ഭാവിഭൂതം

ഇരുണ്ട മുറിയിൽ വെളിച്ചത്തിനുവേണ്ടി ധ്യാനിക്കുകയായിരുന്നു ബാപ്പു. വെള്ളിക്കൊലുസ്സിന്റെ പൊട്ടിച്ചിരിയിൽ കുതിർന്ന്, നൃത്തംവെക്കുന്ന പാവാടവട്ടം അടക്കിപ്പിടിച്ച് പെൺകുട്ടി മുറിക്കുള്ളിലേക്ക് തുള്ളിക്കുതിച്ചു വന്നു... ബാപ്പുവിന്റെ മടിയിൽ കയറിയിരുന്ന് അവൾ മാല്യം കണക്കെ കൈകൾ കോർത്തു കഴുത്തിലണിയിച്ചു. ഉത്സാഹത്തോടെ അവൾ പറഞ്ഞു.
‘‘ബാപ്പു, ഇന്ന് അവർ വന്നിരുന്നു. ദാ, ഇപ്പോഴങ്ങു പോയതേയുള്ളൂ!’’
ബാപ്പു കൗതുകത്തോടെ ചോദിച്ചു.
‘‘ആര്?’’
പെൺകുട്ടിയുടെ കണ്ണുകൾ രണ്ട് ചിത്രശലഭങ്ങളായി. അവ പാറുന്നിടത്തൊക്കെ വെളിച്ചം പതഞ്ഞു.
‘‘തത്തമ്മപ്പെണ്ണും അവളുടെ യജമാനത്തിയും. കഴിഞ്ഞ കൊല്ലവും അവർ വന്നിരുന്നുവല്ലോ. ബാപ്പു മറന്നോ?’’
ബാപ്പു തൊണ്ണുകാട്ടി ചിരിച്ചു. ‘‘അവരെന്ത് പറഞ്ഞു?’’
അവളൊരു കിലുക്കാംപെട്ടിയായി.
‘‘ഭാവിയിൽ ബാപ്പു ഭൂതമാകുമെന്ന്!’’
ബാപ്പു അമ്പരന്നു.
‘‘ഭൂതമോ? അതെങ്ങനെ?’’
‘‘ഭാവിയിൽ ബാപ്പു ഭൂതത്തിൽ മറയും! കഴിഞ്ഞകാലം പിന്നെ മറക്കാനെളുപ്പമാണല്ലോ!’’
ബാപ്പു എഴുന്നേറ്റു. അവളുടെ കൈ പിടിച്ചു വരാന്തയിേലക്കിറങ്ങി. അവിടെനിന്ന് മണൽ കിരുകിരുക്കുന്ന മുറ്റത്തേക്കും. ബാപ്പുവിനെ കണ്ടപ്പോൾ ആൽമരത്തിന്റെ ഇലകൾ ഏതോ മന്ത്രം ജപിക്കാൻ തുടങ്ങി. മാതളനാരങ്ങകൾ പഴുത്ത് പാകമായിവരുന്നതോർത്ത് മന്ദഹസിച്ചു. വാക വേനൽസ്വപ്നത്തിന്റെ തീവ്രതയിൽ ജ്വലിച്ചു. ആരുമൊന്നും പറഞ്ഞില്ലെങ്കിലും വേപ്പ് ഇടക്കിടെ തല കുലുക്കി. ബാപ്പു മരങ്ങളോട് കുശലം ചോദിച്ച് ചിരിച്ചു. ചിരിയിൽ സ്നേഹത്തിന്റെ പൂമ്പൊടി തിളങ്ങി. അപ്പോഴാണ് ചപ്രത്തലയുള്ള ഒരു മാവിൽനിന്ന് പഴുത്ത ഒരില ബാപ്പുവിന്റെ പാദങ്ങളിൽ വീണ് നമസ്കരിച്ചത്. ബാപ്പു അത് കുനിഞ്ഞെടുത്തു. അതിന്റെ മഞ്ഞയിൽ തഴുകി. അകലെയല്ലാതെ ഒഴുകുന്ന സബർമതിയിലെ ഓളങ്ങൾ വെളുത്ത പ്രാവുകളെപ്പോലെ ചിറക് വിടർത്തുന്നത് നോക്കി നിശ്ശബ്ദം നിന്നു. ആ നിശ്ശബ്ദത പെൺകുട്ടി ഒരു നെടുവീർപ്പ് കൊണ്ടു മുറിച്ചു.
‘‘പതിവ് നാടകവും ഉണ്ടായിരുന്നു!’’
ബാപ്പു അതിശയിച്ചു.
‘‘പതിവ് നാടകമോ?’’ അവളുടെ വാക്കുകളിൽ ഖേദത്തിന്റെ നിഴൽ വീണു.
‘‘അതെ! ഇവിടത്തെ മരങ്ങളിൽ നിറയെ തത്തകളുണ്ടല്ലോ! അവ കൂട്ടിലെ തത്തപ്പെണ്ണിനോട് എന്തോ ചോദിച്ചു. ഒരു കൊല്ലമായിട്ട് മറന്നുപോയ തത്തപ്പേച്ച് അപ്പോൾ അവൾക്ക് ഓർമവന്നു. അവൾ കൂട്ടിൽ കിടന്ന് ചിറകടിക്കുകയും അഴികളിൽ തലതല്ലി എന്തൊക്കെയോ പതംപറയുകയും ചെയ്തു. അല്ല ബാപ്പു, ഞാൻ ആലോചിക്കുകയാണ്, ഈ തത്തക്കൂട്ടം ആ തോത്താ ജ്യോതിഷി*യെ പറന്നുകൊത്തിയാലെന്താവും കഥ? കൂടുപേക്ഷിച്ച് അവർ പറന്നുപോവുകയില്ലേ? പിന്നെ ഏതെങ്കിലുമൊരു തത്തക്ക് മൂർച്ചയുള്ള ചുണ്ടുകൊണ്ട് ആ കൂടിന്റെ കൊളുത്ത് നീക്കാവുന്നതല്ലേയുള്ളൂ? അതോടെ അവൾക്ക് സ്വാതന്ത്ര്യം കിട്ടുമല്ലോ?’’
ബാപ്പുവിന്റെ ഉള്ളിൽനിന്ന് പിച്ചവെച്ചു വന്ന ഒരു വാക്ക് ചുണ്ടുകളിൽ ഇടറിവീണു.
‘‘സ്വാതന്ത്ര്യം!’’
പെൺകുട്ടി ഇച്ഛാഭംഗത്തോടെ തുടർന്നു.
‘‘പക്ഷേ, ഒന്നും സംഭവിച്ചില്ല! ആശ്രമത്തിന്റെ കവാടം കടന്നതും താൻ ആരാണെന്ന് തന്നെ ആ തത്തപ്പെണ്ണ് മറന്നുപോയെന്ന് തോന്നുന്നു. അവൾ ഒന്നും മിണ്ടാതെയായി!’’ പെൺകുട്ടിയുടെ മുഖത്തെ മ്ലാനത മായ്ച്ചുകളയാൻ ബാപ്പു ശ്രമിച്ചു.
‘‘അവർ പിന്നെ എന്തൊക്കെ പറഞ്ഞു?’’
കൈവിരലുകൾ കോർത്ത് ഞെരിച്ച് അവൾ ആലോചനയിലാണ്ടു. ‘‘ബാപ്പുവിന്റെ നെഞ്ചിൽ ചോരനിറമുള്ള ഒരു പൂവ് വിടരുമെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണ് രണ്ടും നിറഞ്ഞതെന്തിനാണോ?’’
പതുക്കെ അവളുടെ മുഖം ഇരുണ്ടു വന്നു.
‘‘അന്യനാട്ടിൽ െവച്ച് ബാപ്പു സ്വന്തം ഭാര്യയെ ഒരു അധഃകൃതൻ ഉപയോഗിച്ച കക്കൂസ് കഴുകാൻ നിർബന്ധിക്കുമെന്നും അതിനെച്ചൊല്ലി കലഹിച്ച് ആ പാവെത്ത രാത്രി മുഴുവൻ പുറത്ത് നിർത്തുമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഓരോരുത്തരും ഉപയോഗിക്കുന്ന കക്കൂസ് അവനവൻതന്നെ കഴുകിയാൽ തീരുന്ന പ്രശ്നമല്ലേ ബാപ്പു അത്?’’
ബാപ്പു നിസ്സംഗനായി.
‘‘ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് തെറ്റുകൾ പറ്റും. ഞാനത് തിരുത്താൻ കഴിയുന്നത്ര ശ്രമിക്കാറുണ്ട്.’’
അവൾ ബാപ്പുവിന്റെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി. ‘‘പക്ഷേ, അവനവന്റെ ശരി മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ നിരാഹാരം ഒരു വടിയാക്കും എന്നാണല്ലോ ആ സ്ത്രീ പറഞ്ഞത്?’’ ബാപ്പു വിഷാദത്തോടെ ചോദിച്ചു.
‘‘എന്റെ ശരിക്ക് വേണ്ടി ഞാനെങ്കിലും നിലകൊള്ളേണ്ടതില്ലേ?’’
അവൾ പൊടുന്നനെ മൂർച്ചയേറിയ ശബ്ദത്തിൽ ചോദിച്ചു.
‘‘തെറ്റ് എപ്പോഴും തെറ്റുതന്നെയായിരിക്കുകയും ശരി എല്ലായ്പോഴും ശരിതന്നെയായിരിക്കുകയുംചെയ്യുന്ന ഒരു കാലം ഉണ്ടോ?’’
ബാപ്പുവിന്റെ ശബ്ദം നനഞ്ഞു.
‘‘നീയാരാണ് കുഞ്ഞേ?’’
പെൺകുട്ടി പൊട്ടിച്ചിരിച്ചു.
‘‘ഞാൻ കുഞ്ഞല്ല! എനിക്ക് പതിനാല് വയസ്സായി, എന്റെ പേര് കസ്തൂർബ മഖൻജി കപാഡിയ!’’
ഒരു കാറ്റ് വന്ന് അവളുടെ കൈ പിടിച്ചു. പൊട്ടിച്ചിരി അകന്നകന്ന് പോയപ്പോൾ ബാപ്പു തീർത്തും ഏകാകിയായി!
=============
* തോത്താ ജ്യോതിഷി –തത്തക്കുറത്തി

