Begin typing your search above and press return to search.

പിറവിത്തുയർ

പിറവിത്തുയർ
cancel

കണ്ണടച്ചിരിക്കുകയാണെങ്കിലും ശരി, ബസ് നാട്ടിലെത്തിയാൽ എനിക്ക് വേഗം അറിയാനാവും. നഗരത്തിലേതുപോലല്ല, ഓരോന്നിനും ഇവിടെ വേറിട്ട ഗന്ധമാണ്. കാവിലെ തിരിയെരിയുന്നതിന്റെ, പച്ചിലകളുടെ, നട്ടവെയിലിൽ വിണ്ടുകീറിയ പാടങ്ങളുടെ ഒക്കെ വാസനകളിങ്ങനെ ഇഴപിരിഞ്ഞു കിടക്കും. കുംഭമാസമായതിനാൽ, ഇപ്പോൾ ആവിപൊന്തുന്ന കതിരുകറ്റയുടെ മണംകൂടിയുണ്ട്. എന്നാലും എന്റെ മനസ്സിലേക്ക് ആദ്യമെത്തുക, എള്ളും ജീരകവും നാളികേരക്കൊത്തുമിട്ട്, ഇച്ചേയി നല്ലെണ്ണയിൽ ചുട്ടെടുക്കുന്ന ഉണ്ണിയപ്പത്തിന്റെ ഗന്ധംതന്നെയാണ്. ഈ അറുപതാണ്ടുകാല ജീവിതത്തിനിടയിൽ അതിനേക്കാളും എന്നെ മയക്കിയ മറ്റൊന്നില്ലതന്നെ.

പണ്ടും, കോളേജിലേക്ക് പോകാൻനേരം മുടി ഇരുവശത്തേക്കു മെടഞ്ഞിട്ടുതരാനും, വാശിപിടിക്കുമ്പോഴൊക്കെ, ഞൊറിവുള്ള, വലിയ പൂക്കളുള്ള പാവാട തയ്ച്ചുതരാനും ഇച്ചേയി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തൊരു വാത്സല്യമായിരുന്നുവെന്നോ എന്നോട്! കഠിനമായൊരു കാലത്ത്, ഉറക്കം കളഞ്ഞെനിക്ക് കാവലിരുന്നതും ഇതേ ഉടപ്പിറന്നോൾതന്നെയാണ്. ഓരോന്നോർക്കുന്തോറും കണ്ണുനിറയുന്നു.

കവലയിലിറങ്ങി, ആലിൻ ചുവട്ടിൽ സഭ കൂടിയിരിക്കുന്ന കാരണവൻമാരെയൊന്നും ഗൗനിക്കാതെ തലയുയർത്തിപ്പിടിച്ച് മുന്നോട്ടു നടന്നു. പത്താണ്ടുകളായുള്ള പതിവാണ്, എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച ഇച്ചേയിയെ കാണാൻ വരിക എന്നത്. പക്ഷേ, അതിന് അല്ലറച്ചില്ലറ ത്യാഗങ്ങളൊന്നുമല്ല എനിക്കു സഹിക്കേണ്ടിവരുന്നത്.

ആദ്യകാലങ്ങളിലൊക്കെ നാട്ടിലേക്കുള്ള യാത്രകളിലെല്ലാം നമ്പീശേട്ടനും ഒപ്പംവരുമായിരുന്നു. പിന്നെ കൂട്ടുവരാതായി എന്നു മാത്രമല്ല, എന്നെയും പോകാൻ അനുവദിക്കാതെയായി. എത്ര ചോദ്യംചെയ്തിട്ടും, കരഞ്ഞു പറഞ്ഞിട്ടും നമ്പീശേട്ടൻ കുലുങ്ങിയില്ല. ‘‘മേലാൽ ഇച്ചേയിയെ കണ്ടുപോകരുത്’’ എന്ന തീർപ്പുണ്ടായപ്പോൾ, ‘‘എന്നെയിങ്ങനെ വേദനിപ്പിക്കല്ലേയെന്നു’’ പറഞ്ഞു, കുറേ തൊള്ള കീറിയതാണ്. എല്ലാം വെറുതെയായി. എന്നുവെച്ച് ഇച്ചേയിയെ കാണാതെ ജീവിക്കാൻ എനിക്കൊക്കുമോ? ആകെയുള്ള ഉടപ്പിറപ്പാണ്. അങ്ങനെയാണ്, സ്കൂളിൽ, എന്നോടൊപ്പം ജോലിചെയ്തിരുന്ന ആനന്ദിട്ടീച്ചറെ കാണാൻ പോവുകയാണെന്ന കള്ളവും പറഞ്ഞ്, നമ്പീശേട്ടനില്ലാത്ത ശനിയാഴ്ചകളിൽ, ഇച്ചേയിയെ കാണാൻ പോയിത്തുടങ്ങിയത്.

ചില ഒളിച്ചുവെക്കലുകളൊക്കെ നല്ലതിന് തന്നെയാണ്. ഒരു മഹാരഹസ്യം, ലോകത്തൊരാളും അറിയാത്തവണ്ണം പൊതിഞ്ഞുകെട്ടി കൊണ്ടുനടക്കുന്ന എനിക്കാണെങ്കിൽ അതൊന്നും പ്രയാസമുള്ള കാര്യമേയല്ല.

ഇടവഴിയാകെ കാടുപിടിച്ചു കിടക്കുന്നു. സാരിയുടെ അറ്റത്ത് കുരുങ്ങിയ ചുള്ളിക്കമ്പ്, കുനിഞ്ഞു നിന്നെടുക്കാൻ ശ്രമിച്ചതും നടുവ് നന്നായൊന്നു നൊന്തു; ഉളുക്കിയപോലെ. ഈയിടെയായി പലതരം വേദനകളുണ്ട്, കൂട്ടിന്. നമ്പീശേട്ടനോട് ഒന്നുമേ പറഞ്ഞിട്ടില്ല. പറഞ്ഞാൽ പിന്നെ, നടക്കുന്നതിലും ഇരിക്കുന്നതിലും ഒക്കെ പഴിയായിരിക്കും.

വഴിയുടെ ഇരുവശങ്ങളിലും നിറയെ വീടുകളായിരിക്കുന്നു, ഞാനൊരിക്കൽ സ്വപ്നം കണ്ടിരുന്നതുപോലത്തെ വീടുകൾ. എവിടെയും ഒച്ചയനക്കമില്ല. ഉച്ചമയക്കത്തിന്റെ സമയമായിരിക്കും. ആരെയും അലോസരപ്പെടുത്താതെ ചെറുകാറ്റൊഴുകുന്നുണ്ട്. മറ്റൊരിടത്തും അനുഭവിക്കാനാകാത്ത തരത്തിലുള്ളൊരു ഏകാന്തത ഞാനറിഞ്ഞു. പെട്ടെന്ന്, ഏതോ വീടിന്റെ ഉമ്മറത്തുനിന്നൊരു നായ കുരച്ചു. അന്നേരം തന്നെ, വഴിയുടെ അങ്ങേതലക്കൽ ഒരാൾ പ്രത്യക്ഷപ്പെടുകയുംചെയ്തു. ഒരു പശുക്കിടാവിനെ ശ്രമപ്പെട്ടു വലിച്ചുകൊണ്ടാണ് വരവ്. തള്ളയിൽനിന്നും വേർപെടുത്തി കൊണ്ടുപോകുന്നതു തന്നെയാകും.

കവുങ്ങിൻ തോട്ടവും കടന്ന്, ഒതുക്കുകല്ലുകൾ കയറിയിട്ട് വേണം മനയ്ക്കലെ മുറ്റത്തെത്താൻ. ഇപ്പോൾത്തന്നെ നല്ല അവശതയായിട്ടുണ്ട്. ഇടതുകാൽമുട്ടിൽ, കൈകുത്തിക്കൊണ്ട് മെല്ലെ കല്ലുകൾ ചവിട്ടിക്കയറി. കുട്ടിക്കാലത്തെ ശീലം തെറ്റിച്ചില്ല, ഓരോന്നും എണ്ണിയിട്ട് തന്നെ കയറി.

മുറ്റത്താകെ വെയിൽ, ഒരു കുളം കണക്കെ കെട്ടിക്കിടക്കുന്നു. വെയിൽക്കുത്തേറ്റ് കണ്ണുകൾ ചെറുതായതും, വല്ലാത്തൊരാശ്വാസം തോന്നി. അനേകായിരം കാതങ്ങൾ നാടോടിയായി സഞ്ചരിച്ച ഒരാൾ, ഒടുക്കം തന്റെ മണ്ണിനെ തൊടുമ്പോൾ അനുഭവിക്കുന്ന ഒരാശ്വാസം! നീളൻ വരാന്തയിലൂടെ ഇച്ചേയിയെ കളിപ്പിച്ചുകൊണ്ടോടിയിരുന്ന ബാലികയെ ഓർത്തപ്പോൾ എനിക്ക് ചിരിവന്നു. പലതരത്തിലും ഇച്ചേയിയെ കഷ്ടപ്പെടുത്തിയിട്ടുള്ളവളാണ് ഞാൻ.

പത്രത്തിന്റെ നാലു കീറും വേറെ വേറെ കിടക്കുന്ന, ഉമ്മറത്തെ ചുവന്ന തിണ്ടിലേക്ക് ബാഗ് വെച്ചു. സാധാരണയായി ഈ നേരംകൊണ്ട് ഓടാമ്പൽ നീക്കി ഇച്ചേയി മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളതാണ്. ഇന്ന് പക്ഷേ കാണുന്നില്ല.

“ഉമ്മറത്തെ മണിമുഴക്കുകപോലും ചെയ്തില്ലല്ലോ, പിന്നെങ്ങനാ ഞാൻ വന്നത് ഇച്ചേയി അറിഞ്ഞേ?”

എല്ലാ വട്ടവും കൗതുകത്തോടെ ചോദിക്കാറുണ്ട്. മറുപടിയൊന്നും പറയാതെ ഇച്ചേയിയപ്പോൾ ചിരിക്കും. അല്ലെങ്കിലും പണ്ടുമുതൽക്കേ വാക്കുകൾ ഉപയോഗിക്കുന്നതിൽ ഇച്ചേയി അങ്ങനെയാണ്, നന്നേ പിശുക്കി. പക്ഷേ പലതും കണ്ണുകൊണ്ട് ഒപ്പിയെടുക്കാൻ, കണ്ടില്ലെന്നു നടിക്കാൻ ബഹുമിടുക്കി.

ചിലപ്പോൾ പശുക്കളെ നോക്കാൻ തൊഴുത്തിലേക്ക് പോയതാവും. അല്ലെങ്കിൽ പുതിയ വിത്തുകളെന്തെങ്കിലും കിട്ടുമോ എന്നറിയാൻ, പാടത്തിനക്കരെയുള്ള കൃഷിഭവനിലേക്ക്. ഇതു രണ്ടുമല്ലാതെ മറ്റൊന്നും ഇച്ചേയിയുടെ ലോകത്തിപ്പോഴില്ല.

മുറ്റത്ത് പുല്ലു വളർന്നിട്ടുണ്ട്. വരാന്തയിലെ ട്യൂബ് ലൈറ്റിന്റെ അറ്റത്തുള്ള കുരുവിക്കൂട്, കണ്ണു ചുളിച്ചു നോക്കിയതുകൊണ്ടു മാത്രമാണ് എനിക്കു കാണാനൊത്തത്. ഇച്ചേയി കണ്ടുകാണാൻ തീരേ സാധ്യതയില്ല. ഇടത്തേ മൂലയിലുള്ള കിടപ്പുമുറിയുടെ– പണ്ട് അച്ഛൻ കിടന്നിരുന്ന മുറിയുടെ– കുമ്മായം അടർന്നിട്ടുണ്ട്. മുറ്റത്തുനിന്നിങ്ങനെ വീടിനെ നോക്കിയിട്ട് എത്രയോ കാലമായല്ലോ എന്നോർത്തു. വെറുതേ വീടിനു ചുറ്റും നടക്കാൻ തോന്നി.

തെക്കുഭാഗത്ത് ഇച്ചേയിയുടെ പച്ചക്കറിത്തോട്ടമാണ്. മുഴുത്ത, ഇളംപച്ച നിറത്തിലുള്ള വഴുതനങ്ങകൾ തൂങ്ങിക്കിടക്കുന്നു. ചുവപ്പും പച്ചയും നക്ഷത്രങ്ങൾപോലെ മുളകിൻപറ്റം. പന്തൽ കെട്ടി, അതിനുള്ളിൽ പോറ്റുന്ന കുറെയേറെ പടവലങ്ങകൾ. മടങ്ങുമ്പോൾ കൈനിറയെ പച്ചക്കറികൾ ആയിരിക്കുമെന്നത് എനിക്കുറപ്പായി.

കിഴക്കേ ഭാഗത്തുള്ള പേറ്റുമുറിയുടെ മുന്നിലെത്തിയതും ഞാൻ പൊടുന്നനെ നിന്നു. ഈ വീട്ടിൽ അങ്ങനൊരു മുറിയില്ലെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഓരോ വട്ടവും വരാറുള്ളത്. അതുകൊണ്ട് കിഴക്കുഭാഗത്തേക്ക് പോവുകയേയില്ല. ഇച്ചേയിയും, ആ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താറുണ്ടെന്ന് എനിക്കറിയാം.

ശക്തിയോടെ ഒരു കാറ്റുവീശി. അതിൽ കുടുങ്ങി, പേറ്റുമുറിയുടെ, രണ്ടു നീളൻ മരജനാലകൾ ഒന്നൊച്ച വെച്ചപോലെ. മെല്ലെ നടന്ന്, നൂറ്റാണ്ടുകൾക്കു മുമ്പേ ഉള്ളതെന്ന മട്ടിൽ ആ മരപ്പാളിയിലുള്ള രണ്ടു ചെറുദ്വാരങ്ങളിലേക്ക്, ഞാൻ കണ്ണുകൾ ചേർത്തു​െവച്ചു. ഇരുട്ടിലാണ്ടുകിടക്കുന്ന അകം കണ്ടു. ഒരാൾക്ക് മാത്രം കഷ്ടി കിടക്കാനാവുന്ന മരക്കട്ടിൽ അനാഥമായി കിടക്കുന്നു. ഞാൻ കണ്ണുകൾ പൊടുന്നനെ വലിച്ചു. ആകക്കൂടി ഒരു പരവേശംപോലെ തോന്നി.

സർക്കാരാശുപത്രിയിൽനിന്ന്, അമ്മയ്ക്കും ഇച്ചേയിക്കും നമ്പീശേട്ടനുമൊപ്പം അംബാസഡർ കാറിൽ, അന്നു സന്ധ്യക്ക് മനയ്ക്കലേക്ക് വന്നതോർമയിലെത്തി. നിറുത്താതെയുള്ള മഴപ്പെയ്ത്തായിരുന്നു. റാന്തൽ വിളക്കും തൂക്കി ഇച്ചേയിയും, കട്ടിത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിമോളെ മാറോടുചേർത്ത് അമ്മയും മുന്നിൽ നടന്നു. പേറ് കഴിഞ്ഞതിന്റെ ആലസ്യത്തിൽ വേച്ചുവേച്ച് അവർക്കു പിറകിൽ ഞാനും.

അന്നേ കൊടുംഭയമാണ്, കുടുംബത്തിലെ പെണ്ണുങ്ങളൊന്നടങ്കം പേറിനുശേഷം കിടന്നിരുന്ന പേറ്റുമുറിയെ. നീളത്തിലൊന്നാണ്. കഷ്ടി ഒരാൾക്ക് കിടക്കാൻ പാകത്തിലൊരു കട്ടിലിടാം. കഴുക്കോലിൽ, കയറുകെട്ടിയാൽ ഒരു തൊട്ടിലും. വായുസഞ്ചാരമാണെങ്കിൽ നന്നേ കുറവ്. അയച്ച ശ്വാസം മുറിവിട്ടിറങ്ങില്ല. വീതികുറഞ്ഞ രണ്ടു പൊളി നീളൻ ജനാലകളുണ്ട് –നടുക്ക്, ഉറകുത്തി, നിശ്ചിത അകലത്തിൽ സുഷിരങ്ങൾ വീണത്.

“നീയിവിടെ നിക്കാണോ? ഉമ്മറത്ത് ബേഗ് കണ്ടു, ഏടെ പോയീന്ന് വിചാരിച്ചു.”

മാനത്തുനിന്ന് പൊട്ടിവീണതുപോലെ മുന്നിൽ ഇച്ചേയി. ചേലത്തലപ്പുകൊണ്ട് വിയർപ്പാറ്റുകയാണ്. എനിക്കാണെങ്കിൽ, പഴയകാലത്തിൽനിന്ന് മാറി ഇന്നിലേക്കെത്താൻ കുറച്ചുകൂടി നേരമെടുത്തു. പണിപ്പെട്ടൊന്നു പുഞ്ചിരിച്ചു.

‘‘സഹായത്തിനു വരണ ആ കുട്ടീടെ കല്യാണാണ് നാളെ. അവിടം വരെ ഒന്നുപോയതാർന്നു”, എന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞുകൊണ്ട് ഇച്ചേയി നടന്നു. ഞാൻ ഉമ്മറത്തേക്ക് ഇച്ചേയിയെ അനുഗമിച്ചു. തിണ്ണയ്ക്കരികിലെ പൈപ്പിൻ ചുവട്ടിലേക്ക് കൈയും കാലും നീട്ടി, കഴുകുകയാണ് ഇച്ചേയി. പണ്ടും ഇതാണ് ശീലം, ഒന്നു മുറ്റത്തിറങ്ങിയാൽ മതി, കാല് കല്ലിലുരച്ചു കഴുകിയേ പിന്നെ അകത്തേക്ക് കയറൂ. അതിനായി വീട്ടിലേക്ക് കയറുന്ന എല്ലാ വാതിലുകളിലും ഒരു കുടം വെള്ളം വക്കുന്ന ശീലം ഇന്നും വിട്ടിട്ടില്ല.

“ഈ ദിവസായിട്ടും നമ്പീശൻ കൂടെ വന്നില്ലല്ലേ... അവന്റെ ദുശ്ശാഠ്യം ഞാൻ മരിച്ചാലെങ്കിലും ഇല്ലാതാവ്വോ?”, പിറുപിറുത്തുകൊണ്ട് ഇച്ചേയി വാതിലിന്റെ പൂട്ടു തുറന്നു. എന്താണ് ഇച്ചേയിക്കും നമ്പീശേട്ടനും ഇടയിലെ വൈരാഗ്യത്തിനു കാരണമെന്നോർത്ത് ഞാൻ എല്ലായ്പോഴും തലപുകയ്ക്കാറുണ്ട്. ചെറിയമ്മയുടെ പേരക്കുട്ടിയുടെ താലികെട്ടിന്റെ അന്ന് അമ്പലത്തിലേക്ക് കാറിൽ പോയതുപോലും ഞങ്ങൾ ഒന്നിച്ചായിരുന്നു. എന്തൊരു സന്തോഷത്തിലായിരുന്നുവെന്നോ! നമ്പീശേട്ടന്റെ കൃതാവിന്റെ കട്ടികൂടാൻ, കയ്യുണ്ണിയിട്ട് കാച്ചിയ എണ്ണതേച്ചാൽ മതിയെന്നൊക്കെ ഇച്ചേയി ഉപദേശിക്കുന്നതും കേട്ടതാണ്. പിന്നെയെന്താണാവോ സംഭവിച്ചത്? താലികെട്ടിനു തൊട്ടുമുമ്പേ, കലിതുള്ളിക്കൊണ്ട്, എന്നെയും കൂട്ടി നമ്പീശേട്ടൻ ഒറ്റപ്പോക്കായിരുന്നു. പിന്നെ ഇവിടേക്ക് വന്നിട്ടുമില്ല, എന്നെ വിട്ടിട്ടും ഇല്ല.

അകത്തേക്കു കയറിയപ്പോൾ എനിക്ക് പേറ്റുമുറിയുടെ മണമടിച്ചു. ഒഴിഞ്ഞുപോവാൻ മടിച്ചുകൊണ്ട് ആ മുറിയ്ക്കുള്ളിൽ ഇപ്പോഴും തളംകെട്ടിനിൽപ്പുണ്ടാവും, മുലപ്പാലിന്റെ ചൂര്. നടുമുറിയിലെ ചുമരിൽ ചില്ലിട്ട് തൂക്കിയിട്ടുള്ള, അമ്മയുടെയും, അച്ഛന്റെയും ബന്ധുക്കളുടെയും ഒക്കെ ഫോട്ടോകളെ, നടാടെ കാണുന്നപോലെ ഞാൻ തുറിച്ചുനോക്കി. അമ്മയുടെ ചിത്രത്തിലേക്ക് അൽപനേരമധികം തന്നെ നോക്കിനിന്നു. അതിനടുത്ത് എന്റെയും നമ്പീശേട്ടന്റെയും ഒരു ചിത്രമുണ്ട്, കല്യാണഫോട്ടോയല്ല, അതിനുശേഷം എടുത്ത ഒന്ന്. ഒരു കോപ്പി അമ്മ നിർബന്ധപൂർവം ചോദിച്ചുവാങ്ങിയതാണ്. സൂക്ഷ്മം നോക്കിയാൽ ചിലപ്പോൾ മനസ്സിലാകും, അന്ന് കുഞ്ഞിമോൾ എന്റെ വയറ്റിലുണ്ട്.




എന്റെയുള്ളിൽ പലതരം ഓർമകൾ കുഴഞ്ഞുമറിഞ്ഞു. ഇച്ചേയി അതറിഞ്ഞുകാണും; മെല്ലെ വന്നെന്റെ ചുമലിൽ തൊട്ടു.

“വടക്കു ഭാഗത്തേക്ക് വാ, ഞാൻ ഊണു വിളമ്പാം.”

ഇച്ചേയി വേഗം ചെന്ന്, തിണ്ടിൽ കമിഴ്ത്തി​െവച്ചിരുന്ന വെങ്കല തളികയെടുത്ത് കുടഞ്ഞ്, ചോറു വിളമ്പി. പതിവുപോലെ, മാന്തോപ്പിലേക്ക് തുറക്കുന്ന ജനലിനഭിമുഖമായി ഞാനിരുന്നു. വിയർപ്പാറ്റാൻ തക്കത്തിലുള്ളാരു കാറ്റ്, അപ്പോൾ അകത്തേക്ക് തള്ളിക്കയറി. സാമ്പാർ, പപ്പടം, കണ്ണിമാങ്ങാ അച്ചാർ, പുളിങ്കറി –മുന്നിലെ തളിക നിറഞ്ഞു. നമ്പീശേട്ടൻ കാണാതെ പാത്തുവെക്കാറുള്ള പാർലെ ജി ബിസ്കറ്റ്, അദ്ദേഹമൊന്നു വെളിയിലേക്കിറങ്ങുന്ന നേരം നോക്കി, സ്വസ്ഥമായിരുന്നു കഴിക്കാനൊരുങ്ങുമ്പോൾ ഉണ്ടാവുന്നതുപോലെ, മുകൾപ്പല്ലുകളുടെ വിടവിലൂടെ ഉമിനീരൊലിച്ച്, കീഴ് ചുണ്ടിനെ തൊട്ടു. രണ്ടു കോരി ചോറുപോലും സ്വസ്ഥമായൊന്നു കഴിക്കണമെങ്കിൽ ഇച്ചേയിയുടെ അടുത്തെത്തണം. എല്ലാത്തിലും അതീവ നിയന്ത്രണമാണ് നമ്പീശേട്ടന്.

“ഇങ്ങനെ, ഒറ്റയ്ക്ക് മടുപ്പാവ്ണില്ലേ ഇച്ചേയിക്ക്?” സാമ്പാറും പപ്പടവും ചോറിലേക്ക് കൂട്ടിക്കുഴക്കാൻ ഒരുങ്ങും നേരം ഞാൻ ചോദിച്ചു.

“ഇരട്ടയ്ക്കായിട്ടും നിനക്കൂല്ല്യേ മടുപ്പ്?” മരത്തവികൊണ്ടു കോരിയെടുത്ത ചീരത്തോരൻ, തളികയിലേക്കിടവേ, ഇച്ചേയി എന്നെ വല്ലാതെയൊന്നു നോക്കി. ഞാൻ വേഗം കണ്ണുകൾ താഴ്ത്തി.

എനിക്കപ്പോൾ അടിവയറ്റിലൊരു പിടച്ചിൽ അനുഭവപ്പെട്ടു. ഒരു കുഞ്ഞിളക്കംപോലെ. ഇളകാൻ അവിടെയൊന്നുമേയില്ല, കത്തിവെച്ച് കീറി എല്ലാം പുറത്തെടുത്തു കളഞ്ഞിട്ട് കൊല്ലം നിരവധിയായി. പക്ഷേ, ഒരിക്കലെങ്കിലുമൊന്ന് പ്രസവിച്ചവൾക്ക് ആ തിരയിളക്കം അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ലല്ലോ!

ചോറും പുളിങ്കറിയും സാമ്പാറും ചീരത്തോരനും പപ്പടവും കട്ടത്തൈരുംകൊണ്ട് നിറഞ്ഞ തളികയിൽ, ഞാൻ വെറുതേ വിരലുകളിട്ട് ഇളക്കിക്കളിച്ചു. വിശപ്പിനു പകരം ഓർമകൾ ശരീരത്തെ തളർത്താൻ തുടങ്ങി. അന്നേരം, നേർമയിൽ അരിഞ്ഞ ചെറിയുള്ളി, പശുവിൻനെയ്യിലിട്ട് മൂപ്പിച്ചത്, ശ്ശ്ശ്ശ്ശീ എന്നൊരൊച്ചയോടെ ഇച്ചേയി ചോറിനു മേലേക്കൊഴിച്ചു.

വീണ്ടും എന്റെ അടിവയറിളകി. പേറു കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ, ദിനവും നാലുനേരം പശുവിൻ നെയ്യിൽ കുഴച്ച ചൂടുചോറുമായി അമ്മ പേറ്റുമുറിയുടെ അകത്തേക്കു വരുമായിരുന്നു. കട്ടിലിന്റെ വക്കിൽ തളിക ​െവച്ച്, ഉടനടി അവിടെനിന്നിറങ്ങാനുള്ള ധൃതിയിലായിരിക്കും വരവ്. അമ്മയെന്നല്ല, ആരും മുറിയിൽ അധികനേരം തങ്ങാറില്ല. ഇച്ചേയി ചിലപ്പോഴൊക്കെ കട്ടിലിന്റെ അറ്റത്ത്, എന്റെ കാൽവിരലിൽ തൊട്ടുഴിഞ്ഞ്, ഇരിക്കാൻ നോക്കും. പക്ഷേ അമ്മ സമ്മതിക്കില്ല, വല്ലാതെ ശകാരിക്കുമായിരുന്നു. മറുത്തൊന്നും പറയാതെ ഇച്ചേയി അപ്പോൾ വേഗമിറങ്ങിപ്പോവും. എന്നാലും, ഇടക്കിടെ വന്ന്, മരജനാലയിലെ കിഴുത്തകളിലൂടെ കണ്ണയച്ച് എന്നെയും കുഞ്ഞിമോളെയും നോക്കിനിൽക്കും. ചുവരിൽ പതിഞ്ഞിരുന്ന സൂര്യവലയങ്ങൾ മറയുമ്പോൾ എനിക്കറിയാൻ പറ്റുമായിരുന്നു, ജനാലപ്പുറത്തെ ഇച്ചേയിയുടെ സാന്നിധ്യം.

പേറു കഴിഞ്ഞുള്ള കാലം ഒരു ദുരിതകാലംതന്നെയായിരുന്നു. മനസ്സിനുള്ളിൽ ഒരു കടന്നൽക്കൂടിളകിയ മാതിരി. ശമനം കിട്ടാൻവേണ്ടി, പേരറിയുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാർഥിച്ചു. ‘‘എനിക്കിവിടെ കിടന്നിട്ട് ശ്വാസം മുട്ടുന്നമ്മേ’’ എന്നുപറഞ്ഞ് ഞാനെപ്പോഴും ശ്വാസം തിങ്ങിക്കൊണ്ട് ചിണുങ്ങി. ‘‘അതങ്ങനെണ്ടാവും, അമ്മേങ്കുട്ടീം അടുപ്പംവക്കുക അപ്പളാണ്’’ എന്ന വിചിത്ര ന്യായമാണ് അമ്മ അപ്പോഴൊക്കെ പറഞ്ഞത്.

നമ്പീശേട്ടനാണെങ്കിൽ ഇടയ്ക്കിടക്ക് വരുമായിരുന്നു. എന്നാൽ പേറ്റുമുറിയിലേക്ക് കയറില്ല. ആ സമയങ്ങളിൽ ഭാര്യയെ കാണുന്നത് മോശമാണുപോലും; തറവാട്ടിൽ പിറന്ന ആണുങ്ങൾക്ക് അത് നന്നല്ലപോലും! അമ്മ, കുഞ്ഞിമോളെ എടുത്തുകൊണ്ടുപോയി നമ്പീശേട്ടനെ കാണിക്കും. കുഞ്ഞിമോളെ കൊഞ്ചിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ചെവി വട്ടംപിടിക്കുമായിരുന്നു. അടക്കിപ്പിടിച്ച കൊഞ്ചലുകൾ കേൾക്കുമ്പോൾ എനിക്കരിശം വരും. നമ്പീശേട്ടനെ ഒന്നു കെട്ടിപ്പിടിക്കണം എന്നതായിരുന്നു അക്കാലത്തെ എന്റെ ഏറ്റവും വലിയ മോഹം. അല്ലെങ്കിൽ, ‘‘അമ്മൂട്ട്യേ’’ എന്നുള്ള ആ വിളിയൊന്നു കേട്ടാലും മതിയായിരുന്നു. ഒന്നും പക്ഷേ നടന്നില്ല. എന്റെ ഇഷ്ടങ്ങളെല്ലാം, ഞാൻ അയക്കുന്ന ശ്വാസംപോലെ പേറ്റുമുറിയ്ക്കുള്ളിൽതന്നെ കുടുങ്ങിക്കിടന്നു.

ഒന്നരക്കിലോ കനത്തിലുള്ള ഒരു കുഞ്ഞു മനുഷ്യജന്മത്തിനെത്തന്നെ സദാ കണ്ട് ഞാൻ വല്ലാതെ മടുത്തിരുന്നു. ആരോടെങ്കിലും വർത്തമാനം പറയാൻ അത്രകണ്ട് കൊതിയായിപ്പോയി. വെറുതേ കരയാനും മേലൊക്കെ പിച്ചിപ്പറിക്കാനും തോന്നുക പതിവായി. ഒരു രാത്രി, തയ്യൽ മെഷീന്റെ ഒച്ച കേട്ടപ്പോൾ, ഇച്ചേയീന്നും വിളിച്ച് കുറേ നിലവിളിച്ചിട്ടുണ്ട്. പെട്ടെന്ന് മെഷീന്റെ കടകട ഒച്ച നിന്നു. ഞാൻ പിന്നെയും ഉറക്കെ ഇച്ചേയിയെ വിളിച്ചു. അവിടെയെങ്ങും ആരുമില്ലാഞ്ഞിട്ടാണോ എന്തോ, കരഞ്ഞുതളർന്ന് എപ്പോഴോ ഉറങ്ങിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

സാമ്പാറിലെ മുരിങ്ങാക്കോലിൽ വിരലുകൾ തട്ടിയപ്പോൾ എനിക്ക് കുഞ്ഞിമോളെ വീണ്ടും ഓർമവന്നു, കൈക്ക് നീളം അത്രയേ ഉള്ളായിരുന്നു, എന്റെ വാശിക്കാരി കുരുന്നിന്. പാല് തിങ്ങിനിറഞ്ഞ്, മുല പൊട്ടാനായിട്ടും കുടിക്കാൻ കുഞ്ഞിമോൾ തീരേ കൂട്ടാക്കിയിരുന്നില്ല. നെഞ്ചിലൊരു ഭാരം കയറ്റി​െവച്ചപോലെ ഞാൻ കിടന്നുപുളഞ്ഞു. മുലഞെട്ട് രണ്ടും വിണ്ടുകീറി, ചോരയൊഴുകി. അതിന്മേൽ, വൈദ്യരോട് പറഞ്ഞ് മേടിച്ച പച്ചമരുന്ന് അമ്മ സമയാസമയങ്ങളിൽ തേച്ചുതന്നു. ഞാൻ, വേദന കാരണം വാവിട്ടു കരഞ്ഞപ്പോളൊക്കെ, ഇച്ചേയി എന്റെ കൈ അമർത്തിത്തടവുമായിരുന്നു.

‘‘നിക്ക് നമ്പീശേട്ടനെയൊന്നു കണ്ടാ മതി, വേദനയൊക്കെ മാറും’’ എന്നു ഞാൻ അമ്മയോട് പറഞ്ഞുകൊണ്ടേയിരുന്നു. അത് കേൾക്കേ, ഇച്ചേയി എന്നെ സഹതാപത്തോടെ നോക്കിയ ഒരു നോട്ടമുണ്ട്, മരിച്ചാലും മറക്കാൻ പറ്റില്ല. അമ്മയാകട്ടെ, ‘‘സാരല്യ, ഒക്കെ ഭേദാവും’’ എന്നു യാതൊരു ഭാവമാറ്റവും കൂടാതെ പറയുകയേ ചെയ്തുള്ളൂ.

“ന്തേയ് കഴിക്കാത്തേ? ഞാൻ നെനക്ക് കൊണ്ടോവാനായിട്ട് കൊറച്ച് കാന്താരിമൊളക് സുർക്കയൊഴിച്ച് ഉപ്പിലിട്ടിട്ട്ണ്ട്.” ചെറിയ ഭരണിയുടെ വായ് വട്ടം വെള്ളത്തുണികൊണ്ട് ഇച്ചേയി മുറുക്കിക്കെട്ടി. ഞാൻ മറുപടി വല്ലതും പറയുമോയെന്നറിയാൻ എന്നെത്തന്നെ നോക്കി. എന്റെ കണ്ണുകൾ വല്ലാതെ നീറി.

ഇതുപോലത്തെ കട്ടിയുള്ള വെള്ളത്തുണി വിരിച്ചിട്ട് അതിലായിരുന്നു കുഞ്ഞിമോളെ കിടത്തുക. ചിലപ്പോളൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, എന്തൊരു ഭംഗി, ചുവന്നൊരു പഞ്ഞിക്കെട്ടുപോലെയുണ്ടല്ലോ എന്നൊക്കെ. ചിലപ്പോളൊക്കെ തോന്നി, ഏതു നേരവും തൊള്ള പൊളിച്ചു കീറുന്ന ഈ ഒരാഴ്ച പ്രായക്കാരി എന്തൊരു ജാതി വികൃത പടപ്പാണെന്ന്. രണ്ടുതരം ആസ്വാദനങ്ങൾക്കിടയിലൂടെ മനസ്സെപ്പോഴും ഊഞ്ഞാലാടിക്കൊണ്ടേയിരുന്നു.

ഒരുദിവസം രാവിലെ, മഞ്ഞ മാറ്റാനാണെന്ന് പറഞ്ഞ് ഇച്ചേയി കുഞ്ഞിമോളെ എടുത്തുകൊണ്ടുപോയി. തുളസിത്തറയുടെ മുന്നിൽ​െവച്ച് വെയിൽ കൊള്ളിക്കാനാണ്.

“ഞാനും വരാ ഇച്ചേയി... എനിക്കും ഒന്നു വെയില് കാണണം.” നെഞ്ചിൽ കുത്തുന്ന പാൽഭാരം കണക്കിലെടുക്കാതെ ഞാൻ എണീക്കാനൊരുങ്ങി.

ഇച്ചേയി ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് വാതിൽപുറത്തേക്ക് ഒളിഞ്ഞുനോക്കി. വാല്യക്കാർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ട് അമ്മയവിടെ നിൽപ്പുണ്ടായിരുന്നു. “വേണ്ടാ. നെന്നെയിപ്പോ പേറ്റിയമ്മ വന്ന് കുളിപ്പിച്ചതല്ലേയുളളൂ... നല്ലോണം ഒന്നൊറങ്ങ്.”

പിന്നീടെന്നെയൊന്നു നോക്കുകപോലും ചെയ്യാതെ, കുഞ്ഞിമോളെയും ലാളിച്ചുകൊണ്ട് ഇച്ചേയി മുറിവിട്ടിറങ്ങി. ‘‘ഇച്ചേയീ’’ എന്നു ഞാനുറക്കെ പലവട്ടം വിളിച്ചു. അടിവയറ്റിലെ തുന്നൽ അവിടെക്കിടന്നു വലിഞ്ഞ്, എന്നെ വല്ലാതെ വേദനിപ്പിച്ചത് മാത്രം മിച്ചം. സങ്കടം വന്നെന്നെ മഴക്കാറുകണക്കെ മൂടി. തൊണ്ടയടഞ്ഞു. നെഞ്ചു വീണ്ടും കല്ലിച്ച്, കടുത്ത നോവറിഞ്ഞു. മുല രണ്ടും മുറിഞ്ഞുവീണേക്കുമെന്നായി. ഞാനേങ്ങിയേങ്ങിക്കരഞ്ഞു.

“ഒന്നും കഴിക്ക്ണില്ലേ നീയ്? അമ്മുക്കുട്ട്യേ...’’ ഇച്ചേയി വന്നു താടിയിൽ തടവി. തലയുയർത്തി, ഇച്ചേയിയുടെ കഴുത്തിലെ ചുളിവുകളിലേക്ക് നോക്കിക്കൊണ്ട്, ഒന്നുമില്ലെന്ന് ഞാൻ തലയാട്ടി. നെറ്റിയിൽ കുരുത്ത വിയർപ്പുമണികൾ, ഇച്ചേയി പുറംകൈയാൽ മെല്ലെ തുടച്ചുതന്നു. എനിക്ക്, പണ്ടത്തെപ്പോലെ ഇച്ചേയീ എന്നു വിളിച്ച് ഏങ്ങിക്കരയാൻ തോന്നി, അരയിലേക്ക് വട്ടംപിടിച്ച് നിലവിളിക്കാൻ തോന്നി.

ഞാൻ മൂക്കുവലിച്ചുകൊണ്ട്, പെട്ടെന്നെണീറ്റു. വലിയൊരു ചോറ്റുരുള കൈയിലെടുത്തു. ഗോപ്യമായതെന്തോ കാത്തു​വെക്കുന്നപോലെ ഞാനതിനെ കൈപ്പടത്തിനുള്ളിൽ മുറുക്കി​െവച്ചു. ഇച്ചേയി അതീവ സങ്കടത്തോടെ എന്നെ നോക്കി.

“തെക്കേ മുറ്റത്തേക്ക് പോവാ, കാക്കകള് അവിടേണ്ടാവാ.” ഇച്ചേയി കതകു തുറന്നുപിടിച്ചുതന്നു. എന്റെ കവിളിനെ തൊട്ട് രണ്ടിറ്റു കണ്ണീരൊലിച്ചു.

ഇച്ചേയിക്കൊപ്പം ഞാൻ തെക്കേ മുറ്റത്തേക്കിറങ്ങി. വെയിൽ കത്തിനിൽക്കുകയാണ്. വരണ്ട കാറ്റ്, ഞങ്ങളെ മാത്രം സ്പർശിക്കാതെ, തൊടിയെയാകെ ഒന്നിളക്കി. ഞാൻ മുന്നിൽ നടന്നു. കാതിൽ മൺതരികളുടെയൊച്ച മാത്രം.

അന്ന്, കുഞ്ഞിമോളെ തിരികെ കൊണ്ടുവന്ന്, എന്റെ ഇടതുഭാഗത്ത് ഇച്ചേയി കിടത്തിയപ്പോൾ, ഞാൻ ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. ജനാലപ്പൊളികളും വാതിലും അടച്ച്, ഇരുട്ടിലേക്ക് ഞങ്ങളെയിട്ട് ഇച്ചേയി പോയതും കുഞ്ഞിമോൾ കരച്ചിൽ തുടങ്ങി. തൊണ്ട പൊളിച്ചുകൊണ്ടുള്ള കരച്ചിൽ. എന്റെ തല വേദനിച്ചു. സകലരുമെന്നെ അവഗണിക്കാനുള്ള കാരണം ഈ ചെറിയ പടപ്പാണല്ലോ എന്ന വിചാരത്താൽ, എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഇടതു മുലഞെട്ടെടുത്ത് ഇളംവായിലേക്ക് കടുപ്പത്തിൽ തിരുകിക്കൊടുത്തു. വിണ്ടുകീറലിന്മേൽ, കുഞ്ഞിമോളുടെ തൊണ്ണ പതിഞ്ഞപ്പോൾ സുഖകരമായൊരു വേദന ഞാനറിഞ്ഞു.

പാല് കുടിക്കാതെ മുഖം വെട്ടിച്ച്, കുഞ്ഞിമോൾ വീണ്ടും കരച്ചിൽ തുടർന്നു. കുടിപ്പിച്ചേ അടങ്ങൂവെന്ന് എനിക്ക് വാശിയായി. ഒന്നുകൂടി ചെരിഞ്ഞ് കിടന്ന്, വീണ്ടും വായ്ക്കുള്ളിലേക്ക് മുലഞെട്ട് തിരുകി. കൈകൊണ്ടമർത്തി പാൽ വായിലേക്ക് ചീറ്റിക്കൊടുത്തു. കുരുന്നുവായ നിറഞ്ഞുകവിഞ്ഞ് പാലൊഴുകിയിട്ടും ഞാൻ നിറുത്തിയില്ല. വീണ്ടുംവീണ്ടും ചുരത്തി. അതിന്റെ കൺപോളകളും കവിളുകളും ചുവന്നു ചീർത്തു. കണ്ണിലും മൂക്കിലുമെല്ലാം പാൽത്തുള്ളികൾ. കുഞ്ഞിമോളുടെ കരച്ചിലിന്റെ ആക്കംകൂടി.

എനിക്കാകെ ഭ്രാന്തുപിടിച്ചു. നടുവിരലിന്റെയത്രയുള്ള അതിന്റെ തുടയിൽപ്പിടിച്ചു ഞാനിറുക്കി. എന്റെ കണ്ണുകൾ വാശിയാൽ ചുകന്നു. കടന്നൽക്കൂടിളകി, തലയ്ക്കകം പെരുത്തു. കല്ലുപോലത്തെ പാൽക്കുടം ഞാൻ കുഞ്ഞിമോളുടെ മുഖത്തേക്കമർത്തി​െവച്ചു. പതിയെ കരച്ചിൽ നിന്നു. എനിക്കപ്പോൾ വല്ലാത്തൊരു നിറവ് അനുഭവപ്പെട്ടു. ആശ്വാസത്തോടെ ഞാൻ കണ്ണുകൾ പൂട്ടിക്കിടന്നു.




‘‘അമ്മുക്കുട്ട്യേ...’’

ഇന്നേവരെ വിളിച്ചിട്ടില്ലാത്തത്ര സൗമ്യതയിൽ ഇച്ചേയിയുടെ ശബ്ദം.

ആകാശത്തുനിന്ന് കണ്ണെടുത്ത്, ഞാൻ തിരിഞ്ഞുനോക്കി. മുന്നിലൊരു പുകമറപോലെ ഇച്ചേയി.

“കുഞ്ഞിമോള് പോയിട്ട് കൊല്ലം മുപ്പത് തികയാണ്, ല്ലേ...” തികട്ടിവന്നൊരു ഏങ്ങൽ, ഇച്ചേയി ചേലത്തുമ്പിൽ കുരുക്കിവെച്ചത് ഞാൻ കണ്ടു. ഇരുപത്തിയൊമ്പത് എന്നായിരുന്നു എന്റെ കണക്ക്. ഇച്ചേയിയാണ് ശരി, പെറ്റവൾക്ക് യാതൊന്നും ഓർമയില്ലെങ്കിലും പോറ്റിയവൾ എല്ലാം ഓർത്തിരിക്കുന്നു. എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പാൻ തുടങ്ങി.

വാതിൽപടിയിലെ വെള്ളക്കുടം ചരിച്ച് ഇച്ചേയി കൈകൾ നനച്ചു. പടവലപ്പന്തലിനടുത്ത് കുലച്ചുനിൽക്കുന്ന വാഴയിൽനിന്ന് ഒരില ചീന്തിയെടുത്തുകൊണ്ടുവന്ന്, ആയാസപ്പെട്ട് എന്റെ മുന്നിലേക്ക് ​െവച്ചുതന്നു. ഞാൻ, മാപ്പിരക്കുംപോലെ, ഇടതുകൈ മാറിലേക്ക് ചേർത്ത്, കൈയിലെ ഉരുള ഇലച്ചീന്തിലേക്ക് ​െവച്ചുനിവർന്നു. ഇച്ചേയി, മാനത്തേക്കു നോക്കി, നനഞ്ഞ കൈകൾ കൂട്ടിക്കൊട്ടി. ബലിക്കാക്കകൾ പറന്നെത്തും മുമ്പുള്ള നിശ്ശബ്ദത ഞങ്ങൾക്കു ചുറ്റും നിറഞ്ഞു.

“ന്നാലും അമ്മുക്കുട്ട്യേ, അന്ന് നീയ് കുഞ്ഞിമോളോട് അങ്ങനെ...”

ഇത്തവണ, ഇച്ചേയിയുടെ ചേലത്തുമ്പിൽനിന്നാ ഏങ്ങൽ കുതറിയിറങ്ങിയോടി. അതെന്റെ മാറിൽ വന്നടിഞ്ഞു. ഇരുട്ട് മാത്രം കുത്തിനിറച്ചുവെച്ചിരുന്ന നെഞ്ചിൻകൂട്, ആദ്യമായി വെളിച്ചത്തെ നേരിട്ടിരിക്കുന്നു. ഭയമെന്തെന്ന്, വ്യക്തതയോടെ അന്നേരം ഞാനറിഞ്ഞു. ഇത്രയും കാലം അണിയിച്ചുപോന്നിരുന്ന ചമയങ്ങളെല്ലാം വിയർപ്പിലലിഞ്ഞ്, മണ്ണിലേക്ക് ഒലിച്ചിറങ്ങുകയാണ്. എന്റെയുടലാകെ വിറക്കാൻ തുടങ്ങി.

അപ്പോഴേക്കും, പറന്നിറങ്ങാൻ തുടങ്ങിയ കാക്കകൾ, മഹാരഹസ്യത്തെ അടക്കംചെയ്ത ചോറ്റുരുള, ഒരൊറ്റ കൊത്തിനാൽ ചിതറിച്ചിരുന്നു.


Show More expand_more
News Summary - Malayalam story