രണ്ട് കഥകൾ

1. രൂപാന്തരം ഒരുദിവസം കലവറയിലെ സ്വയം വരിച്ച പട്ടിണിമരണത്തില്നിന്ന് ഉണര്‍ന്നപ്പോള്‍ അയാള്‍ വീണ്ടും മനുഷ്യനായി മാറിയിരുന്നു. അപ്പോഴും അയാളെ അലട്ടിയത് ഓഫീസില്‍ എങ്ങനെ സമയത്ത് എത്തും എന്ന ചിന്ത തന്നെയായിരുന്നു. കാരണം അയാള്‍ പാറ്റയായി ജീവിച്ച സമയത്ത് ട്രാഫിക് അത്രയും വർധിച്ചിരുന്നു. അന്ന് അയാള്‍ക്കുണ്ടായിരുന്ന അതേ ഭയമാണ് ഇപ്പോഴും അയാളെ ഗ്രസിച്ചത്: താന്‍ വേഗമേറിയ ചക്രങ്ങള്‍ക്കടിയില്‍ അരഞ്ഞുപോകുമോ എന്ന ആശങ്ക. താന്‍ വീട്ടില്‍ ഒരു അന്യന്മാത്രം എന്ന് തോന്നിക്കുംവിധം അച്ഛന് തന്നെ ഇഷ്ടമായിരുന്നില്ലെങ്കിലും, വീട്ടില്‍ അല്പം വരുമാനം കൊണ്ടുവരുന്ന തനിക്കു വല്ലതും പറ്റിയാല്‍ ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1. രൂപാന്തരം
ഒരുദിവസം കലവറയിലെ സ്വയം വരിച്ച പട്ടിണിമരണത്തില്നിന്ന് ഉണര്‍ന്നപ്പോള്‍ അയാള്‍ വീണ്ടും മനുഷ്യനായി മാറിയിരുന്നു. അപ്പോഴും അയാളെ അലട്ടിയത് ഓഫീസില്‍ എങ്ങനെ സമയത്ത് എത്തും എന്ന ചിന്ത തന്നെയായിരുന്നു. കാരണം അയാള്‍ പാറ്റയായി ജീവിച്ച സമയത്ത് ട്രാഫിക് അത്രയും വർധിച്ചിരുന്നു. അന്ന് അയാള്‍ക്കുണ്ടായിരുന്ന അതേ ഭയമാണ് ഇപ്പോഴും അയാളെ ഗ്രസിച്ചത്: താന്‍ വേഗമേറിയ ചക്രങ്ങള്‍ക്കടിയില്‍ അരഞ്ഞുപോകുമോ എന്ന ആശങ്ക. താന്‍ വീട്ടില്‍ ഒരു അന്യന്മാത്രം എന്ന് തോന്നിക്കുംവിധം അച്ഛന് തന്നെ ഇഷ്ടമായിരുന്നില്ലെങ്കിലും, വീട്ടില്‍ അല്പം വരുമാനം കൊണ്ടുവരുന്ന തനിക്കു വല്ലതും പറ്റിയാല്‍ തന്റെ അച്ഛനമ്മമാര്‍ക്ക് കഴിഞ്ഞുകൂടാന്‍ പറ്റാതാകുമോ എന്ന ഭയം. ചിലപ്പോഴൊക്കെ താന്‍ ഇപ്പോഴും പാറ്റതന്നെ എന്ന് അയാള്‍ക്ക് തോന്നിക്കൊണ്ടിരുന്നു. തന്നെക്കാള്‍ പൊക്കമേറിയ അനേകം മനുഷ്യര്‍ക്കും ബസുകള്‍ക്കും ട്രാമുകള്‍ക്കും ട്രക്കുകള്‍ക്കും സംഭാഷണങ്ങളുടെ നീണ്ട വാക്കുകള്‍ക്കുമിടയില്‍ തന്റെ ചിറകുകളും സ്പര്‍ശിനികളും കാലുകളും അമര്ന്നുപോകുമോ എന്ന ഉത്കണ്ഠ.
അതിനേക്കാള്‍ ഭയമുണ്ടാക്കിയ കാര്യം അയാള്‍ തന്റെ ഭാഷ -എന്തും വില്ക്കാന് പോന്ന സെയില്‍സ്മാന്റെ ഭാഷ- മറന്നിരുന്നു എന്നതാണ്. അയാള്‍ക്ക് ഓർമയുണ്ടായിരുന്നത് സ്പര്‍ശിനികളും ശിരസ്സും ചിറകുകളുംകൊണ്ട് താന്‍ കാണിച്ചിരുന്ന ചിഹ്നങ്ങളുടെ ഭാഷ മാത്രമായിരുന്നു. തന്റെ പേരുപോലും അയാള്‍ക്ക് ഓർമ വന്നില്ല. താന്‍ മനുഷ്യന്റെ രൂപമുള്ള ഒരു പ്രാണി മാത്രമാണെന്ന് അയാള്‍ക്കു തോന്നി. ചിലപ്പോള്‍ കലവറയില്‍ ഒളിച്ചിരിക്കാനും കാണുന്നത് കരണ്ടുതിന്നാനും മധുരം കഴിക്കാനും മുടി തിന്നാനും അഴുകുന്ന എന്തും ഉള്ളിലാക്കാനും അയാള്‍ക്ക് തോന്നി. തിന്നു തീര്‍ത്ത പുസ്തകങ്ങള്‍ പലതും ഇപ്പോള്‍ അയാള്‍ ഓര്‍ത്തു. അപ്പോള്‍ അതെല്ലാം വെറും കടലാസു മാത്രമായിരുന്നു. ഇപ്പോള്‍ അവ മനുഷ്യര്‍ എഴുതിയ ക്ലാസിക്കുകള്‍ ആയിരുന്നു എന്ന് മനസ്സിലായി. ഹോമറും വെര്‍ജിലും മുതല്‍ ദസ്തയേവ്സ്കിയും തോമസ്മനും വരെ. അതേസമയം, മറ്റു പ്രാണികള്‍ക്കു അയാള്‍ മനുഷ്യനാണെന്നു തോന്നി. അവ അയാളില്‍നിന്ന് സുരക്ഷിതമായ അകലം പാലിച്ചു ഇഴയുകയും പറക്കുകയും ചെയ്തു -ചിലപ്പോള്‍ അവ തന്നോട് എന്തോ പറയാന്‍ ശ്രമിക്കുന്നതായി അയാള്‍ക്ക് തോന്നിയെങ്കിലും. “എടോ, അഹങ്കരിക്കണ്ടാ, താനും പ്രാണികള്‍ക്കിടയില്‍ ഒരു പ്രാണിയാ” എന്നായിരിക്കാം അത്.
സെയില്‍സ് ഹെഡ് ഓഫിസില്‍ എത്തിയാലും അയാള്‍ക്ക്–നമുക്കു ഗ്രിഗോര്‍ എന്ന ആ ജര്‍മന്‍ പേര് മാറ്റി ‘അമര്‍’ എന്നോ സംസ മാറ്റി ‘ഹംസ’ എന്നോ ആക്കാം –മനുഷ്യരുടെ ജോലികള്‍ ചെയ്യാന്‍ ആദ്യം പ്രയാസമായിരുന്നു. വിൽപനയുടെ തോത് അനുസരിച്ച് ഒരുപാടു കൂട്ടലും കിഴിക്കലും മറ്റും അയാളുടെ ജോലിയുടെ ഭാഗമായിരുന്നു. ആദ്യമാദ്യം അമര്‍ എന്ന ഹംസ തൊട്ടടുത്തിരിക്കുന്ന കാവേരിയോട് സംശയം ചോദിച്ചാണ് എല്ലാം ചെയ്യുക പതിവ്. കാവേരിയില്‍ അയാള്‍ തന്റെ സഹോദരിയായ ഗ്രെറ്റെയെയാണ് കണ്ടത്, അവളുടെ മുകളില്‍ അച്ഛനെപ്പോലെ തനിക്കും അധികാരമുണ്ടെന്ന മട്ടില്‍.
ഗ്രെറ്റെ തന്നെ ദുര്‍ഗന്ധം സഹിക്കാതെ മുറിയില്‍നിന്ന് പുറത്താക്കിയതും താന്‍ ആളുകള്‍ വീട്ടില്‍ വരുമ്പോള്‍ ഒളിച്ചിരിക്കാറുള്ളതും അമ്മതന്നെക്കണ്ട് ബോധം കേട്ടതും ഗ്രെറ്റെ മരുന്നുകുപ്പി തുറക്കുമ്പോള്‍ കുപ്പി പൊട്ടി ശകലങ്ങള്‍ വീണു തന്റെ ദേഹം മുറിഞ്ഞതും അച്ഛന് ഗ്രിഗോര്‍ തന്റെ നേരെ ആപ്പിള്‍ വലിച്ചെറിഞ്ഞപ്പോള്‍ ഉടല് ചതഞ്ഞതും തന്റെ മുറി വീട്ടുകാര്‍ കലവറ ആക്കിയതും എല്ലാം അയാള്‍ക്ക് ഓര്മ വന്നു. വരുമാനം കുറഞ്ഞുപോയ വീട്ടുകാര്‍ തന്റെ മുറി ഒരാള്‍ക്ക് വാടകക്ക് നൽകിയതും, ഗ്രെറ്റെ വയലിന് വായിക്കുന്നതു കേട്ട് പെട്ടെന്ന് താന്‍ കടന്നുചെന്നപ്പോള്‍ “ഇത് പാറ്റകളുടെ വീടാണോ?’’ എന്ന് ചോദിച്ചു വാടകക്കാരന് അതുവരെ താമസിച്ചതിന്റെ പണംപോലും നല്‍കാതെ വിട്ടുപോയതും അയാള്‍ വേദനയോടെ ഓര്‍ത്തു. വിധവയായിരുന്ന, ആരും പേര് പറഞ്ഞു വിളിക്കാതിരുന്ന, അടിച്ചുതളിക്കാരി മാത്രമാണ് അവസാനം വരെ തന്നോട് സഹതാപം പുലര്‍ത്തിയത്. അവര്‍ക്ക് ആ അവസ്ഥ മനസ്സിലാകുമായിരുന്നു. മനുഷ്യസ്ത്രീ ആയി തുടര്‍ന്നുവെങ്കിലും അവരുടെ അവസ്ഥയും ഏറെ വ്യത്യസ്തമായിരുന്നില്ലല്ലോ: പേരില്ലാത്ത ഒരു പ്രാണി.
അവധിയില്‍ ആയിരുന്നപ്പോള്‍ –അയാള്‍ ലീവ് ഒന്നും കൊടുത്തിരുന്നില്ലെങ്കിലും പ്രധാന ഗുമസ്തന് അയാളെ പിരിച്ചുവിട്ടിരുന്നില്ല. അത്ര നല്ല ഒരു സെയില്സ്മാന് ആയിരുന്നു അയാള്‍. തുണികള്‍ വില്ക്കുന്നതില് പ്രത്യേകിച്ചും മിടുക്കന്. തന്റെ കയ്യില്‍ ഉള്ളതാണ് ഏറ്റവും പുതിയ ഫാഷന്‍ എന്ന് ഉപഭോക്താക്കളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ അയാള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. തിരിച്ചുവന്നപ്പോള്‍ അമറിനോട് ഇത്ര ദിവസം അയാള്‍ എവിടെ ആയിരുന്നു എന്ന് ചോദിച്ചുവെങ്കിലും അധികമൊന്നും ശകാരിക്കാതെ അയാളെ ഒപ്പിടാന്‍ അനുവദിക്കുകയുംചെയ്തു. അപ്പോഴാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത്: താന്‍ ഒരു ആയുസ്സാണെന്നു കരുതിയത് കുറച്ചു ദിവസം മാത്രം ആയിരുന്നു. മറ്റൊന്നു കൂടി: ആ ഓഫീസില്‍ മാനേജര്‍ എന്ന് വിളിച്ചിരുന്ന പ്രധാന ഗുമസ്തന് ഒഴികെ എല്ലാവരും പ്രാണികളെപ്പോലെ തന്നെയാണ് കാണപ്പെട്ടിരുന്നത്.
എങ്കിലും ഇത്ര ദിവസംകൊണ്ട് നഗരം എങ്ങനെ ഇങ്ങനെ തിരക്കുള്ളതായി മാറി എന്ന്, കുറെനാള്‍കൂടി മനുഷ്യഭക്ഷണം കഴിക്കുമ്പോള്‍, അയാള്‍ അത്ഭുതം കൂറി. ഒരുപക്ഷേ ഇപ്പോള്‍ മാത്രമാണ് താന്‍ അത് ശ്രദ്ധിക്കുന്നതെന്നു വരാം, പ്രാണിയായി കഴിഞ്ഞ ദിവസങ്ങള്‍ അയാളുടെ കാഴ്ചപ്പാട് ആകെ മാറ്റിയിരിക്കാം -എന്തിനെയും ചെറുതാക്കുന്ന ശാസ്ത്രജ്ഞനായ അച്ഛന്റെ യന്ത്രത്തിനു മുന്നില്‍പെട്ട് കുട്ടികള്‍ ചെറുതാവുകയും കൊച്ചുജീവികളുടെ കാഴ്ചപ്പാടില്‍ അവര്‍ ലോകത്തെ മുഴുവന്‍ ഭയത്തോടെയും വിസ്മയത്തോടെയും കാണുകയും ചെയ്യുന്ന ആ സിനിമയിലെപ്പോലെ. ഒഴുകിവരുന്ന മഴവെള്ളം പ്രളയമായും മുകളില്‍ ഉയരുന്ന കാലുകള്‍ തങ്ങളെ ഞെരിച്ചു കൊല്ലാനുള്ള രാക്ഷസപാദങ്ങളായും അതിന്റെ മണ്ണിലെ ചവിട്ട് ഭൂകമ്പമായും ഇളംതെന്നല്‍ കൊടുങ്കാറ്റായും മറ്റും അനുഭവപ്പെടുന്ന കാഴ്ച.
ആ രൂപമാറ്റം അമറിനെ ആകെ മാറ്റിയിരുന്നു. അയാള്‍ ബന്ധങ്ങളെപ്പോലും പുതിയ രീതിയില്‍ കാണാന്‍ തുടങ്ങി. താന്‍ വിചാരിച്ചിരുന്നപോലെ സ്വതന്ത്രനല്ലെന്നും മറ്റാരുടെയോ ഒക്കെ അടിമ മാത്രമാണെന്നും തിരിച്ചറിഞ്ഞു. താന്‍ വില്‍ക്കുന്നത് വസ്തുക്കള്‍ അല്ലെന്നും തന്നെത്തന്നെ ആണെന്നും അയാള്‍ക്ക് മനസ്സിലായി. ചുറ്റും കണ്ണുതുറന്നു നോക്കിയപ്പോഴാണ് എല്ലാ മനുഷ്യരും പ്രാണികളായി മാറിക്കൊണ്ടിരിക്കുന്നത് അയാള്‍ തിരിച്ചറിഞ്ഞത്. അവര്‍ക്ക് എത്ര കുട്ടികള്‍ ആകാം എന്നുപോലും മുകളിലുള്ള ആരോ തീരുമാനിച്ചിരിക്കുന്നു. അവരുടെ ചര്‍ച്ചാവിഷയങ്ങള്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു, ജോലിസമയംപോലെ തന്നെ.
ഓരോ വിഷയത്തിലും എടുക്കേണ്ട സമീപനങ്ങളും ഒരാള്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍ പിടിക്കേണ്ട കൊടി, വിളിക്കേണ്ട മുദ്രാവാക്യം, നടക്കേണ്ട ദൂരം, നില്‍ക്കേണ്ട അതിര്‍ത്തി, ഉണ്ടാക്കേണ്ട വരുമാനം, ചെയ്യേണ്ട വോട്ട്, തെരഞ്ഞെടുക്കേണ്ട യജമാനന്... എല്ലാം മാറ്റാന്‍ കഴിയാത്ത വിധം നിർണയിക്കപ്പെട്ടിരിക്കുന്നു. പാറ്റയായിരുന്ന താന്‍ ഇപ്പോള്‍ പാറ്റ പോലുമല്ലാത്ത ഒരു യന്ത്രമായി മാറിയോ എന്ന് അമറിനു സംശയം തോന്നി. ആരോ രാവിലെ കീ കൊടുക്കുന്നതുകൊണ്ടാണ് താന്‍ ചാടി എണീക്കുന്നതെന്നും ഓരോരുത്തര് ലിവര്‍ ഉയര്‍ത്തുമ്പോഴാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോ ബ്രേക്ക് ചവിട്ടുമ്പോഴാണ് താന്‍ മിണ്ടാതിരിക്കയോ കിടക്കുകയോ ചെയ്യുന്നതെന്നും എപ്പോഴും താന്‍ പാറ്റയുടെ തവിട്ടുനിറമുള്ള യൂനിഫോമില്‍ ആണെന്നും അയാള്‍ക്ക് തോന്നി. തന്റെ പേര് അയാള്‍ മറന്നുപോയിരുന്നു. പകരം മേശയില്‍ എഴുതിയിരുന്ന 12 എന്ന നമ്പര്‍ മാത്രം അയാള്‍ ഓര്‍ത്തു, തന്റെ പുതിയ പേര് അതാണെന്ന് അയാള്‍ വിശ്വസിച്ചു. ആരെങ്കിലും ‘12’ എന്ന് പറഞ്ഞാല്‍ അയാള്‍ ചെവി കൂര്‍പ്പിച്ചു ചാടിയെണീറ്റു തുടങ്ങി.
ഒരു വ്യാഴാഴ്ച ‘12’ എന്ന വിളി കേട്ടു അയാള്‍ ചാടി എണീറ്റു. അതിര്‍ത്തിയില്‍ നിന്ന് ഒരു വെടിയുണ്ട അയാളുടെ നേരെ പാഞ്ഞുവന്നു. അവസാനമായി കണ്ണടക്കുമ്പോള്‍, ഒരു വെടിയുണ്ടക്ക് ഇപ്പോഴും തന്നെ കൊല്ലാന്‍ കഴിയുന്നുണ്ടല്ലോ എന്ന് അയാള്‍ ആലോചിച്ചു സന്തോഷിച്ചു. തന്റെ ഉടലില്‍നിന്ന് ഒഴുകുന്നത് മനുഷ്യന്റെ രക്തമാണെന്നതു കണ്ട് അയാള്‍ ഒടുവിലത്തെ ചിരി ചിരിച്ചു. താന്‍ എന്നും മറ്റുള്ളവരുടെ –അച്ഛന്, അമ്മ, സഹോദരി, മാനേജര്‍, രാഷ്ട്രാധിപന്– ഇംഗിതം അനുസരിച്ച് അവര്‍ക്ക് വേണ്ടിയാണല്ലോ ജീവിച്ചത് എന്നും അയാള്‍ ഖേദത്തോടെ ഓര്‍ത്തു. പക്ഷേ, വൈകിപ്പോയിരുന്നു. ആ രക്തം നിലത്ത് ‘പന്ത്രണ്ട്’ എന്ന് എഴുതുന്നത് അയാളുടെ അടയുന്ന കണ്ണുകള്‍ കണ്ടു. അതില്‍നിന്ന് അനേകം പാറ്റകള്‍ തവിട്ടു യൂനിഫോമില്‍ ഉയര്‍ന്ന് അതിര്‍ത്തി കാക്കാന്‍ പോകുന്നതും.

* * *
(ഫ്രാന്‍സ് കാഫ്കയുടെ ‘രൂപാന്തരം’ എന്ന കഥക്ക് ഒരു തുടര്‍ച്ച)
2. ലില്ലിപ്പുട്ട്
വസന്തകാലമായിരുന്നു അത്. പൂക്കളോട് യാത്രപറഞ്ഞാണ് ശസ്ത്രക്രിയാമുറി വിട്ടു ചോരപുരണ്ട ചുവന്ന കയ്യുറയൂരി നീലക്കടലിലിറങ്ങി കപ്പിത്താനായ ഗളിവര്‍ അക്കാലത്തെ പല നായകന്മാരെയും പോലെ കപ്പല്‍ തകര്‍ന്ന് ദ്വീപില്‍ എത്തിപ്പെട്ടത്. ലില്ലിപ്പുട്ടിലെ ആറിഞ്ചുകാര്ക്ക് അയാള്‍ ഒരു ‘അതികായന്’ ആയത് സ്വാഭാവികം. അയാളുടെ നല്ല പെരുമാറ്റത്തിന് പ്രധാന കാരണം ആ ചെറിയ മനുഷ്യര്‍ക്ക് അയാളെ അധികമൊന്നും ഉപദ്രവിക്കാന്‍ കഴിയില്ലായിരുന്നു എന്നതുകൂടിയാണ്. രാജാവിനും അയാള്‍ അങ്ങനെ പ്രിയപ്പെട്ടവനായി.
എങ്കിലും ആ ഹ്രസ്വകായര്‍ അയാളെ ഉള്ളാലെ ഭയക്കാതെയുമിരുന്നില്ല. നന്നായി പെരുമാറുന്ന ആനയോടും മനുഷ്യര്‍ക്കുള്ളില്‍ ഉണ്ടാവുന്ന ഭീതിപോലെയായിരുന്നു അത് -എപ്പോഴാണ് ഇടയുക എന്ന് അറിയാത്ത അവസ്ഥ. ഗളിവറിനു ഇഷ്ടമില്ലാതിരുന്നത് ചെണ്ടയുടെ ഒച്ചയോ തീവെട്ടിയോ പാപ്പാന്റെ തോട്ടിയോ ഒന്നുമായിരുന്നില്ല, ആ മനുഷ്യരുടെ ചര്‍ച്ചകളുടെ നിസ്സാരത ആയിരുന്നു. മുട്ടയുടെ ഏതു അറ്റമാണ് ആദ്യം പൊട്ടിക്കുന്നത് എന്നതിനെച്ചൊല്ലി അവിടെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഉണ്ടായി. പൊതുവേദികളിലെ ചര്‍ച്ചകളിലെ വിഷയങ്ങളുടെ സ്വഭാവവും അതുതന്നെയായിരുന്നു. മത്തങ്ങയുടെ തൊലി അർബുദത്തിനു കാരണമാകുമോ, വെള്ളരിക്ക കഴിച്ചാല്‍ തൊലി വെളുക്കുമോ, കൊതുക് എത്ര ഉയരത്തില്‍ പറക്കും, കരിമ്പിന് മധുരം എവിടെനിന്ന് കിട്ടി, പക്ഷികളുടെ പാട്ട് കേട്ടാണോ മരങ്ങള്‍ പൂവിടുന്നത്, പൂമ്പാറ്റകള്‍ മഴകൊണ്ടാല് നനയുമോ, പൂച്ചയുടെ ദേഹത്ത് ശരാശരി എത്ര രോമമുണ്ടാവും -അങ്ങനെ പോയി ആ ചര്‍ച്ചകള്‍.
ഓരോന്നിലും സ്വന്തം പാര്‍ട്ടി എടുക്കുന്ന നിലപാട് തന്നെയാണ് അതില്‍പെട്ട എല്ലാവരും എടുത്തത്, എടുക്കാത്തവര്‍ പുറത്താക്കപ്പെട്ടു, ചിലപ്പോള്‍ കൊല്ലപ്പെടുകയുംചെയ്തു. അവരില്‍ കൊലയെ അതിജീവിച്ചവര്‍ പുതിയ പാര്‍ട്ടികള്‍ ഉണ്ടാക്കി. അങ്ങനെ ലില്ലിപ്പുട്ടില്‍ പാര്‍ട്ടികള്‍ പെരുകി. ചിലര്‍ക്ക് അരയിഞ്ച് പൊക്കം കൂടുതലുണ്ടായിരുന്നു, അവരും ഒരു പാര്‍ട്ടിയായി – ‘ആറരയിഞ്ചു പാര്‍ട്ടി’. അവരുടെ കൊടിയും ആറര ഇഞ്ച് ഉള്ളതായിരുന്നു, ചിഹ്നം ഒരു അളവുകോലും. അപ്പോള്‍ ആറിഞ്ചുകാര്ക്കെതിരെ അഞ്ചരയിഞ്ചുകാര് വേറെ കക്ഷിയുണ്ടാക്കി. ഒരു കടുകുചെടി ആയിരുന്നു അവരുടെ ചിഹ്നം. പ്രത്യേകിച്ച് ആദര്‍ശങ്ങള്‍ ഒന്നുമില്ലാത്ത ഈ പാര്‍ട്ടികള്‍ അവസരം അനുസരിച്ച് ഒന്നിച്ച് ചേരുകയും അകലുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. പൊക്കത്തിനു പുറമെ തൊലിയുടെ നിറം, തൊഴിലിന്റെ സ്വഭാവം, മതം, ഗ്രാമീണനോ നഗരവാസിയോ എന്നത് –അങ്ങനെ പലതും പാര്‍ട്ടികള്‍ക്ക് നിമിത്തമായി. അവിടെ ഇല്ലാതായി എന്ന് തോന്നിച്ചിരുന്ന ജാതികള്‍ പാര്‍ട്ടികളുമായി ചേര്‍ന്നു തിരിച്ചുവന്നു, പാര്‍ട്ടികള്‍ക്ക് ശക്തിപകര്‍ന്നത് –അതവര് പറയാറില്ലെങ്കിലും– മതസംഘങ്ങളും ജാതിസംഘടനകളുമാണ്.
ഗളിവര്‍ ഇതെല്ലാം കണ്ടു ഉള്ളില്‍ ചിരിച്ചുവെങ്കിലും പുറമേ ഗൗരവം നടിച്ചു. ചിരിച്ചാല്‍ ഈ പൊക്കക്കാരന് തങ്ങളെ കളിയാക്കുകയാണ് എന്ന് അവര്‍ കരുതിയാലോ! പക്ഷേ കാര്യമുണ്ടായില്ല, ചിരിക്കാത്തതുകൊണ്ട് ചിരിപ്പാര്ട്ടിക്കാര് ഗളിവറെ ആണിയടിച്ചു വിരല്‍ വിരലായി കെട്ടിയിട്ടു, അയാളുടെ രോമങ്ങള്‍കൊണ്ട് തന്നെ കയറുണ്ടാക്കി. അയാളുടെ മേല്‍ ഓടി നടന്നു; ചില പൊതുയോഗങ്ങള്പോലും ആ ദേഹത്തിനു മുകളില്‍ അവര്‍ നടത്തി. കരച്ചില് പാര്ട്ടിക്കാര് അപ്പോള്‍ കരഞ്ഞു ബഹളമുണ്ടാക്കി. അലര്ച്ചപ്പാര്ട്ടിക്കാര് അലറി. വികസനപ്പാര്ട്ടിക്കാര് അയാളുടെ മീതേ ഒരു വലിയ റോഡുണ്ടാക്കാന്‍ ശ്രമിച്ചു, പരിസ്ഥിതിപ്പാര്ട്ടിക്കാര് ഒരു കാട് വെച്ച് പിടിപ്പിക്കാനും. ഓരോ കക്ഷിക്കാരും അയാളെ തങ്ങളുടെ കക്ഷിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു, പക്ഷേ അയാളെ എന്തു കൊടുത്താണ് മയക്കുക എന്നോ, എന്താണ് അയാളെ പ്രലോഭിപ്പിക്കുക എന്നോ അവര്‍ക്ക് അറിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ പരാജയപ്പെട്ടു; ദ്വീപിലെ ആരെയും പിണക്കാന്‍ അയാള്‍ക്കും ഇഷ്ടമല്ലായിരുന്നു. അവര്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ തലസ്ഥാനത്ത് പടര്‍ന്ന തീ മൂത്രമൊഴിച്ചു കെടുത്തുകപോലുംചെയ്തു.
അവിടെ, ആ നാടിന്റെ പഴയ ചക്രവര്‍ത്തി നാട് കാണാന്‍ വരുന്ന ഒരു ആഘോഷമുണ്ടെന്നു അയാള്‍ മനസ്സിലാക്കി. അന്ന് അവര്‍ നൂറുപേര് ചേര്‍ന്നു ഗളിവറെ ഒരു രാജാവിന്റെ വേഷം കെട്ടിച്ചു, എല്ലാവരും ഓരോ കഷണം പട്ടുതുണിയും കിരീടത്തിന്റെ ഒരു കൊച്ചു കഷണവും കൊണ്ടുവന്നിരുന്നു. അവര്‍ ചെണ്ടകൊട്ടി അയാളെ വീടുകളില്‍ കൊണ്ടുനടന്നു. അപ്പോഴാണ് അയാള്‍ ആദ്യമായി ലില്ലിപ്പുട്ടിലെ സാധാരണ സ്ത്രീകളെ കണ്ടത്, അവര്‍ വീടുകളിലെ തീപ്പെട്ടിയുടെ വലുപ്പമുള്ള അടുക്കളകളിലായിരുന്നു. (മുമ്പ് രാജ്ഞിയെയും ചില തോഴിമാരെയും മാത്രമേ അയാള്‍ കണ്ടിരുന്നുള്ളൂ) അവിടെ നിന്ന് എന്തൊക്കെയോ നല്ല മണങ്ങള്‍ അയാളുടെ മൂക്കില്‍ അടിച്ചു. പിന്നെ പള്ളികളിലെയും അമ്പലങ്ങളിലെയും ആഘോഷങ്ങള്‍ക്ക് അയാള്‍ കാത്തിരിപ്പായി.
വസൂരിയും വെള്ളപ്പൊക്കവും വന്നപ്പോള്‍ ജാതിയും മതവും അപ്രത്യക്ഷമായി. പക്ഷേ, അവ പോവേണ്ട താമസം, അവയെല്ലാം പോയതിനെക്കാള് വേഗത്തില്‍ തിരിച്ചുവന്നു. പിന്നെ കുട്ടികള്‍ –അവരുടെ പൊക്കം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ– ഇടക്കിടക്ക് വഴക്കിടുകയും ചിലപ്പോള്‍ അടുത്ത കൂട്ടുകാരെ മൊട്ടുസൂചി കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തു. ആ തുരുത്തില് വളരുന്ന ഒരു ചെടിയുടെ പൂമ്പൊടിക്ക് ലഹരിയുണ്ടെന്നും അതാണ് കുട്ടികളെ കൊലയാളികളാക്കുന്നതെന്നും ചിലര്‍ പറഞ്ഞു. അച്ഛനമ്മമാര്‍ക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമുണ്ടായില്ല, അച്ഛന്മാര്, ഘോഷയാത്രകള്‍ ഒന്നും ഇല്ലാത്തപ്പോഴൊക്കെ (അവയില്‍ പങ്കെടുക്കല്‍ ആയിരുന്നു അവരുടെ വരുമാന മാർഗം, ഏതു പാര്‍ട്ടി എന്ന് അവര്‍ നോക്കാറില്ല, എന്ത് കിട്ടും എന്നാണു നോക്കാറ്), മദ്യക്കടകളില്‍ ക്യൂ നില്‍ക്കുകയായിരുന്നു, അമ്മമാര്‍ അവരെയും കുട്ടികളെയും പോറ്റാന്‍ സ്വന്തം വീട്ടിലും മറ്റു ചില വീടുകളിലും ജോലിയെടുക്കുകയും.

ആ ദ്വീപില്‍ നിറയെ എഴുത്തുകാരാണെന്നു കേട്ടിരുന്നു; എഴുതാത്തവര്‍ പ്രസംഗങ്ങള്‍ നടത്തി -ചിലപ്പോള്‍ എഴുതുന്നവരും. എഴുത്തുകാര്‍ പ്രസാധകരും പുരസ്കാരദായകരും പുരസ്കാര ജേതാക്കളും ഒക്കെയായി വേഷം മാറിക്കൊണ്ടിരുന്നു. ആ മേഖലയില്‍ അവര്‍ സ്വയം പര്യാപ്തത നേടിയിരുന്നു- സ്വയം എഴുതി, സ്വയം പ്രസിദ്ധീകരിച്ച്, സ്വയം സമ്മാനത്തുകയും സമ്മേളനച്ചെലവും നല്കി, മറ്റൊരാളെയോ സംഘടനയെയോ കൊണ്ട് അത് നല്‍കിച്ച് സ്വയം വാങ്ങുമായിരുന്നു. ഓരോന്നിനും വലിയ എഴുത്തുകാരുടെ പേരും ഉണ്ടാകും, ആ പേരിന്റെ വലുപ്പം അനുസരിച്ചാണ് എഴുത്തുകാര്‍ തുക നല്‍കേണ്ടത്. ഇത് ഗളിവറിനു പുതിയ കാഴ്ചയായിരുന്നു, കൊള്ളാമല്ലോ എന്ന് സ്വയം പറയുകയുംചെയ്തു.
പക്ഷേ എത്ര ശ്രമിച്ചിട്ടും ആ സാഹിത്യം വായിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല; ആ ദ്വീപിലെ ഭാഷ അയാള്‍ക്ക് മനസ്സിലായില്ല. വാക്കുകള്‍ക്കെല്ലാം നീളം തീരെ കുറവായിരുന്നു. ചില വാക്കുകള്‍ അയാളുടെതന്നെ നാട്ടിലും ഉണ്ടായിരുന്നവയാണ്. അവ കൂടാതെ അയാള്‍ക്ക് ആകെ പഠിക്കാന്‍ കഴിഞ്ഞത് രണ്ടു വാക്കുകള്‍ ആയിരുന്നു, പക്ഷേ അവയുടെ അർഥം അയാള്‍ക്ക് അറിയില്ലായിരുന്നു. ഒരിക്കല്‍ കൊട്ടാരത്തിലെ ഒരാളോട് ആ വാക്കുകള്‍ പറഞ്ഞപ്പോള്‍ അയാള്‍ കോപംകൊണ്ട് ചുവന്നു. ഗളിവറിനെ അയാള്‍ ചവിട്ടിയെങ്കിലും അത് അയാളുടെ വിരലിന്റെ അറ്റം അല്പം വേദനിപ്പിച്ചതേയുള്ളൂ. ഏതായാലും ആ വാക്കുകള്‍ അവിടത്തെ ശകാരവാക്കുകള്‍ ആണെന്നും ഓരോ പാര്‍ട്ടിക്കാരും മറ്റു പാര്‍ട്ടിക്കാരെ സംബോധന ചെയ്യുന്നത് അത്തരം വാക്കുകള്‍ ഉപയോഗിച്ചാണെന്നും അങ്ങനെയാണ് അവിടെ ജനാധിപത്യവും സമത്വവും പുലരുന്നതെന്നും ഗളിവര്‍ മനസ്സിലാക്കി. ആവശ്യം വന്നാല്‍ മാത്രം പഠിച്ച വാക്കുകള്‍ പ്രയോഗിക്കാം എന്നും തീരുമാനിച്ചു.
ലില്ലിപ്പുട്ടിലെ രാജാവിനു ഗളിവറിനെ ഉപയോഗപ്പെടുത്തി മറ്റെല്ലാ രാജാക്കന്മാരെയും കീഴ്പ്പെടുത്തി തന്റെ കക്ഷിയില്‍ ചേര്‍ക്കാന്‍ -രാജാവിന്റെ കക്ഷി ആ ദ്വീപില്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ- ആഗ്രഹം തോന്നിയെങ്കില്‍ രാജാവിനെ കുറ്റം പറയാന്‍ കഴിയില്ലല്ലോ. ജനത മുഴുവന്‍ ഭയക്കുന്ന രാജാവ് പറയുന്നത് അനുസരിക്കാതിരുന്നാല്‍ ദ്വീപില്‍ തന്റെ ജീവിതം കഠിനമാകുമെന്നും അവിടത്തെ പട്ടാളക്കാര്‍ കുന്തങ്ങളായി കയ്യില്‍ പിടിച്ചിരുന്ന സൂചികള്‍ തന്റെ ദേഹത്ത് കയറ്റി രസിക്കുമെന്നും തോന്നിയതിനാല്‍ ഗളിവര്‍ കൽപന അനുസരിക്കാന്‍ തയാറായി. അങ്ങനെ അയല്‍നാടിനെ അനായാസമായി ലില്ലിപ്പുട്ട് കീഴ്പ്പെടുത്തി. അപ്പോഴാണ് ഗളിവറിനു മനസ്സിലായത്, ആ രാജ്യം തന്നെ ലില്ലിപ്പുട്ടുകളുടെ ഒരു റിപ്പബ്ലിക് ആണെന്ന്. അല്പം വലിയ മനുഷ്യര്‍ മുമ്പ് ഉണ്ടായിരുന്നുവത്രേ, പക്ഷേ ഇപ്പോള്‍ ഇല്ല.
അതിനിടെ ഗളിവര്‍ ലില്ലിപ്പുട്ടിന്റെ ചില ചരിത്രങ്ങള്‍ വായിച്ചിരുന്നു. വലിയ ശക്തിയുള്ള ലെന്‍സുകള്‍ വെച്ചാണ് അയാള്‍ ആ നന്നേ ചെറിയ പുസ്തകങ്ങള്‍ വായിച്ചത്. അവിടെ കലാപങ്ങളും ഉയിര്ത്തെഴുന്നേൽപുകളും നടന്നിരുന്നു എന്നും പണ്ട് ചില ആളുകള്‍ക്ക് വഴിനടക്കാന്‍പോലും അനുവാദം ഉണ്ടായിരുന്നില്ലെന്നും അവിടെ ഒരു വിപ്ലവപ്രസ്ഥാനംപോലും ഉണ്ടായിരുന്നെന്നും ഗളിവര്‍ മനസ്സിലാക്കി. ഇപ്പോള്‍ അന്യോന്യം പോരടിക്കുന്ന, ഒരു ദൂരക്കാഴ്ചയുമില്ലാത്ത ചെറിയ മനുഷ്യര്‍ നയിക്കുന്ന, കക്ഷികളേയുള്ളൂ. ശത്രുക്കള്‍ക്ക് കടന്നുകയറാന്‍ പറ്റിയ സാഹചര്യം. അതുണ്ടാകാതിരിക്കാന്‍ ഒന്നിച്ചുനില്‍ക്കണം എന്ന ബോധംപോലും ഇല്ല. അവര്‍ കടന്നുകയറിക്കഴിഞ്ഞു എന്ന് പറയാം. അതോടെ എല്ലാ പാര്‍ട്ടികളും ഇല്ലാതാവും. വീണ്ടും വഴി നടക്കാനോ വായിക്കാനോ എഴുതാനോ വയ്യാതാവും.
ഈ കാര്യങ്ങളൊക്കെ വിളിച്ചുപറയാന്‍ തുടങ്ങിയപ്പോള്‍ രാജാവ് ഗളിവറിനു എതിരായി, പണ്ട് തലസ്ഥാനത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ അയാളെ കുരുടനാക്കാന് കൽപിച്ചു. പക്ഷേ, കൊട്ടാരത്തില്‍ രാജാവിനോട് അപ്രിയം ഉണ്ടായിരുന്ന ഒരാള്‍ ഗളിവറിനെ സഹായിച്ചു. അയാള്‍ ഗളിവറിന്റെ ശരീരത്തില്‍ വള്ളികളും ഇലകളും മറ്റും ചാര്‍ത്തി ഒരു മരമാണെന്ന മട്ടില്‍, അയാളെ പുറത്തെത്തിച്ചു. താന്‍ പറയുന്ന കഥ ആളുകള്‍ വിശ്വസിക്കാനായി ലില്ലിപ്പുട്ടിലെ ചില ജന്തുക്കളെയും വസ്തുക്കളെയും ഗളിവര്‍ കൂടെ എടുത്തിരുന്നു. ഈച്ചയോളം പോന്ന ഒരു പരുന്ത്, തേരട്ടയോളം പോന്ന ഒരു പാമ്പ്, നെല്ലിക്കയോളം പോന്ന നാളികേരം, ചെത്തിപോലുള്ള ഒരു ചെമ്പരത്തിപ്പൂവ്, ഒരു സഞ്ചിയില്‍ ഒരു മനുഷ്യന്.
ഒരു തോണിയില്‍ കയറി ഗളിവര്‍ കടലിലിറങ്ങി. അയാളുടെ സ്വപ്നത്തില്‍ നിറയെ തന്നെക്കാള്‍ വളരെ വലിയ മനുഷ്യരായിരുന്നു. തന്നെ ചെറുതായി കാണുന്നവര്‍. പുല്ലുകള്‍പോലും തേക്കുമരങ്ങള്‍ പോലെ വളരുന്ന ഒരിടം. മുയലുകള്‍ മേഘങ്ങളെക്കാള്‍ വലുതായ, തത്തകള്‍ മാവുകളോളം വളര്‍ന്ന, ഉറുമ്പുകള്‍ ഡ്രാഗണുകളായി ഇഴയുന്ന, തേരട്ടകള്പോലും കപ്പല്‍ പോലെ തോന്നിക്കുന്ന, ആപ്പിളുകള്‍ക്കു മത്തങ്ങയുടെ വലിപ്പമുള്ള, തന്നെ മനുഷ്യര്‍ക്ക് ഒരു യാത്രപ്പെട്ടിയില്‍ കൊണ്ടുനടക്കാവുന്ന ഒരിടം. അത് തന്നെ വിനയം പഠിപ്പിക്കുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു.