കഭീ കഭീ മേരെ ദിൽ മെ


സുഖവാസ കേന്ദ്രത്തിനടുത്തുള്ള ബസ് സ്റ്റാൻഡും സമീപമുള്ള സാമാന്യം തരക്കേടില്ലാത്ത ടൗണും കഴിഞ്ഞ് ഏകദേശം നാലു കിലോമീറ്റർ ദൂരെയാണ് ‘പാരഡൈസ് വ്യൂ’ എന്ന ഹോട്ടൽ. ചെറിയൊരു കുന്നിനു മുകളിലാണ് അത് പണിതിട്ടുള്ളത്. അതിമനോഹരമാണ് അവിടന്നുള്ള കാഴ്ചകൾ. എട്ടു നിലകൾ. മുകളിലേക്ക് പോകുംതോറും കാണുന്ന ‘സ്വർഗ’ത്തിന്റെ ഭംഗിയും കൂടും. രാവിലെയും രാത്രിയുമാണ് ആ അനുഭവം കൂടുതൽ ഹൃദ്യമാകുന്നത്. ഓരോ സമയത്തും അവ വ്യത്യസ്തവുമാണ്. മഞ്ഞിന്റെ തിരശ്ശീല നീക്കി സൂര്യൻ പതുക്കെ പുറത്തുവരുമ്പോൾ പൈൻ മരങ്ങളിലും ചെടികളിലും തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൾ തിളങ്ങുന്നതും തണുത്ത കാറ്റിൽ ഇളംപച്ചയും കടുംപച്ചയും നിറമുള്ള പുല്ലുകൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സുഖവാസ കേന്ദ്രത്തിനടുത്തുള്ള ബസ് സ്റ്റാൻഡും സമീപമുള്ള സാമാന്യം തരക്കേടില്ലാത്ത ടൗണും കഴിഞ്ഞ് ഏകദേശം നാലു കിലോമീറ്റർ ദൂരെയാണ് ‘പാരഡൈസ് വ്യൂ’ എന്ന ഹോട്ടൽ. ചെറിയൊരു കുന്നിനു മുകളിലാണ് അത് പണിതിട്ടുള്ളത്. അതിമനോഹരമാണ് അവിടന്നുള്ള കാഴ്ചകൾ. എട്ടു നിലകൾ. മുകളിലേക്ക് പോകുംതോറും കാണുന്ന ‘സ്വർഗ’ത്തിന്റെ ഭംഗിയും കൂടും. രാവിലെയും രാത്രിയുമാണ് ആ അനുഭവം കൂടുതൽ ഹൃദ്യമാകുന്നത്. ഓരോ സമയത്തും അവ വ്യത്യസ്തവുമാണ്. മഞ്ഞിന്റെ തിരശ്ശീല നീക്കി സൂര്യൻ പതുക്കെ പുറത്തുവരുമ്പോൾ പൈൻ മരങ്ങളിലും ചെടികളിലും തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൾ തിളങ്ങുന്നതും തണുത്ത കാറ്റിൽ ഇളംപച്ചയും കടുംപച്ചയും നിറമുള്ള പുല്ലുകൾ നൃത്തം ചെയ്യുന്നതും താഴ്വരയിൽ അങ്ങിങ്ങ് പശുക്കൾ മേഞ്ഞുനടക്കുന്നതുമാണ് രാവിലത്തെ സുന്ദരമായ കാഴ്ചകളിലൊന്ന്. ആകാശത്തിലെ നക്ഷത്രങ്ങൾക്കൊപ്പം കുന്നിനു താഴെയുള്ള വീടുകളിൽ ഒന്നൊന്നായി വിളക്കുകൾ തെളിയുന്നതും മലമുകളിൽ ചന്ദ്രനുദിക്കുമ്പോൾ പരിസരമെമ്പാടും നിലാവിൽ കുളിച്ചുകിടക്കുന്നതും അഭൗമഭംഗിയുള്ള രാത്രിക്കാഴ്ച. വിസിറ്റേഴ്സ് ഡയറിയിൽ സന്ദർശകർ ഈ കാഴ്ചകളെക്കുറിച്ചു തന്നെയാണ് പരാമർശിക്കാറ്. കൂട്ടത്തിൽ ഹോട്ടലിന് കൊടുത്തിട്ടുള്ള അന്വർഥമായ പേരും. ടൗണിൽനിന്ന് ദൂരെയായതിനാൽ വലിയ ശബ്ദമോ ബഹളമോ ഇല്ല, അടുത്തുള്ള ദേവീക്ഷേത്രത്തിൽനിന്നു കേൾക്കുന്ന പാട്ടുകളല്ലാതെ. പരിസരത്ത് അധികം കെട്ടിടങ്ങളുമില്ല. മറ്റൊരു ഹോട്ടൽ ഒരു കിലോമീറ്റർ അപ്പുറത്താണ്. പക്ഷേ, അവിടന്നുള്ള ദൃശ്യങ്ങൾക്ക് ഇത്ര ഭംഗിയില്ലത്രേ.
ഹോട്ടൽ മുറ്റം വരെ കാറുകൾ വരികയില്ല. പടികൾ കയറിവേണം റിസപ്ഷനിലെത്താൻ. പക്ഷേ, സന്ദർശകർക്കാർക്കും അതിൽ പരാതിയില്ല. അവരുടെ പെട്ടിയും സാധനങ്ങളും മുറിയിലെത്തിക്കാൻ എന്നെപ്പോലെ മൂന്നു പേരുണ്ട്. ഞാൻ പറയാൻ വിട്ടുപോയി. എന്റെ പേര് കൈലാസ്. മൂവാറ്റുപുഴയാണ് സ്വദേശം. പ്ലസ് ടു പാസായി. തുടർന്നു പഠിച്ചോളാൻ വീട്ടുകാർ പറഞ്ഞെങ്കിലും താൽപര്യം തോന്നാത്തതുകൊണ്ട് ജോലിയന്വേഷിച്ചിറങ്ങി. അയൽപക്കത്തെ സജിച്ചേട്ടനാണ് ഈ ജോലി ശരിയാക്കിത്തന്നത്. മാസത്തിൽ ഒരു ലീവ്. ലീവുകൾ ഒന്നിച്ചെടുത്ത് രണ്ടുമൂന്നു മാസം കൂടുമ്പോഴേ വീട്ടിൽ പോകാറുള്ളൂ. ആദ്യമൊക്കെ ഈ പ്രദേശവും ഇവിടത്തെ മഞ്ഞും തണുപ്പുമൊക്കെ വലിയ ഇഷ്ടമായെങ്കിലും പോകപ്പോകെ തണുപ്പ് ബുദ്ധിമുട്ടായി. എന്നാലും ജോലിയുപേക്ഷിക്കാൻ തോന്നിയില്ല. ശമ്പളത്തിനു പുറമെ ഗസ്റ്റുകൾ തരുന്ന ‘ടിപ്പ്’ പ്രധാന ആകർഷണം തന്നെയാണ്. ചിലർ അഞ്ഞൂറും ആയിരവും വരെ തരും. അത് നമ്മളങ്ങോട്ട് കൊടുക്കുന്ന സർവീസ് പോലെയിരിക്കും. പ്രത്യേകിച്ചും മദ്യപിക്കുന്നവർക്ക്. പല പ്രലോഭനങ്ങൾ ഉണ്ടായിട്ടും ഞാനിതുവരെ കുടിച്ചിട്ടില്ല. പക്ഷേ, കുടിക്കാനായി ഇവിടെ വരുന്നവരെ എനിക്കിഷ്ടമാണ്. മറ്റൊന്നും കൊണ്ടല്ല, ഏറ്റവുമധികം ടിപ്പ് തരുന്നവർ അവരാണ്.
ഹോട്ടലിന്റെ പിൻഭാഗത്തുനിന്നും താഴെയുള്ള നടപ്പാതയിലേക്ക് അൻപതോളം പടികളുണ്ട്. പടികളുടെ വലതുഭാഗത്ത് ഇനിയും ഇടിച്ചു നികത്തിയിട്ടില്ലാത്ത കുന്നാണ്. ഇടത്തോട്ടുപോകുന്ന നടപ്പാതയുടെ അതിര് കുറേദൂരം കമ്പിവേലി കെട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും ഹോട്ടലിനോട് അടുത്തുള്ള ഭാഗം. ആ നടപ്പാത ചെന്നെത്തുന്നത് ഒരു പാറയുടെ മുകളിലേക്കാണ്. അവിടന്നങ്ങോട്ട് അഗാധമായ ഗർത്തമാണ്. ഏതു വേനൽക്കാലത്തും അവിടെ കോട മൂടിയിരിക്കും. ഞാനിതുവരെ അതിനറ്റം കണ്ടിട്ടില്ല. ഒന്നോ രണ്ടോ പ്രാവശ്യം കൂട്ടുകാർക്കൊപ്പം പാറപ്പുറത്തു പോയി നോക്കിയിട്ടുണ്ടെങ്കിലും ഭയന്ന് പിൻവാങ്ങുകയായിരുന്നു. ഹോട്ടലിലെ സന്ദർശകരിൽ ചിലർ രാവിലെയുള്ള നടത്തത്തിൽ അങ്ങോട്ടു പോകാൻ ശ്രമിക്കുമ്പോഴൊക്കെ റിസപ്ഷനിലെ ജോബിച്ചേട്ടനോ ഞങ്ങളിലാരെങ്കിലുമോ അവിടെ പതിയിരിക്കുന്ന അപകടത്തെപ്പറ്റി പറയാറുണ്ട്. ഫാമിലികളോട് പ്രത്യേകിച്ചും. കുട്ടികൾ ലക്കും ലഗാനുമില്ലാതെ ഓടി പ്രശ്നമുണ്ടാവരുതല്ലോ.
ഹോട്ടൽ മുറ്റം നിറയെ നാലുഭാഗത്തും പലതരം പൂക്കളാണ്. മൂവാറ്റുപുഴയിലെ പോലെയല്ല ഇവിടത്തെ പൂക്കൾ. എല്ലാം സാമാന്യം വലിപ്പമുള്ളവയും കൂടുതൽ നിറമുള്ളവയുമാണ്. റോസപ്പൂക്കളാണ് ഏറ്റവും ഭംഗി. ദൈവമേ! എത്ര തരം റോസകൾ! ചുവപ്പ്, പിങ്ക്, മഞ്ഞ, വെള്ള, കുങ്കുമം, മജന്ത, പിന്നെ പേരറിയാത്ത നിറങ്ങളിലുള്ളവ. ഹോട്ടലിന്റെ മുതലാളി ഗ്രേസ് മാഡമാണ്. ഞാൻ ആകെ മൂന്നു നാലു തവണയേ അവരെ കണ്ടിട്ടുള്ളൂ. മാഡത്തിന് പൂക്കൾ വലിയ ഇഷ്ടമാണ്. മാഡത്തിന്റെ നിർദേശപ്രകാരമാണ് ഇത്രയും പൂക്കൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുള്ളത്. റോസ് മാത്രമല്ല വേറെയും അനേകം തരത്തിലുള്ള ചെടികളുണ്ട്. ജഗരാന്ത പോലുള്ള വലിയ പൂമരങ്ങളുമുണ്ട്. നാട്ടിൽപ്പോവുമ്പോൾ ഇവിടന്ന് ഞങ്ങൾ പലരും പല ചെടികളുടെയും തൈയോ വിത്തോ കമ്പോ ഒക്കെ കൊണ്ടുപോവുകയും വീട്ടിൽ നടുകയും ചെയ്യാറുണ്ടെങ്കിലും മിക്കതും പിടിച്ചുകണ്ടിട്ടില്ല.
അഥവാ വല്ലതും പിടിച്ചാൽത്തന്നെ ഇവിടെ ഉണ്ടാകുന്ന പൂക്കളുടെ അത്ര ഭംഗിയുമില്ല. ഒരു കൊമ്പോ തൈയോ ഈ പൂന്തോട്ടത്തിൽ വെക്കുകയേ വേണ്ടൂ. അപ്പോഴേക്കും അതിൽ തളിർപ്പ് വരുകയും പെട്ടെന്നു തന്നെ പൂക്കുകയും ചെയ്യും. അത്ര നല്ല മണ്ണാണ്. പൂക്കളെ നോക്കാൻ, ചെടികളെ പരിപാലിക്കാൻ ഈ നാട്ടുകാരനായ മുരുകൻ അണ്ണനുണ്ട്. അണ്ണന് സംസാരിക്കാനാവില്ല. ചെടികളെ വലിയ സ്നേഹമാണ്. എത്ര തണുപ്പിലും കാറ്റിലും മഴയിലും ചേട്ടൻ വരും. തോട്ടത്തിൽ കൊത്തിക്കിളക്കുകയോ വളമിടുകയോ പുഴുക്കൾ വന്ന ഇലകൾ നുള്ളി മാറ്റുകയോ ചെയ്യും. അത്രയും ശ്രദ്ധിക്കുന്നതു കൊണ്ടാവാം മറ്റിടങ്ങളിലെ പൂന്തോട്ടങ്ങളിലുള്ളതിനേക്കാൾ പൂക്കൾ ഇത്ര ഭംഗിയായി ഇവിടെ വിരിയുന്നത്. ഒരാൾക്കുപോലും ഇവിടന്ന് അണ്ണന്റെ അനുവാദമില്ലാതെ ഒന്നും പറിക്കാനോ കൊണ്ടുപോകാനോ ആവില്ല. “ഗ്രേസ് മാഡത്തിനുപോലും” എന്ന് ഞങ്ങൾ കളിയായി പറയും.

ഞങ്ങൾ മൂന്നുപേർ താമസിക്കുന്ന മുറി ഹോട്ടലിന്റെ പിൻഭാഗത്താണ്. അവിടെയും ജനാല തുറന്നാൽ നല്ല കാഴ്ചയാണ്. നടപ്പാതയും അതിനപ്പുറത്തുള്ള മലകളും മഞ്ഞും കാണാം. കാറ്റ് മഞ്ഞിനെ പറത്തി ദൂരേക്കുകൊണ്ടു പോകുന്നതും മേഘങ്ങൾ മലകളെ തൊടുന്നതും കാണാം. രാത്രികളിൽ കാണുന്ന കാഴ്ചയാണ് ഏറ്റവും ഭംഗി. നിലാവിൽക്കുളിച്ചു കിടക്കുന്ന വഴിയും മലകളും നോക്കിയിരുന്നാൽ ഭൂമിയിലല്ല എന്നു തോന്നും. പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ മനസ്സിലേക്കു വരും. കവികളൊക്കെ കവിതയെഴുതുന്നത് ഇങ്ങനെയുള്ള അവസരങ്ങളിലാവും. എനിക്കങ്ങനെയുള്ള കഴിവൊന്നുമില്ലാത്തതിനാൽ അതീവ ഭംഗിയുള്ള അത്തരം കാഴ്ചകൾ മൊബൈലിൽ എടുത്ത് പിന്നീടു നോക്കും. ചിലപ്പോൾ വീട്ടുകാർക്കും ചില കൂട്ടുകാർക്കും അയച്ചുകൊടുക്കും. പക്ഷേ, എത്ര ശ്രമിച്ചാലും അമ്പിളിമാമനെയോ നിലാവിനെയോ അത്ര ഭംഗിയിൽ ഫോണിൽ പകർത്താൻ കഴിയാറില്ല. എന്റെ കൂടെയുള്ള മറ്റു രണ്ടുപേർക്കും ഇതിലൊന്നും ഒരു താൽപര്യവുമില്ല. അതിനാൽത്തന്നെ ജനാലക്കടുത്തുള്ള കട്ടിൽ എനിക്കു തരാൻ അവർക്കൊരു തടസ്സവുമില്ല. മുറിയിൽ കയറിയാലുടനേ രണ്ടാളും മൂടിപ്പുതച്ചുറങ്ങുകയോ ഫോൺ തോണ്ടുകയോ ചെയ്യും. അതിലൊരാൾ ഉത്തരേന്ത്യക്കാരനാണ്. പേര് സോന. മറ്റേയാൾ കണ്ണൂരുനിന്നും സിജൂഷ്. എന്റെ അച്ഛന് പഴയ പാട്ടുകൾ വലിയ ഇഷ്ടമാണ്. ഒരിക്കൽ ഞാനയച്ച ഫോട്ടോ കണ്ടപ്പോൾ അച്ഛൻ പറഞ്ഞത് “ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്ന വരികളുള്ള പാട്ട് ഓർമ വരുന്നു എന്നാണ്. ഞാനാ പാട്ട് അപ്പോഴാണ് ശ്രദ്ധിക്കുന്നതു തന്നെ. എനിക്കിഷ്ടം അടിപൊളി പാട്ടുകളാണെങ്കിലും ഈ പാട്ട് കേട്ടതിൽപ്പിന്നെ അതുപോലുള്ള പാട്ടുകളോട് ഇഷ്ടം തോന്നിത്തുടങ്ങി.
നേരത്തേ പറഞ്ഞല്ലോ, അടുത്തൊന്നും വീടുകളില്ല. കടകളില്ല. ഹോട്ടലുകളുമില്ല. പക്ഷേ ചില ദിവസങ്ങളിൽ എവിടന്നോ ചില പാട്ടുകൾ കാറ്റിലൂടെ, നിലാവിലൂടെ കാതിൽ വന്നു ചേരാറുണ്ട്. ചിലപ്പോൾ മലയാളം പാട്ടുകൾ. ചിലപ്പോൾ തമിഴ്, ഹിന്ദി പാട്ടുകൾ. വാക്കുകൾ വ്യക്തമാവാറില്ല. ആദ്യമൊക്കെ ഹോട്ടൽമുറിയിൽ താമസിക്കുന്നവരുടെ ഫോണിൽ നിന്നാണോ അവ വരുന്നത് എന്ന് സംശയിക്കാറുണ്ട്. പക്ഷേ, അല്ല. അത്ര അടുത്തുനിന്നല്ല. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച്, എന്നാൽ ആർക്കും ശല്യമാകരുത് എന്ന കരുതലോടെ അത്ര ഉറക്കെയോ പതുക്കെയോ അല്ലാത്തപോലെ അവയങ്ങനെ ഒഴുകിവരും. കേട്ടുകേട്ട് ഉറങ്ങിപ്പോകും. ചിലനേരം കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം വരും. ചിലപ്പോൾ സങ്കടവും. എല്ലാ രാത്രിയും അതുണ്ടാകാറുമില്ല. അതെവിടെ നിന്നാണ് വരികയെന്നറിയാൻ ശ്രമിച്ചിട്ടും ഉറവിടം കണ്ടുപിടിക്കാനായില്ല. ജോബിച്ചേട്ടനോട് ചോദിച്ചിരുന്നുവെങ്കിലും ചേട്ടൻ കേട്ടിട്ടേയില്ല. മാത്രമല്ല, “നിന്റെ ഓരോ തോന്നലാവും. അല്ലെങ്കിൽ പ്രേതമാവും” എന്നു കളിയാക്കുകയും ചെയ്തു.
ഒരിക്കൽ, മുറിയിൽ ഒറ്റക്കായ ദിവസം, നല്ല നിലാവുള്ള രാത്രി ഉറക്കം വരാതെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. എന്തു ഭംഗിയായിരുന്നു ആ രാത്രിക്ക്! പൂർണചന്ദ്രൻ മലകളെ ചന്ദനം ചാർത്തുന്നു. മേഘങ്ങളില്ലാത്ത ആകാശം. മായുകയും തെളിയുകയും ചെയ്യുന്ന കോടമഞ്ഞിന് പല ആകൃതികൾ. താഴ്വരയും പരിസരവും നിശ്ശബ്ദം. കാറ്റുപോലും വീശുന്നില്ല. ഒരു കിളിപോലും കരയുന്നില്ല. ഇല വീഴുന്നില്ല. അപ്പോഴാണ് ‘‘ഉയിരേ... ഉയിരേ... എന്നോട് കലന്തുവിട്...’’ എന്ന പാട്ട് ദൂരെനിന്ന് കേട്ടത്. ഞങ്ങളുടെ പത്താം ക്ലാസ് സെന്റ് ഓഫിന് എന്റെ കൂട്ടുകാരൻ പാടിയ പാട്ടായിരുന്നു അത്.അതുകൊണ്ടുതന്നെ എനിക്കേറെ പ്രിയപ്പെട്ട ഗാനം. ആരോടും പ്രണയമൊന്നുമില്ലെങ്കിലും ആരെയെങ്കിലും പ്രേമിച്ചാൽ നന്നായിരുന്നു എന്നു തോന്നിപ്പിക്കുന്ന ഗാനം. അത്തരത്തിലൊരു രാത്രി അങ്ങനെയൊരു പാട്ടു കേട്ടപ്പോൾ എനിക്ക് മുറിയിലിരിക്കാനായില്ല. പേടിയൊന്നും തോന്നിയതുമില്ല. സാവധാനം വാതിൽ തുറന്ന് താഴോട്ടുള്ള പടവുകളിറങ്ങാൻ തുടങ്ങുമ്പോഴേക്ക് പെട്ടെന്ന് ജോബിച്ചേട്ടൻ പുറകെ വന്നു വിളിച്ചു. ഞാൻ പുറത്തിറങ്ങുന്നത് ചേട്ടൻ കണ്ടുവത്രെ. രാത്രി അങ്ങോട്ടൊക്കെ എത്ര പരിചയമുള്ളവർ പോയാലും അപകടമാണെന്നു പറഞ്ഞ് ചേട്ടൻ കൂട്ടിക്കൊണ്ടുപോയി. എനിക്ക് പേടിയൊന്നുമില്ല എന്നു പറഞ്ഞതൊന്നും ചേട്ടൻ ശ്രദ്ധിച്ചില്ല. ചേട്ടൻ പാട്ടൊന്നും കേട്ടിരുന്നുമില്ല.
അതിഥികളായി വരുന്നവരെ വെറുതെ നിരീക്ഷിക്കുകയും ചിലരെക്കുറിച്ച് ചില തോന്നലുകളിലെത്തുകയും ചെയ്യുന്നത് എന്റെ പതിവായിരുന്നു. അതങ്ങ് സംഭവിക്കുന്നതാണ്. മിക്കതും ശരിയാവുകയും ചെയ്യും. മുമ്പ് അത്തരം ചിന്തകളൊന്നും എനിക്കുണ്ടായിരുന്നില്ല. ഇവിടെ വന്ന ശേഷമാണ് ഞാനത് ശ്രദ്ധിച്ചത്. അതിൽ ഏറ്റവുമാദ്യത്തെ തോന്നൽ ഉണ്ടായത് രണ്ടുവർഷം മുമ്പ്, അതായത് ഞാനിവിടെ വന്ന് മൂന്നുമാസങ്ങൾക്കു ശേഷമാണ്. ഒരു സ്ത്രീയും പുരുഷനും റൂമെടുത്തു. മധ്യവയസ്കർ. അവർ ഒന്നിച്ച് കാറിൽ വരികയായിരുന്നു. കാഴ്ചയിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെത്തന്നെ തോന്നിച്ചെങ്കിലും എനിക്കെന്തോ അവർ അങ്ങനെയല്ല എന്നു തോന്നി. അതെന്താണങ്ങനെ തോന്നാൻ എന്നു ചോദിച്ചാൽ അതിനു കാരണം ആ സ്ത്രീയുടെ കണ്ണിലുണ്ടായിരുന്ന പരിഭ്രമമാണ്. സാധാരണ ഭർത്താവിനൊപ്പം വരുന്ന ആ പ്രായമുള്ള സ്ത്രീകൾക്ക് അതുണ്ടാകാറില്ല.
അവർ പൂർണമായും ഭർത്താവിനെ വിശ്വസിച്ചപോലിരിക്കും, മുറിയെടുക്കുമ്പോൾ അതിൽ വലിയ കൗതുകം കാണിക്കാതിരിക്കും. ഇതങ്ങനെയായിരുന്നില്ല. വന്നപ്പോൾ മുതൽ ആ സ്ത്രീ ആരെയോ ഭയക്കുന്നപോലെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ഇടയിലുള്ള നേരത്ത് സ്നേഹത്തോടെ അയാളെയും. അവർക്ക് ഒരു നാൽപതു നാൽപത്തിയഞ്ചു വയസ്സുണ്ടാവും. ആ പ്രായത്തിൽ സ്ത്രീകൾ തന്റെ ഭർത്താവായ ഒരാളെ അത്രയും പ്രേമത്തോടെ നോക്കില്ല എന്നായിരുന്നു എന്റെ കണ്ടെത്തൽ. ഹോട്ടലിലുള്ളവർക്ക് അവിടെ വരുന്നവർ തമ്മിലുള്ള ബന്ധമൊന്നും ചികയേണ്ട കാര്യമില്ല. എങ്കിലും എന്റെ കൗതുകം കൊണ്ട് സൂത്രത്തിൽ കോപ്പിയെടുത്തുവെച്ച അവരുടെ ആധാർ ഞാൻ പരിശോധിച്ചു. രണ്ടും രണ്ടഡ്രസ്സാണെന്നു കണ്ടപ്പോൾ എനിക്കു സന്തോഷമായി. എന്റെ നിഗമനം ശരിയായ സന്തോഷം. ജോബിച്ചേട്ടനോട് അതേപ്പറ്റി പറഞ്ഞുവെങ്കിലും ‘‘ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കണ്ട’’ എന്നാണ് താക്കീതു കിട്ടിയത്.
മറ്റൊന്ന് അത്ര ഗൗരവകരമായതല്ല. ഒരു കുടുംബം. ഭാര്യയും ഭർത്താവും രണ്ടു ചെറിയ കുട്ടികളും. വന്നപ്പോൾ തൊട്ട് ആ സ്ത്രീ തോട്ടത്തിലെ ഓരോ ചെടിയും അടുത്തുചെന്ന് നോക്കുന്നുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. അത്ര ഭംഗിയാണ് ഇവിടത്തെ പൂക്കൾക്ക് എന്നു ഞാൻ മുമ്പേ പറഞ്ഞല്ലോ. പക്ഷേ, ആ നോട്ടത്തിന് ഒരു വ്യത്യാസമുണ്ട്. ചെടികളെ സ്നേഹിക്കുന്നവരുടെ നോട്ടമായിരുന്നില്ല അത്. അതെങ്ങനെ അറിയാമെന്നു ചോദിച്ചാൽ വാക്കുകളിൽ പറഞ്ഞു തരാനെനിക്കാവില്ല. ഞങ്ങളുടെ ഗ്രേസ് മാഡം –ആകെ കുറച്ചുതവണയേ അവരെ കണ്ടിട്ടുള്ളൂ എങ്കിൽക്കൂടി– ചെടികളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരമ്മ കുഞ്ഞുങ്ങളെ നോക്കുംപോലെയാണ്. ഒരു ചെറു ചിരിയോടെ അവയെ തൊടുകയും തലോടുകയും ചെയ്യുന്നതു കണ്ടാലറിയാമത്. പിന്നെ ഞങ്ങളുടെ മുരുകനണ്ണൻ. അണ്ണന് സ്വന്തം ജീവനെപ്പോലെ പ്രിയപ്പെട്ടതാണ് ചെടികൾ. ഇതതല്ല. കണ്ണിൽ അവർക്കൊന്നുമില്ലാത്ത കൊതി, ആർത്തി എന്നൊക്കെപ്പറയാനേ പറ്റൂ. അവർ മുരുകണ്ണനോട് എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഉത്തരം കിട്ടാഞ്ഞാവണം ജോബിച്ചേട്ടനോട് ചോദിച്ചത്. അവിടെ നിന്നിരുന്ന ടോർച്ചുപോലുള്ള പൂവുണ്ടാകുന്ന ഒരു ചെടിയുടെ വിത്തോ തൈയോ ആയിരുന്നു അവർക്കു വേണ്ടിയിരുന്നത്. ഗ്രേസ് മാഡം കുറച്ചുനാൾ മുമ്പ് അതിരപ്പിള്ളിക്കടുത്തുള്ള അവരുടെ ബന്ധു, വർഗീസ് ചേട്ടന്റെ വീട്ടിൽനിന്ന് കൊണ്ടുവന്നു നട്ടതാണത്രെ. പിടിച്ചുകിട്ടാൻ ബുദ്ധിമുട്ട്.
അടിയിലെ കിഴങ്ങിൽനിന്ന് ഇള പൊട്ടി ഉണ്ടാകുന്നതാണ് ചെടി. വലിയ പൂക്കൾ. അതിന്റെ ശരിക്കുള്ള പേര് എനിക്കറിയില്ല. ടോർച്ച് ചെടി എന്ന് ഞാൻ ഇട്ട പേരാണ്. അല്ലെങ്കിലും എനിക്ക് പല ചെടികളുടെയും പേരൊന്നുമറിയില്ല. എത്ര വലിയ പേരുകളാണ്, ചെറിയ ചെടികൾക്കുപോലും! എനിക്കതൊന്നും ഓർമ നിൽക്കുക കൂടിയില്ല. അതുപോട്ടെ. അതല്ല കാര്യം. ജോബിച്ചേട്ടനോട് ടോർച്ച് ചെടിയുടെ ഒരു തൈ കിട്ടുമോ എന്നാണ് ആ മാഡം ചോദിച്ചത്. സന്ദർശകരെ സന്തോഷിപ്പിക്കാനായി ഇത്തരം കാര്യങ്ങൾ ചെയ്തു കൊടുത്തോളാൻ ഗ്രേസ് മാഡം പറഞ്ഞിട്ടുള്ളതിനാൽ ജോബിച്ചേട്ടൻ പുറത്തേക്കിറങ്ങുകയും മുരുകണ്ണനോട് വിഷയം അവതരിപ്പിക്കുകയും ചെയ്തു. അണ്ണന്റെ സമ്മതമില്ലാതെ ഒരു ചെടിയും തൊടാനാവില്ല. പക്ഷേ, അണ്ണൻ ആംഗ്യത്തിലൂടെ പറഞ്ഞത് അതിന് അധികം ഇള പൊട്ടിയിട്ടില്ല എന്നും ആകെ ഒന്നുണ്ടായത് പറിച്ച് പുറകുവശത്ത് കൊണ്ടു നട്ടിട്ടുണ്ട് എന്നും അഥവാ ഒന്നു നശിച്ചാൽ മറ്റേത് നിലനിർത്താനാണ് അതെന്നുമാണ്.
ചുരുക്കത്തിൽ, അവർ ആവശ്യപ്പെട്ട കാര്യം നടന്നുകിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ആ സ്ത്രീക്കത് ഒട്ടും ഇഷ്ടമായില്ല. മുഖം കയറ്റിപ്പിടിച്ച് മുറിയിലേക്ക് പോകുന്നതു കണ്ടു. അപ്പോൾതൊട്ട് എനിക്ക് തോന്നിയതാണ്, അവർ പുറകുവശത്തെ ചെടി മോഷ്ടിക്കുമെന്ന്. പിറ്റേന്ന് അവർ അതിരാവിലെ തിരിച്ചുപോയി. അതിനുശേഷം ഞാൻ വെറുതെ പുറകുവശത്തേക്കിറങ്ങി നോക്കി. തോന്നൽ സത്യമായിരുന്നു. ടോർച്ച് ചെടി മോഷ്ടിക്കപ്പെട്ടിരുന്നു. കാര്യമറിഞ്ഞ മുരുകൻ ചേട്ടൻ കരച്ചിലായി. ജോബിച്ചേട്ടനോട് ‘‘എനിക്കിത് തോന്നിയിരുന്നു’’ എന്നു പറഞ്ഞപ്പോൾ ‘‘എന്നാൽ നിനക്കിത് മുമ്പേ പറയാര്ന്നില്ലേ?’’ എന്ന് ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് ഞാമ്പറഞ്ഞത് സത്യമാണെന്നു മുൻവശത്തെ സി.സി ടി.വി കാമറ പറഞ്ഞു. അതിരാവിലെ ആ സ്ത്രീ ഒറ്റക്ക് ഹോട്ടലിന്റെ പിൻഭാഗത്തേക്ക് ഒരു സഞ്ചിയുമായി പോകുന്നതും അത് ചുരുട്ടിപ്പിടിച്ച് തിരിച്ചുവരുന്നതും സഞ്ചി കാറിലിടുന്നതും അതിൽ വ്യക്തമായി കണ്ടു. പുറകുവശത്ത് കാമറ ഇല്ലാത്തതിനാൽ ചെടി പറിക്കുന്നത് കണ്ടില്ല എന്നുമാത്രം. ഞാനെപ്പോഴും ചിന്തിച്ചിരുന്ന ഒരു കാര്യം ഹോട്ടലിന്റെ പുറകുവശത്ത് എന്താണ് കാമറ വെക്കാത്തത് എന്നാണ്. അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ജോബിച്ചേട്ടൻ പറഞ്ഞത്.

ചെറുതും വലുതുമായ പല തോന്നലുകളും അങ്ങനെ വന്നും പോയുമിരിക്കാറുണ്ട്. ചിലപ്പോൾ ചിലർ നമ്മളോട് ഇങ്ങനെ ചോദിക്കും എന്നു വിചാരിക്കുമ്പോഴേക്ക് അതു സംഭവിക്കും. ചിലർ ഇങ്ങനെ പെരുമാറും എന്നു കരുതുംപോലെത്തന്നെ പെരുമാറും. അതൊന്നും പക്ഷേ ഞാൻ പോലുമത്ര കാര്യമായി എടുത്തിട്ടില്ല. പക്ഷേ, അത്തരം ഒരു തോന്നൽ വരുകയും അത് യാഥാർഥ്യമാവുകയും ചെയ്ത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചത് ഒരു മാസം മുമ്പാണ്. ഒരാൾ ഒറ്റക്കു വന്നു മുറിയെടുത്തു. വന്നപ്പോഴേ അയാൾ ആകപ്പാടെ അസ്വസ്ഥനായിരുന്നു. അധികം സാമാനങ്ങൾ ഒന്നും മുറിയിലേക്കു കൊണ്ടുപോകാനുണ്ടായിരുന്നില്ല. ആകപ്പാടെ ഒരു ഷോൽഡർ ബാഗ്. സാധാരണ അത്തരം ബാഗുകൾ ഞങ്ങൾക്കു തരാറില്ല. ഞാനതെടുത്ത് അയാൾക്കൊപ്പം ലിഫ്റ്റിൽ കയറുമ്പോൾതന്നെ അകാരണമായ ഒരു ഭയം എന്നെ വന്നു പൊതിഞ്ഞു. അയാളുമായി ബന്ധപ്പെട്ട എന്തോ ഒന്ന് ശരിയല്ല എന്നു ശക്തമായ തോന്നലും. അതെന്നെ ബാധിക്കാൻ പോകുന്നുവെന്നും. ബാഗ് മുറിയിൽവെച്ച് തിരിച്ചുപോകുമ്പോൾ അയാൾ ഒരു മണിക്കൂർ കഴിഞ്ഞ് വരണമെന്ന് പറഞ്ഞു.
മദ്യമോ മറ്റോ വാങ്ങാനാവുമെന്ന് സ്വയം പറഞ്ഞുവെങ്കിലും ചങ്കിടിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറിനുശേഷം മുറിയിലെത്തിയപ്പോൾ ഇരിക്കാൻ പറഞ്ഞു. വേണ്ട എന്നു ഞാൻ പറഞ്ഞിട്ടും കേട്ടില്ല. ബലമായി പിടിച്ചിരുത്തി. കുറച്ച് സംസാരിക്കാനുണ്ടെന്നും അതു കേൾക്കാനുള്ള പണം തരാമെന്നും പറഞ്ഞപ്പോൾ എനിക്കു വീണ്ടും ഭയമായി. ആരും അങ്ങനെയൊന്നും പറയാറില്ല. താഴെ ജോലിയുണ്ടെന്നും അന്വേഷിക്കുന്നുണ്ടാവുമെന്നും പഞ്ഞത് അയാൾക്കിഷ്ടമായില്ല. അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മാറിമറിഞ്ഞു. ചാടിയെഴുന്നേറ്റ് അയാൾ വാതിൽ കുറ്റിയിട്ടു. എനിക്കെതിരേ വന്നിരുന്ന് ഒറ്റശ്വാസത്തിൽ എന്തൊക്കെയോ –അയാളുടെ സങ്കടം, ഒറ്റപ്പെടൽ– ചറപറെ പറയുകയും എന്നെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മവെക്കുകയും എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഞാനയാളെ തള്ളിയിട്ടുവെങ്കിലും എഴുന്നേറ്റുവന്ന അയാൾ എന്റെ കവിളിൽ ആഞ്ഞടിക്കുകയാണ് ചെയ്തത്. ഞാൻ ഒരുവിധം വാതിൽ തുറന്ന് കോണിപ്പടി വഴി പുറത്തേക്കോടി ജോബിച്ചേട്ടനോട് നടന്നതു പറയാൻ തുടങ്ങുമ്പോഴേക്കും അയാൾ ജോബിച്ചേട്ടനെ വിളിച്ച് എന്റെ പെരുമാറ്റം ശരിയായില്ല എന്നു പരാതിപ്പെട്ടു. തിരിച്ചൊന്നും പറയാനെനിക്കായില്ല. അതിനുമുമ്പേ ജോബിച്ചേട്ടൻ ‘‘മര്യാദയ്ക്ക് നിന്നില്ലെങ്കിൽ പറഞ്ഞു വീടു’’മെന്നു ഭീഷണി മുഴക്കി. അല്ലെങ്കിലും ഞങ്ങളെപ്പോലുള്ളവർ പറഞ്ഞാൽ, വിശ്വസിക്കാൻ ആരാണ് തയ്യാറാവുക!
ഈയാഴ്ച അൽപം തിരക്കു കുറവാണ്. ആകെ ഇരുപതു റൂമിലേ ആളുകളുള്ളൂ. സീസണല്ല. സീസണായാൽ അങ്ങനെയല്ല. പല ആവശ്യക്കാരെയും നിരാശപ്പെടുത്തേണ്ടിവരും. നല്ല തണുപ്പായാൽ അധികം ആളുകൾ വരാറില്ല. അഥവാ വന്നാൽത്തന്നെ തണുപ്പ് അത്രയധികം ഇഷ്ടമുള്ളവരാകും. അല്ലെങ്കിൽ കൃത്യമായി മറ്റെന്തെങ്കിലും ലക്ഷ്യമുള്ളവർ. ചിലത് രഹസ്യലക്ഷ്യങ്ങളുമാവാമെന്നത് എന്റെ തോന്നലാണ്. തിരക്കു കുറവായതിനാൽ ഞാൻ മുറ്റത്തിറങ്ങി മുരുകനണ്ണനെ സഹായിക്കുകയായിരുന്നു. അപ്പോഴാണ് താഴെ കാർ വന്നതും ജോബിച്ചേട്ടൻ സാമാനങ്ങൾ എടുക്കാൻ പോകാൻ പറഞ്ഞതും. കാറിൽ മൂന്നുപേരുണ്ടായിരുന്നു. മൂന്നു സ്ത്രീകൾ. ഏകദേശം മുപ്പതു മുപ്പത്തിയഞ്ചു വയസ്സ്. ഏറ്റവും നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു. ചുണ്ടിൽ തിളങ്ങുന്ന ലിപ്സ്റ്റിക്. എറണാകുളത്തുനിന്നുമുള്ള ടാക്സിയിലാണ് വന്നത്. മൂന്നു വലിയ പെട്ടികൾ. രണ്ടെണ്ണം ഒന്നിച്ചെടുത്ത് മുകളിൽ കൊണ്ടുപോയി. മൂന്നാമത്തേത് എടുക്കുമ്പോഴേക്ക് അവർ കൂടെ കയറി. അവരിൽ രണ്ടുപേർ കൗണ്ടറിൽ നിന്നപ്പോൾ മൂന്നാമത്തെ സ്ത്രീ ലോഞ്ചിലെ സോഫയിൽ ഇരിക്കുകയായിരുന്നു. അവർ കുറച്ചുനേരം ഫോൺ നോക്കുകയും പിന്നീട് അത് ബാഗിൽവെച്ച് ജനലിലൂടെ ചെടികളെ കണ്ടിരിക്കയും ചെയ്തു. പക്ഷേ അവരുടെ കണ്ണിൽ അതൊന്നും പെടുന്നുണ്ടായിരുന്നില്ല എന്നെനിക്കു തോന്നി. മറ്റു രണ്ടുപേരുടെയും നേർക്ക് അവർ ഇടക്കിടെ ദൃഷ്ടി പായിക്കുകയും പിന്നീട് കയ്യിൽ തല താങ്ങി കണ്ണടച്ചിരിക്കുകയും ചെയ്തു. ചിലപ്പോൾ തലവേദനയോ മറ്റോ ആകാമെന്ന് തുടക്കത്തിൽ ഞാൻ കരുതിയെങ്കിലും അതു മാത്രമല്ല എന്ന് ഉള്ളിൽനിന്നാരോ പറഞ്ഞുകൊണ്ടിരുന്നു. എന്തെങ്കിലുമാവട്ടെ, എനിക്കെന്താണ്?
ഞങ്ങൾ ഒന്നിച്ചാണ് ലിഫ്റ്റിൽ കയറിയത്. കണ്ട ഏതോ സ്ഥലത്തെക്കുറിച്ചും അവിടത്തെ താമസത്തെക്കുറിച്ചും അവർ ഇംഗ്ലീഷിൽ പറഞ്ഞുകൊണ്ടിരുന്നു. രണ്ടുപേർ തമ്മിലായിരുന്നു സംസാരം. മൂന്നാമത്തെയാൾ ഒന്നിലും പങ്കു ചേർന്നില്ല. അവർ അത്ര ഉത്സാഹവതിയുമായിരുന്നില്ല. അവർ ആരാവാം? അവർ തമ്മിലുള്ള ബന്ധമെന്താവാം? ഞാൻ വെറുതെ ആലോചിച്ചു. മുമ്പായിരുന്നുവെങ്കിൽ ജോബിച്ചേട്ടനോട് ചോദിക്കാമായിരുന്നു. അന്നത്തെ ആ സംഭവശേഷം ജോബിച്ചേട്ടൻ അകലം പാലിക്കുന്നു. തെറ്റ് എന്റെ ഭാഗത്താണ് എന്നപോലെ. അതുകൊണ്ട് ഞാനൊന്നും ചോദിക്കുന്നില്ല. അവർ ആരായാലും എനിക്കെന്താണ്? നാലു ദിവസത്തേക്കാണ് മുറിയെടുത്തിരിക്കുന്നത്. ലോക്കൽ സൈറ്റ് സീയിങ്ങിനായി വാഹനം ഏർപ്പാടാക്കാൻ പറയുന്നതു കേട്ടു.
പിന്നീടുള്ള രണ്ടു ദിവസങ്ങൾ എനിക്ക് തിരക്കായിരുന്നു. ഹോട്ടലിലെ പ്രധാന പൈപ്പ് പൊട്ടിപ്പോവുകയും മുറികളിലെ ബാത്റൂമുകളിൽ ജലവിതരണം അവതാളത്തിലാവുകയും ചെയ്തു. വന്ന പ്ലംബറിനെ സഹായിക്കുന്നതിനു പുറമെ പലതവണ മുറികളിലേക്ക് വെള്ളമെത്തിക്കേണ്ടി വന്നു. താമസക്കാർക്ക് ഒരു തരത്തിലും അസൗകര്യമുണ്ടാവാൻ പാടില്ലല്ലോ. പൈപ്പ് ശരിയാവാൻ ഒന്നര ദിവസമെടുത്തു. റിപ്പയർ ചെയ്തത് വൃത്തിയാക്കാൻ പിന്നെയും സമയം വേണ്ടിവന്നു. അതിനിടെ പുതിയ താമസക്കാരെ കുറിച്ചൊന്നും ചിന്തിക്കാനേ കഴിഞ്ഞില്ല. സത്യം പറഞ്ഞാൽ ഞാനവരെക്കുറിച്ച് ഓർത്തതേയില്ല. എല്ലാം കഴിഞ്ഞ് സമാധാനത്തിൽ മുറിയിൽവന്നു കിടന്നു. ഞാനൊറ്റക്കായിരുന്നു. സിജൂഷ് വീട്ടിൽപ്പോയിരുന്നു. അവൻ രണ്ടുദിവസം കഴിഞ്ഞേ വരുമായിരുന്നുള്ളൂ. സോനയും ഒരാഴ്ച ലീവിൽ വീട്ടിൽപ്പോയി. ഗ്രേസ് മാഡം അവന് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തുകൊടുത്തിരുന്നു. ഇവിടെ വന്നശേഷം അവൻ ആദ്യമായി വീട്ടിൽപ്പോവുകയായിരുന്നു. അവന്റെ നാട്ടിലേക്ക് ട്രെയിനിൽ പോയി വരാൻതന്നെ നാലു ദിവസമെടുക്കും. ഝാർഖണ്ഡിലുള്ള ഒരു ഗ്രാമത്തിലാണവൻ താമസിക്കുന്നത്. അതിനാൽ, ഗ്രേസ് മാഡം ചെയ്തുകൊടുത്ത സഹായമാണത്.
ഫ്ലൈറ്റിലും അവൻ ആദ്യമായി കയറുകയായിരുന്നു. അതിന്റെ പേടിയും വെപ്രാളവുമുണ്ടായിരുന്നുവെങ്കിലും ഫ്ലൈറ്റിൽ കയറിയിട്ട് അവൻ വിളിച്ച് ഓ.കെ പറഞ്ഞപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു. പാവമാണവൻ. അതിനുശേഷം അറിയാതെ മയങ്ങിപ്പോയി. ദാഹിച്ചുണർന്നപ്പോൾ ദൂരെനിന്ന് പാട്ടുകേൾക്കുന്നുണ്ടായിരുന്നു. അർഥമറിയാത്ത, സങ്കടം തോന്നിപ്പിക്കുന്ന ഏതോ ഹിന്ദിഗാനം. പെൺശബ്ദം. മുറിയിൽ ആരുമില്ലാത്തതുകൊണ്ടാണാവോ എനിക്ക് പതിവില്ലാത്തവിധം ഭയമാണ് ആ പാട്ടു കേട്ടപ്പോൾ തോന്നിയത്. ഒരിക്കലും തോന്നാത്തപോലത്തെ പേടി. എന്തോ സംഭവിക്കാൻ പോകുന്നപോലെ. പിന്നീട് സ്വയം സമാധാനിപ്പിച്ചു. എന്തു സംഭവിക്കാൻ! തലയിണ പൊക്കിവെച്ച് നന്നായി പുതച്ച് പുറത്തേക്കു നോക്കിക്കിടന്നു. നല്ല തണുപ്പുള്ള ദിവസം. സ്വെറ്ററും മഫ്ലറും സോക്സും ഇട്ടിട്ടും തണുക്കുന്നു. ഇനി രണ്ടു മൂന്നുദിവസം ഇങ്ങനെത്തന്നെയാകുമെന്നു കേട്ടു. അടച്ച ചില്ലുജനാലക്കപ്പുറത്ത് മഞ്ഞുതുള്ളികൾ തങ്ങിനിൽക്കുന്നുണ്ട്. വെളിച്ചം കുറവാണ്. പതുക്കപ്പതുക്കെ ഉറക്കത്തിലേക്കു വഴുതിവീഴുമ്പോൾ എന്തോ ശബ്ദം കേട്ടു. ആരോ ഒരാൾ നടന്നുപോവുന്നതു പോലെയാണ്. അകത്തുനിന്നോ പുറത്തുനിന്നോ എന്നു മനസ്സിലായില്ല.

ഹോട്ടൽ റിസപ്ഷനിൽ നിന്ന് ഒരിടനാഴിയുണ്ട്. അതിന്റെ ഒരു വശത്ത് അടുക്കളയും സ്റ്റോറും. എതിർവശത്താണ് എന്റെ മുറി. ഇടനാഴി അവസാനിക്കുന്നിടത്ത് പുറത്തേക്കുള്ള –അതായത് താഴേക്കുള്ള പടികളുടെ അടുത്തേക്കുള്ള വാതിലാണ്. അതാരോ തുറന്നതു പോലെയും ഒച്ച കേട്ടു. രാത്രി ആരുമത് തുറക്കാറില്ല. ജോബിച്ചേട്ടൻ പൂട്ടി താക്കോൽ റിസപ്ഷനിലെ മേശക്കുള്ളിൽ വെക്കും. തോന്നലാവുമോ? ആവുമെന്നു കരുതി ഉറങ്ങാൻ ശ്രമിച്ചപ്പോൾ വീണ്ടും കാലൊച്ചകൾ. ചെറിയ വെളിച്ചം. രണ്ടു മൂന്നു പേർ പുറത്തു നടക്കുന്നുണ്ട്. മൊബൈൽ വെളിച്ചമാവാം കാണുന്നത്! ഫോൺ തപ്പിയെടുത്ത് സമയം നോക്കി. ഒന്ന് അമ്പത്. ഈ നേരത്താരാ ഇതിലൂടെ നടക്കാൻ. സ്വപ്നമാണോ? അല്ല! ജനാലക്കപ്പുറത്ത് ചില നിഴലുകൾ കാണാം. അവർ നീങ്ങുന്നത് പുറകുവശത്തെ പടികളെ ലക്ഷ്യമാക്കിയാണ്.
ഭയം വിട്ടു മാറാത്തതിനാൽ ശബ്ദമുണ്ടാക്കാതെ ജനൽപ്പാളി പതുക്കെ തുറന്നു. തണുപ്പ് മുറിയിലേക്കരിച്ചു കയറി. ദൈവമേ! പുറത്തെന്തായിരിക്കും അവസ്ഥ! അവർ മൂന്നു പേരുണ്ട്. ആകെ മൂടിപ്പുതിച്ചിട്ടുണ്ട്. ഒന്നുകൂടി സൂക്ഷിച്ചുനോക്കി. സ്ത്രീകളാണ് മൂന്നുപേരും. ഓ! പിടികിട്ടി. മൂന്നുദിവസം മുമ്പ് മുറിയെടുത്തവർ! ഇവർ പോയില്ലായിരുന്നു! എന്തിനാണാവോ അവർ ഈ സമയത്ത് പടിയിറങ്ങി താഴോട്ടുപോകുന്നത്? അവിടെ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് അറിവില്ലാഞ്ഞാവുമോ? അതോ ഇതുപോലുള്ള രാത്രികളിലെ സാഹസികത അനുഭവിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയതാവുമോ? ചിലപ്പോൾ റീൽസ് പരിപാടിയൊക്കെയാവും. എന്നാലും ഈ നേരത്ത്! വിളിച്ചുപറയണോ, അതോ പുറകേ പോകണോ? ഒരു നിമിഷം ശങ്കിച്ചു നിന്നെങ്കിലും രണ്ടും വേണ്ട എന്നു വെച്ചു. വന്നവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നു എന്ന ആരോപണമുണ്ടായേക്കാം. പ്രത്യേകിച്ച് ജോബിച്ചേട്ടൻ. ഒന്നും വേണ്ട. ചെറിയ കുട്ടികളൊന്നുമല്ലല്ലോ അവർ! പക്ഷേ വീണ്ടും ആ തോന്നൽ വരുന്നു. എന്തോ ശരിയല്ല. എന്തോ സംഭവിക്കാൻ പോകുന്നു!
ഇരിക്കപ്പൊറുതിയില്ല. കൂജയിൽനിന്ന് വെള്ളമെടുത്തു കുടിച്ചു. തണുപ്പുണ്ടെങ്കിലും പുറത്തേക്ക് ആവുംവിധം എത്തിനോക്കി. ഇല്ല. ഒന്നും കാണുന്നില്ല. അവർ പടവുകൾ ഇറങ്ങി താഴെ പോയിരിക്കുന്നു. ഇനി? ഇനി മടങ്ങിവരും വരെ സമാധാനമില്ല. എനിക്കെന്തിനാണ് സമാധാനക്കേട്? അതറിയില്ല. എങ്കിലും വല്ലാത്ത ആശങ്ക തോന്നി. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. ആരും പടവുകൾ കയറിവരുന്നില്ല. ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പലപ്പോഴുമുള്ളതുപോലെ എന്റെ തോന്നലാവുമോ? അല്ലെങ്കിൽ ക്ഷീണിച്ച് വശംകെട്ട് ഉറങ്ങിപ്പോയപ്പോൾ കണ്ട സ്വപ്നം? അല്ല. തോന്നലല്ല. കണ്ടതുതന്നെയാണ്. മൂന്നുപേരെയും വ്യക്തമായി കണ്ടു. പിന്നെയും അരമണിക്കൂർ കഴിഞ്ഞു. താഴെനിന്ന് ചില ശബ്ദങ്ങൾ കേൾക്കാനുണ്ട്. ഹോ! സമാധാനം. അവർ പടവുകൾ കയറിവരുകയാണ്. എന്തിനാണ് പോയതെന്ന കൗതുകത്തിലും അവർ മടങ്ങിവന്നുവല്ലോ എന്ന ആശ്വാസം മുന്നിട്ടുനിന്നു. മൊബൈൽ വെളിച്ചം അടുത്തടുത്തു വരുന്നുണ്ട്. ജനാല അടച്ചിരുന്നു. അവർ മുകളിലെത്തി. ആരും ഒന്നും മിണ്ടുന്നില്ല. മാത്രമല്ല ശബ്ദമൊന്നുമുണ്ടാവാത്ത വിധം പതുക്കെയാണ് നടപ്പ്. മഞ്ഞുവന്നു മൂടിയതെങ്കിലും ജനാലയിലൂടെ അങ്ങോട്ട് കാണാം. മൂന്നുപേരുമുണ്ട്. ഹാവൂ. സമാധാനം. പക്ഷേ, പോയത് മൂന്നു സ്ത്രീകളല്ലേ? മടങ്ങിവന്നത് രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണല്ലോ! മടങ്ങിവരാത്ത ആൾ മഞ്ഞിൽ, തണുപ്പിൽ, ഇരുട്ടിൽ, താഴെ എന്തു ചെയ്യുകയാവാം ഒറ്റക്ക്!
കേവലം ഒരു ജോലിക്കാരൻ മാത്രമായ എനിക്കെന്തു കാര്യം ഇവിടെ വരുകയും പോവുകയും ചെയ്യുന്നവരുടെ ഇടപാടുകളിൽ? ചിലപ്പോൾ തോന്നലുകൾ വയ്യാവേലികളാണ്. ജോലി കളയാവുന്ന വയ്യാവേലികൾ. ഇല്ല. എനിക്കൊന്നും തോന്നിയിട്ടില്ല. രണ്ടു ദിവസത്തെ കഠിനമായ ജോലി കാരണം ഞാൻ കിടന്നപാടേ ഉറങ്ങി. പാട്ടും കേട്ടിട്ടില്ല, കാഴ്ചയും കണ്ടിട്ടില്ല. തോന്നലുമുണ്ടായിട്ടില്ല. തലവഴി മൂടിപുതച്ച് പിന്നെയും ഉറങ്ങാൻ ശ്രമിച്ചപ്പോൾ “കഭീ കഭീ മേരേ ദിൽ മേ” എന്ന പാട്ട് ദൂരെനിന്നും കേട്ടുതുടങ്ങി.

