ശിവകാമിയേ, ശിവനിൽ നീയും പാതിയേ...

ബസിലെ ചെവിയടപ്പിക്കുന്ന സംഗീതം സഹദേവനെ അലോസരപ്പെടുത്തി. സ്വകാര്യ ബസുകളിലെ ഈ ക്ഷുദ്രപ്രവണതക്കെതിരെ നിയമം കൊണ്ടുവരേണ്ടതാണ്. അയാൾ ചിന്തിച്ചു. എന്തൊരു സ്വൈരക്കേടാണിത്. എതിർവശത്തെ സീറ്റിൽ ഇരുന്ന യൂനിഫോം ധരിച്ച പയ്യനും പെൺകുട്ടിയും ഈ ബഹളത്തിലും ചിരിച്ചു സംസാരിക്കുന്നത് അപ്പോൾ സഹദേവന്റെ ശ്രദ്ധയിൽപെട്ടു. ജെൻസീ... അയാൾ ഉള്ളിൽ പറഞ്ഞു. ഇവർക്ക് എല്ലാം ഉച്ചസ്ഥായിയിലാണ്. പാട്ടായാലും പ്രണയമായാലും! അയാൾക്ക് അവജ്ഞ തോന്നി. വലതുവശത്ത് ജനലോരം ചേർന്ന് അയാൾക്കരികെ എം.ആർ.ഐ സ്കാൻ റിപ്പോർട്ടും മടിയിൽെവച്ച് ഇരുന്ന അഭിരാമി കണ്ണുകൾ പൂട്ടി താളംപിടിക്കുന്നുണ്ടായിരുന്നു. സ്കാൻ റിപ്പോർട്ടും അതിന്മേൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ബസിലെ ചെവിയടപ്പിക്കുന്ന സംഗീതം സഹദേവനെ അലോസരപ്പെടുത്തി. സ്വകാര്യ ബസുകളിലെ ഈ ക്ഷുദ്രപ്രവണതക്കെതിരെ നിയമം കൊണ്ടുവരേണ്ടതാണ്. അയാൾ ചിന്തിച്ചു. എന്തൊരു സ്വൈരക്കേടാണിത്.
എതിർവശത്തെ സീറ്റിൽ ഇരുന്ന യൂനിഫോം ധരിച്ച പയ്യനും പെൺകുട്ടിയും ഈ ബഹളത്തിലും ചിരിച്ചു സംസാരിക്കുന്നത് അപ്പോൾ സഹദേവന്റെ ശ്രദ്ധയിൽപെട്ടു. ജെൻസീ... അയാൾ ഉള്ളിൽ പറഞ്ഞു. ഇവർക്ക് എല്ലാം ഉച്ചസ്ഥായിയിലാണ്. പാട്ടായാലും പ്രണയമായാലും! അയാൾക്ക് അവജ്ഞ തോന്നി.
വലതുവശത്ത് ജനലോരം ചേർന്ന് അയാൾക്കരികെ എം.ആർ.ഐ സ്കാൻ റിപ്പോർട്ടും മടിയിൽെവച്ച് ഇരുന്ന അഭിരാമി കണ്ണുകൾ പൂട്ടി താളംപിടിക്കുന്നുണ്ടായിരുന്നു. സ്കാൻ റിപ്പോർട്ടും അതിന്മേൽ താളംപിടിക്കുന്ന നേർത്തു മനോഹരമായ അവളുടെ വിരലുകളും സഹദേവനെ അരിശംകൊള്ളിച്ചു.
‘‘എത്രകാലമായി ഡ്രൈവിങ് പഠിക്കാൻ പറഞ്ഞിട്ട്.’’ അയാൾ പറഞ്ഞു ,‘‘കാറെടുക്കാമായിരുന്നു ശല്യം!’’
അഭിരാമി അത് കേട്ടതായി തോന്നിയില്ല. അവൾ മറ്റേതോ ലോകത്തിലെന്നപോലെ വിരലുകൾകൊണ്ട് അലസം താളം പിടിച്ചു.
‘‘ഇന്നിപ്പൊ എന്നെ വിളിച്ചു വരുത്തിയതേ അനാവശ്യമാണ്...’’ സഹദേവൻ പറഞ്ഞു, ‘‘ഇതൊക്കെ നിനക്ക് ഹാൻഡിൽ ചെയ്യാവുന്നതേ ഉള്ളൂ...’’
അഭിരാമി ശ്രദ്ധിച്ചില്ല.
‘‘അഭീ നിന്നോടാണ്...’’ നനുത്ത രോമങ്ങൾ ചാഞ്ഞുറങ്ങുന്ന വെളുത്ത കൈത്തണ്ടയിൽ തന്റെ കൈപ്പടം ചേർത്ത് അയാൾ പ്രതിഷേധം അറിയിച്ചു.
‘‘ഏ... എന്തേ...’’ മസൃണമായ ശബ്ദത്തോടൊപ്പം അവളുടെ വലിയ കണ്ണുകൾ അയാൾക്കു നേരെ പകച്ചു.
വിവാഹാലോചനക്കാലത്ത് രണ്ടു ചിത്രങ്ങളായിരുന്നു സഹദേവന് വീട്ടിൽനിന്ന് അയച്ചുകിട്ടിയത്. ഒന്ന് കണ്ണടച്ച് വയലിൻവാദനത്തിൽ മുഴുകിയ കൃശഗാത്രിയായ ഒരു പെൺകുട്ടി. മറ്റൊന്ന് ഭരതനൃത്ത വേഷത്തിൽ സമുദ്രവും പർവതവും വിരിയുന്ന കണ്ണുകളോടെ നിൽക്കുന്നതും. ചങ്ങാതിമാർ പറഞ്ഞത് സഹദേവന് ഇപ്പോഴും ഓർമയുണ്ട്. ‘‘ഇത് കുഞ്ഞനല്ലേടാ... എന്തു ക്യൂട്ടാണ്..! ഏതോ ഫിലിമിൽ കണ്ടുമറന്നപോലെ... പക്ഷേ, നിന്നെ പിടിക്കുമോന്നാണ്...’’
സഹദേവൻ മോശമൊന്നുമായിരുന്നില്ല. ഇരുനിറത്തിൽ ആറടിയോടടുപ്പിച്ച ബലിഷ്ഠ ശരീരം.
അയാൾ അമ്മക്കെഴുതി. നേരേ ചൊവ്വേയുള്ള ഫോട്ടോ ഉണ്ടെങ്കിൽ തരാൻപറയൂ, അവരോട്. എന്നിട്ടു മതി.
അമ്മ നേരേ ചൊവ്വേയുള്ള ചിത്രം അയച്ചു കൊടുത്തു. പാതി തുറന്ന മിഴികളും ചെന്നിയിൽനിന്നൂർന്ന് താടിയെല്ലോളം നനുത്തിറങ്ങുന്ന അളകങ്ങളും നീണ്ടു രൂപ ചാരുതയുറ്റ കൈത്തണ്ടകളുമുള്ള പെൺകുട്ടിയുടെ ചിത്രം! കമന്റിനായി സഹദേവൻ അത് ചങ്ങാതിമാരെ കാണിച്ചില്ല. പെണ്ണുകാണൽ ചടങ്ങിനുശേഷവും അറിയിച്ചില്ല. വിഡ്ഢികൾ! അവർക്കു മനസ്സിലാവാത്ത ചിലതുണ്ട് ജീവിതത്തിൽ. സഹദേവന്റെ കുടുംബ പശ്ചാത്തലം മിനിസ്ട്രി ഒഫ് ഹ്യൂമൻ റിസോഴ്സസിലെ തസ്തിക. പക്ഷേ, എല്ലാവരെയും അയാൾ വിവാഹത്തിന് ക്ഷണിച്ചു. അല്ല നിർബന്ധിച്ചു വിളിച്ചുവരുത്തി. കാണണം. ഈ അഴക് നിങ്ങൾ കരുതുംപോലെ സഹദേവന് എത്തിപ്പിടിക്കാൻ കഴിയാത്തതല്ല.
വിവാഹശേഷം മൂന്നുവർഷം ഡൽഹിയിലെ ക്വാർട്ടേഴ്സിൽ താമസിച്ചപ്പോഴൊന്നും ഭക്ഷണത്തിനായിപ്പോലും അയാൾ ചങ്ങാതിമാരെ ക്ഷണിച്ചില്ല. ത്വിഷയെ പ്രെഗ്നന്റായി അഭിരാമിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതു വരെയും. അതിനുശേഷമാണ് അവൾക്ക് റെവന്യൂ ലാൻഡ് റിക്കവറി സെക്ഷനിൽ ജോലി കിട്ടുന്നത്. അതോടെ, സഹദേവൻ ഡൽഹിയിലും അഭിരാമി നാട്ടിലുമായി. എട്ടു വർഷത്തിനുശേഷം അഭിരാമി വീണ്ടും ഡൽഹിയിലെത്തി. കുട്ടുവിന്റെ ജനനത്തിനു ശേഷം. ത്വിഷയെ ആറാം ക്ലാസിൽ സെൻട്രൽ സ്കൂളിൽ ചേർത്തു. അക്കാലത്ത് സഹദേവൻ രണ്ടുതവണ ചങ്ങാതിമാരെ ഭക്ഷണത്തിനായി ക്ഷണിച്ചു. രണ്ടേ രണ്ടുതവണ! അവരൊക്കെ അപ്പോഴേക്കും കുടുംബസ്ഥരും കുഞ്ഞുകുട്ടി പ്രാരബ്ധക്കാരുമായിരുന്നു. എന്നിട്ടും അതിലൊരു ജൂനിയർ സ്റ്റാഫ് ത്വിഷയെയും അഭിരാമിയെയും കണ്ടാൽ സാറിന്റെ രണ്ടു പെൺമക്കളാണെന്നേ തോന്നൂ എന്ന് പറഞ്ഞപ്പോൾ സഹദേവന്റെ നെഞ്ചു കനത്തു. മൂന്നു വർഷത്തെ ദീർഘാവധി റദ്ദാക്കി അഭിരാമിയെയും മക്കളെയും നാട്ടിലെത്തിച്ചു. സഹദേവന്റെ അച്ഛനും അമ്മക്കും ഒപ്പം നഗരത്തിലെ വസതിയിൽ.
‘‘നിനക്ക് ഡ്രൈവിങ് പഠിയ്ക്കായിരുന്നില്ലേ. എത്രയായി പറയുന്നു. വീട്ടിൽ വണ്ടി കിടപ്പുണ്ടല്ലോ...’’ അയാളുടെ ശബ്ദത്തിൽ ഒരു മുഷിച്ചിൽ ഉണ്ടായിരുന്നു.
‘‘സിറ്റി ട്രാഫിക്കിൽ സ്കൂട്ടർതന്നെ എനിക്ക് പ്രയാസാണ്...’’ കുറ്റസമ്മതംപോലെ അഭിരാമി അറിയിച്ചു. ‘‘ആ ഞാൻ എങ്ങനെ...’’
‘‘എല്ലാത്തിനും ന്യായീകരണമുണ്ട്.’’ സഹദേവന്റെ ശബ്ദത്തിൽ മടുപ്പിനെക്കാൾ ഒരു വെറുപ്പ് അവൾ തിരിച്ചറിഞ്ഞു.
‘‘രാവിലെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്,’’ കരച്ചിൽ പോലെ അഭിരാമി പറഞ്ഞു, ‘‘ഞാനെന്തു തെറ്റാണ് ചെയ്തത്...’’
‘‘എന്നെ തിടുക്കപ്പെട്ടു വിളിച്ചുവരുത്തേണ്ട എന്തു കാര്യമുണ്ടിപ്പോൾ...’’ സഹദേവന്റെ ഒച്ചയിൽ അനിഷ്ടം തുളുമ്പി. ‘‘എനിക്കെത്ര തിരക്കുണ്ട് അവിടെ എന്നറിയാമോ... കീ പോസ്റ്റാണ്... റിപ്പോർട്ട് ഡോക്ടറെ കാണിച്ച് വിളിച്ചാൽ മതിയായിരുന്നില്ലേ..?’’ മടിയിലിരുന്ന സഹദേവന്റെ അച്ഛന്റെ എം.ആർ.ഐ സ്കാൻ റിപ്പോർട്ടിൽ അഭിരാമി വിരലോടിച്ചു. അച്ഛന്റെ ശബ്ദത്തിന് രണ്ടാഴ്ചയായി പ്രശ്നമുണ്ട്. പതിഞ്ഞേ പുറത്തുവരുന്നുള്ളൂ. അഞ്ചു മണി പ്രഭാതത്തിൽ അഭിരാമിക്കൊപ്പം കിച്ചണിൽ അച്ഛൻ സഹായത്തിനു വരും. അതുകൊണ്ട് അദ്ദേഹത്തിന്റെ ചെറിയ വ്യത്യാസങ്ങൾപോലും അവൾക്കറിയാം. നിർബന്ധിച്ച് അഭിരാമിയാണ് ഡോക്ടറെ കാണിച്ചത്. ഇ.എൻ.ടി സ്പെഷലിസ്റ്റ് അച്ഛനെ വെളിയിൽ പറഞ്ഞയച്ച് അഭിരാമിയോടു പറഞ്ഞു . ‘‘എനിയ്ക്ക് ചില സംശയങ്ങളുണ്ട്... ഒരു പക്ഷേ... അല്ല നിശ്ചയമായും ഓങ്കോളജിസ്റ്റിനെ കാണേണ്ടിവരും, എം.ആർ.ഐ റിപ്പോർട്ട് കാണട്ടേ. മകനോടു വരാൻ പറയൂ...’’
അതിനുമുന്നേ എത്രയോ തവണ അഭിരാമി സഹദേവനെ വിളിച്ചിരുന്നു. ടെൻതിൽ പഠിക്കുന്ന ത്വിഷയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങളെപ്പറ്റി. അവൾ ആരോടും എപ്പോഴും വെട്ടിത്തുറന്ന് കയർത്തു സംസാരിക്കുന്നു. കുട്ടുവിനെ നോക്കുന്നതിൽ അവളോട് പക്ഷഭേദം കാണിക്കുന്നതുപോലെ പരിഭവിക്കുന്നു. സഹദേവന്റെ അച്ഛനെയും അമ്മയെയും എന്നല്ല, തന്നെപ്പോലും വകവെക്കുന്നില്ല. സ്കൂളിൽ പോകാൻ മടി ചോദിച്ചാൽ കയർക്കും.
അവിടെ ഇരിക്കുന്ന നേരം താൻ സഫർചെയ്യുന്നത് എത്രയെന്ന് അമ്മക്ക് അറിയാമോന്ന്! സഹദേവന്റെ അമ്മക്ക് കുത്താനുള്ള വഴിമരുന്നാണത്. ‘‘വളർത്തു ദോഷം..!’’ കുട്ടു രാവിലെയും ഉച്ചക്കും നന്നായി ഭക്ഷണം കഴിക്കും. രാത്രിയാണ് കുഴപ്പം. രാത്രിയെന്നാൽ അവന്റമ്മ, അഭിരാമി, വരുന്ന നേരം. അമ്മക്ക് കുഞ്ഞിനെ നോക്കാൻ അറിയില്ല. അതുതന്നെ. കൊടുക്കരുതെന്നു വിലക്കിയ ബിസ്കറ്റും, ചോക്ലറ്റും എല്ലാം വാങ്ങിക്കൊടുക്കും. അവൾ ആരോട് പറയാൻ! കുട്ടുവിന്റെ ഇടതു കൈ സ്വാധീനം വരെ രണ്ടു വർഷം സഹദേവനൊപ്പം ഡൽഹിയിൽ പൊറുത്തതിന്റെ കുഴപ്പമാണ്. ഇവിടെ അമ്മയുടെ ശിക്ഷണത്തിലെങ്കിൽ വരില്ലായിരുന്നു. രാത്രി, കാന്റിനിൽനിന്നു കഴിച്ച ലഘുഭക്ഷണത്തിന്റെയാവണം, ഛർദിച്ച് പിറ്റേന്ന് ലീവെടുത്തപ്പോൾ ഇന്നെന്താ അവധിയാണോ എന്നാണ് അമ്മ തിരക്കിയത്. അല്ല ലീവാണ് എന്നു പറഞ്ഞപ്പോൾ എന്തേ എന്നുപോലും അമ്മ അന്വേഷിച്ചില്ലെന്ന് സഹദേവനോട് അവൾ കരഞ്ഞുപറഞ്ഞിട്ടുണ്ട്.
ത്വിഷ തൊണ്ടവേദനയെന്നു പറഞ്ഞ് സ്കൂളിൽ പോകാതിരുന്നതിന് അഭിരാമി കുറ്റമേറ്റിട്ടുണ്ട്. ദൂരെയിരുന്നു കേൾക്കുന്ന ഒരാളെ ഒരിക്കലും അഭിരാമി പങ്കാളിയായി മോഹിച്ചിരുന്നില്ല.
നാലു മുതിർന്ന സഹോദരങ്ങൾക്കു താഴെ സാരക്കുട്ടിയായിരുന്നു അവൾ വീട്ടിൽ. പരീക്ഷയെഴുതി സർക്കാർ ജോലി കിട്ടിയിട്ടു മതി വിവാഹം എന്നവൾ തീർത്തു പറഞ്ഞു. നാലു സഹോദരരും സർക്കാർ ജീവനക്കാരാണ്. അവളെക്കാൾ രണ്ടു വയസ്സു മാത്രം വ്യത്യാസമുള്ള ബേബി അഭിരാമിക്കൊപ്പം ഉറച്ചു നിന്നു. എന്നിട്ടും നിരവധിയായി വന്നുകൊണ്ടിരുന്ന വിവാഹാലോചനകൾക്കിടയിലെ സഹദേവന്റെ സാന്നിധ്യത്തെ അവൾ അംഗീകരിക്കുകയായിരുന്നു.
ത്വിഷയുടെ പ്രശ്നങ്ങൾ സഹദേവന് അറിയാത്തതല്ല. ‘‘എനിയ്ക്ക് വയ്യ ഇങ്ങനെ സിംഗിൾ പാരന്റിങ് പോലെ...’’ അഭിരാമി പറഞ്ഞു.
‘‘ഉടനെ എന്തുചെയ്യാൻ...’’ സഹദേവൻ തന്നോടെന്നപോലെ പറഞ്ഞു ‘‘വീടുപണി കഴിയട്ടെ... അല്ലെങ്കിൽ സുമോദിനോടു പറയാം...’’
സുമോദും ലക്ഷ്മിയും പുതിയ വീടുെവച്ച് മാറിയിട്ട് ഏറെയായിട്ടില്ല. അവരുള്ളപ്പോൾ അഭിരാമി ഇതിനേക്കാൾ പൊറുതിമുട്ടിയിട്ടുണ്ട്. അവരല്ല കുഴപ്പം. സുമോദിന്റെ മകൾ നദിയും ത്വിഷയും ഒപ്പമാണ്. കുട്ടുവും ആദിദേവും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസവും. അമ്മക്കെപ്പോഴും താരതമ്യമാണ്. അതുകേട്ടാൽ ത്വിഷ കയർക്കും. ക്ഷുഭിതയാവും ചെറിയച്ഛന്, സുമോദിന് അവളുടെ സ്വഭാവം അറിയാം ലക്ഷ്മിക്ക് അതത്ര പിടിക്കില്ല.
‘‘ഞാൻ ലോങ് ലീവെടുത്ത് അവിടെ വരട്ടെ...’’ അഭിരാമി ചോദിച്ചിരുന്നു. ‘‘സെൻട്രൽ സ്കൂളല്ലേ. മോളെ അവിടെ ചേർക്കാലോ... കുട്ടുവിന് ആവുന്നതല്ലേയുള്ളൂ...’’
‘‘അതെങ്ങനെ... സുമോദും ലക്ഷ്മിയും മാറിയതിനു തൊട്ടുപിറകെ... അത് ശരിയല്ല.’’ സഹദേവന് എല്ലാത്തിനും തീർപ്പുണ്ട്. തീരുമാനങ്ങളും.
‘‘ഡോക്ടർ പറഞ്ഞു മക്കളാരെങ്കിലും ഉണ്ടായിക്കോട്ടേയെന്ന്...’’ അഭിരാമി മുഖമുയർത്തി പറഞ്ഞു. ‘‘സുമോദിനേക്കാൾ എനിക്ക് ഏട്ടനെയല്ലേ വിളിക്കാൻ എളുപ്പം?’’
അവളുടെ കണ്ണുകളിലെ നിശ്ചയം കണ്ടപ്പോൾ സഹദേവൻ ഒന്നു പതറി.
‘‘നോക്കൂ...’’ അഭിരാമി തുടർന്നു പറഞ്ഞു, ‘‘ഞാനാരെയും ബുദ്ധിമുട്ടിക്കാറില്ല. ഏട്ടനോടു പറയുമെന്നല്ലാതെ ഇവിടത്തെ കാര്യങ്ങൾ വീട്ടിലൊരിക്കലും പറഞ്ഞിട്ടില്ല. കേട്ടാൽ അവർക്ക് വിഷമമാവും. പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് ബി.എഡ് ചെയ്യിച്ച് അടുത്ത മാനേജ്മെന്റ് സ്കൂളിൽ ചേർക്കാനായിരുന്നു അച്ഛന് താൽപര്യം. പണം കൊടുത്ത് ജോലി വേണ്ടെന്നത് എന്റെ ശാഠ്യമായിരുന്നു. കോച്ചിങ്ങിനു പോയി ആദ്യമെഴുതിയ പി.എസ്.സിയിൽ കിട്ടിയതാണ് എന്റെ ജോലി. അതു കിട്ടിയപ്പോഴാണ് നമ്മൾ രണ്ടിടത്തായത്. കൂടെ വേണം ഭർത്താവ് എന്നതു മാത്രമായിരുന്നു വന്ന പ്രൊപോസലുകളിൽ എന്റെ നിബന്ധന. എന്നിട്ടും... അന്നൊക്കെ പതിനെട്ടു കഴിഞ്ഞാൽ പെൺകുട്ടികൾ കെട്ടി പോകണമല്ലോ. നാട്ടുകാർക്കല്ലേ ഉത്കണ്ഠ! വീട്ടുകാരുടെ മനഃപ്രയാസം കണ്ടാണ് ഞാൻ സമ്മതിച്ചത്. ബേബി അപ്പോഴും എനിക്കൊപ്പമായിരുന്നു. അവൾക്ക് ജോലികിട്ടിയിട്ടു മതി എന്നുതന്നെ. എന്നുെവച്ച് സഹദേവേട്ടനെ ഇഷ്ടമല്ലാതെയൊന്നുമല്ലാട്ടോ...’’
സഹദേവൻ മിണ്ടാതെ അവളെ കേട്ടു.

‘‘ശരിയ്ക്കും ഇന്നത്തെ പ്രശ്നം എന്താന്ന്. ഒന്നു പറയാമോ?’’ അഭിരാമി ചോദിച്ചു. ‘‘ഞാൻ വിളിച്ചുവരുത്തിയതാണോ... അച്ഛന്റെ കാര്യം ഞാനൊറ്റയ്ക്ക് കേൾക്കേണ്ടതാണോ... ത്വിഷയെ കൗൺസലിങ്ങിനു കൊണ്ടുപോകാൻ ഞാനൊറ്റയ്ക്കു മതിയോ... ഇവിടെ വന്നാൽ അമ്മ പറയുന്ന കുത്തുവാക്കുകൾ കേൾക്കാൻ മടിച്ചിട്ടാണോ സഹദേവേട്ടൻ എന്നോട്...’’ തൊണ്ടയിൽനിന്ന് പുറത്തുവരാനാവാത്ത ഒരു കരച്ചിൽപോലെ അഭിരാമിയുടെ ശബ്ദം ഇടറി.
സഹദേവൻ ഒന്നും മിണ്ടിയില്ല. ഉച്ചസ്ഥായിയിൽ മുഴങ്ങുന്ന ചടുല ഗാനത്തിന്റെ അലോസരത്തിന് അയാൾ ചെവികൊടുത്തു.
‘‘രാവിലെ തിടുക്കത്തിൽ ഞാനിത്...’’ മടിയിലിരുന്ന സ്കാൻ റിപ്പോർട്ടിൽ തൊട്ട അഭിരാമിയുടെ കണ്ണുകൾ നനഞ്ഞു.
ഡ്രൈവ് ചെയ്യാൻ വയ്യ. യാത്രാക്ഷീണമുണ്ട്. കാറെടുക്കേണ്ട. ബസ് സ്റ്റോപ്പ് വരെ സ്കൂട്ടറിൽ പോകാം. ഒരു മണിക്കൂർ യാത്രയല്ലേയുള്ളൂ എന്ന് നിർദേശിച്ചത് സഹദേവനാണ്. അഭിരാമിക്ക് എതിരുണ്ടായിരുന്നില്ല. സ്റ്റോപ്പിൽ എത്തിയപ്പോഴാണ് സ്കാൻ റിപ്പോർട്ട് എടുക്കാൻ വിട്ടത് ഓർമിച്ചത്. സഹദേവന് ദേഷ്യം വന്നു. അവളെ സ്റ്റോപ്പിൽ നിറുത്തി അയാൾ തിരിച്ചുപോയി.
‘‘അതാരായിരുന്നു... കൂടെ പഠിച്ചതാ..?’’ അവജ്ഞയോടെയെങ്കിലും സഹദേവന്റെ ഒച്ചയിലെ തിടുക്കം അഭിരാമിയെ അത്ഭുതപ്പെടുത്തി.
‘‘ആര്..?’’ അവൾ ചോദിച്ചു.
‘‘ജ്യോതി..!’’ പ്രത്യേക രീതിയിൽ മുഖം കോട്ടി സഹദേവൻ ആ നാമം ഉച്ചരിച്ചു.
ഉള്ളിലുറന്ന ചിരിയോടെ അഭിരാമി അപ്പോൾ ആ നേരം ഓർമിച്ചു. സ്കാൻ റിപ്പോർട്ടുമായി തിരിച്ചുവന്ന സഹദേവൻ ഇതല്ലേന്ന് നോക്ക് എന്ന് സ്കൂട്ടറിൽനിന്ന് ഇറങ്ങാതെ അരിശത്തോടെ അഭിരാമിക്കുനേരെ നീട്ടുന്ന നേരത്താണ് അതുണ്ടായത്.
തൊട്ടു മുന്നിലെത്തി നിറുത്തിയ ഓട്ടോറിക്ഷയിൽനിന്ന് ഒരാൾ ഇറങ്ങി. ഡ്രൈവറാണ്. കാക്കി ഷർട്ട്. കാവി മുണ്ട്. നെറ്റിയിൽ കുങ്കുമക്കുറി. കട്ടിമീശ വെച്ച തടിച്ച മുഖം. നിറയെ ചരടുകൾ ചുറ്റിയ ഞരമ്പുകൾ പിണഞ്ഞു കിടക്കുന്ന വലതു കൈ നെഞ്ചിന്റെ ഇടതു ചേർത്ത്, ഏറെ കാലമായി തിരഞ്ഞുനടന്നു കണ്ടെത്തിയ ഒരാളോടെന്നപോലെ പരുക്കൻ ശബ്ദത്തിൽ അയാളോടു പറഞ്ഞു:
‘‘ഞാൻ ജ്യോതി... സ്കൂളീന്ന് പോന്നതിനുശേഷം നമ്മളിപ്പഴാണ് കാണുന്നത്... മനസ്സിലായോ..?’’
അവൾ അറിയാമെന്ന് തലയനക്കി..
‘‘ഇപ്പഴും അതേപോലെത്തന്നെ...’’ അയാൾ പറഞ്ഞു. ‘‘പിന്നെ, അപ്പോഴും അരിശമൊഴിയാതെ ഒട്ടും രസിക്കാത്ത ഭാവത്തിൽ നിന്ന സഹദേവനെ നോക്കി ചോദിച്ചു: ‘‘ഇതാരാ..?’’
‘‘ഹസ്ബൻഡാണ്...’’ അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
‘‘ഓ..!’’ പുച്ഛരസത്തിൽ സഹദേവനെ ഒന്നു നോക്കിയിട്ട്, ഒരക്ഷരം മിണ്ടാതെ അയാൾ, തൊട്ടടുത്ത ടെക്സ്റ്റൈൽ ഷോപ്പിലേക്ക് കയറിപ്പോയി.
ഒരു മനുഷ്യനായിപ്പോലും തന്നെ ഗൗനിക്കാതെ കടന്നുപോയ ആ ധിക്കാരിയെ ഒന്ന് ഉരച്ചുനോക്കിയിട്ട് സഹദേവൻ സ്കൂട്ടർ പാർക്ക് ഏരിയയിൽ നിറുത്തി തിരിച്ചുവന്നു. അപ്പോഴേക്കും അവർക്കുള്ള ബസ് വന്നു.
‘‘അല്ല... സ്കൂളിൽ പഠിക്കുമ്പൊ കണ്ടിട്ടുണ്ട്...’’ അഭിരാമി പറഞ്ഞു.
‘‘എനിയ്ക്ക് തോന്നി... ഒരു മുതുക്കൻ...’’ സഹദേവന്റെ ശബ്ദത്തിലെ അമർഷം അഭിരാമി തിരിച്ചറിഞ്ഞു.
‘‘പിന്നെ ഇത്ര പരിചയമെന്താ..?’’
‘‘ടെൻതിൽ പഠിക്കുമ്പൊ സ്കൂളിന് തൊട്ടുമുന്നിലെ കേരള സ്റ്റോറിലാണ് പേപ്പറും മാർക്കറുമൊക്കെ വാങ്ങാൻ ഞങ്ങള് പോവാറ്.’’
ആ നേരങ്ങളെ തിരിച്ചുപിടിച്ചെന്നപോലെ അഭിരാമി പറയാൻ ആരംഭിച്ചു.
‘‘ഞാൻ ചെല്ലുന്ന നേരത്തൊക്കെ കാക്കി ഷർട്ട് ഇട്ട് ഇയാളവിടെണ്ടാവും. ഓരോ കമന്റ് പറയും. ഓട്ടോറിക്ഷയുണ്ടായിരുന്നു അയാൾക്കന്നും. ഓടിക്കാറുണ്ടോന്നറിയില്ല. ഞാൻ ചെല്ലുമ്പഴൊക്കെ കടയിൽ കാണാറുണ്ട്. സാരംഗി എന്നായിരുന്നു ഓട്ടോറിക്ഷയുടെ പേര്. ഞങ്ങളന്ന് കയ്യെഴുത്തു മാസിക തയ്യാറാക്കിയപ്പൊ ആ പേരാണ് ഇട്ടത്. അയാൾടെ പേരെനിക്ക് അറിയില്ല ഇന്നു പറഞ്ഞപ്പഴാണ്...’’ അവൾ ചിരിച്ചു.
‘‘ടെൻതിലെന്നു പറയുമ്പോ... ഇപ്പൊ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞില്ലേ..?’’ സഹദേവന്റെ ശബ്ദത്തിൽ അത്ഭുതവും അവിശ്വാസവുമുണ്ടായിരുന്നു.
‘‘ആ...’’ അഭിരാമി ചിരിച്ചു. ‘‘സഹദേവേട്ടന്റെ ഫ്രണ്ടിന്റെ സിസ്റ്റർ രോഹിണിയില്ലേ അവളുടെ ഹസ്സ്... ആർമിയിലുള്ള... അയാളും കുറെക്കാലം നമ്മുടെ വീടിന്റെ തൊട്ടടുത്ത അമ്പലത്തിലെ ഭക്തനായിരുന്നു. പിന്നെ ഏട്ടന്റെ സുഹൃത്ത് ആ നാടക സംവിധായകൻ... അയാളിപ്പഴും കല്യാണം കഴിക്കാത്തതെന്താന്ന് ചോദിച്ചു നോക്കൂ... കാണുമ്പൊ എനിക്ക് പാവം വരും... അച്ഛനും ഏട്ടന്മാർക്കും ഞാനൊരു ചീത്തപ്പേരുംണ്ടാക്കീട്ടില്യ... സഹദേവേട്ടനോട് ഞാൻ ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ലല്ലോ...’’
പെട്ടെന്ന് സഹദേവന്റെ ഉള്ളിലെവിടെയോ എന്തോ ഒന്ന് കൊളുത്തിപ്പിടിച്ചു.

‘‘ഏയ്... ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല. എനിക്കെന്തോ അയാളെ ഇഷ്ടമായില്ല. ബോറൻ...’’ അവളിൽനിന്ന് മുഖം തിരിച്ച് അയാൾ എതിർവശത്തെ സീറ്റിലേക്കു നോക്കി. യൂനിഫോം പിള്ളേരൊക്കെ ഇറങ്ങിപ്പോയിരിക്കുന്നു. നേർത്ത മഴച്ചാറലിനെ വകഞ്ഞ് ബസിന്റെ മുൻവശത്തെ ഗ്ലാസിൽ വൈപ്പറിന്റെ ചലനം. ഡ്രൈവർ അപ്പോൾ റിമോട്ട് എടുത്ത് പാട്ട് മാറ്റി. കഠോര സംഗീതത്തിനു പകരം മെലഡി പെയ്തിറങ്ങി.
തോഴാ തോഴാ... എൻ കനവു തോഴാ...
തോഴാ തോഴാ തോൾകൊടു കൊഞ്ചം സാഞ്ച്ക്കണം...
ന്ട്പെപറ്റി നാമും പേസി തീർത്ത്ക്കണം...
ഉന്നൈ നാൻ പുരിഞ്ചിക്കണം…*
‘‘ഒന്നൂടി പറയട്ടെ...’’ അഭിരാമിയുടെ ശബ്ദം അപ്പോൾ സഹദേവന്റെ കാതുകളെ സ്പർശിച്ചു. ‘‘ഞങ്ങളുടെ ഡെപ്യൂട്ടി തഹസിൽദാർ വേണു സാറുണ്ടല്ലോ.. ജെന്റിൽമാനാണ്. രണ്ടാഴ്ച മുമ്പ് മോള് എന്നെ അനുസരിക്കാതെ സ്കൂളിൽ പോവാതിരുന്നതും വൈകുന്നേരം അമ്മ എന്നോടു കുത്തുവാക്കു പറഞ്ഞതുമൊക്കെ സഹദേവേട്ടനോട് വിളിച്ചു പറഞ്ഞിരുന്നില്ലേ. പിറ്റേന്നു രാവിലെയും അവളെന്തോ കുരുത്തക്കേടു പറഞ്ഞു. ബ്രേക് ഫാസ്റ്റ് കഴിക്കാതെ കരഞ്ഞാണ് ഞാനിറങ്ങിയത്. പതിനൊന്നൊക്കെയായപ്പോൾ ഷുഗറു കുറഞ്ഞു. തലകറങ്ങി. സാറാണ് നിർബന്ധിച്ച് കാന്റീനിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചത്. രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു എന്താ തന്റെ പ്രശ്നംന്ന് ചോദിച്ചു. എനിക്ക് കരച്ചിൽ വന്നു. മോളുടെ കാര്യം പറഞ്ഞു. അഡോളസന്റ് പിര്യേഡല്ലേ. മോള് അമ്മയെ വിഷമിപ്പിക്കാൻ മനഃപൂർവം പറയുന്നതൊന്നുമല്ല എന്ന് ആശ്വസിപ്പിച്ചു. ഞാനൊരു നമ്പർ തരാം. ഹോസ്പിറ്റലല്ല. അവർ യോഗ പ്രാക്ടീഷനറാണ്. കൗൺസലിങ്ങും ഉണ്ട്. മോൾക്ക് യോഗ ഇഷ്ടാണല്ലോ. അവരെ ചെന്നൊന്ന് കാണൂന്ന് പറഞ്ഞു. സാറ് വിളിച്ചു പറയാംന്നും. സഹദേവേട്ടന് ഞാനയച്ചു തന്ന നമ്പറാണത്. വളർത്തുദോഷംന്ന് കേൾക്കാൻ വയ്യ സഹദേവേട്ടാ... ഈ സിംഗിൾ പാരന്റിങ് എനിയ്ക്ക് പറ്റണില്യ.’’
സഹദേവന് താൻ വല്ലാതെ വല്ലാതെ ചുരുങ്ങിയതുപോലെ തോന്നി. പാതികൂമ്പിയ മിഴികളോടെ വയലിനിൽ മുഴുകിയിരുന്ന ഒരു പെൺകുട്ടിയുടെ ചിത്രം അയാൾ ഓർത്തു. സമുദ്രവും പർവതവും പ്രതിഫലിപ്പിക്കാൻ ശേഷിയുള്ള നിഷ്കളങ്കമായ പൂത്തിരി കണ്ണുകളുടെ ഒരോർമയും കുറ്റബോധംപോലെ അയാളുടെ ഉള്ളുലച്ചു.
പ്രായത്തിന്റെ ഉറക്കുത്തേൽക്കാത്ത മെലിഞ്ഞ് മൃദുവായ നനുത്ത രോമങ്ങൾ പടർന്ന അഭിരാമിയുടെ ഇടതു കൈത്തണ്ടയിൽ സംശയത്തോടെ അയാൾ വിരൽതൊട്ടു. നനവു പടർന്ന കണ്ണുകളോടെ അവൾ അയാൾക്കു നേരെ മുഖമുയർത്തി. പിന്നെ ഒരു കുഞ്ഞിനെയെന്നപോലെ അവൾ അയാളുടെ നെഞ്ചിലേക്ക് മുഖംചേർത്തപ്പോൾ കൈവളച്ച് സഹദേവൻ അവളെ ചേർത്തുപിടിച്ചു.
നര പടരാൻ തുടങ്ങിയ, നിറം പൂശാൻ മിനക്കെടാത്ത ആ മുടിയിഴകളിലേക്ക്, മൂർധാവിലേക്ക് മുഖം ചേർക്കവേ പതിനെട്ടു വർഷങ്ങൾക്കപ്പുറത്തുനിന്നെന്നവണ്ണം വീശിവന്ന അഭിരാമിയുടെ ഗന്ധം അയാളുടെ കണ്ണുകളിൽ നനവുപടർത്തി.
‘‘ഇതെന്താ മുടിയൊന്നും ശ്രദ്ധിക്കാത്തെ...’’ തൊണ്ടയിൽ എന്തോ തടയുന്നതുപോലൊരു ശബ്ദത്തിൽ സഹദേവൻ ചോദിച്ചു. ‘‘ഇങ്ങനെ അശ്രദ്ധമായി നടക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ...’’
‘‘ഇനി ശ്രദ്ധിച്ചോളാം...’’ പതുങ്ങിയതെങ്കിലും ആ ശബ്ദത്തിലെ ആത്മാർഥത സഹദേവന്റെ ഉള്ളു തൊട്ടു. അപ്പോൾ സ്റ്റീരിയോവിലൂടെ വന്ന
‘‘അഭിരാമിയെ താലാട്ടും സാമിയേ
നാന്താനെ തെരിയുമാ...
സിവകാമിയേ സിവനിൽ നീയും പാതിയേ
അതുവും ഉനക്ക് പുരിയുമാ...** എന്ന ആ വിശ്രുത ഗാനം ബസിന്റെ അകം നിറച്ചു.
------------------------
*തോഴാ... തോഴാ... (പാണ്ഡവർ ഭൂമി 2001 )
**അഭിരാമിയെ... (ഗുണ 1991)....


