Begin typing your search above and press return to search.

ന്റെ കല്യാണി തുമ്പിക്ക്

ന്റെ കല്യാണി തുമ്പിക്ക്
cancel

“ജിതേഷിന്റെ ട്രെയിനിന് ഏറെ നീളമുണ്ടായിരുന്നു. അതെത്രയാണ്? ഓഹ്. അത്… അതെനിക്കെങ്ങനെ പറയാനാകും? അത് അനുഭവിച്ചവർക്കല്ലേ അറിയൂ. ഞാൻ കേട്ടിട്ടല്ലേയുള്ളൂ.” സിയാദ് പെ​െട്ടന്ന് സ്റ്റോപ്പിട്ടു. അറിഞ്ഞിടത്തോളം പറയണോ? അല്ലേൽ വേണ്ട. അത് മുഴുവനാകട്ടെ… എന്നിട്ടാകാം ഫീഡ് ബാക്കിനുള്ള പറച്ചിൽ. പുരോഗമിച്ചുകൊണ്ടിരിക്കുന്ന കഥ തൽക്കാലം ഇപ്പോൾ കരീമിനോട് പറയേണ്ടെന്ന് അവൻ മനസ്സിലുറപ്പിച്ചു. അവനു മുന്നിലൂടെ ഒരു തേരട്ട അരിച്ചുപോകുന്നത് അവൻ ശ്രദ്ധിച്ചു. അവൻ അതിന്റെ പിന്നാലെ കുറച്ചുദൂരം യാത്രചെയ്തു. അതിന്റെ സഞ്ചാരം അതിന് വലിയ വേഗമായി തോന്നുന്നുണ്ടാകാം എന്ന് അവൻ നിരീച്ചു. “നീ എക്സൈറ്റഡ് ആയി പറഞ്ഞു തുടങ്ങിയ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

“ജിതേഷിന്റെ ട്രെയിനിന് ഏറെ നീളമുണ്ടായിരുന്നു. അതെത്രയാണ്? ഓഹ്. അത്… അതെനിക്കെങ്ങനെ പറയാനാകും? അത് അനുഭവിച്ചവർക്കല്ലേ അറിയൂ. ഞാൻ കേട്ടിട്ടല്ലേയുള്ളൂ.”

സിയാദ് പെ​െട്ടന്ന് സ്റ്റോപ്പിട്ടു.

അറിഞ്ഞിടത്തോളം പറയണോ? അല്ലേൽ വേണ്ട. അത് മുഴുവനാകട്ടെ… എന്നിട്ടാകാം ഫീഡ് ബാക്കിനുള്ള പറച്ചിൽ.

പുരോഗമിച്ചുകൊണ്ടിരിക്കുന്ന കഥ തൽക്കാലം ഇപ്പോൾ കരീമിനോട് പറയേണ്ടെന്ന് അവൻ മനസ്സിലുറപ്പിച്ചു. അവനു മുന്നിലൂടെ ഒരു തേരട്ട അരിച്ചുപോകുന്നത് അവൻ ശ്രദ്ധിച്ചു. അവൻ അതിന്റെ പിന്നാലെ കുറച്ചുദൂരം യാത്രചെയ്തു. അതിന്റെ സഞ്ചാരം അതിന് വലിയ വേഗമായി തോന്നുന്നുണ്ടാകാം എന്ന് അവൻ നിരീച്ചു.

“നീ എക്സൈറ്റഡ് ആയി പറഞ്ഞു തുടങ്ങിയ പുതിയ കഥേടെ ബാക്കി പറയെടാ…” അടക്കിവെക്കാൻ ആഗ്രഹിച്ചിട്ടും കരീമിന്റെ ജിജ്ഞാസ പുറത്തേക്ക് ഏന്തിവന്നു.

ഒരു നിമിഷം സിയാദ് ചിന്താമഗ്നനായി. പറയേണ്ടെന്ന് തീരുമാനിച്ച കഥ, അതും പൂർണമാകാത്തത് പറയുന്നത് ഉചിതമാകുമോ? അരിച്ചുപോകുന്ന തേരട്ടക്കൊപ്പം ഗമിച്ചുകൊണ്ട് അവൻ ആലോചിച്ചു. തേരട്ട ഒരു മരക്കഷ്ണത്തിൽ തട്ടി നിന്നു. അത് വഴികൾ തിരയുന്നത് അവൻ കണ്ടു. പറഞ്ഞേക്കാം, പറയുമ്പോഴാണ് പല കഥകൾക്കും ലൈഫ് വരുന്നത്.

“ഞാനെവിടാണ് നിർത്തിയത്? ഹാ. തീവണ്ടിയുടെ നീളം… ഓരോ കമ്പാർട്മെന്റുകളിലായി ജീവിതകാലം മുഴുവൻ താമസിച്ചാലും തീരാത്ത അത്രയുമുണ്ട് അതിന് വലുപ്പം.”

“അത്രയും വല്യ ട്രൈനോ?”

കരീമിന്റെ ചോദ്യം അവനിൽ ഈർഷ്യയുണ്ടാക്കി. അവന്റെ ഒഴുക്ക് നഷ്ടപ്പെട്ടതിന്റെ കലി ഇപ്പോൾ മുഖത്തു പ്രകടമാണ്. എങ്കിലും അവൻ ഉറച്ച മട്ടിൽ പറഞ്ഞു.

“അതെ.”

ആഗ്രഹങ്ങൾക്കെങ്ങനെടോ നീളം നിശ്ചയിക്കാനാവുക? സിയാദ് മനസ്സിൽ പറഞ്ഞു.

“ഇത് റിയൽ സ്റ്റോറിയോ, അതോ നിന്റെ പുതിയ കഥയോ?”

ഈ ഇടപെടൽ അവനെ കസേരയിൽനിന്ന് എഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്ന് പറയാതിരിക്കാനാവില്ല.

“നീയൊന്ന് പോയേ. നിന്നോടൊന്നും ഒരു കാര്യം വെടിപ്പിന് പറയാമ്പറ്റൂലാ. എപ്പഴും ഇടേക്കയറി കോലിടും.”

ഒരു വിധത്തിൽ കരീം അവനെ ശാന്തനാക്കി. അവനു തോന്നുംപോലെ പറഞ്ഞാൽ മതിയെന്ന് അരുളി.

“അതെ. ആ വലിയ ട്രെയിനിൽ പലതരം മനുഷ്യർ വന്നും പോയുമിരുന്നു. അതിന് അതിമനോഹരമായ ഡിസൈനുകൾ ഉള്ള മുറികൾ ഉണ്ടായിരുന്നു. ചിത്രപ്പണികളോടുകൂടിയ വാതായനങ്ങളും പലതരം നിറങ്ങളും. അതോടുന്ന സ്ഥലങ്ങൾ എല്ലാം യൗവന തീക്ഷ്ണമായിരുന്നു. അതിന്റെ ശീതീകരിച്ച മുറി, ഇല്ല, അതില്ലായിരുന്നു. ചൂടും വിയർപ്പും ഇല്ലാത്ത അങ്ങനെയുള്ള ഒരു മുറി കാണാനോ അറിയാനോ അവന് അവസരം കിട്ടിയിരുന്നില്ല. അതൊഴിച്ചാൽ ബൃഹത്തായ ഒന്നായിരുന്നു ജിതേഷിന്റെ ട്രെയിൻ എന്ന് പറയാം.’’

“അതെന്തുകൊണ്ടാണ് അതിൽ ഏസി ഇല്ലാതിരുന്നത്?”

“ആ തണുപ്പ് പ്രാപിക്കാൻ അവൻ ആഗ്രഹിച്ചിട്ടേയുള്ളൂ, പക്ഷേ എത്തിയില്ല. അതിനുമുമ്പ് അവനെ ചുടുകാറ്റും പുകയും പൊതിഞ്ഞിരുന്നു.”

“തെന്തൊക്കെയാ ഈ പറയുന്നത്? നിക്കൊന്നും മനസ്സിലായില്ല. പുല്ല്, ന്തേലുമാകട്ടെ… ന്നിട്ട്?”

കരീം അൽപം ഭയത്തോടെ തന്നെ സിയാദിനോട് ചോദിച്ചു.

“എന്നിട്ടെന്താ... ആ ട്രെയിൻ ജീവിതം കടന്നുപോയിട്ട് ഇപ്പോൾ ഏഴു കൊല്ലമായി.”

“ട്രെയിൻ ജീവിതം!.. കടന്നുപോവുകയോ? എങ്ങോട്ട്? ഒന്നും അങ്ങട്ട് പിടികിട്ടുന്നില്ല… ഇപ്പോൾ ആ ട്രെയിൻ ഓടുന്നില്ലേ?”

കരീം അവനോട് കൗതുകപ്പെട്ടു.

“ഉവ്വ്. എന്നും എപ്പോഴും ഓടുന്നുണ്ട്. ഓടിക്കൊണ്ടേയിരിക്കുന്നൂന്നും പറയാം. പക്ഷേ ഒച്ചിന്റെ, അല്ല അതിനേക്കാൾ കുറഞ്ഞ വേഗത്തിലാണെന്നു മാത്രം. വേഗം വളരെ കുറവായതോണ്ട് അത് വെയിലും മഴയും കണ്ട്, നരച്ചുപോയിരിക്കുന്നു. നിറം മങ്ങിയിരിക്കുന്നു. അതിന്റെ ഒച്ചപോലും തളർന്നിരിക്കുന്നു.”

“ടാ കോപ്പേ, മനസ്സിലായില്ല. അന്റെ മുടിഞ്ഞ എഴുത്തുരീതി വിട്ട് സ്റ്റോറി ടെല്ലിങ് സ്റ്റൈൽ പിടി. ന്നിട്ട് വെടുപ്പിന്… പച്ചക്ക് കാര്യം പറ.”

“ഓഹ് അതിപ്പോ നിനക്ക് ഞാനെങ്ങനെ മനസ്സിലാക്കിത്തരാനാ... ശ്രദ്ധിച്ചു കേട്ടോ എനിക്കറിയാവുന്ന പോലെയേ പറയാനാകൂ. അയിന്റെടേൽ ചൂടായിട്ട് കാര്യല്ല.”

“മനുഷ്യന്റെ ഭൂപടം ചെറുതാകുന്നത് വളരെ പെട്ടെന്നാണ്. ഒരു സെക്കൻഡുകൊണ്ട് അതിനു വലിയ മാറ്റം സംഭവിക്കും. മൾട്ടിപ്ലക്‌സ്‌ തീയറ്ററിലെ വലിയ സ്ക്രീനുകൾ പെ​െട്ടന്ന് തീപ്പെട്ടിക്കൂടിന്റെ വലിപ്പമാകുന്നത് നിനക്ക് ഊഹിക്കാലോ… അതുപോലെ.”

“ടാ, കഷ്ടംതന്നെ നിന്റെ കാര്യം. ഒരു സംഭവം പറഞ്ഞു തരാൻ വരെ അറിയില്ല, ഇത്രേം കാലം കഥേക്കെ എഴുതി ജീവിച്ചിട്ടും. നീയെപ്പോഴും എന്ത് പറഞ്ഞു തുടങ്ങിയാലും ഇങ്ങനെന്നെ.”

“ന്നാ ശെരി നമുക്ക് സ്റ്റേഷൻ വിടാം. ന്നെന്താ നിന്റെ പരിപാടി? നീ ഓഫീസിൽ പോകുന്നില്ലേ?”

സിയാദിന്റെ താൽപര്യം ഏറെ കുറഞ്ഞുവെങ്കിലും കരീം വിടാൻ ഒരുക്കമല്ലായിരുന്നു.

“നെറ്റ് വർക്ക് മാറ്റിപ്പിടിക്കല്ലേ… നീയിപ്പോ കഥേടെ ബാക്കി പറ, ന്നിട്ട്...”

“അത് ശരിയാകൂല, ഒന്നുകൂടി ബോയിൽ ആവട്ടെ, അപ്പൊ പറയാം. ഇപ്പോൾതന്നെ നോക്ക്. ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം... അതെല്ലാം… എനിക്ക് എത്രയോ മഹത്തായ കാര്യങ്ങളാണെന്ന് നിനക്കറിഞ്ഞൂടെ? മാസത്തിലൊരിക്കൽ ഡോക്ടറെ കാണാൻ മെഡിക്കൽ കോളേജിലേക്കുള്ള നാൽപത് മിനുറ്റ് യാത്ര തന്നെ എനിക്ക് കുറേ ദിവസം നീളുന്ന ഡൽഹി യാത്രയാണ്. അതിനു മുമ്പോ?”

“ഓഹ് അതിന് മുമ്പെന്താ?”

“അറീലേ? നിനക്ക് ഒന്നുമറീലെങ്കി പിന്നെ എനിക്ക് ഒരു വിധേനയും നിനക്ക് പറഞ്ഞു മനസ്സിലാക്കി തരാനാകൂല. കഥ ഒരു പരുവമാകട്ടെ, അപ്പോൾ പറയാം.”

“ശ്ശോ. പിന്നെയും തുടങ്ങി അവൻ. അല്ല ശെരിക്കും നിന്റെ പ്രശ്‍നം എന്താ?.. മുമ്പൊക്കെ നമ്മൾ ഇഷ്ടപ്പെട്ടിടത്തൊക്കെയും യാത്ര ചെയ്തിരുന്നു. ഇപ്പെന്താ… ഒരു നാലഞ്ചു മാസം അനങ്ങാതെ നിനക്ക് കിടക്കേണ്ടി വന്നു അത്രല്ലേള്ളൂ. അങ്ങനെ ഒരു മുറീൽ കിടക്കുമ്പോൾ ഇടയ്ക്കു പുറത്തിറങ്ങുന്നത് വല്ല്യ സംഭവായി തോന്നും… ആർക്കും. അത് സ്വാഭാവികം. അത്രേന്നെ…പക്ഷേ, നീ പറയാൻ തുടങ്ങുന്ന ആ കഥ… അതിന്റെ തുടക്കം കേട്ടപ്പോളേ തോന്നി... ഇതൊക്കെ നിന്റെ ഉള്ളിൽ എവിടെയോ കുഴഞ്ഞുകിടക്കുന്ന വലിയ ഒന്നായിരിക്കണം… അത് പറയാമെങ്കിൽ പറ, മനസ്സിലാകുന്നപോലെ.”

കഥയുടെയും തന്റെയും ക്ഷതം വന്ന നട്ടെല്ലുകൾ ഒന്നാണല്ലോ എന്ന് സിയാദ് ആലോചിച്ചു. ഒരു ചലനം ആവശ്യമാണ്. അതിനാൽതന്നെ കുക്ഡ് ആയിട്ടില്ലെങ്കിൽപോലും കഥ പറഞ്ഞുനോക്കാമെന്ന് അവൻ തീരുമാനിച്ചു.

“ന്നാ കേട്ടോ.”

ജിതേഷ് പുഴമണലിൽ മാനം നോക്കി നിവർന്നു കിടന്നു. അവൻ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ കണ്ടു. അവന് അത് കണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. വാക്കുകളും ആലോചനകളും ഏതാണ്ട് മരവിച്ചപോലെ ആയിരുന്നു അവൻ.

“ഇനീപ്പോ നമ്മളെന്താ ചെയ്യാ?”

ദൂരെയായി പലയിടത്തുനിന്ന് കിട്ടുന്ന മിന്നുന്ന വെളിച്ചത്തിലും നിലാവിന്റെ വെളുപ്പിലും കണ്ണ് നട്ടുകൊണ്ട് അവൾ അവനോട് ചോദിച്ചു. ജിതേഷിന് ഉത്തരമുണ്ടോ? ഉണ്ടാകുമോ?

“അവളോ അതാര്?”

“അവൾ തന്നെ.”

കരീമിന് ഒന്നും പിടികിട്ടിയില്ലെങ്കിലും ഇനിയുമൊരു ചോദ്യവുമായി സിയാദിനെ നേരിടേണ്ടെന്ന് തീരുമാനിച്ചു.

“ജിതേഷിന് ഉത്തരമുണ്ടോ? ഉണ്ടാകുമോ?”

ഉത്തരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ എന്ന് കരീം നിശ്ശബ്ദമായി ഇരുന്നു.

ജിതേഷിന്റെ മറുപടിക്ക് അവൾ കാത്തിരുന്നു. കുറേ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവൾ പുഴയുടെ വിരിമാറിൽ വിശാലമായി ഇരുന്ന് ചിത്രം വരയ്ക്കാൻ തുനിഞ്ഞു. ഒരു വലിയ കാൻവാസ്‌ കിട്ടിയ ആവേശം അവളിൽ ഉണ്ടായിരുന്നു. വര തുടങ്ങുമ്പോൾ അവൾ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലെ കവിത ചൊല്ലാൻ തുടങ്ങി.

ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ

ആതിര വരും പോകുമല്ലേ സഖീ?

ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ

നീയെന്നണിയത്തു തന്നെ നിൽക്കൂ...

അവൾ സ്വയം നഷ്ടപ്പെട്ട ഒരു കുട്ടിയാണിപ്പോൾ. ഈ നിമിഷത്തിൽ ജീവിക്കുകയാണ് അവൾ.

കവിത കേട്ട് പേടിയോടെ ജിതേഷ് ചുറ്റും നോക്കിയെങ്കിലും അവളുടെ നിഷ്കളങ്കമായ ചൊല്ല് തന്നോട് ചേർന്ന് നിൽക്കാനുള്ള ആവശ്യപ്പെടലായിട്ടാണ് അവന് മനസ്സിലായത്. അവൻ അവൾക്കരികിൽ ഇരിക്കാൻ തുനിഞ്ഞപ്പോൾ അവൾ മണലിൽ വരച്ചുകൊണ്ടിരുന്ന ഒരു രേഖ മാഞ്ഞുപോകാൻ ഇടയായി.

“ഞാനെന്റെ കല്ലൂനെ വരക്കുന്നത് കാണിണില്ലേ? ശ്‌ഹോ അവളുടെ മുഖം കോടി. ഞാനെത്ര നേരെടുത്തു വരച്ചതാന്നറിയോ… ഞ്ഞിപ്പോ പിന്നേം വരയ്ക്കണം. മര്യാദക്കല്ലെങ്കിൽ ഞാനൊറക്കെ കരയുംട്ടാ…”

ജിതേഷിന് ഭയമായി. അവൻ നാലുപാടും നോക്കി. ഈ രംഗത്തേക്ക് ആരെങ്കിലും വന്നാൽ അവന്റെ കോളനിയിലുള്ളവർ പോലും അവന് എതിരാകും എന്ന് അവൻ പേടിച്ചു. അതങ്ങനെ തന്നെ ആകാനേ തരമുള്ളൂ, എന്തെന്നാൽ അവന്റെ കുടുംബാദികളും കോളനിവാസികളും അവളുടെ അച്ഛന്റെ പറമ്പിലെ പണിക്കാരാണ്. ആ തറവാട്ടിന്റെ ചായ്പിൽ വെച്ചു കൊടുക്കുന്ന കഞ്ഞി കുടിച്ചു ജീവിക്കുന്നവരാണ്.

അതെല്ലാം ഓർത്ത ജിതേഷിന് ശൂന്യത അനുഭവപ്പെട്ടു.

“നി ഞാൻ വരക്കണത് കേടാക്കാൻ വരരുത് ട്ടോ?”

അവളുടെ ഗർവുള്ള വാക്ക് അവനെ വീണ്ടും പേടിപ്പിച്ചു.

എന്ത് ചെയ്യണമെന്ന് ജിതേഷിന് ഒരു പിടിയും കിട്ടിയില്ല. ജിതേഷ് തലയിലെ തോർത്തുമുണ്ടഴിച്ചു മൂക്കിനോട് അടുപ്പിച്ചു. വിയർപ്പിന്റെ രൂക്ഷഗന്ധം മൂക്കിൽ തറച്ചുകയറി. മണൽപരപ്പിന്റെ നടുവിൽ ചാലായി ഒഴുകുന്ന വെള്ളത്തിന് അടുത്തേക്ക് അവൻ നടന്നു. പാന്റ് മുകളിലേക്ക് മടക്കിവെച്ചു വെള്ളത്തിൽ ഇറങ്ങി. തോർത്ത് പലവുരി ശബ്ദമുണ്ടാക്കാതെ മുക്കി പിഴിഞ്ഞെടുത്തു. എന്നിട്ടത് മണലിൽ വിരിച്ചിട്ടു. സീനയുടെ അരികിൽ വന്നിരുന്നു. അവൾ ഒന്നും അറിയുന്നില്ല. ഇപ്പോൾ എവിടെയാണെന്നുപോലും അവൾക്കറിയില്ല. ഉണങ്ങിയ മണൽത്തരികൾ നിലാവിൽ ക്യാൻവാസുപോലെ അവൾക്കു മുന്നിൽ പരന്നുകിടന്നു. അവൾ ആസ്വദിച്ചുകൊണ്ട് ചിത്രം വരക്കുകയാണ്. വരകൾക്കിടയിൽ ഈർപ്പമുള്ള മണൽക്കൂനകൊണ്ടുള്ള കെട്ടിടങ്ങളുമുണ്ട്. പലതരം ശിൽപങ്ങളിലും വരകളിലും ഉത്സാഹിക്കുകയാണ് അവൾ. ഓരോ മണൽത്തരിയും അവളുടെ കൂട്ടുകാരായി മാറി. വരച്ചവയെല്ലാം കുറച്ചു നേരം അവൾ നോക്കിയിരുന്നു. വീണ്ടും തന്റെ പ്രവർത്തനത്തിന്റെ തുടർച്ചയിലേക്ക് പോയി. അവളുടെ ക്ലാസിലെ ഓരോ കൂട്ടുകാരെയും ഓരോ മണൽക്കൂനകളാക്കി അവൾ മെനഞ്ഞുകൊണ്ടിരുന്നു. പിന്നെ അവരുടെ വീടുകളിലേക്കുള്ള വഴികൾ വരെ പരിണാമംകൊണ്ടു.

ആവേശം പൂണ്ട അവളുടെ ചലനങ്ങൾക്കിടെ അവളുടെ മുടിയിഴകൾ കാറ്റിൽ പാറി കളിക്കുന്നത് അവൻ ശ്രദ്ധയോടെ നോക്കി. തിരുവാതിരക്കാറ്റിന്റെ നിലാവിൽ അവളുടെ നീളമുള്ള കേശങ്ങൾക്ക് അഭൗമമായൊരു ഭംഗി അവൻ ദർശിച്ചു. അവളുടെ നോട്ടം തിരിച്ചു കിട്ടാത്തതിനാൽ അവൻ അവൾക്കരികിലായി മലർന്നുകിടന്നു. അവളെ തൊടാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും അതിന് മുതിർന്നില്ല. വാക്കുകൾ മൂടിവെച്ച് അവൻ അവളുടെ കലാവിരുതുകൾ തീരാനായി കാത്തിരുന്നു. പുഴക്കക്കരെ ഓടുന്ന ട്രെയിനുകളുടെ ഗദ്യസംഗീതം അവന്റെ ഉള്ളിൽ പല കിനാവുകളും നെയ്തുകൊണ്ടിരുന്നു. അവളുമൊത്തുള്ള യാത്രയായിരുന്നു അതിൽ ശക്തമായത്. ആയിരം ആളുകൾക്കിടയിലും രണ്ടുപേരെയും തിരിച്ചറിയാത്തതും ചോദ്യംചെയ്യാത്തതുമായ യാത്രയായിരുന്നു അത്.

ദൂരെ തിരുവാതിരയുടെ ചോഴിക്കളി മേളം അവന്റെ കാതിലേക്കെത്തി. അതിന്റെ താളത്തിനൊത്തു നക്ഷത്രങ്ങൾ പായുന്നുണ്ടോ എന്ന് അവൻ സംശയിച്ചു. അവൻ കണ്ണുകൾ കൂർപ്പിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി. ചെണ്ടമേളത്തിനൊപ്പം ദൂരേന്നു അടുത്തേക്കായി വരുന്ന ആളുകളുടെ ഒച്ചകൾ കേട്ടപ്പോൾ അവന്റെ കണ്ണുകളിൽനിന്ന് ആകാശവും നക്ഷത്രവുമെല്ലാം എളുപ്പത്തിൽ മങ്ങിപ്പോയി. അവൻ എഴുന്നേറ്റു. തോർത്തുമുണ്ടെടുത്ത് തലയിൽ ചുറ്റി. സീനയുടെ കൈ പിടിച്ചെഴുന്നേൽപിച്ചു. അവൾക്ക് അതൊട്ടും ഇഷ്‍ടമായില്ല. അവൾ കയർത്തു.

“ഇപ്പൊന്തിനാ എന്നെ ശല്യപ്പെടുത്തിയെ? ചേട്ടന് വട്ടാണോ? ഞാൻ ഒരു പണി ചെയ്തുകൊണ്ടിരിക്ക്യല്ലേ?’’

അവളുടെ ഉച്ചത്തിലുള്ള പ്രതികരണം അവനെ കൂടുതൽ ചകിതനാക്കി. മുമ്പ് ദൂരെനിന്ന് കേട്ടിരുന്ന ആളുകളുടെ ശബ്ദങ്ങൾക്ക് അവൻ കാത് മിനുസപ്പെടുത്തി.

അവൻ ശബ്ദം താഴ്ത്തി, മൃദുവായി പറഞ്ഞു:

“നമുക്ക് പോണം.”

“എങ്ങോട്ട്?”

“എങ്ങോട്ടെങ്കിലും… എന്നെ ഇഷ്ടല്ലേ?”

‘‘ഇഷ്ടോക്കേണ്. എനിക്ക് ട്രെയിൻ കാണിച്ചേര്വ?”

“ഹാ… കാണിക്കാം. വാ.”

“അപ്പൊ ന്റെ തുമ്പീടേം ബിന്ദുന്റേം ഒക്കെ വീടോ?”

ജിതേഷിന് ക്ഷമ നഷ്ടപ്പെടുന്നതായി തോന്നി. പക്ഷേ, അവളെ പിടിച്ചുവലിച്ചാൽ അവൾ എങ്ങനെ പ്രതികരിക്കുമെന്ന ഭയം അവന്റെ ഉള്ളിൽ ജ്വലിച്ചു. ആളുകളുടെ തിരച്ചിലിന്റെ ഒച്ചകൾ അവന്റെ കാതിൽ വീണ്ടും മുഴങ്ങി. അവൻ അൽപം ധൈര്യം സംഭരിച്ചു. അവളോട് ശബ്‍ദമുണ്ടാക്കരുതെന്നു ആംഗ്യം കാട്ടി. അവൾ അനുസരിച്ചു. പുഴയിലെ പരന്ന മണൽപ്പരപ്പിൽനിന്ന് ജിതേഷ് സീനയെ വലിച്ചെഴുന്നേൽപിച്ചു. അവൾ നാഭിയിൽ കൈവെച്ചുകൊണ്ട് വേദനയോടെ തേങ്ങി. ദേഷ്യത്തിൽ അവൾ വരച്ചതെല്ലാം അവൾതന്നെ കാലുകൾകൊണ്ട് മായ്ച്ചു കളഞ്ഞു. പുല്ലാനിച്ചെടികളുടെ മറവിലേക്ക് അവൻ സീനയെ നടത്തിച്ചു. ചെടികളുടെ നിഴലിൽ തോർത്തുമുണ്ട് വിരിച്ചു. അവളോട് അതിൽ കിടക്കാൻ പറഞ്ഞു. അവൾ പതിയെ അതിലേക്ക് ചാഞ്ഞു. അവൾ അവളുടെ വയറിന് താഴെ കൈവെച്ച് ഞരങ്ങി.

‘‘ന്നെ തൊടരുത് ട്ടോ...”

ജിതേഷ് അവളുടെ കുഞ്ഞുമുഖത്തേക്ക് ദയനീയമായി നോക്കി. പുല്ലാനി മൂർഖന്റെ ഒരു കുഞ്ഞ് ചെടികൾക്കിടയിൽനിന്നിറങ്ങി മണൽപരപ്പിലേക്ക് പോകുന്നത് അവൻ കണ്ടു. അവന്റെ ഭയം ഇരട്ടിച്ചു. അപ്പോൾ പുഴയുടെ അക്കരെ പാളത്തിലൂടെ ഒരു ട്രെയിൻ കടന്നുപോയി. അങ്ങോട്ടെത്താൻ ഇനിയും കുറേ ദൂരമുണ്ടെന്ന് അവന്റെ കണ്ണുകൾ അളന്നു. ആ വണ്ടി അവന് അൽപനേരത്തേക്ക് ഹൃദയതാളം നൽകി. അതിൽ അവർ യാത്ര ചെയ്യുന്നതായി അവൻ സങ്കൽപിച്ചു. അതിൽ ആനന്ദം കണ്ടെത്താൻ അവൻ കിണഞ്ഞു ശ്രമിച്ചു.

‘‘ന്നെന്തിനാ വീട്ടീന്ന് കൊണ്ടുവന്നേ? ന്നെ രക്ഷിച്ചതാ?”

അവളുടെ കണ്ണുകളിലെ ജലകണികകളിൽ നിലാവ് തടം കെട്ടി നിന്നു.

വണ്ടി കടന്നുപോയപ്പോൾ വീണ്ടും ആളുകളുടെ സംസാരവും കാലടിയൊച്ചകളും അവനിൽ ഇരച്ചെത്തി. അവൻ സീനയുടെ മുഖത്തേക്ക് നോക്കി. അവൾ കണ്ണിമ ചിമ്മാതെ ആകാശത്തെ നക്ഷത്രങ്ങൾ എണ്ണുകയാണെന്ന് അവന് തോന്നി. പിന്നെ അവൾ കണ്ണടച്ചു. ഉറക്കത്തിലേക്ക് വഴുതിവീണു. നീലവെളിച്ചത്തിന്റെ വെണ്മയിൽ അവളുടെ പട്ടുടുപ്പുകൾ തുടിച്ചുനിന്നു. ഇപ്പോൾ ഒരു മാലാഖയാണ് അവൾ. അവൻ അവളുടെ മുഖത്തേക്ക് തന്റെ മുഖം ചേർത്ത് വെക്കാൻ ആഗ്രഹിച്ചു. ധൈര്യം കിട്ടിയില്ല. എന്തുമാകട്ടെ എന്ന തോന്നലോടെ ജിതേഷ് അവന്റെ തഴമ്പുള്ള പരുപരുത്ത കൈ അവളുടെ നെറ്റിയിൽ വെച്ചു. അവൾ ഒച്ചയെടുത്തു.

“ശ്ശേ… ന്റെ ഉറക്കം കെടുത്തി.”

ജിതേഷ് കൂടുതൽ പകച്ചു. അവളെ തൊടാനുള്ള തുടർച്ചക്ക് അവൻ വെമ്പിയെങ്കിലും അവന്റെ ഉള്ളിൽ ഭയം കുമിഞ്ഞു കൂടി. ദൂരെനിന്നുള്ള ആളുകളുടെ സംസാരം അടുത്ത് വരുന്നതായി അവനറിഞ്ഞു. അവൾ വേദനയോടെ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്. അവൻ രണ്ടും കൽപിച്ച് അവളെ വിളിച്ചു.

“സീന, പോകാം, എഴുന്നേക്ക്, ട്രെയിൻ കാണാമ്പോകാം.”

അവൾ ആവേശത്തോടെ എഴുന്നേറ്റ്, മുഖത്തെ മണൽതരികൾ തുടച്ചു. അവനോടൊപ്പം പതുക്കെ നടന്നു. വേഗത്തിൽ നടക്കാൻ ജിതേഷ് അവളോട് പറഞ്ഞു.

“നിക്കുറക്കം വരണ്.”

“ഞാൻ എടുക്കട്ടേ...”

അവൾ ഒന്നും പറഞ്ഞില്ല, ആളുകളുടെ സംസാരം അൽപം കൂടി തെളിഞ്ഞു കേട്ട ജിതേഷ് അവളെ കോരിയെടുത്തു. മെലിഞ്ഞ ശരീരമുള്ള അവളെ ചുമലിലേറ്റി നടക്കാൻ അവന് ഒട്ടും പ്രയാസം തോന്നിയില്ല. ഒരു സിമന്റ് ചാക്കിന്റെ ഘനംപോലും അവൾക്കില്ലെന്ന് അവനറിഞ്ഞു. പുഴക്കക്കരെയുള്ള ലോക്കൽ പാസഞ്ചർ വണ്ടികൾ മാത്രം നിർത്തുന്ന റെയിൽവേ സ്റ്റേഷൻ ആയിരുന്നു അവന്റെ ലക്ഷ്യം. ആവുന്നത്ര വേഗത്തിൽ അവൻ നടന്നു. എങ്കിലും സീന ഉണരാതിരിക്കാൻ ശ്രദ്ധയോടെയും ബോഡി മൂവ്മെന്റ് അവളെ അറിയിക്കാതെയുമാണ് അവൻ നടക്കുന്നത്. മണൽപരപ്പ് കഴിഞ്ഞ്, പുഴയുടെ അങ്ങേയറ്റത്തെ വെള്ളമൊഴുകുന്ന നീർച്ചാലിലേക്ക് അവൻ ഇറങ്ങി. പെ​െട്ടന്ന് ചെറിയ മണൽകുഴിയിൽ കാല് വീണതിന്റെ ആഘാതത്തിൽ അവൻ പതറിയപ്പോൾ സീന കണ്ണ് തുറന്നു. അവൾ അവന്റെ പുറത്തു നുള്ളി.

“നിക്ക് മൂത്രമൊഴിക്കണം”

ജിതേഷ് അവളെ താഴെയിറക്കി. അവൾ ഒട്ടും മടിയില്ലാതെ പാവാട പൊക്കിപ്പിടിച്ച്, മണലിൽ തിരിഞ്ഞിരുന്നു. അവളുടെ വേദന ചേർന്ന ഞരക്കം ജിതേഷ് ശ്രദ്ധിച്ചു. അപ്പോഴാണ് പുരുഷശബ്ദത്തിലുള്ള ചുമ അവൻ കേട്ടത്. അവൻ ചുറ്റും നോക്കി. അവൾ ഇരിക്കുന്നതിന്റെ തൊട്ടു മുന്നിലുള്ള പുല്ലാനി ചെടികളുടെ മറവിൽനിന്ന് രണ്ടുപേർ എഴുന്നേറ്റ് നിൽക്കുന്നത് നിലാവിൽ കണ്ടു. അവർ വേഗത്തിൽ അവൾക്കടുത്തേക്ക് നീങ്ങുകയാണ്. ഷോക്കിലായ ജിതേഷ് ഓടിച്ചെന്ന് അവളെ കോരിയെടുത്തു. സർവശക്തിയും എടുത്ത് അവൻ വെള്ളത്തിലേക്ക് ചാടിയിറങ്ങി. പിറകിൽ അവരും.

പുഴ കടന്ന ജിതേഷ് റെയിൽവേ ട്രാക്കിന്റെയോരത്തെ കരിങ്കൽ മെറ്റലുകൾക്ക് മുകളിലെത്തി. ട്രാക്ക് മുറിച്ചു കടക്കാൻ തത്രപ്പെട്ടുവെങ്കിലും അതിനായില്ല. ട്രെയിനിന്റെ നീണ്ട ഹോൺ അവനെ പിന്തിരിപ്പിച്ചു. പുറകിലേക്ക് നോക്കി. രണ്ടു പേർ അവന് തൊട്ടു മുന്നിൽ, പല്ലുകൾ പുറത്തു കാട്ടി ചിരിച്ചു നിൽക്കുന്നു. അവന്റെ ചുമലിൽ കിടക്കുന്ന സീനയുടെ പാവാടയുടെ തുമ്പ് അതിലൊരാളുടെ കൈയിലാണ് എന്ന് അവൻ അറിഞ്ഞു. അയാളെ അവന് പരിചയം തോന്നി. അതേ, സീനയുടെ വീട്ടിൽ ഈയിടെ പ്രത്യക്ഷനായ അവളുടെ ബന്ധുവാണ് അതെന്ന് അവൻ തിരിച്ചറിഞ്ഞു. സീന ഒട്ടും ശബ്ദമുണ്ടാക്കുന്നില്ല എന്നത് അവനെ അത്ഭുതപ്പെടുത്തി. ജിതേഷ് വേഗത്തിൽ അവർക്ക് നേരെ വീശിത്തിരിഞ്ഞു. രണ്ടുപേരും തെന്നി മാറി. 360 ഡിഗ്രിയിൽ തിരിഞ്ഞെത്തിയ ജിതേഷ് ട്രെയിൻ സ്റ്റേഷനിലേക്ക് അടുക്കുന്നത് കണ്ടു. ലോക്കോ പൈലറ്റ് ഹോൺ മുഴക്കുന്നു. സീന ചടുലവേഗത്തിൽ അവന്റെ ചുമലിൽനിന്ന് ചാടിയിറങ്ങി.

അവൾ തിരിഞ്ഞുനിന്ന് കൊണ്ട് അവളുടെ ബന്ധുവിന്റെ നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.

“നീ…നീ...” അവളുടെ ബാക്കി വാക്കുകൾ ട്രെയിൻ ശബ്ദത്തിൽ മുങ്ങിപ്പോയി.

അവളുടെ കണ്ണുകളിൽ തീ പാറുന്ന പ്രകാശം ജിതേഷ് കണ്ടു. അവന് എന്തോ പന്തികേട് തോന്നി. അതേക്കുറിച്ചു ആലോചിക്കാൻ കഴിയുന്നതിന് മുമ്പേ അവൾ ട്രെയിൻ വരുന്ന ട്രാക്കിലേക്ക് തിരിഞ്ഞു നിന്നു. അത്ഭുതത്തോടെ വണ്ടി കാണുകയാണ് അവളെന്ന് ജിതേഷ് അനുമാനിച്ചു. അവൻ അവളുടെ തോളിൽ കൈയിട്ടു. അവർ ട്രെയിനിന്റെ ബോഡിയുടെ തൊട്ടടുത്താണ് എന്ന് മനസ്സിലായ ജിതേഷ് അവളെ പിടിച്ചു താഴേക്ക് നിർത്താൻ കൈ മുറുക്കിയതും അവൾ അവന്റെ കൈ തട്ടിമാറ്റി. അവൾ ആവേശത്തോടെ അതിന് മുന്നിലേക്ക് കുതിച്ചു. അവളെ പിടിക്കാനായി ജിതേഷും ട്രെയിനിന്റെ മുന്നിലേക്ക് ചാടി. പതുക്കെ ട്രെയിൻ നിന്നു. വളരെ പെ​െട്ടന്ന് തന്നെ എല്ലാം നിശ്ശബ്ദമായി. ഉണർന്നപ്പോൾ അവൻ ഒരു മുറിയിലാണ്. ചുറ്റും അപരിചിത ഭാഷകളും അജ്ഞാത മുഖങ്ങളും. നിറയെ മെഷീനുകളും ബീപ്പ് ശബ്ദങ്ങളും. തിരുവാതിരക്കാറ്റും പുഴയും അല്ലെന്ന് അവന് ബോധ്യമായി. ചോദ്യങ്ങൾ നേരിടാനായി ഓർത്തെടുക്കാൻ അവൻ പണിപ്പെട്ടു.

 

“എന്താണ് ഉണ്ടായത്?”

“ഇതു വരെ എല്ലാം ഓക്കേ ആണെന്ന് തോന്നുന്നു.” കരീമിന്റെ അത്ഭുതം കണ്ട് സിയാദ് അകമേ പറഞ്ഞു. സിയാദ് തന്റെ പോസ്റ്റ് സർജറി വാർഡിലെ അനസ്തേഷ്യ മയക്കവും അവ്യക്തമായ ചോദ്യങ്ങളും ഓർത്തെടുക്കാൻ ശ്രമിച്ചു.

“പറേഡോ...”

കരീമിന്റെ ജിജ്ഞാസ പുറത്തുവന്നു.

“ഞാൻ കുറ്റക്കാരനല്ല, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.”

ചോദ്യത്തിന് കോടിയ വായകൊണ്ട് ജിതേഷ് മറുപടി പറഞ്ഞു.

“നീയാ കുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ട് പോയി, ആവശ്യം കഴിഞ്ഞപ്പോൾ ട്രെയിനിന് മുന്നിലേക്ക് എറിഞ്ഞു, അല്ലേ…അതല്ലേ ഉണ്ടായത്?”

പോലീസുകാരുടെ ചോദ്യം ജിതേഷിനെ തളർത്തിയെങ്കിലും ഉറച്ച മറുപടി ആയിരുന്നു അവന്റേത്.

“അല്ല.”

“പിന്നെ?”

“അവൾ എന്റെ കൈയ്യീന്നു കുതറി, വണ്ടിക്ക് മുന്നിൽ ചാടിയതാണ്.”

“ഇത്ര ചെറിയ കുട്ടി, അങ്ങനെ ചെയ്തെന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലെ?”

“…വേണം.”

“തെളിവുകൾ അങ്ങനെയല്ലല്ലോ.”

“... എന്താണ് തെളിവ്?”

“അന്ന് നിന്നെ പിന്തുടർന്ന രണ്ടു പേർ ഉണ്ടായിരുന്നല്ലോ…”

“ഹാ… അവരോ..?”

ജിതേഷ് മയക്കത്തിലേക്ക് വീണു.

“പിന്നെ അവന് ഔദ്യോഗികമായ ഒരു ചോദ്യംചെയ്യലും നേരിടേണ്ടി വന്നിട്ടില്ല.” സിയാദ് പറഞ്ഞപ്പോൾ കരീമിന്റെ ചോദ്യം വന്നു.

 “വൈ? വൈ നോട്ട്...”

സീനയുടെ വീട്ടുകാർതന്നെ കേസ് പിൻവലിച്ചു. മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ജിതേഷിന്റെ അച്ഛൻ വലിയ കടക്കാരനായി. ഉണ്ടായിരുന്ന വീടും സ്ഥലവും പണയം വെച്ചു. പ്രദേശവാസികൾ പല കഥകൾ മെനഞ്ഞു. അതെല്ലാം അവിടമാകെ പാറിപ്പറന്നു. ആളുകളുടെ ഹൃദയങ്ങളിൽ സിമന്റിട്ടുറപ്പിച്ച പല കഥകൾ ജിതേഷും കേട്ടു. വർഷങ്ങൾ കടന്നുപോയി. ജിതേഷ് ഇപ്പോഴും സ്റ്റേഷൻ അറിയാതെ, ദൂരമറിയാതെ തീവണ്ടി യാത്രയിൽ തന്നെയാണ്.

കഥയുടെ ട്രാക്ക് സിയാദ് ഇപ്പോൾ മാറ്റിയിരിക്കുന്നു എന്ന് കരീമിന് തോന്നി.

“അതെന്ത് യാത്ര?” അയാൾ ചോദിച്ചു.

“അച്ഛൻ വാടക വീടിന്റെ മുറ്റത്ത് കെട്ടിയ 30 മീറ്റർ നീളമുള്ള തുരുമ്പെടുത്ത പഴയ റെയിൽപാളത്തിന്മേൽ ബാലൻസ് തെറ്റാതെ നടക്കാനുള്ള പെടാപ്പാടിലാണ് ജിതേഷ്… ആ മുപ്പത് മീറ്റർ പോലും യാത്ര ചെയ്യാൻ ഏഴു കൊല്ലമായി അവനാകുന്നില്ല. അവന്റെ കാലുകളോ കൈകളോ അവന്റെ ആഗ്രഹംപോലെ ചലിക്കുന്നില്ല. നീ ആ തേരട്ടയെ കണ്ടോ?”

കരീം അതിനെ നോക്കിയിരുന്നപ്പോൾ സിയാദ് കൂട്ടിച്ചേർത്തു.

“അത് അവനേക്കാൾ ദൂരം ഓരോ ദിവസവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.”

“ഒറ്റ ചോദ്യം കൂടി.” കരീം സിയാദിന്റെ കണ്ണുകളിലേക്ക് നോക്കി.

“ന്താ?”

“സ്വന്തം മകളെ നഷ്ടപ്പെട്ടിട്ടും ആ പെൺകുട്ടിയുടെ വീട്ടുകാർ കേസ് വേണ്ടെന്ന് വെച്ചത് എന്തുകൊണ്ടാണ്? അത് കഥയിൽ ഇല്ലേ?”

സിയാദ് മൗനം പൂണ്ടു. അതെങ്ങനെ പറയണമെന്ന് അവൻ മനനംചെയ്തു.

“അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സീനയുടെ വീടും അവളുടെ മുറിയും പരിശോധിച്ചിരുന്നു. അവളുടെ മലയാളം നോട്ടുപുസ്തകത്തിൽ അവൾ ഒരു കാര്യം എഴുതിവെച്ചിരുന്നു. അത് പോലീസ് കണ്ടെത്തി. സീന എഴുതിവെച്ച നിഷ്കളങ്കമായ വരികൾ ആയിരുന്നു അത്.”

സിയാദ് അടുത്തിരുന്ന നോട്ട് ബുക്കും പേനയും എടുത്തു. എഴുതാൻ തുടങ്ങി… തന്റെ മുന്നിൽ അക്ഷമനായി നിൽക്കുന്ന കരീമിനെ സിയാദ് ശ്രദ്ധിച്ചു. അത് സിയാദിന്റെ വേഗം കൂട്ടാൻ കാരണമായി. അവൻ ഒറ്റ ഫ്ലോയിൽ കത്ത് എഴുതി.

ന്റെ കല്ല്യാണി തുമ്പിക്ക്,

ഞാൻ പോവാ തുമ്പീ. നീ പറഞ്ഞപോലെ എവിടേങ്കിലും പാറിപ്പറക്കാൻ പോവാ. സ്‌കൂൾ തുറക്കുമ്പോ ഞാൻ ഉണ്ടാകില്ല. എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടീണ്ട്. അതോണ്ട് ഞാൻ ജിതേഷേട്ടന്റെ കൂടെയാ പോണത്. ഞങ്ങളുടെ വീട്ടിൽ കുറച്ചുദിവസം മുമ്പാണ് ചെറിയ മാമൻ വന്നത്. അയാൾ എനിക്ക് കുറേ കളർ പെൻസിലും മിട്ടായികളും ഒക്കെ തന്നു. എനിക്ക് നല്ല സന്തോഷായിരുന്നു. മാമൻ എന്റെ കൂടെ വരക്കാനും കളിക്കാനും ഒക്കെ കൂടി. അമ്മയും അച്ഛനും ഒരു മരണവീട്ടിൽ പോയ ഒരൂസം മാമൻ എന്നെ ഷട്ടിൽ കളിപ്പിക്കാൻ പഠിപ്പിച്ചു. തൊടിയിലെ മെതിപ്പുരയുടെ മുന്നിലുള്ള പരന്ന സ്ഥലത്താണ് കളിച്ചത്. മഴ ചാറിയപ്പോൾ ഞങ്ങൾ മെതിപ്പുരയുടെ ഇറയത്ത് നിന്നു. മാമൻ എന്നെ വാതിൽ തുറന്ന് അകത്തേക്ക് വിളിച്ചു. എന്റെ വസ്ത്രങ്ങൾ പിടിച്ചു വലിച്ചൂരി. എന്നെ താഴെ കിടത്തി ഉപദ്രവിച്ചു. എനിക്ക് വേദനയായി. ശരിക്കും വേദനകൊണ്ട് കരഞ്ഞപ്പോൾ എന്റെ വായ പൊത്തിപ്പിടിച്ചു. ഇത് ആരോടും പറയരുത്. പറഞ്ഞാൽ എനിക്കെന്നെയാണ് ദോഷണ്ടാവുകാന്നും പറഞ്ഞു.

മാമൻ വീട്ടിൽനിന്നൊന്നു പോയിക്കിട്ടാൻ ഞാൻ പ്രാർഥിച്ചു. കുറെ ദിവസമായി ഞാൻ പേടിയിലാണ് ജീവിക്കുന്നത്. എനിക്ക് വേദന എടുക്കുന്നുണ്ട് തുമ്പീ. രാത്രിയാകുമ്പോൾ ഉറക്കല്ല. എപ്പോഴും ന്നെ അയാൾ ഉപദ്രവിക്കുന്നപോലെ തോന്നുണ്. എനിക്ക് ആരോടും ഒന്നും പറയാൻ പറ്റണില്ല. വരക്കാനും വായിക്കാനും ഒന്നും പറ്റണില്ല. അപ്പോഴാണ് വീട്ടിലെ സിമന്റ് പണിക്ക് ജിതേഷേട്ടൻ വന്നത്. ചേട്ടനോട് ന്നെ രക്ഷിക്ക്യോന്ന് വെറുതെ ചോദിച്ചു. രണ്ടു ദിവസത്തെ പണിണ്ടെന്നും അത് കഴിഞ്ഞു കൊണ്ടോകാംന്നും പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് കുറച്ചു സമാധാനായി. എനിക്ക് എവിടേലും കിടന്ന് നന്നായി ഉറങ്ങണം തുമ്പീ. ഞാൻ പറയുന്നത് തുമ്പിക്ക് മാത്രേ മനസ്സിലാകൂ. ഞാൻ പോയാലും, നീ എനിക്ക് എപ്പോഴും കൂട്ടുകാരിയാവും… എന്നെ ഓർക്കണേ, തുമ്പീ… സ്നേഹത്തോടെ, നിന്റെ ചീനു. ലവ് യു ഡാ. സീനയുടെ കത്ത് വായിച്ചപ്പോൾ കരീം നിശ്ശബ്ദനായി. തുരുമ്പെടുത്ത ഒരു ഇരുമ്പുദണ്ഡിൽ തല തട്ടിയ രണ്ടു തേരട്ടകൾ ഒരുമിച്ചു വഴി തിരയുന്നത് സിയാദ് നോക്കി ഇരുന്നു.

News Summary - Malayalam story