ഒരു മാന്യ വനിത

ആ അവധിക്കാലം ചെലവഴിക്കാൻ ഭർത്താവിന്റെ സുഹൃത്തായ ഗവർണേൽ വരുന്ന വിവരം കേട്ടപ്പോൾ മുതൽ മിസിസ് ബരോഡ അൽപം പ്രകോപിതയായി. തങ്ങൾക്കൊപ്പം താമസിച്ച് കരിമ്പുതോട്ടത്തിലെ പ്രശാന്തമായ ജീവിതം ഒന്നു രണ്ടാഴ്ചക്കാലം ആസ്വദിക്കാനാണത്രെ അയാളുടെ പദ്ധതി. ന്യു ഓർലിയൻസിൽ ശരത്കാലം കഴിഞ്ഞതേയുള്ളൂ. നല്ല മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. ആരുടെയും ശല്യമില്ലാതെ ഭർത്താവുമായി സല്ലപിച്ച് കുറച്ചുകാലം വിശ്രമിക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് ഒന്ന്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആ അവധിക്കാലം ചെലവഴിക്കാൻ ഭർത്താവിന്റെ സുഹൃത്തായ ഗവർണേൽ വരുന്ന വിവരം കേട്ടപ്പോൾ മുതൽ മിസിസ് ബരോഡ അൽപം പ്രകോപിതയായി. തങ്ങൾക്കൊപ്പം താമസിച്ച് കരിമ്പുതോട്ടത്തിലെ പ്രശാന്തമായ ജീവിതം ഒന്നു രണ്ടാഴ്ചക്കാലം ആസ്വദിക്കാനാണത്രെ അയാളുടെ പദ്ധതി. ന്യു ഓർലിയൻസിൽ ശരത്കാലം കഴിഞ്ഞതേയുള്ളൂ. നല്ല മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. ആരുടെയും ശല്യമില്ലാതെ ഭർത്താവുമായി സല്ലപിച്ച് കുറച്ചുകാലം വിശ്രമിക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് ഒന്ന് രണ്ടാഴ്ചക്കാലത്തേക്ക് അതിഥിയായി ഗവർണേൽ വരുന്ന വിവരം അദ്ദേഹം പറയുന്നത്.
അയാളെക്കുറിച്ച് അവൾ ഒരുപാട് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ കോളജിൽ പഠിച്ചതാണ്. അടുത്ത കൂട്ടുകാരനാണ്. ഇപ്പോൾ പത്രപ്രവർത്തകനായി ജോലിചെയ്യുന്നു. ആളുകളുമായി അത്ര പെട്ടെന്ന് ഇടപഴകുന്ന ടൈപ്പല്ല. വിരുന്നുകളിലൊന്നും അങ്ങനെ പങ്കെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് താൻ അയാളെ ഇതുവരെ കാണാതിരുന്നത്. അവൾ മനോവിചാരങ്ങളിൽ മുഴുകി.
ഗവർണേൽ വരുന്ന വിവരം കേട്ടതു മുതൽ അവൾ അയാളെക്കുറിച്ച് മനസ്സിൽ ചില സങ്കൽപങ്ങൾ വരക്കാൻ തുടങ്ങി. എപ്പോഴും കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകിയ, കണ്ണട വെച്ച, നീണ്ട് മെലിഞ്ഞ എല്ലാത്തിനെയും സംശയദൃഷ്ടിയോടെ മാത്രം നോക്കുന്ന ഒരു മനുഷ്യനായിരിക്കും അയാൾ. അയാളെ അവൾക്ക് മനസ്സുകൊണ്ട് ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല. സത്യത്തിൽ ഗവർണേൽ അത്ര മെലിഞ്ഞതല്ല, അത്രക്ക് ഉയരമില്ല, സംശയാലുവുമല്ല, അയാൾ കണ്ണട ധരിക്കാറില്ല. സദാ സമയവും കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി നടക്കാറുമില്ല. അയാൾ വന്നു. അയാളെ കണ്ടപ്പോൾ അവൾക്ക് ഇഷ്ടപ്പെടുകയുംചെയ്തു. പക്ഷേ അയാളെ എന്തുകൊണ്ടാണ് ആദ്യ കാഴ്ചയിൽതന്നെ ഇഷ്ടപ്പെട്ടത്? അവൾ സ്വയം ചോദിച്ചു.
തന്റെ ഭർത്താവ് ഗാസ്റ്റൻ പുകഴ്ത്തിപ്പറയുന്ന കഴിവുകളൊന്നും അയാൾക്കില്ലെന്ന് അവൾക്ക് തോന്നി. സ്വന്തം വീട്ടിൽ എത്തിപ്പെട്ടതുപോലെ അയാൾക്ക് തോന്നാനായി അവൾ ചറ പറ സംസാരിച്ചുകൊണ്ട് ഒരു നല്ല ആതിഥേയയായി മാറി. ഗാസ്റ്റൻ ചങ്ങാതിയെ ഹൃദ്യമായി സ്വാഗതംചെയ്തു. അയാൾ എല്ലാം മൗനമായി സ്വീകരിച്ചു. ഒരുതരം മന്ദഭാവത്തോടെ...
ഒരു സ്ത്രീ അന്യപുരുഷനിൽനിന്നും ആഗ്രഹിക്കുന്നവിധം മര്യാദയോടെയാണ് അയാൾ തന്നോട് ഇടപെടുന്നതെന്ന് അവൾ ശ്രദ്ധിച്ചു. തന്റെ പ്രീതി നേടാൻ അയാൾ ശ്രമിക്കുന്നേയില്ല.
വന്നുചേർന്നതിന്റെ ക്ഷീണം മാറി ചുറ്റുപാടുമായി ഒന്നിണങ്ങിയശേഷം വിശാലമായ തിണ്ണയിലെ വലിയ തൂണുകളിലൊന്നിൽ ചാരി അലസമായി തന്റെ ചുരുട്ട് പുകച്ചുകൊണ്ട് കരിമ്പുതോട്ടത്തെക്കുറിച്ചും കരിമ്പുകൃഷിയെക്കുറിച്ചും ഗാസ്റ്റൻ പറയുന്ന കാര്യങ്ങൾ അയാൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്നത് അവൾ കണ്ടു.
‘‘സത്യത്തിൽ ഇതാണ് ജീവിതം...’’
കരിമ്പുതോട്ടത്തിലൂടെ വരുന്ന ഇളംകാറ്റിൽ അലസമായി അങ്ങനെ ലയിച്ചിരിക്കവെ അയാൾ പറഞ്ഞു. വീട്ടിലെ നായ്ക്കൾ അയാളുടെ കാലുകളിൽ ഉരുമ്മി രസിക്കുന്നുണ്ടായിരുന്നു. തോട്ടത്തിലെ പൊയ്കയിൽ മീൻ പിടിക്കാനും ചിറയുടെ കെട്ടുവരെ നടന്നു കാണാനും ഗാസ്റ്റൻ ക്ഷണിച്ചിട്ടും അയാൾ മടിപിടിച്ച് ഒതുങ്ങിക്കൂടി.
ഗവർണേലിന്റെ വ്യക്തിത്വം പലപ്പോഴും മിസിസ് ബരോഡയെ അത്ഭുതപ്പെടുത്തി. അയാൾ കുഴപ്പക്കാരനല്ല. സത്യത്തിൽ അയാളെ നമുക്ക് സ്നേഹിക്കാൻപോലും തോന്നും. മനസ്സിൽ അങ്ങനെ വിചാരിച്ചു. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഭർത്താവിനെയും അതിഥിയെയും അവരുടെ ലോകത്ത് അവൾ വിട്ടുകൊടുത്തു. തോട്ടത്തിന്റെ മറ്റൊരു ഭാഗത്തുള്ള മില്ലിലേക്ക് അയാളുടെ അലസനടത്തത്തിൽ അവൾ ഒപ്പംചേർന്നു. അയാളുടെ ആ ഉൾവലിയൽ പ്രകൃതത്തെ
ഒന്നു തച്ചുടക്കണമെന്ന് ചിലപ്പോഴൊക്കെ അവൾക്ക് തോന്നി.
‘‘അയാൾ എന്നാ പോകുന്നത്..?’’
ഒരുദിവസം അവൾ ഭർത്താവിനോട് ചോദിച്ചു. ബെഡ് റൂമിലായിരുന്നു അവർ. അവൾ വസ്ത്രം അണിയുകയായിരുന്നു.
‘‘അതോ... എന്റെ വർത്തമാനമൊക്കെ കേട്ട് അവന് മടുത്തെന്ന് തോന്നുന്നു.’’
ഭർത്താവ് പറഞ്ഞു
‘‘അവൻ വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ..?’’
‘‘ഏയ്... ഇല്ല ... ഒരു കുഴപ്പവുമില്ല... അയാളെ എനിക്ക് ബോധിച്ചു... പിന്നെയൊരു കാര്യമുള്ളത് അയാൾ ഒരു രസികനായിരിക്കുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു... അയാൾ മറ്റുള്ളവരെ പോലെ ആയിരുന്നെങ്കിൽ അയാളുടെ സന്തോഷത്തിനുവേണ്ടി കുറച്ചു കാര്യങ്ങൾകൂടി ചെയ്യാമായിരുന്നു.’’
ഗാസ്റ്റിൻ പ്രിയതമയുടെ മുഖം ഇരുകരങ്ങളാൽ സ്നേഹത്തോടെ എടുത്തു. ആ കണ്ണുകളിൽ അരുമയോടെ നോക്കി. ബെഡ് റൂമിലെ ആൾക്കണ്ണാടിയിൽ അവരുടെ രൂപം കാണാമായിരുന്നു.

‘‘എന്റെ ഓമനേ... നീയെന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഇത്തരം അവസരങ്ങളിൽ നീയൊരു ഉത്തമ കുടുംബിനിയായി മാറുന്നുണ്ട്.’’
ഭാര്യയുടെ പിന്നിൽനിന്ന് അവളുടെ പേലവമായ കഴുത്തിൽ ഉമ്മവെച്ച ശേഷം അയാൾ അവളുടെ കുപ്പായത്തിന്റെ പിൻകഴുത്ത് ചരടുകൾ കെട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു.
‘‘ഇവിടെ നോക്ക്... നീ ആ പാവത്താനെ ഓർത്ത് ബഹളംവെക്കരുത്. പാവം ഗവർണേൽ നിനക്കൊരു ബുദ്ധിമുട്ടുണ്ടാക്കണമെന്ന് അയാൾ ഒരിക്കലും ആഗ്രഹിക്കില്ല...’’
‘‘ബഹളമോ... ആര് ബഹളംവെച്ചു. നിങ്ങളെന്താ അങ്ങനെ പറഞ്ഞത്. അയാള് ഭയങ്കര മിടുക്കനാണെന്നല്ലേ പറഞ്ഞത്. പക്ഷെ ഈ മന്ദത കണ്ടപ്പോൾ എനിക്കെന്തോപോലെ തോന്നി.’’
‘‘അവൻ മിടുക്കൻതന്നെയാ... പാവം പണിയെടുത്ത് നടുവൊടിഞ്ഞു കാണും... അതാ ഞാൻ കുറച്ചുകാലം വിശ്രമിക്കാൻ ഇങ്ങോട്ട് ക്ഷണിച്ചത്.’’
‘‘നിങ്ങളല്ലേ പറഞ്ഞത് അയാൾ ഭയങ്കര രസികനാണ്... ബുദ്ധിരാക്ഷസനാണ് എന്നൊക്കെ... അയാൾക്ക് അൽപമെങ്കിലും രസികത്തരമുണ്ടായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു... ഇതൊരു വല്ലാത്ത മന്ദഭാവം...
നാളെ എനിക്ക് പട്ടണം വരെയൊന്ന് പോവണം. വസന്തകാലം വരുവല്ലെ കുറച്ച് വസ്ത്രങ്ങൾ തയ്പിക്കാനുണ്ട്... നിങ്ങളുടെ കൂട്ടുകാരൻ എന്ന് പോവുമെന്ന് എന്നെ അറിയിക്കണേ... പട്ടണത്തിൽ പോവുമ്പോൾ ഒക്ടോവിയ ആന്റിയെ സന്ദർശിക്കണം... കുറച്ചുദിവസം ചിലപ്പോ അവിടെ...’’
ആ സംഭാഷണം അങ്ങനെ അവസാനിച്ചു.
ആ രാത്രിയിൽ അവൾ ഉദ്യാനത്തിലെ ചരൽപ്പാതയിൽ ഓക്ക് മരത്തിന് ചുവട്ടിലെ മരെബഞ്ചിൽ തനിച്ച് ഇരിക്കുകയായിരുന്നു. ചിന്തകളുടെ കുഴമറിച്ചിൽ തന്നെ ഇങ്ങനെ ഇതിന് മുമ്പ് ശല്യപ്പെടുത്തിയില്ലെന്ന് ഓർത്തു. ഈ ചങ്ങാതിമാരുടെ പുനഃസമാഗമത്തിനിടയിൽനിന്ന് എന്തിനാണ് താനിപ്പോൾ ധൃതിപിടിച്ച് ഓടിപ്പോകുന്നത്? അവൾ സ്വയം ചോദിച്ചു. പക്ഷേ പുലർച്ചെ പോയേ പറ്റൂ.
മിസിസ് ബരോഡ തന്റെ ആലോചനകളുമായി അങ്ങനെയിരിക്കെ പാതയിലെ ചരലുകളിൽ ആരുടെയോ കാലടിശബ്ദം കേട്ടു. ഇരുട്ടിൽ തിളങ്ങുന്ന ചുരുട്ട് കണ്ടപ്പോൾ ഗവർണേൽ ആണെന്ന് മനസ്സിലായി. തന്റെ ഭർത്താവ് പുകവലിക്കാറില്ല. ഇരുളിൽ മറഞ്ഞിരിക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷേ അവളുടെ വെളുത്ത വസ്ത്രം ഒറ്റിക്കൊടുത്തു. അയാൾ ചുരുട്ട് നിലത്തിട്ടശേഷം ബെഞ്ചിൽ അവൾക്കരികിലായി വന്നിരുന്നു. അനുവാദമില്ലാതെ ഇരിക്കുന്നതിൽ വിരോധം തോന്നുമോ എന്നൊന്നും ചിന്തിക്കാതെ ഇരുന്നു.
‘‘ഭവതിയുടെ ഭർത്താവ് എന്നോടിത് കൊണ്ടുവന്നു തരാൻ പറഞ്ഞു മിസിസ് ബരോഡ...’’
തന്റെ കൈകളിൽ അരുമയായി പിടിച്ചിരുന്ന വെളുത്ത സ്കാർഫ് അവൾക്കു നൽകിയിട്ട് അയാൾ പറഞ്ഞു. ചുമലും ശിരസ്സും മൂടാൻ അവൾ ഉപയോഗിക്കുന്ന സ്കാർഫാണ്. നന്ദി പറഞ്ഞത് വാങ്ങി സ്കാർഫ് മടിയിലിട്ടു.
വളരുന്ന നിശയിൽ, ആ രാത്രിയെക്കുറിച്ച് അയാൾ ഉപമകൾകൊണ്ട് സംസാരിക്കാൻ തുടങ്ങി.
നിശാ മാരുതനെക്കുറിച്ചാണ് അയാൾ പറഞ്ഞത്. പിന്നീട് നിശ്ശബ്ദനായി കുറച്ചു നേരം ഇരുട്ടിലേക്ക് നോക്കിയിരുന്നു. പെട്ടെന്ന് കവിതപോലെ ചിലത് മൊഴിഞ്ഞു.
‘‘തെക്കൻ മന്ദസമീരന്റെ നിശ
തിളങ്ങും താരകരാവ്
നിശീഥിനി വിളിക്കുംപോലെ...’’
അവൾ വെറുതെ കേട്ടുകൊണ്ടിരുന്നു. ഗവർണേൽ വ്യത്യസ്തനല്ല. അയാളുടെ മൗനം ഇപ്പോൾ വാചാലമാണ്. വൈകാരികമായ പ്രക്ഷുബ്ധത അയാൾ അനുഭവിക്കുന്നപോലെ...
അയാൾ അവളോട് മനസ്സ് തുറന്ന് സംസാരിക്കാൻ തുടങ്ങി. ഗാസ്റ്റിന്റെയും തന്റെയും കോളജ് ജീവിതകാലത്തെക്കുറിച്ചാണ് കൂടുതൽ പറഞ്ഞത്. ആ കാലത്തെ ആശയങ്ങൾ, ആദർശങ്ങൾ, സ്വപ്നങ്ങൾ... ആദർശങ്ങൾ തനിക്ക് ഇപ്പോഴുമുണ്ട്. ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും വലിയ ആദർശം, അയാൾ പറഞ്ഞു. പക്ഷേ സുഖമുള്ള ഇത്തരം യഥാർഥ ജീവിതം ആസ്വദിക്കണം, അയാൾ കൂട്ടിച്ചേർത്തു.
അയാൾ പറയുന്നത് അവൾ കൂടുതൽ കേൾക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ശബ്ദം അവൾ ഊറ്റിക്കുടിക്കുകയായിരുന്നു. അവളുടെ മേനി തരളിതമായി. ആ ശബ്ദത്തിന്റെ സുഖത്തിൽ അവൾ മോഹവലയത്തിൽപെട്ടു. ഇരുളിൽ വിരലുകൾ നീട്ടി അയാളുടെ മുഖവും ചുണ്ടുകളും സ്പർശിക്കണമെന്ന് അവൾ കൊതിച്ചു. അയാളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് അയാളുടെ കവിളിൽ ചുംബിച്ചുകൊണ്ട് താനൊരു മാന്യ വനിതയല്ലെന്ന് പറയണമെന്ന് തോന്നി. ഉൽക്കടമായ വികാരങ്ങൾ അവളെ ചൂഴ്ന്നു നിന്നു. ആ വികാരങ്ങൾ മഥിക്കാൻ തുടങ്ങിയതോടെ അവൾ ഒരു തീരുമാനം എടുക്കാൻ കഴിയാതെ വിഷണ്ണയായി. ഒടുവിൽ മരെബഞ്ചിൽനിന്നും അയാളെ തനിച്ചാക്കി എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. അവൾ പടിവാതിലിൽ എത്തുന്നതിനുമുമ്പ് അയാൾ ഒരു ചുരുട്ട് കൊളുത്തി.
ആ രാത്രി തന്റെ മനസ്സിന്റെ പ്രക്ഷുബ്ധത ഭർത്താവിനോട് പറയണമെന്ന് അവൾക്ക് തോന്നി. തങ്ങൾ നല്ല സുഹൃത്തുക്കളാണ്. എല്ലാം തുറന്നു പറയാൻ കഴിയും. പക്ഷേ വേണ്ട. വികാരത്തെക്കാൾ വിവേകമുള്ള സ്ത്രീയാണ് താൻ. ഒരു മാന്യവനിതയാണ്. ‘ചില യുദ്ധങ്ങൾ മനുഷ്യർക്ക് ഒറ്റക്ക് പോരാടേണ്ടിവരും’, അവൾ മനസ്സിൽ പറഞ്ഞു
കാലത്ത് ഗാസ്റ്റിൻ ഉണരും മുമ്പ് അതിരാവിലെയുള്ള തീവണ്ടിക്ക് അവൾ പട്ടണത്തിലേക്ക് യാത്രതിരിച്ചു. ഗവർണേൽ തിരിച്ചു പോയതിനു ശേഷമാണ് അവൾ മടങ്ങിയെത്തിയത്.
പിന്നീട് വന്ന വേനൽക്കാലത്ത് തന്റെ ചങ്ങാതിയെ വീട്ടിലേക്ക് വീണ്ടും ക്ഷണിക്കാൻ ഗാസ്റ്റിൻ ആഗ്രഹിച്ചു. അവൾ എതിർത്തു. പിന്നീട് അയാൾ ആ കാര്യം മിണ്ടിയില്ല.
അങ്ങനെയിരിക്കെ വർഷാന്ത്യത്തിൽ ഗവർണേലിനെ വീട്ടിലേക്ക് വിളിക്കാൻ അവൾതന്നെ ഭർത്താവിനോട് പറഞ്ഞു. അയാൾക്ക് അത്ഭുതവും സന്തോഷവും തോന്നി.
‘‘എനിക്ക് സന്തോഷമായി ഓമനേ... അവസാനം നിനക്ക് അയാളോടുള്ള വെറുപ്പ് മാറിയല്ലോ... വെറും പാവമാണ് അയാൾ... ഒരു പാവത്താൻ... വെറുപ്പ് മാറിയല്ലോ...’’
ഭർത്താവിന്റെ ചുണ്ടുകളിൽ ഒരു ദീർഘചുംബനം നൽകിക്കൊണ്ട് അവൾ പറഞ്ഞു.
‘‘ഓ... എല്ലാം മാറി... നിങ്ങൾ നോക്കിക്കോ... ഇത്തവണ ഞാനയാളെ നന്നായി പരിഗണിക്കുന്നുണ്ട്...’’
മൊഴിമാറ്റം: ജേക്കബ് ഏബ്രഹാം
-------------------
കേയ്റ്റ് ചോപ്പിൻ
(അമേരിക്കൻ എഴുത്തുകാരി. 1890കളിൽ കേയ്റ്റ് ചോപ്പിന്റെ കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടു. എഴുത്തുകാരിയുടെ മരണശേഷം എഴുത്തുകാരിയുടെ രചനകൾ വിസ്മൃതിയിലായി. തീവ്രമായ സ്ത്രീ അനുഭവങ്ങൾ നിറഞ്ഞ കഥകൾ 1950കളോടെ വീണ്ടും വായനലോകത്ത് ഏറെ ചർച്ചയായി.)