേട്ടനോ?
“മനസ്സില്‍ എന്ത് ദേയ്ഷ്യോണ്ടെങ്കിലും അത് കളിയില്‍ കാണിക്കറ്. ഈട നിങ്ങള്‍ ജീവിതം കൊണ്ടല്ല ജീവന്കൊണ്ടാ കളിക്ക്ന്നേ. ഓര്മ വേണം. അറിയാത്തപോലെ നിങ്ങളെന്ത് കളിച്ചാലും ഒറ്റ നോട്ടംകൊണ്ട് എനക്കത് മനസ്സിലാവും. അത് നിങ്ങളെ മോത്ത് എഴുതിവെച്ചിറ്റുണ്ടാവും. ഞാന്‍ പറഞ്ഞത് ഓരോ കളിക്കാരന്റെയും തലവരകളായി കെടക്കണം.”
തുഴഞ്ഞെത്തിയ ബകുളിനെ വസന്ത കൈകളില്‍ കോര്‍ത്തെടുത്ത് അരക്കെട്ടിലൂടെ ഝടുതിയില്‍ തിരിച്ച് വിട്ടു. കാണികള്‍ കയ്യടിച്ചും വിസിലടിച്ചും തിളച്ചുമറിയുന്നു. കൈവിട്ടെന്ന് തോന്നിയ ഒരു നീക്കം അതിജീവിച്ചതിന്റെ ആരവമാണ്. സര്ക്കസെന്നാല് അന്നൊക്കെ കളിക്കാര്‍ മനസ്സില്‍ കാണും മുമ്പ് കാണികള്‍ മാനത്ത് കാണുന്ന ഒന്നായിരുന്നു. വസന്ത ദീര്‍ഘമായി ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു. ഇത് സര്‍ക്കസാണ്. താന്‍ തലശ്ശേരിക്കാരിയാണ്. തങ്ങളുടെ മണ്ണില്‍ പിറന്ന് ലോകം മുഴുവന്‍ പടര്‍ന്ന കലയാണ്. ചതിക്കരുത്.
കളിയുടെ തിടുക്കത്തിനിടയിലും അവള് ഒരു നിമിഷം കണ്ണടച്ച് പുറകോട്ട് തല ചായ്ച്ച് മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.
ഠഠഠ
സത്യന് അസ്വാസ്ഥ്യം തോന്നിയതിനാല്‍ അൽപനേരം കൂട്ടിരുന്ന് തൊട്ടയല്പക്കത്ത് താമസിക്കുന്ന അനുജനെയും ഭാര്യയെയും പറഞ്ഞേല്‍പ്പിച്ചാണ് അന്ന് വസന്ത അൽപം വൈകി പണിക്കിറങ്ങിയത്. വൈകിയതിനാല്‍ ആരോമലും ചിഞ്ചു മോളും പോയിരുന്നു. മുത്തപ്പനിലാണ് കയറിപ്പറ്റിയത്. മുത്തപ്പനിലെ ഡ്രൈവര്‍ക്കും കിളിക്കും പഞ്ചത്ര പോര. സത്യന്റെ അവസ്ഥയും കൂടെ മനസ്സിലോര്ത്തപ്പോള് അന്നത്തേത് ഒരു ഉറക്കംതൂങ്ങി യാത്രയായി മാറി. വഴിക്കണ്ണുമായി ഏച്ചി പടിക്കല്തന്നെയുണ്ട്. ക്ലീനിങ്ങുമായി മൗസുമി ഹാളിലും. സിറ്റിങ് കം ൈഡനിങ്ങിലെ സീലിങ് ഇല്ലാത്ത സിറ്റിങ് ഭാഗത്തെ ഉയരത്തില്‍ തൂങ്ങുന്ന ഷാന്‍ഡ്ലിയര്‍ വിളക്ക് അവിടത്തെ ഏണി എത്താഞ്ഞ് അടുത്ത വീട്ടിൽനിന്ന് വലിയത് കൊണ്ടുവന്ന് വൃത്തിയാക്കുകയാണ് അവള്.
വസന്ത തിടുക്കത്തിൽ ഡ്രസ് മാറി അടുക്കളയിൽ കയറി. ചായക്ക് വരാറായോ എന്ന് അന്വേഷിക്കാനാണ് സിറ്റിങ് റൂമിലേക്ക് കാലെടുത്തുവെച്ചത്. കൂടെയുള്ള കുട്ടി സഹായിച്ച് വലിയ ഷാൻഡ്ലിയറിന്റെ തൊങ്ങലുകൾ മുഴുവന്‍ താഴെ പേപ്പര്‍ വിരിച്ച് ഇറക്കിവെച്ചിരിക്കുകയാണ്. മൗസുമി ഒരണ്ണാക്കൊട്ടനെപ്പോലെ ഏണിയുടെ ഏറ്റവും മുകളിൽ കയറി കാല്‍വിരലുകളിലൂന്നി ഏന്തിവലിഞ്ഞു നിന്ന് ശ്രദ്ധയോടെ വൃത്തിയാക്കുകയാണ്. തൊട്ട് താഴത്തെ തട്ടിൽനിന്ന് വൃത്തിയാക്കിയാല്‍ പോരെ എന്ന് ചോദിക്കാനാഞ്ഞതാണ്. ആദ്യം അവളെ കണ്ടപ്പോള്‍ തോന്നിയ കല്ലുകടി വീണ്ടും തെറിച്ചു പൊട്ടിയതിനാൽ “ആ” എന്ന് വിസ്തരിച്ചു ചുമല് കുലുക്കി തിരിഞ്ഞപ്പോഴാണ് ഏണിയുടെ ഞെരക്കം കേട്ടത്. വസന്ത തിരിഞ്ഞുനോക്കി. അയ്യോ എന്ന് വായിലൂടെ ശ്വാസവും ശബ്ദവും ഒരേസമയം വിട്ടുകൊണ്ട് അവള് ട്രപ്പീസിലെ പ്ലേയറെ തിരിച്ചുവിടുംപോലെ സ്വന്തം ശരീരം തിരിച്ചു. അപ്പോളവളുടെ മനസ്സിൽ സ്വന്തം ശരീരഭാരം നാൽപത്തഞ്ചിലേക്ക് ചുരുങ്ങി. രണ്ടു ദിവസം മുന്നേ ഏച്ചിയോട് പറഞ്ഞു നോക്കിച്ചപ്പോള്‍ അത് എഴുപത്തഞ്ച് കിലോ ആയിരുന്നു. ഷാന്ഡ്ലിയറില് പിടിച്ച് പൊട്ടിയ ഭാഗമടക്കം മൗസുമി താഴേക്ക് ഊര്ന്നുവരികയായിരുന്നു.
പെട്ടെന്ന് വസന്ത ഒരു ട്രപ്പീസ് ആട്ടക്കാരിയായി ആ ചെറിയ ദൂരം വായുവിലൂടെ തുഴഞ്ഞു. താഴെ നിരത്തിവെച്ചിരിക്കുന്ന തൊങ്ങലുകള് മുഴുക്കെ ചില്ലിന്റേതാണ്. മൗസുമിയുടെ ശരീരം കൈകളാല്‍ വരിഞ്ഞു വെട്ടിമാറി രണ്ടുപേരും ചില്ലുകള്ക്കപ്പുറത്തേക്ക് നിലത്ത് ഉരുണ്ടുവീണു. മൗസുമി വസന്തയുടെ ശരീരത്തിലേക്ക് ഒരു പോറ്റു പൂച്ചകുഞ്ഞിനെപ്പോലെ പറ്റിക്കിടന്നു. അപ്പോള്‍ സത്യന്റെ സെന്റും ബകുളിന്റെ അത്തറും കൂടിക്കലര്‍ന്ന ഒരു മണം വസന്ത മൂക്കിലേക്ക് ആവോളം വലിച്ചുകയറ്റി.