എട്ട് മിന്നൽക്കഥകൾ

ചിത്രീകരണം- സന്തോഷ് ആർ.വി
1. വിധി
മഴുവുമായി വന്നവനോട് മരം ചോദിച്ചു:
‘‘എന്തിന്? ഞാൻ തണൽ നൽകിയതിനോ?’’
‘‘അത് തന്നെയാണ് നിന്റെ കുറ്റം.
കർമനിരതരാകേണ്ടവരെ നിന്റെ തണലിൽ ഉറക്കി.
വെയിലിൽ നടന്നു പോകുന്നവരെ നിന്റെ തണലിൽ വിശ്രമിക്കാൻ പ്രേരിപ്പിച്ചു. അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത് നിന്റെ തണലാണ്.’’
അയാൾ മഴു കൈയിലെടുത്തു.
മരം കുലുങ്ങിച്ചിരിച്ചു.
കൈയിൽ മഴുവുമായി മരിച്ചുപോയ അയാളുടെ മേലെ മരം പൂക്കളെറിഞ്ഞു.
2. ഭയം
ഒറ്റത്തുള്ളിയായി പെയ്തിറങ്ങുന്ന മഴയെ ആരും പേടിക്കാറില്ല.
അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും പേമാരിയായി വന്ന് നമ്മെ മുക്കി കൊല്ലുന്നതും.
പ്രകൃതിയായാലും ഭരണാധികാരിയായാലും ഭയപ്പെടുത്തുക എന്നത് തന്നെയാണല്ലോ
ഏറ്റവും പ്രധാനം.
3. സമാധാനം
വിശന്ന് കരയുന്ന കുഞ്ഞിന്
ഭക്ഷിക്കാൻ ഒരു വെടിയുണ്ട.
ആകാശത്ത് പറപ്പിക്കാൻ സമാധാനത്തിന്റെ വെള്ളപ്രാവുമായി അവന് കൈവിലങ്ങ്.
ലോക സമാധാനത്തിനായി നാട് നീളെ ആയുധപ്പുരകൾ.
കൂർത്ത കോമ്പല്ലുകളിൽനിന്ന് ഉറ്റിവീഴുന്ന ചോരത്തുള്ളികളുമായി അയാൾ സമാധാനത്തിനുള്ള നോബൽ സമ്മാനം ഏറ്റുവാങ്ങി.
4. കഥകൾ ബാക്കി
‘‘ലോകത്തിന്റെ പുരാതനമായ കഥ പറച്ചിലുകാരാണ് നക്ഷത്രങ്ങൾ.’’
മുത്തശ്ശി പറഞ്ഞിരുന്നു.
‘‘മൂടൽമഞ്ഞിന്റെ മങ്ങിയ വെളിച്ചത്തിൽ പ്രപഞ്ചത്തോട് അവ മന്ത്രിക്കുന്ന കഥകൾ കാതോർത്താൽ കേൾക്കാം.’’
‘‘ഒരു നാൾ ഞാനും ഭൂമിയിൽനിന്നടർന്ന് മുകളിലേക്ക് പറന്ന് പോയി ഒരു നക്ഷത്രമാവും.’’
‘‘എന്തിന്?’’
‘‘വെളിച്ചം പ്രസരിപ്പിക്കുന്ന കഥകളുമായി നിങ്ങളുടെ അടുത്ത് ഇരുണ്ട രാത്രികളുടെ പേടിയകറ്റാൻ
ഞാനും വരും.’’
5. ഉറക്കം
കുഞ്ഞുങ്ങളുടെ ചോറ്റുപാത്രത്തിൽ വരെ മിസൈലുകൾ വന്ന് വീഴുമ്പോൾ
ഖബറിടം മാത്രമാകുന്നു അവരുടെ സുരക്ഷിതമായ
ഇടം.
ഐക്യരാഷ്ട്ര സഭയുടെ ഗീർവാണങ്ങളോ രാജാക്കന്മാരുടെ പൊയ് വാക്കുകളോ കേൾക്കാതെ സ്വർഗം സ്വപ്നം കണ്ട് അവരുറങ്ങുന്നു.
അവർക്ക് വേണ്ടപ്പെട്ടവരെല്ലാം മുമ്പേ അവിടെ എത്തിയിട്ടുണ്ടല്ലോ.
തോറ്റുപോയവർ എന്ന് മാത്രം അവരെ വിളിക്കരുത്.
6. കാത്തിരിപ്പ്
പ്രിയപ്പെട്ടവനേ
വാതിലുകളടച്ചു കുറ്റിയിട്ട് െഗയ്റ്റ് പൂട്ടി
നിന്നെ ഞാൻ
കാത്തിരിക്കുന്നു.
സ്വാഗതം.
7. സ്വാതന്ത്ര്യം
ചിറകുകളരിഞ്ഞ്
കൂട് തുറന്ന്
അകത്തേക്കിടുമ്പോൾ
കിളിയോട് ഞാൻ പറഞ്ഞു.
‘‘ഏഴാകാശവും കടന്ന് അകലെയകലേക്ക് പറക്കുക.’’
8. പൂ പറിക്കരുത്
ഞാൻ പൂ പറിച്ചെടുക്കാൻ ചെന്നപ്പോൾ ചെടിയോട് പറഞ്ഞു.
‘‘ഈ കുഞ്ഞു പൂവിനെ നുള്ളിയെടുക്കാൻ വൈകരുതേ. വാടിക്കൊഴിഞ്ഞ് ഇത് മണ്ണടിയുമോ എന്നാണെന്റെ ഭയം.’’ ടാഗോർ ദൈവത്തോട് പറഞ്ഞത് ഞാൻ ചെടിയോട് പറഞ്ഞു.
ചെടി പറഞ്ഞു.
‘‘മണ്ണാണ് സത്യം. എല്ലാം മണ്ണിലലിയാനുള്ളതാണ്.
പൂ പറിക്കരുത്.’’