ചിത്തിര തിരുന്നാൾ വായനശാലയിലെ നിത്യസന്ദർശകൻ

ഓരോ മനുഷ്യനും മനസ്സിൽ ഒരായിരം ജീവിതം നയിക്കുന്നുണ്ട്. അവിടെ അവർ ഇഷ്ടപ്പെട്ടവരോട് സംസാരിക്കുന്നു. ഇഷ്ടമുള്ളതൊക്കെ ചെയ്യുന്നു. ആയിരത്തിലൊന്ന് മാത്രമായതുകൊണ്ടാണ് ശരിക്കുള്ള ജീവിതം അവർക്ക് സഹിക്കാനാകുന്നത്. (ഒരിക്കൽ അജയൻ എന്നോട് പറഞ്ഞത്.) * * * മദനൻ ചേട്ടൻ പറഞ്ഞാണ് അജയനെക്കുറിച്ച് ഞാനറിയുന്നത്. അതല്ലാതെ ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ മറ്റൊരു സാധ്യതയുമില്ലായിരുന്നു. ഒരേ നാട്ടിൽ ജീവിക്കുന്നവരായിരുന്നിട്ടുകൂടി. ഊണിനുശേഷം ഒരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഓരോ മനുഷ്യനും മനസ്സിൽ ഒരായിരം ജീവിതം നയിക്കുന്നുണ്ട്. അവിടെ അവർ ഇഷ്ടപ്പെട്ടവരോട് സംസാരിക്കുന്നു. ഇഷ്ടമുള്ളതൊക്കെ ചെയ്യുന്നു. ആയിരത്തിലൊന്ന് മാത്രമായതുകൊണ്ടാണ് ശരിക്കുള്ള ജീവിതം അവർക്ക് സഹിക്കാനാകുന്നത്. (ഒരിക്കൽ അജയൻ എന്നോട് പറഞ്ഞത്.)
* * *
മദനൻ ചേട്ടൻ പറഞ്ഞാണ് അജയനെക്കുറിച്ച് ഞാനറിയുന്നത്. അതല്ലാതെ ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ മറ്റൊരു സാധ്യതയുമില്ലായിരുന്നു. ഒരേ നാട്ടിൽ ജീവിക്കുന്നവരായിരുന്നിട്ടുകൂടി. ഊണിനുശേഷം ഒരു പുകയെടുക്കാൻ പുറത്തേക്കിറങ്ങിയതായിരുന്നു ഞങ്ങൾ. നാലഞ്ച് ദിവസമായി വിശ്രമമില്ലാതെ പണിയിലായിരുന്നു. ഗ്രന്ഥശാലയുടെ രജിസ്ട്രേഷൻ പുതുക്കണം. രജിസ്ട്രാറോഫീസിൽ ചെന്നപ്പോൾ ഇരുപത് വർഷമായി കണക്കുകളോ ഭാരവാഹികളുടെ വിവരങ്ങളോ ഫയൽ ചെയ്തിട്ടില്ല. ഇതെല്ലാം തയാറാക്കണം. അതത് കാലത്തെ ഭാരവാഹികളുടെ ഒപ്പ് വാങ്ങിക്കണം. അതും പോരാ, പിഴയടക്കാൻ നല്ലൊരു തുകയും സംഘടിപ്പിക്കണം. ഗ്രന്ഥശാലയുടെ രക്ഷാധികാരികളൊക്കെ ഇടപെട്ട് പിഴത്തുക കുറച്ചെങ്കിലും ഇനിയുമുണ്ട് എടുത്താൽ പൊങ്ങാത്ത ബാധ്യത.
ബാലന്റെ പെട്ടിക്കടയിൽനിന്ന് രണ്ട് വിൽസ് വാങ്ങി പുറകിലേക്ക് നീങ്ങിനിന്ന് തീകൊളുത്തി, ആഞ്ഞൊരു പുകയെടുത്തു. ഒരു മാത്ര ഉള്ളിൽ തങ്ങിനിന്ന പുക പുറത്തേക്കൂതുന്നതിനൊപ്പം തിളങ്ങിനിൽക്കുന്ന സിഗരറ്റ് തുമ്പിലേക്ക് നോക്കി എന്തോ ഓർക്കുന്ന ഭാവത്തിൽ മദനൻ ചേട്ടൻ നിന്നു. പിന്നെ പറഞ്ഞു, “പുകയെടുക്കാനുള്ള ആവേശമല്ല, തീകൊണ്ട് കളിക്കാനുള്ള മനുഷ്യന്റെ കൊതിയാണ് ഓരോ ബീഡിത്തലപ്പിലും മിന്നിത്തിളങ്ങുന്നത്.”
ഏജീസോഫീസിലെ ജോലി മടുത്ത് വീയാറെസ്സെടുത്ത ശേഷം കഴിഞ്ഞ രണ്ട് കൊല്ലമായി മദനൻ ചേട്ടൻ ചിത്തിര തിരുന്നാൾ വായനശാലയുടെ സെക്രട്ടറി സ്ഥാനത്തിരിക്കുകയാണ്. എല്ലാ ദിവസവും ഒമ്പതര മുതൽ ഒന്നര വരെയും, നാല് മുതൽ ഏഴര വരെയും വായനശാലയിലുണ്ടാവും. ചെറുപ്പത്തിലേ കൂടെക്കൂടിയ ജ്യോതിഷ താൽപര്യത്തോടൊപ്പം ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും സജീവമാവുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ജോലിയിൽനിന്നുള്ള മുൻകൂർ വിടുതലും. മദനൻ ചേട്ടൻ വന്നതിനുശേഷം ഗ്രന്ഥശാലയിലെ ചിട്ടവട്ടങ്ങൾക്കാകെ ഒരു തെളിച്ചം വന്നതും നേരുതന്നെ. എന്നാലും പുള്ളിയത്ര വലിയ വായനക്കാരനൊന്നുമല്ല. ഏതാണ്ടെല്ലാ വിഷയത്തെക്കുറിച്ചും സാമാന്യ ജ്ഞാനമുണ്ടെന്നതിലുപരി സാഹിത്യ താൽപര്യമോ എഴുത്തുശീലമോ ഉള്ളതായും ഇതുവരെ തോന്നിയിട്ടില്ല. അതുകൊണ്ട് പുള്ളിയിൽനിന്ന് വന്ന ഈ വചനം എന്നെ തെല്ലൊന്നത്ഭുതപ്പെടുത്തുകതന്നെ ചെയ്തു.
“ഉള്ളിലോട്ട് ചെന്ന പുക ഫിലോസഫിയായിട്ടാണല്ലോ തിരിച്ചിറങ്ങുന്നത്. എന്തുപറ്റി മദനൻ ചേട്ടാ”, ഞാൻ ചോദിച്ചു.
“ഒന്നും പറ്റിയിട്ടൊന്നുമില്ല. പക്ഷേ, നീയൊന്ന് ആലോചിച്ച് നോക്കിക്കേ. തീ കണ്ടുപിടിച്ച ശേഷം, യഥേഷ്ടം അത് കൂടെക്കൊണ്ട് നടക്കാനായിരിക്കില്ലേ മനുഷ്യൻ പുകവലി തുടങ്ങിയിട്ടുണ്ടാവുക? തീയെ പെട്ടിയിലിടാൻ പരുവപ്പെടുത്തുന്നതിന് മുമ്പ് അതവന്റെ ആവശ്യമായിരുന്നിരിക്കണം. പിന്നെ, അന്നോളം കണ്ടതിൽ വെച്ചേറ്റവും അപകടമായതിനെ മൂക്കിൻ തുമ്പിൽ തെളിച്ച് നിർത്തുന്നതിൽ മനുഷ്യന് വലിയ സാഹസികതയും തോന്നിയിരിക്കണം. ശരിയല്ലേ..?”
“അതൊക്കെ ശെരി. പക്ഷേ, ചേട്ടൻ ഇമ്മാതിരി തത്ത്വചിന്തയൊന്നും പറഞ്ഞു കേട്ടിട്ടില്ല...”
മദനൻ ചേട്ടൻ ഒരു പുക കൂടിയെടുത്തു. “ഓ, ഇതെന്റെ ഫിലോസഫിയൊന്നുമല്ലെടാ. ഗ്രന്ഥശാലയിൽ സ്ഥിരമായിട്ട് വന്നിരുന്ന് വായിക്കുന്ന ഒരു പയ്യനുണ്ട്. അജയൻ. അവനൊരിക്കൽ പറഞ്ഞതാ.”
“ആഹാ, അപ്പൊ ചെറുപ്പക്കാരൊക്കെ വായനശാലയിൽ വരുന്നുണ്ടോ? അതും ഈ ലെവൽ ഫിലോസഫിയൊക്കെയായിട്ട്. അത് കൊള്ളാല്ലോ. അപ്പൊ വായന പുഷ്ടിപ്പെടുന്നുണ്ട്, അല്ലേ.”
“അജയനൊരു വിചിത്ര സ്വഭാവക്കാരനാ. ഇപ്പോഴത്തെ സാധാരണ ചെറുപ്പക്കാരെപ്പോലെയൊന്നുമല്ല. സംസാരം കുറച്ച് മാത്രം. ഒരുപാട് വായിക്കും. പക്ഷേ, ഒരൊറ്റക്കാര്യം മാത്രം തേടിയാണ് അവന്റെ വായന മുഴുവൻ. അവന്റെ ജീവിതം തന്നെ വലിയൊരു കഥയാണ്.”
കഥയെന്ന് കേട്ടതും കാൽ വഴുതി ഞാൻ വീണു. ഇടവേളയുടെ സമയം അൽപം കൂടി നീട്ടി ഞങ്ങൾ കടയുടെ പിന്നിലെ കൽബെഞ്ചിലിരുന്നു. മദനൻ ചേട്ടനും കഥ പറയാനുള്ള മൂഡിലായിരുന്നു. അങ്ങനെയാണ് അജയന്റെ കഥ ഞാൻ കേൾക്കുന്നത്.
ഏതാണ്ട് ഇരുപത് വർഷം മുമ്പാണ്. മധ്യ കേരളത്തിലെവിടെയോ നിന്ന് ഒരു അച്ഛനും അയാളുടെ മൂന്ന് വയസ്സുള്ള മകനും കൂടി ബസ് കയറി തിരുവനന്തപുരത്തെത്തി. വെളുപ്പാൻകാലത്തേ ഇറങ്ങിയതാണ്. കുട്ടിയെ മൃഗശാല കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. തിരുവനന്തപുരത്തിറങ്ങി ഒരു ചായക്കടയിൽനിന്ന് ദോശയൊക്കെ വാങ്ങിക്കൊടുത്തിട്ട് മൃഗശാലയിലേക്ക് പോയി. കുരങ്ങച്ചനെയും ആനയെയും മയിലിനെയുമൊക്കെ നടന്ന് കണ്ടു. തിരിച്ചിറങ്ങി റോഡിന്റെ ഓരത്തുകൂടി വീണ്ടും നടത്തം. അച്ഛൻ മകന് വലിയ വലിയ കെട്ടിടങ്ങളൊക്കെ കാട്ടിക്കൊടുത്തു. ഉയരമുള്ള പള്ളി കണ്ടു. അമ്പലം കണ്ടു. നടന്ന് നടന്ന് കുട്ടി ക്ഷീണിച്ചു. റോഡരികിലുള്ള പെട്ടിക്കടയിൽനിന്ന് ഒരു നാരങ്ങവെള്ളം വാങ്ങി രണ്ടാളും കൂടി കുടിച്ചു. വീണ്ടും നടപ്പ്. നീണ്ടുപരന്ന് കിടക്കുന്ന ഒരു കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ ആൾക്കൂട്ടത്തിന്റെ തിരക്കിൽ അവർക്ക് മുന്നോട്ട് നീങ്ങാൻ ബുദ്ധിമുട്ടായി.
കെട്ടിടത്തെ ചൂണ്ടി അച്ഛൻ മകന് എന്തോ പറഞ്ഞ് കൊടുക്കാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ജനം കടന്നൽക്കൂട്ടംപോലെ ചിതറിയിളകി. എങ്ങും ഓടിപ്പായുന്ന മനുഷ്യർ മാത്രം. കുട്ടി അച്ഛന്റെ കൈയിൽ മുറുക്കെപ്പിടിച്ചു. അച്ഛൻ കുഞ്ഞിനെയുംകൊണ്ട് ഓടിമാറാൻ ശ്രമിച്ചു. ഇടയിലെപ്പോഴോ അച്ഛന്റെ കൈയിൽനിന്നും കുട്ടിയുടെ പിടിവിട്ടു. അവൻ ചുറ്റും നോക്കി. അച്ഛനെ കണ്ടു. അടുത്തേക്ക് ചെല്ലാനാഞ്ഞു. പരക്കം പായുന്ന കടന്നൽക്കാട്ടിൽ വീണ്ടും അച്ഛനെ കാണാതായി. ആൾക്കൂട്ടത്തിലാരോ അവനെ റോഡിന്റെ ഓരത്തേക്ക് മാറ്റിനിർത്തി. അച്ഛനെ തെരഞ്ഞ് പരിഭ്രമിച്ച് നിന്ന അവൻ ജനത്തിന്റെ ഇരമ്പലിൽ വീണ്ടും പകച്ചു. പുസ്തകങ്ങൾ കൂട്ടിവെച്ച ഒരു തട്ടിന് മുന്നിൽ കരയാൻ മുട്ടിനിൽക്കുന്ന അവനെ കടക്കാരൻ അടുത്തേക്ക് പിടിച്ചുനിർത്തി. അച്ഛാ എന്ന് വിളിച്ച് കരയാൻ തുടങ്ങിയപ്പോൾ അയാൾ സമാധാനിപ്പിച്ചു. ആൾക്കാരൊതുങ്ങിക്കഴിയുമ്പോൾ അച്ഛനെ കണ്ടുപിടിക്കാമെന്ന് ആശ്വസിപ്പിച്ചു. കുറച്ചുനേരം അവനാ പുസ്തകത്തട്ടിന് മുന്നിലിരുന്നു.

ആളാരവം ഒഴിഞ്ഞിട്ടും അവന് അച്ഛനെ കാണാനായില്ല. പുസ്തകക്കടക്കാരൻ ഓടിനടന്ന് അന്വേഷിച്ചു. കുട്ടിയോട് തിരിച്ചും മറിച്ചും ചോദിച്ചു. അച്ഛന്റെ പേരറിയാമെന്നല്ലാതെ വീട്ടഡ്രസോ നാടിന്റെ കൃത്യവിവരങ്ങളോ അവനറിയില്ലായിരുന്നു. അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം അവൻ മൗനം പാലിച്ചു, അങ്ങനെയൊരാളെക്കുറിച്ച് അറിയുകയേ ഇല്ല എന്ന ഭാവത്തിൽ. അവനാകെ ഓർമയുള്ളത്, കണ്ട് മനസ്സിൽ പതിഞ്ഞ കുറേ നാട്ടിടവഴികളും ഇങ്ങോട്ടേക്കുള്ള ബസ് യാത്രയിൽ കണ്ട വഴിയോരക്കാഴ്ചകളുമായിരുന്നു. അതൊന്നും അവന്റെ നാടും വീടും കണ്ടെത്താൻ ആരെയും സഹായിച്ചില്ല. പുസ്തകക്കടക്കാരൻ രമേശൻ മാമൻ എന്ന് സ്വയം പരിചയപ്പെടുത്തി. അയാളും പുസ്തകത്തട്ടിലെ ചില സ്ഥിരം സന്ദർശകരും ചേർന്ന് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്കും പത്രമോഫീസിലേക്കുമൊക്കെ കൊണ്ടുപോയി. തൽക്കാലം താമസിക്കാൻ ശ്രീചിത്രാ ഹോമിൽ നിർത്തി. അവിടെ കരഞ്ഞു വീർത്ത് അവൻ നാളുകൾ നീക്കി. പോലീസിന്റെ അന്വേഷണവും പത്രത്തിൽ വന്ന പടവുമൊന്നും ഒരു പുരോഗതിയുമുണ്ടാക്കിയില്ല. പുസ്തകക്കടക്കാരൻ രമേശൻ തന്റേതായ രീതിയിൽ അന്വേഷണം നടത്തി. നാനാദിക്കിൽനിന്നും പുസ്തകത്തട്ടിലെത്തിയവർ കുട്ടിയുടെ ഫോട്ടോ കണ്ട് നെടുവീർപ്പിട്ടു. എന്നിട്ടും അവനെയും അച്ഛനെയും ഒരുമിപ്പിക്കാൻ കഴിഞ്ഞില്ല.
ഹോമിലെ മറ്റ് കുട്ടികളെപ്പോലെ അവനും നഴ്സറി സ്കൂളിൽ പോയിത്തുടങ്ങി. പതിയെ അവന്റെ ലോകം അവിടേക്ക് മെരുങ്ങാൻ തുടങ്ങി. സ്വയം സങ്കൽപിച്ചെടുത്ത ഒരുത്തരവാദിത്ത ബോധത്തിന്റെ പ്രേരണയാൽ രമേശൻ ഇടക്കിടെ അവനെ പോയി കണ്ടു.
അവൻ ഒറ്റക്ക് യാത്രചെയ്ത് തുടങ്ങിയതും രമേശന്റെ പുസ്തകത്തട്ടിലേക്ക് തന്നെയായിരുന്നു. അവിടെ ചെന്നിരിക്കുമ്പോൾ ബാല്യത്തിലെ ഏതൊക്കെയോ ഓർമകൾ അവനെ തേടിയെത്തും.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബോർഡിലെ സ്ഥലപ്പേര് പോലും നോക്കാതെ അവനൊരു ബസിൽ കയറി യാത്രപോയി. പണ്ട്, അച്ഛനുമൊത്ത് ബസിൽ വന്ന വഴിയോ, ഓർമയിലുള്ള തന്റെ നാട്ടിലെ ഏതെങ്കിലും കാഴ്ചയോ തിരിച്ച് കിട്ടിയാലോ എന്നായിരുന്നു പ്രതീക്ഷ. അവസാന സ്റ്റോപ്പിൽ എത്തിയപ്പോൾ നാട്ടുകാർ കുട്ടിയെ ശ്രദ്ധിച്ചു. പോക്കറ്റിൽ കിടന്ന ശ്രീചിത്ര ഹോമിന്റെ ഐഡി കാർഡ് വെച്ച് കൃത്യസ്ഥലത്ത് തിരിച്ചെത്തിച്ചു. അതവന് വലിയൊരറിവായി. പിന്നീടുള്ള ഓരോ യാത്രയിലും ആ കാർഡ് പോക്കറ്റിലിടാൻ അവൻ പ്രത്യേകം ഓർമിച്ചു.
വളർന്ന് ബുദ്ധിവെക്കുംതോറും അവന്റെ യാത്രകൾ കൂടുതൽ ചിട്ടപ്പെട്ടതായി. കയറുന്ന ബസിന്റെ നമ്പറും പോകുന്ന സ്ഥലവും അവൻ കുറിച്ചുവെച്ചു. ദൂരക്കൂടുതലുള്ള യാത്രകൾക്കും അവൻ മുതിർന്നു. എവിടെപ്പോയാലും തിരികെയെത്താനുള്ള വഴിയും ഉള്ളിൽ ഉറപ്പിച്ചു. വൈകുന്നേരങ്ങളിൽ ചില്ലറപ്പണികൾക്കു പോയി യാത്രാ ചെലവിനുള്ള കാശും അവൻ സംഘടിപ്പിച്ചിരുന്നു. മോശമല്ലാത്ത രീതിയിൽ സ്കൂൾ പഠനമൊക്കെ പൂർത്തിയാക്കി കോളജിലേക്ക് പോകാൻ തയാറെടുത്തിരിക്കുന്ന കാലത്ത് അവൻ വടക്കോട്ട് ഒരു ദീർഘദൂര യാത്ര നടത്തി. അതായിരുന്നു അവന്റെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ്.
വഴിക്കാഴ്ചകളും അടയാളങ്ങളും ശ്രദ്ധിക്കേണ്ടതുള്ളതിനാൽ യാത്രാവേളകളിൽ ഉറങ്ങുന്ന ശീലം അവനുണ്ടായിരുന്നില്ല. കഴിവതും ജനാല സീറ്റ് തന്നെ അവൻ തരപ്പെടുത്തുകയുംചെയ്തിരുന്നു. അന്ന് പക്ഷേ, യാത്ര നീണ്ടുനീണ്ടു പോയപ്പോൾ ചെറുതായൊരുറക്കച്ചരിവ്. കണ്ണ് തുറന്നുപിടിക്കാൻ വേണ്ടി അവൻ ബസിനുള്ളിലെ വസ്തുക്കളിലേക്കും ആൾക്കാരിലേക്കും കാഴ്ച നീട്ടി. അത് പതിവില്ലാത്തതാണ്. ദൂരെയിരിക്കുന്നവരിൽനിന്നും നോട്ടം കറങ്ങിച്ചുറ്റി സ്വന്തം സീറ്റിൽ തൊട്ടടുത്തിരിക്കുന്നയാളിലേക്കെത്തി. ആളൊരു പുസ്തകം വായിച്ചിരിക്കുകയാണ്. ബസിന്റെ കുലുക്കത്തിൽ എങ്ങനെ വായന നടക്കുമെന്നന്തിച്ച് അവൻ പുസ്തകത്തിലേക്കൊന്ന് കണ്ണ് കൊടുത്തു. ഉടനെ തിരിച്ചെടുക്കേണ്ടിയിരുന്ന നോട്ടം പുസ്തകപ്പേജിലെ അക്ഷരങ്ങൾക്ക് മുകളിൽ അടിച്ചിരിക്കുന്ന വട്ടസീലിൽ തടഞ്ഞുനിന്നു. ഇങ്ങനെ അക്ഷരങ്ങൾക്ക് മേലെ സീൽ വെച്ചാൽ എങ്ങനെ വായിക്കാൻ കഴിയുമെന്ന് ചിന്തിച്ച്, അങ്ങനെ സീൽ വെച്ചയാളിന്റെ പ്രയോഗബുദ്ധിയെ മനസ്സാ വിമർശിച്ച്, അവനാ സീലെഴുത്ത് വായിച്ചു- ശ്രീചിത്തിര തിരുന്നാൾ ഗ്രന്ഥശാല, തിരുവനന്തപുരം -35. ഒപ്പം, സീലിൽ മറയപ്പെട്ട അക്ഷരങ്ങൾ വായനക്ക് കിട്ടുമോ എന്നറിയാൻ തല ചെറുതായൊന്നടുപ്പിച്ച് പശ്ചാത്തലത്തിലുള്ള കുറച്ച് വാചകങ്ങളും വായിച്ചു.
ഒരു സമയം ഒരു കാര്യം ശ്രദ്ധിക്കാനല്ലേ പൊതുവേ മനുഷ്യർക്കെല്ലാം കഴിയൂ. അന്ന് അവനും അങ്ങനെ തന്നെ ചെയ്തു. സീൽ പതിഞ്ഞിരിക്കുന്ന ഭാഗത്തെ രണ്ടോ മൂന്നോ വാചകങ്ങൾ ഓടിച്ച് വായിച്ചു. സീലടിച്ചിട്ടും വായനക്ക് പരിക്കൊന്നും പറ്റുന്നില്ലെന്ന് മനസ്സിലാക്കി തിരിച്ച് വഴിയോരക്കാഴ്ചകളിലേക്ക് ചേക്കേറി. ഇലയെ ശ്രദ്ധിച്ചയാൾ മരത്തെ കാണാഞ്ഞതുപോലെയും മരത്തെ ശ്രദ്ധിച്ചയാൾ കാടിനെ കാണാഞ്ഞതുപോലെയും, അന്ന് വായിച്ച വാക്യങ്ങളുടെ പൊരുളിലേക്ക് അവന്റെ മനസ്സ് കടന്നില്ല. എന്നാൽ, വായിച്ച ഭാഗം അവന്റെ ഉള്ളിൽനിന്ന് പോയതുമില്ല. യാത്രയൊക്കെ കഴിഞ്ഞ് തിരിച്ചെത്തി നാളുകൾക്കുശേഷം ഏതോ വേളയിലാണ് താൻ വായിച്ചതിന്റെ പൊരുൾ പൊടുന്നനെ അവന്റെ ബോധത്തിലേക്ക് പൊന്തിവന്നത്. പഴയൊരു സംഭവം ഒരാൾ ഓർത്തെടുക്കുന്ന രീതിയിലായിരുന്നു ആ എഴുത്ത്. കനത്ത ലാത്തിച്ചാർജ് നടക്കുന്ന ഒരുച്ചനേരം സെക്രട്ടേറിയറ്റ് വളപ്പിൽനിന്ന് അടുത്തുള്ള ഹോട്ടലിനെ ലക്ഷ്യംവെച്ച് ഓടുന്നതിനിടയിൽ ഒരു കുഞ്ഞിനെയും പിടിച്ച് എങ്ങോട്ടുപോകണമെന്നറിയാതെ നിൽക്കുന്ന ഒരാളെ കണ്ടതായാണ് എഴുതിയ ആൾ ഓർത്തെടുക്കുന്നത്. അയാളെയും പിടിച്ച് ഹോട്ടലിനുള്ളിൽ കയറി, ചുറ്റും നോക്കി ആരും കണ്ടില്ലെന്നുറപ്പു വരുത്തി, ഒന്നാശ്വാസപ്പെട്ട ശേഷം ശ്രദ്ധിക്കുമ്പോഴാണ് എന്തോ ഒരു കുറവനുഭവപ്പെട്ടത്. “നിങ്ങളുടെ കൈയിൽ ഒരു കുഞ്ഞുണ്ടായിരുന്നില്ലേ?” ചോദ്യത്തിനൊപ്പം അയാളും പകപ്പോടെ നാലുപാടും തെരയാൻ തുടങ്ങി. -ഏതാണ്ടിങ്ങനെയായിരുന്നു കണ്ണുകൊണ്ട് അവൻ വായിച്ചതും ഗ്രഹിക്കാതെ മനസ്സിൽ കിടന്നതുമായ വാചകങ്ങൾ.
ഞാൻ വായിച്ചത് എന്റെ തന്നെ കഥയായിരുന്നില്ലേ? ഞാൻ കൂടിയുൾപ്പെട്ട സംഭവകഥയല്ലേ മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ പുറത്തേക്കുവന്ന് ആ വാചകങ്ങളായി മാറിയത്. അവൻ ചിന്തിച്ചു. അങ്ങനെയാണെങ്കിൽ ആ പുസ്തകമെഴുതിയ ആൾ എന്റെ അച്ഛനെ അന്ന് പരിചയപ്പെട്ടിട്ടുണ്ടാവും. ചിലപ്പോൾ അച്ഛനോടൊപ്പം അയാളും കുറെനേരം ആ തിരക്കിൽ എന്നെത്തെരഞ്ഞ് നടന്നിട്ടുണ്ടാവും. അച്ഛന്റെ വിലാസവും വിവരങ്ങളും അയാളുടെ പക്കലുണ്ടാവും. അന്ന് അച്ഛനോടൊപ്പം നടന്ന് അവസാനമെത്തിയത് സെക്രട്ടേറിയറ്റ് എന്ന് പേരുള്ള കെട്ടിടത്തിന് മുന്നിലാണെന്നും, അച്ഛന്റെ കൈയിൽനിന്ന് താൻ വേർപെട്ട് പോയതിന് കാരണമായ അന്നത്തെ കോലാഹലം അവിടെ നടന്ന ലാത്തിച്ചാർജ് കാരണമുണ്ടായതാണെന്നും രമേശന്റെ പുസ്തകത്തട്ടിലേക്കുള്ള യാത്രകളിൽ അവൻ മനസ്സിലാക്കിയിരുന്നു.
തൊട്ടടുത്ത ദിവസം അജയന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് തീരുമാനങ്ങൾ നടപ്പാക്കപ്പെട്ടു. ഒന്ന്, അവൻ പഠിത്തം നിർത്തി. രണ്ട്, പുവർഹോമിലെ വാസം അവൻ അവസാനിപ്പിച്ചു. മൂന്ന്, അച്ഛനെ അന്വേഷിച്ചുള്ള യാത്രകൾ അവൻ ഉപേക്ഷിച്ചു. അച്ഛനെയും നാടിനെയും തിരിച്ചുപിടിക്കേണ്ടത് ബസ് യാത്രകളിലെ വഴിയോരക്കാഴ്ചകളിലൂടെയല്ല, ചിത്തിര തിരുന്നാൾ ഗ്രന്ഥശാലയിലെ ആ പുസ്തകത്തിലൂടെയാണെന്ന് അവൻ തിരിച്ചറിഞ്ഞു. അന്വേഷിച്ചുപിടിച്ച് അവനീ വായനശാലയിലെത്തി മെംബർഷിപ്പെടുത്തു. പകൽ മുഴുവൻ അവൻ ഇവിടെയിരുന്ന് പുസ്തകം വായിക്കും. വായിക്കുകയായിരുന്നില്ല, പുസ്തകങ്ങളുടെ പേജ് ഓരോന്നായി മറിച്ച് സീൽ കണ്ടുപിടിക്കലായിരുന്നു അവന്റെ പ്രവർത്തനരീതി. സീലുള്ള പുറം മാത്രം വായിക്കും. അന്ന് താൻ ബസിൽവെച്ച് വായിച്ച ഭാഗമാണോ എന്ന് നോക്കും. പിന്നെ അടുത്ത പേജിലേക്ക്. അങ്ങനെ വായിക്കാതെ വായിക്കുകയായിരുന്നു അന്നാളുകളിൽ അവൻ. പകൽ മുഴുവൻ വായനക്ക് മാറ്റിവെച്ചതുകൊണ്ട് നിത്യ ചെലവുകൾക്ക് രാത്രി ജോലിക്കു പോകേണ്ടി വന്നു. വഞ്ചിയൂർ ജങ്ഷനിൽ വായനശാലക്ക് അടുത്തുതന്നെയുള്ള തമിഴ് സ്ത്രീ നടത്തുന്ന ചപ്പാത്തിക്കടയിൽ അവൻ ജോലിക്ക് കയറി. പാതിരാത്രി വരെ കടയിൽ ജോലിയുണ്ടാവും. ഉറക്കവും അവിടെത്തന്നെ. രാവിലെ വീണ്ടും വായനശാലയിലേക്ക്. കഴിഞ്ഞ ഏഴു വർഷമായി ഇതേ ജീവിതം അവൻ തുടരുകയാണ്.
മദനൻ ചേട്ടൻ പറഞ്ഞ കഥ അക്ഷരാർഥത്തിൽതന്നെ എന്നെ ഞെട്ടിച്ചുകളഞ്ഞു. കഥക്കുമപ്പുറം ഇതൊരു ജീവിതമാണെന്ന അറിവ് അവിശ്വസനീയതയും അസ്വസ്ഥതയും നിറച്ചു. മനസ്സ് ഉച്ചത്തിൽ മിടിച്ചു. കേട്ട സംഭവങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ ഞാൻ മനസ്സിലോടിച്ചു. ഏറെനേരം എഴുന്നേൽക്കാനും സംസാരിക്കാനുമാകാതെ ഇരുന്നു. പിന്നെയായിരുന്നു യുക്തിയുടെ നാമ്പുകൾ തലപൊക്കിയത്.
“അല്ല, അങ്ങനെയാണെങ്കിൽ ഇതിനോടകം അവനാ പുസ്തകം കണ്ടുപിടിക്കേണ്ടതല്ലേ? വെറുതേ പേജ് മറിച്ച് സീൽ വെച്ച ഭാഗം മാത്രം വായിക്കാനാണെങ്കിൽ നമ്മുടെ വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും നോക്കിത്തീർക്കാൻ ഇത്രയും കാലം വേണ്ടിവരുമോ?”
ആ ചോദ്യം പ്രതീക്ഷിച്ചിരുന്നപോലെ മദനൻ ചേട്ടൻ എന്നെ നോക്കി ചിരിച്ചു.
“നിന്റെ ചോദ്യം ശരിതന്നെ. അതുമല്ല, മറ്റൊരാൾ വായിക്കാനെടുത്ത പുസ്തകം കണ്ടുപിടിക്കാനായിരുന്നെങ്കിൽ, ഇവിടെ മെമ്പർഷിപ്പെടുത്ത കാലത്ത് തന്നെ ലൈബ്രേറിയനോട് ചോദിച്ച് അവന് കണ്ടുപിടിക്കാനും കഴിഞ്ഞേനെ. എന്തോ, അന്നങ്ങനെയൊരു ബുദ്ധി അവന് തോന്നിക്കാണില്ല. അല്ലെങ്കിൽ അത്രയും വ്യക്തിപരമായ, അത്രയും അവ്യക്തമായ കാര്യങ്ങൾ മറ്റാരോടും പറേയണ്ടെന്ന് അവൻ കരുതിക്കാണണം.
പക്ഷേ, താളുകൾ മറിച്ച് ഓരോ പുസ്തകങ്ങളായി മാറ്റിവെക്കുന്തോറും അവനിൽ ചില മനംമാറ്റങ്ങൾ വരാൻ തുടങ്ങി. ഇത്രയേറെ താളുകളിൽ, ഇത്രയും പുസ്തകങ്ങളിലായി മനുഷ്യന് ഇത്രക്ക് എന്താ പറയാനുള്ളത് എന്ന് ഏതോ ഒരു നിമിഷം അവൻ ചിന്തിച്ചു. അങ്ങനെ അവൻ വായിച്ചു തുടങ്ങി. സീൽ വെച്ച പുറങ്ങൾ മാത്രമല്ല, പുസ്തകങ്ങൾ ആദ്യാവസാനം തന്നെ. സ്ഥിരമായിരിക്കാൻ ഒരു കസേരയുണ്ട് അവന് വായനശാലയിൽ. റഫറൻസ് സെക്ഷനിലെ ജനലിനോട് ചേർന്ന്. എന്നും രാവിലെ അവിടെ വന്ന് ഉച്ചവരെ വായന. ഉച്ചതിരിഞ്ഞ് ലൈബ്രറി തുറക്കുന്ന നേരത്ത് വീണ്ടും വായന. ആറുമണിയോടെ ചപ്പാത്തിക്കടയിലേക്ക്. നമ്മുടെ ഗ്രന്ഥശാലയിലെ ആയിരത്തിലേറെ പുസ്തകങ്ങൾ അവൻ വായിച്ചു കഴിഞ്ഞു. അതിനും പുറമെ, രമേശന്റെ പുസ്തകത്തട്ടിൽ വരുന്ന മിക്കവാറും മാസികകളും ഇടനേരങ്ങളിൽ പോയിരുന്ന് വായിക്കും. അച്ഛനെ അന്വേഷിച്ച് കണ്ടെത്താൻ വായന തുടങ്ങിയ അവൻ ഇപ്പോൾ വായനയിലൂടെ മറ്റെന്തൊക്കെയോ കണ്ടെത്തുകയാണ്.”
“അങ്ങനെയാണെങ്കിൽ അവൻ തേടിക്കൊണ്ടിരിക്കുന്ന പുസ്തകം കണ്ടെത്തിക്കാണില്ലേ? അതോ അന്വേഷണം മതിയാക്കിയിട്ടുണ്ടാവുമോ?”
“അതിനുള്ള ഉത്തരം കൃത്യമായി എനിക്കറിയില്ല. ലക്ഷ്യം എന്നതിലുപരി മാർഗമായിരിക്കാം അവനെയിപ്പോൾ നയിക്കുന്നത്. ഇവിടെ സെക്രട്ടറിയായി വന്നശേഷം സ്ഥിരമായി കാണുന്ന അംഗമെന്ന നിലക്കാണ് ഞാനവനെ പരിചയപ്പെടുന്നത്. അധികം മിണ്ടാട്ടമൊന്നുമില്ലെങ്കിലും, തമ്മിലൊരടുപ്പം വന്നു കഴിഞ്ഞാൽ അവൻ കുറച്ചൊക്കെ സംസാരിക്കും. സംസാരത്തിൽ പകുതിയും ഫിലോസഫി തന്നെ. വായിക്കാത്ത സമയം ദൂരേക്ക് നോക്കിയിരിപ്പാവും. നോട്ടത്തിന് ഏറ്റവും ദൂരേക്കെത്താൻ കഴിയുന്ന ഭാഗത്തേക്കായിരിക്കും അവന്റെ കണ്ണ്. അടച്ച് മറച്ച മുറിക്കുള്ളിലായാലും തുറന്ന സ്ഥലത്തായാലും, തടസ്സമില്ലാതെ ഏറ്റവും ദൂരേക്ക് നോട്ടമെത്തിക്കാൻ കഴിയുന്ന ഭാഗമേതെന്നറിയാൻ അവന്റെ നോട്ടത്തെ പിന്തുടർന്നാൽ മാത്രം മതി. വായനയും ചിന്തയും ഏകാന്തതയുമൊക്കെ അവനെ അങ്ങനെയാക്കിയെടുത്തതാവും. പിന്നെ, ബാല്യം നഷ്ടപ്പെട്ട പയ്യനല്ലേ.
അവന്റെ കഥ കേട്ടശേഷം സഹായിക്കാനായി വായനശാലയിലെ പഴയ റെക്കോഡൊക്കെ ഞാനൊന്ന് പരതിനോക്കി. ഇവിടെ മെംബർഷിപ്പെടുക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലായിരിക്കുമല്ലോ അവൻ ബസിൽ വെച്ച് ആ പുസ്തകം കണ്ടിട്ടുണ്ടായിരിക്കുക. രജിസ്റ്ററുകൾ നോക്കിയാൽ ആ കാലത്ത് ഇവിടെനിന്ന് എടുത്തിട്ടുള്ള പുസ്തകങ്ങളെയും എടുത്ത ആൾക്കാരെയും കണ്ടുപിടിക്കാനാവും. ആ പുസ്തകങ്ങൾ പരിശോധിച്ചാൽ അജയൻ തെരയുന്ന ഭാഗം കണ്ടെത്താനാകുമെന്ന് ഞാൻ കരുതി. പക്ഷേ അത് വിജയിച്ചില്ല. പുസ്തക വിതരണത്തിന് ഇവിടെ രജിസ്റ്റർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് മൂന്ന് കൊല്ലമേ ആയിട്ടുള്ളൂ. അതിന് മുമ്പുവരെ അംഗങ്ങളുടെ കാർഡ് വാങ്ങിവെച്ച് പുസ്തകം കൊടുത്തുവിടുന്ന രീതിയായിരുന്നു. തിരിച്ചേൽപിച്ച് കഴിഞ്ഞാൽ ആ പുസ്തകം എടുത്തതാരാണെന്നറിയാൻ നിർവാഹമില്ല.”
“മദനൻ ചേട്ടാ, ഈ അജയനെ എനിക്കൊന്ന് കാണിച്ച് തരാമോ? എനിക്ക് അയാളെയൊന്ന് പരിചയപ്പെടണമെന്നുണ്ട്.”
“കാണുന്നതിനും പരിചയപ്പെടുന്നതിനുമൊന്നും കുഴപ്പമില്ല. പക്ഷേ, അവന്റെ കഥ നിനക്കറിയാമെന്ന് ഒരിക്കലും ഭാവിക്കരുത്. മറ്റാർക്കും അതറിയില്ല. ചിലപ്പോൾ, അടുപ്പമായിക്കഴിഞ്ഞാൽ നിന്നോടവൻ അത് പറഞ്ഞേക്കും. അതുവരെ ഒരു സൂചന പോലും കൊടുക്കരുത്.”
അങ്ങനെയായിരുന്നു അജയനെ ഞാൻ പരിചയപ്പെട്ടത്. അവനെക്കുറിച്ച് കൂടുതലറിയണമെന്നും, അവന്റെ ഉദ്യമത്തിന്റെ നിലവിലെ സ്ഥിതി മനസ്സിലാക്കണമെന്നും, കഴിയുംവിധം അതിൽ അവനെ സഹായിക്കണമെന്നുമുണ്ടായിരുന്നതിനാൽ അവസരം കിട്ടുമ്പോഴൊക്കെ ഞാനവനോട് സംസാരിക്കാൻ ശ്രമിച്ചു. അതിനുള്ള വിഷയങ്ങൾ മുന്നേതന്നെ ഞാൻ മനസ്സിലോർത്ത് വെച്ചു. എന്റെ ചോദ്യങ്ങളിലോ അഭിപ്രായങ്ങളിലോ ഒന്നുംതന്നെ മദനൻ ചേട്ടനിൽനിന്ന് കിട്ടിയ അവന്റെ ഭൂതകാലത്തിന്റെ സൂചനയൊന്നും വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയുംചെയ്തു.
പറഞ്ഞു കേട്ട ജീവിതത്തിൽനിന്ന് ഊഹിച്ചെടുത്ത രൂപമായിരുന്നില്ല അജയന്. സാമാന്യം ആരോഗ്യമുള്ള ദേഹപ്രകൃതം. അലക്കിത്തേച്ച മുണ്ടും ഷർട്ടും. വടിച്ചു മിനുപ്പാക്കിയ മുഖം. അങ്ങോട്ടൊരു ചോദ്യം ചോദിക്കാത്തിടത്തോളം മൗനത്തിന്റെ കാണാച്ചരട് എത്ര ദൂരവും പൊട്ടിക്കാതെ കൊണ്ടുപോകുന്നതിൽ അസാമാന്യ മിടുക്ക്. എന്നിരുന്നാലും, സൂചിത്തുമ്പിനാലൊന്ന് പോറിയാൽ തോരാപ്പെയ്ത്തിലേക്ക് വഴിമാറിത്തരാൻ വെമ്പുന്നതായിരുന്നു അവന്റെ മൗനശാഠ്യങ്ങൾ.
വായനയെക്കുറിച്ച് പൊതുവായി സംസാരിച്ചുകൊണ്ടായിരുന്നു ഞാനവനുമായി അടുത്തത്. അവന്റെ വായനശീലങ്ങളെക്കുറിച്ചും, തിരക്കുപിടിച്ച നിരത്തിനടുത്ത ഗ്രന്ഥശാലയിലിരുന്നുള്ള വായനാനുഭവത്തെക്കുറിച്ചുമെല്ലാം അവൻ സംസാരിച്ചു.
വായിക്കുമ്പോൾ പൂർണ നിശ്ശബ്ദത വേണമെന്ന് അജയന് നിർബന്ധമില്ല. ചുറ്റിലും ശബ്ദമുള്ളപ്പോഴും അവന് വായിക്കാനാകും. പക്ഷേ, ചുറ്റും കേൾക്കുന്ന ശബ്ദങ്ങൾ അവന്റെ വായനയെ താളബദ്ധമാക്കാറുണ്ട്, പലപ്പോഴും. ഉദാഹരണത്തിന്, വായിക്കുന്ന മുറിയിൽ ഒരു ഫാൻ കറങ്ങുന്നുണ്ടെങ്കിൽ, ആ കറക്കത്തിന്റെ താളത്തിലായിരിക്കും വായന മുന്നേറുക. ചിലപ്പോൾ ചീവീടുകളുടെ ശബ്ദമായിരിക്കും. ചിലപ്പോൾ ക്ലോക്കിന്റെ സൂചിയുടെ. താളത്തിൽ, ക്രമത്തിൽ തുടരുന്ന ശബ്ദങ്ങൾ കാതുകളിലൂടെ ഉള്ളിൽക്കടന്ന് മനസ്സിൽ അവൻ വായിക്കുന്ന അക്ഷരങ്ങളെ, വാക്കുകളെ, വരികളെ താളാത്മകമാക്കുന്നു. ഒരിക്കൽ പെട്ടാൽ, ഒന്നുകിൽ വായന, അല്ലെങ്കിൽ ആ ശബ്ദം നിൽക്കുന്നത് വരെ അവന് മോചനമില്ല.
പതിയെ അജയനുമായി ഞാൻ കൂടുതൽ അടുത്തു. നീണ്ടുനിന്ന ഒരു സംസാരവേളയിൽ അവന്റെ ജീവിതം എന്നോടവൻ പറയുകയുംചെയ്തു. ആദ്യമായി കേൾക്കുന്നതുപോലെ ഞാൻ അഭിനയിച്ചു.
അന്വേഷണത്തിൽ അവന്റെ പുരോഗതിയെക്കുറിച്ചുള്ള ആകാംക്ഷ എനിക്ക് മറച്ചുവെക്കാനായില്ല.
ആദ്യമായി ഈ ലൈബ്രറിയിലേക്ക് വരുമ്പോൾ, അന്ന് ബസിൽ വെച്ച് ആകസ്മികമായി കണ്ട പുസ്തകത്തിന്റെ വലുപ്പവും സീൽ വെച്ച പേജിന്റെ ഓർമയുമായിരുന്നു അവന്റെ മനസ്സ് നിറയെ. ഏതാണ്ടതേ വലുപ്പമുള്ള പുസ്തകങ്ങളായിരുന്നു അക്കാലത്ത് അവൻ തെരഞ്ഞെടുത്തിരുന്നത്. ബസിൽവെച്ച് വായിച്ച വാചകങ്ങളുടെ ശൈലിവെച്ച് അതൊരു ഓർമക്കുറിപ്പോ ആത്മകഥയോ ഒക്കെ ആയിരിക്കാമെന്ന് അവൻ അനുമാനിച്ചു. കുറേ നാളത്തെ വായന കഴിഞ്ഞപ്പോൾ അവന് തോന്നി, ഒരു കഥയിലോ നോവലിലോ പോലും അത്തരമൊരു ഓർമഭാഗം കടന്നുവന്നേക്കുമെന്ന്. ചിലപ്പോൾ ചരിത്രപുസ്തകത്തിൽപോലും. അങ്ങനെ അവൻ ഗദ്യപുസ്തകങ്ങളൊന്നാകെ പരതാൻ തുടങ്ങി.
പതിയെ അജയന്റെ ഓർമ അവനെക്കടന്ന് പോകാൻ തുടങ്ങി. ബസിൽവെച്ച് അവൻ വായിച്ചത് മലയാളമായിരുന്നില്ല, ഇംഗ്ലീഷാണെന്ന് അവന് തോന്നി. ഒരിംഗ്ലീഷ് പുസ്തകത്തിലെ ഭാഗം ബസ് യാത്രയുടെ കുലുക്കത്തിൽ വായിച്ച് മനസ്സിലാക്കാൻ അന്ന് തനിക്കാകുമായിരുന്നോ എന്ന സംശയത്തെപ്പോലും അവന്റെ ഓർമ നിഷ്പ്രഭമാക്കി. ഇംഗ്ലീഷ് പുസ്തകങ്ങളിലും അവൻ അച്ഛനെ തെരഞ്ഞു. ഓരോ പുസ്തകവും വെറുതേ പേജുകൾ മറിച്ച് കടന്നുപോകുന്നത് അങ്ങേയറ്റം വിരസത നിറഞ്ഞ പ്രവൃത്തിയായിരുന്നു. ആ വിരസതയെ മറികടക്കാനോ, അതോ സീൽ വെച്ച ഒരു പുസ്തകപ്പേജിൽ മാത്രമൊതുങ്ങുന്നതല്ല തന്റെ ജീവിതരഹസ്യം എന്ന് തോന്നിയതിനാലോ -അക്കാര്യത്തിൽ ഇപ്പോഴും അവന് തീർച്ചയില്ല- അവൻ പുസ്തകം വായിക്കാൻ തുടങ്ങി, ആദ്യാവസാനം. ആകാശത്തോളം ദൂരത്തിൽ സമയം തന്റെ മുന്നിൽ നീണ്ടുകിടക്കുകയാണെന്ന് ആ ദിവസങ്ങളിൽ അവന് തോന്നിയിരുന്നു. മുമ്പ് പേജ് മറിച്ച് മാറ്റിവെച്ച പുസ്തകങ്ങൾപോലും വീണ്ടുമെടുത്ത് അവൻ ആദ്യവസാനം വായിച്ചുതുടങ്ങി.

ഓർമ ഒരിന്ദ്രിയംകൂടിയാണ്. കാലം കടക്കുന്തോറും കണ്ടും കേട്ടും സ്പർശിച്ചും രുചിച്ചും മണത്തുമെല്ലാം നമ്മൾ നേടിയ അനുഭവങ്ങൾ ഓർമയുടെ വലിയൊരു ഗോളമായി മാറുകയും മറ്റൊരു ഇന്ദ്രിയമായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. പരിചയമുള്ള ഒരാൾ നടന്നടുക്കുമ്പോൾ കണ്ണുകൊണ്ട് കണ്ടറിയുന്നതിലുപരി ഓർമയിലുള്ള ആ രൂപത്തെ വേർതിരിച്ചറിയുകയല്ലേ നാം ചെയ്യുന്നത്. ഒരിന്ദ്രിയമായി മാറുമ്പോൾ ഓർമ സ്വതന്ത്രമായി പ്രവർത്തിക്കാനും അനുഭവങ്ങളെ സ്വന്തം നിലക്ക് രൂപാന്തരപ്പെടുത്താനും തുടങ്ങുന്നു. വായന മുന്നേറുന്നതിനോടൊപ്പം, പിന്നീടെപ്പൊഴോ അജയന് തോന്നി, താൻ വായിച്ചത് ഗദ്യഭാഗമായിരുന്നില്ല, അതൊരു കവിതയായിരുന്നെന്ന്. കവിതാ പുസ്തകത്തിൽ ഓർമയെഴുത്തുകൾ കടന്നുവരാമല്ലോ. ഓർമകൾ കവിതയുടെ രൂപവുമെടുത്തേക്കാം. അങ്ങനെ ചിന്തിച്ച് തുടങ്ങിയപ്പോൾ, താനന്ന് വായിച്ചത് ഒരു കവിത തന്നെയായിരുന്നെന്ന് അവന് തീർച്ച തോന്നി. കവിതാ പുസ്തകങ്ങളിലേക്കും അവന്റെ വായന പടർന്നു.
പുസ്തകത്തെക്കുറിച്ച് അന്വേഷിക്കാൻ വേണമെങ്കിൽ വലിയ വായനക്കാരെയൊക്കെ പരിചയപ്പെടുത്തിത്തരാമെന്ന് പുസ്തകത്തട്ടിലെ രമേശനും വായനശാലയിലെ സെക്രട്ടറി മദനൻ ചേട്ടനും പറഞ്ഞതാണ്. അവന് പക്ഷേ, അതൊന്നും സ്വീകാര്യമായില്ല. ഇത് താൻ സ്വകാര്യമായി നടത്തേണ്ട അന്വേഷണമാണെന്നും, ജീവിതവുമായി താൻ നടത്തുന്ന പകിടകളിയാണിതെന്നും അവൻ കരുതി. ചിലപ്പോൾ അവന് തോന്നിക്കാണും, വായനയുടെ ലോകമാണ് അന്വേഷണത്തിന്റെ ലോകത്തേക്കാൾ സന്തോഷകരമെന്ന്. എന്നാലും, ഇപ്പോഴും വായനക്കിടയിൽ സീൽ വെച്ച ഒരു പേജ് കാണുമ്പോൾ അവന്റെ കൈവിരലുകളിലേക്ക് ഒരു വിറ പടരും.
പുസ്തകത്തിന്റെ അച്ചടിച്ച താളിൽ സീൽ പതിക്കുന്ന ലൈബ്രേറിയന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ അജയൻ സംസാരിച്ചു. അയാൾ ആ പുസ്തകത്തിന് മേൽ സ്വന്തം ഉടമസ്ഥാവകാശം സ്ഥാപിക്കുകയാണോ? അതിനാണെങ്കിൽ ഒഴിഞ്ഞ പേജിൽ മാത്രം സീൽ പതിപ്പിക്കാമല്ലോ. അതിനുമപ്പുറം അക്ഷരങ്ങൾക്ക് മേൽ അയാളുടെ, അല്ലെങ്കിൽ അയാൾ പ്രതിനിധാനംചെയ്യുന്ന വായനശാലയുടെ ആധിപത്യം ഉറപ്പിക്കാനാണോ ശ്രമിക്കുന്നത്? അതോ വായനക്കാരനു മേലുള്ള മാനസിക ആധിപത്യമാണോ അയാൾക്ക് വേണ്ടത്? സീൽ വെച്ച ശേഷവും അക്ഷരങ്ങൾ തെളിഞ്ഞു നിൽക്കുന്നുണ്ടെന്ന് അയാൾ ഉറപ്പിക്കുമോ? എന്നും അക്ഷരങ്ങളുടെ തെളിച്ചം തന്റെ സീൽ മഷിയേക്കാൾ മുന്നിട്ടുനിൽക്കുമെന്ന വിശ്വാസം അയാൾക്കുണ്ടാകുമോ?
അജയനെ പരിചയപ്പെട്ടശേഷം വായനശാലയിലേക്കുള്ള എന്റെ ഓരോ യാത്രയും അവനെ കാണാൻ വേണ്ടിയായിരുന്നു. എന്നും ഞാനെത്തുമ്പോഴേക്കും ഒരു പുസ്തകത്തിൽ മുഴുകി സ്ഥിരം ഇരിപ്പിടത്തിൽ അവനുണ്ടാവും. എന്നാൽ, പെട്ടെന്നൊരു ദിവസം അവൻ അപ്രത്യക്ഷനായി. വായനശാലയിൽ കാണാഞ്ഞപ്പോൾ ആദ്യം ഞാൻ കരുതി അവന് വല്ല അസുഖവുമായിരിക്കുമെന്ന്. പിന്നെ തുടർച്ചയായ ദിവസങ്ങളിൽ അവന്റെ അസാന്നിധ്യമുണ്ടായപ്പോൾ ഞാൻ മദനൻ ചേട്ടനോടും പുസ്തകത്തട്ടിലെ രമേശനോടും അന്വേഷിച്ചു. രണ്ടാൾക്കും കൃത്യമായി അറിയില്ല. ചിത്തിര തിരുന്നാൾ വായനശാലക്ക് ചുറ്റുമുള്ള വഞ്ചിയൂർ പ്രദേശവും നിരത്തുകളുമടങ്ങിയ തീരെ ചെറിയ ലോകമായിരുന്നു അവന്റേത്. വായനശാലക്കടുത്ത് മിൽമ സ്റ്റോർ നടത്തുന്ന അയ്യപ്പനോടും, അവൻ സ്ഥിരമായി പോകാറുള്ള ബാലന്റെ കടയിലും, ജോലിചെയ്തിരുന്ന ചപ്പാത്തിക്കടയിലുമൊക്കെ ഞാൻ തെരഞ്ഞ് ചെന്നു. സ്വന്തം നാട്ടിലേക്ക് പോവുകയാണെന്നും, ഇനി തിരിച്ച് വരില്ലെന്നും മാത്രം ചപ്പാത്തിക്കടയിലെ തമിഴ് സ്ത്രീയോട് അവൻ പറഞ്ഞിരുന്നു.
അജയൻ പോയതിനുശേഷവും വായനശാലയിലേക്കുള്ള എന്റെ യാത്ര ഞാൻ മുടക്കിയില്ല. എന്തോ, അവിടെ ചെന്നിരുന്ന് ഒന്ന് രണ്ട് പുസ്തകങ്ങളൊക്കെ എടുത്ത് മറിച്ചുനോക്കാൻ ഒരു രസം തോന്നി. വെറുതേ മറിച്ച് നോക്കൽ മാത്രം. വായനയൊന്നുമില്ല. പിന്നെ പത്രങ്ങളൊക്കെ ഓടിച്ചൊന്ന് വായിക്കും. അജയൻ പോയിക്കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിനുശേഷം പുസ്തക റാക്കുകൾ നോക്കി നടന്ന്, ഇടക്ക് കൈയിൽ തടഞ്ഞ ഒരു പുസ്തകമെടുത്ത് ഞാൻ വെറുതേ പേജുകളോടിച്ചു. താളുകൾക്കിടയിൽനിന്ന് നാലായി മടക്കിയ ഒരു കടലാസ് താഴെ വീണു. പുസ്തകം തിരികെ വെച്ച് ഞാനാ കടലാസ് കൈയിലെടുത്ത് തുറന്നു. അതൊരു കത്തായിരുന്നു, അജയൻ എനിക്കെഴുതിയത്. എന്റെ പേരോ അജയന്റെ പേരോ അതിലുണ്ടായിരുന്നില്ല. എങ്കിലും, ഉള്ളടക്കംകൊണ്ട് ആ രണ്ട് കാര്യങ്ങളും എനിക്ക് വ്യക്തമായി.
ഇങ്ങനെയായിരുന്നു ആ കത്ത്-
ഈ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും ഞാൻ വായിച്ച് കഴിഞ്ഞു. തനിക്കടുക്കേണ്ട കരയേതെന്നറിയാത്ത നാവികനാണ് ഞാൻ. തേടിയിറങ്ങിയ കരകളല്ല ഞാൻ കണ്ടത്. എന്നാൽ, കണ്ടെത്തിയ കരകൾ കാണേണ്ടവ തന്നെയായിരുന്നു. ഞാൻ തെരഞ്ഞ വിളക്കുമാടങ്ങളായിരുന്നില്ല എന്നെ സ്വീകരിച്ചത്. എന്നാൽ അവ നീട്ടിയ തെളിച്ചങ്ങൾ എനിക്കുള്ളവ തന്നെയായിരുന്നു. അക്ഷരങ്ങൾക്കുമേൽ സീൽ പതിക്കുന്ന ലൈബ്രേറിയന് അക്ഷരങ്ങൾ തെളിഞ്ഞ് നിൽക്കുമെന്ന വിശ്വാസമല്ല ഉള്ളത്. അവയോടുള്ള പരിപൂർണ നിസ്സംഗതയാണ് അയാളെക്കൊണ്ടത് ചെയ്യിക്കുന്നത്. ഇപ്പോൾ എനിക്ക് തോന്നുന്നു ഞാനന്ന് കണ്ടത് മറ്റൊരു ലൈബ്രറിയുടെ സീലായിരുന്നുവെന്ന്. എനിക്കത് കണ്ടെത്തിയേ മതിയാകൂ. യാത്ര തുടരാൻതന്നെയാണ് എന്റെ തീരുമാനം.
ബസിൽവെച്ച് കണ്ട പുസ്തകം അന്വേഷിച്ച് അജയൻ മറ്റൊരു വായനശാലയിലേക്ക് ചേക്കേറിക്കാണുമോ? എങ്കിൽ, ഏത് വായനശാല? ഓർമ ഒരു മനുഷ്യനെ എങ്ങനെയൊക്കെയാണ് കളിപ്പിക്കുന്നത്. അതിനെക്കാളുമേറെ എനിക്ക് അതിശയം തോന്നിയത് മറ്റൊരു കാര്യത്തിലാണ്. എനിക്ക് വായിക്കാൻ വേണ്ടി എഴുതിയ കത്ത് അജയൻ എന്തിനാണ് ഏതോ ഒരു പുസ്തകത്തിൽ ഒളിപ്പിച്ചു വെച്ചത്? വായനാശീലമില്ലാത്ത ഞാൻ ആ പുസ്തകം എന്നെങ്കിലും തുറക്കുമെന്ന് അവൻ കരുതിയിട്ടുണ്ടാകുമോ? ഒരുപക്ഷേ, ഈ കത്ത് എനിക്ക് കിട്ടണമെന്ന് തന്നെ അവന് നിർബന്ധമുണ്ടാകില്ല. ജീവിതത്തോട് തന്നെ പകിടകളി നടത്തുന്നവനാണ്. ഇത്തരം യാദൃച്ഛികതകളിൽ മാത്രമായിരുന്നു അവന് വിശ്വാസം. ഇനി, കത്ത് ഒളിപ്പിച്ചുവെക്കാൻ അവൻ തെരഞ്ഞെടുത്ത പുസ്തകത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ? അവൻ തെരഞ്ഞുകൊണ്ടിരുന്ന, അവൻ കണ്ടെത്തിയ, ബസിൽ വെച്ച് കണ്ട അവന്റെ ജീവിതപുസ്തകം തന്നെയായിരുന്നോ അത്? എനിക്കുവേണ്ടി മറ്റെന്തെങ്കിലും സൂചന അവനതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകുമോ? കത്ത് കൈയിലെടുത്ത ശേഷം ആ പുസ്തകം എവിടെയാണ് തിരിച്ചുവെച്ചതെന്ന് ഞാൻ ചിന്തിച്ചു. കൃത്യമായി ഓർക്കുന്നില്ല. എന്നാലും എനിക്കത് കണ്ടുപിടിക്കണം.