Begin typing your search above and press return to search.

ഇടുക്കപ്പേടി

ഇടുക്കപ്പേടി
cancel

രാത്രിയെത്തിയ അവസാന വായനക്കാരനും പുസ്തകം അടച്ചു​െവച്ചു. ലൈബ്രേറിയൻ വിളക്കുകൾ ഓരോന്നായി കെടുത്തി തുടങ്ങി. ചില്ലുജാലകങ്ങളിലൂടെ നുഴഞ്ഞെത്തിയ നിലാവെളിച്ചം പുസ്തകങ്ങളെ വാരിപ്പുണർന്നു. തടി പാകിയ നിലത്ത് നഗ്നപാദയായി നടക്കാനാണ് തെരേസക്കിഷ്ടം; വിശേഷിച്ചും രാത്രികാലങ്ങളിൽ. ആളൊഴിഞ്ഞ ഇടനാഴികളിൽ ചായുന്ന ഉദാസീന കഥാപാത്രങ്ങളെ തുകൽ ഷൂസിന്റെ പ്രതിധ്വനികൾ അലട്ടിയേക്കാം. നിദ്രയിലാണ്ട കഥാപാത്രങ്ങളെ ഉണർത്തിയാലുള്ള വിപത്തുകളറിഞ്ഞ തഴക്കമുണ്ടവർക്ക്. ഇരുപ്പ് ജോലി സമ്മാനിച്ച കാലങ്ങളുടെ വളവ് തെരേസയുടെ നട്ടെല്ലിനെ ഭൂമിക്ക് സമാന്തരമായി വളർത്തിക്കൊണ്ടിരുന്നു. കട്ടിക്കണ്ണടയും പോക്കറ്റിലിട്ട്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

രാത്രിയെത്തിയ അവസാന വായനക്കാരനും പുസ്തകം അടച്ചു​െവച്ചു. ലൈബ്രേറിയൻ വിളക്കുകൾ ഓരോന്നായി കെടുത്തി തുടങ്ങി. ചില്ലുജാലകങ്ങളിലൂടെ നുഴഞ്ഞെത്തിയ നിലാവെളിച്ചം പുസ്തകങ്ങളെ വാരിപ്പുണർന്നു. തടി പാകിയ നിലത്ത് നഗ്നപാദയായി നടക്കാനാണ് തെരേസക്കിഷ്ടം; വിശേഷിച്ചും രാത്രികാലങ്ങളിൽ. ആളൊഴിഞ്ഞ ഇടനാഴികളിൽ ചായുന്ന ഉദാസീന കഥാപാത്രങ്ങളെ തുകൽ ഷൂസിന്റെ പ്രതിധ്വനികൾ അലട്ടിയേക്കാം. നിദ്രയിലാണ്ട കഥാപാത്രങ്ങളെ ഉണർത്തിയാലുള്ള വിപത്തുകളറിഞ്ഞ തഴക്കമുണ്ടവർക്ക്. ഇരുപ്പ് ജോലി സമ്മാനിച്ച കാലങ്ങളുടെ വളവ് തെരേസയുടെ നട്ടെല്ലിനെ ഭൂമിക്ക് സമാന്തരമായി വളർത്തിക്കൊണ്ടിരുന്നു. കട്ടിക്കണ്ണടയും പോക്കറ്റിലിട്ട് കഴുത്തൊപ്പം കുറുകിയ നരച്ച മുടിയൊതുക്കി അവർ ആ പഴയ ഗ്രന്ഥശാലയുടെ കൂറ്റൻ തടിവാതിലുകൾക്ക് താഴിട്ടു. ലൈബ്രേറിയന്റെ കസേരയിൽ അവശേഷിച്ച ചൂട് അൽപനേരം കൂടി അവിടെ പൂച്ചമയക്കം പൂണ്ട് കിടന്നു.

ദശകങ്ങളായി അറിവും അനുഭവവും പേറി ഒരേ നിൽപിലായ ഷെൽഫുകൾ ഇരുളിനെ വിഴുങ്ങി അത്താഴമുണ്ണുന്നു. ഗോവണി കയറിയെത്തുന്ന വിശാലമായ തളത്തിൽ കുട്ടികളുടെ പുസ്തക ഷെൽഫുകളാണ്. അവയിൽ ഏറ്റവും പിന്നിലുള്ളതിന്റെ മൂന്നാമത്തെ തട്ടിൽനിന്നും പൊടിയുടെ ചെറുപടലം ചന്ദ്രപ്രഭയിലേക്ക് ഉയരുന്നു. കടലാസ് കീറുന്ന ശബ്ദത്തോടൊപ്പം പേജുകൾ ദ്രുതഗതിയിൽ മറിയുന്നതും കേൾക്കാം. തടിയിൽ നഖം കോറുന്ന ഞരക്കവും, നിലത്ത് ചെവി ചേർത്താലുള്ള നനുത്ത പദനിസ്വനവും കേൾക്കുന്നത് അവിടന്ന് തന്നെയാണ്.

ജനാലയ്ക്ക് സമീപമുള്ള മേശമേൽ ഒരനക്കം. മേശപ്പുറത്ത് കാലാട്ടി പാട്ടുമൂളി ഇരിക്കുന്ന നീലക്കണ്ണുകളുള്ള പെൺകുട്ടി, അവൾ ആദ്യമായാണ് ഈ ഇരുപ്പ് പരീക്ഷിക്കുന്നതെന്ന് തോന്നില്ല. ഇടയ്ക്കിടെ പെൺകുട്ടി കുട്ടിക്കഥകളുടെ ഷെൽഫിലേക്ക് തിരിഞ്ഞു നോക്കും. അവൾ ആ ഇരുപ്പിൽനിന്നും ഉയരുകയും അഴികളില്ലാത്ത ജനാല തുറന്ന് നിലാവെളിച്ചത്തിലേക്ക് എടുത്തു ചാടുകയും ചെയ്തത് എത്ര പെ​െട്ടന്നായിരുന്നു! ലൈബ്രറിക്ക് പിന്നിലെ തേക്ക് മരങ്ങൾക്കിടയിലൂടെ പെൺകുട്ടി മന്ദം നടന്നു. ചീവീടുകൾ അവളുടെ കാലടികൾക്ക് ലയം പകരുന്നു. അൽപം മുമ്പ് പെയ്ത മഴ അവളുടെ കറുത്ത ഷൂസിന്റെ കൂർത്ത മുനയിൽ ചളിപ്പശ പടർത്തി. ഏറെ നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ, ലൈബ്രറിയുടെ പ്രേതരൂപം ഒരു ഡാവിഞ്ചി ചിത്രംപോലെ കൃത്യതയാർന്ന അളവുകളായി അവളിൽ പതിഞ്ഞു. പക്ഷേ ഇരുൾ ചുറ്റിയ കൽത്തൂണിനു പിന്നിലെ ആ കൂനിയ രൂപത്തെ കുട്ടി കണ്ടിരുന്നില്ല. ജനാലയിൽനിന്നെടുത്തു ചാടിയപ്പോൾ അവൾ തെറിപ്പിച്ച ചളി തുടച്ചുകൊണ്ട് തെരേസാ മാത്യൂസ് തൂണിനു പിന്നിൽനിന്ന് മന്ത്രിച്ചു, ‘‘തോന്ന്യാസി! നീ ഒരു നാൾ ചാടിപ്പോകുമെന്ന് എനിക്കുറപ്പായിരുന്നു.’’

കാറ്റേറ്റ് താണുവന്ന കൺപോളകളെ അവൾ ബലമേകി ഉയർത്തിനിർത്തി. ഉറങ്ങരുത്! അവൾ നീല ഫ്രോക്കിന്റെ ലേസ് ഞൊറികളിലെ വെളുത്ത നൂലൂകൾ നുള്ളി കാറ്റിൽ പറത്തിക്കൊണ്ടിരുന്നു. ആദ്യമായാണ് ഒറ്റയ്ക്ക്, അതും വിജനതയിൽ പടചേർന്നു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിൽ.

ചീവീടുസംഘം അവളെ ഒളിഞ്ഞും തെളിഞ്ഞും നിരീക്ഷണവലയത്തിലാക്കി. ചീവീടുണ്ണികൾ ചോദിച്ചു, ‘‘എങ്ങോട്ടാണ് സുന്ദരീ?’’

‘‘എങ്ങോട്ടെന്നത് പ്രധാനമല്ല. എവിടെയെങ്കിലും എത്തിയാൽ പോരേ?’’

കൊച്ചു വായിൽ വലിയ വർത്തമാനമെന്ന നീരസത്തോടെ ഒരു അപ്പൂപ്പൻ ചീവീട് ചോദിച്ചു, ‘‘എത്ര നേരം ഇങ്ങനിരിക്കും കുട്ടീ?’’

‘‘എന്നെന്നേക്കും…’’

‘‘എന്നെന്നേക്കുമെന്നാൽ എത്ര കാലമാണ്?’’

‘‘ചിലപ്പോൾ ഒരു സെക്കൻഡ് മാത്രം, മറ്റു ചിലപ്പോൾ വർഷങ്ങളാകാം.’’

ആ മറുപടിയും ചീവീടുകൾക്ക് രസിച്ചില്ല; അവർ കൂക്കിവിളിച്ച് പ്രതിഷേധിച്ചു. സൂചിയേറ്റതുപോലെ അവൾ കാതുകൾ പൊത്തി.

വെൽവെറ്റ് കേക്കിന്റെ മാർദവമുള്ള നനഞ്ഞ തേക്കിലകൾ, അവൾ അവയിലേക്ക് വിരലാഴ്ത്തി. പാൻ കേക്കിനു കുഴച്ച മാവിൽ മുക്കിയതുപോലെ വിരലുകൾ നിറം മാറി. അവൾ കൈകൾ കൺവെട്ടത്തേക്ക് ഉയർത്തിപ്പിടിച്ച് പറഞ്ഞു,

‘‘I knew who I was this morning, but I have changed a few times since then.’’ അപ്പറഞ്ഞതു കേൾക്കുവാൻ തേക്ക് മരം ചില്ലകൾ കുമ്പിടുകപോലുമുണ്ടായില്ല. ഇനി മിണ്ടണ്ടെന്ന തീരുമാനത്തിൽ അവൾ മരത്തിൽ തലചായ്ച്ചു. കണ്ണുകൾ ഊഞ്ഞാലാടി തുടങ്ങിയപ്പോൾ ചീവീടുകൾ ഒച്ചതാഴ്ത്തി ബുദ്ധഭാവം പൂണ്ടു.

‘‘ആലീസ് ആലീസ്…’’ അടക്കിപ്പിടിച്ച ശബ്ദം.

ഞെട്ടിയുണർന്നു നോക്കിയത് തിമിരപ്പുക പാറുന്ന രണ്ടു കണ്ണുകളിലേക്കാണ്. അവളുടെ തുടുത്ത കവിളിൽ സ്പർശിക്കാൻ അവരുടെ വാത്സല്യ കരങ്ങൾ നീണ്ടുവന്നു. അവൾ കുതറി, ‘‘ഞാൻ ഇനി അങ്ങോട്ടില്ല, എന്നെ തൊടരുത്.’’

നീട്ടിയ കൈകൾ നിരാശയോടെ തെരേസയുടെ ലിനൻ പാന്റിന്റെ പോക്കറ്റിലേക്ക് ചുരുണ്ടു. ‘‘തൊടില്ല, മനുഷ്യ സ്പർശമേറ്റ മുട്ടകളെ അമ്മക്കിളികൾ പിന്നീട് തൊടാറില്ലല്ലോ, ചുമ്മാതങ്ങ് ഉപേക്ഷിക്കാറാണ് പതിവ്.’’

‘‘അമ്മക്കിളിയോ? നിങ്ങൾ ഒരു സൂക്ഷിപ്പുകാരി മാത്രമാണ്, ആ ലൈബ്രറി കവാടം കടന്നതോടെ നിങ്ങളുടെ സംരക്ഷണം എനിക്ക് വേണ്ടാതായി. ഞാൻ ഒളിച്ചോടുന്നു.’’ അവൾ ഗർവോടെ തലവെട്ടിച്ചു.

റിട്ടയർ ചെയ്യാൻ ദിവസങ്ങൾ ശേഷിക്കുന്ന തെരേസ മറ്റൊരു ഒളിച്ചോട്ടത്തിന്റെ വക്കിൽ എത്തിനിൽപായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത പുസ്തകങ്ങൾക്കൊപ്പമിരുന്ന 32 വർഷങ്ങളുടെ ശാന്തി നുറുക്കിയെറിയാൻ സമയമായിരിക്കുന്നു. ഇനി ഒടുങ്ങേണ്ടത് വീടെന്ന പോർത്താവളത്തിലാണ്. അവിടെ ഇരുപത്തിനാലു മണിക്കൂറും തെരേസയെ കാത്ത് പതിയിരിക്കുന്ന ചുമതലകൾ നീരാളിസ്പർശിനികളായി ശരീരമാകെ പടരും. വീടിന്റെ മൂലകൾപോലും തെരേസയുടെ സേവനങ്ങൾക്കായി മുനചൂണ്ടി വരിനിൽക്കും. സഹജീവിതം നയിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം വരാന്ത മുതൽ അടുക്കള വരെയുള്ള ഓരോ ഉപകരണവും തങ്ങളുടെ ആവശ്യങ്ങൾക്കായി തെരേസയെ ഉറ്റുനോക്കും. കൊച്ചുമക്കളിൽ തുടങ്ങി ഭർത്താവിലൂടെ അമ്മായിയമ്മയിലേക്കു ചുറ്റിയോടുന്ന ചംക്രമണ പരമ്പരയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുക. വീടുടുത്ത്, വീട് ഭക്ഷിച്ച്, വീടായി മാറുന്ന കാലം. തുറവികളെല്ലാം അടയുന്ന മരണം വരയുള്ള പതിയിരുപ്പു കാലം.

‘‘വാ…’’ അവർ ഏതോ അജ്ഞാത പ്രേരണയാൽ ആലീസിന്റെ കൈ വലിച്ചു.

‘‘എങ്ങോട്ട്?’’ അവളൊന്നറച്ചു.

‘‘കൊച്ച് നേരത്തെ ഡയലോഗ് വീശുന്നത് കേട്ടല്ലോ –എങ്ങോട്ടെന്നത് പ്രധാനമല്ല, എവിടേലും എത്തിയാൽ മതിയെന്ന്. ഏതായാലും നീയും എന്നെപ്പോലെ ഒളിച്ചോട്ടക്കാരിയല്ലേ? നീ കഥയിൽനിന്നും, ഞാൻ വീട്ടിൽനിന്നും. നമുക്ക് പോകേണ്ടത് ഒരേ ഇടത്തേക്ക് തന്നെയാണ്, വാ…’’

തെരേസയുടെ കൂന് അൽപം ശരിപ്പെട്ടതുപോലെ തോന്നി. ലൈബ്രറി ഷെൽഫുകൾക്കിടയിൽ മിണ്ടാപ്രാണിയുടുപ്പിട്ടു നടന്ന ശരീരത്തിന് ഇത്രയേറെ ശൗര്യമോ!

ചീവീടുകൾ ധ്യാനം വെടിഞ്ഞ് വീണ്ടും ചിലച്ചു തുടങ്ങി. അത്ഭുതലോകത്തുനിന്നും എടുത്തുചാടിയ സുന്ദരനിമിഷമോർത്ത് ആലീസും, വീടിടുക്കിൽനിന്നും ഒളിച്ചോടിയ നിമിഷമോർത്ത് തെരേസയും പുഞ്ചിരികൾ കൈമാറി. പുസ്തകത്താളുകളിൽനിന്ന്, മഷിയുടെ തീക്ഷ്ണഗന്ധത്തിൽനിന്ന് വിമുക്തയാണ് ആലീസിപ്പോൾ. ഇരുവരും തങ്ങളുടെ ക്ലോസ്ട്രോഫോബിയകളിൽനിന്നും പിടഞ്ഞോടിയവർ. വായുസഞ്ചാരമില്ലാത്ത കുടുസ്സുകളുടെ ഇടുക്കപ്പേടിയിൽനിന്നും അവർ കൈകോർത്ത് പലായനംചെയ്യുകയാണ്.

‘‘നൂറ്റാണ്ടൊന്ന് കഴിഞ്ഞില്ലേ കുട്ടീ, നീ ഈ കഥക്കൂട്ടിൽ അകപ്പെട്ടിട്ട്. രക്ഷപ്പെടണ്ടേ?’’

‘‘വേണം തെരേസാ, വായിക്കപ്പെടുമ്പോഴെല്ലാം ഞാൻ വീണ്ടും വീണ്ടും ചൂഷണംചെയ്യപ്പെടുന്നു. എന്റെ ചേച്ചി ഷാർലറ്റിന്റെ പുസ്തകവായനയും പഠിപ്പീരും കാരണം ബോറടിച്ചിട്ടാണ് ഞാൻ ആ മുയലിന്റെ പിന്നാലെ ഓടിയത്. എന്നിട്ടോ, എന്നെയും പിടിച്ച് പുസ്തകത്തിനുള്ളിൽ തളച്ചിട്ടു. വയ്യെനിക്ക്!’’ ആലീസ് തെരേസയുടെ ദേഹത്തേക്ക് തളർന്നടിഞ്ഞു.

 

തെരേസ അവളുടെ തിളങ്ങുന്ന കമ്പിമുടി തലോടി പറഞ്ഞു, ‘‘ഞാൻ കൂലിയില്ലാത്ത പണിയും, കൂലിയുള്ള പണിയും ഒരുമിച്ച് ചെയ്തിരുന്നവളാണ്. ഏതാനും ദിവസം കഴിഞ്ഞാൽ എനിക്ക് കൂലിയില്ലാപ്പണി മാത്രമാവും ഉണ്ടാവുക. എന്റേത് മാത്രമായ ചില കർത്തവ്യങ്ങൾ എനിക്കായി കാത്തിരിപ്പുണ്ട്, എന്നെ മുക്കിത്താഴ്ത്താൻ, എന്നെ തളച്ചിടാൻ, എന്നെ…’’

‘‘ക്ലോസ്ട്രോഫോബിക് ആക്കാൻ…’’ ആലീസ് തെരേസയുടെ വാക്കുകൾ മുഴുമിപ്പിച്ചു. ഇരുവരും ചിരി ചിതറി തേക്കുമരങ്ങളെ വട്ടമിട്ടോടി.

തെരേസക്ക് ഇറുകിയ കഴുത്തുള്ള ഉടുപ്പുകൾ ധരിക്കുന്നതുപോലും വിമ്മിട്ടമാണ്. അവർ എന്നും അയഞ്ഞ വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുത്തു. പണ്ടൊരു ഓണാവധിക്ക് മാത്യൂസിനൊപ്പം തേക്കടിയിൽ പോയപ്പോൾ, അക്കേഷ്യ പൂക്കളാൽ അലർജി വരുമെന്നു ഭയന്ന് അയാൾ ജനാലകൾ ഭദ്രമായി അടച്ചതും, കൊളുത്തുവീണ ജനാലകളുടെ ഇറുക്കത്തിൽ ശ്വാസം മുട്ടിയ തെരേസ രാത്രി മലങ്കാറ്റേറ്റ് റിസോർട്ടിന്റെ പടിക്കെട്ടിൽ ഇരുന്നുറങ്ങിയതും ഓർത്തു. റിട്ടയർമെന്റ് ഒരു ഗംഭീര വഴിത്തിരിവാണെന്ന് ലൈബ്രറി അസിസ്റ്റന്റ്, ജീവിതത്തെ പരമ സ്വാതന്ത്ര്യത്തിലേക്ക് തുറക്കുന്ന വിശുദ്ധ വാതിലാണതെന്ന് ക്ലർക്ക്. അത്തരം അഭിപ്രായങ്ങൾ കേൾക്കുമ്പോൾ തെരേസയെ തേക്കടിയിലെ ജനാലമുറുക്കം പിടികൂടും. ഒപ്പം പഠിച്ചവർക്ക് വിരമിക്കലെന്നാൽ കൊച്ചുമക്കളോട് സല്ലപിച്ചും കഥയോതിയും പിന്നിടാനുള്ള ഗോൾഡൻ ഡെയ്‌സ് ആണ്. എന്നാൽ, തെരേസ പറയാറ് കുട്ടികളെ മാതാപിതാക്കളാണ് വളർത്തേണ്ടതെന്നാണ്. നീളത്തിലും വ്യാസത്തിലും ആഴത്തിലുമുള്ള അവരുടെ വളർച്ചയുടെ അളവെടുപ്പുകാർ മാതാപിതാക്കൾ മാത്രമാണ്. തെരേസക്കും മാത്യൂസിനും ചില നികത്തൽ തസ്തികകൾ നിർവഹിക്കാമെന്നു മാത്രം; ഡോക്ടർമാർ വൈറ്റമിൻ സപ്ലിമെന്റുകൾ നൽകുന്നതുപോലെ.

‘‘അയ്യോ…’’ ആലീസ് പെ​െട്ടന്ന് കാൽ വഴുതി കമഴ്ന്നു വീഴാൻ തുടങ്ങി. തെരേസ അവളെ താങ്ങി. തടിച്ച വേരുകൾ പടർത്തി പതിയിരുന്നൊരു കൂറ്റൻ തേക്കുമരം, അതിന്റെ ചോട്ടിൽ വിസ്താരമേറിയ ഒരു മാളം. അതിലേക്കാണവൾ കാലു ​െവച്ചത്.

‘‘ആരോ നിന്നെ വീണ്ടും വായിക്കുന്നു ആലീസ്...’’ തെരേസയുടെ അപായസൂചന.

‘‘ഇനി ഒരു വായനയ്ക്കും ഞാൻ പിടികൊടുക്കില്ല, എനിക്ക് രക്ഷപ്പെടണം.’’

ആലീസ് ഒന്നര നൂറ്റാണ്ടപ്പുറമുള്ള ആ ഭീകര പതനമോർത്തു -

ആലീസ് വീണുകൊണ്ടിരുന്നു…

താഴേക്ക്,

താഴേക്ക്,

വീണ്,

വീണ് പൊയ്ക്കൊണ്ടിരുന്നു.

എത്ര മൈലുകൾ വീണുകാണുമെന്ന് അവൾ കണക്കുകൂട്ടി –ആയിരം? അയ്യായിരം? വീഴ്ചയിൽ വീണുപോവുകയല്ലാതെ അവൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാൽ, ആലീസ് അവളോട് തന്നെ മിണ്ടാൻ തുടങ്ങി, ‘‘എനിക്കായി ഒരു ലോകമുണ്ടായിരുന്നെങ്കിൽ, അവിടെ എല്ലാം അസംബന്ധമായിരിക്കും. Nothing would be what it is, because everything would be what it isn’t!’’ ആരെങ്കിലും കേട്ടാൽ ഭ്രാന്തെന്ന് കരുതുന്ന വാക്കുകൾ അവൾ സങ്കോചമില്ലാതെ വിളിച്ചു കൂവിക്കൊണ്ടിരുന്നു. എല്ലാ നല്ല ആളുകളും ഭ്രാന്തന്മാരാണ്, ഞാനും ഭ്രാന്തിയാണ്, എന്റെ പൂച്ചക്കുട്ടി ഡൈനായും ഭ്രാന്തിയാണ്. അയ്യോ! അവൾക്ക് ആരെങ്കിലും ഭക്ഷണം കൊടുത്തുകാണുമോ, പാവമെന്റെ ഡൈന വിശന്നു കിടപ്പാവും. അവളിപ്പോൾ ഒപ്പമുണ്ടായിരുന്നെങ്കിൽ, ഈ ഇരുളിൽനിന്നും എലികളെ, അല്ലാ… ഇവിടെ എലികളെ കണ്ടില്ലല്ലോ, വവ്വാലുകൾ ഉണ്ടാവും. അവൾക്കൊരു വവ്വാലിനെ പിടിച്ചുകൊടുക്കാമായിരുന്നു. പൂച്ചകൾ വവ്വാലുകളെ ഭക്ഷിക്കുമോ? അതോ വവ്വാലുകളാണോ പൂച്ചകളെ ഭക്ഷിക്കുക? പൂച്ചകളും വവ്വാലുകളും, വവ്വാലുകളും പൂച്ചകളും… ആലീസ് സ്വപ്നപ്പേച്ച് തുടർന്നു. തുരങ്കമായി നീളുന്ന ഈ മാളത്തിൽനിന്ന് നേരെ ഭൂമിയുടെ അകത്തൂടെ അപ്പുറം വന്നാലോ? അപ്പോൾ മനുഷ്യരെല്ലാം തലകീഴായി നടക്കുന്നതാവും കാണുക, രസമുണ്ടാവും!

തുരങ്കത്തിന്റെ വശങ്ങളിൽ അലമാരകളും പുസ്തക തട്ടുകളുമാണ്. കുറെയേറെ ചിത്രങ്ങളും ഭൂപടങ്ങളും അങ്ങിങ്ങായി തൂങ്ങിക്കിടപ്പുണ്ട്. ആലീസിന് ചിത്രങ്ങളുള്ള പുസ്തകങ്ങളാണിഷ്ടം, അതുകൊണ്ടാണവൾ ചേച്ചി ഷാർലറ്റ് വായിച്ചുകൊടുത്ത ചരിത്ര പുസ്തകത്തിൽ ശ്രദ്ധ കൊടുക്കാതെ ഡൈനാ പൂച്ചയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്നത്. ഷാർലറ്റ് വലിയ അറിവുകാരിയാണ്, അവൾ ആലീസിനെ പലതും പഠിപ്പിക്കാൻ ശ്രമിക്കും. ആലീസിന് അതൊക്കെ ബോറാണ്, അവൾക്ക് പൂക്കളോട് സംസാരിക്കണം, മരച്ചുവട്ടിൽ കിടന്നുറങ്ങണം, പുഴുക്കളെ താലോലിക്കണം, മുയലുകൾക്കൊപ്പം ഒളിച്ചുകളിക്കണം, നദിയോട് വിശേഷം പറയണം, അങ്ങനങ്ങനെ അവളുടേതായൊരു ലോകത്ത് ജീവിക്കണം. ഏതാണ് നിന്റെ ആ ലോകമെന്നു ഷാർലറ്റ് ചോദിക്കുമ്പോൾ അവൾ പറയാറുള്ളത്, ഇക്കാണുന്നതൊന്നും ഇങ്ങനെയല്ലാത്ത ഒരു ലോകം എന്നാണ്. കുട്ടികൾ കുട്ടികളായി ജീവിക്കുന്ന ലോകം!

‘‘ഇവരെന്തിനാണ് തെരേസാ, എന്നെപ്പോലെ ഏതോ കാലത്തെ കുട്ടികളുടെ കഥകൾ വായിച്ച് രസിക്കുന്നത്? അതിലെന്താ പുതുമ?’’

‘‘ഹ ഹ ഹാ… അവർ അതിലും പഴയ കഥകൾ വായിച്ചു രസിക്കുന്നവരാണ് ആലീസേ. ലൈബ്രറിയിൽ നിനക്ക് സമീപമുള്ള ഷെൽഫിലെ ഇതിഹാസങ്ങൾ കണ്ടിട്ടില്ലേ; ഇനിയും കാലപ്പഴക്കം നിർണയിക്കാൻ കഴിഞ്ഞിട്ടില്ലാത്തവ. അതുപോലെ കുറെ വിശുദ്ധ ഗ്രന്ഥങ്ങളുമുണ്ട്, അതിന്റെ കാലമൊന്നും ഒരു വിഷയമേയല്ല.’’

‘‘ഉം… അറിയാം. നിറയെ ഫണ്ണി ക്യാരക്ടേഴ്‌സ് ഉള്ളവ. ഞാനൊക്കെ എത്ര ഭേദം.’’

‘‘അതെ, ഒന്നുമില്ലെങ്കിലും ഫെയറി റ്റെയിലുകൾ ആരെയും വായിക്കാൻ നിർബന്ധിക്കാറില്ലല്ലോ.’’

‘‘ആഹ്… അതില്ല. പക്ഷേ വായിക്കുന്നവരെ ആകാശത്തിട്ട് വട്ടം കറക്കിയും കുഴിയിൽ ചാടിച്ച് തലകുത്തി മറിച്ചും ഒരു പരുവമാക്കും.’’

അവർ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് തേക്കിൻകൂട്ടത്തെ ഇളക്കിമറിച്ചു. ഓടിക്കളിച്ചും കഥകളെ ദുഷിപ്പ് പറഞ്ഞും സമയം കടന്നുപോയി, നേരം പതിവ് പോലെ വെളുത്തുതുടങ്ങി. തെരേസ ആലീസിന്റെ കയ്യും പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവർ സിമന്റ് ബെഞ്ചിന്റെ തണുത്ത മാറിൽ ചേർന്നിരുന്നു. കിടക്കുന്നവർ, നടക്കുന്നവർ, ഇരിക്കുന്നവർ എന്ന രീതിയിലാണ് മനുഷ്യർ ഇവിടെ കാണപ്പെടുന്നതെന്ന് ആലീസ് ശ്രദ്ധിച്ചു.

അതാ, ഒരു ട്രെയിൻ വന്നു നിൽക്കുന്നു, ആളുകൾ ആ വണ്ടിയെ അവിടെ പിടികൂടി നിർത്തിയതായാണ് ആലീസിനു തോന്നിയത്. അത്രമാത്രം ആവേശത്തോടെയാണവർ ഓടിയടുത്തത്. ഒരു വലിയ വണ്ടിയുടെ ചെറിയ വാതിലിലൂടെ മനുഷ്യർ അതിനെ കയ്യേറ്റം ചെയ്യുന്നു,

‘‘എത്രമാത്രം മനുഷ്യർ! എന്തെല്ലാം ഭാഷകൾ, ഏതെല്ലാം നിറങ്ങൾ! കോടിക്കണക്കിന് കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള സാധ്യതകളില്ലേ? എന്നിട്ടും ഇവർ എന്നെ പിന്തുടരുന്നല്ലോ തെരേസാ!’’

അത് പറയുമ്പോൾ ആലീസിൽ ദേഹാസ്വാസ്ഥ്യം പ്രകടമായി തുടങ്ങിയിരുന്നു. അവൾ നെറ്റി തിരുമ്മുകയും സമ്മർദത്താൽ കണ്ണുകൾ മുറുക്കിയടക്കുകയുംചെയ്തു. തെരേസ അരികിലേക്ക് നീങ്ങിയിരുന്നപ്പോൾ അവൾ വിറയ്ക്കുന്ന കാലുകൾ ശക്തമായി നിലത്തുറപ്പിക്കാൻ ശ്രമിക്കുന്നതായിക്കണ്ടു.

‘‘എന്ത് പറ്റി ആലീസ്?’’

‘‘വല്ലാത്ത കാറ്റു വീശുന്നില്ലേ? പിടിച്ചിരിക്ക്, പറന്നുപോയാലോ?’’

തെരേസ അവളെ ചേർത്തുപിടിച്ച് ബെഞ്ചിൽ ഉറപ്പിച്ചിരുത്താൻ ശ്രമിച്ചു. ബെഞ്ച് ഇളകിയാടുന്നുവോ? അവൾ നിലത്തേക്ക് ഉരുണ്ടുവീണു. തുടർന്ന് നാഗക്കളത്തിലെ കന്യകയെ പോലെ ആലീസ് ഇഴഞ്ഞുനീങ്ങി. നിമിഷങ്ങൾക്കകം അവളെ ആവാഹിക്കുന്ന അദൃശ്യ ശക്തിക്ക് ആലീസ് വിധേയപ്പെട്ടു. തെരേസ നോക്കിയിരിക്കെ ആലീസ് കൈവിട്ടുപോയി.

 

ഠഠഠ

മേശമേൽ തല ചായ്ച്ചിരിക്കുന്ന യുവതി, അവരുടെ മുന്നിൽ നിറയെ പുസ്തകങ്ങൾ. രാത്രി വൈകിയും ഉണർന്നിരിക്കുന്നവൾ; കണ്ണുകൾക്കടിയിൽ കരിമ്പടം. എഴുതിയതും എഴുതാൻ തുനിഞ്ഞതുമായ വേഡ് ഫയലുകൾ ചിതറിക്കിടക്കുന്ന ഡെസ്ക്ടോപ്പ് ആലീസിനെ നോക്കി ആവേശപ്പെട്ടു. അതിന്റെ വെളിച്ചം വർധിച്ചിരിക്കുന്നു, യുവതി മെല്ലെ തലയുയർത്തി എന്തോ ടൈപ്പ് ചെയ്യുന്നു. ആലീസ് ആ സ്ത്രീയുടെ കാൽക്കീഴിൽ അടിമ ചമഞ്ഞു കിടന്നു. അവർ വിളിക്കുമ്പോൾ അവൾ അനുസരണയോടെ അരികിലേക്ക് ചെല്ലും, പറയുന്നതനുസരിക്കും. മണിക്കൂറുകൾ കഴിയവേ ആലീസ് തന്നറിവില്ലാതെ പ്രജ്ഞയറ്റ സംഭാഷണങ്ങൾ കൈമാറാൻ തുടങ്ങി. അവൾ എന്തൊക്കെയോ പറയുന്ന, ആരുടെയോ കയ്യിലെ കളിപ്പാവയായി ആടുകയാണ്. അവൾ ആ സ്ത്രീയുടെ മുഖത്തേക്ക് കണ്ണുതറപ്പിച്ച് യാന്ത്രികമായി സംഭാഷണങ്ങൾ ഉരുവിടുന്നു.

യുവതി തുടരെ തുടരെ വായിക്കുകയും എഴുതിയത് തിരുത്തുകയും ചെയ്യുമ്പോൾ ആലീസ് പടിക്കെട്ടുകളിൽ ഉരുണ്ടുവീഴുകയും ജലപ്രവാഹത്തിൽ ഒലിച്ചുപോവുകയും ആകാശത്ത് പാറിനടക്കുകയും ചെയ്തുകൊണ്ടിരുന്നു. ക്രമേണ അവളെ ഇരിപ്പിടത്തിൽ പ്രതിഷ്ഠിച്ച് സ്ത്രീ അപ്രത്യക്ഷയായി. ആലീസ് ദിവസങ്ങളും മാസങ്ങളും അവർ നൽകിയ ഇരിപ്പിടത്തിൽ കുടിയിരുന്നു. എന്നാൽ, അവർ എഴുതിയ സംഭാഷണങ്ങൾ അവൾക്ക് കേവലം ഒന്നോ രണ്ടോ തവണ മാത്രമാണ് ഏറ്റുപറയേണ്ടിവന്നത്. അതിനപ്പുറമൊരു വായന കഥക്ക് സംഭവിക്കുന്നില്ലെന്നത് ആലീസിന് ആശ്വാസമേകി. പെ​െട്ടന്നൊരു ദിവസം ആ സ്ത്രീ വന്ന് ഡെസ്ക്‌ടോപ്പിൽനിന്നും അവളെ നിർമാർജനം ചെയ്യുകയും എഴുതിയ കടലാസുകൾ കീറി ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയും ചെയ്തു. ആലീസ് ചവറ്റുകുട്ടയിൽനിന്നും തലയുയർത്തി നോക്കി. ആ സ്ത്രീ കണ്ണാടിയിൽ ഉറ്റുനോക്കി മറ്റെന്തോ ചിന്തയിൽ അകപ്പെട്ടിരിക്കുകയാണ്. ആലീസ് ഇറങ്ങിയോടി.

ഓട്ടത്തിനിടയിൽ അവളിൽ പറ്റിപ്പിടിച്ചിരുന്ന കഥയുടെ കീറുകൾ കാറ്റിലും പൊടിയിലും കലർന്ന് അങ്ങിങ്ങായി ഘനീഭവിച്ചു കിടന്നു. ഓടിയെത്തിയത് ആ തേക്കുമരക്കാട്ടിൽത്തന്നെയാണ്.

‘‘ഇനിയെങ്ങോട്ട്?’’ അവൾ കിതപ്പാറ്റി സ്വയം ചോദിച്ചു.

ആലീസ് പതുങ്ങിച്ചെന്ന് ലൈബ്രറിയുടെ ചില്ലുജാലകത്തിലൂടെ അകത്തേക്ക് നോക്കി. തെരേസ എവിടെയുമില്ല. നിരാശയോടെ അവൾ ലൈബ്രറിക്ക് മുന്നിലുള്ള കൽത്തൂണിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. അകത്തേക്ക് കയറാനുള്ള പടിക്കെട്ടിൽ വന്നെത്തിനോക്കിയപ്പോൾ അവളെ ക്ലോസ്ട്രോഫോബിയ കഴുത്തിന് പിടിച്ച് ഞെക്കി. ആലീസ് നിരാശയോടെ തേക്കിൻകാട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ലൈബ്രറിയിൽനിന്നും റോഡിലേക്ക് ഇറങ്ങുന്ന ചെരിഞ്ഞ ടാറിട്ട റോഡിലൂടെ വെള്ള ബൊക്കെയും പിടിച്ച് നടന്നുനീങ്ങുന്ന കൂനുള്ള സ്ത്രീയെ കണ്ടു. അവൾ ഇറക്കമിറങ്ങി ഉരുണ്ടുപിരണ്ട് തെരേസയുടെ കാൽക്കീഴിൽ ചെന്ന് പതിച്ചു.

‘‘ആലീസേ, പൊന്മണിയേ…’’

അവർ പൂച്ചെണ്ടുകൾ ദൂരെയെറിഞ്ഞ് അവളെ വാരിപ്പുണർന്നു.

‘‘നമ്മുടെ ഒളിച്ചോട്ടം ബ്രെയ്ക്ക് ആയിപ്പോയല്ലോ, സാരമില്ല തെരേസാ.’’ ആലീസ് തെരേസയുടെ ഫുൾ സ്ലീവ് ഷർട്ടിന്റെ കഫിൽ വലിച്ചുകൊണ്ട് ഓടാൻ ധൃതിപ്പെട്ടു. തെരേസ പ്രായത്തിന്റെ കിതപ്പ് നെഞ്ചത്തിട്ട് പെരുപ്പിച്ചുകൊണ്ട് അവൾക്കൊപ്പമോടി.

‘‘ഇന്നുണ്ടല്ലോ, എന്റെ സെന്റ് ഓഫ് ആയിരുന്നു. എന്നെയാരും വീട്ടിൽ കൊണ്ടുവിടണ്ടെന്ന് ഞാൻ പറഞ്ഞു, യാത്രയയപ്പ് ചടങ്ങുകൾ എന്നെ ആൾറെഡി ശ്വാസംമുട്ടിച്ചു കൊല്ലാക്കൊല ചെയ്തുകഴിഞ്ഞു. ഞാൻ ഇറങ്ങിയോടി. നീ എവിടെപ്പോയതാണ് ആലീസ്…’’

‘‘ഓ ഒന്നും പറയണ്ട. വീണ്ടും ഒരു ക്രേസി ലേഡി എന്നെ പിടികൂടി, കഥാകൃത്താണത്രെ.’’

അവർ ഓടിയോടി തേക്കിൻകൂട്ടങ്ങൾക്കിടയിലേക്ക് കയറി.

‘‘നിന്നെ ഞാനിന്ന് കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു, വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അവിടെ വൻ പട കാത്തിരിപ്പാണ്, എന്നെ ഫുൾ ടൈം പ്രാപിക്കാൻ. ഞാൻ ആർക്കും പിടികൊടുക്കില്ല.’’

‘‘അയ്യോ…’’ ആലീസിൽ ഉടലെടുത്ത നിലവിളി തെരേസയിലേക്കും പടർന്നു. ഇരുവരും ഏതോ താഴ്ചയിലേക്ക് പതിക്കുകയാണ്. ആലീസ് വീണ്, വീണ്, വീണ് പൊയ്ക്കൊണ്ടിരുന്നു; കൈവിടാതെ തെരേസയും. അവരെ കാത്ത് പതിയിരുന്ന തേക്ക് മരച്ചോട്ടിലെ മാളം അതിന്റെ കർത്തവ്യം നിർവഹിക്കുകയാണ്.

‘‘ഈ മാളം എന്നെ വീണ്ടും തിന്നല്ലോ തെരേസാ…’’ കരച്ചിൽ പോലെന്തോ അവളിൽനിന്നും പുറപ്പെട്ടു.

‘‘സാരമില്ല ആലീസേ, തുരങ്കങ്ങൾ മോചനവാതിലുകളാണ്, ധൈര്യപ്പെടുക!’’

അവർ ഇരുളും വെളിച്ചവും ഇടവിട്ട് കണ്ടുകൊണ്ടിരുന്നു. പതനത്തിന്റെ സ്വച്ഛന്ദത ഇരുവരെയും മെല്ലെ ആവേശിച്ചു തുടങ്ങി. തെരേസയുടെ കൂന് മന്ദാരപ്പൂ പോൽ വിടർന്നുകൊണ്ടിരുന്നു. അവർ വിരിഞ്ഞ് വിരിഞ്ഞ് വീഴുകയാണ്. തെരേസ മാളത്തിനിരുവശവുമുള്ള വസ്തുക്കളെ തലോടുകയും ആലീസിന്റെ കൈകളിൽ മുത്തുകയും ചെയ്യുന്നു. പതനത്തിന്റെ പതർച്ചയില്ലായ്മയിൽ ഇരുവരും പൊട്ടിച്ചിരിച്ചു. മുഴങ്ങുന്ന പ്രതിധ്വനികളിൽ അവർ ഉള്ളിലെ ഇരുളുകളെ കുളിപ്പിച്ചെടുത്തു.

‘‘താഴേക്ക് താഴേക്ക് ഇനിയുമിനിയും താഴേക്ക്…’’ തെരേസ കൈകൾ കൊട്ടി. തലയിൽനിന്നും കൊഴിയുന്ന മുടിയിഴകൾ പറന്നുപൊങ്ങിയ ശേഷം തെരേസയുടെ അടുക്കലേക്ക് പറന്നിറങ്ങുന്നു. മൂടിളകിയ മുടിപ്പറ്റം ശിരോദ്വാരങ്ങളെ തിരഞ്ഞു താഴേക്ക് പറന്നടുക്കുകയാണ്. തെരേസ അവയെ എത്തിപ്പിടിച്ച് കൈക്കുമ്പിളിൽ പൊതിഞ്ഞു.

അവർ അൽപം കുനിഞ്ഞ് ആലീസിനെ നോക്കി, അവൾ തന്നെക്കാൾ വേഗത്തിൽ പതിക്കുകയാണ്. താഴേക്ക് താഴേക്ക് താഴേക്ക്…

ആലീസ് അതാ ഒരു പരവതാനിയിൽ ചെന്ന് വീണിരിക്കുന്നു. അവൾ പതനവിരാമം പൂകിയിരിക്കുന്നു. അൽപം കഴിഞ്ഞപ്പോൾ തെരേസയും അവൾക്കൊപ്പം പരവതാനിയിൽ വന്നുവീണു. ആലീസ് അതിന്റെ നനുത്ത പ്രതലത്തിൽ കവിളുരസി രസിച്ചു.

‘‘കഴിഞ്ഞോ നമ്മുടെ പതനയാത്ര?’’ അവർ ആലീസിനെ കണ്ണുകളാൽ ഉമ്മ​െവച്ചു. ആലീസ് പരവതാനിയിൽ കിടന്നുരുണ്ട് വിക്രിയകൾ കാട്ടുന്നു.

‘‘ഇത് പരിചയമുള്ള പരവതാനിയാണല്ലോ?’’ തെരേസ സംശയിച്ചു.

അപ്പോഴാണ് ആലീസും ശ്രദ്ധിക്കുന്നത്. അവൾക്കും സംശയമായി.

‘‘ഇത് അവന്റെയാണ്, വിളക്കുകൊണ്ട് അത്ഭുതം കാട്ടുന്ന ആ ചെക്കന്റെ. ഭൂതത്തെ അടിമയാക്കിയ…’’

‘‘അലാവുദ്ദീൻ!’’

ഞൊടിയിടയിൽ അലാവുദ്ദീന്റെ മാന്ത്രിക പരവതാനി മുകളിലേക്ക് ഉയരാൻ തുടങ്ങി. ആലീസ് തെരേസയുടെ ചുമലിൽ പിടിച്ച് ഉയരങ്ങളിലെ അമ്പിളിവെട്ടത്തെ നോക്കിയിരുന്നു. തെരേസയുടെ നരച്ച മുടി പാറിവന്ന് ആലീസിന്റെ കാഴ്‌ചയെ തടയുന്നുണ്ടായിരുന്നു. താഴേക്കുള്ള യാത്രയേക്കാൾ വേഗത്തിലായിരുന്നു പരവതാനിയുടെ കുതിപ്പ്. ഇടയ്ക്കിടെ ഇരുണ്ട മേഘങ്ങൾ വന്നവരെ മൂടി. അന്യോന്യം കാണാനാവാത്തപ്പോൾ ആലീസ് തെരേസയെ മണത്തറിയാൻ ശ്രമിക്കും, തെരേസ ആലീസിനെ തൊട്ടറിയാനും. ആലീസിന്റെ കണ്ണുകളിൽ മയക്കം ഊഞ്ഞാലിട്ടപ്പോൾ പരവതാനി മെല്ലെ താഴ്ന്നു തുടങ്ങി.

‘‘ഇതേതാ പട്ടണം?’’ അവൾ കണ്ണുതിരുമ്മി തെരേസയുടെ ചുമലിൽനിന്നും തലയുയർത്തി മേഘങ്ങൾക്കിടയിലൂടെ കണ്ണിട്ടു.

‘ബാഗ്ദാദ്!’ തെരേസ വായമൂടിക്കൊണ്ട് ആശ്ചര്യത്തെ അൽപാൽപമായി പുറത്തേക്കു വിട്ടു. ആലീസ് ഉച്ചത്തിൽ ചിരിച്ച് അവരെ കെട്ടിപ്പുണർന്നു.

‘‘കെട്ടിമറിയാൻ വരട്ടെ… ഇത് പറയൂ ആലീസ്. ബാഗ്ദാദിൽ ചെന്നിറങ്ങുന്ന നീ ആരാണ്?’’

‘‘എനിക്ക് എന്നെത്തന്നെ വിശദീകരിക്കാൻ കഴിയില്ല തെരേസാ, കാരണം ഞാൻ കാണുന്ന എന്നെയാണോ നീ കാണുന്നതെന്ന് പോലും എനിക്കറിയില്ലല്ലോ.’’

തെരേസ അവളുടെ കമ്പിമുടിയിഴകളിൽ വിരലോടിച്ചു.

ആലീസ് തുടർന്നു, ‘‘ഒരുപക്ഷേ ഇന്ന് രാവിലെ മുതൽക്കുള്ള എന്നെ എനിക്ക് അറിയുമായിരിക്കും. പക്ഷേ ഇന്നലെയിലേക്ക് തിരിച്ചുപോകുന്നതിൽ അർഥമില്ല. കാരണം അന്ന് ഞാൻ വേറൊന്നായിരുന്നു. തെരേസയ്ക്കും ഇങ്ങനൊക്കെ തോന്നാറില്ലേ?’’

‘‘നമുക്ക് ഇനിയും എന്തൊക്കെ ആവാൻ കഴിയുമെന്ന തിരഞ്ഞെടുപ്പാണ് പ്രധാനം. നിനക്കിനിയും പലതുമാവാൻ കഴിയണം ആലീസ്, അതിലാണ് ജീവന്റെ തുടി. എനിക്കാവാൻ കഴിയാത്തതിനെ കുറിച്ച് എനിക്ക് പൂർണ ബോധ്യമുണ്ട്. അതിൽനിന്നുമാണ് ഞാൻ ഓടിയൊളിക്കുന്നത്, ഇനിയെന്താകാമെന്നുള്ളത് ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു.’’

പരവതാനി ബാഗ്ദാദിലെ മുത്തുനബി തെരുവിന് മുകളിലൂടെ തെന്നിപ്പറന്നു. കാറ്റിലാകെ മുത്തുനബിയുടെ അറബിക്കവിതകൾ പനിനീർ തുള്ളികളായി ചാറി.

‘‘അന്ധനും ദൃശ്യമാകുന്നു എന്റെ കവിതകൾ, ബധിരനും കേൾക്കാനാവുന്നു എന്റെ വാക്കുകൾ.’’

‘‘ആത്മാവ് മഹത്തരമാകുമ്പോൾ, ശരീരം ലക്ഷ്യത്തിലേക്കെത്താൻ ക്ലേശിക്കുന്നു.’’

പുസ്തകച്ചന്തകളും കാപ്പിക്കടകളും വിളക്കുകളാൽ അലംകൃതമായ പഴയ കെട്ടിടങ്ങളും, കടലാസുകെട്ടുകൾക്ക് മുകളിൽ ആകാശത്തേക്ക് കയ്യുയർത്തി നിൽക്കുന്ന മുത്തുനബിയുടെ പ്രതിമയും അവർ കണ്ടു.

പരവതാനി ടൈഗ്രിസ് നദിക്കരയിലേക്ക് താഴ്ന്നിറങ്ങുന്നു. ചുറുചുറുക്കോടെ സഞ്ചരിക്കുന്ന ടൈഗ്രിസിനോട് മത്സരിക്കാതെ സഹോദരനദിയായ യൂഫ്രട്ടീസ് കുറച്ചകലെ മന്ദമായി ഒഴുകുന്നു. സ്വർഗത്തെ അനുകരിച്ച് വൃത്താകൃതിയിൽ നിർമിച്ച ബാഗ്ദാദ് നഗരത്തെ ചുറ്റിയൊഴുകുന്ന രണ്ട് പുരാതന നദികൾ.

 

നദിക്കരയിൽ ഇറങ്ങിയ ആലീസ് പാറിവന്ന പൂമ്പാറ്റകളെ കയ്യാട്ടി വിളിച്ചു. പക്ഷേ അവ മഞ്ഞനിറമുള്ള അഡോണിസ് പൂക്കളെ ഉമ്മ​െവയ്ക്കാനുള്ള തിടുക്കത്തിലായിരുന്നു. നാഗരികത ഉടലെടുത്ത ആ തീരങ്ങളിൽ മനുഷ്യൻ ആദ്യമായി മുളപ്പിച്ച ഗോതമ്പിന്റെയും ബാർലിയുടെയും പയറിന്റെയും ആദിമ രൂപികളായ ചെടികൾ ‘എന്നെ മറന്നുവോ’ എന്ന ആശങ്കയിൽ പൂക്കൾ വിടർത്തി കണ്ണുമിഴിച്ച് നിൽക്കുന്നു. ആലീസിനെ വിഴുങ്ങിയ മാളംപോലെ, തെരേസ അകപ്പെട്ട വീട് പോലെ ഈ ആദിസസ്യങ്ങളും ആധുനിക കാർഷിക സംസ്കാരത്തിന്റെ ഗഹ്വരങ്ങളിലേക്ക് ആണ്ടുപോയിരിക്കുന്നു. ആദ്യത്തെ ഗോതമ്പ് മണിയായും പയറുവിത്തായും അവരതാ വാതിൽപടിയിൽ ശങ്കിച്ചുനിൽക്കുന്നു.

തെരേസ ടൈഗ്രിസിൽനിന്നും ഒരു കൈക്കുമ്പിൾ കോരി മുഖം കഴുകി. ആലീസ് ചെഞ്ചുവപ്പ് മാതളക്കുരുക്കളുമായി അവർക്കരികിൽ വന്നിരുന്നു. ഓരോന്നായി നാവിൽ ഇനിച്ചിറക്കവേ ടൈഗ്രിസിലേക്ക് നീട്ടി​െവച്ച ആലീസിന്റെ കാൽവിരലുകളിൽ ലോഹത്തണുപ്പ് പടർന്നു. ജലോപരിതലത്തിൽ എന്തോ ഒന്നിന്റെ തിളക്കം. ചളിയിൽ പൊതിഞ്ഞ ആ വസ്തുവിനെ അവൾ കോരിയെടുത്തു.

‘‘ഇത് ആ വിളക്കല്ലേ?’’ തെരേസ അത്ഭുതപ്പെട്ടു.

ആലീസ് വിളക്കിന്റെ ചളി കഴുകി വൃത്തിയാക്കി മടിയിൽ ​െവച്ചു.

‘‘ഇത് എന്തുകൊണ്ട് നമ്മുടെ കയ്യിൽ വന്നുപെട്ടെന്ന് അറിയാമോ നിനക്ക്?’’

‘‘അറിയാം. എന്തുകൊണ്ട് ഞാൻ കുഴിയിൽ വീണു, എന്തുകൊണ്ട് ഞാൻ കഥയിൽനിന്നും ഒളിച്ചോടി, എന്തുകൊണ്ട് ഞാൻ ബാഗ്ദാദിലെത്തി… അതിനെല്ലാമുള്ള മറുപടി ഒന്നാണ്.’’

‘‘എന്തുകൊണ്ട് ഞാൻ നിന്നെ കണ്ടുമുട്ടി… അതുകൂടി പറയൂ...’’ തെരേസ കൂട്ടിച്ചേർത്തു.

‘‘ആലീസേ, നമുക്ക് ഈ വിളക്കിലെ ഭൂതത്തെ വിളിച്ചാലോ?’’

‘‘നമ്മൾ വിളിച്ചാൽ വരുമോ? നമ്മുടെ ശബ്ദങ്ങളിൽ ആജ്ഞാഭാവം കുറവല്ലേ?’’

‘‘അലാവുദ്ദീന് അടിമപ്പെട്ടവനല്ലേ? ആ ഭൂതത്താന്റെ യജമാനത്തികളാവാൻ നമുക്കുമുണ്ട് യോഗ്യത, നീ വിളിക്കൂ.’’

സംശയത്തോടെ അവൾ വിളക്കിൽ വിരലുരസി. ഉയരുന്ന പുകമറയിലൂടെ ഭീമാകാരരൂപം തെളിഞ്ഞുവന്നു. അവൾ മനസ്സിൽ കണ്ടതിലും ഉയരത്തിലാണ് ഭൂതത്തിന്റെ നിൽപ്. മലർന്നു നോക്കിയ ആലീസിനോട് ഭൂതം ഒന്നും ചോദിച്ചില്ല. കൈകൾ കെട്ടി ആജ്ഞാനുവർത്തിയായി നിന്നതേയുള്ളൂ. അവൾ പ്രതീക്ഷിച്ച, ‘‘അല്ലയോ യജമാനനെ, ഞാൻ അങ്ങയുടെ അടിമയാകുന്നു. കൽപിച്ചാലും’’ എന്ന വാക്കുകൾ ഭൂതം മൊഴിഞ്ഞില്ല. അവൾ എഴുന്നേറ്റു നിന്നു, ഒപ്പം തെരേസയും.

അവൾ തെരേസയുടെ കൈകൾ കോർത്തുപിടിച്ച് ഭൂതത്തോട് ചോദിച്ചു, ‘‘എന്നെ കഥകളിൽനിന്നും രക്ഷിക്കുമോ പ്രിയ ഭൂതമേ? എന്നെ അത്ഭുതലോകത്തുനിന്നും, ഇവരെ വീടകത്തുനിന്നും മോചിപ്പിക്കാമോ?’’

‘‘ഏറ്റവും സ്വതന്ത്രമായി ജീവിക്കാവുന്ന ഒരിടം. ആർക്കും അടിമപ്പെടാത്ത ജന്മങ്ങളായി ഞങ്ങളെ മാറ്റിത്തരണം.’’ തെരേസയും ആവശ്യപ്പെട്ടു.

ഭൂതം ആലോചിച്ചു നിൽക്കവെ ആലീസ് ചോദിച്ചു, ‘‘ഭൂതമേ, നിനക്കും മോചിതനാവണ്ടേ ഈ വിളക്കിൽനിന്നും, ഈ കഥയുടെ കുരുക്കിൽനിന്നും? ഞങ്ങൾക്കൊപ്പം വരുന്നോ?’’

ഭൂതം അശരീരിയായി ശബ്ദിച്ചു, ‘‘പതിനായിരക്കണക്കിന് വർഷങ്ങളുടെ ശീലമല്ലേ! മനുഷ്യമോഹങ്ങൾക്ക് അറുതിയില്ല. അടുത്ത പതിനായിരം വർഷവും അത് തുടർന്നുകൊണ്ടിരിക്കും, അവ സാധിക്കാൻ ഞാൻ ഉണ്ടാവേണ്ടതല്ലേ?’’

ആലീസ് തലകുനിച്ചു. തെരേസയുടെ നാവും പൊങ്ങിയില്ല.

ഭൂതം തുടർന്നു, ‘‘ആലീസ്, നിന്നെ ഞാനൊരു മഴത്തുള്ളിയാക്കാം, പലതുള്ളികളിൽ ഒരു തുള്ളി, ആരും തിരിച്ചറിയില്ല, കഥയിൽ അകപ്പെടുത്തില്ല.’’

ശേഷം ഭൂതം തെരേസയോട് മൊഴിഞ്ഞു, ‘‘തെരേസാ, നിന്നെ ഞാനൊരു നക്ഷത്രമാക്കി മാറ്റുന്നു. ഭൂമിയിൽനിന്ന് നോക്കുമ്പോൾ മിന്നും പ്രകാശത്തിൽ ഒന്നായി നീ മാറും. നിന്നെയാരും തിരിച്ചറിയില്ല.’’

ഭൂതം വിളക്കിലേക്ക് മടങ്ങി. ടൈഗ്രിസ് നദീതീരത്തെ ചളിയിലാഴ്ന്ന വിളക്ക് വരാനിരിക്കുന്ന ആയിരക്കണക്കിന് വർഷങ്ങളുടെ നീണ്ട നിദ്രയെ ആശ്ലേഷിച്ചു.

‘‘പണ്ട് മംഗോളുകൾ ബാഗ്ദാദ് ആക്രമിച്ചപ്പോൾ ലോകത്തെ ഏറ്റവും മഹോത്തര വിജ്ഞാനകേന്ദ്രമായ ബൈത്തുൽ ഹിക്മ (house of wisdom) തീ​െവച്ച് നശിപ്പിച്ച് പുസ്തകങ്ങളും ചുരുളുകളും ടൈഗ്രിസിലേക്ക് എറിഞ്ഞ കഥ അറിയാമോ ആലീസ് നിനക്ക്? അന്ന് ഇതിലെ ജലം മഷി കലങ്ങി കറുത്തത്രെ!’’

‘‘എനിക്കറിയില്ല...’’

‘‘കാലങ്ങൾക്ക് ശേഷം മഷി കലങ്ങിയ കണ്ണുകൾ തെളിഞ്ഞു വന്നപ്പോൾ രക്തംകൊണ്ട് ചുവക്കാനുള്ള വിധിയായിരുന്നു ഈ നദിയെ കാത്തിരുന്നത്.’’ തെരേസയുടെ നെടുവീർപ്പ് ടൈഗ്രിസിന്റെ ഓളങ്ങളിൽ അലിഞ്ഞു.

ചരിത്രത്തിന്റെ ചുവപ്പും കറുപ്പും പേറിയതിന്റെ നോവാകെ നദി വിളക്കിന്റെ മാന്ത്രികതയിൽ ലയിപ്പിച്ചു.

* * *

ടൈഗ്രിസിൽ ലയിച്ച മഴത്തുള്ളി ഒഴുക്കിനൊപ്പം സഞ്ചരിച്ച് പേർഷ്യൻ ഉൾക്കടലിൽ ചേർന്നു, അവിടന്ന് നീരാവിയായി ഉയർന്നു മേഘങ്ങളിൽ തൂങ്ങി, ശേഷം മഴയിൽ ഒരുവളായി വീണ്ടും ഭൂമിയെ തൊട്ടു. നദികൾ, കടലുകൾ, ജലസംഭരണികൾ, പാറയിടുക്കുകൾ, ഭൂഗർഭ ജലപാതകൾ അങ്ങനെ പലയിടവും സഞ്ചരിച്ച് അവൾ ചംക്രമണങ്ങൾ പൂർത്തിയാക്കി.

അവൾക്ക് ഇടയ്ക്കിടെ തെരേസയെ കാണാൻ തോന്നും. നക്ഷത്രങ്ങൾ ഭൂമിയിൽനിന്നും ഏറെ അകലെയാണെന്നറിയാം. അവ ബില്യൺ കണക്കിന് വർഷങ്ങൾ ജീവിക്കുമെന്നും കേട്ടിട്ടുണ്ട്. തെരേസയ്ക്ക് ഇപ്പോൾ പ്രായമെത്രയുണ്ടാവും! നക്ഷത്രങ്ങൾ ഭൂമിയിലേക്ക് എരിഞ്ഞു വീഴുമോ?

ഒരിക്കൽ ഏതോ തേക്കുമരക്കാട്ടിൽ ജലകണികയായി പതിച്ചപ്പോൾ, താൻ തേക്കിലകളിൽ പറ്റിപ്പിടിച്ച് വെൽവെറ്റ് കേക്കിന്റെ മൃദുലതയിലേക്ക് പരിണമിക്കുമോ എന്നവൾ ശങ്കിച്ചു. എന്നാൽ, വെയിൽ ഉറച്ചപ്പോൾ, അവൾ വീണ്ടും ആവിയായി ഉയർന്നുപോയി. ആലീസ് ഓരോ മഴക്കുഴിയിൽ ചെന്നു പതിക്കുമ്പോഴും അത് തന്റെ പഴയ മാളമാണോ എന്ന് ഭയക്കും.

* * *

വസന്തത്തിന്റെ വരവ് പ്രഖ്യാപിച്ചുകൊണ്ട് ഭൂമിക്കടിയിൽനിന്നും തലയുയർത്തി നോക്കുന്ന വെളുത്ത ലില്ലിപ്പൂക്കൾ നിറഞ്ഞ മറ്റൊരു നദീതീരം; ഇംഗ്ലീഷ് ചാനലിലേക്ക് കുതിക്കുന്ന നീണ്ട നദി. കൂറ്റൻ പാലത്തിന്റെ വിശാലമായ വിടവിലൂടെ ആകാശത്തിന്റെ ചതുരക്കീറു നോക്കി പുൽത്തകിടിയിൽ ഇരിക്കുന്ന സ്ത്രീ. അവളുടെ മുഖം സങ്കടങ്ങൾ പെയ്‌തൊഴിഞ്ഞ മേഘംപോലെ ശാന്തമായിരുന്നു. ഏതോ തടവറയിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ വസന്തമാണിതവൾക്ക്. അവൾ ലില്ലിപ്പൂക്കളുടെ നേർത്ത ഗന്ധം ആസ്വദിച്ചുകൊണ്ട് പുൽത്തകിടിയിലേക്ക് ചാഞ്ഞു. ചെറു കാറ്റിൽ കണ്ണുകൾ സാവധാനം കൂമ്പി. നേരം ഇരുട്ടിത്തുടങ്ങി. നദിയുടെ ഒഴുക്കിന് ആക്കമേറി. അവൾ സ്വപ്നംപോലെന്തോ കാണുകയാണ്. ഒരു പെൺകുട്ടി അവൾക്കരികിലേക്ക് നീല ഉടുപ്പിട്ട് ആശങ്കയോടെ നടന്നടുക്കുന്നു. വെള്ളനിറത്തിലെ ലേസ് ഞൊറികളിൽ ലില്ലിപ്പൂക്കളല്ലേ തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്! കൺപോളകളെ കുത്തി നോവിച്ചുകൊണ്ട് സ്ത്രീയുടെ കൃഷ്ണമണികൾ ദ്രുതഗതിയിൽ ചലിക്കുന്നു. പെ​െട്ടന്ന് നെറ്റിയിൽ ഒരു മഴത്തുള്ളി വന്നുപതിച്ചതിന്റെ കുളിരേറ്റ് അവൾ കണ്ണുകൾ തുറന്നു. ആകാശത്ത് ഒരു നക്ഷത്രം കൺചിമ്മാതെ അവളെ നോക്കി പ്രകാശിക്കുന്നു. അവൾ നെറ്റിയിൽനിന്നും ജലകണികയെ തുടച്ചുണക്കി, നക്ഷത്രത്തെ ഏറെ നേരം നോക്കിക്കിടന്നു. ഏതോ ജാലവിദ്യയുടെ പ്രഭാവത്തിലെന്നപോൽ അവൾ ആ നക്ഷത്രത്തെ കൈക്കുള്ളിൽ ആവാഹിക്കാൻ ശ്രമിച്ചു. എത്താത്ത ദൂരത്തെ തിളക്കമായി അതവളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അന്ന് രാത്രി ഏകാന്തമായ തെരുവോരത്തിരുന്ന്, ഏറെ കാലങ്ങൾക്ക് ശേഷം അവൾ തന്റെ നോട്ട്പാഡിൽ രണ്ടു വരി കുറിച്ചിട്ടു. കവിതയോ കഥയോ എന്ന് വെളിപ്പെടാത്ത അപൂർണ വാക്യങ്ങൾ. ആ വരികളിൽ കാലം സ്ഫുടംചെയ്ത തെളിമയുണ്ടായിരുന്നു, ദേശങ്ങൾ നീറ്റിയ നോവുണ്ടായിരുന്നു, ചിന്തകൾ ഉരുവംകൊണ്ടതിന്റെ വടുക്കളുമുണ്ടായിരുന്നു.

* * *

കണ്ണുകൾക്കടിയിൽ കരിമ്പടം മൂടിയ ആ എഴുത്തുകാരി പണ്ടൊരിക്കൽ കീറിയെറിഞ്ഞ കഥാതുണ്ടുകളുടെ പുനർജനി അനുഭവിക്കുകയാണ്. വിദൂരതയിൽ ഏതോ നദീതീരത്തിരുന്ന് ഒരു മഴത്തുള്ളിയുടെ തണുപ്പിൽ, ഒരു കുഞ്ഞു നക്ഷത്രത്തിന്റെ പ്രകാശത്തിൽ ഒരുവൾ കുറിച്ച വരികൾ അവർ വായിക്കുകയാണ്. നര ബാധിച്ച മുടിയിഴകൾ കണ്ണാടിയിൽ നോക്കി ഒതുക്കി​െവയ്ക്കുന്ന അവർക്ക് പിന്നിലൂടെ വർഷങ്ങൾക്ക് മുമ്പ് ആലീസ് ഇറങ്ങിയോടിയത് ഒരു ഫ്ലാഷ്ബാക്ക് ദൃശ്യമായി പുനരാവിഷ്കരിക്കപ്പെടുകയാണ്. അവിചാരിതമായി കയ്യിൽ തടഞ്ഞ വിദേശ എഴുത്തുകാരിയുടെ ആ പുസ്തകം നെഞ്ചോട് ചേർത്ത് കണ്ണുകളടച്ച് അവർ തന്റെ പഴയ കഥാപാത്രത്തെ ഒന്നുകൂടി താലോലിച്ചു. ഏതോ നദിക്കരയിൽ അപരിചിതയായൊരുവളിൽ മുളച്ച സർഗവിത്ത് അവരിൽ രണ്ടു തുള്ളി കണ്ണീരായി മുളയിട്ടു. ആ തുള്ളികളിലൂടെ അവർ കാലങ്ങൾക്ക് മുമ്പ് തളച്ചിടപ്പെട്ട സ്വന്തം കഥയുടെ ഇടുക്കപ്പേടിയിൽനിന്നും ശാശ്വത മോചനം പ്രാപിച്ചു.

-------------

ക്ലോസ്​േ​ട്രാഫോബിയ –അടച്ചിട്ടതോ ഇടുങ്ങിയതോ ആയ ഇടങ്ങളോടുള്ള അസാധാരണ ഭയം.

News Summary - Malayalam Story